Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


(കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ സുവോളജി വിഭാഗം സംഘടിപ്പിച്ച ടി. ഷാഹുൽ ഹമീദ് പരിസ്ഥിതി ലേഖന മത്സരത്തിൽ സമ്മാനം നേടിയ ലേഖനം.)
നാം ജീവിക്കുന്ന ഈ ഭൂമിയിലെ അനവധിയായ സസ്യങ്ങളും പക്ഷികളും മൃഗങ്ങളുമാണ് ഭൂമിയുടെ അസ്തിത്വത്തിന് അടിസ്ഥാനം. ഇവയുടെ ഒത്തുചേരലിനെയാണ് ജൈവവൈവിധ്യം എന്ന് പറയുന്നത്. ജൈവവൈവിധ്യം പരിസ്ഥിതിക നിലനിൽപ്പിന് അത്യന്തം പ്രധാനമാണ്; ഇതിലൂടെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തപ്പെടുന്നു. ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിൽ ആദിവാസി സമൂഹത്തിന് വലിയ പങ്കുണ്ട്. തങ്ങളുടെ ദൈവത്തെ പോലെ കാടിനെ കാണുന്ന ആദിവാസി മനോഭാവം അവരിൽ സംരക്ഷണ ബോധത്തെ വളർത്തുന്നു. അതിനാൽത്തന്നെ അവർ കാടിനെയും അതിലെ ജീവജാലങ്ങളെയും തങ്ങളുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായാണ് കാണുന്നത്.
തലമുറകളായി കൈമാറിവരുന്ന ഈ പാരിസ്ഥിതിക ബോധ്യമാണ് ആദിവാസി സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. സംരക്ഷിക്കുക എന്നത് ദൗത്യമല്ല, അതൊരു പ്രാഥമിക അവകാശമാണ് എന്നവർ കരുതുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കുന്ന ആദിവാസി സമൂഹങ്ങൾ, നൂറ്റാണ്ടുകളായി തങ്ങളുടെ പരമ്പരാഗത അറിവുകളിലൂടെയും ആചാരങ്ങളിലൂടെയും ജൈവവൈവിധ്യം സംരക്ഷിക്കുന്നു. ആദിവാസി സമൂഹം പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനാൽ, കാലാവസ്ഥയിലെ മാറ്റങ്ങൾ, സസ്യങ്ങളുടെ വളർച്ച, മണ്ണിന്‍റെ ഗുണനിലവാരം തുടങ്ങിയവയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ അവർക്കുണ്ട്. ഏത് സസ്യം ഔഷധമാണെന്നും, ഏത് വേരുകളാണ് രോഗശാന്തിക്ക് സഹായകമാകുന്നതെന്നും അവർക്കറിയാം. ആരോഗ്യപച്ച പോലുള്ള സസ്യങ്ങളുടെ ഔഷധ ഗുണങ്ങൾ കണ്ടെത്തിയത് ആദിവാസി സമൂഹത്തിന്റെ ജൈവപരമായ അറിവിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. അഗസ്ത‌്യമല ബയോസ്‌ഫിയർ റിസർവിലെ ഔഷധ സസ്യങ്ങൾ സംരക്ഷിക്കാൻ കാണി ഗോത്രം അവരുടെ പരമ്പരാഗത അറിവ് ഉപയോഗിക്കുന്നുണ്ട്. ഔഷധസസ്യങ്ങളെ തിരിച്ചറിയാനും ഉപയോഗിക്കാനും ആദിവാസി സമൂഹത്തിനുള്ള അറിവ് അസാധാരണമാണ്. ഇന്നത്തെ ആധുനിക വൈദ്യശാസ്ത്രം ഈ പരമ്പരാഗത അറിവുകളിൽ നിന്നും നിരവധി പ്രചോദനങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്.


ജൈവവൈവിധ്യം എന്നത് സസ്യങ്ങളും മൃഗങ്ങളും മാത്രമല്ല, അതിൽ വനങ്ങൾ, തണ്ണീർത്തടങ്ങൾ, നദികൾ, പുഴകൾ, കായലുകൾ, മലനിരകൾ, മൺതിട്ടകൾ, സുക്ഷ്മജീവികൾ തുടങ്ങി നിരവധി ആവാസവ്യവസ്ഥകളും ഉൽപ്പെടുന്നു. ഈ എല്ലാ പരിസ്ഥിതി ഘടകങ്ങളും പരസ്പ്പരം ബന്ധപ്പെട്ട് നിലനിൽക്കുമ്പോഴാണ് ഭൂമിയിലെ ജീവൻ സുസ്ഥിരമാക്കുന്നത്. പ്രകൃതിയിലെ എല്ലാ വസ്തുകളും അവരുടെ മാത്രമല്ല മറ്റ് ജീവജാലങ്ങളുടേത് കൂടിയാണ് എന്ന മനോഭാവമാണ് ആദിവാസി സമൂഹത്തിനുള്ളത്. മണ്ണിന്‍റെ ഫലഭൂയിഷ്ഠത നിലനിർത്തൽ, മഴവെള്ളം സംരക്ഷിക്കൽ, ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കൽ തുടങ്ങിയവ ആദിവാസികളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. ആധുനിക വിദ്യാഭ്യാസത്തിലൂടെയല്ല, അനുഭവത്തിലൂടെയും നീരീക്ഷണത്തിലൂടെയും തലമുറകളായി കൈമാറി വന്നതാണ് ഈ അറിവുകൾ.
ആദിവാസി സമൂഹങ്ങളുടെ പാർപ്പിടം, ഭക്ഷണരീതികൾ, വസ്ത്രങ്ങൾ, ഉപകരണങ്ങൾ എല്ലാം പരിസ്ഥിതി സൗഹൃദപരമാണ്. വാക്കുകളിലൂടെയല്ല, പ്രവർത്തികളിലൂടെയാണ് തലമുറകളിലേക്ക് അവർ ഈ ബോധ്യങ്ങൾ പകരുന്നത്. അതുകൊണ്ടാണ് ആദിവാസി സമൂഹത്തിന്റെ നിലനിൽപ്പ് പ്രകൃതിയുടെയും ജൈവവൈവിധ്യത്തിൻ്റെയും സംരക്ഷണത്തിൽ പ്രധാനമായി മാറുന്നു. തേൻ ശേഖരിക്കുമ്പോൾ പോലും തേനിച്ചകളെ ഉപദ്രവിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു.


ജൈവസമ്പത്തിൻ്റെ കലവറയാണ് ഉഷ്ണമേഖലാ പ്രദേശം. ഒരു പ്രദേശത്തെ ജീനുകൾ, സ്പീഷിസുകൾ, ആവാസവ്യവസ്ഥകൾ ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച് ചേർന്നാണ് ഭൂമിയിലെ ജീവജാല സമ്പത്തിനെ നിലനിർത്തുന്നത്. അതുകൊണ്ട് തന്നെ, ജൈവവൈവിധ്യം സംരക്ഷിക്കുന്നത് മനുഷ്യന്‍റെ നിലനിൽപ്പിനും പ്രകൃതിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനും ഒരുപോലെ അത്യന്താപേക്ഷിതമാണ്. ജൈവവൈവിധ്യത്തെ നശിപ്പിക്കുന്ന നഗരവത്കരണവും വനനശീകരണവും ആദിവാസി സമൂഹത്തെ സാരമായി ബാധിക്കുന്നുണ്ട്. അണക്കെട്ടുകളുടെ നിർമ്മാണത്തിനും ഏകവിള തോട്ടങ്ങളുടെ വ്യാപനത്തിനും വേണ്ടി കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് ആവാസവ്യവസ്ഥയെ തകർക്കുന്നു. കാലാവസ്ഥാ വ്യതിയാനം ജൈവവൈവിധ്യത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. അധിനിവേശ ജീവിവർഗങ്ങളുടെ വ്യാപനവും ജൈവവൈവിധ്യത്തിന് അപകടമായി മാറുന്നു. ഉദാഹരണത്തിന് ലാൻ്റാന, വാട്ടർഹയാസിന്ത് തുടങ്ങിയവ തദ്ദേശീയ സസ്യങ്ങളെ നശിപ്പിക്കുന്നു. വികസനവും സംരക്ഷണവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാഴ്ച്ചപ്പാടാണ് ഇന്ന് അനിവാര്യമായി മാറിയിരിക്കുന്നത്. ആദിവാസിസമൂഹം ഇതിന് ഏറ്റവും നല്ല മാതൃകയാണ്.
ആധുനിക സമൂഹം വളർച്ചയുടെ പേരിൽ വനങ്ങളും പുഴകളും മലനിരകളും നശിപ്പിക്കുമ്പോൾ, ആദിവാസികൾ അവരുടെ ആത്മാവിന്‍റെ ഭാഗമെന്നപോലെ പ്രകൃതി സംരക്ഷിക്കുന്നത് കാണാം. പ്രകൃതിയെകാക്കുന്ന ആദിവാസികളെ അഥവാ തദ്ദേശീയ സമൂഹങ്ങളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളും നിരവധി നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വനാവകാശ നിയമം – 2006, ജൈവവൈവിധ്യ നിയമം – 2002, വനസംരക്ഷണ നിയമം – 1980 എന്നിവ ആദിവാസികളുടെ അവകാശങ്ങളും സ്വയംഭരണാവകാശവും ഉറപ്പാക്കുന്നു. ആദിവാസികൾക്ക് അവരുടെ പരിസ്ഥിതിയും സംസ്‌കാരവും സംരക്ഷിക്കാൻ ഈ നിയമങ്ങൾ നിയമപരമായ കരുത്ത് നൽകുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിന്‍റെ ആദിവാസി മാതൃകകൾ ഭാവിതലമുറയിലേക്ക് കൈമാറപ്പെടേണ്ടതുണ്ട്.
(ബി.എസ്.സി ബോട്ടണി വിദ്യാർത്ഥി, ഫാത്തിമ മാതാ നാഷണൽ കോളേജ്)

