ഉപജീവനത്തിനായി നാടുവിട്ടുപോകേണ്ടി വരുന്ന കടൽപ്പണിക്കാർ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg
വലക്കെട്ടുകൾ ബസിലേക്ക് കയറ്റുന്ന കടൽപ്പണിക്കാർ. ഫോട്ടോ: അനിഷ എ മെന്റസ്

“ഒരു ദിവസം പണിക്ക് പോകുമ്പോ 25000 രൂപ ആകും. എണ്ണ ചെലവ്, വെജിറ്റബിള്, വണ്ടിവാടക, ചായകുടി, മുറുക്കാൻ‌ എല്ലാമായിട്ട്. ഒന്നും കിട്ടാതെ തിരിച്ച് വരുവാണെങ്കിൽ ആ മൊത്തം പൈസ നമ്മുടെ കയ്യിന്നാണ് വെക്കുന്നത്.” ആന്റണിയാണ് സംസാരിച്ച് തുടങ്ങിയത്.

“50,000 രൂപ ഉണ്ടെങ്കിൽ ഞങ്ങക്ക് 500 -1000 രൂപ കിട്ടും. ബാക്കി പൈസ എല്ലാം ചെലവാണ്. ഇവിടെ ഹാർബർ ഉണ്ടെങ്കിൽ ഞങ്ങക്ക് വണ്ടി പിടിച്ചുപോകണ്ട. ഞങ്ങടെ തീരമെല്ലാം എടുത്തിട്ട് പോയി. എല്ലാവരും ഇവിടെ തന്നെ പണി ചെയ്ത് കൊണ്ടിരുന്നവരാണ്.”

അടുത്ത് നിന്ന ഉലുമ്പീസും പോകുന്ന ചെലവിനെ പറ്റി വിശദമാക്കി. “25000 രൂപ വേണം ഞങ്ങക്ക്. 2800 രൂപ വണ്ടിക്കൂലി കൊടുക്കണം, അവിടെ പോയിട്ട് കാപ്പികുടിക്കുന്ന ചെലവ്. പിന്നെ ഇതിന്റെ ഓയിൽ, മണ്ണെണ്ണ അങ്ങനെ 25,000 രൂപയുടെ ചെലവുണ്ട്. ഇത് പോയിക്കഴിഞ്ഞ ഞങ്ങക്കെന്ത് കിട്ടും? ഞങ്ങടെ മക്കളുണ്ട് പഠിക്കുന്ന്… അവരെ സ്കൂളിൽ അയക്കണം, അവർക്ക് ഫീസ് കൊടുക്കണം. ഞങ്ങളെവിടെ പോയി ജീവിക്കാനാണ്?”

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരെന്ന കടലോര ഗ്രാമത്തിൽ ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ നിലവിൽ നേരിടുന്ന വലിയ പ്രതിസന്ധിയെക്കുറിച്ചാണ് ഇവർ വിശദീകരിച്ചത്. രൂക്ഷമായ കടൽക്ഷോഭം കാരണം പൊഴിയൂരിൽ തീരം നഷ്ടമായതോടെ തിരുവനന്തപുരം ജില്ലയിലും, മറ്റ് ജില്ലകളിലും, അയൽസംസ്ഥാനങ്ങളിലുള്ള ഹാർബറുകളിലേക്ക് വലിയൊരു തുക ചെലവാക്കി ഉപജീവനത്തിനായി യാത്ര ചെയ്യുകയാണ് ഈ മത്സ്യത്തൊഴിലാളികൾ. കാലാവസ്ഥയിലെ മാറ്റവും പതിവായിത്തീർന്ന കടൽക്ഷോഭവും ഇവരെ തൊഴിലിന് വേണ്ടി ഇതരദേശങ്ങളിലേക്ക് കുടിയേറുന്ന മനുഷ്യരാക്കി മാറ്റി.

അധിക ചെലവുകൾ

പൊഴിയൂരിൽ നിന്നും വള്ളമിറക്കാൻ കഴിയാതെ മറ്റ് നാടുകളിലേക്ക് പോകേണ്ടി വന്നതോടെ ചെലവുകൾ വർദ്ധിക്കുകയും കടം കൂടുകയും ചെയ്തു. വിഴിഞ്ഞത്ത് പണി ഇല്ലെങ്കിൽ നീണ്ടകരയിലും മുനമ്പത്തും പൊന്നാനിയിലും തൃശൂരുമൊക്കെ പണിക്ക് പോകാറുണ്ടെന്നും അതിന് ചെലവ് കൂടുതലാണെന്നും പറയുന്നു കൃപാസിസ്.

ഉലുമ്പീസ്, കൃപാസിസ്, ആന്റണി

“നീണ്ടകര പോകുമ്പോ വണ്ടി വാടകയാകും. എണ്ണയൊക്കെ ചെലര് ഇവിടെ നിന്ന് കൊണ്ടുപോകും. ചെലര് അവിടേന്ന് വാങ്ങിക്കും. ട്രാവൽസിലാണ് പോകുന്നത്, പോകുന്നതിന് മാത്രം പത്ത്, പന്ത്രണ്ട് (10,000-12,000) രൂപ ആവും. തിരിച്ച് വരുന്നതിനും അത്ര ആവും. ഒരു ലക്ഷം രൂപ ഉണ്ടെങ്കിൽ നമക്കൊരാക്ക് 500- 1000- 1500 കിട്ടും.”

“ഒരു ലക്ഷത്തി ഇരുപതിനായിരം രൂപേടെ പണി കിട്ടി ഞാൻ പോയ വള്ളത്തിന്. ഞങ്ങടെ ചെലവ് വന്നിട്ട് ഒരു ലക്ഷത്തി എഴുപത്തെണ്ണായിരം. നീണ്ടകരയിന്ന് വിട്ട വള്ളം ഹെങ്കോളി (കർ‌ണ്ണാടക) പോയി. കോള് കണ്ട് ഏഴ് ദിവസം ആങ്കറിൽ നിർത്തിയതാ വള്ളം. എന്നാലും ഞങ്ങൾ നാല് വല വെച്ച്. ഞങ്ങള് തിരിച്ചിപ്പോ വന്ന് ഇറങ്ങിയതേയുള്ളൂ. ഞങ്ങള് പോയിട്ട് 14 ദിവസമായി, ഇന്നാണ് വന്നത് കരയക്ക്. പിന്നെ വീണ്ടും പോകുന്നത് മക്കളെ വളർത്താൻ വേണ്ടിയാണ്.”  14 ദിവസം കടലിൽ കിടന്ന് തിരിച്ച് വന്നിട്ടും വിശ്രമമില്ലാതെ വീണ്ടും പോകേണ്ടി വരുന്നതിന്റെ നിസഹായത ഉലുമ്പീസ് പങ്കുവച്ചു.

വിഴിഞ്ഞത്ത് നേരിടുന്ന പ്രശ്നങ്ങൾ


“ഇങ്ങനെ പോകുമ്പോൾ വിഴിഞ്ഞത്തുകാര് പണിക്ക് വിടുന്നില്ല ഞങ്ങളെ. അവിടെ തടസമാണ്. അവർക്കെപ്പോഴും പോകാം. ഞങ്ങക്ക് പോയിക്കൂടാ. അങ്ങനെ പോലീസിനെയൊക്കെ കൊണ്ടിട്ടിരിക്കയാ അവന്മാർ. ഞാൻ കോസ്റ്റൽ പോലീസിൽ ജാഗ്രത സമിതിയിലുള്ളതാണ്. ഞങ്ങള് ഇഷ്ടം പോലെ കളക്ടറിന് അപേക്ഷ കൊടുത്തിട്ടുണ്ട്. കളക്ടര് പറഞ്ഞിട്ട് അവര് കേക്കണില്ല. അവന്റെ രാജ്യത്ത് ഒരു ഹാർബർ ഉണ്ടായിട്ടല്ലേ അവന്മാർ അങ്ങനെ കാണിക്കുന്നത്. ഇപ്പോഴത്തെ ശല്യം കപ്പൽ ഹാർബറിന്റെ അകത്ത് ഞങ്ങക്ക് പണി ചെയ്തുകൂടാ. കസ്റ്റംസ് വാർഡ് വന്ന് പണി ചെയ്യാൻ പറ്റൂല്ല ഞങ്ങള് ചുട്ട് കളയും എന്ന് പറയുകയാണ്. ഞങ്ങളപ്പോ മത്സ്യത്തൊഴിലാളി മീൻപിടിയ്ക്കാൻ പോയി ജീവിതം മാർഗം നോക്കണവര് എന്തര് ചെയ്യും? നമ്മള് പഷണി കടയ്ക്കാൻ പറ്റുമോ? കപ്പൽ ഹാർബർ വന്നെന്ന് പറഞ്ഞിട്ട് ഞങ്ങക്ക് പണി ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ?” രോഷത്തോടെയുള്ള ആന്റണിയുടെ ചോദ്യങ്ങൾ ജീവിക്കാനായി മറ്റ് സ്ഥലങ്ങളിലെ ഹാർബറുകളിലേക്ക് പോകുന്ന പൊഴിയൂരിലെ കടപ്പണിക്കാർ നേരിടുന്ന പ്രശ്നങ്ങളുടെ ആഴം വ്യക്തമാക്കി.

“നമ്മളിവിടുന്ന് പോയി 50 രൂപക്ക് മുറുക്കാൻ വാങ്ങിക്കുമായിരിക്കും, 100 രൂപക്ക് വാങ്ങിക്കുമായിരിക്കും. ഒരു ലൈറ്റായിരുന്നാലും ശരി മണ്ണെണ്ണയായിരുന്നാലും ശരി പെട്രോളായിരുന്നാലും ശരി എല്ലാത്തിനും അവരു ബിസിനസ് വെച്ച് നടത്തും. നമ്മള് പോയിട്ടാണ് അവരുടെ ജീവിതം പോണത്. അപ്പോ അങ്ങനെയുള്ള ആളുകൾക്ക് അവര് പണി ചെയ്യാൻ‌ തരാതെയിരുന്നാ എങ്ങനെ മത്സ്യത്തൊഴിലാളി ജീവിക്കും?”  ക‍ൃപാസിസും ചോദിക്കുന്നു.

പൊഴിയൂരിൽ നിന്ന് ജോലി തേടി മറ്റ് ഹാർബറുകളിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കായി അവിടെ ചെലവാക്കുന്ന പണം ആ നാടുകളിലെ മനുഷ്യർക്ക് സാമ്പത്തിക മെച്ചമുണ്ടാക്കുന്നതിലെ പ്രശ്നമാണ് കൃപാസിസ് ചൂണ്ടിക്കാണിക്കുന്നത്. പൊഴിയൂരിൽ ഹാർബറുണ്ടായിരുന്നുവെങ്കിൽ അത്തരം ചെലവുകളൊക്കെ ഈ നാട്ടിലുള്ളവർക്ക് ഉപകാരമായി മാറുമായിരുന്നു. പൊഴിയൂരിൽ കടൽപ്പണി കുറഞ്ഞതോടെ ആകെയുണ്ടായിരുന്ന ജീവിതമാർഗമായ പെട്ടിക്കടകൾ നിർത്തിപ്പോയവരും ഏറെയുണ്ട്.

“ഇപ്പോ നമ്മുടെ നാട്ടില് ഒരു ഹാർബർ വന്നു. എന്റെ ഹാർബറാണ് ഞങ്ങടെ നാട്ടിലുള്ള ഹാർബറാണെന്ന് പറയാൻ പറ്റുമോ? പറ്റില്ല, ഗവൺമെന്റ് വെക്കുന്നതാണത്. ആർക്ക് വേണേലും പണി ചെയ്യാം. അങ്ങനെയുള്ള സംഭവം അവർക്കില്ല. തീരം പോയോണ്ട് ഇവിടെ പണി ചെയ്യുന്നില്ല, വിഴിഞ്ഞത്ത് തന്നെ പണിക്ക് പോകുന്നു. ഇവിടെ തിരിയടി ആയതുകൊണ്ട് അവിടെ പോകുന്നു. പേടിച്ച് തന്നെ അവിടെ തൊഴിൽ ചെയ്യുന്നത്.” ആന്റണി നിസഹായതോടെ പറഞ്ഞു.

“ഇവിടെ ഹാർബർ വരുകയാണെങ്കിൽ എല്ലാർക്കും സേഫ്റ്റി തന്നെ. പൂവാർ, പുല്ലുവിള, തമിഴ്നാടുള്ളവര് ഇവിടെ വരും. കായൽ കിടക്കയാണല്ലോ. കായലിന്റെകത്തെല്ലാർക്കും ഓടിയൊക്കം വരാം, കേറാം. വിഴിഞ്ഞത്ത് കായലില്ലല്ലോ?” സ്വന്തം നാട്ടിലൊരു ഹാർബർ വരാനായി പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ആന്റണിയെ പോലെ പൊഴിയൂരിലുള്ള അനേകം കടൽപ്പണിക്കാർ.

എന്നാൽ തീരം നഷ്ടപ്പെട്ട് മറ്റിടങ്ങളിലേക്ക് ജോലിക്കായി കുടിയേറാൻ നിർബന്ധിതരാകുന്ന ഈ കടൽപ്പണിക്കാരുടെ വ്യക്തി വിവരങ്ങളോ അവർ നേരിടുന്ന സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളോ സർക്കാർ സംവിധാനങ്ങളൊന്നും പഠിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കാലാവസ്ഥാ മാറ്റവും തീരശോഷണവും കാരണം തൊഴിലിനായി കുടിയേറുന്ന ഈ കടൽപ്പണിക്കാരെ കുറിച്ച് ​ഗൗരവപരമായ പഠനം നടത്തി, പരിഹാരങ്ങളും സഹായങ്ങളും നൽകാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്.

കടലെടുത്ത് പോകുന്ന പൊഴിയൂരിലെ തീരവും വീടുകളും. ഫോട്ടോ: സിഖിൽ ദാസ്

പൊഴിയൂർ ഹാർബർ എന്ന സ്വപ്നം

പൊഴിയൂരിൽ ഹാർബർ നിർമ്മിക്കുമെന്ന വാഗ്ദാനങ്ങൾക്കും വാർത്തകൾക്കും ഏറെ പഴക്കമുണ്ട്. 2023 ഓടെ ഹാർബർ നിർമ്മാണം പൂർത്തിയാകുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. 2025 ഫെബ്രുവരി 11 ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പൊഴിയൂർ ഹാർബർ നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളിൽ രണ്ടാംസ്ഥാനത്താകും പൊഴിയൂരെന്ന മോഹന വാഗ്ദാനവും മന്ത്രി നൽകിയിരുന്നു. എന്നാൽ പീന്നീട് കാര്യമായി ഒന്നും നടന്നില്ല. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പൊഴിയൂർ ഹാർബർ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ചെലവ് 343 കോടി രൂപയാണ്. തുറമുഖത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിരുന്നു.

മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കുന്നതിന്റെ ആദ്യഘട്ടമായി പ്രധാന പുലിമുട്ട് വരുന്ന ഭാഗത്ത് 65 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കുമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഹാർ‌ബർ നിർമ്മിക്കുമെന്ന് പറയുന്ന പ്രദേശത്ത് കുറേ ടെട്രാപോഡുകൾ‌ കൊണ്ടുവന്നിട്ടു എന്നതല്ലാതെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു സൂചന പോലും പിന്നീട് ഉണ്ടായില്ല.

“വിഴിഞ്ഞത്ത് പണി ഇല്ലാന്നുണ്ടെങ്കിൽ കൊല്ലത്തോ മുനമ്പത്തോ പോകും. വിഴിഞ്ഞത്ത് പണിക്ക് പോകുമ്പോ ഒരു ദിവസത്തെ പണിയാണ്.  കൊല്ലം, മുനമ്പം ഒക്കെ ആണെങ്കിൽ ഏഴ് ദിവസം അഞ്ച് ദിവസം അങ്ങനെയാണ്. കർണ്ണാടകത്ത് പോകുമ്പോ അവർക്കൊരു കുഴുപ്പവുമില്ല, നീണ്ടകരയും കോസ്റ്റൽ പോലീസ് പ്രശ്നമുണ്ട്.” ഉലുമ്പീസ് പ്രയാസങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ പണിക്ക് പോകാനായി എല്ലാവരും എത്തിച്ചേർന്നിരുന്നു.

തിടുക്കത്തിൽ വണ്ടിയിൽ കയറുന്നതിനിടയിൽ അടുത്ത നിന്ന ആളെ ചൂണ്ടിക്കാട്ടി ഉലുമ്പീസ് തുടർന്നു. “ഇയാടെ മോൻ തൃശൂർ കളിക്കാൻ പോകുന്നു, ഫുട്ബോൾ. നമ്മടെ മക്കളെയും കുട്ടിയേയും ഒക്കെ വളർത്തണ്ടേ? അവർക്ക് ഫീസ് കൊടുക്കണം. ഒരു മാസത്തെ ഫീസ് ഇല്ലേ പറയും കടപ്പുറത്തുകാരുടെ മക്കളല്ലേ നിങ്ങള് പോ…” അത്രയും പറഞ്ഞ് ഉലുമ്പീസ് ബസിലേക്ക് കയറി ജനാലയിലൂടെ കൈവീശി യാത്ര പറഞ്ഞു. ബാക്കി സാധനങ്ങളും കയറ്റി ആ ട്രാവലർ മുന്നോട്ട് നീങ്ങുമ്പോൾ ഡിക്കിക്ക് ഉൾക്കൊള്ളാൻ പറ്റാത്ത വലിപ്പത്തിലുള്ള വലക്കെട്ടിന്റെ കൂട്ടം പുറത്തേക്ക് തള്ളി നിൽക്കുന്നത് കാണാമായിരുന്നു.

കടൽപ്പണിക്കാർ സഞ്ചരിക്കുന്ന ബസിന് പുറത്തേക്ക് തള്ളി നിൽക്കുന്ന വലക്കെട്ട്. ഫോട്ടോ: അനിഷ എ മെന്റസ്

പണി സാധനങ്ങളെല്ലാമെടുത്ത് കൊണ്ടുള്ള ഈ യാത്ര കടൽപ്പണിക്കാർക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നതെന്ന് ആ യാത്രാ ബസ് കൂടുതൽ വ്യക്തമാക്കി. കടലിലെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പണി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ കൃത്യമായി വിശ്രമിക്കാൻ പോലും അവർക്ക് സമയം കിട്ടുന്നില്ല.

അന്യവത്കരണം

ദൂരെ സ്ഥലങ്ങളിലേക്ക് പണിക്ക് പോകാനായി കൊല്ലങ്കോട് പള്ളിക്ക് മുന്നിൽ വട്ടത്തിൽ കൂടിയിരുന്ന് വല നന്നാക്കുകയാണ് ഒരു കൂട്ടം കടൽപ്പണിക്കാർ. അവർക്കും പറയാനുള്ളത് സമാന അനുഭവങ്ങൾ തന്നെയായിരുന്നു.

“‌കമ്പാ വല നിർത്തിയതും ഒരുപാട് ആൾക്കാര് ജോലിയില്ലാതെ ആരോഗ്യം നഷ്ടപ്പെട്ട് ഇങ്ങനെയിരിക്കുന്നു. പട്ടണം (തമിഴ്നാട്ടിലെ തേങ്ങാപട്ടണം) ഹാർബറിൽ കേരളത്തുന്ന് ആൾക്കാര് പോയാ അടിക്കും. അയാള് ഇന്ത്യാക്കാര് അല്ലേ? പിന്നെ നമ്മളെ പോലെ ഉള്ളവർ ഇവി‍ടെ ഹാർബർ ഒന്നും ഇല്ലാതെയാണ് അടുത്തുളള ജില്ലയിൽ പണിക്ക് പോണത്. കൊല്ലം ഹാർബർ എന്ത് കൊണ്ട് കേരളത്തുകാർക്ക് പണി എടുക്കാൻ കൊടുക്കുന്നില്ല. ഒരു കാലാവസ്ഥാ വന്ന് കഴിഞ്ഞ ജീവൻ രക്ഷപ്പെടുത്താൻ കൊല്ലം ഹാർബറിലാണ് കേറേണ്ടത്. നീണ്ടകര ഹാർബറിൽ തെരമാലകളടിക്കും. വള്ളം കമരും. എത്തേണ്ടത് കൊല്ലം ഹാർബറിലാണ്, ഈ കൊല്ലം ഹാർബറിലാകുമ്പോ അപകടം ഒന്നും സംഭവിക്കില്ല. കേരളത്തുകാർക്ക് പിടിക്കാൻ കൊടുക്കാത്ത കാര്യം എന്ത്? കുറച്ച് തമിഴ്നാട്ടുകാര് അവിടെ കിടന്നു വിലസുന്നു.”

വലപ്പണി ചെയ്യുന്ന കടൽപ്പണിക്കാർ, ഫോട്ടോ: അനിഷ എ മെന്റസ്

കുനിഞ്ഞിരുന്ന് വലകണ്ണികൾ കെട്ടുന്നതിനിടയിൽ അന്തോണീസ് കൊല്ലം ജില്ലയിലെ പോർട്ട് കൊല്ലം ഹാർബറിൽ പണിക്ക് പോകുമ്പോൾ‌ നേരിടുന്ന പ്രശ്നങ്ങൾ പറഞ്ഞു.

വല നന്നാക്കുന്ന ബനഡിക്റ്റാണ് ബാക്കി പറഞ്ഞത്. “അവിടുത്തെ കടലെന്ന് (കൊല്ലം) പറയുമ്പോ കടലിന് വത്യാസം ഉണ്ട്. ഇവിടുത്തെ കടല് മണ്ണാണ് അടിയിൽ, അവിടുത്തെ കടല് ചെളിയാണ്. ഇവിടുത്തെ കാട്ടി കൂടുതലാണ് അവിടെ മീനുണ്ടാകുന്നത്. നമ്മളിപ്പോ ഇവിടുന്ന് വഞ്ചിയും കൊണ്ട് പോയാ നമ്മളവരെക്കാട്ടി മീൻ കൂടുതൽ കൊണ്ട് വന്നാ അവരുടെ മീനിന് വെല കിട്ടത്തില്ല. അതാണ് അവരുടെ മെയിൻ. തമിഴ്നാട്ടിന്നുള്ളവരവിടെ താമസിച്ച് റേഷനൊക്കെ വാങ്ങി ജീവിക്കുവാണ്. അവരാണീ ചട്ടം അവിടെ വെക്കുന്നത്, അല്ലാതെ അവിടുത്തെ നാട്ടുകാരല്ല.”

മറ്റ് ഹാർബറുകളിൽ പോകുമ്പോൾ നേരിടുന്ന അന്യവത്കരണത്തെ പറ്റിയായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്.

‌”ഞങ്ങള് കുളച്ചക്കാര്… (തമിഴ്നാട് കുളച്ചൽ സ്വദേശികളെ പ്രാദേശികമായി വിളിക്കുന്നത്) ഞങ്ങള് കൊല്ലത്തോ മുനമ്പത്തോ ചേറ്റുവേലോ എവിടെങ്കിലും പണിക്ക് പോയിക്കഴിഞ്ഞാ ഞങ്ങള് അവിടെ കുളച്ചക്കാർ. അവർക്ക് ഞങ്ങള് കുളച്ചക്കാര്‌. ഞങ്ങടെ ആധാർ കാർഡ് ഐഡി കാർഡ് കാണിക്കുമ്പോ കേരളത്തിലാണെന്ന് മനസിലാകും. നമ്മുടെ രൂപം കണ്ടാ അവര് ചെലപ്പോ തമിഴ്നാട്ടുകാരെന്ന് വിചാരിക്കും. ഞങ്ങള് കേരളത്തിൽ പാറശാല മണ്ടലത്തിലുള്ള ആൾക്കാരാണ്.” സ്വന്തം സംസ്ഥാനത്തും തങ്ങൾ നേരിടുന്ന വേർതിരിവ് വിഷമത്തോടെയാണ് സൂസെ പാക്കിയം പങ്കുവെച്ചത്. (തമിഴ്നാട്ടിലെ കുളച്ചലിൽ നിന്ന് കേരളത്തിൽ, പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ തീരപ്രദേശങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് വന്ന് കുടുംബമായി താമസിക്കുന്ന തമിഴ്നാട് സ്വദേശികളെ കുളച്ചക്കാർ എന്ന് വിളിക്കുക പതിവാണ്. ആദ്യം വന്നവരും പിൻതലമുറയും ഇന്ന് കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കിയിട്ടുണ്ട്.)

കേരളത്തിന് പുറത്ത് കർണ്ണാടകയും ഗുജറാത്ത് വരെയും പണിക്കായി പോകുന്നവരായിരുന്നു ഈ തൊഴിലാളികളിൽ പലരും. പലപ്പോഴും 40-45 ദിവസം കഴിഞ്ഞാണ് ഇവർക്ക് വീട്ടിൽ തിരികെയെത്താനാകുക.

“മക്കളെ വളർ‌ത്താൻ നീണ്ടകര പോയാ ബസിന് പൈസ കൊടുക്കണം. പണിയില്ലാതെ വരും ചിലപ്പോൾ. ഒരു ദിവസം പണിക്ക് പോണമെങ്കിൽ 40,000 -50,000‌ ആണ് കടലില്‌ പോകേണ്ട ചെലവ്. തിരിച്ച് വരുമ്പോ അവിടുന്ന് കമ്മീഷൻകാരുട കയ്യിന്ന് കടം വാങ്ങിച്ചാണ് ഇവിടെ വരുന്നത്. നമുക്കൊരു സുരക്ഷിതമായ ഹാർബറുണ്ടെങ്കിൽ ബസ് ചാർജ് കൊടുക്കണ്ട. ഒന്നും ഇല്ല. വള്ളത്തെ പിടിച്ചിട്ട് വീട്ടില് പോകാം.” പൊഴിയൂരിൽ ഹാർബർ നിർമ്മിക്കേണ്ടുന്നതിന്റെ ആവശ്യകത സെൽവരാജ് ചൂണ്ടിക്കാട്ടി.

“ആ വെട്ടം കാണുന്ന കണ്ടോ? നേരത്തെ കടപ്പുറം അവിടെ ഇരുന്നു, അവിടെ…” കിലോമീറ്ററുകൾ ദൂരെ കടലിലേക്ക് ചൂണ്ടിക്കൊണ്ട് അന്തോണീസ് പറഞ്ഞു. “ഇത് ഇങ്ങനെ സംഭവിച്ചത് കൊണ്ട് ഞങ്ങൾ കടങ്ങളെടുത്ത്, വലിയ വള്ളങ്ങളെടുത്ത് പുറത്ത് പണിക്ക് പോകുന്നത്. എറുണാകുളം, തൃശൂർ ചേറ്റുവ അങ്ങനൊയൊക്കെ പോയി പണി ചെയ്യുന്നു. അവിടെ കിടക്കുമ്പോ ഇവിടുന്ന് വിളിച്ചു പറയും ഇന്ന ആള് മരിച്ചു, അടക്കത്തിന് വരണം. അത് നഷ്ടം. ആറാളായിട്ടാണ് പോകുന്നത്. ഒരാളുടെ ബന്ധത്തിലുള്ള ആള് മരിച്ച എനിക്ക് വരണം.”

“ഇവിടെ കല്ലിടുന്നത് എല്ലാം പോയി കഴിഞ്ഞു. കോടികളാണ് മുടക്കി കല്ലിട്ടത്. അത് പകുതിയും കടല് അടിച്ചങ്ങ് പോയി കഴിഞ്ഞ്. ഒന്നെങ്കി പെട്ടെന്നൊരു ഹാർബറുണ്ടാക്കണം, ഇവിടെ പണി ചെയ്യാൻ. അവിടെ പോകണ്ട. പൊഴിയൂര്കാർക്ക് ഒരു ഹാർബർ അത്യാവശ്യം ആണ്.” ഏറെ നേരമായി ചെയ്തുകൊണ്ടിരുന്ന വലപ്പണി നിർത്തിയെഴുന്നേൽക്കുന്നതിനിടയിൽ മണി പറഞ്ഞു നിർത്തി. അപ്പോഴേക്കും നേരം ഇരുട്ടിയെങ്കിലും പള്ളിമുറ്റത്തെ ഇലക്ട്രിക് പോസ്റ്റിൽ തെളിഞ്ഞ ലൈറ്റിന്റെ ചെറിയ വെളിച്ചത്തിൽ ബാക്കിയുള്ളവർ പണി തുടർന്നു.

പിയാത്ത ശിലപ്പത്തിനരികിൽ പൂഴി മണ്ണ് മൂടിയ ടെട്രാപോഡ്. ഫോട്ടോ: അനിഷ എ മെന്റസ്

പൊഴിയൂരിലെ കടലും കായലും കൂട്ടിമുട്ടുന്ന പൊഴിക്കര ബീച്ചിന്റെ ഒരു വശത്ത് പ്രശസ്തമായ ഒരു പിയാത്ത ശിൽപ്പമുണ്ട്. കടൽക്കരയിൽ നിന്നും കായലിന്റെ വശത്തേക്ക് നോക്കുമ്പോൾ മാതാവിന്റെ മടിയിൽ യേശുക്രിസ്തുവിൻറെ മൃതശരീരം കിടത്തിയിരിക്കുന്ന ആ രൂപത്തിന് ചുറ്റും മണ്ണിൽ പുതഞ്ഞ് ടെട്രാപോഡുകൾ കിടക്കുന്നത് കാണാം. പൊഴിയൂരിനെ കേരളത്തിലെ രണ്ടാമത്തെ വലിയ ഹാർബറാക്കുമെന്ന് കൊട്ടിഘോഷിച്ച് സർക്കാർ നടത്തിയ ആഘോഷങ്ങളുടെ ബാക്കിപത്രമാണ് പൂഴി മണ്ണ് ഏറെക്കുറെ മൂടി മുകൾ ഭാഗം മാത്രം കാണാവുന്ന തരത്തിൽ കിടക്കുന്ന ആ ടെട്രാപോഡുകൾ.

Also Read

8 minutes read November 1, 2025 2:36 pm