പുതിയതുറയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ടവർ എവിടെ?

തൊഴിൽ തേടി അഭയാർത്ഥികളാകുന്നവർ (പരമ്പര, ഭാ​ഗം -1)

അതിജീവനത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി മനുഷ്യർ നടത്തിയ സാഹസിക കുടിയേറ്റങ്ങളിലൂടെയാണ് ഇന്ന് കാണുന്ന ലോകം പടുത്തുയർത്തപ്പെട്ടത്. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടിയുള്ള പലായനങ്ങൾ. ദൂരദേശങ്ങളിലെ പ്രവാസ ജീവിതം മലയാളികൾക്ക് അപരിചിതമായ ഒന്നല്ല. അറുപതുകളിലും എഴുപതുകളിലും അഭിമുഖീകരിച്ച രൂക്ഷമായ തൊഴിലില്ലായ്മയുടെയും അരക്ഷിതബോധത്തിന്റെയും ഫലമായി ​ഗൾഫ് നാടുകൾ എന്ന സ്വപ്നഭൂമിയിലേക്ക് മലയാളികൾ നടത്തിയ സാഹസിക സഞ്ചാരങ്ങൾ കേരളത്തെ വലിയരീതിയിൽ മാറ്റിത്തീർത്തിട്ടുമുണ്ട്. സ്വർണ്ണം പണയപ്പെടുത്തിയും കടം വാങ്ങിയും കിട്ടിയ തുച്ചമായ പണം കൊണ്ട് ബോംബെയിൽ നിന്ന് പുറപ്പെടുന്ന ലോഞ്ചുകളിൽ അനധികൃതമായ് ഗൾഫിലേക്ക് കടന്നവർ ഒരുകാലത്ത് ഏറെയുണ്ടായിരുന്നു. കേരളം ഇന്ന് ഏറെ വികസിച്ചതിനാൽ അത്തരം സാഹസിക കുടിയേറ്റങ്ങളുടെ കാലം പൂർണ്ണമായും വിടപറഞ്ഞു എന്നാണ് പൊതുധാരണ. എന്നാൽ ഒരു വൻകിട വികസന പദ്ധതിയു‌ടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി നിസ്സഹായരായിത്തീർന്ന ഒരുകൂട്ടം ചെറുപ്പക്കാർ ​ഗൾഫ് നാടുകളിലേക്ക് നടന്ന കുടിയേറ്റങ്ങളേക്കാൾ സാഹസികമായ അതിജീവന യാത്രയിലാണ് ഇന്ന്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എന്ന ‘സ്വപ്‌ന പദ്ധതി’ അദാനി പോർട്ടും സർക്കാരും ചേർന്ന് പണിതുയർത്തുന്നതിന്റെ പത്ത് കിലോമീറ്റർ അപ്പുറം പുതിയതുറ എന്ന കടലോരഗ്രാമത്തിൽ നിന്നും യുവത വ്യാപകമായി നാടുവിടുകയാണ്. ​ഗൾഫിലേക്കല്ല, മത്സ്യബന്ധന മേഖലയിൽ തൊഴിലില്ലാതായതോടെ ഉപജീവനം തേടി ഇവർ പുറപ്പെട്ടുപോകുന്നത് ലണ്ടൻ എന്ന പുതിയ സ്വപ്ന ലക്ഷ്യത്തിലേക്കാണ്.

എന്നാൽ അനധികൃതമായി ലണ്ടനിലേക്ക് കുടിയേറാനായി ഇവർ നടത്തുന്ന സാഹസിക ശ്രമം മിക്കവരെയും ലണ്ടനിൽ എത്തിച്ചില്ല. ട്രാവൽ ഏജൻസികളുടെ തട്ടിപ്പുകൾക്കിരകളായി, മതിയായ രേഖകൾ പോലുമില്ലാതെ പലരും യൂറോപ്പിലെ പല രാജ്യങ്ങളിലും അഭയാർത്ഥികളായി കഴിയുകയാണ്. നാട്ടിലേക്ക് മടങ്ങാൻ പോലും കഴിയാതെ, ഏതോ ​ദേശങ്ങളിൽ കുടുങ്ങിപ്പോയ ചിലരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പോലും ലഭ്യമല്ല. രേഖകളില്ലാത്തതിനാൽ തിരിച്ചയക്കപ്പെട്ട് മടങ്ങിയെത്തിയവർ പരാതിപ്പെടാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും വല്ലാതെ ഭയപ്പെടുന്നു. സാഹസികമായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കുന്നവരുടെ കണക്ക് പുതിയതുറയിൽ കൂടിക്കൊണ്ടിരിക്കുന്നു. പുതിയതുറയിൽ സംഭവിക്കുന്ന സാഹസിക കുടിയേറ്റങ്ങളുടെ പിന്നിലെ അസുഖകരമായ യാഥാർത്ഥ്യങ്ങളിലേക്ക്.

വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നുള്ള ചിത്രം. ഫോട്ടോ: ആരതി എം.ആർ

ലണ്ടനിലേക്ക് പുറപ്പെട്ട രണ്ടുപേർ

ഒരുപാട് പ്രതീക്ഷകളോടെ ലണ്ടൻ എന്ന സ്വപ്ന ന​ഗരത്തിലേക്ക് പുറപ്പെടുകയും പല രാജ്യങ്ങളിൽ പലതരം തട്ടിപ്പുകൾക്കിരയായി തിരിച്ചെത്തുകയും ചെയ്ത സുജിത് (പേര് യഥാർത്ഥമല്ല) എന്ന 21 വയസുകാരനെയാണ് അവിടെ ആദ്യം കണ്ടുമുട്ടുന്നത്. സുജിത് പങ്കുവച്ചത് ആരെയും ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. തൊഴിൽ തേടിപ്പോയ ചെറുപ്പക്കാരെ കാത്തിരുന്ന ദാരുണമായ യാഥാർത്ഥ്യങ്ങളുടെ ആഴം സുജിത്തിന്റെ കഥ വെളിപ്പടുത്തുന്നു.

“മരിയനാട് നിന്നുള്ള ആൽബിൻ (പേര് യഥാർത്ഥമല്ല) എന്ന സബ് ഏജന്റാണ് ആദ്യമായി ഇക്കാര്യം പറഞ്ഞ് വീട്ടിലെത്തിയത്. കൊൽക്കത്തയിൽ കോറൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സി.ഡി.സി പാസായി നിൽക്കുകയായിരുന്നു ഞാൻ. ഞങ്ങളുടെ അച്ഛൻ ആദ്യം തന്നെ ഇതിനെ എതിർത്തു. സേലത്ത് കിടക്കുന്ന ഒരുത്തന് കാശ് കൊടുത്ത് പറ്റിക്കപ്പെട്ടാൽ ഇവിടുന്ന് സേലം വരെ പോകണ്ടേ എന്നതായിരുന്നു അച്ഛന്റെ പ്രശ്‌നം. വീണ്ടും ആൽബിൻ വന്നപ്പോൾ അമ്മയാണ് മുൻകൈ എടുത്ത് ചേട്ടനെ കയറ്റി വിട്ടത്. ഒരാളെ കയറ്റി വിട്ടാൽ ആൽബിന് 25,000 രൂപ കിട്ടും. ചേട്ടനെ കയറ്റി വിട്ടതിന് ശേഷമാണ് എന്നെ കയറ്റി വിടാമെന്ന് പറഞ്ഞത്.” സുജിത് തന്റെ യാത്ര വിവരിക്കാൻ തുടങ്ങി.

പുതിയതുറയിലെ ഇടിഞ്ഞു പൊളിഞ്ഞ വീടുകള്‍. ഫോട്ടോ: ആരതി എം.ആർ

സുജിതിന്റെ വിസ ശരിയാക്കി നൽകി നൽകാമെന്ന് ഏറ്റിരുന്നത് സേലം സ്വദേശിയായ സുരേഷായിരുന്നു. കോയമ്പത്തൂരിൽ ഓഫീസുള്ള ഇയാൾ ലണ്ടനിൽ ജോലി ശരിയാക്കി തരാം എന്നു പറഞ്ഞാണ് സുജിത്തിന്റെ വീട്ടിലേക്ക് സബ് ഏജന്റായ ആൽബിനെ അയച്ചത്. “എല്ലാം ശരിയായി, നിങ്ങൾ കോയമ്പത്തൂരിലോട്ട് വരൂ എന്ന് പറഞ്ഞപ്പോഴാണ് നവംബർ 7ന് ഞാനും എന്റെ കൂടെ വരാനിരുന്ന കൂട്ടുകാരൻ വിനീതും (യതാർത്ഥ പേരല്ല) കൂടി കോയമ്പത്തൂരിലേക്ക് ട്രെയിൻ കയറിയത്. കോയമ്പത്തൂർ എത്തിയതും സുരേഷ് അയാളുടെ റൂമിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ഒട്ടും വൃത്തിയില്ലാത്ത ഒരു വീടായിരുന്നു അത്. ബാത്‌റൂമിൽ വെള്ളം പോലും ഇല്ലായിരുന്നു. അവിടെ എത്തിയതും കുറച്ച് പേപ്പറുകൾ കൂടി ശരിയാക്കാനുണ്ടെന്നും രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്യണമെന്നും അയാൾ പറഞ്ഞു. വൃത്തിയില്ലാത്ത അവിടെ നിൽക്കാൻ ഞങ്ങൾ രണ്ടാൾക്കും ബുദ്ധിമുട്ടുണ്ടായതുകൊണ്ട് ഞങ്ങൾ കോയമ്പത്തൂരിലെ കാളിപ്പെട്ടി റോഡിൽ ഒരു റൂമെടുത്തു. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും പേപ്പർ ശരിയായിട്ടില്ലെന്ന് അയാൾ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ 16 ദിവസം ഞങ്ങൾ ആ ഹോട്ടൽ റൂമിൽ കഴിയേണ്ടി വന്നു. ഏകദേശം 10,000 രൂപയോളം അവിടെ ചിലവായി. അവസാനം കൈയിലെ കാശ് തീരാറായതുകൊണ്ട് അയാൾ ആദ്യം കൊണ്ടുപോയ മുറിയിലേക്ക് ഞങ്ങൾ താമസം മാറി. നവംബർ 23നാണ് കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്ക് പോയത്. ട്രാവൽ ഏജന്റായ സുരേഷും അയാളുടെ ഒരു ബന്ധുവും മറ്റ് രണ്ട് തമിഴ് ആളുകളും ഞങ്ങളും അടങ്ങുന്ന ആറ് പേരാണ് ചെന്നൈയിലേക്ക് പുറപ്പെട്ടത്. ലണ്ടനിലേക്ക് പോകാൻ ആദ്യം ഞങ്ങളെ സെർബിയയിൽ എത്തിക്കാം എന്നാണ് പറഞ്ഞിരുന്നത്. ചെന്നൈയിൽ നിന്ന് അന്ന് വൈകുന്നേരം തന്നെ സെർബിയയിലോട്ട് ഞങ്ങൾ ആറ് പേരും ഫ്‌ളൈറ്റ് കയറി. സെർബിയയിലെ ബെൽ​ഗ്രേഡ് എയർപോർട്ടിൽ ഞങ്ങളെ കണ്ടതും അവിടുത്തെ ഉദ്യോഗസ്ഥർ ‘വെയർ ആർ യൂ ഫ്രം?’ എന്ന് ചോദിച്ചു. ഞങ്ങൾ ഇന്ത്യ എന്ന് പറഞ്ഞു. അപ്പോഴേക്കും അയാൾ അകത്തേക്ക് പോയി ബാക്കിയുള്ളവരേം കൂട്ടി വന്നു. എങ്ങോട്ടേക്കാണ് പോകുന്നേന്ന് ചോദിച്ചപ്പോൾ ഞങ്ങൾ പോർച്ചുഗൽ എന്നാണ് പറഞ്ഞത്. പോർച്ചുഗലിൽ ഇല്ലീഗലായി പോകുന്നവർ 11 ശതമാനം ടാക്‌സ് അടച്ചാൽ ടി.ആർ.സി (ടെംപററി റെസിഡൻസ് കാർഡ്) അടിച്ച് നൽകും. ടി.ആർ.സി കിട്ടി കഴിഞ്ഞാൽ 27 ഷെങ്ങൻ കൺട്രീസിൽ എവിടെയാണെങ്കിലും വിസയില്ലാതെ നിൽക്കാൻ പറ്റും. അതായിരുന്നു എജന്റിന്റെ ഉദ്ദേശവും.” സുജിത് വിവരിച്ചു.

ഷെങ്ങൻ രാജ്യങ്ങളിൽ അഭയാർത്ഥികളാകുന്നവർ

ആസ്ട്രിയ, ബെൽജിയം, ചെക്കിയ, ഡെൻമാർക്ക്, എസ്‌തോനിയ, ഫിൻലാൻഡ്. ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹങ്കറി, ഐസ് ലാൻഡ്, ഇറ്റലി, ലാറ്റ്വിയ, ലിഫ്‌സ്റ്റെൻഷൈൻ, ലിത്വാനിയ, ലക്‌സംബർഗ്, മാൽട്ട, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലേകോവാക്യ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സ്വർലാൻഡ് തുടങ്ങിയ 26 രാജ്യങ്ങൾ അടങ്ങുന്നതാണ് ഷെങ്ങൻ ഏരിയ. ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ വിസയുടെ ആവശ്യമില്ലെന്ന് ട്രാവൽ ഏജന്റ് നേരത്തെ തന്നെ ഇവരോട് പറഞ്ഞിരുന്നു. ഷെങ്ങൻ ഏരിയയിൽ എത്തപ്പെട്ട് സ്‌പോൺസറെ കണ്ടുപിടിച്ച് എന്തെങ്കിലും തൊഴിൽ നേടുക എന്നതായിരുന്നു ഇവരുടെ ആദ്യ ഉദ്ദേശം. ലണ്ടനിലേക്ക് കൊണ്ടുപോകാമെന്ന് ഏറ്റിരുന്ന ട്രാവൽ ഏജന്റ് ഷെങ്ങൻ ഏരിയയിലെ വിസ പോളിസിക്ക് സമാനമായ പോളിസി നിലവിലുള്ള സെർബിയയിൽ അവരെ എത്തിക്കുന്നതിന് കാരണവും അതായിരുന്നു. ഷെങ്ങൻ വിസയിൽ സെർബിയയിൽ എത്തുന്ന ഏതൊരാൾക്കും 90 ദിവസത്തോളം അവിടെ ചെലവഴിക്കാനാകും.

“ഞങ്ങളെയെല്ലാം മണിക്കൂറുകളോളം ചോദ്യം ചെയ്തു. അതിനിടയിൽ അവിടുത്തെ ചില ഉദ്യോഗസ്ഥന്മാർ സെർബിയ ചുറ്റിക്കണ്ട് തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങി പോകാനും ആവശ്യപ്പെടുന്നുണ്ടായിരുന്നു. 10 ദിവസത്തോളം സെർബിയയിൽ തന്നെ ഞങ്ങൾക്ക് താമസിക്കേണ്ടി വന്നു. ഈ ദിവസങ്ങളിലെല്ലാം സുരേഷ് ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് ഒരു ദിവസം നാട്ടിൽ വന്നിട്ട് എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് അയാൾ തിരികെ പോയി. അവിടെ ചെന്നിട്ടാണ് മുഹമ്മദ് അലിയെന്ന പാകിസ്ഥാൻകാരനെ സുരേഷ് പരിചയപ്പെടുന്നത്. ഇല്ലീഗലായി ആളെ കടത്തുന്ന പണിയാണ് അയാൾക്ക്. അയാളുടെ കൈയിൽ ഞങ്ങൾ 5 പേരെ ഏൽപ്പിച്ചിട്ടാണ് സുരേഷ് പോയത്. സുരേഷ് പോയിട്ടും ഒന്നും നടക്കാതെ ആയതോടെ ഞങ്ങൾ രണ്ട് പേരും കേരളത്തിലോട്ട് തിരികെ പോകാമെന്ന് കരുതി. അങ്ങനെ ഡിസംബർ 3ന് നാട്ടിലോട്ട് ടിക്കറ്റുമെടുത്ത് ബോർഡിംഗ് പാസും വാങ്ങി നിന്നപ്പോഴാണ് കനത്ത മഞ്ഞു വീഴ്ച കാരണം ഫ്‌ളൈറ്റ് കാൻസൽ ചെയ്തുവെന്ന് അനൗൺസ്മെന്റ് വരുന്നത്. അന്ന് എയർപോർട്ടുകാർ തന്നെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുത്ത് തന്നു. പിറ്റേ ദിവസം എയർപോർട്ടിലേക്ക് പോകുന്ന വഴിക്കാണ് നാട്ടിൽ നിന്ന് അമ്മ വിളിക്കുന്നത്. സുരേഷ് വിളിച്ച് എല്ലാം സംസാരിച്ചിട്ടുണ്ട്, അവിടെ തന്നെ നിന്നാൽ മതിയെന്ന് അമ്മ പറഞ്ഞു. സെർബിയയിൽ തന്നെ നിന്നാൽ ഒന്നും നടക്കില്ലെന്ന് ഞാൻ അമ്മയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ചേട്ടനെ അയാൾ ലണ്ടനിൽ എത്തിച്ചിട്ടുള്ളതുകൊണ്ട് അമ്മയ്ക്ക് അയാൾ പറയുന്നത് വിശ്വാസമായിരുന്നു. ഫോൺ കട്ട് ചെയ്തതിന് ശേഷം ഞാൻ വിനീതിനോട് ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചു. അവനും പോർച്ചുഗലിലേക്ക് പോകാമെന്ന് പറഞ്ഞതോടെ തിരിച്ചുവരവ് ഒഴിവാക്കി ഞങ്ങൾ വീണ്ടും പഴയ സ്ഥലത്തേക്ക് പോയി. അന്ന് കയറി വന്നിരുന്നെങ്കിൽ കഴിഞ്ഞ ക്രിസ്തുമസിന് ഞാനും എന്റെ കൂട്ടുകാരനും പറന്ന് നടന്നേനെ.” സുജിത് ഓർമ്മിച്ചു.

“മുഹമ്മദ് അലി ഞങ്ങളോട് പറഞ്ഞത് ഫ്രാൻസിലേക്കുള്ള ബോർഡർ കടത്തിവിടാമെന്നായിരുന്നു. റൊമാനിയ വരെ ടാക്‌സിയിൽ പോകാമെന്നും നിങ്ങൾക്ക് നടക്കേണ്ടി വരില്ലെന്നുമുള്ള ഉറപ്പിൽ യാത്ര തുടങ്ങിയ ഞങ്ങൾ ആകെ പത്ത് പേരുണ്ടായിരുന്നു. രണ്ട് ഗൈഡുകൾ, മൂന്ന് പഞ്ചാബികൾ, പിന്നെ ഞാനും കൂട്ടുകാരനും ബാക്കി മൂന്ന് പേരും. സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ നിന്നും അയാൾ ഞങ്ങളെ ബസിൽ കയറ്റി പേരറിയാത്ത ഒരിടത്തേക്ക് വിട്ടു. ഇടിഞ്ഞു പൊളിഞ്ഞ വീടുകളിലേക്കാണ് ഞങ്ങൾ എത്തിയത്. ഇലക്ട്രിസിറ്റിയോ കിടക്കയോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ ചേറ് പിടിച്ച വഴിയിലൂടെ നടക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. പത്ത് പതിനഞ്ച് കിലോയോളം ഭാരമുള്ള ബാഗുകൾ തൂക്കി, മഞ്ഞിലൂടെ ഏകദേശം 20 കിലോമീറ്ററോളം ഞങ്ങൾ നടന്നു. റൊമാനിയൻ ബോർഡർ എത്തിയപ്പോഴേക്കും ഒരുതരം ലൈറ്റ് ഞങ്ങളുടെ ദേഹത്ത് അടിച്ചു. പോലീസ് അലർട്ട് ആയെന്നും, ഇന്നിനി യാത്ര നടക്കില്ലെന്നും കൂടെ വന്ന ഗൈഡുകൾ പറഞ്ഞു. തിരിച്ച് പോകാമെന്നാണ് അവർ ഉദ്ദേശിച്ചത്. പക്ഷേ അപ്പോഴേക്കും നേരം ഇരുട്ടി. അന്ന് മൂന്ന് മണിക്കൂറോളം ഒരു കാട്ടിലാണ് ഞങ്ങൾ കഴിഞ്ഞത്. കൂടെ വന്നവരുടെ കാലുകളെല്ലാം നടന്നുനടന്ന് വീങ്ങിയിരുന്നു. അതിലൊരാൾ കാലിൽ കമ്പിയിട്ടിരുന്നതാണ്. പക്ഷെ നടക്കാതെ വേറെ മാർഗമില്ലായിരുന്നു. അന്നുതന്നെ ഞങ്ങൾ സെർബിയയിലെ ആ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ എത്തി. ഞങ്ങൾ മുപ്പതോളം ആളുകൾ ആ ചെറിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്നു. ആ കൂട്ടത്തിൽ പഞ്ചാബികളും ശ്രീലങ്കക്കാരുമുണ്ടായിരുന്നു. പിറ്റേ ദിവസം സെർബിയൻ പോലീസ് പട്രോളിന് വന്നു. ഞങ്ങളെ കണ്ടപ്പോൾ പോയിട്ട് കുറച്ചു കഴിഞ്ഞ് വരുമ്പോൾ ഇവിടെ ഒരുത്തനെയും കണ്ടുപോകരുതെന്ന് പറഞ്ഞു. ഞങ്ങൾ വീണ്ടും കൈയിലിരുന്ന കാശുകൊണ്ട് ടാക്‌സി പിടിച്ച് ബെൽഗ്രേഡിൽ വന്നു. അങ്ങനെ വീണ്ടും ഒരാഴ്ച അവിടെ റൂമെടുത്ത് നിന്നു. ഞങ്ങളുടെ പാസ്‌പോർട്ടൊക്കെ ട്രാവൽ ഏജന്റിന്റെ കൈയിലായിരുന്നതുകൊണ്ട് അതും ഒരു സീനായിരുന്നു. ബെൽഗ്രേഡിൽ എത്തിയതിന് ശേഷം അവിടെയുണ്ടായിരുന്ന ഇന്ത്യൻ റസ്‌റ്റോറന്റിൽ വർക്ക് ചെയ്യുന്ന ഒരാളുമായി ഞങ്ങൾ പരിചയത്തിലായി. അയാളുടെ കോൺടാക്ട് വഴി ഒരു ബോട്ടിൽ നാല് ദിവസം നിന്നു. അന്നൊക്കെ അവിടെ നല്ല മഞ്ഞ് വീഴചയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന പഞ്ചാബികൾ ഭക്ഷണം വെക്കും. ചിലപ്പോൾ ഞങ്ങൾക്കും എന്തെങ്കിലും നൽകും. അല്ലാത്തപ്പോൾ ഞങ്ങൾ മാഗ്ഗിയാണുണ്ടാക്കി കഴിച്ചിരുന്നത്.” സുജിത്ത് ഭീതിയോടെ ആ കാലം വിവരിച്ചു.

തുടരുന്ന സാഹസിക യാത്ര

എട്ട് ലക്ഷം രൂപയോളം കടം വാങ്ങിയാണ് സുജിത് യൂറോപ്പിലേക്ക് പുറപ്പെട്ടത്. കടൽപ്പണിക്ക് പോകുന്ന അച്ഛന്റെ മാത്രം വരുമാനം കൊണ്ട് കുടുംബം മുന്നോട്ട് പോകില്ലാന്നും താനും ചില ഉത്തരവാദിത്തങ്ങൾ എറ്റെടുക്കണമെന്നും തിരിച്ചറിഞ്ഞാണ് സുജിത് എങ്ങനെയെങ്കിലും യൂറോപ്പിലേക്ക് കുടിയേറാൻ തീരുമാനിച്ചത്. ജോലി ഇല്ലാതെ തിരിച്ചെത്തിയാൽ കടം വാങ്ങി നൽകിയ എട്ട് ലക്ഷം രൂപ തിരിച്ചുകൊടുക്കാൻ കഴിയുമോ എന്ന ആശങ്കയും വീട്ടിലെ സാമ്പത്തികനിലയും സുജിത്തിനെ തീരുമാനങ്ങളിൽ ഉറപ്പിച്ചുനിർത്തി. അതുകൊണ്ട് തന്നെയാകണം ഗ്രീസിലേക്ക് വിടാമെന്ന് ഏജന്റ് വാക്ക് നൽകുമ്പോൾ അതും ഒരു പ്രതീക്ഷയായി സുജിത്തിന് അനുഭവപ്പെട്ടത്.

“ഇറ്റലിയിലുള്ള മറ്റൊരു ഏജന്റാണ് എങ്ങോട്ടേക്ക് പോകണമെന്ന ലൊക്കേഷൻ ഇട്ടു തന്നിരുന്നത്. സെർബിയയിൽ നിന്ന് ഗ്രീസിലോട്ട് എത്താൻ നോർത്ത് മസഡോണിയ വഴിയാണ് സാധാരണ ഏജന്റുമാർ ആളുകളെ വിടുന്നത്. പക്ഷെ ഞങ്ങൾ പോയത് സെർബിയയിൽ നിന്ന് നേരെ മസഡോണിയ വഴി അർബേനിയയിലേക്കാണ്. അർബേനിയൻ പോലീസിന് ഞങ്ങൾ പിടികൊടുക്കണം. അവർ നമ്മളുടെ ഫിംഗർ പ്രിന്റ്സൊക്കെ എടുത്തിട്ട് ഗ്രീസ് ബോർഡറിൽ കൊണ്ടിറക്കും. അവിടുന്ന് 26 കിലോമീറ്റർ നടന്ന് ഗ്രീസിൽ എത്തണം. എന്നാൽ അതുവരെ എത്തുന്നത് നമ്മുടെ ഭാഗ്യം പോലെയിരിക്കും.” ഒരു ത്രില്ലർ കഥ പോലെ സുജിത് ആ യാത്ര വിവരിച്ചു.

“യാത്രക്കിടയിൽ ഫോൺ ഉപയോഗിക്കേണ്ട എന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. പവർ കണക്ഷനുള്ള ഇടത്തേക്ക് എത്തപ്പെടുന്നത് വരെ ഫോണിൽ ചാർജ് നിൽക്കാനാകും അവർ അങ്ങനെ പറഞ്ഞത്. ലൊക്കേഷനുകൾ അറിയാനും ഇടയ്ക്ക് ഫോൺ കോളുകൾ ചെയ്യാനും എന്റെയൊക്കെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഏഴ് ദിവസം കൊണ്ട് ഗ്രീസിൽ എത്തുമെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ ഞങ്ങൾ നാല് ദിവസം കൊണ്ട് ഗ്രീസിലെത്തി. ഏകദേശം 70 കിലോമീറ്ററോളം ഞങ്ങൾ നടന്നു. റൊമാനിയ വഴി പോയിരുന്നെങ്കിൽ ഹംഗറിയിലോ, ആസ്ട്രിയയിലോ എത്തി പോളണ്ട് വരെ ടാക്സിയിൽ എത്താമായിരുന്നു. സെർബിയ ഷെങ്ങൻ കൺട്രി അല്ലാത്തത് കൊണ്ടാണ് അത്ര സീനാകുന്നത്. ഷെങ്ങൻ കൺട്രിയിലെത്തിയാൽ പിന്നെ ടാക്സിയിൽ പോകാം. ഇങ്ങനെ പാസ്‌പോർട്ടോ വിസയോ ഇല്ലാതെ നിയമവിരുദ്ധമായി എത്തി, രാജ്യാതിർത്തികൾ കടക്കാൻ ശ്രമിക്കുന്നവരെ കൊള്ളയടിക്കാനും അവിടെ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അത്തരം മാഫിയകളുടെ മുന്നിൽപ്പെട്ടാൽ കൈ വെട്ടുകയോ കൈയിലുള്ള എല്ലാ വസ്തുവകകളും അവർ കൈക്കലാക്കുകയോ ചെയ്യുമെന്ന് കൂടെയുണ്ടായിരുന്ന ശ്രീലങ്കക്കാരൻ പറഞ്ഞപ്പോൾ ഇനി യാത്ര തുടരണോ എന്ന് ഞാൻ ഒന്ന് സംശയിച്ചു. പക്ഷേ ഭാഗ്യത്തിന് ഡിസംബർ 21ന് ഞങ്ങൾ സുരക്ഷിതരായി ഗ്രീസിലെത്തി. ഗ്രീസിലെ ഏദൻസിലാണ് ഞങ്ങൾ റൂമെടുത്തത്. പക്ഷേ അവിടെ എത്തിയപ്പോഴാണ് ഗ്രീസിൽ വിസ ഇല്ലാതെ ജോലി ചെയ്യാൻ പറ്റില്ലെന്ന് അറിഞ്ഞത്. സീമാൻ വിസ അവിടെ പിടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല. ഇനി എന്ത് ചെയ്യണമെന്നറിയാതെ രണ്ട് മാസത്തോളം ഞങ്ങൾ ഗ്രീസിൽ തുടർന്നു. പറ്റിക്കപ്പെട്ട് വന്ന് പെട്ടുപോയവർക്ക് റൂം കൊടുക്കാനും മറ്റുമായി അവിടെ അനേകമാളുകളുണ്ട്. അത് തന്നെ ബിസിനസ് ആയി നടത്തുന്നവരാണ് അവർ. മാസം 75 യൂറോയാണ് റൂമിന് നൽകേണ്ടത്. ഫുഡിന് ആഴ്ചയിൽ 10 യൂറോ മതിയായിരുന്നു. ഇതിന്റെ ചിലവൊക്കെ ഏജന്റ് തന്നെയാണ് ചെയ്തത്. പക്ഷേ ഡിസംബർ 24ന് ഒരു ചെറിയ പ്രശ്‌നമുണ്ടായി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന തമിഴന്മാർ ഇടയ്ക്ക് എങ്ങോട്ടേക്കോ പോയി. റൂമിൽ ഇരുന്ന് ബോറടിച്ചപ്പോൾ നമുക്കും പുറത്തു പോയാലോ എന്ന് ഞാൻ വിനീതിനോട് ചോദിച്ചു. അങ്ങനെ ഞങ്ങൾ ചർച്ചിലേക്ക് പോയി. ഫോട്ടോസൊക്കെ എടുത്ത് തിരിച്ച് റൂമിൽ വന്നപ്പോൾ അവർ റൂമിലുണ്ടായിരുന്നു. ആരോട് ചോദിച്ചിട്ടാണ് പുറത്ത് പോയതെന്ന് ചോദിച്ച് അവർ ഞങ്ങളോട് ചൂടായി. നെറ്റൊന്നുമില്ലാതെ റൂമിലിരുന്നിട്ട് ഞങ്ങൾ എന്ത് ചെയ്യാനാണെന്ന് തിരിച്ച് ചോദിച്ചത് അവർക്ക് ഇഷ്ടമായില്ല. അങ്ങനെ ഞങ്ങൾ തമ്മിൽ ഉന്തും തള്ളുമായി.” കടന്നുപോയ പ്രതിസന്ധികൾ സുജിത്തിന്റെ വാക്കുകളുടെ വ്യാപ്തി നിറഞ്ഞുനിന്നു.

പുതിയതുറ തീരം. ഫോട്ടോ: ആരതി എം.ആർ

“രണ്ട് മാസത്തോളം ഞങ്ങൾക്ക് അവിടെ തന്നെ താമസിക്കേണ്ടി വന്നു. 15 ദിവസം കൊണ്ട് പേപ്പർ ശരിയാക്കാമെന്നായിരുന്നു അവർ ഞങ്ങളോട് പറഞ്ഞിരുന്നത്. പക്ഷേ രണ്ട് മാസത്തോളം നിൽക്കേണ്ടി വന്നു. ഗ്രീസിൽ താമസിക്കുന്നതിനിടയ്ക്ക് വീണ്ടും പോലീസിന്റെ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. ഒരു ദിവസം പോലീസ് വന്ന് എവിടെ നിന്നാണെന്ന് ചോദിച്ചു. ഇന്ത്യൻ ആണെന്ന് പറഞ്ഞപ്പോൾ പ്രൂഫ് കാണിക്കാൻ പറഞ്ഞു. പാസ്‌പോർട്ട് ഏജന്റിന്റെ കൈയിലായിരുന്നത് കൊണ്ട് പ്രൂഫ് ഇല്ലാന്ന് പറഞ്ഞു. അപ്പോൾ അവർ എങ്ങനെ എത്തിയെന്ന് ചോദിച്ചു. ബസിലെന്ന് പറഞ്ഞപ്പോൾ ടിക്കറ്റ് കാണിക്കാൻ പറഞ്ഞു. അതിന് മുന്നെ വന്ന ഒരു പോലീസ് അഞ്ച് പേരുടെ ടിക്കറ്റ് വാങ്ങി കീറി കളഞ്ഞിരുന്നു. ടിക്കറ്റ് ഇല്ലെന്ന് പറഞ്ഞതും അയാൾ ലാത്തികൊണ്ട് അടിച്ചോടിച്ചു. രണ്ട് മാസം കഴിഞ്ഞപ്പോൾ ഏജന്റ് ഇനി ഫ്രാൻസിലോട്ട് അയക്കാമെന്ന് പറഞ്ഞു. പക്ഷേ, അതൊന്നും നടക്കില്ലെന്ന് എനിക്കപ്പോൾ മനസ്സിലായിത്തുടങ്ങിയിരുന്നു. അങ്ങനെയാണ് തിരിച്ചുവരാൻ ശ്രമിച്ചത്. പുതിയതുറയിൽ തന്നെയുള്ള മറ്റൊരു സുഹൃത്ത് ഇതുപോലെ സെർബിയയിൽ വന്നിട്ട് തിരിച്ചുപോയിരുന്നു. ഞാൻ അവനെ കോൺടാക്ട് ചെയ്തു. അവനാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ഇമിഗ്രേഷനിൽ (ഐ.ഒ.എം) പോയി സറണ്ടറായാൽ മതിയെന്ന് പറഞ്ഞത്. തട്ടിപ്പിനിരയായി എത്തുന്നവരെയും കുടിയേറ്റക്കാരെയും സഹായിക്കാനായി യുണൈറ്റഡ് നേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് അത്. ഐ.ഒ.എമ്മിലെ പേപ്പർ വർക്കുകൾ കഴിയാൻ ഒരു മാസമെടുത്തു. അവിടെ എത്തിയതിന് ശേഷമാണ് സ്വതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാൻ തുടങ്ങിയത്. അവരുടെ പേപ്പർ ഉള്ളതുകൊണ്ട് ആരെയും പേടിക്കണ്ടായിരുന്നു.

ഓറഞ്ച് തോട്ടത്തിലെ ദുരിതപ്പണി

ഷോപ്പുകളിലായിരിക്കും പണിയെന്ന് പറഞ്ഞാണ് സീമാൻ വിസയിൽ ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. പക്ഷെ ഇവിടെ എത്തുമ്പോഴാണ് കൺസ്ട്രക്ഷൻ സൈറ്റുകളിലോ ഓറഞ്ച് തോട്ടങ്ങളിലോ ആണ് പണിയെന്നറിയുക. ഓറഞ്ച് തോട്ടങ്ങളിൽ ഓറഞ്ച് പറിക്കുന്നതൊക്കെ എളുപ്പപണിയായിരിക്കുമെന്നാണ് നമ്മൾ വിചാരിക്കുന്നത്. പക്ഷേ അടപ്പിളകുന്ന പണിയാണത്. ഒരു മണിക്കൂർ പണിയെടുത്താൽ 30 യൂറോ കിട്ടും. എന്നാൽ താമസിക്കാൻ ഇടമോ ഭക്ഷണമോ ഉണ്ടാകില്ല. തണുപ്പത്ത് ടെന്റ് അടിച്ചിട്ട് തരും. കുളിക്കാൻ പോലും സൗകര്യമുണ്ടാകില്ല. അവിടുത്തെ ചെലവിന് പോലും ഈ 30 യൂറോ തികയില്ല. ഫോൺ, പാസ്‌പോർട്ട് ഒക്കെ അവർ പിടിച്ച് വെക്കും. പാസ്‌പോർട്ടൊക്കെ കളഞ്ഞ് പണിസ്ഥലത്ത് നിന്ന് ഓടിവന്ന ഒരുപാടു പേർ ഐ.ഒ.എമ്മിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.” സുജിത് നിർവികാരനായി പറഞ്ഞു.

എന്തുകൊണ്ട് ഈ തട്ടിപ്പിന്റെ കാര്യം പോലീസിൽ പരാതിപ്പെട്ടില്ല എന്ന് ചോദിക്കുമ്പോഴും സുജിത്തിന്റെ മുഖത്ത് ഒരു നിർവാകരതയുണ്ടായിരുന്നു. “തണുപ്പത്ത് കിടന്ന് മരിക്കാതെ ജീവനോടെ തിരിച്ചുവന്നത് തന്നെ ഭാ​ഗ്യം” എന്നു മാത്രം അയാൾ പറഞ്ഞു. ആറ് മാസം വിദേശത്ത് ചെലവായ തുക ഒഴികെ ബാക്കിയെല്ലാം ട്രാവൽ ഏജന്റ് തിരികെ നൽകിയെന്നും സുജിത് പറഞ്ഞു. വീട്ടിലെ കടമെല്ലാം ഇനി കടൽപ്പണിയെടുത്ത് വീട്ടാമെന്നാണ് ഈ 21 വയസുകാരൻ ഇപ്പോൾ ആലോചിക്കുന്നത്.

പുതിയതുറയില്‍ വലയില്‍ നിന്നും മീനുകൾ വേര്‍പെടുത്തുന്ന മല്‍സ്യബന്ധനത്തൊഴിലാളികള്‍. ഫോട്ടോ: ആരതി എം.ആർ

പരാതിപ്പെടാൻ ഭയക്കുന്നവർ

സുജിത്തിന്റേത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല. തിരുവനന്തപുരത്തെ തീരദേശ ​ഗ്രാമങ്ങളിൽ നിന്ന് കൃത്യമായ രേഖകളില്ലാതെ യൂറോപ്യൻ രാജ്യങ്ങളിൽ പോവുകയും വഞ്ചിക്കപ്പെട്ട് തിരിച്ചുവരുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരുകയാണ്. പല രാജ്യങ്ങളിലും എത്തിപ്പെട്ട് അഭയാർത്ഥി പദവി നേടി ജോലി ചെയ്യുന്നവരുടെ എണ്ണം വലുതാണ്. തിരിച്ചുവന്നവർ കടക്കാരുടെ ഭീഷണികൊണ്ടോ ട്രാവൽ ഏജന്റിന് നൽകിയ പണം തിരികെ കിട്ടില്ലെന്ന് കരുതിയോ പൊലീസിൽ പരാതിപ്പെടാൻ ഭയക്കുന്നു. സുജിത്തിനൊപ്പം പോയ സുഹൃത്തിന് ഇതുവരെയും കാശ് തിരികെ കിട്ടാത്തതിനാൽ അയാൾ പ്രതികരിക്കാൻ പോലും തയ്യാറായില്ല.

അഭയാർത്ഥിയായെങ്കിലും മറ്റൊരു രാജ്യത്ത് കഴിയാമെന്ന് എന്തുകൊണ്ടാകും ഇവർ ചിന്തിക്കുന്നത്? ഇവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടതും സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കേണ്ടതും ആരുടെ ചുമതലയാണ്? മൽസ്യബന്ധനത്തൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടവും വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും ഈ പലായനങ്ങൾക്ക് കാരണമാകുന്നില്ലേ? ആ പ്രശ്നത്തെ എങ്ങനെയാണ് സർക്കാർ പരി​ഗണിക്കേണ്ടത്? അങ്ങനെ നിരവധി ചോദ്യങ്ങൾ സുജിത്തിന്റെ അനുഭവം മുന്നോട്ട‌ുവയ്ക്കുന്നു. കടലിനെ ജീവിതമാർഗമായി കണ്ടിരുന്ന ഒരു ജനത കടലുകടന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറേണ്ടിവരുന്നതിന്റെ കാരണങ്ങൾ പരമ്പരയുടെ അടുത്തഭാ​ഗത്ത്.

(തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 6, 2022 1:09 pm