Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


അസംബ്ലിയിലും പാർലമെൻ്റിലും ജനപ്രതിനിധികളെ കോടികൾ കൊടുത്ത് വിലയ്ക്ക് വാങ്ങുക എന്നത് ബിജെപിക്ക് അവരുടെ പ്രധാന അജണ്ടകളിൽ ഒന്നാണ്. അഴിമതിക്കാരായ എതിർ ശക്തികളെ ഇ.ഡി റെയ്ഡിൽ കുരുക്കി നിശ്ശബ്ദരാക്കാനും ഇവർക്ക് സാധിക്കുന്നു. 2014 ൽ ജസ്റ്റിസ് ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ അസ്വാഭാവിക മരണത്തോടെ ജുഡീഷ്യറിയിലെ നീതിമതികൾക്ക് പോലും ജീവഭയം കലശലായി മാറി, അവരും കോടതി വിധികളിലൂടെ ബിജെപി വക്താക്കളായി മാറിയിരിക്കുന്നു. വിരമിച്ചാൽ കിട്ടുന്ന സ്ഥാനവും വാങ്ങി ജസ്റ്റിസുമാർ പലരും ഭരണപാർട്ടിയുടെ വിശ്വസ്ത സേവകരായി നിൽക്കുകയാണ്. അതിനാൽ, സംഘപരിവാർ ഹിന്ദുത്വ ദുർരാഷ്ട്രീയത്തെ ആരെങ്കിലും വിമർശിച്ചാൽ ഉടൻ തന്നെ അവരെ കോടതികയറ്റി, തങ്ങളുടെ ആജ്ഞാനുവർത്തികളായ ജഡ്ജിമാരെ വെച്ച് അവർക്കെതിരെ കുറ്റപത്രം നിർമ്മിച്ച് നിശ്ശബ്ദരാക്കുന്നതും സാധാരണമായിരിക്കുന്നു.
ഇപ്രകാരം നിയമനിർമ്മാണ സഭകളെയും നീതിന്യായ പീഠങ്ങളെയും ഭയത്തിലും പണത്തിലും സ്ഥാനലബ്ധികളിലും മുക്കി അവയുടെ ജനായത്ത മൂല്യങ്ങളെയാകെ നിർവീര്യമാക്കിയാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്. ജനസമ്മതിയുടെ ഭീകരമായ ഇടിവ് തങ്ങൾക്കുണ്ടെന്ന് മറ്റാരെക്കാളും അവർ തിരിച്ചറിയുന്നതിനാൽ, പൗരസമ്മതിയുടെ വ്യാജരൂപങ്ങൾ നിർമ്മിക്കാതെ അവർക്ക് അധികാരത്തിൽ തുടരുക സാധ്യമല്ല തന്നെ. അതിനാൽ ഇലക്ഷൻ കമ്മീഷനെയും വോട്ടിംഗ് യന്ത്രത്തെയും സമ്പൂർണ്ണ വരുതിയിലാക്കി, ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഏറെയും ബിജെപിക്ക് കൂടുതൽ അധികാരം വ്യാപിപ്പിക്കുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള അട്ടിമറി തന്ത്രങ്ങളായി അധഃപതിച്ച് കഴിഞ്ഞു.


ജനായത്തത്തിൻ്റെ നെടുംതൂണുകളെ നോക്കുകുത്തികളാക്കുന്ന ഭരണവേഷം കെട്ടലുകൾക്കെതിരെ ഉയർന്നുവരേണ്ട പ്രതിപക്ഷ ശബ്ദമാകട്ടെ അനുദിനം അത്യന്തം ദുർബ്ബലമായി മാറുകയാണ്. പ്രാദേശിക താൽപ്പര്യങ്ങൾ, അഴിമതിയും സ്വജനപക്ഷപാതവും, കാലുമാറ്റം, ദേശീയമായ ഏകീകൃത കാഴ്ചപ്പാടില്ലായ്മ, പാർലമെൻ്ററി അധികാരാസക്തി എന്നിവയാൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ചിതറിക്കിടക്കുന്നു. അവരിൽ ഏറെയും തെരഞ്ഞെടുപ്പ് അധികാര രാഷ്ട്രീയത്തിനപ്പുറത്തേക്ക് വളരുന്നതിനെ വിസമ്മതിക്കുന്ന വിധം തളർവാതത്തിലാണ്.
ബിജെപി ഭരണത്തിൻ്റെ കടന്നാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുന്ന ഒരൊറ്റ ജനവിഭാഗത്തെയും ഇന്ന് ഇന്ത്യയിൽ കാണുക എളുപ്പമല്ല. 2020-21 ൽ രാജ്യത്തെ കർഷക സമൂഹത്തെ മാസങ്ങളോളം തലസ്ഥാനത്തെ തെരുവോരങ്ങളിൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ മഞ്ഞത്തും വെയിലത്തും സമരമുഖത്ത് നിർത്തേണ്ടി വന്നതിൽ ഇവർക്ക് ഒട്ടും ഖേദം തോന്നിയിട്ടില്ല. ബിജെപിയുടെ ജനദ്രോഹ നയങ്ങളെ ആര് വിമർശിച്ചാലും അവരെ ദേശദ്രോഹികളും തീവ്രവാദികളും ആയി ചിത്രീകരിച്ച് ഇന്ത്യൻ മധ്യവർഗ്ഗത്തിൻ്റെ മുന്നിൽ ഈ ഭരണകൂടം ദീനാനുകമ്പ നേടി പോന്നു. എന്നാലിപ്പോൾ ഉന്നത പ്രവേശന പരീക്ഷകളുടെയും സി.ബി.എസ്.ഇ പരീക്ഷയുടെയും ക്രമക്കേടുകളും അഴിമതിയും പുറത്തുവന്നതോടെ ഇത്രകാലവും മോദിയുടെ പിന്നിൽ അഭിമാനത്തോടെ ഞെളിഞ്ഞു നടന്നിരുന്ന ഇന്ത്യൻ മധ്യവർഗ്ഗം അങ്കലാപ്പിലായിരിക്കുകയാണ്.
മധ്യവർഗ്ഗ ജീവിത സ്വപ്നങ്ങൾ കരുപ്പിടിപ്പിക്കണമെങ്കിൽ കുത്തിയിരുന്ന് പഠിച്ചു പരീക്ഷയെഴുതിയാൽ മതി എന്ന ചവിട്ടുപടി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നിൽ ബിജെപി പൊളിച്ചു മാറ്റിയിരിക്കുന്നു. പഠിക്കാതെ തന്നെ, നോട്ടുകെട്ടുകളുമായി ഏജൻ്റുമാരെ സമീപിക്കുന്നവർക്ക് മാത്രം ഉയർന്ന റാങ്കുതരപ്പെടുത്തുന്ന വിധത്തിൽ ഉന്നതമത്സരപരീക്ഷകൾ രഹസ്യ വാണിഭമായി മാറുകയാണ്.
ഇപ്പോൾ ജന്തർ മന്തറിൽ നടക്കുന്ന യുവ ജനതയുടെ നിരാഹാരം വെളിപ്പെടുത്തുന്നത് ഇന്ത്യൻ മധ്യവർഗ്ഗം അതിൻ്റെ ബോധക്ഷയത്തിൽ നിന്നും ഉണരുന്നു എന്നതാണ്. മുസ്ലീം വിരുദ്ധതയും ഹിന്ദു ഐക്യവും രാമഭയഭക്തികളും സിനിമാ സീരിയലുകളിലൂടെ ദശകങ്ങളായി മധ്യവർഗ്ഗ മനസ്സിൽ തീർത്ത ബോധക്കേടിൽ നിന്നു ഞെട്ടിയുണരാൻ പരീക്ഷാ ക്രമക്കേടുകൾ നിമിത്തമായിട്ടുണ്ട്. സമരം ചെയ്യുന്ന തങ്ങളുടെ മക്കൾക്ക് അഭിവാദ്യമർപ്പിക്കാൻ അമ്മമാർ പന്തലിൽ എത്തി അവരെ കെട്ടിപ്പിടിക്കുന്നു. നാട്ടുകാർ കുട്ടികൾക്ക് ഭക്ഷണം നൽകുന്നു. ഈ അഴിമതി ഭരണം ഇനിയും തുടർന്നാൽ മക്കളെ പഠിപ്പിച്ച്, പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാം എന്ന ജീവിതവ്രതം നടക്കില്ല എന്നു മധ്യവർഗ്ഗ രക്ഷിതാക്കൾ മനസ്സിലാക്കി തുടങ്ങി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുവസമൂഹം തുടരുന്ന നിരാഹാരസമരത്തെ ബിജെപി ഭരണകൂടം തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. ഇത്രകാലം തലയിലേറ്റിയ ഹിന്ദുത്വഭരണവർഗ്ഗത്തിന് ജനായത്തത്തിൻ്റെയും ജനഹിതത്തിൻ്റെയും ഭാഷ അറിയില്ലല്ലോ എന്ന് തലയിൽ കൈവെച്ചു പരിതപിക്കുകയാവാം ഇന്ത്യൻ മധ്യവർഗ്ഗം ഇപ്പോൾ.


രണ്ടാമതായി ഇന്ത്യൻ സമൂഹത്തിൻ്റെ, പ്രത്യേകിച്ച് മധ്യവർഗ്ഗത്തിൻ്റെ നെഞ്ചിൽ തന്നെ മറ്റൊരു കാഞ്ചി കൂടി വലിച്ചിരിക്കുന്നു ബിജെപി സർക്കാർ. എഥനോൾ കലർത്തിയ പെട്രോൾ വില്പനയാണത്. എഥനോൾ കലർന്ന പെട്രോൾ മൈലേജ് കുറയ്ക്കുമെന്നു മാത്രമല്ല അതുമൂലം എൻജിൻ ഭാഗങ്ങൾ വേഗം തുരുമ്പിക്കുകകൂടി ചെയ്യും എന്നത് യാഥാർത്ഥ്യമാണ്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും വാഹന സംബന്ധിയായ പരാതികളുമായി ആളുകൾ രംഗത്തെത്തിയിരിക്കുന്നു. അതൊരു പൊതുജന പ്രതിഷേധമായി ഇപ്പോൾ ജന്തർ മന്തറിലേക്കു കടന്നുവന്നിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങളെയും തന്ത്രത്തിൽ തള്ളിക്കളയുന്നതുപോലെ വാഹനക്കമ്പനികളെ മുൻനിർത്തി ജനങ്ങളെ പിന്തിരിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി.
എന്നാൽ എഥനോൾ പെട്രോളിൽ കലർത്തുന്നത് നിതിൻ ഗഡ്കരിയെന്ന റോഡ് വികസന മന്ത്രിയുടെ മകൻ നിഖിൽ ഗഡ്കരിയുടെ കമ്പനിക്ക് വേണ്ടിയാണെന്നു ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഇന്ത്യൻ പെട്രോളിയം കമ്പനികൾ നിഖിലിൻ്റെ കൈയിൽ നിന്നും എഥനോൾ വാങ്ങുന്നു, മകൻ്റെ കമ്പനിയുടെ ലാഭം കുതിച്ചുയരുന്നു (സി.ഐ.എ.എൻ എന്ന ഈ കമ്പനിയുടെ ലാഭം വെറും 0.90 കോടി, 2023 ൽ ലാഭം 0.25 കോടി. എന്നാൽ എഥനോൾ കച്ചവടം തുടങ്ങിയതോടെ 2025 ലെ ലാഭം150.87 കോടിയും 2026 ൽ അത് 226.69 കോടിയുമായി കൂടിയിട്ടുണ്ട്).
മൂന്നാമതായി, അയോദ്ധ്യയിൽ രാമക്ഷേത്രത്തിലെ കാണിക്ക കവർന്നുകൊണ്ട് ഇന്ത്യൻ മധ്യവർഗ്ഗത്തിൽ ആസൂത്രിതമായി നിർമ്മിച്ചെടുത്ത വിശ്വാസത്തിന് മേൽ സംഘപരിവാർ ശൃംഖല തന്നെ കരിഓയിൽ ഒഴിച്ചിരിക്കുകയാണ്. തലയിൽ വെളിച്ചമുള്ള ആരെങ്കിലും മധ്യവർഗ്ഗ ഹിന്ദുക്കളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, രാമനെ മുൻനിർത്തി മസ്ജിത് തകർത്ത് ഘട്ടംഘട്ടമായി ഇന്ത്യൻ ഭരണാധികാരം പിടിച്ചെടുത്ത ബിജെപിയുടെ ഗൂഢലക്ഷ്യങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും.
ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ഹൈന്ദവമധ്യവർഗ്ഗത്തെ വിശ്വാസബന്ദികളാക്കി സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ ധ്രുവീകരണ കരുനീക്കങ്ങൾ ഇനി പഴയതുപോലെ മുന്നേറുക അസാധ്യമാകും. എന്നാൽ പ്രാദേശിക തലം മുതൽ അഖിലേന്ത്യാതലം വരെ ജനങ്ങളിൽ സ്വാഭാവികമായി ഉയർന്നുവന്ന പ്രതിഷേധത്തെയും രോഷത്തെയും സമാഹരിച്ച് വലിയ പ്രക്ഷോഭമായി പരിവർത്തിപ്പിക്കുന്നതിനുള്ള കെല്പ് പ്രതിപക്ഷകക്ഷികൾക്കില്ല എന്നതാണ് ഇന്നത്തെ രാഷ്ട്രീയ ദയനീയത. അവർ അധികാരത്തിൻ്റെ പ്രാദേശിക തട്ടുകളിൽ സ്ഥാനങ്ങൾ വെട്ടിപ്പിടിക്കുന്നതിലും എതിരാളികളെ ഒതുക്കുന്നതിലും അവരുമായി ഒത്തുതീർപ്പുകളിൽ ഏർപ്പെടുന്നതിലും വ്യാപൃതരായിരിക്കുന്നു.
പ്രതിപക്ഷ കക്ഷികൾ വിളയിച്ചെടുത്ത യുവജന വിദ്യാർത്ഥിപ്രസ്ഥാനങ്ങളും അധികാര രാഷ്ടീയത്തിൻ്റെ വിശ്വസ്ത സേവകരായി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണോ? തങ്ങളുടെ ക്യാമ്പസുകളിൽ ഭരണം പിടിച്ചെടുക്കാനുള്ള തീവ്രവ്യഗ്രതക്കപ്പുറം മറ്റൊരു വീര്യവും വിദ്യാർത്ഥി സംഘടനകളിൽ അവശേഷിക്കുന്നുണ്ടോ എന്നു സംശയമാണ്. പ്രവേശന പരീക്ഷകളിലെ ക്രമക്കേട് വ്യാപകമായി പുറത്തുവന്നപ്പോൾ ഈ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങൾ നേതൃത്വപരമായ പങ്കുവഹിച്ച് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് മുതിരേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ചതാകട്ടെ കോക്രോച് ജനതാ പാർട്ടി എന്ന പേരിൽ യുവസമൂഹത്തിന് സ്വതന്ത്രമായി സംഘടിക്കേണ്ടിവന്നു, വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയ ഭരണത്തിനെതിരെ ശബ്ദമുയർത്താൻ.


ഇങ്ങനെ യുവജനത കക്ഷിരാഷ്ട്രീയത്തിനും അധികാരത്തിൻ്റെ ക്യാമ്പസ് മിനിയേച്ചറുകൾക്കും പുറത്തേക്ക് സ്വയം സംഘടിച്ച് ജന്തർ മന്തറിൽ പന്തലുകെട്ടി കൊടുംചൂടിൽ ഒത്തുകൂടിയപ്പോൾ മാത്രമാണ് ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള വിദ്യാർത്ഥി സംഘടനകൾ കോക്രോച്ചുകൾക്കൊപ്പം പിന്തുണയുമായി എത്തിയത്. ഇത് കാണിക്കുന്നത് അധികാര കേന്ദ്രിതമായി മാത്രം കക്ഷി രാഷ്ട്രീയ പരിപാടികൾ നീക്കുന്ന തെരഞ്ഞെടുപ്പ് പാർട്ടികളുടെ അതേ ശൈലി സംഘടിത വിദ്യാർത്ഥി പ്രസ്ഥാനത്തെയും ആവേശിച്ചിരിക്കുന്നു എന്നാണ്. പഠിപ്പു മുടക്കുകൾക്ക് പേരുകേട്ട കേരളത്തിൽ പോലും കേന്ദ്ര പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഒരു രാജ് ഭവൻ സമരം നടക്കാത്തതെന്ത്?
വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങളോ ജനായത്ത സുതാര്യതയോ ഒട്ടുമില്ലാതെ, എഥനോൾ കലർത്തി പെട്രോൾ മാർക്കറ്റിൽ ഇറക്കി കൂടിയ വിലയ്ക്കു വിറ്റിട്ടും, അതുമൂലം വാഹന ഉപഭോക്താക്കൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിച്ചിട്ടും, ജനം സ്വയം സംഘടിച്ച് ഡൽഹിയിൽ സമരത്തിന് ഒത്തു ചേർന്നിട്ടും ഈ വിഷയം സംസ്ഥാന തലത്തിൽ രാഷ്ട്രീയ കക്ഷികളെ ഇളക്കിയിട്ടില്ല. കേരളം ഭരിക്കുന്ന കോൺഗ്രസോ പ്രതിപക്ഷമായ ഇടത് രാഷ്ട്രീയമോ യാതൊരു പ്രതികരണവും നടത്തുന്നില്ല. അതായത് ജനങ്ങളെ സാരമായി ബാധിക്കുന്ന വിഷയങ്ങളിൽ നിന്നും പിന്മാറി അധികാര വടംവലിയുടെ പദാവലികളിൽ സമൂഹത്തെയാകെ ചുറ്റിയിടുകയാണ് ഇന്ത്യൻ പ്രതിപക്ഷകക്ഷികൾ.
പ്രവേശന പരീക്ഷാ ക്രമക്കേട്, എഥനോൾ- പെട്രോൾ, അയോദ്ധ്യാ ക്ഷേത്ര ഭണ്ഡാരക്കവർച്ച ഇവയോട് പ്രതികരിക്കാൻ തങ്ങൾക്ക് ഒന്നാമത്തെ ബാധ്യതയില്ലെന്നു ഇന്ത്യൻ പ്രതിപക്ഷകക്ഷികളും അവരുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളും നമ്മെ ബോധ്യപ്പെടുത്തുകയാണ്. അയോദ്ധ്യാ ഭണ്ഡാരക്കവർച്ചയോടു ചില കോൺഗ്രസ് നേതാക്കളും അഖിലേഷ് യാദവും അരവിന്ദ് കേജ്രിവാളും മറ്റും പ്രതികരിക്കുന്നുണ്ടെങ്കിലും ശക്തമായ പ്രതിപക്ഷനിര എന്ന നിലയിൽ രാജ്യവ്യാപകമായ പ്രചരണമോ പരിപാടികളോ ഇല്ലാതെ അനാഥമാണ് ഈ പ്രതിഷേധങ്ങൾ. കേരളത്തിലാകട്ടെ ചില ഫെയ്സ്ബുക്ക് കോമഡികൾ ഒഴിച്ചാൽ, ഭണ്ഡാര കവർച്ച നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അറിഞ്ഞ മട്ടും കാണാനില്ല.


മോദി ഭരണം പി.ആർ വർക്കിലുടെ നിർമ്മിച്ചെടുത്ത പരിവേഷത്തിൻ്റെ പെയിൻ്റുകൾ ഇളകി നീലക്കുറുക്കനായി കൂവുന്ന ദശാസന്ധിയാണിത്. മോദി പറഞ്ഞപ്പോൾ കിണ്ണം കൊട്ടിയ അതേ മധ്യവർഗ്ഗം പൊള്ളുന്ന അനുഭവത്തിൽ നിന്നും തങ്ങൾ അകപ്പെട്ട വാരിക്കുഴിയെ തിരിച്ചറിയുന്ന സന്ദർഭമാണിത്. ഇന്ത്യൻ മധ്യവർഗ്ഗം ജന്തർ മന്തറിൽ സ്വയം സംഘടിച്ച് മോദി ഭരണത്തിനെതിരെ സമരമുഖത്താണ്. ഔപചാരികമായി ഇവരെ ഞങ്ങൾ പിന്തുണയ്ക്കുന്നു എന്ന വാക്കുകൾ മാത്രമാണ് അവിടെയും ഇവിടെയുമായി സംഘടിത പ്രസ്ഥാനങ്ങളിൽ നിന്നും നാം കേൾക്കുന്നത്.
പ്രതികരിക്കാനും നിരാഹാരം കിടക്കാനും ഉള്ള ചുമതല സ്വതന്ത്രരായ യുവക്കൾക്കും വടക്ക് ലഡാക്കിൽ നിന്നും വന്ന മനുഷ്യൻ വാങ്ചുക്കിനും വിട്ടുകൊടുത്തുകൊണ്ട് ഇന്ത്യൻ പ്രതിപക്ഷം അതിൻ്റെ സമകാലിക പ്രസക്തി ഇല്ലായ്മ സമൂഹത്തെ വീണ്ടും, വീണ്ടും ബോധ്യപ്പെടുത്തുകയാണോ?

