Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇന്ത്യയുടെ പശ്ചിമഭാഗത്തായി രാജസ്ഥാൻ മുതൽ ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഡൽഹി വരെ വ്യാപിച്ചുകിടക്കുന്ന 800 കിലോമീറ്റർ നീളം വരുന്ന പർവ്വതനിരകളാണ് ആരവല്ലി മരനിലകൾ. 1.44 ലക്ഷം വിസ്തൃതിയിൽ മലകളും, കുന്നുകളുമായി വ്യാപിച്ചുകിടക്കുന്ന ആരവല്ലിയിൽ 20 വന്യജീവിസങ്കേതങ്ങളും നാല് കടുവാസങ്കേതങ്ങളും ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പർവ്വത നിരകളിൽ ഒന്നായ ആരവല്ലി മലകൾക്ക് ഹിമാലയൻ പർവ്വതനിരയെക്കാൾ പഴക്കമുണ്ടെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്. ആരവല്ലിയുടെ വടക്കൻ ഭാഗം ഒറ്റപ്പെട്ട കുന്നുകളും പാറ മുനമ്പുകളും ചേർന്ന് ഹരിയാന സംസ്ഥാനത്തിലൂടെ കടന്ന് ഡൽഹിയിൽ ചെന്നാണ് അവസാനിക്കുന്നത്. ദക്ഷിണഭാഗം ഗുജറാത്തിലെ അഹമ്മദാബാദിലുള്ള പലൻപൂരിലും അവസാനിക്കുന്നു. ആരവല്ലി സമൃദ്ധമാക്കുന്ന യമുനാ നദിയുടെ ശാഖകളായ സാഹിബി, ചമ്പൽ നദികളും ലൂണി നദിയുമാണ് നാല് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കുടിക്കാനും, കൃഷി ചെയ്യാനുമുള്ള വെള്ളം എത്തിക്കുന്നത്. വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങളുടെ സാന്നിധ്യം ആരവല്ലി ശ്രേണിയെ ഇന്ത്യയിലെ ഒരു പ്രധാന പാരിസ്ഥിതിക കേന്ദ്രമാക്കി മാറ്റുന്നു. എന്നാൽ രണ്ട് പതിറ്റാണ്ടിനിടെ കോർപ്പറേറ്റ് കമ്പനികളുടെ മേൽനോട്ടത്തിൽ നടത്തിവരുന്ന അനിയന്ത്രിതമായ ഖനനവും, നിർമ്മാണ പ്രവർത്തനങ്ങളും ആരവല്ലി മലനിരകളുടെ മൂന്നിലൊന്ന് പ്രദേശങ്ങളേയും പൂർണ്ണമായി ഇല്ലാതാക്കിയിട്ടുണ്ട്.


പർവ്വതങ്ങളുടെ രൂപീകരണം
ഏതാണ്ട് 3500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് പ്രോട്ടോസോയിക്ക് കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടെക്റ്റോണിക് പ്രവർത്തനത്തിന്റെ ഫലമായി പർവത നിർമ്മാണ പ്രക്രിയയിലൂടെ ആരവല്ലി ശ്രേണികൾ രൂപപ്പെട്ടത്. മെറ്റമോർഫിക് പാറകൾ, ഗ്രാനൈറ്റ്, ഗ്നെയിസ്, ഷിസ്റ്റ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന സാധാരണതരം പാറകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്ര ചരിത്രത്തിന് സാക്ഷ്യമായി നിലകൊള്ളുന്ന ആരവല്ലി മലനിരകൾ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിരകളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ കോടിക്കണക്കിന് വർഷം കൊണ്ടുള്ള കാറ്റും മഴയും മാറ്റ് കാലാവസ്ഥകളും ആരവല്ലിയെ ക്ഷയിപ്പിച്ചു. മണ്ണൊലിപ്പും മറ്റ് കാരണങ്ങളും കൊണ്ട് മലനിരകളുടെ ആദ്യ ഉയരത്തിൽ നിന്നും കുറവ് ഉണ്ടായിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്.
ചരിത്ര-സാംസ്കാരിക പ്രാധാന്യം
ഇന്ത്യയുടെ ചരിത്രത്തിലും, സംസ്കാരത്തിലും പ്രധാന പങ്ക് വഹിക്കുന്ന ആരവല്ലി പർവ്വത നിരകൾ, വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ തുറമുഖങ്ങളെയും വടക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരപാതയിൽ ഒന്നായിരുന്നു. ഇരുമ്പ്, സിങ്ക്, ലെഡ് എന്നീ ധാതുക്കളാൽ അതിസമ്പന്നമായ ആരവല്ലിയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഖനനം തുടങ്ങിയിരുന്നു. അതിനാൽ ഈ പ്രദേശത്തെ സാധാരണക്കാരുടെയും, ഭരണാധികാരികളുടെയും സമ്പത്തിന്റെയും, അധികാരത്തിന്റെയും ഉറവിടമായി ഈ പ്രദേശം പണ്ട് മുതൽക്കേ മാറി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പ്രദേശത്ത് നിരവധി കോട്ടകളും, കൊട്ടാരങ്ങളും കാണാൻ കഴിയും. ആമേർ കോട്ട, കുംഭൽ കോട്ട, ചിറ്റർഗ്ഗഡ് കോട്ട, എന്നിവ ഇവിടുത്തെ ചില പ്രധാന കോട്ടകളാണ്. ഈ ഘടനകൾ ശനിയുടെ പ്രതീകമായും, പ്രജകളെ അധിനിവേശത്തിൽ നിന്ന് രക്ഷിക്കാനുള്ള കവചവുമായി വർത്തിച്ചിരുന്നു. തന്നെയുമല്ല ആരവല്ലി മലനിരകളെ നിരവധി ഹിന്ദു സമൂഹങ്ങൾ ഒരു പുണ്യസ്ഥലമായും കണക്കാക്കുന്നുണ്ട്. മൗണ്ട് അബുവിലെ പ്രശസ്തമായ ദിൽവാരാക്ഷേത്രങ്ങൾ, ദേഷ്നോക്കിലെ കർണിമാതാ ക്ഷേത്രം, പുഷ്‌കറിലെ ബ്രഹ്മക്ഷേത്രം എന്നിവ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളും ഈ ശ്രേണിയിൽ ഉൾപ്പെടുന്നുണ്ട്.


പാരിസ്ഥിതിക പ്രാധാന്യം
ആരവല്ലി മലനിരകൾ വനങ്ങളും, പുഴകളും, കുന്നുകളും, താഴ്‌വാരങ്ങളും അതോടൊപ്പം വൈവിധ്യമാർന്ന ജീവജാലങ്ങളെയും കൊണ്ട് അതിസമ്പന്നമാണ്. ഇലപൊഴിയും മരങ്ങളുടെ സാന്നിധ്യമാണ് ആരവല്ലി പർവ്വതങ്ങളുടെ പ്രധാന സവിശേഷത. ധോക്ക്, അകേഷ്യ, വേപ്പ് മരങ്ങളാണ് വനങ്ങളിൽ അധികവും. ആരവല്ലി റോക്ക് ഡ്വല്ലിങ് പീ, ആരവല്ലി സൈപ്രസ് എന്നിവ ഇവിടുത്തെ തദ്ദേശീയ സസ്യയിനങ്ങളാണ്. പുള്ളിപ്പുലികളെ എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം ചില വനപ്രദേശങ്ങളിൽ ഒന്നാണ് ആരവല്ലി വനങ്ങൾ. അതോടൊപ്പം സ്വർണ്ണ കുറുക്കൻ, ഇന്ത്യയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന പോക്കാൻ പൂച്ച, വരയൻ ഹൈന, ഉല്ലമാൻ, തറക്കരടി എന്നിവയുടെയും ആവാസ കേന്ദ്രമാണ് ഇവിടം. സ്ലോത് കരടികൾ അവയുടെ വ്യതിരിക്തമായ നീളൻ മൂക്കുകൾകൊണ്ട് പേരുകേട്ടതാണ്. ആരവല്ലി മലനിരകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു പക്ഷി ഇനമാണ് ഇന്ത്യൻ ഗ്രേ ഹോൺബിൽ. ഈ പക്ഷികൾ അവയുടെ വ്യത്യസ്തമായ ശബ്ദങ്ങൾ കൊണ്ടാണ് പ്രാധാന്യമർഹിക്കുന്നത്.
ഇന്ത്യൻ പുള്ളിപ്പുലി, സ്ലോത്ത് കരടി, ഇന്ത്യൻ പെരുമ്പാമ്പ് എന്നിവയുടെ ജനസംഖ്യക്ക് പേരുകേട്ടവയാണ് ആരവല്ലിയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മൗണ്ട് അബു വന്യജീവി സങ്കേതം. പർവതനിരയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുംഭൽഖട്ട് വന്യജീവി സങ്കേതം ചിങ്കാര (ഇന്ത്യൻ ഗസൽ), മാൻ, ഇന്ത്യൻ ചെന്നായ, ഇന്ത്യൻ മയിൽ എന്നിവ ഉൾപ്പെടെ നിരവധി പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രമാണ്. ഇന്ത്യയിലെ കടുവ സംരക്ഷണത്തിന് പേരുകേട്ട സ്ഥലമായ സരിസ്ക ദേശീയോദ്യാനം ആരവല്ലി ശ്രേണിയുടെ വടക്ക് കിഴക്കൻ ഭാഗത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഈ ദേശീയ ഉദ്യാനം ബംഗാൾ കടുവകളുടെയും ഇന്ത്യൻ പുള്ളിപ്പുലി, കഴുതപ്പുലി, ഇന്ത്യൻ സിവറ്റ് എന്നിവയുടെയും പ്രധാന ആവാസ കേന്ദ്രമാണ്. തണ്ണീർത്തടങ്ങൾ കൊണ്ട് സമ്പന്നമായ വന്യജീവി സങ്കേതമാണ് ഭിന്ദവാസ് വന്യജീവി സങ്കേതം. ബാർ ഹെഡഡ് ഗൂസ്, ഗ്രേറ്റർ ഫ്ലമിങ്കോ, എന്നിവ ഉൾപ്പെടെ നിരവധി ഇനം ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണിത്. ചുരുക്കത്തിൽ ആരവല്ലി മലനിരകൾ ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ ഒരു പ്രധാന മേഖലയാണ്. ഇത്തരം അതുല്യമായ സസ്യ ജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി സംരക്ഷിത പ്രദേശങ്ങളും ഇവിടെയുണ്ട്.
നേരിടുന്ന പ്രശ്നങ്ങൾ
വിവിധതരം ധാതുക്കളാൽ സമ്പന്നമായതുകൊണ്ടുതന്നെ ആരവല്ലി മലനിരകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഖനനം തന്നെയാണ്. മണ്ണ് കല്ല് മാർബിൾ തുടങ്ങിയ ധാതുക്കളുടെ അനിയന്ത്രിതമായ ഖനനം വനനശീകരണം, മണ്ണൊലിപ്പ്, ജലമലിനീകരണം എന്നിവയിലേക്ക് നയിച്ചു. അനധികൃത ഖനനം മൂലം ജലാശയങ്ങളെ കീറിമുറിക്കുകയും, ജലപ്രവാഹത്തെ തടസ്സപ്പെടുത്തുകയും, തടാകങ്ങളെ വറ്റിക്കുകയും ചെയ്തിരുന്നു. കൃഷിക്കും നഗരവൽക്കരണത്തിനുമായി വലിയ തോതിൽ വനങ്ങൾ നശിപ്പിക്കപ്പെട്ടു. ഇത് കനത്ത പാരിസ്ഥിതിക പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. വനനശീകരണം മൂലം നിരവധി സസ്യ ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനും, മണ്ണൊലിപ്പിനും കാരണമായി. 1975 നും 2019 നും ഇടയിൽ 32% വനമേഖലയാണ് ആരവല്ലിയുടെ മദ്ധ്യമേഖലയിൽ കുറഞ്ഞത്. കണക്കുകൾ പരിശോധിച്ചാൽ 1999 മുതൽ 2019 വരെ കാലയളവിൽ ആകെ വന വിസ്തൃതിയുടെ 0.9 ശതമാനം വരെ ഇല്ലാതായിട്ടുണ്ട്.


നിലവിലെ സ്ഥിതി
ആരവല്ലി മലനിരകളെ കുറിച്ച് സുപ്രീംകോടതിയുടെ പുതിയ നിർവചനം വന്നതോടെയാണ് ഉത്തരേന്ത്യയിലും ഇന്ത്യയിലാകെയും വലിയ പ്രതിഷേധങ്ങൾക്ക് തുടക്കമായത്. സർക്കാർ ശുപാർശകളെ തുടർന്ന് നവംബർ 20 ന് കോടതി പുറപ്പെടുവിച്ച പുതിയ നിർവചനം അനുസരിച്ച് 100 മീറ്റർ (328 അടി) ഉയരമുള്ള കുന്നുകളെ മാത്രമാണ് ഇനി മുതൽ ആരവല്ലി ശ്രേണിയായി കണക്കാക്കുന്നത്. 500 മീറ്ററിനുള്ളിൽ അകലം വരുന്ന രണ്ടോ അതിൽ കൂടുതലോ കുന്നുകളും അവയ്ക്കിടയിൽ വരുന്ന ഭൂപ്രദേശവും ആരവല്ലി കുന്നുകളായി കണക്കാക്കപ്പെടാം എന്നും പുതിയ നിർവചനത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ രാജസ്ഥാനിലെ 12081 കുന്നുകളിൽ 1048 കുന്നുകൾ മാത്രമേ ഈ ഉയരപരിധിയിൽപ്പെടുന്നുള്ളൂ. ഒട്ടേറെ താഴ്ന്നതും കുറ്റിച്ചെടികളാൽ മൂടപ്പെട്ടതും പാരിസ്ഥിതികമായി നിർണ്ണായകവുമായ കുന്നുകളെ ഘനനത്തിൽ നിന്നും, നിർമ്മാണ പ്രവർത്തികളിൽ നിന്നും സംരക്ഷിക്കാതിരിക്കാൻ വേണ്ടിയാണെന്നാണ് ആരവല്ലി കുന്നുകളെ ഉയരം കൊണ്ട് നിർവചിക്കുന്നത് എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം. ഇതിലൂടെ ആരവല്ലിയിൽ വ്യാപകമായ പരിസ്ഥിതി ചൂഷണം നടക്കും. വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ മരുഭൂവത്കരണം തടയുന്നതിനും ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ഈ മലനിരകൾ പുതിയ നിർവചനത്തിലൂടെ അധികം താമസിക്കാതെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും.
അന്താരാഷ്ട്രതലത്തിൽ പർവ്വതങ്ങളെയും കുന്നുകളെയും നിർവചിക്കുന്നത് കേവലം ഉയരം മാത്രം കണക്കിലെടുത്തല്ല, അവയുടെ പരിസ്ഥിതി പ്രാധാന്യം അനുസരിച്ചും അവ നിർവഹിക്കുന്ന പ്രവർത്തനങ്ങളിലൂടെയും ആണ്. ഭൂമിശാസ്ത്രം, പരിസ്ഥിതി, വന്യജീവിബന്ധം, കാലാവസ്ഥയിലുള്ള പങ്ക് എന്നിവ ഉൾപ്പെടെ ശാസ്ത്രീയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സർക്കാർ ആരവല്ലി പ്രദേശങ്ങളെ നിർവചിക്കണം എന്നാണ് ആക്ടിവിസ്റ്റുകളുടെ പ്രധാന ആവശ്യം. പുതിയ നിർവചനം നിയന്ത്രണം ശക്തിപ്പെടുത്തുമെന്നാണ് സർക്കാരിന്റെ വാദം. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഉടനീളം സ്ഥിരമായി ഖനനം നിയന്ത്രിക്കുന്നതിന് ഒരൊറ്റ നിർവചനം ആവശ്യമാണെന്നാണ് അധികാരികൾ പറയുന്നത്. 100 മീറ്ററിൽ താഴെയുള്ള എല്ലാ ഭൂരൂപങ്ങളിലും ഖനനം നടത്താൻ കഴിയുമെന്ന് കരുതുന്നത് തികച്ചും തെറ്റാണെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം.
ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ മാറ്റം വരുത്തിയ കോടതി ഉത്തരവിനെതുടർന്ന് രാജ്യത്തുടനീളം ഉണ്ടായ വലിയ പ്രതിഷേധങ്ങളും സമരങ്ങളും ഉയർത്തുമ്പോൾ തന്നെ അനിയന്ത്രിത ഖനനവും പരിസ്ഥിതി ആഘാതവും ഇനിയും വർദ്ധിക്കുമെന്നുള്ള ആശങ്ക ആയിരുന്നു മറുവശത്ത്. ഇവയെല്ലാം കണക്കിലെടുത്ത് ഈ വിഷയത്തിൽ സുപ്രീം കോടതി വീണ്ടും സ്വമേധയാ കേസെടുക്കുകയും മുമ്പ് അംഗീകരിച്ച നിർവചനത്തിൽ ചില വ്യക്തതകൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി അവധിക്കാല ബഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു. ആരവല്ലി മലനിരകളെ സംബന്ധിച്ചുള്ള മുൻ നിർദ്ദേശങ്ങളും ശുപാർശങ്ങളും താൽക്കാലികമായി സ്റ്റേ ചെയ്യുന്നതായും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരവല്ലി കുന്നുകളിൽ പുതിയ ഖനനം പാടില്ല എന്നും ഡിസംബർ 29 ന് കോടതി ഉത്തരവിട്ടു. അതോടൊപ്പം കേന്ദ്രസർക്കാരിനോടും ഡൽഹി ഹരിയാന രാജസ്ഥാൻ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളോടും ഈ വിഷയത്തിൽ പ്രതികരണം തേടിയിട്ടുമുണ്ട്. കോടതി നടപടിയെ പൂർണമായി സ്വാഗതം ചെയ്യുന്നതായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയത്.


ആരവല്ലി മലനിരകളുടെ പുനർനിർവചനം കേവലം ഭൂമിശാസ്ത്രപരമായ അതിരുനിർണ്ണയം മാത്രമല്ല മറിച്ച് ദശലക്ഷക്കണക്കിന് മനുഷ്യരുടെയും സസ്യ ജന്തുജാലങ്ങളുടെയും ജീവിതരേഖ മായ്ച്ചുകളയൽ കൂടിയാണ്. അതിനാൽ ഉയരം മാത്രം കണക്കിലെടുത്തുള്ള അശാസ്ത്രീയമായ മാനദണ്ഡത്തിന് പകരം പരിസ്ഥിതി നീതിയും, സാമൂഹ്യ നീതിയും, ആവാസവ്യവസ്ഥയുടെ സമഗ്രതയും, മനുഷ്യന്റെ ഉപജീവനവും കണക്കിലെടുത്തുള്ള ശാസ്ത്രീയമായ നയരൂപീകരണം ഇക്കാര്യത്തിൽ ഉടൻ ഉണ്ടാവേണ്ടത് ഉത്തരേന്ത്യയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്.

