ഖനികളുടെ മുഴക്കവും കാടിന്റെ താളവും

ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനിയായ ഝാർഖണ്ഡിലെ ഝാരിയയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ് നവാ​ഗതനായ ലുബ്ധക് ചാറ്റർജി സംവിധാനം ചെയ്ത ‘വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ’. ഐ.എഫ്.എഫ്.കെ മത്സരവിഭാ​ഗത്തിൽ ഉൾപ്പെട്ടിരുന്ന ഈ സിനിമ ലൊക്കാർണോ, കൊൽക്കത്ത എന്നീ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിരുന്നു. പ്രകൃതിവിഭവങ്ങളുടെ മേൽ മനുഷ്യർ നടത്തുന്ന അനിയന്ത്രിതമായ ചൂഷണങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയും ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും പുനഃരവതരിപ്പിക്കുകയാണ് ‘വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ’. പ്രത്യേകിച്ച് ശബ്ദം എന്ന മാധ്യമത്തിലൂടെ പ്രകൃതിയുടെ സൗന്ദര്യത്തെയും താളത്തെയും അടയാളപ്പെടുപ്പെടുന്ന ആവിഷ്കാരം എന്ന നിലയിൽ വ്യത്യസ്തമായ അനുഭവമായിരുന്നു ഈ സിനിമ. ഓഡിയോ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റായ കൊൽക്കത്ത സ്വദേശി ശിവ, ഝാരിയയിലെ ഒരു കൽക്കരി ഖനിയിൽ ശബ്ദങ്ങൾ റെക്കോർഡ് ചെയ്യാനെത്തുന്നു. എന്നാൽ ശബ്ദങ്ങൾ തേടിയുള്ള ശിവയുടെ ആ യാത്ര, കാലങ്ങളായി കത്തിയെരിയുന്ന കൽക്കരി ഖനികൾ കാരണം മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ, പ്രകൃതി ചൂഷണം ഖനിത്തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ​ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഗ്രാമീണ ജനതയുടെ കുടിയിറക്കം, അപ്രത്യക്ഷരാകുന്ന മനുഷ്യർ, പരിസ്ഥിതിനാശം എന്നിവയിലേക്കാണ് അയാളെ എത്തിക്കുന്നത്. ഖനിത്തൊഴിലാളിയായ ദീപക്കിനൊപ്പം ‌ആദിവാസി ഗ്രാമത്തിലെത്തിപ്പെടുന്ന ശിവ നഗര-ഗ്രാമ ജീവിതങ്ങളുടെ വൈരുദ്ധ്യം മനസിലാക്കുന്നു. ഖനികളുടെ ശബ്ദം തേടി വന്ന ശിവ കാടിന്റെ ശബ്ദവും ഗ്രാമീണ ജീവിതവുമാസ്വദിച്ചുകൊണ്ട് പ്രകൃതിയോടടുക്കാൻ തുടങ്ങുന്നു. പച്ചപ്പുകൾ കാർന്നെടുത്ത് പടരുന്ന കൽക്കരി ഖനിയുടെയും, മറുവശത്ത് ചൂഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത കാടിന്റെ കുളിർമയുടെയും ദൃശ്യങ്ങളെ പകർത്തിക്കൊണ്ട് പരിസ്ഥിതിനാശം സൃഷ്ടിക്കുന്ന അത്യാഹിതങ്ങളുടെ ആഴം എന്തായിരിക്കുമെന്ന് സിനിമ വ്യക്തമാക്കുന്നു. സംവിധായകനും ഛായാഗ്രാഹകനായും എഡിറ്ററുമായി കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ലുബ്ധക് ചാറ്റർജി, എഞ്ചിനീയറിം​ഗ് ജോലി ഉപേക്ഷിച്ച ശേഷമാണ് സിനിമയോടുള്ള ഇഷ്ടം പിന്തുടരാൻ തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ പരീക്ഷണാത്മക ഹ്രസ്വചിത്രമായ ‘ആഹുതി’ 2020 ലെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ’ നെക്കുറിച്ച് ലുബ്ധക് ചാറ്റർജി കേരളീയത്തോട് സംസാരിക്കുന്നു.

ഝാരിയയിലെ ഒരു കൽക്കരി ഖനി. കടപ്പാട്:lacuna.org.uk

ഇത് താങ്കളുടെ ആദ്യത്തെ ഫീച്ചർ സിനിമയായിരിന്നുവല്ലോ? ആദ്യ സിനിമയുടെ പ്രമേയമായി പരിസ്ഥിതി പ്രാധാന്യമുള്ള ഒരു വിഷയം തിരഞ്ഞെടുത്തതിന് പിന്നിൽ എന്തെങ്കിലും വ്യക്തിപരമായ കാരണമുണ്ടോ?

ഇന്നത്തെ ലോകത്ത്, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും കുറിച്ച് എല്ലാവരും ജാ​ഗരൂകരായിരിക്കണം. പ്രകൃതിക്ക് മേലെയുള്ള മനുഷ്യരുടെ അനിയന്ത്രിതമായ കടന്നുകയറ്റമാണ് നാശത്തിന്റെ ഈ വക്കിലേക്ക് നമ്മെ എത്തിച്ചത്. ഏതാനും വർഷങ്ങളായി ഖനികൾ ഉൾപ്പെടെയുള്ള ദുർബലമായ പാരിസ്ഥിതിക ഹോട്ട്‌സ്‌പോട്ടുകളിലേക്ക് യാത്ര ചെയ്യുന്ന ഒരു കലാകാരനെന്ന നിലയിൽ, പരിസ്ഥിതിയുമായി സജീവമായി ഇടപെടുന്നതുകൊണ്ട് തന്നെ വളരെ ജൈവികമായി ഈ വിഷയത്തിലേക്ക് എത്തിയതാണെന്ന് പറയാം.

പഞ്ചഭൂതങ്ങളിൽ എല്ലാത്തിനെയും ചുട്ടുകരിക്കുന്നതാണ് അ​ഗ്നി. എന്നാൽ ജലമാകട്ടെ ജീവന്റെ ഉറവിടവും. വിരുദ്ധ സ്വഭാവമുള്ള ഈ രണ്ട് കാര്യങ്ങളെയും പ്രതീകാത്മകമായി സിനിമയിലേക്ക് കൊണ്ടുവരാൻ കാരണമെന്താണ്?

പ്രതീകാത്മകമാണെങ്കിലും പ്രത്യക്ഷമായി തന്നെ അത് വരുന്നുണ്ട്. അടിസ്ഥാനപരമായി അ​ഗ്നിയും വെള്ളവും ഈ സിനിമയിൽ നിർവഹിക്കുന്ന പ്രവർത്തനങ്ങൾ നിങ്ങളുടെ ചോദ്യത്തിൽ തന്നെയുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി കത്തിക്കൊണ്ടേയിരിക്കുന്ന അ​ഗ്നിയെ ഝാരിയ സന്ദർശിക്കുന്ന ആർക്കും അവഗണിക്കാനാവില്ല. അതുപോലെ തന്നെ കഥാനായകന്റെ സത്യം തേടിയുള്ള അന്വേഷണത്തിന് ജലം നിരന്തരമൊരു വഴികാട്ടിയാകുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മൗലികമായ ചോദ്യങ്ങൾക്ക് ഉത്തരമന്വേഷിക്കാനുള്ള പാത തീയും വെള്ളവും ഒരുക്കിത്തരുന്നു.

വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടറിലെ ദൃശ്യം

‘വിസ്‌പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ’ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. സിനിമയുടെ ആദ്യ പകുതി ഝാരിയയിലെ കൽക്കരി ഖനന മേഖലയിലും രണ്ടാം പകുതി മരോമാറിലെ പലാമു കടുവ സങ്കേതത്തിലെ നിബിഡ വനങ്ങളിലുമാണ് ചിത്രീകരിച്ചത്. ഈ സ്ഥലങ്ങളിലെ ഷൂട്ടിംഗ് അനുഭവങ്ങൾ എങ്ങനെയുണ്ടായിരുന്നു?

ചുരുക്കി പറഞ്ഞാൽ കൗതുകകരവും എന്നാൽ ബുദ്ധിമുട്ടുകൾ നിറഞ്ഞതുമാണ്. ഝാരിയ വളരെ ദുർബലമായ ഭൂപ്രകൃതിയാണ്, വൻതോതിലുള്ള ഖനനം കാരണം അവിടെ ഭൂമിക്ക് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് തന്നെ, ഖനികളോട് ചേർന്നുള്ള ഒരു ലൊക്കേഷൻ ഇഷ്‌ടപ്പെടുകയോ അല്ലെങ്കിൽ ആ പ്രദേശമുൾക്കൊള്ളുന്ന എന്തെങ്കിലും ആശയം മനസിൽ ആലോചിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിലും അത് ചിത്രീകരിക്കാൻ എത്തുന്നതിന് മുന്നേതന്നെ ആ സ്ഥലം അപ്രത്യക്ഷമാകാനുള്ള വലിയ സാധ്യതയുണ്ട്. അതുപോലെ പകൽസമയങ്ങളിൽ ആ പ്രദേശങ്ങളിൽക്കൂടി നടക്കുമ്പോൾ കാലുറപ്പിക്കുന്നത് അഗ്നികുണ്ഡത്തിലാണോ അതോ താഴ്ന്നുപോകുന്ന നിലത്താണോ എന്ന് ഉറപ്പില്ലാത്തതിനാൽ നടക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

മരോമാറിലെ ചിത്രീകരണ വേളയിൽ പ്രകൃതിയുടെ വ്യതിയാനങ്ങളെ ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നു. മൺസൂണിനിടക്ക് ഷൂട്ട് ചെയ്തപ്പോൾ കനത്ത മഴ കാരണം ബുദ്ധിമുട്ടായിരിന്നു. ഞങ്ങൾ ചിത്രീകരണം നടത്തിയ ഒരു ഉൾ വനത്തിൽ നിന്ന് ഒരു മണിക്കൂറോളം സഞ്ചരിച്ചാലെ മൊബൈൽ കണക്റ്റിവിറ്റി ലഭിക്കുമായിരുന്നുള്ളൂ. അത്തരം സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടുകയും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയും ചെയ്ത എന്റെ ടീം അംഗങ്ങളോട് വലിയ കടപ്പാടുണ്ട്.

വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടറിലെ ദൃശ്യം

ആദിവാസി മേഖലകളിലും കൽക്കരി ഖനികളിലും വ്യക്തിപരമായി നടത്തിയ സന്ദർശനത്തിലൂടെയുണ്ടായ അനുഭവങ്ങളാണോ ഈ സിനിമയുടെ ആശയത്തിലേക്ക് നയിച്ചത്?

അതെ, ഈ സ്ഥലങ്ങളിലെ സമൂഹങ്ങളുമായി ഇടപഴകിയപ്പോഴുണ്ടായ വ്യക്തിപരമായ അനുഭവങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സിനിമ. മുമ്പ് പല പ്രോജക്‌ടുകളുടെയും ഭാ​ഗമായി ഇത്തരം ഇടപെടലുകളിലേർപ്പെടുമ്പോൾ അടിസ്ഥാനപരമായി നമ്മൾ ചുമക്കുന്ന നഗര നോട്ടത്തിന്റെ ഭാണ്ഡക്കെട്ട് പോലെയുള്ള നിരവധി പ്രശ്‌നങ്ങൾ ഞാൻ നേരിട്ടിരുന്നു. ഈ സ്ഥലത്ത് നിന്നുമുണ്ടായ അനുഭവങ്ങൾക്കൊപ്പം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന പ്രചോദനവും ഈ സിനിമയുടെയും കലയുടെയും പ്രധാന ഭാ​ഗമാണ്.

സിനിമയുടെ ദൃശ്യഭാഷ വളരെ മനോഹരമാണ്. ലാൻഡ്‌സ്‌കേപ്പ് ഷോട്ടുകൾ, ഖനികളുടെ ശബ്ദങ്ങൾ, കാടിന്റെ ശബ്ദങ്ങൾ… തുടങ്ങിയവയെല്ലാം സിനിമയെ ഒരു മികച്ച തിയേറ്റർ അനുഭവമാക്കി മാറ്റുന്നു. ഈ രീതിയിലുള്ള ഒരു സിനിമയുടെ ചിത്രീകരണത്തിൽ സാങ്കേതിക പ്രവർത്തകരുടെ പങ്ക് എത്രത്തോളം പ്രധാനമായിരുന്നു?

ഈ സിനിമയെ മുന്നോട്ടുനയിക്കുന്നത് പ്രധാനമായും ശബ്ദമാണ്. സൗണ്ട് ഡിസൈനിംഗും മിക്‌സിംഗും മാത്രമല്ല, ലൊക്കേഷൻ റെക്കോർഡിംഗും നിർവഹിച്ച സൗഗത ബാനർജി അത് നല്ലരീതിയിൽ നിർവഹിച്ചിട്ടുണ്ട്. ഒരു പ്രത്യേക ശബ്‌ദത്തിന്റെ വൈകാരികത ചോർന്നുപോകാതെ അതിനെ റെക്കോർ‍ഡ് ചെയ്യാൻ സൗഗത ബാനർജി കഠിനമായി ശ്രമിച്ചിരുന്നു. നവാഗതനായ ഛായാ​ഗ്രഹകനും കളറിസ്റ്റുമായ കെന്നത്ത് സൈറസ് ഈ സ്ഥലങ്ങളുടെ സ്വഭാവിക ദൃശ്യാനുഭവങ്ങളുടെ വിശാലതയും വൈവിദ്ധ്യവും മനസിലാക്കി മനോഹരവും സൂക്ഷമവുമായി അതിനെ ദൃശ്യവത്കരിച്ചു. ഖനികൾ പോലുള്ള സ്ഥലങ്ങൾ ദൃശ്യവത്ക്കരിക്കുമ്പോൾ പലതരത്തിലുള്ള ശ്രദ്ധ അനിവാര്യമാണ്. എന്നിട്ടും അദ്ദേഹം അതിന്റെ വിശദാംശങ്ങളിൽ സൂക്ഷ്മത പുലർത്താൻ പ്രത്യേകം ശ്രദ്ധിച്ചു. മികച്ച ഛായാഗ്രഹണത്തിനുള്ള പ്രധാനപ്പെട്ട അവാർഡികളിലൊന്നായ ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡിനായി കെന്നത്ത് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഈ വർഷത്തെ ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡിനായി സിനിമയുടെ സാങ്കേതിക വിഭാ​ഗത്തിൽ നിന്നുള്ള ഇന്ത്യയിലെ ഏക നാമനിർദ്ദേശമാണിത്.

വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടറിലെ ദൃശ്യം

സുസ്ഥിരമല്ലാത്ത വികസനനയങ്ങൾ പ്രകൃതിയേയും തദ്ദേശീയ സമൂഹങ്ങളെയും ചൂഷണം ചെയ്യുന്നതിനെക്കുറിച്ചാണല്ലോ സിനിമ സംസാരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായ ശിവ തിരിച്ചറിഞ്ഞപോലെ മനുഷ്യർ പ്രകൃതിയുടെ മൂല്യം തിരിച്ചറിയാൻ ഈ സിനിമ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

മറ്റേതൊരു കലാരൂപത്തെയും പോലെ ഒരു സിനിമക്ക് ലോകത്തെ മാറ്റാൻ കഴിയുമോ എന്ന് എനിക്കറിയില്ല, പക്ഷേ തീർച്ചയായും സാർവത്രികമായ ഒരു പ്രശ്നത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സിനിമക്ക് കഴിയും. പ്രക‍‍ൃതിയുമായി ബന്ധപ്പെട്ട ഇത്തരം ചർച്ചകൾ ചിലയിടങ്ങളിൽ മാത്രം നടന്നാൽ മതിയാകില്ല. മറിച്ച് നമ്മുടെ ചർച്ചകളുടെ കേന്ദ്രപ്രമേയമായി അത് മാറേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ സിനിമ കഴിയുന്നത്ര സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനും പ്രേക്ഷകരുമായി ഇടപഴകാനും ഞങ്ങൾ ആഗ്രഹിക്കുന്നത്.

ലുബ്ധക് ചാറ്റർജി

താങ്കളുടെ അടുത്ത പ്രോജക്ടായ ‘ഡാൻസിങ് ഇൻ ദ ഫയറി’നെക്കുറിച്ച് കുറച്ച് പറയാമോ. ‘വിസ്‌പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടറി’ന്റെ നിർമ്മാണ വേളയിലാണ് താങ്കൾക്ക് ആ ആശയം ലഭിച്ചതെന്ന് വായിച്ചിരുന്നു.

‘ഡാൻസിംഗ് ഇൻ ദ ഫയർ’ ഞാൻ ഇപ്പോൾ ഝാരിയ കേന്ദ്രീകരിച്ച് ചെയ്ത്കൊണ്ടിരിക്കുന്ന ഒരു നോൺ ഫിക്ഷൻ ചിത്രമാണ്. സത്യത്തിൽ, വിസ്‌പേഴ്‌സിന്റെ പ്രീ പ്രൊഡക്ഷനും പ്രൊഡക്ഷനുമിടയിലാണ് കൽക്കരി ഖനികളുടെ അരികിൽ താമസിക്കുന്ന, കലയോട് അത്രത്തോളം അഭിനിവേശമുള്ള ഒരു കൂട്ടം പെൺകുട്ടികളെ ഞാൻ പരിചയപ്പെടുന്നത്. എല്ലാ പ്രതിസന്ധികൾക്കും എതിരെയുള്ള ഈ പെൺകുട്ടികളുടെ ചെറുത്തുനിൽപ്പാണ് സിനിമയുടെ പ്രമേയം. നൃത്തം എന്ന കലയിലൂടെ, ഈ ചെറുത്ത് നിൽപ്പ് സ്വാതന്ത്ര്യത്തിനായുള്ള പ്രചോദനത്തിന് നിരന്തരം ഇന്ധനമാകുന്നതെങ്ങനയെന്നും സിനിമ അന്വേഷിക്കുന്നു. ഝാരിയയുമായുള്ള എന്റെ ബന്ധം ഈ സിനിമയിലൂടെ കൂടുതൽ ദൃഢമായിയെന്ന് പറയാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 17, 2023 10:55 am