Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പതിവിലും ദുർബലമായിട്ടാണ് കേരളത്തിൽ ഇത്തവണ കാലവർഷം പെയ്തിറങ്ങിയത്. വരാനുള്ള കിഴക്കൻ മഴ (തുലാവർഷം) കൂടി യഥേഷ്ടം കിട്ടിയില്ലെങ്കിൽ, നിലവിലെ പ്രവചനം അനുസരിച്ച് സൂപ്പർ എൽ നിനോ (El Niño) വ്യാപിച്ചാൽ വരും നാളുകൾ അങ്ങേയറ്റം ദുഷ്കരമായിരിക്കും. പ്രതിരോധ നടപടികൾക്ക് പോലും പരിമിതിയുണ്ടാകാം. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് കേരളത്തിന് സാധാരണ ലഭിക്കേണ്ട 2,018.6 മില്ലിമീറ്റർ മഴയിൽ ലഭിച്ചത് 1,446.5 മില്ലിമീറ്റർ മാത്രം. 28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 1901 മുതൽ രേഖപ്പെടുത്തിയ 125 വർഷത്തെ കണക്ക് പ്രകാരം കേരളത്തിലെ ഏറ്റവും കുറഞ്ഞ കാലവർഷങ്ങളിൽ ഏഴാമത്തേതാണ് 2026-ലേത് എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (India Meteorological Department) അറിയിക്കുന്നു.
ഇതുവരെയുള്ള സൂചനകൾ പ്രകാരമാണ് സംഭവിക്കുന്നതെങ്കിൽ തീരം മുതൽ മലയോരം വരെ ജീവിതം അങ്ങേയറ്റം ദുരിതമായിരിക്കും. വൈദ്യുതി മുടങ്ങുന്നതും പതിവായി മാറും. ഇപ്പോഴേ അതിന്റെ സൂചനകൾ ലഭിച്ചു കഴിഞ്ഞു. ശുദ്ധജലം ഏതുവിധേനയും ഉറപ്പാക്കുന്നതിനായിരിക്കും മുൻഗണന. കടൽജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങൾ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും മറ്റു ചില രാജ്യങ്ങളിലും കൂടുതലായി ആരംഭിക്കുകയാണ്. ശാരീരിക–മാനസിക ആരോഗ്യതകർച്ചയും സാമ്പത്തിക പ്രതിസന്ധിയും വലിയ വെല്ലുവിളിയാണ്.
ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പനുസരിച്ച് പല രാജ്യങ്ങളും എൽ നിനോയുടെ ആഘാതം കുറയ്ക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഷിക്കാഗോ സർവകലാശാലയുടെ ക്ലൈമറ്റ് ഇംപാക്ട് ലാബ് റിപ്പോർട്ടും അതീവ ആശങ്കയുണ്ടാക്കുന്നതാണ്. ക്ലൈമറ്റ് ഇംപാക്ട് ലാബ് 2026 സെപ്റ്റംബറിൽ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം സൂപ്പർ എൽ നിനോ (Super El Niño) മൂലമുണ്ടാകുന്ന അതിരൂക്ഷമായ ചൂട് ലോകമെമ്പാടും വൻ സുരക്ഷാ-ആരോഗ്യ ഭീഷണി സൃഷ്ടിക്കും. സൂപ്പർ എൽ നിനോ സൃഷ്ടിക്കുന്ന ഉഷ്ണതരംഗം മൂലം 2026 സെപ്റ്റംബർ മുതൽ 2027 ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ലോകത്താകമാനം 4,51,000-ലധികം ചൂടുസംബന്ധമായ മരണങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ഇതിന്റെ ആഘാതം കുടുതൽ പ്രതിഫലിക്കാൻ സാധ്യതയുള്ള സംസ്ഥാനമായിട്ടും കേരളത്തിലെ പ്രതിരോധ തയ്യാറെടുപ്പുകളെക്കുറിച്ച് ഇനിയും ഔദ്യോഗിക സൂചനകൾ ലഭിച്ചിട്ടില്ല. തുലാവർഷത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് കേരളം.
കേരളത്തിലെ മഴക്കുറവ്


തണുപ്പ് മാറാത്തിടത്ത് അത്യുഷ്ണം
എൽ നിനോ കാരണം വൻതോതിലുള്ള കാലാവസ്ഥാ മാറ്റമാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതുവരെ ചൂട് എന്തെന്ന് അറിയാത്ത രാജ്യങ്ങളിൽ എസിയില്ലാതെ ജീവിക്കുക പ്രയാസമായി. മഞ്ഞുപെയ്തിരുന്ന രാജ്യങ്ങളിൽ അവ ഉരുകി ഒലിച്ച് വെള്ളപൊക്കവും, കടുത്ത വരൾച്ചയും ചൂടും നേരിടുന്നു. ഉഷ്ണരാജ്യങ്ങളിൽ ചിലതിൽ ശക്തമായ തണുപ്പ് ഒഴിയാതെയായി. ആഫ്രിക്കൻ മേഖലയിൽ ഉൾപ്പെടെ ചിലയിടത്ത് മാസങ്ങളായി കാട്ടുതീ. അതിസങ്കീർണമായ സ്ഥിതിവിശേഷമാണ് മുന്നിലുള്ളതും നേരിടേണ്ടതും. എൽ നിനോ പ്രതിഭാസത്തിൽ ആകെ തകിടം മറിഞ്ഞിരിക്കുകയാണ് കാലാവസ്ഥ. ഇതുവരെയുണ്ടായിരുന്നതിന് വിപരീതമാണ് പല രാജ്യങ്ങളിലും അനുഭവപ്പെടുന്നത്. ശുദ്ധജലവും വൈദ്യുതിയും സാമ്പത്തികരംഗവും പ്രതിസന്ധിയിലാക്കിയെന്നു മാത്രമല്ല, പുതിയ രോഗങ്ങളും വൈറസുകളും വ്യാപകമാകുന്നതായും റിപ്പോർട്ടുണ്ട്.
കേരളത്തെ സംബന്ധിച്ച് വേനൽമഴയും ഈ വർഷം കുറവായിരുന്നു. കാലവർഷവും പ്രതീക്ഷതരാതെ കടന്നുപോയി. മഴ ദിനങ്ങൾ വർദ്ധിച്ചു, എന്നാൽ മഴയുടെ അളവ് കുറഞ്ഞു. കോട്ടയത്തും ഇടുക്കിയിലും കോഴിക്കോടും മണ്ണിടിച്ചിലും അതിതീവ്രമഴയും ഉണ്ടായി, ജീവഹാനി സംഭവിച്ചു. കാലവർഷക്കാലത്തിന്റെ അവസാന ദിവസങ്ങളിൽ അനുഭവപ്പെട്ടത് കനത്ത ചൂടാണ്. മഴക്കൊപ്പം ശക്തമായ ഉഷ്ണം, കനത്തമഴ തോർന്നാൽ പിന്നാലെ കടുത്ത ചൂടും നേരിടേണ്ടിവരുന്നു. ഭൂഗർജലനിരപ്പ് താഴുകയാണ്. ചൂട് ഇനിയും ഉയരുമെന്നാണ് നിരീക്ഷണം. തുടർച്ചയായ ഉഷ്ണതരംഗം വരാം.
തുലാവർഷം പേരിന് മാത്രമായാൽ നിരവധി രൂക്ഷമായ പ്രശ്നങ്ങളായിരിക്കും നമുക്ക് നേരിടേണ്ടിവരിക. താറുമാറായ കാലാവസ്ഥയിൽ തണുപ്പ് മാസങ്ങളിൽ ശക്തമായ മഞ്ഞും കഠിനമായ തണുപ്പുമാകാം, അല്ലെങ്കിൽ ചൂടും മഴയും വരാം. ഇപ്പോൾതന്നെ തെളിഞ്ഞ ആകാശമായതിനാൽ ചൂട് അസഹനീയമാണ്. അന്തരീക്ഷത്തിൽ അൾട്രാവൈലറ്റ് രശ്മിയുടെ അളവ് ഗണ്യമായി വർധിക്കുന്നു. ഒരു മാസം മുമ്പ് തന്നെ കൃഷിനിലങ്ങൾ വെള്ളമില്ലാതെ വിണ്ടുകീറി. വിളകൾ പലതും കരിഞ്ഞുണങ്ങി തുടങ്ങി. കൃഷി സംരക്ഷിക്കാനും ശുദ്ധജലത്തിനുമായി കാവേരി നദീജല വിഹിതം നേടാൻ കർണാടകയും തമിഴ്നാടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.


ഏത് സമയത്തും പെയ്യാം അതിതീവ്രമഴ
ശാന്തസമുദ്രത്തിലെ എൽ നിനോ പ്രതിഭാസത്തിന്റെ തീവ്രതയും അതുമൂലം ഉണ്ടായേക്കാവുന്ന മാറ്റങ്ങളും പ്രത്യാഘാതങ്ങളും ഈ വർഷം ആദ്യം മുതൽ ലോകത്തെ കാലാവസ്ഥാ വിദഗ്ധരും വിവിധ ഏജൻസികളും നിരീക്ഷിച്ചു വരികയാണ്. രണ്ട് മുതൽ ഏഴുവരെ വർഷം ഇടവേളയിലാണ് ഈ പ്രതിഭാസം ശക്തമാകാറുള്ളത്. ശാസ്ത്രലോകവും ആഗോള കാലാവസ്ഥാ ഏജൻസികളും ഈ വർഷത്തെ (2026) ശക്തമായ എൽ നിനോ വർഷമായാണ് വിശേഷിപ്പിക്കുന്നത്.
എൽ നിനോ സാധാരണയായി നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് അതിന്റെ പാരമ്യത്തിൽ (Peak) എത്താറുള്ളത്. എന്നാൽ ഇത്തവണത്തെ പ്രത്യേകത, സാധാരണയേക്കാൾ വളരെ വേഗത്തിൽ ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ തന്നെ സമുദ്രതാപനില ഗണ്യമായി ഉയരുകയും (Rapid Intensification), തുടക്കത്തിൽ തന്നെ ഇതിന്റെ അന്തരീക്ഷ ആഘാതങ്ങൾ പ്രകടമാകാൻ തുടങ്ങുകയും ചെയ്തു എന്നതാണ്. ഇത് കാലവർഷക്കാറ്റിന്റെ ശക്തി കുറയ്ക്കുകയും, മഴയുടെ ഇടവേളകളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ചൂടും വെയിലും കുത്തനെ കൂട്ടുകയും ചെയ്തു. ഇതോടെ കടലിലെ താപനില ഉയർന്നു. ശാന്തസമുദ്രത്തിലെ താപനില ഒരു ഡിഗ്രിയിലേറെയാണ് വർദ്ധിച്ചത്. കടൽ ചൂടാകുന്നതോടെ വൻതോതിൽ നീരാവി അന്തരീക്ഷത്തിലെത്തുകയും വലിയ രീതിയിൽ കൂമ്പാരമേഘങ്ങൾ (Cumulonimbus clouds) രൂപപ്പെടുകയും ചെയ്യുന്നു. കാറ്റിന്റെ ഗതിമാറ്റത്തിൽ ഈ കൂമ്പാരമേഘങ്ങൾ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച് അതിശക്തമായി പെയ്തൊഴിയുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുണ്ടാകുന്ന തീവ്രമഴ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളും ആഘാതവും കണക്കുകൂട്ടലുകൾക്കും അപ്പുറമാണ്.
കാലാവസ്ഥ മേഖലയിൽ പ്രവചനത്തിലും മുന്നറിയിപ്പ് നൽകുന്നതിലും നമ്മൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. സാധാരണജനങ്ങളും ഐഎംഡിയുടെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു തുടങ്ങിയെന്നത് ദുരന്തലഘൂകരണത്തിന് ഗുണകരമായിട്ടുണ്ട്. പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും ദുരന്തനിവാരണ നടപടികളിൽ നേട്ടമായി മാറിയിട്ടുണ്ട്. സമയത്തിന് ലഭ്യമാകുന്ന മുൻകരുതൽ അറിയിപ്പുകൾ തീർച്ചയായും മരണവും നാശവും കുറച്ചു. എന്നാൽ, വലിയ തോതിലുണ്ടാകുന്ന കൂമ്പാരമേഘങ്ങൾ കുറഞ്ഞസമയം കൊണ്ട് അതിതീവ്രമഴയാകുന്ന പ്രതിഭാസത്തിൽ പ്രവചനങ്ങൾക്ക് പലപ്പോഴും പരിമിതി ഉണ്ട്. ഏതുസമയവും ഇത്തരം മഴ ഇനി പ്രതീക്ഷിക്കണമെന്നാണ് ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. മാത്യു റോക്സി കോൾ പറയുന്നത്.


അതിത്രീവ്രം സൂപ്പർ എൽ നിനോ
സാധാരണ ഉണ്ടാകുന്നതിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണത്തേത് അതീവ തീവ്രമായ എൽ നിനോ ആയിരിക്കുമെന്ന് ശാസ്ത്രജ്ഞർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രകൃതിദത്തമായ കാലാവസ്ഥാ പ്രതിഭാസങ്ങൾക്കപ്പുറം, മാനുഷിക ഇടപെടലുകൾ മൂലം കാലാവസ്ഥയിലുണ്ടായ ഗുരുതരമായ തകിടംമറിച്ചിലാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. പ്രത്യേകിച്ച്, സമ്പന്ന രാജ്യങ്ങൾ അനിയന്ത്രിതമായി കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് ആഗോളതാപനം വർദ്ധിപ്പിക്കുകയും, എൽ നിനോയുടെ ആഘാതം പ്രതീക്ഷിച്ചതിലും ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പർ എൽനീനോയുടെ പ്രത്യാഘാതം ഇതിനകം തന്നെ പലവിധത്തിൽ വിവിധ രാഷ്ട്രങ്ങളിൽ അനുഭവപ്പെട്ടു. ആയിരങ്ങളാണ് മരിച്ചത്. നേപ്പാളിൽ ഹിമാലയൻ മലനിരകൾ ഉരുകിയുണ്ടായ വൻ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പേർ മറിച്ചത് ആഘാതത്തിന്റെ ഒടുവിലത്തെ ഉദാഹരണം. ഇതേ കാലയളവിൽ ഒറ്റദിവസത്തെ അതിതീവ്രമഴയിൽ കേരളത്തിലും മരണവും മണ്ണിടിച്ചിലും ഉണ്ടായി.


“എൽ നിനോ എന്നാൽ ശാന്തസമുദ്രത്തിലെ (പസിഫിക്) മധ്യ–കിഴക്കൻ ഭാഗത്ത് വെള്ളത്തിന്റെ ഉപരിതല താപനില സാധാരണയേക്കാൾ വർധിച്ച തോതിൽ ഉയരുന്ന പ്രതിഭാസമാണ്. ഉണ്ണിയേശു,അഥവാ ചെറിയ ആൺകുട്ടിയെന്നാണ് സ്പാനിഷ് ഭാഷയിൽ എൽ നിനോയുടെ അർഥം. പെറുവിന്റെയും ഇക്വഡോറിന്റെയും തീരങ്ങളിലെ മത്സ്യതൊഴിലാളികളാണ് ആദ്യം ചൂടിന്റെ വ്യത്യാസം മനസിലാക്കിയത്. ശാന്തസമുദ്രത്തിലെ ഈ പ്രതിഭാസം ആയിരക്കണക്കിന് മൈലുകൾ അകലെയുളള ഇന്ത്യൻ മഹാസമുദ്രത്തിലെ വായുവിനെയും ശക്തമായി സ്വാധീനിക്കുന്നു. കാലവർഷക്കാറ്റുകളിൽ നേരിട്ടാണ് ഇതിന്റെ സ്വാധീനം. ഇതോടെ, ഇന്ത്യയിൽ, പ്രത്യേകിച്ച് തെക്കുപടിഞ്ഞാറൻ തീരങ്ങളിൽ വരേണ്ട മഴമേഘങ്ങൾ ദുർബലമായിത്തീരും. ശാന്തസമുദ്രത്തിൽ 29 മുതൽ 30 മില്യൺ ചതുരശ്ര കിലോമീറ്റർവരെ വിസ്തൃതിയിൽ താപനില അനുഭവപ്പെടും. സമുദ്രത്തിന്റെ 300 മീറ്റർ വരെ അടിത്തട്ടിലേക്കും ചൂട് വ്യാപിക്കുന്നുണ്ട്. വെള്ളത്തിന്റെ ചൂടിൽ നല്ലൊരുഭാഗം അന്തരീക്ഷത്തിലേക്കും പകരും. നമുക്ക് ഊഹിക്കാൻ പോലും കഴിയാത്ത അളവിലാണ് സമുദ്രതാപനത്തിൽ നിന്ന് ഊർജം പ്രവഹിക്കുക. ഹിരോമഷിമയിൽ പതിച്ച ആറ്റംബോംബിൽ നിന്ന് ഉയർന്ന ഊർജത്തിന്റെ അഞ്ചരക്കോടിയിലധികം ഊർജമാണ് അന്തരീക്ഷ മർദ്ദവ്യതിയാനത്തെയും ഒരു പരിധിവരെ കാലാവസ്ഥയെയും മാറ്റിമറിക്കുന്നത്.”
– കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല റഡാർ റിസർച്ച് സെന്ററിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. എം.ജി മനോജ്.


തകരുന്ന കൃഷി
ലോക രാജ്യങ്ങളിൽ പലയിടത്തും ശക്തമായ ചൂടിൽ കാർഷിക രംഗം തകർച്ചയുടെ വക്കിലാണ്. ദക്ഷിണേന്ത്യയിൽ തമിഴ്നാട്ടിലും കർണാടയിലും മഴക്കുറവ് കാരണം കൃഷിയിറക്കാത്തത് പച്ചക്കറികളുടെയും മറ്റ് ഉൽപന്നങ്ങളുടെയും വില വർധിപ്പിച്ചു. വരും ദിവസങ്ങളിൽ അത് ലഭ്യമാകാൻ തന്നെ പ്രയാസമാകാം. തേങ്ങയുൽപാദനം വളരെ കുറഞ്ഞു. ഇളനീർ ലഭ്യത കുറഞ്ഞുവന്ന് വഴിയോര കച്ചവടക്കാർ പറയുന്നു. മാസങ്ങളായി നടക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ആശങ്കയായി സൂപ്പർ എൽനിനോയുടെ പ്രത്യാഘാതവും ലോകത്തെ കാത്തിരിക്കുന്നത്. ഷിക്കാഗോ സർവകലാശാലയുടെ ക്ലൈമാറ്റ് ഇംപാക്ട് ലാബ് തയാറാക്കിയ റിപ്പോർട്ട് പുറത്ത് വന്നതോടെ എൽ നിനോ ആഘാതം കുറയ്ക്കാനും നേരിടാനും സ്വീകരിക്കേണ്ട നടപടികളുടെ ഗൗരവമായ ചർച്ചകളിലേക്ക് വിവിധ രാജ്യങ്ങൾ കടന്നിട്ടുണ്ട്.


തീചൂടിൽ ഒടുങ്ങിത്തീരുമോ ജീവിതങ്ങൾ?
വരും മാസങ്ങളിൽ ആഗോളതലത്തിൽ ഭൂമിയിലെ ചൂട് 2% ഡിഗ്രി ഉയരുമെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് കഠിനമായ ചൂടുള്ള ദിവസങ്ങൾ 44 % കൂടുതലായിരിക്കുമെന്നുമാണ് ക്ലൈമാറ്റ് ഇംപാ്ക്ട് ലാബ് റിപ്പോർട്ടിലെ നിരീക്ഷണം. ഇതിനകം തന്നെ നിയന്ത്രണാതീതമായ കാട്ടുതീയിലും വെള്ളപൊക്കത്തിലുമായി വിവിധ രാജ്യങ്ങളിലായി 10.000 ലധികം പേരാണ് മരിച്ചത്. മരണസംഖ്യ വരും മാസങ്ങളിൽ ഉയരും. തീവ്ര ഉഷ്ണം കൊണ്ടുമാത്രം ആഗോളതലത്തിൽ ശരാശരി 4.51,000 മരണങ്ങൾ ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഈ മാസം മുതൽ ഫെബ്രുവരി വരെ മാത്രം 2,39,000 ആളുകൾ ചൂടുകാരണം മരിക്കാം. അത്യുഷ്ണത്തിലും ഉഷ്ണതരംഗത്തിലും മരിക്കുന്നവരിൽ കൂടുതലും സമൂഹത്തിലെ ദുർബലരായിരിക്കുമെന്നത് ദുരന്തത്തിന്റെ ആഴം വർധിപ്പിക്കും. കുട്ടികൾ, മാരക രോഗം ബാധിച്ചവർ, കിടപ്പുരോഗികൾ, ജീവിതശൈലിരോഗം ബാധിച്ചവർ എന്നിവരുടെ കാര്യത്തിൽ അതീവജാഗ്രതയും കരുതലുമാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്.
സാമ്പത്തിക ഞെരുക്കത്തിൽ കഴിയുന്ന ദലിത്–ആദിവാസി, അസംഘടിത മേഖലകളിലെ കുടുംബങ്ങൾ തന്നെയായിരിക്കും ഇവിടെയും കൂടുതൽ വിഷമിക്കുക. ചൂടിൽ നിന്ന് രക്ഷനേടാൻ ശരിയായ മേൽക്കൂര പോലുമില്ലാതെ, ഒറ്റമുറിയിൽ അട്ടിയിട്ടപോലെ കഴിയുന്ന കുടുംബങ്ങൾ, ദുരിതക്കയത്തിൽ ജീവിക്കുന്ന കിടപ്പുരോഗികൾ, പോഷണം കുറവിൽ വിറളിവെളുത്ത സ്ത്രീകൾ, കുട്ടികൾ, വഴിയരുകിലും തീരത്തും തട്ടിമുട്ടി ജീവിതം തള്ളിനീക്കുന്ന, ദയനീയ സാഹചര്യങ്ങളിൽ കഴിയുന്നവരായിരിക്കും എൽ നിനോയുടെയും ഇരകളിൽ കൂടുതൽ. അതുകൊണ്ടുതന്നെ ആഘാതം നേരിടുന്നവരുടെ കണക്കുകൾപോലും കൃത്യമായിരിക്കണമെന്നില്ല. അവരിൽ മിക്കവരും പലപ്പോഴും കണക്കെടുപ്പിനും പുറത്താകുന്നവരാണ്.
കേരളത്തിൽ മരണസാധ്യത 1500 ലധികം
ഫെബ്രുവരി മുതൽ ആറുമാസക്കാലയളവിൽ കേരളത്തിൽ ഉഷ്ണത്തിൽ 1,860 മരണങ്ങളുണ്ടാകാം എന്നാണ് ഇംപാക്ട് ലാബ് റിപ്പോർട്ടിലെ നിരീക്ഷണം. തുലാവർഷം ഗണ്യമായി കുറയുക കൂടി ചെയ്താൽ സ്ഥിതി കൂടുതൽ വഷളാകും. എൽ നിനോ ആഘാതത്തിൽ ഇന്ത്യയിൽ ശരാശരി 15,800 മരണമാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇതിനൊക്കെ അപ്പുറമായിരിക്കും കാർഷിക, ശുദ്ധജല, സാമ്പത്തിക മേഖലയിലുണ്ടാകുന്ന ആഘാതം. ശുദ്ധജല ലഭ്യതയായിരിക്കും ഏറ്റവും വലിയ വെല്ലുവിളി. അതുകാരണം ആഫ്രിക്കൻ രാജ്യങ്ങളിലും ഇതര പിന്നാക്ക മേഖലകളിലും പല രൂപത്തിൽ ദുരന്തങ്ങൾക്കുള്ള സാധ്യത ഏറെയാണ്. നൈജീരിയയിലായിരിക്കും മരണസംഖ്യ കൂടുതലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട് –31,400.
തെക്ക് കിഴക്കൻ ഏഷ്യയിൽ ഇന്തോനേഷ്യയിൽ മാത്രം മരണം 20000 വരെയാകാം. ഫിലീപ്പൻസ്, വിയറ്റ്നാം, തായ്ലാന്റ്, കംബോഡിയ, തുടങ്ങിയ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും നിരവധി മരണങ്ങളാണ് നിരീക്ഷിക്കുന്നത്. ആഫ്രിക്കയിലെ സാഹേൽ, ലാറ്റിൻ അമേരിക്ക മേഖലകളിൽ ഏറ്റവും വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ഇപ്പോൾ തന്നെ പലയിടത്തും ദയനീയ ജീവിതം നയിക്കുന്ന ഈ പ്രദേശങ്ങളിൽ എൽനീനോ ഉണ്ടാക്കുന്ന ദുരിതം വിവരാണീതമാകും. യൂറോപ്പിൽ എൽനീനോയുടെ സ്വാധീനം മറ്റിടങ്ങളിലെപോലെ ഉണ്ടാവുകയില്ലെങ്കിലും കടുത്ത ഉഷ്ണതരംഗം തുടരുന്നതിനാൽ വയോജനങ്ങളെ അത് ഗുരുതരമായി ബാധിക്കാം. സാധാരണ ജീവിതം വിഷമകരമാകും. ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ മരണസംഖ്യ വർധിക്കാനിടയുണ്ട്.


സ്വയം തണുക്കാനാകാതെ പൊള്ളുന്ന ശരീരം
ഇന്ത്യയിൽ മഹാരാഷ്ട്രയിലായിരിക്കും മരണം കൂടുതൽ സംഭവിക്കുക – 2640 ലധികം. ഒക്ടോബറിൽ മാത്രം അത് ആയിരമാകാമെന്ന് റിപ്പോർട്ട് പറയുന്നു. കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും മരണസംഖ്യ കൂടുതലുണ്ടാവുക. അതിൽ കർണാകടയാണ് മുന്നിൽ 1,870. ആന്ധയിൽ 1,680, തമിഴ്നാട് 1,640, തെലങ്കാന 1,122 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മരണസാധ്യത. നവംബർ, ഡിസംബർ മാസങ്ങളിൽ മരണസംഖ്യകുറയാമെങ്കിലും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അത് കുത്തനെ ഉയരാം. ഫെബ്രുവരിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മരണം പ്രതീക്ഷിക്കുന്നത്. അതിൽ 71 ശതമാനം ദക്ഷിണേന്ത്യയിലാണ്.
കേരളത്തിൽ സാധാരണയുളള തണുപ്പ് മാസങ്ങളിലും ചൂട് ഉയർന്ന് നിൽക്കാനാണ് സാധ്യത. അസ്വാഭാവികമായ ചൂടും ആർദ്രതയും ഉയരുന്നതോടെ വൈറ്റ്–ബൾബ് താപനില (വായുവിലെ ഈർപ്പത്തിന്റെ (Humidity) അളവും ചൂടും അളക്കാനുപയോഗിക്കുന്ന ഒരു രീതിയാണ് Wet-Bulb Temperature) വർധിച്ച് ശരീരത്തിന് സ്വയം തണുക്കാൻ സാധിക്കാതെ വരുന്നതോടെ സൂര്യാഘാതവും മരണവും ദിവസം പ്രതിയാകും. എൽ നിനോ കാലവർഷത്തിലുണ്ടാക്കിയ ഗണ്യമായ കുറവ് വരും ദിവസങ്ങളിൽ ജലാശയങ്ങളെ വറ്റിക്കും. അത്യുഷ്ണത്തിൽ ഫാൻ, എസി, മറ്റ് ഉഷ്ണശമന സംവിധാനങ്ങളുടെ ഉപയോഗം വലിയ തോതിൽ വർധിക്കുമ്പോഴാണ് വൈദ്യുതി ആവശ്യം കണക്കുകൾ തെറ്റിച്ച് കുതിക്കുക. ഉയരുന്ന കടൽ താപനില തീരദേശജീവിതത്തെയും പ്രതിസന്ധിയിലാകും. മത്സ്യങ്ങളുടെ ലഭ്യത കുത്തനെ കുറയും.


“പെട്ടന്നൊരു ദിവസം ഉരുത്തിരിയുന്നതല്ല പ്രളയവും ഉഷ്ണതരംഗവും. അത് രൂപം കൊള്ളാൻ നമ്മളും ഒരു പ്രധാന ഘടകമാണ്. അരനൂറ്റാണ്ടത്തെ കാലാവസ്ഥമാറ്റം മുന്നിൽ കണ്ടുകൊണ്ടുവേണം കരുതൽ, പ്രതിരോധപ്രവർത്തനങ്ങളും നിർമ്മാണങ്ങളും നടത്താൻ. ഏതുസമയവും ഒരു അതിതീവ്രമഴയുണ്ടാകുമെന്ന് കരുതിതന്നെ വേണം നാട്ടിലെ ഒരു റോഡ് നിർമിക്കാൻ. ചുരുക്കി പറഞ്ഞാൽ ഒരോ നിർമ്മാണം നടത്തുമ്പോഴും വരാൻ പോകുന്ന 50 വർഷത്തെ കാലാവസ്ഥ വ്യതിയാനം കൂടി പരിഗണിക്കണം. ഏതുസമയവും ഒരു അതിതീവ്രമഴ പെയ്തേക്കും എന്ന വിചാരത്തിലും മുൻകരുതലിലും വേണം നിർമ്മാണങ്ങൾ. ഖനനത്തിൽ മണ്ണ് സുരക്ഷിതമാക്കാൻ ഉൾപ്പെടെ കരുതൽ വേണം. വെള്ളത്തിന് ഒഴുകാൻ ഇടയില്ലാതാകുന്നു. പുഴകൾ ഒഴുകാൻ വഴിയില്ല, വ്യാപകമായിരുന്ന തോടുകളും എതാണ്ട് ഇല്ലാതായി. എല്ലാ പ്രശ്നങ്ങളും കാലാവസ്ഥ മാറ്റത്തിന്റെ തോളിൽ കെട്ടിവയ്ക്കുന്നത് ശരിയല്ല.
മണ്ണിനോട് നമ്മൾ ചെയ്യുന്നത് എന്തെന്ന് ഓർമ്മിക്കുന്നത് നല്ലതായിരിക്കും. നാടിന്റെ ശ്വാസകോശങ്ങളാണ് പാടങ്ങളും തുറസായ സ്ഥലങ്ങളും പുഴകളും. ഇവയെല്ലാം കയ്യേറുമ്പോഴും നിരത്തുമ്പോഴും പിന്നീട് ഉണ്ടായേക്കാവുന്ന ആഘാതത്തെക്കുറിച്ച് ചിന്തിക്കാറില്ല. പുഴയുടെ ആഴംകൂട്ടി അതിനെ തിരിച്ചുപിടിക്കാൻ കഴിയില്ല. അതിന്റെ ആവാസ വ്യവസ്ഥകൂടി സംരക്ഷിച്ചാലേ ഫലമുണ്ടാകൂ. അതിതീവ്രമഴയുടെ കാലത്ത് വീഴുന്ന വെള്ളം ഒലിച്ചുപോകാൻ പുഴകൾ വേണം. കാലാവസ്ഥയെയും പരിസ്ഥിതിയെയും പരിഗണിച്ചുള്ള വികസനമാണ് വേണ്ടത്. അതിൽ നിന്ന് പാടെ മാറി നടക്കുമ്പോൾ എൽ നിനോപോലുള്ള പ്രതിഭാസങ്ങളിൽ നിന്ന് കരകയറുക എളുപ്പമല്ലെന്ന് തിരിച്ചറിയണം.“
– ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിലെ സീനിയർ സയന്റിസ്റ്റ് ഡോ. മാത്യുറോക്സി കോൾ പറയുന്നു.
ഒരുവർഷത്തിൽ മൊത്തം കിട്ടേണ്ട മഴയിൽ 75–80% വരെ കാലവർഷമാണ് തരുന്നത്. 10 മുതൽ 20% വരെയാണ് തുലാവർഷത്തെ മഴ. കാലവർഷമാണ് മണ്ണിൽ ഊർന്നിറങ്ങി ഭൂഗർഭജലവിതാനം ഉയർത്തുകയും മണ്ണിന് ഗുണം ചെയ്യുന്നതും. തുലാവർഷം നിശ്ചിത സമയത്തും പ്രദേശങ്ങളിലുമാണ് കൂടുതലും എന്നതിനാൽ പരമാവധി മഴവെളളം സംഭരിക്കാൻ ശ്രമം വേണം. എങ്കിലും എൽ നിനോ വർഷത്തിൽ ഡിസംബർ അവസാനത്തോടെ ശുദ്ധജലക്ഷാമത്തിന് സാധ്യതയേറെയാണ്. ഈ വർഷം ആദ്യം ആരംഭിച്ച എൽ നിനോ പ്രതിഭാസം ഉത്തരാർധഗോളത്തിൽ വസന്തകാലം തുടങ്ങുന്നതുവരെ നീളുമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികൾ വ്യക്തമാക്കുന്നത്.

