‘ദിവ്യ ഗർഭം’: സോഷ്യൽ മീഡിയയും ട്രാൻസ്ജെൻഡർ ദൃശ്യതയുടെ പരിധികളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഗർഭിണിയാണെന്ന് അവകാശപ്പെട്ട ഒരു ട്രാൻസ് വ്യക്തിയെ മുൻനിർത്തിയുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ അരങ്ങുതകർക്കുന്നത്. പൊതുസമൂഹവും ട്രാൻസ് വ്യക്തികളും ഒരുപോലെ പ്രസ്തുത ട്രാൻസ് വ്യക്തിക്കെതിരെ രംഗത്തെത്തി. ലൈംഗികമായി അപമാനിക്കുന്ന ഭാഷയും, ജെൻഡർ അധിക്ഷേപങ്ങളും ഈ വ്യക്തിക്കെതിരെ ഉയർന്നു. ഇവരുടെ സംസാരവും ചെയ്തികളും സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്നെന്നും, ഇവർ അറ്റൻഷൻ സീക്കിങിൻ്റെ ഭാഗമായാണ് ഇതെല്ലാം ചെയ്തുകൂട്ടുന്നതെന്നും ആരോപണങ്ങളുയർന്നു. ഗർഭിണിയാണെന്ന് അവകാശപ്പെട്ട ട്രാൻസ് വ്യക്തിയെ ചുറ്റിപ്പറ്റി രൂപപ്പെട്ട ചർച്ചകളെ മുൻനിർത്തി സാമൂഹികാംഗീകാരം, മെഡിക്കൽ വ്യക്തത, മാന്യത എന്നിവയെ ആശ്രയിച്ചിരിക്കുന്ന ട്രാൻസ്ജെൻഡർ ദൃശ്യതയുടെ പരിധികളെ സാമാന്യമായി ലേഖനം പരിശോധിക്കുന്നു. ഈ വ്യക്തിയുടെ അവകാശവാദം സത്യമാണോ, നുണയാണോ എന്നത് ലേഖനത്തിൻ്റെ വിഷയമേയല്ല. ഗർഭം, പ്രസവം തുടങ്ങിയവയെ സംബന്ധിച്ച സാമൂഹിക പ്രതീക്ഷകൾ എങ്ങനെയാണ് വിശാലമായ അധികാര കേന്ദ്രങ്ങളുടെ ആധാരമാകുന്നതെന്ന അന്വേഷണവും ട്രാൻസ് മാനകത എന്ന ആശയത്തെ മുൻനിർത്തിയുള്ള ചിന്തകളുമാണ് ലേഖനത്തിൻ്റെ പരിധിയിലുള്ളത്.

Representative Image

അതി ദൃശ്യതയും ‘ട്രാൻസ്’ ശരീരങ്ങളും

ലിംഗത്വത്തിൻ്റെ ബൈനറി യുക്തികളെ അസ്വസ്ഥപ്പെടുത്തുന്ന ശരീരങ്ങൾ ചരിത്രപരമായി തന്നെ അതിദൃശ്യരായിരുന്നു. കൊളോണിയൽ ഭരണകൂടത്തിൻ്റെ ക്രിമിനൽ ട്രൈബ്സ് ആക്ട് ഈ അതിദൃശ്യതയെ മെരുക്കാൻ ഉന്നം വെച്ചുള്ളതായിരുന്നു. പൊതു ഇടങ്ങളിൽ അതിദൃശ്യരായിരുന്ന, ഗ്രാമങ്ങൾ തോറും സഞ്ചരിച്ച ഹിജ്റ ശരീരങ്ങളെ മെരുക്കേണ്ടത് കൊളോണിയൽ ഭരണത്തിൻ്റെ പ്രധാന താൽപര്യമായിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽ 1990-കളോടെ ആരംഭിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളുടെ മുൻനിരയിലും ട്രാൻസ് ശരീരങ്ങളാണുണ്ടായിരുന്നത്. ട്രാൻസ് ശരീരങ്ങളുടെ അതിദൃശ്യത സാമൂഹിക പുറന്തള്ളലിൻ്റെ ഭാഗമായിരുന്നു. ട്രാൻസ് മനുഷ്യർ തെരുവിലേക്ക് എറിയപ്പെടുന്ന സ്ഥിതിയുണ്ട്. അതുകൊണ്ട്, അവർ പൊതുഇടങ്ങളിൽ അതിദൃശ്യരാണ്.

സോഷ്യൽ മീഡിയയിൽ ട്രാൻസ് ശരീരങ്ങളുടെ ദൃശ്യത പ്രധാന ഇനമായി മാറിയിട്ടുണ്ട്. ട്രാൻസ് ജീവിതങ്ങൾ എങ്ങനെ ദൃശ്യപ്പെടണമെന്ന മുൻകൂറായ തീർപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുണ്ട്. ട്രാൻസ് ശരീരങ്ങളുടെ അതിദൃശ്യതയെ ഭൂരിപക്ഷത്തിൻ്റെ കാഴ്ചയെ തൃപ്തിപ്പെടുത്തും വിധത്തിൽ അവതരിപ്പിക്കുന്ന അൽഗോരിതങ്ങളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഇവിടെ, ട്രാൻസ് ശരീരം പൊതുബോധങ്ങൾക്ക് ഉപഭോഗം ചെയ്യാനുള്ള വിഭവമാണ്. നല്ല ട്രാൻസ് × ചീത്ത ട്രാൻസ് എന്ന ദ്വന്ദ്വത്തെ നിർമ്മിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലെ ദൃശ്യത പ്രവർത്തിക്കുന്നത്. ഇവിടെ മധ്യവർഗ്ഗമലയാളിയുടെ സൗന്ദര്യ സങ്കൽപങ്ങളെയും മൂല്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന ശരീരങ്ങൾക്ക് കാഴ്ചാമൂല്യമേറുന്നു. അതേസമയം, ഈ പ്രതീക്ഷകൾക്ക് യോജിക്കാത്തവ ‘ചീത്ത ട്രാൻസ്’ ശരീരങ്ങളാകുന്നു.

Representative Image

ദിവ്യ ഗർഭവും പെറാ ശരീരങ്ങളും

“നിങ്ങളുടെ അസൂയയാണ് ഈ കൃത്യത്തിനു നിങ്ങളെ പ്രേരിപ്പിച്ചത്”. ഞാൻ പറഞ്ഞു.

“അസൂയയോ? അതെന്തിന്? രമേഷ് എന്നെയും സ്നേഹിക്കുന്നുണ്ടല്ലൊ.” ഇക്ബാൽ പറഞ്ഞു.

“ഉവ്വ് പക്ഷേ, ഞാൻ ഗർഭം ധരിച്ചിരിക്കുന്നു. നിങ്ങൾക്ക് ആ കഴിവില്ലല്ലോ, അതുകൊണ്ടാണ് നിങ്ങൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇക്‌ബാൽ കൈകൾകൊണ്ട് മുഖം മറച്ച് ഉറക്കെ തേങ്ങിക്കരഞ്ഞു.

“കടന്നുപോവൂ, പിശാചേ” തേങ്ങലുകൾക്കിടയിൽ അയാൾ പിറുപിറുത്തു.

വാതില്ക്കലേക്ക് നടന്നപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു. അത് ഒരു പിശാചിന്റെ ചിരിയാണെന്ന് എനിക്കും തോന്നി.

മാധവിക്കുട്ടിയുടെ ചന്ദ്രരശ്മികൾ എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. ഗർഭം ഇവിടെ സ്വവർഗാനുരാഗിയായ യുവാവിനെതിരെ പ്രയോഗിക്കുന്ന ആയുധമാകുന്നു.

കുടുംബത്തിൻ്റെ അടിസ്ഥാനം ഗർഭധാരണവും, പ്രസവവും, ശിശുവുമാണ്. അതുകൊണ്ട് കുടുംബഘടനയിലേക്കുള്ള പ്രവേശനത്തിൻ്റെ മുന്നുപാധിയായും ഗർഭധാരണശേഷി നിലനിൽക്കുന്നു. ക്വിയർ പഠനങ്ങളുടെ സന്ദർഭത്തിൽ ലീ എഡൽമാൻ ‘പ്രജനനഭാവിവാദം’ എന്ന ആശയം അവതരിപ്പിക്കുന്നുണ്ട്. ഭാവിയെ കുട്ടിയുടെ രൂപത്തിലൂടെ പ്രജനനവുമായി ചേർത്തുവെച്ച് സ്വാഭാവികമാക്കുന്ന പ്രത്യയശാസ്ത്ര വ്യവസ്ഥയാണിത്. ഈ ചട്ടക്കൂടിനുള്ളിൽ, പ്രത്യുൽപാദന മാനദണ്ഡത്തിന് പുറത്തുള്ളവരെ സാമൂഹിക തുടർച്ചയ്ക്ക് ഭീഷണിയായി ചിത്രീകരിക്കുന്നു.

ഗർഭധാരണം കേവലം ജൈവികാനുഭവമല്ല. സ്ത്രീത്വം ആർക്കൊക്കെ അവകാശപ്പെടാനാകുമെന്ന് തീരുമാനിക്കുന്ന പ്രധാനപ്പെട്ട കരുവാണത്. ട്രാൻസ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗർഭധാരണം മെഡിക്കൽ അസാധ്യതയേക്കാൾ, എത്തിപ്പെടാനാകാത്ത സ്ത്രീത്വത്തിൻ്റെ അതിർത്തിയായാണ് പ്രവർത്തിക്കുന്നത്. ട്രാൻസ് സ്ത്രീത്വത്തിന്റെ പരിധികൾ പ്രഖ്യാപിക്കാനും, ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ലെന്ന് ഉറപ്പിക്കാനും ആവർത്തിച്ച് ഉപയോഗിക്കുന്നത് ഗർഭധാരണം, ആർത്തവം തുടങ്ങിയ ശാരീരിക സ്ഥിതികളാണ്. ട്രാൻസ് വിരുദ്ധ ഫെമിനിസ്റ്റുകൾ ഗർഭപാത്രമുള്ളവരാണ് സ്ത്രീകളെന്ന് ഊന്നിപ്പറയാറുമുണ്ട്. ഈ ജീവശാസ്ത്രപരമായ സത്താവാദം ട്രാൻസ് ശരീരങ്ങളുടെ ജീവിതത്തെ അസാധുവാക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്

ട്രാൻസ് സ്ത്രീകൾക്ക് ഗർഭം ധരിക്കാനാകില്ല എന്നത് നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ വസ്തുതയാണ്. അതേസമയം ട്രാൻസ് സ്ത്രീകൾക്ക് ഗർഭം ധരിക്കാനാകില്ല എന്ന ആവർത്തിച്ചുള്ള പറച്ചിൽ ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമായി വേണം കരുതേണ്ടത്. സിസ്‌ജൻഡർ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗർഭം ധരിക്കാനുള്ള ശേഷിയില്ലായ്മ അവരുടെ സ്ത്രീത്വത്തെ ഇല്ലാതാക്കുന്നില്ല. ആർത്തവവിരാമം സ്ത്രീത്വത്തെ ഇല്ലാതാക്കുന്നില്ല. അതേസമയം ട്രാൻസ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പ്രത്യുൽപാദന ശേഷിയുടെ അഭാവം സ്ത്രീയല്ലെന്നതിന്റെ നിർണായക തെളിവായി കണക്കാക്കപ്പെടുന്നു. ഗർഭധാരണശേഷി സ്ത്രീത്വത്തിന്റെ പര്യായമായി മാറുന്നു. ഈ സാഹചര്യത്തിൽ ശാരീരികതയെ സംബന്ധിച്ച സാമൂഹിക പ്രതീക്ഷകളെ അട്ടിമറിക്കും വിധത്തിലാണ് ട്രാൻസ് വ്യക്തികളുടെ ഗർഭം ചർച്ചയിലെത്തുന്നത്. സിയ സഹദ് ദമ്പതികളുടെ ഗർഭധാരണം വലിയ ചർച്ചയായിരുന്നു. ട്രാൻസ് പുരുഷനായ സഹദ് ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തത് പരമ്പരാഗത സങ്കൽപ്പങ്ങളെയാക്കെ അട്ടിമറിക്കുന്ന നീക്കമായിരുന്നു.

സിയ സഹദ് ദമ്പതികൾ

ട്രാൻസ്‌ മാനകതയും അംഗീകാരത്തിന്റെ വിലയും

ഭരണകൂടത്തിനും വൈദ്യശാസ്ത്രത്തിനും, ലിബറൽ സിവിൽ സമൂഹത്തിനും മനസ്സിലാക്കാവുന്ന ഒരു ആദർശവൽക്കരിക്കപ്പെട്ട ട്രാൻസ് സ്വത്വത്തിൻ്റെ ഉത്പാദനത്തെയാണ് ട്രാൻസ് മാനകത സൂചിപ്പിക്കുന്നത്. വ്യവസ്ഥയുടെ മാനകക്രങ്ങളിലേക്കുള്ള ട്രാൻസ് ശരീരങ്ങളുടെ സ്വംശീകരണം ട്രാൻസ് മാനകതയുടെ ഫലമാണ്. മെഡിക്കൽ പരിവർത്തനം, ശസ്ത്രക്രിയകൾ, ലിംഗത്വത്തെ സംബന്ധിച്ച ദ്വന്ദ്വ യുക്തികൾ എന്നിവയിലൂടെ വ്യക്തത സ്ഥാപിക്കാനാകുന്ന ട്രാൻസ് ശരീരങ്ങൾക്ക് പ്രത്യേകാവകാശം നൽകുന്ന സവിശേഷ സ്ഥിതിയാണിത്. ഈ ചട്ടക്കൂടിൽ, ട്രാൻസ് ശരീരങ്ങൾ വ്യവസ്ഥ നിർദ്ദേശിക്കുന്ന നിശ്ചിത മാതൃകകളുമായി പൊരുത്തപ്പെടുമ്പോൾ മാത്രമേ സ്വീകാര്യരാകൂ. ഈ മാതൃകയെ പല തരത്തിൽ വൈറൽ ട്രാൻസ് താരം തടസ്സപ്പെടുത്തുന്നു. അവർ സ്ഥിരതയുള്ള ട്രാൻസ് സ്വത്വത്തിൽ സ്വയം ഉറപ്പിക്കുന്നില്ല. ശസ്ത്രക്രിയാ പ്രതീക്ഷകൾ നിരസിക്കുകയോ അവയുമായി പൊരുത്തപ്പെടുകയോ ചെയ്യാതെയാണ് അവർ നിലനിൽക്കുന്നത്. അവർ തമാശകൾ പറയുന്നു. പൊന്നു സഖീ എന്തിനാ പോലുള്ള പാട്ടുകൾ അവരിലൂടെ വൈറലാകുന്നു. ഏറ്റവും ഒടുവിൽ, പരമ്പരാഗതമായി ചില പ്രത്യേക ശരീരങ്ങൾക്കായി മാത്രം നീക്കിവച്ചിരിക്കുന്ന ‘ജൈവികശേഷി’യായ ഗർഭധാരണം അവർ സ്വയം അവകാശപ്പെടുന്നു.

ഈ വിഷയത്തിൽ, ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നും ഉയർന്ന പ്രധാന ആശങ്ക ‘നല്ല/മാന്യരായ’ അച്ചടക്കമുള്ള ട്രാൻസ് ശരീരങ്ങൾ ഭരണകൂടത്തിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേടിയെടുത്ത നിയമസാധുതയെയും അംഗീകാരത്തെയും ഈ മട്ടിലുള്ള ചെയ്തികൾ അവതാളത്തിലാക്കുമെന്നതാണ്. ഗർഭിണിയാണെന്ന അവകാശവാദത്തിലൂടെ സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നതാണ് പ്രധാന ആരോപണം. സമൂഹം എക്കാലവും ലിംഗത്വത്തെയും ലൈംഗികതയെയും കുറിച്ച് ആശയകുഴപ്പത്തിലാണ്. ആധിപത്യ വിജ്ഞാന സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുന്നതിന്റെ രാഷ്ട്രീയ ഫലമായി ആശയക്കുഴപ്പങ്ങളെ മനസ്സിലാക്കിയാൽ തെറ്റില്ല. ലിംഗത്വം ജൈവികമായ ഒന്നായല്ല, ചരിത്രപരമായി ഉടൽ പൂണ്ട വർഗ്ഗീകരണ സംവിധാനമായാണ് നിലവിൽ മനസ്സിലാക്കപ്പെടുന്നത്. ട്രാൻസ് ശരീരങ്ങൾ ആധിപത്യ ധാരണയുടെ താൽപ്പര്യങ്ങൾ അനുസരിച്ച് ലളിതമായി സ്വയം അവതരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകുന്നതല്ല. സിസ് ശരീരങ്ങൾക്ക് സാമൂഹികപരിശോധനയിലൂടെ അവരുടെ പ്രജനന അവകാശവാദങ്ങൾ ഒരിക്കലും തെളിയിക്കേണ്ടതില്ല. ഈ ശരീരങ്ങളുടെ ഗർഭധാരണം സ്വാഭാവികമായി നിയമാനുസൃതമാണെന്ന് കരുതപ്പെടുന്നു. ട്രാൻസ് ശരീരങ്ങൾക്കാകട്ടെ അവരുടെ ശരീരങ്ങൾ, ആഗ്രഹങ്ങൾ എന്നിവ വൈദ്യശാസ്തപരവും നിയമപരവുമായ, മൂല്യനിർണ്ണയങ്ങളിലൂടെ നിരന്തരം പ്രാമാണീകരിക്കേണ്ടതുണ്ട്. ശരീരങ്ങൾ സ്വയം വ്യക്തരാകേണ്ടത് ഇവിടെ പ്രധാനമാണ്. ഈ വ്യക്തതയുടെ ഭാഷയിൽ സ്വയം വിശദീകരിക്കാൻ കഴിയാത്തവരെയോ, ആഗ്രഹിക്കാത്തവരെയോ നിയമവിരുദ്ധരായി എണ്ണുന്നു.

സമകാലിക ട്രാൻസ്‌ജെൻഡർ ദൃശ്യതയുടെ പരിധികളെക്കുറിച്ച് ഈ സന്ദർഭം വെളിപ്പെടുത്തുന്നു. ട്രാൻസ് മാനകത ഇവിടെ പ്രവർത്തിക്കുന്നത് പ്രധാനമായും മൂന്ന് ഊന്നലുകളോടെയാണ്.

1. സമൂഹത്തിൻ്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് ട്രാൻസ് ദൃശ്യത മെരുക്കപ്പെടേണ്ടതുണ്ട്.

2. ആളുകളുടെ ആശയക്കുഴപ്പം പരിഹരിക്കേണ്ട ബാധ്യത ട്രാൻസ് ശരീരങ്ങൾക്കുണ്ട്.

3. നല്ല ശരീരങ്ങളായി സ്വയം സ്ഥാപിച്ചെടുക്കാൻ ചില ചീത്ത ശരീരങ്ങളെ മുൻകൂറായി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

എതിർ ഭാവനകൾ

“ജീവശാസ്ത്രം പരിധികൾ നിശ്ചയിക്കുന്നു. ആഗ്രഹം ദിശ നിശ്ചയിക്കുന്നു. എന്റെ ശരീരത്തിന് ചെയ്യാൻ കഴിയാത്തത് ഞാൻ അവകാശപ്പെടുന്നില്ല. സങ്കൽപ്പിക്കാനും ആഗ്രഹിക്കാനും ദുഃഖിക്കാനും പൂർണ്ണമായി നിൽക്കാനുമുള്ള അവകാശം ഞാൻ അവകാശപ്പെടുന്നു.” ട്രാൻസ് വ്യക്തിയും ആക്ടിവിസ്റ്റും എഴുത്താളുമായ അഗ്നിപ്രദീപ് സോഷ്യൽ മീഡിയയിൽ ഈയിടെ പങ്കുവെച്ച കുറിപ്പാണിത്. AI ഉപയോഗിച്ച് ജനറേറ്റ് ചെയ്ത ഗർഭിണിയായ സ്വന്തം ചിത്രവും കുറിപ്പിനോടൊപ്പം ചേർത്തിരുന്നു. ട്രാൻസ് മനുഷ്യർ എങ്ങനെയാണ് സ്വന്തം ശരീരത്തെയും ആഗ്രഹങ്ങളെയും. സങ്കൽപ്പിക്കുന്നതെന്നതിൻ്റെ ഒരു രൂപമായി ഈ ചിത്രത്തെയും വരികളെയും മനസ്സിലാക്കാം.

ആഗ്രഹത്തിന് ജൈവിക അനുമതി ആവശ്യമില്ല. ഭാവനയെ അവയവങ്ങൾ ഉപയോഗിച്ച് ന്യായീകരിക്കേണ്ടതില്ല. ഒരു ട്രാൻസ് സ്ത്രീയായി ഗർഭധാരണത്തെ സങ്കൽപ്പിക്കുന്നത് ‘യഥാർത്ഥ’ സ്ത്രീത്വത്തിന്റെ തെളിവായി ഗർഭധാരണം എങ്ങനെ കുത്തകയാക്കപ്പെട്ടുവെന്ന് തുറന്നുകാട്ടുകയാണ് ചെയ്യുന്നത്.

ഉന്നയിക്കേണ്ട ചോദ്യം ട്രാൻസ് സ്ത്രീകൾക്ക് പ്രസവിക്കാനാകുമോ എന്നതേയല്ല. ആത്യന്തികമായി, ട്രാൻസ് സ്ത്രീകൾ ഗർഭധാരണം സങ്കൽപ്പിക്കുകയോ അവകാശപ്പെടുകയോ ചെയ്യുന്നത് സ്ത്രീത്വത്തെ പ്രത്യുൽപാദന പ്രവർത്തനവുമായി മാത്രം ബന്ധിപ്പിക്കുന്ന രേഖീയ യുക്തിയെ തടസ്സപ്പെടുത്തുന്നു. ജൈവിക നിർണ്ണയവാദത്തിന്റെ തന്നെ ദുർബലതയെ തുറന്നുകാട്ടുന്നതിനാൽ ഈ മട്ടിലുള്ള തടസ്സങ്ങൾ കൊടിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഗർഭധാരണത്തിന് ഇനി ‘യഥാർത്ഥ’ സ്ത്രീത്വത്തിന്റെ ആത്യന്തിക തെളിവായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, ലിംഗത്വത്തിന്റെ മുഴുവൻ കോട്ടകളും തകരും. ട്രാൻസ് സ്ത്രീകൾക്ക് ഗർഭിണിയാകാൻ കഴിയുമോ എന്ന ചോദ്യത്തിന്, ഗർഭധാരണം സങ്കൽപ്പിക്കാനുള്ള ആഗ്രഹം എന്തുകൊണ്ട് ഒരു ഭീഷണിയായി കണക്കാക്കപ്പെടുന്നു എന്നാണ് മറുചോദ്യം. ഭാവനയുടെ പരിധികൾ നടപ്പിലാക്കുന്നതിൽ നിന്ന് ആർക്കാണ് പ്രയോജനം ലഭിക്കുന്നത് എന്നതാണ് അന്വേഷിക്കപ്പെടേണ്ട വിഷയം. ശരീരങ്ങൾക്ക് ചെയ്യാൻ അനുവാദമുള്ളതിനപ്പുറം ആഗ്രഹിക്കാനും സങ്കൽപ്പിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഊന്നിപ്പറയുന്ന ഒരു ട്രാൻസ് രാഷ്ട്രീയത്തെ നമ്മുടെ കാലം ആവശ്യപ്പെടുന്നുണ്ട്.

Also Read

6 minutes read January 7, 2026 2:03 pm