ഒറ്റരാത്രിയിൽ പിഴുതെറിയപ്പെടുമോ ഈ അരലക്ഷം മനുഷ്യർ ?

“അരലക്ഷം പേരെ ഒറ്റരാത്രികൊണ്ട് പിഴുതെറിയാൻ കഴിയുകയില്ല. ഈ വിഷയത്തിൽ പ്രായോ​ഗികമായ പരിഹാരമാണ് വേണ്ടത്. പുനരധിവാസം നടത്തുകയും വേണം”. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഇന്ത്യൻ റെയിൽവേ തങ്ങളുടേതെന്ന് അവകാശം ഉന്നയിക്കുന്ന ഭൂമിയിൽ നിന്ന് ആളുകളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് 2023 ജനുവരി ആറിന് സുപ്രീം കോടതി നൽകിയ നിർദ്ദേശമാണിത്. ഹൽദ്വാനിയിലെ ബൻഭൂൽപുരയിലുള്ള 29 ഏക്കർ വരുന്ന സ്ഥലത്ത് 4365 കൈയ്യേറ്റങ്ങളുണ്ടെന്നാണ് റെയിൽവേയുടെ വാദം. ആ 4365 കുടുംബങ്ങളെ പതിറ്റാണ്ടുകളായി അവർ താമസിക്കുന്ന ഇടങ്ങളിൽ നിന്നും ഒഴിപ്പിക്കാനായിരുന്നു ഉത്തരാഖണ്ഡ് സർക്കാരും റെയിൽവെയും ചേർന്ന് തീരുമാനിച്ചത്. അതാണ് സുപ്രീംകോടതിയുടെ സ്റ്റേയിലൂടെ ഇപ്പോൾ തടയപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ ഈ ഇടക്കാല ഇടപെടൽ ആഴ്ചകളായി പ്രതിഷേധങ്ങൾ തുടരുന്ന ഹൽദ്വാനിയിലെ തെരുവുകളെ ശാന്തമാക്കിയിരിക്കുന്നു. വീടുകൾ കൂടാതെ മൂന്ന് സർക്കാർ സ്‌കൂളുകളും, 11 സ്വകാര്യ സ്‌കൂളുകളും, 10 മുസ്‌ലിം പള്ളികളും, 12 മദ്രസകളും ക്ഷേത്രങ്ങളും ആശുപത്രികളുമുൾപ്പടെയുള്ള പ്രദേശമാണ് ഒഴിപ്പിക്കാൻ തീരുമാനിച്ച ഗഫൂർ ബസ്തി. 95 ശതമാനത്തോളം മുസ്ലീംങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് നിന്നുള്ള കുടിയൊഴിപ്പിക്കൽ നിലവിലെ ബി.ജെ.പി സർക്കാരിന്റെ ബുൾഡോസർ രാജിന്റെ ഭാഗമാണോ എന്ന ആശങ്കയിലാണ് ഗഫൂർ ബസ്തി നിവാസികൾ. ഇവിടെയുള്ള വീടുകളിൽ പലതും 1947ൽ വിഭജനകാലത്ത് ഇന്ത്യ വിട്ടുപോയവർ ഒഴിച്ചിട്ടുപോയവ സർക്കാരിൽ നിന്നും ലേലത്തിൽ വാങ്ങിയതാണെന്ന് പ്രദേശവാസികൾ പറയുന്നു.

ഹൽദ്വാനിയിലെ പ്രതിഷേധം

2022 ഡിസംബർ 20ന് ആണ് ഹൽദ്വാനിയിലെ 29 ഏക്കർ റെയിൽവേ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ആര്‍.സി ഖുല്‍ബ് ശരത്കുമാര്‍ ശര്‍മ എന്നിവരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാഴ്ചത്തെ മുൻകൂർ നോട്ടീസ് നൽകിയ ശേഷം ഒഴിപ്പിക്കാനായിരുന്നു ഉത്തരവ്. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ അർദ്ധസൈനിക വിഭാഗങ്ങളുടെ സഹായം തേടാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. എന്നാല്‍ പ്രദേശത്ത് കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എ.എസ്. ഓഖ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

പ്രശ്നത്തിന് പ്രായോഗിക പരിഹാരം സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വേക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. കൈവശക്കാരന് ഭൂമിയില്‍ നിയമപരമായ അവകാശങ്ങള്‍ ഇല്ലായെങ്കിൽപ്പോലും കുടിയൊഴിപ്പിക്കപ്പെട്ടാല്‍ പുനരധിവാസം വേണമെന്നും മാനുഷിക പരിഗണന വേണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഇടക്കാല വിധിയിൽ പറഞ്ഞു. 50-60 വര്‍ഷമായി ഹില്‍ദ്വാനിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഉറപ്പായും പുനരധിവാസം ഉറപ്പാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം ഒറ്റദിവസം കൊണ്ട് നടത്തുന്ന ബുൾഡോസർ കുടിയൊഴിപ്പിക്കലുകൾക്കെതിരായ ശക്തമായ താക്കീതാണ്. ഈ നിര്‍ദ്ദേശങ്ങൾ സംബന്ധിച്ച നോട്ടീസ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് അയയ്ക്കുകയും ചെയ്തു. ഹല്‍ദ്വാനിയില്‍ അവകാശമുള്ളവരെയും ഇല്ലാത്തവരെയും വേർതിരിച്ച് ഇരുകൂട്ടരെയും നിലവിലെ പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ പുറത്താക്കാൻ അർദ്ധസൈനിക വിഭാഗത്തിന്റെ സഹായം തേടാമെന്ന ഹൈക്കോടതി നിർദ്ദേശത്തെ സുപ്രീം കോടതി ശക്തമായി വിമർശിച്ചതും ഇന്ന് ഏറെ പ്രാധാന്യമുള്ള ഒന്നായി മാറി.

ഹൽദ്വാനി റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഗൗള നദിയിലെ അനധികൃത ഖനനത്തിനെതിരെ 2013 ലാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യപ്പെടുന്നത്. നൈനിറ്റാളിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും പ്രദേശത്തെ കയ്യേറ്റങ്ങൾ പരിശോധിക്കാൻ റെയിൽവേയോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. 10 ആഴ്ചക്കകം ഒഴിപ്പിക്കാൻ 2016 ലും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 1907 മേയ് 17-ന് മുനിസിപ്പല്‍ വകുപ്പ് കുടികിടപ്പുകാര്‍ക്ക് നല്‍കിയ ഓഫിസ് മെമ്മോറാണ്ടം സര്‍ക്കാര്‍ ഉത്തരാവായി കാണാനാവില്ലെന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പറയുന്നത്. അതിനാല്‍ കുടികിടപ്പുകാര്‍ക്ക് ഒരവകാശവും വകവെച്ച് നല്‍കാനാവില്ലെന്നാണ് ഹൈക്കോടതി വിധി. ഓഫീസ് മെമ്മോറാണ്ടത്തില്‍ സര്‍ക്കാര്‍ സ്വത്ത് വില്‍ക്കാനോ, പാട്ടത്തിന് നൽകുന്നതോ ചട്ടലംഘനമാണെന്ന് പറയുന്നുണ്ടെന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിരീക്ഷണം. റെയില്‍പ്പാതക്കടുത്തുള്ള മിച്ചഭൂമി വില്‍ക്കാനും പാട്ടത്തിന് കൊടുക്കാനും റെയില്‍വേ അധികൃതരുടെ അനുമതി വേണമെന്നത് ആ വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, കുടിയൊഴിപ്പിക്കല്‍ നീളുന്നത് പൊതുജനത്തിന് അപകടമാണെന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഡിസംബർ 20 ന് ഈ ഉത്തരവ് വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ വർഷങ്ങളായി താമസിച്ചുവരുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ സമരം ആരംഭിച്ചിരുന്നു. ജനുവരി 8ന് ഒഴിപ്പിക്കൽ തുടങ്ങാനായുള്ള എല്ലാം ഒരുക്കങ്ങളും ഉത്തരാഖണ്ഡ് സർക്കാർ പൂർത്തിയാക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ സ്റ്റേ വരുന്നത്.

ഷറഫത്ത് ഖാൻ

എങ്ങനെയാണ് സർക്കാരിന്റെ സ്ഥലം റെയിൽവേയുടേത് ആകുന്നതെന്നാണ് സുപ്രീംകോടതിയിലെ ഹർജിക്കാരിൽ ഒരാളായ ഷറഫത്ത് ഖാൻ്റെ ചോദ്യം. “കൃത്യമായി കറണ്ട് ബില്ല്, വാട്ടർ ബില്ല്, കെട്ടിട നികുതി എന്നിവ അടക്കുന്ന ഭൂമിയാണിത്. സർക്കാരിന്റെ ഭൂമിയിലാണ് ഞാങ്ങൾ താമസിക്കുന്നത്. 1942 മുതൽ സ്വാതന്ത്ര്യത്തോടെ താമസിക്കുന്നതാണ്. റെയിൽവേയുടെ ഭൂമി ‍ഞങ്ങൾ കൈയ്യേറിയിട്ടില്ല. ഞങ്ങളാരും നു‍ഴഞ്ഞു കയറ്റക്കാരല്ല.” ഷറഫത്ത് ഖാൻ കേരളീയത്തോട് പറഞ്ഞു. “മുസ്ലീങ്ങൾക്കെതിരെയുള്ള അജണ്ടയാണോ ഇതെന്നറിയില്ല. അതുകൊണ്ടാണോ സർക്കാർ ‍ഞങ്ങളോട് നീതിപുലർത്താത്തതെന്ന് സംശയിക്കുന്നു.” ഷറഫത്ത് പറഞ്ഞു.

സുപ്രീംകോടതി വിധി പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി മാറിയെന്ന് വിധി വന്ന ദിവസം ഗഫൂർ ബസ്തി സന്ദർശിച്ച ജാമിയ മിലിയയിലെ കെ.ആർ നാരായണൻ സെന്റർ ഫോർ ദലിത് ആന്റ് മൈനോറിറ്റി സ്റ്റഡീസിലെ മലയാളി ഗവേഷക വിദ്യാർത്ഥിയായ ലുബൈബ് പറഞ്ഞു. “അടുത്തകാലത്തുണ്ടായ കോടതി വിധികളൊക്കെ മുസ്ലീങ്ങൾക്ക് നീതിനിഷേധിക്കുന്ന തരത്തിലായതുകൊണ്ട് തന്നെ പ്രദേശവാസികൾക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയില്ലായിരുന്നു. ചെറിയ കുട്ടികളിൽ വരെ ആ ആശങ്ക നിഴലിക്കുന്നുണ്ടായിരുന്നു.” ലുബൈബ് കേരളീയത്തോട് പറഞ്ഞു.

ലുബൈബ്

അതേസമയം, Public Premises Eviction Of Unauthorized Occupants Act, 1971 എന്ന നിയമം ഹൽദ്വാനിക്ക് ബാധകമല്ലെന്ന് ചില ദേശീയ മാധ്യമ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും ഇ നിയമം ഹൽദ്വാനിക്ക് ബാധകമാണെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നതെന്നും ഹർജിക്കാർക്ക് ആവശ്യമായ നിയമസഹായങ്ങൾ നൽകിയ യു.എ.എച്ച് അംഗം (United Against Hate) നദീം ഖാൻ കേരളീയത്തോട് പറഞ്ഞു. നേരത്തെ തന്നെ ഈ ആക്ട് പ്രകാരം ഹൽദ്വാനി വിഷയം കൈകാര്യം ചെയ്യാൻ സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും 1971-ലെ ഈ നിയമപ്രകാരം തീർപ്പാക്കാത്ത നടപടികൾ തുടരുമെന്നാണ് ഇടക്കാല വിധിയിൽ പറയുന്നതെന്നും ന​ദീം ഖാൻ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആശങ്കകൾ പൂർണ്ണമായും അവസാനിച്ചു എന്ന് പറയാൻ കഴിയാത്ത സ്ഥിതിയിലാണ് ഹൽദ്വാനി നിവാസികൾ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 7, 2023 4:06 pm