റ്റോമോയിൽ പഠിക്കാൻ കൊതിക്കുന്ന കുട്ടികൾക്ക്

ടോട്ടോച്ചാൻ പരിഭാഷപ്പെടുത്തുക എന്ന നിയോഗം അവിചാരിതമായാണ് എന്നിൽ വന്നുചേരുന്നത്. പഠനം കഴിഞ്ഞ്, എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന കാലം. സ്ഥിരവരുമാനമുള്ള ജോലിയൊന്നുമില്ലാത്തതിനാൽ ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി ചില പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുമായിരുന്നു. അങ്ങനെയാണ് ടോട്ടോച്ചാൻ എന്ന ജാപ്പനീസ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ എന്റെ കൈയിൽ ആദ്യമായി എത്തിച്ചേരുന്നത്. പരിഷത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കെ.കെ. കൃഷ്ണകുമാർ സാറായിരുന്നു പുസ്തകം പരിഭാഷപ്പെടുത്തുന്നതിനായി കൈമാറിയത്. അരവിന്ദ് ഗുപ്തയാണ് ഇന്ത്യയിൽ ടോട്ടോച്ചാൻ ആദ്യം പരിചയപ്പെടുത്തിയത്. അങ്ങനെയാണ് പരിഷത്തിന്റെ കയ്യിൽ പുസ്തകമെത്തുന്നതെന്നാണ് എന്റെ ഓർമ്മ.

ടോട്ടോ-ചാൻ – ഇംഗ്ലീഷ് പരിഭാഷ

ഇംഗ്ലീഷിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത കാലത്താണ് ഞാൻ ടോട്ടോച്ചാൻ പരിഭാഷപ്പെടുത്തുന്നത്. എന്നാൽ, പരിഭാഷയക്ക് മുന്നോടിയായി പുസ്തകം വായിച്ചു തുടങ്ങിയതോടെ ഇംഗ്ലീഷ് ഭാഷയോടുള്ള അപരിചിതത്വം വായനയ്ക്കൊരു പ്രശ്നമല്ലാതെയായി. ആദ്യ അധ്യായങ്ങൾ പിന്നിടുമ്പോഴേക്കും പുസ്തകത്തിന്റെ ഒഴുക്കിനൊപ്പം ഞാനറിയാതെ സഞ്ചരിച്ചുതുടങ്ങിയിരുന്നു. ഒറ്റയിരുപ്പിൽത്തന്നെ ടോട്ടോച്ചാൻ വായന പൂർത്തിയായി. എന്നാൽ പരിഭാഷ പൂർത്തിയാക്കാൻ കുറച്ചു കൂടി സമയമെടുത്തു. പരിഷത്തിന് കുറച്ച് തിടുക്കമുണ്ടായിരുന്നു. അവരുടെ സ്ഥിരമായ നിർബന്ധം കാരണമാണ് പതിവ് അലസത വെടിഞ്ഞ് ഞാൻ പരിഭാഷ വേഗത്തിലാക്കിയത്.

അവസാന ഭാഗങ്ങളിലേക്കെത്തുമ്പോഴേക്കും പരിഭാഷയ്ക്ക് നല്ല ഒഴുക്ക് കിട്ടിയിരുന്നു. ഒടുവിലത്തെ അധ്യായം എന്തെന്നില്ലാത്ത ഒരനുഭൂതിയോടെയാണ് ഞാൻ പൂർത്തിയാക്കിയത്. ഇംഗ്ലീഷിലെ അറിയാത്ത പദങ്ങൾക്കായി ഡിക്ഷണറിയുടെ സഹായം തേടി. എന്നാൽ അവസാന അധ്യായം പരിഭാഷപ്പെടുത്തുമ്പോൾ ഒഴുക്ക് മുറിയാതിരിക്കുന്നതിനായി ഞാൻ ഡിക്ഷണറി ഉപയോഗം വേണ്ടെന്നുവച്ചു. അറിയാത്ത ഇംഗ്ലീഷ് വാക്കുകൾ അതുപോലെ തന്നെ എഴുതി പരിഭാഷ തുടർന്നു.

അൻവർ അലി

ആ അദ്ധ്യായം എന്നെ ഏറെ സങ്കടപ്പെടുത്തി. പരിഭാഷ പൂർത്തിയാക്കുമ്പോഴേക്കും ഞാൻ കരച്ചിലിലേക്കെത്തിയിരുന്നു. അത്രയ്ക്ക് ഉള്ളിൽത്തട്ടി ചെയ്തതുകൊണ്ടുതന്നെ ആ അദ്ധ്യായത്തിൽ അധികം തിരുത്തലുകൾ എനിക്ക് വേണ്ടിവന്നില്ല. അറിയാത്ത ഇംഗ്ലീഷ് പദങ്ങൾ പിന്നീട് ഡിക്ഷണറി നോക്കി പൂർത്തീകരിച്ചു. കൂടാതെ ഒരൊറ്റ വാക്ക് മാത്രമാണ് രണ്ടാം വായനയിൽ തിരുത്തേണ്ടി വന്നത്.

“ഹെഡ്മാസ്റ്ററുടെ സ്വപ്നത്തിൽ ത്രസിച്ചു നിന്നിരുന്ന പള്ളിക്കൂടം തീനാളങ്ങളിൽ മറഞ്ഞു. അദ്ദേഹം ഒരുപാട് സ്നേഹിച്ച കുഞ്ഞിച്ചിരികളുടെയും ചിലയ്ക്കലുകളുടെയും സ്വരഭേദങ്ങൾക്ക് പകരം, പള്ളിക്കൂടമൊന്നാകെ ഒരു ഭയാനക ശബ്ദഘോഷത്തോടെ നിലംപൊത്തി. ശമനമില്ലാത്ത അഗ്നി, അതിന്റെ ശിലാതലത്തോളം എരിച്ചുകളഞ്ഞു”

എന്ന പാരഗ്രാഫിലെ ശിലാതലത്തോളം എന്ന വാക്കിന് പകരം അടിക്കല്ലോളം എന്നായിരുന്നു ഞാൻ ആദ്യം എഴുതിയിരുന്നത്. അതിനേക്കാൾ കാവ്യാത്മകത ശിലാതലം എന്ന വാക്കിനാണെന്ന് തോന്നിയതുകൊണ്ടാണ് തിരുത്തിയത്. തിരുത്തലുകളൊന്നും കൂടാതെ ഒരദ്ധ്യായം പരിഭാഷപ്പെടുത്താൻ കഴിഞ്ഞു എന്നത് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഗദ്യഭാഷ അത്ര നന്നായി വഴങ്ങുന്നയാളല്ല ഞാൻ. എന്നിട്ടും പരിഭാഷ ഹൃദ്യമാക്കാൻ കഴിഞ്ഞു എന്നത് ടോട്ടോച്ചാൻ എന്ന കൃതിയുടെ മഹത്വമായാണ് ഞാൻ മനസ്സിലാക്കുന്നത്.

തെത്സുകോ കുറോയാനഗി

സൗന്ദര്യശാസ്ത്രത്തിന്റെ ഒരു മാനദണ്ഡത്തിനും ചോദ്യം ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള ക്രാഫ്റ്റാണ് ടോട്ടോച്ചാനിന്റേത്. ഒറ്റ വായനയിൽ തന്നെ ഒരു ‘ടോട്ടോച്ചാൻ സിൻഡ്രം’ നമ്മളെ പിടികൂടുന്നുണ്ട്. അവസാന ഭാഗമായപ്പോഴേക്കും ഞാനും ആ അവസ്ഥയിലെത്തിയിരുന്നു. എല്ലാത്തരം വായനക്കാരെയും ആനന്ദിപ്പിക്കുകയും എന്നാൽ ആഴങ്ങളിലേക്ക് പോകുന്നവർക്ക് ഏറെ ഉൾവെളിച്ചങ്ങൾ കരുതിവയ്ക്കുകയും ചെയ്യുന്ന ഒരു ക്രാഫ്റ്റ് ഈ കൃതിക്കുണ്ട്. ഒരുപക്ഷെ മലയാളത്തിൽ ബഷീറിനെല്ലാം സാധിച്ചിരുന്നതു പോലെ ഒന്ന്.

തെത്സുകോ കുറോയാനഗി പിന്നീട് ഒന്നും എഴുതിയിട്ടില്ല. അവരെഴുതിയ ആദ്യത്തെ ഫിക്ഷനാണിത്. അതിന്റെയൊരു ജൈവീകത അവരുടെ എഴുത്തിൽ കാണാൻ കഴിയുന്നുണ്ട്. അത് അവരുടെ എഴുത്തിന്റെ പ്രത്യേകതയാണോ, അതോ റ്റോമോ സ്കൂൾ പോലെയുള്ള ഒരു മഹത്തായ സംരംഭത്തിന്റെ സവിശേഷതയാണോ എന്ന സന്ദേഹത്തിലും ഞാൻ എത്തിച്ചേരാറുണ്ട്. അത്രയ്ക്കും സമഗ്രമായ ഒരു സ്കൂൾ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു കൃതിയുണ്ടാകുമോ എന്ന് എനിക്ക് സംശയമുണ്ട്.

റ്റോമോ സ്കൂൾ

രണ്ടാംലോക മഹായുദ്ധത്തിൽ റ്റോമോ സ്കൂൾ നശിച്ചുപോയില്ലായിരുന്നെങ്കിലും ചിലപ്പോൾ ഈ കൃതിയുണ്ടാകില്ല. യുദ്ധത്തിൽ നശിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ റ്റോമോ സ്കൂൾ ഒരു വലിയ സ്ഥാപനമായി മാറാൻ സാധ്യതയുണ്ട്. വലിയ സ്ഥാപനമായാൽ റ്റോമോയ്ക്കുണ്ടായിരുന്ന സരിത അതിന് നിലനിർത്താൻ പ്രയാസമായിരിക്കും. എല്ലാ പരീക്ഷണങ്ങളും സ്ഥാപനവത്കരിക്കപ്പെട്ട ശീലങ്ങളായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലല്ലോ. പള്ളിക്കൂടങ്ങൾ പന്നിവളർത്തൽ കേന്ദ്രങ്ങളായി മാറിയ ഇന്നത്തെ കാലത്തും ഈ പുസ്തകം ഇത്രയേറെ വായിക്കപ്പെടുന്നതും അതുകൊണ്ടാണ്. റ്റോമോ സ്കൂളു പോലെയൊന്ന് ആരും ആഗ്രഹിക്കുന്നുണ്ട്.

സാംസ്കാരിക ഒരുമ

ടോട്ടോച്ചാൻ ലോകത്തിലെ പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഭാഷകളിലേക്കുള്ള പരിഭാഷകൾ പലപ്പോഴും ഇംഗ്ലീഷ് പരിഭാഷയേക്കാൾ ഹൃദ്യമായിരുന്നു എന്ന അനുഭവം പലരും പങ്കുവച്ച് ഞാൻ കേട്ടിട്ടുണ്ട്. സോഷ്യൽ നെറ്റ് വർക്കിംഗ് വെബ്സൈറ്റായ ഓർക്കൂട്ട് സജീവമായിരുന്ന സമയത്ത്, ഞാൻ അതിലെ ടോട്ടോച്ചാൻ കമ്മ്യൂണിറ്റിയിൽ പോയി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ടോട്ടോച്ചാൻ വായനക്കാരുടെ അനുഭവങ്ങൾ അറിയാൻ ശ്രമിച്ചിരുന്നു. ഇന്ത്യൻ ഭാഷകളിലെ പരിഭാഷയും ഇംഗ്ലീഷും വായിച്ചിട്ടുള്ളവർ ഇന്ത്യൻ ഭാഷാ പരിഭാഷകളാണ് കൂടുതൽ നല്ലതെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത് കണ്ടു. മലയാള പരിഭാഷയെക്കുറിച്ച് എനിക്ക് നേരിട്ടും അത്തരം അഭിപ്രായങ്ങൾ കിട്ടിയിട്ടുണ്ട്. എന്താകാം കാരണമെന്ന് ഞാൻ ഏറെ ആലോചിച്ചിട്ടുണ്ട്. പൗരസ്ത്യ (oriental) ദേശക്കാരുടെ സാംസ്കാരികമായ ഒരുമയാണ് അതിന് കാരണമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പാശ്ചാത്യരായ (occident) ഇംഗ്ലീഷുകാരേക്കാൾ ജപ്പാന്റെ സംസ്കാരം ഉൾക്കൊള്ളാൻ കഴിയുന്നത് ഇന്ത്യക്കാർക്കാണ്.

ടോട്ടോ-ചാൻ മലയാള പരിഭാഷ

കിഴക്കിന് സാംസ്കാരികമായ ഒരു ഒരുമയുണ്ട്. അത് ഭാഷയ്ക്ക് അതീതമാണ്. ഇംഗ്ലീഷ് എന്ന കൊളോണിയൽ ഭാഷയ്ക്ക് ആ സാംസ്കാരിക ഒരുമയെ പ്രതിഫലിപ്പിക്കാൻ കഴിയില്ല. പല ഇംഗ്ലീഷ് കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ തോന്നുന്ന കല്ലുകടി വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നുള്ള വായനയുടെ ഭാഗമായി സംഭവിക്കുന്നതാണ്. പല കൃതികളും ഇംഗ്ലീഷിൽ വായിച്ച ശേഷം, അതിന്റെ പരിഭാഷ വായിക്കുമ്പോൾ കൃതിയുടെ സാം സ്കാരിക ഊർജ്ജം നഷ്ടമായതായാണ് എ നിക്ക് തോന്നാറുള്ളത്. എന്നാൽ ജാപ്പനീസ് സാംസ്കാരിക പശ്ചാത്തലമുള്ള ഏത് കൃതിയും ഇന്ത്യൻ സംസ്കാരത്തിൽ നിന്നു കൊണ്ട് വായിച്ചാൽ ഈ പ്രശ്നമുണ്ടാകില്ല. അതുകൊണ്ടാണ് ഇംഗ്ലീഷ് പരിഭാഷയ്ക്ക് കിട്ടാത്ത സ്വീകാര്യത മലയാളം ഉൾപ്പെടെയുള്ള ടോട്ടോച്ചാന്റെ ഇന്ത്യൻ ഭാഷാഖ്യാനങ്ങൾക്ക് കിട്ടുന്നതും.

ടോട്ടോ-ചാൻ – ഹിന്ദി, പഞ്ചാബി, കന്നട പരിഭാഷകൾ

ഇന്ത്യയുടെയും ജപ്പാന്റെയും സാമൂഹിക ജീവിതത്തിൽ ബുദ്ധമതത്തിന്റെ വലിയ സ്വാധീനമുണ്ട്. സംഘബോധത്തിന്റെ ഒരു സംസ്കാരം ബുദ്ധിസം കടന്നുപോയ വഴികളിലെല്ലാം കാണാം. പടിഞ്ഞാറിന് അത് കുറവാണ്. ഇംഗ്ലീഷിലൂടെ ജാപ്പനീസ് കൃതികളെ നമ്മൾ അറിഞ്ഞാലും, ഇംഗ്ലീഷ് എന്ന തടസ്സത്തെ മറി കടന്ന് ജാപ്പനീസ് സംസ്കാരത്തിലേക്ക് പോകാൻ ഇന്ത്യാക്കാരന് ഈ സാംസ്കാരിക ചേർച്ചകൊണ്ട് സാധിക്കും. ഇംഗ്ലീഷിൽ നിന്നും ടോട്ടോച്ചാൻ പരിഭാഷപ്പെടുത്തിയതിലൂടെ ആ കൃതിയിലെ ഇംഗ്ലീഷ് എടുത്തുമാറ്റുകയാണ് ഞാൻ ചെയ്തത്. അതിലൂടെ ജാപ്പനീസിനെയും മലയാളത്തെയും തമ്മിൽ അടുപ്പിച്ചു. ഇംഗ്ലീഷിനെ എടുത്തു മാറ്റുക എന്ന ദൗത്യമാണ് പൗരസ്ത്യഭാഷയിലെ കൃതികൾ വിവർത്തനം ചെയ്യുന്ന പരിഭാഷകർക്ക് നിർവഹിക്കാനുള്ളത്. പരിഭാഷയുടെ ഓറിയന്റൽ രീതി അങ്ങനെയാണ് വരേണ്ടത്. അത് ടോട്ടോച്ചാൻ പരിഭാഷപ്പെടുത്തിയപ്പോൾ എന്നിൽ അറിയാതെ സംഭവിച്ചിട്ടുണ്ട്.

കായികമത്സരങ്ങളിൽ പങ്കെടു ക്കുന്ന കുട്ടികൾക്ക് പച്ചക്കറികൾ സമ്മാനമായി നൽകുന്ന ഒരു ഭാഗം പുസ്തകത്തിലു ണ്ട്. പച്ചക്കറികളുടെ മലയാള പേരുകളാണ് ഞാൻ അവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നത്. അത് വ്യക്തിപരമായ ധൈര്യമായിരുന്നില്ല. കിഴക്കിന്റെ ഒരുമ നൽകുന്ന സാംസ് കാരികമായ ഒരു ധൈര്യം കൊണ്ട് സംഭവി ച്ചതാണ്. എന്നിട്ടും കിഴക്കിനെക്കുറിച്ച് നമ്മൾ അജ്ഞരാണ് എന്നതാണ് നമുക്ക് സംഭവിച്ചിരിക്കുന്ന സാംസ്കാരിക ദുരന്തം. പടിഞ്ഞാറു നിന്നാണ് സംസ്കാരമുണ്ടായത് എന്നാണ് ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും വിശ്വസിക്കുന്നത്. ഏഷ്യയിലുടനീളം പരന്നു കിടക്കുന്ന മംഗോളിയൻ വംശത്തിന്റെ സംസ് കാരം മനസ്സിലാക്കാനുള്ള ശ്രമം ഇന്ത്യൻ മുഖ്യധാരയിൽ നിന്നും വളരെ കുറച്ച് മാത്രമാണുണ്ടായിട്ടുള്ളത്. ടാഗോർ മാത്രമാണ് സാംസ്കാരിക അന്വേഷണങ്ങളുമായി കിഴക്കോട്ട് സഞ്ചരിച്ചത്.

ഇംഗ്ലീഷിൽ നിന്നും ടോട്ടോച്ചാൻ പരിഭാഷപ്പെടുത്തിയതിലൂടെ ആ കൃതിയിലെ ഇംഗ്ലീഷ് എടുത്തുമാറ്റുകയാണ് ഞാൻ ചെയ്തത്

ബാലസാഹിത്യം എന്ന വിവേചനം തന്നെ തെറ്റാണെന്നാണ് എന്റെ അഭിപ്രായം. കുട്ടികളുടെ സംവേദനക്ഷമതയെ തുറന്നുവിടുന്ന തരത്തിലുള്ള സാഹിത്യമാണു ണ്ടാകേണ്ടത്. ടോട്ടോച്ചാൻ അത്തരത്തിലുള്ള ഒന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും അതൊരുപോലെ ആസ്വാദ്യകരമാകുന്നത് അതുകൊണ്ടാണ്. ബാലസാഹിത്യമെന്ന് പറയപ്പെടുന്ന പല എഴുത്തുകൾക്കും അതിന് കഴിയാറില്ല. കുട്ടികളുടെ ലോകം പലപ്പോഴും ബാലസാഹിത്യത്തിലുണ്ടാകാറില്ല. ഹോളിവുഡ് സംസ്കാരത്തിന്റെ അനുകരണങ്ങളാണ് കുട്ടികൾക്കായുള്ള സമകാലിക സാഹിത്യങ്ങൾ പലതും. പൊതുവെ സാഹിത്യം കുട്ടികളുടെ ലോകത്തെ പ്രതിഫലിപ്പിക്കുന്നതിൽ വളരെ പിന്നോക്കമാണ്.

ടോട്ടോ ചാനിലെ ചിത്രങ്ങളിലൊന്ന്

കുട്ടിക്കാലമാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലം; തെളിച്ചമാർന്നത്. പിന്നെയുള്ളതെല്ലാം അതിന്റെ നീണ്ടു നീണ്ടുപോകുന്ന നിഴലുകളാണ്. അതിനുശേഷമുള്ള പ്രായം വളരെ വേഗത്തിലാണ് നമ്മൾ പിന്നിടുന്നത്. എന്നിട്ടും ലോക സാഹിത്യമെടുത്താൽ കുട്ടിക്കാലത്തെ‌ക്കുറിച്ച് വളരെ കുറച്ചുമാത്രമാണ് എഴുതപ്പെട്ടിട്ടുള്ളത് എന്നു കാണാൻ കഴിയും. വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണത്. ഉത്തരാധുനിക സാഹിത്യമെല്ലാം പൂർണ്ണമായും മുതിർന്നവരുടെ ലോകത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ആധുനിക സാഹിത്യത്തിലും കുട്ടിക്കാലത്തിന്റെ ഈ അഭാവം നമുക്ക് കാണാൻ കഴിയും. ആധുനികനായ മാർക്കേസ് മുതൽ ഉത്തരാധുനികനായ കുന്ദേര വരെ കുട്ടിക്കാലത്തെക്കുറിച്ച് നിശബ്ദരാണ്. മലയാള സാഹിത്യമെടുത്താലും സമാനമാണ് സാഹചര്യം. കുട്ടിക്കാലം ഹൃദ്യത മാത്രമുള്ള ഒരു കാലമല്ല. അപകർഷതകളുടെയും സംഘർഷങ്ങളുടെയും കൂടി കാലമാണ്. അതും പരിഗണിക്കാൻ കഴിഞ്ഞു എന്നതാണ് ടോട്ടോച്ചാനെ വ്യത്യസ്തമാക്കുന്നത്.

യുദ്ധത്തിന്റെ സാന്നിധ്യം

രണ്ടാംലോക മഹായുദ്ധത്തിന്റെ ദുരന്തങ്ങളിലൊന്നാണ് റ്റോമോ സ്കൂളും. ബോംബുകളുമായെത്തിയ അമേരിക്കൻ പോർവിമാനങ്ങളാണ് ഇത്തിരിപ്പോന്ന റ്റോമോയെ കത്തിയെരിയിക്കുന്നത്. യുദ്ധ ഭീകരത അത്രയേറെ നിഴലിച്ചു നിൽക്കുന്നുണ്ടെങ്കിലും ടോട്ടോച്ചാൻ അത് കൈകാര്യം ചെയ്ത രീതി എന്നെ ആശ്ചര്യപ്പെടുത്തി. കഥാന്ത്യത്തിൽ യുദ്ധം കേന്ദ്രബിന്ദുവായെത്തുന്നെങ്കിലും അമിതമായ ശബ്ദത്തോടെ അത് പറയുന്നില്ല എന്നതാണ് കൃതിയുടെ മഹത്വം. കഥാകദനത്തിന്റെ ഒരുക്കം യുദ്ധത്തിന്റെ ഭീകരതയെ തൊട്ടറിയിക്കുന്നുണ്ട്. രണ്ടാംലോക മഹായുദ്ധം തകർത്ത രാജ്യമാണ് ജപ്പാൻ. ആ ദാരുണത ഈ പുസ്തകത്തിലൂടെ വായനക്കാർക്കും അനുഭവപ്പെടും. അവസാന അദ്ധ്യായങ്ങളാകുമ്പോഴേക്കും പലവിധത്തിൽ യുദ്ധത്തിന്റെ സാന്നിധ്യം വായനക്കാരിലേക്കെത്തുന്നുണ്ട്. എന്തോ ദുരന്തം സംഭവിക്കാൻ പോകുന്നു എന്ന ആശങ്ക ആദ്യ വായനയിൽ എന്നെയും വല്ലാതെ ഉലച്ചിരുന്നു. നേരിട്ടുള്ള യുദ്ധ വിവരണങ്ങളില്ലാതെയാണ് എഴുത്തുകാരി ഈ ആധിയിലേക്ക് വായനക്കാരെ എത്തിക്കുന്നത്.

ടോട്ടോ ചാനിലെ ചിത്രങ്ങളിലൊന്ന്

“ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടി’ എന്ന അദ്ധ്യായത്തിലാണ് യുദ്ധത്തെക്കുറിച്ചുള്ള സൂചനകൾ ആദ്യം കടന്നുവരുന്നത്. അമേരിക്കയിൽ ജനിച്ചുവളർന്ന, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന മിയാസാക്കി എന്ന കുട്ടി റ്റോമോയിൽ പഠിക്കാനെത്തുന്നതാണ് സന്ദർഭം. മിയാസാക്കി റ്റോമോയിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും അവർ അവനെ ജാപ്പനീസ് പഠിപ്പിക്കുകയും ചെയ്യുന്നു. ബ്യൂട്ടിഫുൾ എന്നർത്ഥം വരുന്ന ‘ഉത്സുകുഷ്ഷി’ എന്ന വാക്കുച്ചരിക്കാനാണ് മിയാസാക്കി ഏറെ പ്രയാസപ്പെട്ടത്. അവൻ തെറ്റിച്ചപ്പോഴെല്ലാം മറ്റ് കുട്ടികൾ ഉത്സുകുഷ്ഷി-ബ്യൂട്ടി ഫുൾ എന്നുപറഞ്ഞുകൊണ്ട് ശരിയായ ഉച്ചാരണം ആവർത്തിച്ചുകൊണ്ടേയിരുന്നു. അതിന്റെ അവസാനഭാഗം ഇങ്ങനെയാണ്:

“അമേരിക്കയുടെ വിശേഷങ്ങൾ ഒരുപാടൊരുപാട് ടോട്ടോച്ചാനും കൂട്ടരും അവനിൽ നിന്നും കേട്ടറിഞ്ഞു. റ്റോമോയിൽ അമേരിക്കയും ജപ്പാനും സഖാക്കളായി. പക്ഷെ, റ്റോമോയ്ക്ക് പുറത്ത് അമേരിക്ക ശത്രുരാജ്യമായിക്കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് നികൃഷ്ടമായ ഒരു ശത്രുഭാഷയും. ജാപ്പനീസ് സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ നിന്നും ശത്രുവിന്റെ ഭാഷ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. അമേരിക്കക്കാർ പിശാചുക്കളാണ്, ഗവൺമെന്റ് പ്രാഖ്യാപിച്ചു. പക്ഷെ, റ്റോമോയിൽ കുട്ടികൾ ആർപ്പിട്ടുകൊണ്ടിരുന്നു. ഉത്സുകുഷ്ഷി-ബ്യൂട്ടിഫുൾ’.

അങ്ങനെ യുദ്ധത്തിന്റെ ഘോരതയെ വ്യക്തമാക്കിക്കൊണ്ടാണ് ആ അദ്ധ്യായം അവസാനിക്കുന്നത്. എന്നാൽ റ്റോമോയ്ക്കുള്ളിലെ സ്നേഹം പങ്കിടലിനെ അതൊന്നും ബാധിച്ചിരുന്നതേയില്ല. ആ രണ്ട് ഘടകങ്ങളും തമ്മിലുള്ള വൈരുദ്ധ്യം വളരെ സുക്ഷ്മതയോടെ അവർ എഴുതിയിട്ടുണ്ട്.

അനുഭവങ്ങൾ

ടോട്ടോച്ചാൻ വായിച്ച് കുട്ടികളുടെ അനുഭവ വിവരണം പുസ്തകത്തിൽ തന്നെ എഴുത്തു കാരി ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധങ്ങളായ അനുഭവങ്ങളാണ് ടോട്ടോച്ചാൻ വായന കു ട്ടികൾക്ക് നൽകിയത്. റ്റോമോ കത്തിയെരിഞ്ഞു വീഴുന്നത് വായിച്ചപ്പോൾ യുദ്ധം നല്ല തല്ലെന്ന് മനസ്സിലായതായി കുട്ടികൾ പ്രതികരിച്ചിട്ടുണ്ട്. ദുർഗുണ പരിഹാര പാഠശാല യിൽ നിന്നും ഒരു കുട്ടിയെഴുതിയ കത്തിന്റെ കാര്യവും എഴുത്തുകാരി പരാമർശിക്കു ന്നു. “എനിക്ക് ടോട്ടോച്ചാന്റെ അമ്മയെപ്പോലെ ഒരമ്മയും കൊബായാഷി മാസ്റ്ററെ പ്പോലെ ഒരധ്യാപകനും ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒരു സ്ഥലത്ത് ഞാൻ എത്തിപ്പെടില്ലായിരുന്നു’ എന്നാണ് ആ കുട്ടി പ്രതികരിച്ചത്”.

തെത്സുകോ കുറോയാനഗിയും കുട്ടികളും കടപ്പാട് ; unicef.org

അത്തരം മറക്കാനാകാത്ത നിരവധി അനുഭവങ്ങൾ പരിഭാഷകൻ എന്ന നിലയിൽ എനിക്കുമുണ്ടായിട്ടുണ്ട്. എന്റെ സുഹൃത്ത് അനിത തമ്പിയുടെ മകൾ മീനാക്ഷി, ടോട്ടോച്ചാനിന്റെ അവസാന അദ്ധ്യായം മാറ്റിയെഴുതിയതാണ് അതിൽ ഹൃദ്യമായ അനുഭവം. അവൾക്ക് റ്റോമോ സ്കൂൾ കത്തിയെരിഞ്ഞുപോകുന്നത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അവൾ അവളുടെ ഡയറിയിൽ ആ അധ്യായം തിരുത്തിയെഴുതി. “രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ ജയിച്ചു എന്നു പറഞ്ഞുകൊണ്ടാണ് അവൾ എഴുതി തുടങ്ങിയത്. “ബോംബറുകൾ വന്നില്ല. റ്റോമോ കത്തിയെരിഞ്ഞു പോയില്ല. എല്ലാം പഴയതു പോലെ തന്നെ തുടർന്നു. ഇന്നും അതെല്ലാം ആവർത്തിച്ചുകൊണ്ടിരിക്കുന്നു’, എന്നാണ് അതിന്റെ ചുരുക്കം. ഒരു കുട്ടിക്ക് മാത്രം കഴിയുന്ന ഭാവനയാണിത്. റ്റോമോ സ്കൂൾ അവളെ അത്രയേറെ സ്വാധീനിച്ചിരുന്നു.

കുട്ടിത്തിന്റെ ക്രിയാത്മകതകൊണ്ട് ആ വിഷമത്തെ മറികടക്കാനാണ് അവൾ ശ്രമിച്ചത്. ചരിത്രബോധത്തിൽ നിന്നുണ്ടാകുന്ന നീതിയെക്കുറിച്ചുള്ള ധാരണകൾ കാരണം നമ്മൾ, മുതിർന്നവർ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. ജപ്പാൻ യുദ്ധത്തിൽ ജയിച്ചു എന്ന് ചിന്തിക്കാൻ ചരിത്രത്തിന്റെ ഭാരമില്ലാത്ത ഒരു കുട്ടിക്ക് മാത്രമെ കഴിയൂ. ജപ്പാൻ ജയിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. ജർമ്മനിയുടെ സഖ്യകക്ഷിയായ ജപ്പാന്റെ വിജയം ഹിറ്റ്ലറിന്റെ കൂടി വിജയമായി മാറുമായിരുന്നു. എന്നാൽ റ്റോമോയെ സംരക്ഷി ക്കുന്നതിനായി ഒരു കുട്ടി അങ്ങനെ ചിന്തിച്ചു എന്നത് വളരെ ക്രിയേറ്റീവായ കാര്യമാണ്.

റ്റോമോ സ്കൂൾ

ഇന്നും ടോട്ടോച്ചാൻ അതിയായ താത്പര്യത്തോടെയാണ് കുട്ടികൾ വായിക്കുന്നത്. വെറുതെ ഇരിക്കാൻ കഴിയാത്തവരാണ് ഇന്ന് കുട്ടികളിലധികവും. എന്തെങ്കിലും കാര്യ ത്തിൽ എപ്പോഴും വ്യാപൃതരാണവർ. അതുകൊണ്ടുതന്നെ പുറംലോകത്തെ, പ്രകൃത്യാലുള്ള പല കാഴ്ചകളും അനുഭവങ്ങളും അവർക്ക് നഷ്ടമാകുന്നുണ്ട്. നാച്വറൽ കാഴ്ച കൾ കുറയുകയും വെർച്വൽ കാഴ്ചകൾ കൂടുകയും ചെയ്തു. എന്നിട്ടും ലോകത്തെമ്പാടും ടോട്ടോച്ചാന്റെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ ആലോചിക്കാറുണ്ട്. ജൈവീകമായ ജീവിതത്തെ ക്കുറിച്ചുള്ള വായനകൾ കുട്ടികളെ സന്തോഷിപ്പിക്കുന്നുണ്ടാകാം.

എനിക്കും കൊബായാഷി മാസ്റ്ററുടെ വിദ്യാര്‍ത്ഥിനിയാകണം – വി.എം ഗിരിജ

https://www.keraleeyammasika.com/archive/2013/10/article-1315.html

ടോട്ടോച്ചാൻ വിറ്റഴിക്കപ്പെടുന്നതിനെക്കുറിച്ച് അത്ഭുതപ്പെട്ട മറ്റൊരനുഭവം കൂടി പറയാം. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ് സിറ്റിയിൽ ഒരു പുസ്തകോത്സവത്തിൽ പ കെടുക്കുന്നതിനായി പോയപ്പോൾ മൂവാറ്റു പുഴയിൽ നിന്നുള്ള ഒരു പ്രസാധകൻ അൻവറല്ലേ എന്ന് ചോദിച്ചുകൊണ്ട് എന്നെ അദ്ദേഹത്തിന്റെ സ്റ്റാളിലേക്ക് ക്ഷണിച്ചു. ടോട്ടോച്ചാന്റെ പരിഭാഷകനെന്ന നിലയിലാണ് അദ്ദേഹത്തിന് എന്നെ പരിചയം. ടോട്ടോച്ചാന്റെ മലയാളം പരിഭാഷ വിൽപ്പന നടത്തിയാണ് സ്വന്തമായി ഒരു ബുക്ക് ഹൗസ് തുടങ്ങാനുള്ള പണം അദ്ദേഹത്തിന് സ്വരൂപിക്കാൻ കഴിഞ്ഞത്. എന്നെ അദ്ദേഹം അന്നാദ്യമായി കാണുകയായിരുന്നു. തനിക്കൊരു ജീവിത മാർഗ്ഗമുണ്ടായതിന് നന്ദി സൂചകമായി എനിക്കൊരു പുസ്തകവും അദ്ദേഹം സൗജന്യമായി നൽകി. കവിയെന്ന നിലയിൽപ്പോലും ഇത്ര ഹൃദ്യമായ അനുഭവം എനിക്കുണ്ടായിട്ടില്ല.‍

സ്കൂളുകളിൽ പല പരിപാടികൾക്ക് പോകുമ്പോഴും ടോട്ടോച്ചാനിലെ പല അധ്യായങ്ങളും ഞാൻ കുട്ടികൾക്ക് വായിച്ച് കേൾപ്പിക്കാറുണ്ട്. അദ്ധ്യാപകർ പലർക്കും ഇങ്ങനെയൊരു പുസ്തകത്തെക്കുറിച്ച് അറിയില്ല. അറിയുന്നവർ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടു മില്ല. ഞാൻ പരിചയപ്പെടുത്തിയപ്പോഴെല്ലാം കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പുസ്തകത്തെ സമീപിച്ചിട്ടുള്ളത്.

ബദൽ സ്കൂളുകളുടെ പ്രതിസന്ധി

ടോട്ടോച്ചാൻ വായിക്കുന്നതിന് മുമ്പുതന്നെ നമ്മുടെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് വിമർശനാത്മക സമീപനമുള്ള ആളായിരുന്നു ഞാൻ. എന്റെ കുട്ടികളെയും ഇതേ മാമൂൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ പഠിപ്പിക്കേണ്ടി വന്നപ്പോൾ നമുക്കൊരു റ്റോമോ സ്കൂൾ ഇല്ലാതെ പോയല്ലോ എന്നോർത്ത് ഞാൻ വിഷമിച്ചിട്ടുണ്ട്. കുട്ടികളെ നിലവിലെ രീതിയിൽ പഠിപ്പിക്കാൻ ഇഷ്ടമുള്ളയാളല്ല ഞാൻ. അതിന്റെ ഒരുപാട് പ്രതിസന്ധികളിലൂടെ അനുദിനം കടന്നുപോകുന്നുണ്ട്. സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങൾക്കെല്ലാം അതിലേറെ പരിമിതികളുള്ളതിനാൽ അതും തൃപ്തികരമായി തോന്നിയിട്ടില്ല. കേരളത്തിൽ നടക്കുന്ന സമാന്തര വിദ്യാഭ്യാസ പരിപാടികളെല്ലാം സാമ്പിൾ ടെസ്റ്റുകൾ എന്ന നിലയിൽ നല്ല മാതൃകകളാണ്. കുട്ടികൾ അത്തരം സമാന്തര ധാരകളിലൂടെ വളരെ നൈസർഗികമായി പരിശീലിക്കപ്പെട്ടാലും അവർക്ക് പുറത്തുള്ള ലോകം നൈസർഗികതകൾക്ക് ഒട്ടും ഇടമില്ലാത്തതായതിനാൽ അവർ ആകെ പ്രതിസന്ധിയിലാകും. സമാന്തരമായ വിദ്യാഭ്യാസ രീതിയിലൂടെ ഒരു കുട്ടിയെ വളർത്തിയെടുക്കണമെങ്കിൽ അവൻ ഇടപെടുന്ന കുടുംബ-സാമൂഹിക ചുറ്റുപാടുകളും ആ രീതിയിൽ മാറ്റേണ്ടതായി വരും. അല്ലെങ്കിൽ അത് കുട്ടിയോട് ചെയ്യുന്ന അനീതിയായി മാറും.

സാമ്പിൾ പരീക്ഷണങ്ങൾ നടത്താൻ പറ്റിയ സ്വാഭാവിക പരിസരം സമാന്തര സ്കൂളുകൾ ക്കുള്ളിൽ ഉണ്ടായേക്കാം. പക്ഷെ, അതേ സ്വാഭാവിക പരിസരം സമൂഹത്തിൽ വ്യാപിപ്പിച്ചാൽ മാത്രമെ സമാന്തര വിദ്യാഭ്യാസം സാർവ്വത്രികമാവുകയുള്ളൂ. അല്ലെങ്കിൽ, ചിലരുടെ സ്വപ്നപദ്ധതികളുടെ പൂർത്തീകരണം മാത്രമായി ഏതാനും കുട്ടികളിൽ അത് ഒതുങ്ങിപ്പോകും. അതുതന്നെയാണ് കേരളത്തിൽ സംഭവിച്ചി ട്ടുള്ളതും. സമാന്തര വിദ്യാഭ്യാസത്തിനായുള്ള ഒരു രാഷ്ട്രീയ ശ്രമമായിരു ന്നില്ല റ്റോമോ സ്കൂൾ. അത്തരം ആ ലോചനകൾ ലോകത്ത് സജീവമാകുന്നതിന് മുമ്പ് നടന്ന പരീക്ഷ ണമാണ് റ്റോമോ. കുട്ടികളുടെ വ്യക്തിത്വം വികസിപ്പിക്കുന്ന തരത്തിലുള്ള പഠന രീതിവേണമെന്ന കൊബാ യാഷി മാസ്റ്ററുടെ വ്യക്തിപരമായ ആലോചനയുടെ ഭാഗമായി സംഭവിച്ചതാണ് റ്റോമോ സ്കൂൾ. അത് ടോട്ടോച്ചാൻ എന്ന പുസ്തക രൂപത്തിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ടു എന്നതുകൊണ്ട് പിന്നീട് ഉയർന്നുവന്ന ബദൽ വിദ്യാഭ്യാസ പരീക്ഷണങ്ങൾക്ക് അതൊരു മാതൃകയായി എന്നുമാത്രം.

ഒരു റ്റോമോ സ്‌കൂള്‍ അനുഭവം – അബ്ദുള്ളക്കുട്ടി എടവണ്ണ

https://www.keraleeyammasika.com/archive/2013/11/article-5693.html

ബദൽ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന ശ്രമങ്ങളൊന്നും വിഫലമാണെന്നല്ല ഞാൻ പറയുന്നത്. അതിനൊരു മൂല്യം പ്രസരിപ്പിക്കാൻ തീർച്ചയായും കഴിയും. എന്നാൽ സമാന്തര വിദ്യാഭ്യാസമാണ് ശരിയെന്നും മറ്റ് സ്കൂളുകളെല്ലാം തെറ്റാണെന്നും ബ്ലാക്ക് ആന്റ് വൈറ്റ് ആയി പറയാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന മോശമായ യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിനും അവയോട് സംവദിക്കുന്നതിനുമുള്ള അവസരം കുട്ടികൾക്ക് നിഷേധിക്കുന്നത് ശരിയല്ല. ഒപ്പം സ്ഥാപനവത്കരിക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും വേണം. അതിന് ടോട്ടോച്ചാൻ നല്ലൊരു മരുന്നാണ്. മനഃപരിവർത്തനത്തിന്റെ പ്രായത്തിലൂടെ കടന്നുപോകുന്ന കുട്ടികളെല്ലാം തീർ ച്ചയായും ഈ പുസ്തകം വായിക്കണം.

(കേരളീയം മാസിക- ഒക്ടോബർ 2013)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 26, 2023 6:13 am