പൊന്മുട്ടയിടുന്ന മാലിന്യക്കൂമ്പാരങ്ങൾ

പന്ത്രണ്ട് ദിവസം നിന്ന് കത്തിയ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ മാർച്ച് പതിമൂന്നാം തീയതിയോടെ അണച്ചിരിക്കുകയാണ്. എന്നാൽ മാലിന്യങ്ങൾ കത്തിയപ്പോഴുണ്ടായ വിഷപ്പുക കൊച്ചിയെയും പരിസര പ്രദേശങ്ങളെയും ഇനിയും പലതരത്തിൽ ശ്വാസം മുട്ടിക്കുമെന്ന് ഉറപ്പാണ്. പ്രധാനമായും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന പുക സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. മാലിന്യം കത്തിയതിലൂടെ അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടിയിരിക്കുന്നത് ഗുരുതരമായ വിഷവാതകങ്ങളാണെന്നാണ് നിഗമനം. കൂടുതൽ പഠനങ്ങളിലൂടെ മാത്രമേ ആഘാതങ്ങളുടെ ആഴം വ്യക്തമാവുകയുള്ളൂ. ശ്വാസംമുട്ടൽ അനുഭവപ്പെടുന്നവരുടെ എണ്ണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലും കൂടി വരുകയാണ്. മമ്മൂട്ടി പറയുമ്പോൾ അത് വലിയ വാർത്തയാകുമെന്ന് മാത്രം. എന്നാൽ കണ്ണ് നീറ്റലിലോ ശ്വാസംമുട്ടലിലോ ഒതുങ്ങുന്നതല്ല കൊച്ചിയിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന പുക പ്രശ്നം. ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളാണ് നാടിനെ കാത്തിരിക്കുന്നതെന്നാണ് പലഭാഗങ്ങളിൽ നിന്നും വരുന്ന മുന്നറിയിപ്പ്.

പരിമിതമായ സ്ഥലം മാത്രമുള്ള വീട്ടുവളപ്പിൽ മാലിന്യങ്ങൾ സംസ്കരിക്കുക എന്നത് നഗരവാസികളെ സംബന്ധിച്ച് പ്രയാസമാണ്. വ്യക്തികൾ നേരിടുന്ന സ്ഥലപരിമിതിയുടെ പ്രശ്നം കാരണമാണ് നഗരമാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കേന്ദ്രീകൃത പദ്ധതികൾ ആവിഷ്കരിക്കുക എന്ന ആവശ്യത്തിലേക്ക് നഗരസഭകളും മുൻസിപ്പാലിറ്റികളും എത്തിച്ചേരുന്നത്. എന്നാൽ നഗരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാൻ ഗ്രാമപ്രദേശങ്ങളാണ് എപ്പോഴും തെരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ നീരൊഴുക്ക് പാടില്ല, ജനവാസമേഖലകളാകരുത് തുടങ്ങിയ നിബന്ധനകളുണ്ട്. എന്നാൽ ഇത്തരം നിബന്ധനകൾ പലതും പലപ്പോഴും പാലിക്കപ്പെടാറില്ല എന്നതാണ് യാഥാർത്ഥ്യം. പതിയെ അത്തരം പദ്ധതികൾ അഴിമതിക്ക് കളമൊരുക്കുകയും ചെയ്യുന്നു. ബ്രഹ്മപുരത്തും അതുതന്നെയാണ് സംഭവിച്ചത്. മാലിന്യത്തിൽ നിന്നും ഊർജ്ജം ഉൽപ്പാദിപ്പിക്കുക എന്ന പലയിടത്തും പരാജയപ്പെട്ട പദ്ധതി കൂടി നടപ്പിലാക്കാൻ ശ്രമിച്ചതോടെ ബ്രഹ്മപുരം പ്ലാന്റ് വൻ ദുരന്തമായി മാറി.

അഴിമതിയാണ് ദുരന്തത്തിന് കാരണം
ചെഷയർ കെ.ടി (വിവരാവകാശ പ്രവർത്തകൻ)

മാലിന്യ സംസ്കരണത്തിൽ വലിയ ബിസിനസ്സ് താത്പര്യങ്ങൾ കാണുന്ന രാഷ്ട്രീയക്കാരുടെ അഴിമതിയാണ് ബ്രഹ്മപുരം സംഭവത്തിന്റെ മുഖ്യകാരണം. സോമസുന്ദര പണിക്കർ മേയറായിരിക്കുന്ന കാലത്താണ് ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന് വേണ്ടിയുള്ള നൂറേക്കർ ഭൂമി ഏറ്റെടുക്കുന്നത്. കേരളത്തിൽ റിയൽ എസ്റ്റേറ്റ് ബൂം ഉണ്ടായിരുന്ന കാലമാണത്. റിയൽ എസ്റ്റേറ്റ് മാഫിയയാണ് അന്ന് ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നത്. അവിടെ മുതൽ തന്നെ തുടങ്ങുന്നുണ്ട് അഴിമതി. മാലിന്യ സംസ്കരണം നല്ല ബിസിനസ്സാണെന്ന് ഇതോടെ എല്ലാവർക്കും മനസ്സിലായി. ഞാനുണ്ടാക്കുന്ന മാലിന്യം ഞാൻ തന്നെ സംസ്കരിക്കും എന്ന് ചിന്തിച്ചാൽ ഈ വിഷയം കഴിഞ്ഞു. അതോടെ ഇവരുടെ ബിസിനസ്സ് തകരും. കേരളത്തിലെ വീടുകളിൽ അതിനും മാത്രം മാലിന്യമൊന്നും ഒരു ദിവസം ഉണ്ടാകുന്നില്ല. പിന്നെയുള്ളത് ഹോട്ടലുകളും ആശുപത്രികളുമാണ്. ആശുപത്രികളിലെ മാലിന്യം എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്കൊരു പിടിത്തവുമില്ല. ദിനേഷ് മണി കൊച്ചിയിലെ മേയറായപ്പോഴേക്കും ഇത് ബിസിനസായി മാറിയിരുന്നു. മാലിന്യത്തെ എങ്ങനെ ബിസിനസ്സാക്കാം എന്ന് അപ്പോഴേക്കും അവർക്ക് മനസ്സിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഫണ്ട് ഒഴുകിപ്പോയിരിക്കുന്നത് കൊച്ചി നഗരസഭയിൽ നിന്നാണ്. ഇത്രയും വർഷം കൊണ്ട് ആയിരം കോടിക്ക് മുകളിൽ ഒഴുകിപ്പോയിട്ടുണ്ട്.

ബ്രഹ്മപുരം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയക്കാർക്കും എതിരഭിപ്രായമില്ല. തീകത്തിയതിനെക്കുറിച്ച് മാത്രമാണ് തർക്കമുള്ളത്. മാലിന്യം സംസ്കരിക്കാൻ കരാർ എടുത്തിരിക്കുന്ന കമ്പനിയുടെ ഉടമ വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാറാണ്. ബയോ മൈനിംഗ് സബ് ലീസ് എടുത്തിരിക്കുന്നത് ജില്ലയിലെ കോൺഗ്രസ് നേതാവ് എൻ വേണുഗോപാലിന്റെ മകൻ ആണ്. രാഷ്ട്രീയ ഭേദമില്ലാതെയാണ് ഈ ബിസിനസ് നടക്കുന്നത്. ഒരു കിലോയ്ക്ക് ഒരു രൂപ അമ്പത് പൈസ വച്ചാണ് കൊച്ചി ന​ഗരസഭ മാലിന്യത്തിന് കൊടുക്കുന്നത്. പുറം മാർക്കറ്റിൽ അതിന് പതിനഞ്ച് രൂപ വച്ച് കിട്ടും. വേണമെങ്കിൽ നഗരസഭയ്ക്ക് അങ്ങനെ ചെയ്യാമായിരുന്നു. എന്നിട്ടും അത് ചെയ്തില്ല. അവിടെയും ദിനേഷ് മണിയുടെയും എൻ വേണുഗോപാലിന്റെയുമൊക്കെ ബിനാമിയായ ഭാരത് ട്രേഡേഴ്സ് എന്ന അഡ്രസ് പോലുമില്ലാത്ത കടലാസ് സംഘടനയാണ് ഇടപെടുന്നത്. അതുപോലെ ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് വളമുണ്ടാക്കുന്ന ഒരു പ്ലാന്റ് ഉണ്ട്. സ്റ്റാർ കൺസേൺ എന്ന ആ പ്ലാന്റ് പണ്ട് വേസ്റ്റ് എടുത്തിരുന്ന സെയ്ദലവിയുടെ മകന്റെയും വേറൊരാളുടെയുമാണ്. ഇങ്ങനെ മൊത്തം മൂന്ന് പദ്ധതികളാണ് അവിടെയുള്ളത്.

അന്തരീക്ഷം വളരെയധികം മലിനമായി കഴിഞ്ഞിരുന്നു. ആറ് മാസത്തിനുള്ളിൽ ഒരു ലക്ഷത്തോളം കുട്ടികളെ ഈ പുക ബാധിക്കും. ഇത് ഡംപിംഗ് യാഡ് അല്ല. ജി.സി.ഡി.എ വച്ചിരിക്കുന്ന പ്രൊപ്പോസൽ പ്രകാരം പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം കരാറെടുത്തിരിക്കുന്ന കമ്പനിയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ആ കമ്പനിക്ക് ഈ രംഗത്ത് മൂന്ന് വർഷത്തെ പരിചയം പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് 54 കോടിയുടെ ഇൗ പദ്ധതിക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്ന് ഞാൻ പറയുന്നത്. ഒമ്പത് മാസം കൊണ്ടാണ് ഇത് മാലിന്യ നിർമ്മാർജ്ജനം പൂർത്തിയാക്കേണ്ടത്. അത് തീർന്നില്ലെങ്കിൽ അഞ്ച് ശതമാനം വച്ച് മാസാമാസം തിരിച്ചടയ്ക്കണം. ചോദിക്കാനും പറയാനും ആരുമില്ലെന്ന് രാഷ്ട്രീയക്കാർക്ക് അറിയാവുന്നതിനാലാണ് മുൻ പരിചയമില്ലാത്ത കമ്പനിക്ക് കരാർ കൊടുത്തത്. ജനം സഹിക്കുമെന്നും അവർക്ക് അറിയാം. നഗരസഭ ഒരു കോടി അമ്പത് ലക്ഷം രൂപ മലിനീകരണ നിയന്ത്രണ ബോർഡിൽ പെനാൽറ്റി അടച്ചപ്പോൾ ഹൈക്കോടതി ചോദിച്ചത് എത്ര ടണ്ണിനാണ് ഈ തുക പെനാൽറ്റി അടച്ചതെന്നും അതിന്റെ റിപ്പോർട്ട് കൊടുക്കാനുമായിരുന്നു. ബോർഡ് ചെയർമാന് ഉത്തരമില്ലായിരുന്നു. കേസിൽ നഗരസഭ സെക്രട്ടറി ഹാജരാകേണ്ടതിന് പകരം വെറുമൊരു എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ഹാജരായത്. കൊച്ചിയിൽ മനുഷ്യർ ഫ്ലാറ്റ് സിസ്റ്റത്തിനകത്ത് താമസിച്ച് ശീലമായിരിക്കുന്നു. അവർക്ക് താമസിക്കുന്ന സ്ഥലം കിടന്നുറങ്ങി പോകാനുള്ള ഇടം മാത്രമാണ്. അവർ മാലിന്യമെടുത്ത് പുറത്തേക്കിടുകയും അത് കൊച്ചി നഗരസഭ വിറ്റ് കാശാക്കുകയുമാണ് സംഭവിക്കുന്നത്. ആർക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ.

മാലിന്യ പ്രശ്നം ഒരു രാഷ്ട്രീയ പ്രതിസന്ധി
പുരുഷൻ ഏലൂർ (പരിസ്ഥിതി പ്രവർത്തകൻ)

കൊച്ചി നഗരസഭയിൽ ഒരു കൂട്ടുകക്ഷി സമ്പ്രദായമാണ് ഉള്ളത്. അവിടെ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഇല്ലാതെ കിട്ടുന്നത് എല്ലാവരും വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. മാലിന്യപ്രശ്നത്തിൽ എപ്പോഴും ഒരു പ്രതിസന്ധി ഉണ്ടാക്കിയെടുക്കുക എന്നത് ഇവരുടെ ആവശ്യമായിരുന്നു. 55 കോടി രൂപ ചെലവിൽ ബയോമൈനിംഗ് പ്ലാന്റ് വരികയും അവിടെ ബയോമൈനിംഗ് നടക്കാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടി വലിയൊരു പ്രശ്നത്തിലേക്ക് പോയത്. കരാറുകാർ വീണ്ടും ആറോ ഏഴോ മാസം കൂടി കൂട്ടി ചോദിക്കുകയായിരുന്നു. ബയോമൈനിംഗ് നടന്നോ ഇല്ലയോ എന്ന് പുറംലോകം അറിയാതിരിക്കാൻ കത്തിച്ചു കളയുക മാത്രമാണ് മാർഗ്ഗം. എത്രമാത്രം മൈൻ ചെയ്തുവെന്നോ എത്രമാത്രം ബാക്കിയുണ്ടോയെന്നോ ഇനി പറയാനാകില്ല. അമ്പത്തിയഞ്ച് കോടിയുടെ കരാറിൽ പന്ത്രണ്ടര കോടി രൂപ നിലവിൽ ഈ കമ്പനി വാങ്ങിയിട്ടുണ്ട്. എന്നിട്ടും കമ്പനി തന്നെ പറയുന്നത് മൈനിംഗ് മുപ്പത് ശതമാനമേ പൂർത്തിയായിട്ടുള്ളൂ എന്നാണ്.

അഞ്ചര ലക്ഷം ഖനമീറ്ററിലാണ് മാലിന്യം ഉള്ളതെന്നാണ് കരാർ നൽകുമ്പോഴുള്ള കണക്ക്. അതിനുശേഷവും എത്രയോ മാസം മാലിന്യം നിക്ഷേപിച്ചു. ഒരു ദിവസം ആറേഴ് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിൽ നിന്നും കൊച്ചി കോർപ്പറേഷനിൽ നിന്നും പൂർണ്ണമായും മാലിന്യം ഇവിടേക്കാണ് എത്തുന്നത്. അങ്കമാലി, കളമശ്ശേരി, തൃപ്പൂണിത്തുറ, കുമ്പളങ്ങി, ചേരനല്ലൂർ, പുത്തൻകുരിശ്, വടവുകോട് തുടങ്ങിയ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ നിന്നെല്ലാം മാലിന്യം എത്തുന്നുണ്ട്. വേസ്റ്റ് ടു എനർജി എന്ന തട്ടിപ്പ് പദ്ധതിക്ക് വേണ്ടി 250 ടൺ മാലിന്യമാണ് ഈ പ്ലാന്റിൽ വേണ്ടത്. കൊച്ചി കോർപ്പറേഷനിൽ നിന്ന് മാത്രമായി അത് തികയില്ല. അങ്ങനെയാണ് മറ്റ് മുൻസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും മാലിന്യം കൂടി ശേഖരിക്കാൻ ഇവർ തീരുമാനിച്ചത്. വേസ്റ്റ് ടു എനർജി നടന്നതുമില്ല, മാലിന്യം വരാനും തുടങ്ങി. 306 ടൺ മാലിന്യമാണ് ഒരു ദിവസം ഇവിടെ നിക്ഷേപിക്കുന്നത്. അതിൽ തന്നെ നൂറ് ടണ്ണോളം പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യമാണ്. ബാക്കിയുള്ളതാണ് ജൈവമാലിന്യങ്ങൾ. ജൈവമാലിന്യമെന്നോ അജൈവമാലിന്യമെന്നോ തരംതിരിക്കാതെ മിശ്രണ രൂപത്തിലാണ് മാലിന്യം എത്തുന്നത്.

തീ അണയ്ക്കാനുള്ള ശ്രമം. കടപ്പാട്:hindusthantimes

എല്ലാവർഷവും മൂന്നര കോടി രൂപയാണ് ഇതേ കമ്പനിക്ക് മാലിന്യം സംസ്കരിക്കാനായി കൊടുക്കുന്നത്. വരുന്ന മാലിന്യങ്ങൾ അന്നന്ന് സംസ്കരിക്കുന്നതിനാണ് വർഷാവർഷം കമ്പനിക്ക് ഈ മൂന്നര കോടി രൂപ നൽകുന്നത്. എന്നാൽ അവർ സംസ്കരിക്കാതെ മാലിന്യം കുന്നുകൂട്ടുകയാണ് ചെയ്തത്. മറ്റ് കോർപ്പറേഷനുകളിൽ ചെയ്യുന്നത് പോലെ ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്ന രീതിയാണ് കൊച്ചിയ്ക്കും വേണ്ടത്. എന്നാൽ ചില കമ്പനികളുമായി ചേർന്നുള്ള വലിയ അഴിമതിയുടെ ഭാഗമായാണ് കേന്ദ്രീകൃത പ്ലാന്റുകൾ വരുന്നത്.

അജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ചിലപ്പോൾ കേന്ദ്രീകൃതമല്ലാത്ത ചെറിയ പ്ലാന്റ് വേണ്ടി വന്നേക്കാം. എന്നാൽ ഇതുപോലുള്ള വലിയ ഡംപിംഗ് യാഡുകളോ പ്ലാന്റുകളോ ഒന്നും പുതിയ കാലത്ത് പ്രായോഗികമല്ല. പ്രത്യേകിച്ചും ഇത്രയും ജനസംഖ്യയുള്ള നമ്മുടെ സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യ സംസ്കരണ രീതി തന്നെ അപകടകരമാണ്. ഇപ്പോൾത്തന്നെ എല്ലാ ജലസ്രോതസ്സുകളിലും മൈക്രോ പ്ലാസ്റ്റികിന്റെ അളവ് വളരെ കൂടുതലാണ്. മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് കൂടുന്നതനുസരിച്ച് ഭക്ഷ്യശൃംഖലയിൽ ഇത് കടന്നു കൂടുകയും അത് മനുഷ്യരിൽ ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഇത്രയും ദിവസം പ്ലാസ്റ്റിക് കത്തിയപ്പോഴുണ്ടായ പുകയും ഭക്ഷ്യശൃംഖലയിലൂടെ നമ്മിലേക്ക് തിരിച്ചുവരും. പത്ത് ശതമാനത്തോളം മനുഷ്യർ ശ്വസിച്ചുകയറ്റിയിട്ടുണ്ട്. ബാക്കി തൊണ്ണൂറ് ശതമാനം ഇലച്ചാർത്തുകളിൽ വീഴുകയും ജലസ്രോതസുകളിലെത്തുകയും ചെയ്തിട്ടുണ്ട്. അത് മനുഷ്യരിലേക്ക് തന്നെ തിരിച്ചെത്തും. ഇത്തരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു പ്രവർത്തനത്തിലേക്ക് ഒരു ഭരണകൂടം അഥവാ കോർപ്പറേഷൻ നീങ്ങുകയെന്ന് പറയുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്. ലോറി ഓടുന്നത് മുതൽ ബയോമൈനിംഗ് വരെയുള്ള ഘട്ടങ്ങളാണ് അഴിമതിക്കാരുടെ സ്രോതസ്. അതുകൊണ്ടുതന്നെ ഈ പ്രവർത്തനങ്ങളുടെ തുടർച്ച നിലനിർത്തുകയെന്നതാണ് കോർപ്പറേഷന്റെ ലക്ഷ്യം. അല്ലാതെ അത് പരിഹരിക്കുകയല്ല. പരിഹരിക്കാനാണെങ്കിൽ എത്ര വർഷം മുമ്പ് അതിന് കഴിയുമായിരുന്നു. ബ്രഹ്മപുരത്ത് സ്ഥലമെടുക്കുന്നതിന് മുമ്പ് ചേരാനല്ലൂർ പഞ്ചായത്തിലും നാവികസേനയുടെ കൈവശമുള്ള വാത്തുരുത്തി മേഖലയിലും ഇടാൻ ശ്രമിച്ചിരുന്നു. നാവികസേന പ്രശ്നമുണ്ടാക്കിയതുകൊണ്ടാണ് പുത്തൻകുരിശ് പഞ്ചായത്തിലേക്ക് വന്നത്. മിക്ക വർഷങ്ങളിലും തീപിടിത്തമുണ്ടാകുന്നുണ്ട്. ഈ വർഷം ഇത്രയും ദിവസം നീണ്ടുനിന്നതിനാൽ ചർച്ചയായെന്ന് മാത്രം. പരിഹരിക്കാനാണ് താത്പര്യമെങ്കിൽ പണ്ടേക്ക് പണ്ടേ പരിഹരിക്കുമായിരുന്നു.

ഈ പ്ലാന്റ് മൂലം നശിച്ച കടമ്പ്രയാർ ഒരു കുടിവെള്ള സ്രോതസ് കൂടിയായിരുന്നു. എറണാകുളം ജില്ലയിലെ പല വ്യവസായ മാലിന്യങ്ങളും കടമ്പ്രയാറിലേക്കാണ് എത്തിച്ചേരുന്നത്. ഇതുകൂടിയായപ്പോൾ കടമ്പ്രയാർ വലിയൊരു മാലിന്യ സംഭരണിയായി മാറി. കൊച്ചി കോർപ്പറേഷനിൽ ഏഴ് ലക്ഷം ആളുകൾ താമസിക്കുന്നുണ്ട്. ഏകദേശം ഒന്നരലക്ഷം കുടുംബങ്ങൾ എന്ന് വിചാരിക്കാം. എല്ലാ കുടുംബങ്ങളെയും ക്ലസ്റ്ററുകൾ തിരിച്ചോ അല്ലെങ്കിൽ വ്യക്തിപരമായി എടുത്തുകൊണ്ടോ ഉള്ള ബയോകമ്പോസ്റ്റിംഗ് രീതിയിലേക്ക് കൊണ്ടുവരികയെന്നതാണ് ഈ അഴിമതിയും പരിസ്ഥിതി പ്രശ്നവും പരിഹരിക്കാൻ വേണ്ടത്. വാർഡ് അടിസ്ഥാനത്തിൽ അത് വൻ വിജയമാകും. കൃത്യമായ ഒരു മേൽനോട്ട സംവിധാനം ഉണ്ടായാൽ മാത്രം മതി.

സർക്കാർ നയങ്ങൾക്ക് എതിരായ പദ്ധതി
എം സുചിത്ര (മാധ്യമ പ്രവർത്തക)

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വേസ്റ്റ് ടു എനർജി പ്ലാന്റാണ്. ഈ പ്ലാന്റ് തന്നെ സംസ്ഥാന സർക്കാരിന്റെ ഖരമാലിന്യ സംസ്കരണ നയത്തിന് എതിരാണ്. മാലിന്യ സംസ്കരണം കൊച്ചിയിൽ മാത്രമല്ല ഫലപ്രദമായി നടക്കാത്തത്. തിരുവനന്തപുരം നഗരസഭയുടെ മാലിന്യങ്ങൾ വിളപ്പിൽശാല പഞ്ചായത്തിലും തൃശൂരിലെ മാലിന്യം ലാലൂരിലുമാണ് കൊണ്ടിട്ടിരുന്നത്. കോർപ്പറേഷനുകൾ ഗ്രാമത്തിൽ സ്ഥലം വാങ്ങുകയും പിന്നീട് അവിടെയൊരു പ്ലാന്റുണ്ടാക്കുകയും നഗരമാലിന്യങ്ങൾ അവിടെ നിക്ഷേപിക്കുകയുമാണ് ചെയ്തിരുന്നത്. ഈ പ്ലാന്റുകൾ നമ്മുടെ കാലാവസ്ഥയ്ക്കോ സാമൂഹിക സാഹചര്യത്തിനോ യോജിക്കാത്ത വിധത്തിലുള്ളതാണ്. കൂടിക്കലർന്ന മാലിന്യങ്ങളായി നിക്ഷേപിച്ചാൽ ആ പ്ലാന്റുകൾക്ക് പ്രവർത്തിക്കാനാകില്ല. സ്വാഭാവികമായും പ്ലാന്റുകളുടെ പരിസരത്ത് മാലിന്യം കുന്നുകൂടും. കൊച്ചിയുടെ കാര്യം പറയുകയാണെങ്കിൽ 1998ലാണ് ബ്രഹ്മപുരത്ത് സ്ഥലം വാങ്ങുന്നത്. അതിനുശേഷം അവിടെ പ്ലാന്റൊന്നും കെട്ടാതെ ചേരാനെല്ലൂരിലെ ഒരു തുറസ്സായ സ്ഥലത്താണ് മാലിന്യങ്ങൾ നിക്ഷേപിച്ചുകൊണ്ടിരുന്നത്. അവിടെ അത് ശരിയായ രീതിയിൽ സംസ്കരിക്കാതെ വന്നപ്പോൾ ജനങ്ങൾ പ്രതിഷേധം ഉയർത്തുകയും പിന്നീട് നേവൽ ബേസിനടുത്ത് വില്ലിംഗ്ടൺ ഐലന്റിലെ ഒരു പ്രദേശത്തേക്ക് മാറ്റുകയും ചെയ്തു. അവിടെയും ശരിയായ രീതിയിലല്ല പ്രവർത്തിച്ചത്. അവിടെ മാലിന്യം പരന്ന് കിടക്കുന്നത് കാരണം പക്ഷികൾ കോസ്റ്റ് ഗാർഡിന്റെ എയർക്രാഫ്റ്റിൽ മുട്ടുന്ന സാഹചര്യമുണ്ടായി. അതോടെ നേവൽ ബേസ് ഇത് ഇവിടെ നിന്നും ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടു. അതിന് ശേഷം കൊച്ചിയിലെ മാലിന്യം അഞ്ച് ജില്ലകളിലൂടെ മൈസൂരിലേക്കും കമ്പം തേനി ഭാഗങ്ങളിലേക്കുമൊക്കെ കൊണ്ടുപോയി. അതൊന്നും ഫലപ്രദമാകാതെ വന്നതോടെ നഗരം ചീഞ്ഞളിയാൻ തുടങ്ങി. അതോടെ ഹൈക്കോടതി കൊച്ചി കോർപ്പറേഷൻ വാങ്ങിയ സ്ഥലത്ത് മാലിന്യങ്ങൾ കൊണ്ടിടാൻ ആവശ്യപ്പെട്ടു. അമ്പതോളം കുടുംബങ്ങൾ താമസിച്ചിരുന്ന ചെന്നിപ്പാടം എന്ന സ്ഥലത്താണ് ബ്രഹ്മപുരത്ത് സ്ഥലം വാങ്ങിയത്. പൊലീസിന്റെ സഹായത്തോടെ അവരുടെ പ്രതിഷേധത്തെ അടിച്ചൊതുക്കിയാണ് മാലിന്യങ്ങൾ അവിടെ കൊണ്ടിടുന്നത്.

ക്ഷീണിതരായ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ. കടപ്പാട്:newindianexpress

ഒടുവിൽ 2009ലാണ് പ്ലാന്റിന്റെ ഉദ്ഘാടനം നടക്കുന്നത്. എന്നിട്ടും പ്ലാന്റിന്റെ പ്രവർത്തനമൊന്നും തുടങ്ങിയില്ല. ഈ പ്രദേശം ഒരു തണ്ണീർത്തടമാണ്. പ്ലാന്റ് ചെരിഞ്ഞ് പോകുന്നതുപോലെയുള്ള സംഭവങ്ങളൊക്കെ ഉണ്ടായി. അതെല്ലാം അവ​ഗണിച്ച് ദിവസവും ടൺ കണക്കിന് മാലിന്യങ്ങൾ അവിടേക്ക് കൊണ്ടുവന്നിട്ടു. പ്ലാന്റിന്റെ ശേഷിക്കനുസരിച്ച് കുറച്ച് വേസ്റ്റ് മാത്രമാണ് കമ്പോസ് ചെയ്യപ്പെട്ടിരുന്നത്. 2018 സെപ്തംബറിൽ പുറത്തിറക്കിയ സംസ്ഥാന ഖരമാലിന്യ സംസ്കരണ നയ പ്രകാരം സുസ്ഥിരവും വികേന്ദ്രീകൃതവുമായ മാലിന്യസംസ്കരണമാണ് കേരളത്തിന്റെ നയം. അതനുസരിച്ച് ആദ്യം മാലിന്യം കുറയ്ക്കണം. പിന്നീട് മാലിന്യം പുനരുപയോഗ യോഗ്യമാക്കണം. അതായത് റെഡ്യൂസ് ചെയ്യണം, റീസൈക്കിൾ ചെയ്യണം, റിക്കവർ ചെയ്യണം, വേണ്ടാത്തതാണെങ്കിൽ റഫ്യൂസ് ചെയ്യാം. ഇത്തരത്തിലുള്ള അഞ്ച് R-കൾ കഴിഞ്ഞ് സീറോ വേസ്റ്റ് ആക്കുന്നതാണ് നമ്മുടെ നയം. ഈ നയത്തിന് എതിരാണ് വേസ്റ്റ് ടു എനർജി പ്ലാന്റ്. വേസ്റ്റ് ടു എനർജി പ്ലാന്റിൽ ഉയർന്ന ഊഷ്മാവിൽ കുറഞ്ഞ ഓക്സിജനിൽ മിക്സഡ് വേസ്റ്റ് കത്തിക്കുകയാണ് ചെയ്യുന്നത്. മിക്സഡ് വേസ്റ്റ് കത്തിക്കുന്ന സമയത്ത് മാരകമായ അന്തരീക്ഷ മലിനീകരണമാണ് ഉണ്ടാകുന്നത്. കൂടാതെ ബോട്ടം ആഷും ഫ്ളൈ ആഷും ഉണ്ടാകും. ഇതിലെല്ലാം മാരകമായ ഘനലോഹങ്ങളും ഡയോക്സിനുകളുമുണ്ടാകും. ഒരുപാട് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഇത്.

നമ്മുടെ ഉപഭോഗം വല്ലാതെ വർധിക്കുന്നുണ്ട്. അപ്പോൾ കൂടുതൽ അസംസ്കൃത വസ്തുക്കൾ പ്രകൃതിയിൽ നിന്ന് എടുക്കേണ്ടതായി വരും. അതിന് കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടി വരും. പിന്നെ ഉൽപ്പാദനം നടത്തണം. അവിടെയും കൂടുതൽ ഊർജ്ജം കൊടുക്കണം. അതിന് ശേഷം ഈ ഉൽപ്പന്നങ്ങൾ ദൂരദേശത്തേക്ക് കൊണ്ടുപോകണം. അപ്പോഴും ഊർജ്ജം ആവശ്യമാണ്. അതിനുശേഷം ഇത് മാലിന്യമാകും. മാലിന്യം മാഫിയ സ്വഭാവമുള്ള ഉപോൽപ്പന്നമായി മാറിയിരിക്കുകയാണ്. ഉണ്ടാക്കുന്ന മാലിന്യം കുറെ ആളുകൾക്ക് ലാഭമുണ്ടാക്കാവുന്ന തരത്തിൽ വീണ്ടും ഒരു ഉൽപ്പന്നമാകുകയും അത് ബിസിനസായി മാറുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മാലിന്യ പ്രശ്നം പരിഹരിക്കപ്പെടാതെ സൂക്ഷിക്കുയെന്നത് പലരുടെയും ആവശ്യമാണ്. അതൊരു പൊന്മുട്ടയിടുന്ന താറാവാണ്.

നാമുണ്ടാക്കുന്ന മാലിന്യം നമുക്ക് തന്നെ എങ്ങനെ കുറയ്ക്കാനാകുമെന്നാണ് ചിന്തിക്കേണ്ടത്. കേരളത്തെ സംബന്ധിച്ച് അമ്പത് ശതമാനവും ഭക്ഷണ മാലിന്യമാണ്. ജൈവമാലിന്യമായ അതിനെ എങ്ങനെ സ്രോതസ്സുകളിൽ തന്നെ പരിഹരിക്കാം. 2016ലെ മുൻസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് പ്രകാരം എല്ലാ മാലിന്യങ്ങളും സ്രോതസുകളിൽ വേർതിരിക്കുകയും ജൈവമാലിന്യങ്ങൾ സ്രോതസ്സിൽ പരിഹരിക്കപ്പെടുകയും വേണം. അതായത് കമ്പോസ്റ്റ് ആക്കണം. അതൊന്നും ചെയ്യാതെ മാലിന്യം കൂട്ടത്തോടെ കുഴച്ച് മറിച്ച് അവിടെ കൊണ്ടിട്ടിട്ട് അതിനെ വേസ്റ്റ് ടു എനർജി ആക്കാമെന്ന് പറയുന്നത് തട്ടിപ്പാണ്. പൂർവ്വാവസ്ഥയിലെത്തിക്കാവുന്ന ഊർജ്ജമായാണ് മാലിന്യത്തെ അവതരിപ്പിക്കുന്നത്. എന്നാൽ അതെങ്ങനെയാണ് പൂർവ്വാവസ്ഥയിലെത്തിക്കാവുന്ന ഊർജ്ജമാകുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്തരത്തിലുള്ള കുറെ ചോദ്യങ്ങൾ നിറഞ്ഞ വളരെ സങ്കീർണ്ണമായ പ്രശ്നമാണ് ഇത്. ഇതൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് മാത്രം പരിഹരിക്കാനാകുന്ന പ്രശ്നമല്ല. നമ്മുടെ നയം വികേന്ദ്രീകൃത മാലിന്യത്തെ പ്രോത്സാഹിപ്പിക്കുന്നതാണെങ്കിൽ അതെന്തുകൊണ്ട് അത് നടക്കുന്നില്ല എന്നാണ് ചിന്തിക്കേണ്ടത്, ചോദിക്കേണ്ടത്.

ഒരുപാട് പ്രശ്നങ്ങൾ കൂടിക്കുഴഞ്ഞ് കിടക്കുന്ന സംഗതിയാണിത്. തിരുവനന്തപുരത്ത് വിളപ്പിൽശാലക്കാർ ഇനിയൊരൊറ്റ മാലിന്യവും ഇവിടേക്ക് കടത്തില്ലെന്ന് പറഞ്ഞ സമയത്ത് എങ്ങനെയാണ് തിരുവനന്തപുരം അതിജീവിച്ചതെന്ന് നോക്കണം. അത് വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിലൂടെയായിരുന്നു. തിരുവനന്തപുരത്തെ പെരിങ്ങമലയിലും വേസ്റ്റ് ടു എനർജി പ്ലാന്റാണ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. അവരതിനെ സമരം ചെയ്ത് ഓടിച്ചു. ജനങ്ങളെ ബോധവൽക്കരിക്കുക മാത്രമാണ് ഇതിലുള്ള പരിഹാരം. മലം ആളുകൾ എടുത്തുകൊണ്ട് പോയിരുന്ന സാഹചര്യം മാറി നമ്മുടെ ടോയ്ലറ്റുകൾ ആഢംബര ടോയ്ലറ്റുകളായി മാറിയതു പോലെ എന്തുകൊണ്ടാണ് നമ്മുടെ ഭക്ഷണ മാലിന്യ പ്രശ്നവും നമുക്ക് പരിഹരിക്കാനാകാത്തത്. അതിനുള്ള ചെറിയ ചെറിയ സംവിധാനങ്ങൾ എത്രയോ ഉണ്ട്. ഈ മാലിന്യം പൊതുഇടത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. സാധാരണ ആക്രിക്കച്ചവടക്കാരെ ഉൾപ്പെടെ മാലിന്യ സംസ്കരണത്തിൽ ഉൾപ്പെടുത്തണം. കൂടാതെ ചെറുപ്പക്കാരും ഇതിന് ഇറങ്ങിത്തിരിക്കണം. വീടുകളിൽ മാലിന്യ സംസ്കരണം ശരിയായി നടക്കുന്നുണ്ടോയെന്ന് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കാം. അപ്പോൾ മാലിന്യ സംസ്കരണത്തിന് ഒരു അന്തസും വരും. അല്ലാതെ തീകത്തുമ്പോൾ മാത്രം പരിഹരിക്കാനാകുന്ന പ്രശ്നമല്ല ഇത്.‌

തിരുവനന്തപുരത്ത് എന്താണ് നടന്നത്?
വി.കെ പ്രശാന്ത് (എം.എൽ.എ, മുൻ മേയർ-തിരുവനന്തപുരം)

തിരുവനന്തപുരം വിളപ്പിൽശാല മാലിന്യസംസ്കരണ പ്ലാന്റിലേക്കാണ് ആദ്യകാലത്ത് മാലിന്യങ്ങൾ കൊണ്ടുപോയിരുന്നത്. എന്നാൽ സുപ്രീകോടതി വിധിയെത്തുടർന്ന് ആ പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നു. അതോടെ നഗരത്തിലെ മാലിന്യസംസ്കരണം ഒരു ചോദ്യമായി മാറി. മറ്റൊരു സ്ഥലമായാണ് പെരിങ്ങമല നഗരസഭ കണ്ടെത്തിയത്. എന്നാൽ വിളപ്പിൽശാലയിലെ അനുഭവം കണ്ടിട്ടുള്ളതിനാൽ പെരിങ്ങമല നിവാസികൾ ഇത് അനുവദിക്കാൻ തയ്യാറായില്ല. ഈയൊരു സാഹചര്യത്തിലാണ് ഞാൻ മേയറായി വരുന്നത്. മാലിന്യം കൊണ്ടുപോകാനും ശേഖരിച്ച് വയ്ക്കാനും പുതിയ സ്ഥലം കണ്ടെത്താൻ ആളുകൾ സമ്മതിക്കാത്ത സാഹചര്യമായിരുന്നു. അങ്ങനെയാണ് വികേന്ദ്രീകൃത മാലിന്യ സംസ്കരണം ഇവിടെ ആരംഭിച്ചത്. വേർതിരിക്കാത്തതാണ് മാലിന്യ സംസ്കരണത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന് ഇതിന്റെ ഭാഗമായി നടത്തിയ പഠനത്തിൽ മനസ്സിലാക്കി. മാലിന്യങ്ങൾ വേർതിരിക്കാൻ ആളുകളെ പഠിപ്പിക്കാനുള്ള ക്യാമ്പയിൻ ഞങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി നഗരത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും ഗ്രീൻപ്രൊട്ടോക്കോൾ ആവിഷ്കരിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് കളികളിലും ദേശീയ അവാർഡ് ചടങ്ങുകളിലും ആറ്റുകാൽ പൊങ്കാല പോലുള്ള വലിയ പരിപാടികളിലും എല്ലാം ഗ്രീൻ പ്രൊട്ടോക്കോൾ കൊണ്ടുവന്നു. പ്ലാസ്റ്റികിന് പകരം ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളെ പരിചയപ്പെടുത്തുക എന്നതായിരുന്നു അതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. അതിന്റെ ഭാഗമായി ഗ്രീൻ എക്സ്പോ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ നമ്മൾ പ്രോത്സാഹിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ നിയമമൊക്കെ വരുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ നഗരസഭ പ്രമേയം പാസാക്കി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി. മാലിന്യം വേർതിരിക്കൽ അല്ലെങ്കിൽ സെഗ്രഗേഷൻ പഠിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ മാസവും കലണ്ടർ പ്രഖ്യാപിച്ചു. ആ കലണ്ടർ അനുസരിച്ച് ഓരോ ദിവസവും ഓരോ സാധനങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന് തിങ്കളാഴ്ച കുപ്പി ശേഖരിച്ചാൽ ചൊവ്വാഴ്ച പ്ലാസ്റ്റിക് ആയിരിക്കും ശേഖരിക്കുക. അത്തരത്തിലൊരു ക്രമീകരണം കൊണ്ടുവന്നു. എല്ലാ വാർഡ് കേന്ദ്രങ്ങളിലും വാഹനവും പോയിന്റുകളും തീരുമാനിച്ച് അത് പത്രമാധ്യമങ്ങളിലൂടെ അറിയിച്ച് ആളുകളെക്കൊണ്ട് ഈ സാധനങ്ങൾ അവിടെ കൊണ്ടുവന്നു. അങ്ങനെ ഇരുപതിനം സാധനങ്ങൾ വേർതിരിച്ച് ശേഖരിക്കുന്ന ആദ്യത്തെ നഗരസഭയായി തിരുവനന്തപുരം നഗരസഭ മാറി. പ്ലാസ്റ്റിക് കുറഞ്ഞാൽ പിന്നെയുണ്ടാകുന്നത് ബയോ വേസ്റ്റ് ആണ്. വീടുകളിലെ ഭക്ഷണ മാലിന്യങ്ങളും മറ്റും. അതിനും നമ്മൾ ഒരു മെതേഡ് ഉണ്ടാക്കി. ഡോ. തോമസ് ഐസക് മുന്നോട്ട് വച്ച തുമ്പൂർമൂഴി മോഡൽ ആയിരുന്നു അത്. പൊതുഇടങ്ങളിലെ ജൈവ മാലിന്യങ്ങൾ എയ്റോബിക് ബിന്നുകൾ സ്ഥാപിച്ച് അതിൽ ശേഖരിക്കുകയും ബയോകമ്പോസ്റ്റ് കിച്ചൻ ബിന്നുകൾ സ്ഥാപിച്ച് വീടുകളിൽ തന്നെ സംസ്കരിക്കാനും തുടങ്ങി. നേരത്തെ വിളപ്പിൽശാല പ്ലാന്റ് ഉണ്ടായിരുന്നപ്പോൾ നാനൂറ് ടൺ മാലിന്യം നമ്മൾ എടുക്കുമായിരുന്നു. പ്ലാന്റില്ലെങ്കിലും മാലിന്യം വരുമല്ലോ? പ്ലാന്റുമില്ല കൊണ്ടിടാൻ സ്ഥലവുമില്ലാത്ത പുതിയ സാഹചര്യത്തിൽ പോലും തിരുവനന്തപുരം നഗരസഭയിലെ മാലിന്യത്തിന്റെ അളവ് ഈയൊരു മാർ​ഗത്തിലൂടെ ഏതാണ്ട് കാൽഭാഗമായി കുറഞ്ഞു. അതുകൂടാതെ പൊതുഇടങ്ങളിൽ കിടന്ന മുഴുവൻ മാലിന്യങ്ങളും ഞങ്ങൾ മാറ്റി. ഒരുപാട് ഗ്രൂപ്പുകളുടെ സഹായത്തോടെയായിരുന്നു അത് ചെയ്തത്.

വിളപ്പിൽശാല സമരത്തിൽ നിന്നും. കടപ്പാട്:thehindu

ആളുകളെ സംബന്ധിച്ച് തങ്ങളുടെ വീടുകളിലുണ്ടാകുന്ന മാലിന്യം ആരെങ്കിലും എടുത്തുകൊണ്ട് പോകുന്നതാണ് സന്തോഷം‌. അതിനെ പ്രോത്സാഹിപ്പിക്കാൻ നിന്നാൽ ഇനിയുള്ള കാലത്ത് ഒരു നഗരത്തിനും പിടിച്ചുനിൽക്കാനാകില്ല. അതാണ് കൊച്ചിയിൽ സംഭവിച്ച പരാജയത്തിന് കാരണം. കേരളത്തിലെ മാലിന്യം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. ആക്രിയും പേപ്പറും പ്ലാസ്റ്റിക്കുമെല്ലാമായി ഇപ്പോൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. പക്ഷെ ഇനിയുള്ള കാലത്ത് മാലിന്യം കൊണ്ടുപോകാനേ പറ്റില്ല. അതാത് സ്ഥലത്ത് കൈകാര്യം ചെയ്യേണ്ടിവരും. അതിന് മുഖ്യമായി വേണ്ടത് ആളുകളെക്കൊണ്ട് തന്നെ മാലിന്യത്തിന്റെ അളവ് കുറപ്പിക്കണം എന്നതാണ്. കൊച്ചിയിൽ അത് ചെയ്യുന്നില്ല. ബ്രഹ്മപുരം പ്ലാന്റ് ഉള്ളതുകൊണ്ട് ഇതെല്ലാം വലിച്ചുവാരിയെടുത്ത് കൊണ്ടുപോകുകയാണ്. നഗരസഭാ പരിധികളിൽ മാത്രമല്ല, എല്ലാ പഞ്ചായത്തുകളിലും ഈ അളവ് കുറപ്പിക്കൽ നടപ്പാക്കണം. നമ്മൾ നടപ്പാക്കിയ മോഡൽ വച്ച് കഴിഞ്ഞ സർക്കാർ ഹരിതകേരളം പദ്ധതി വഴി ഒരു ബൈലോ ഇറക്കി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കൊടുത്തിരുന്നു. സഗ്രഗേഷൻ മെതേഡിനെക്കുറിച്ചും വീടുകളിലെ മാലിന്യ സംസ്കരണത്തെക്കുറിച്ചും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ എന്നിവയെക്കുറിച്ചെല്ലാമായിരുന്നു ഈ ബൈലോയിൽ പറഞ്ഞിരുന്നത്. ഇത്രയും കാര്യങ്ങൾ ചെയ്താൽ നമുക്ക് മാലിന്യസംസ്കരണ വിഷയത്തിൽ പിടിച്ച് നിൽക്കാൻ പറ്റുമെന്നാണ് എന്റെ അനുഭവം. തിരുവനന്തപുരം പോലെ നാനൂറ് ടൺ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഒരു നഗരത്തിന് പ്ലാന്റില്ലാതെ ഇത്രയും കാലം മുന്നോട്ടുപോകാൻ കഴിയുമെങ്കിൽ എല്ലായിടത്തും കഴിയും.

എറണാകുളം ബ്രഹ്മപുരം പ്ലാന്റ് എന്ന് പറയുന്നുണ്ടെങ്കിലും ഇവിടെയെല്ലാം മാലിന്യം ഒന്നിന് പിന്നാലെ ഒന്നായി തട്ടുകയാണ് ചെയ്യുന്നത്. ചെന്നൈയിലാണെങ്കിലും ഇൻഡോറിലാണെങ്കിലും ഇതാണ് പ്രശ്നം. ചെന്നൈ മുൻസിപ്പാലിറ്റിക്ക് ഇരുന്നൂറിന് മുകളിൽ ഏക്കറ് കണക്കിന് സ്ഥലം നഗരത്തിനുള്ളിലുണ്ട്. ദില്ലിയിൽ ബിസ്പൂർ എന്ന സ്ഥലത്താണ് മാലിന്യ സംസ്കരണ പ്ലാന്റ് ഉള്ളത്. അവിടെയൊക്കെ എവറസ്റ്റ് കൊടുമുടിയുടെ വലുപ്പത്തിലാണ് മാലിന്യം കൊണ്ടുപോയി തള്ളുന്നത്. ഇങ്ങനെ കൊണ്ടുപോയി തട്ടുമ്പോൾ മീഥെയ്ൻ ഗ്യാസ് രൂപപ്പെടും. ഇപ്പോൾ ബ്രഹ്മപുരത്തും നേരത്തെ വിളപ്പിൽശാലയിലും തീപിടുത്തത്തിന് ഇടയാക്കിയത് ഈ മീഥെയ്ൻ ഗ്യാസ് ആണ്. ചൂട് കൂടിയതിന്റെ ഭാഗമായി ആരെങ്കിലും ഒരു സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാലും തീപിടിത്തമുണ്ടാകും. അതിനാൽ ബ്രഹ്മപുരത്തേത് ഒരു മനുഷ്യനിർമ്മിത തീപിടിത്തമാണെന്ന് പറയുന്നതിൽ കാര്യമില്ല. മാലിന്യം കിടക്കുമ്പോൾ എന്തായാലും ഈ ഗ്യാസ് രൂപപ്പെട്ട് അത് തീപിടിത്തത്തിന് വഴിയുണ്ടാക്കും. ഇടയ്ക്കിടയ്ക്ക് വേസ്റ്റ് ഇളക്കി ഈ ഗ്യാസ് വെളിയിൽ കളയുകയാണ് ചെയ്യാറ്. അല്ലെങ്കിൽ പ്രത്യേക പൈപ്പ് അടിച്ചിറക്കി ഈ ഗ്യാസിനെ അതിലൂടെ പുറത്തുകൊണ്ട് വന്ന് കത്തിച്ചുകളയണം. തിരുവനന്തപുരം നഗരസഭയുടെ മാതൃക എല്ലാ നഗരസഭകളും സ്വീകരിച്ചാൽ ഭാവിയിലെങ്കിലും ബ്രഹ്മപുരം ദുരന്തം പോലുള്ളവ ഒഴിവാക്കാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 16, 2023 1:59 pm