കാലം അപ്ഡേറ്റ് ചെയ്യുന്ന കൃതി

മയ്യത്തു കേൾക്കാൻ വേണ്ടി മുക്രിക്കാക്ക കബറിനു നേരെ മുഖം താഴ്ത്തി ഉറക്കെച്ചൊല്ലിത്തുടങ്ങി :
“മൻ റബ്ബൂക?” (നിന്റെ സ്രഷ്ടാവാര്)
“മൻ നബ്ബിയുക?” (നിന്റെ പ്രവാചകനാര്)
“മാദീനുക?” (നിന്റെ മതമേത്)
“മൻ ഇമാമുക? ” (നിന്റെ നേതാവാര്)

………….

“മുൻകറും നകീറും ചോദ്യത്തിനായി നിമിഷങ്ങൾക്കകം കബറിലെത്തും. അപ്പോഴേക്കും മയ്യത്തിനെ ചോദ്യങ്ങളും ഉത്തരങ്ങളുമായി തയ്യാറാക്കി നിർത്തണം. അതുകൊണ്ട് അറബിയിലുള്ള ചോദ്യങ്ങൾക്ക് ക്രമത്തിൽ അറബിയിൽ തന്നെ ഉത്തരവും മുക്രിയാക്ക ചൊല്ലുന്നു.
“അല്ലാഹു റബ്ബീ ” (അല്ലാഹുവാണ് സ്രഷ്ടാവ്)
” മുഹമ്മദുനബ്ബി ” (മുഹമ്മദു നബിയാണ് എന്റെ പ്രവാചകൻ)
” ഇസ്ലാമു ദീനീ” (ഇസ്ലാമാണെന്റെ മതം)
“ഖുർആന ഇമാമീ “
(ഖുർആനാണ് എന്റെ നേതാവ്)

– സുൽത്താൻ വീട്, പി.എ മുഹമ്മദ് കോയ

ചിലന്തിവായിൻപശ ചിലന്തിവലയിൽ സ്വാഭാവികമായി എങ്ങനെ അലിഞ്ഞു ചേരുന്നോ അതുപോലെ രാഷ്ട്രീയവും ചരിത്രവും വർത്തമാനകാല മനുഷ്യജീവിതവുമായി ഇഴുകിച്ചേർന്നവതരിപ്പിക്കപ്പെടുമ്പോഴാണ് ഒരു കൃതി സർവ്വകാലികമാവുന്നത്. മറ്റാരു രീതിയിൽ പറഞ്ഞാൽ ഓറഞ്ചിൽ ഓറഞ്ചുനിറമെന്നപോലെ സ്വാഭാവികമാവണം രാഷ്ട്രീയ ചരിത്ര കാര്യങ്ങൾ ഒരു സാഹിത്യകൃതിയിൽ. നിർഭാഗ്യമെന്നു പറയട്ടെ അങ്ങനെ അവതരിപ്പിക്കപ്പടുന്ന കൃതികളൊന്നും തന്നെ ഈ അടുത്ത കാലത്ത് ഞാൻ വായിച്ചിട്ടില്ല.

സുൽത്താൻ വീട് കവർ

ഇന്ന് വായിക്കാനെടുക്കുന്ന മിക്കവാറും എല്ലാ നോവലുകളും സെക്സും വയലൻസും അന്നന്നത്തെ രാഷ്ട്രീയ സംഭവങ്ങളും ചൂടോടെ അവതരിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്താൽ എഴുതപ്പെട്ടത് എന്ന് തോന്നാറുണ്ട്. വായനാ സമൂഹം കൊണ്ടാടുന്ന നോവലുകളിലെല്ലാം സെക്സ് വർണ്ണനകളുടെ അതിപ്രസരവും വയലൻസിന്റെ അമിതാവേശവും കാണാൻ കഴിയും. ഓരോ കാലവും ആവശ്യപ്പെടുന്ന അഭിരുചികളുണ്ടാവാം, അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ കാലത്തെ സാഹിത്യ/കലാസ്വാദനത്തെ നിയന്ത്രിക്കുന്നത് സെക്സും വയലൻസും ആണെന്നു പറയാം. പക്ഷേ ഇത്തരം സാന്ദർഭിക അഭിരുചികൾ താത്കാലികം മാത്രമാണ്. സാർവ്വ കാലികമായ കഥ പറച്ചിൽ, സാന്ദർഭിക അഭിരുചികളെ മാനിക്കാത്തവയായിരിക്കും. ഏതു കാലത്തെ മനുഷ്യനും വായിച്ചാസ്വദിക്കാൻ കഴിയുന്ന സർവ്വകാല മനുഷ്യന്റെ ജീവിതവും ചരിത്രവും ജീവിത രാഷ്ട്രീയവും ആയിരിക്കും അത്തരം കൃതികളുടെ ഉള്ളടക്കം. ഏതൊരു കാലത്തെയും മനുഷ്യനെ തൊടുന്ന വൈകാരികതയാവും അത്തരം കൃതികളുടെ ഉള്ളടക്കം. ഈ ഒരു കാഴ്ചപ്പാടിൽ എഴുതപ്പെടുന്ന കൃതികളെ ക്ലാസ്സിക് എന്നു വിളിക്കാം. അത്തരമൊരു ക്ലാസ്സിക് കൃതിയാണ് പി.എ മുഹമ്മദ് കോയ എഴുതിയ ‘സുൽത്താൻ വീട്’. കോഴിക്കാടൻ മുസ്ലീം ഭാഷ സമൃദ്ധമായി കടന്നുവരുന്ന ‘സുൽത്താൻ വീട്’ ഒരു കാലഘട്ടത്തിന്റെ ഭാഷ, ചരിത്രം, രാഷ്ട്രീയം, സാമൂഹിക ജീവിതം ഇവയെയെല്ലാം ഒരു കണ്ണാടിയിലെന്നപോലെ ഇന്നിലേക്ക് പ്രതിബിംബിക്കുന്നു.

സ്വാതന്ത്ര്യസമരചരിത്ര കാലത്തെ കോഴിക്കോടിനെ, ഒരു അരനൂറ്റാണ്ടുകാലത്തെ കോഴിക്കോടൻ മുസ്ലിം ജീവിതത്തെയാണ് ‘സുൽത്താൻ വീട്’ എന്ന ബൃഹദ് നോവലിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. യത്തീമായ, എന്നാൽ സുൽത്താൻ വീട് എന്ന വലിയ തറവാട്ടിലെ ഒരംഗമായ ഏഴുവയസ്സുകാരൻ ഉമ്മർകോയയെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥ നീങ്ങുന്നത്. എളാമ്മ പലഹാരം ഉണ്ടാക്കിവിറ്റ് പോറ്റുന്ന, ഉപ്പയും ഉമ്മയുമില്ലാത്ത ഉമ്മർകോയയ്ക്ക് തിത്തിബി എന്ന കൊച്ചനുജത്തി ഉണ്ട്. ചെറുപ്പത്തിലെ കുച്ചീം മണിം കട്ടവനെന്ന കള്ളപ്പേര് ചുമത്തി ദുഃഖിപ്പിച്ച തറവാട്ടുകാർക്ക് മുന്നിൽ സ്വപ്രയത്നം കൊണ്ട് ഉന്നത നിലയിൽ എത്തിച്ചേരുന്ന ഉമ്മർകോയയെ അവതരിപ്പിക്കുന്നതോടൊപ്പം ഉമ്മർകോയയുടെ കാഴ്ചയിലൂടെ അന്നത്തെ കോഴിക്കോടൻ പ്രകൃതി, ജനങ്ങളുടെ ദൈനംദിന ജീവിതം, അധ്വാനം, സാമ്പത്തിക ജീവിതം, പ്രാദേശിക രാഷ്ട്രീയം, ഇന്ത്യൻ രാഷ്ട്രീയം, ലോക രാഷ്ട്രീയം, രണ്ടാം ലോകമഹായുദ്ധം, പുറം ലോകം കാണാത്ത മുസ്ലീം പെൺജീവിതം എല്ലാം അവതരിപ്പിക്കപ്പെടുന്നു വളരെ സുവ്യക്തമായി.

സുൽത്താൻ വീട് കവർ

സമൂഹത്തിലെ എല്ലാ ചലനങ്ങളേയും സൂക്ഷ്മം വീക്ഷിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും സമാനഹൃദയരുമായി ചർച്ച നടത്തുകയും വാദപ്രതിവാദങ്ങളിലേർപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ജനാധിപത്യ സമൂഹത്തിലെ ഒരു പൊതു മനുഷ്യൻ. അയാൾ ഒരിക്കലും ചരിത്ര സംഭവങ്ങളിലേക്ക് നേരിട്ട് എടുത്തുചാടി പ്രവർത്തിക്കുന്നില്ല. അയാൾ ജനസാഗരത്തിൻ കരയിൽ നിന്ന് അതിന്റെ ഒഴുക്കിനെ വീക്ഷിക്കുന്നു. നല്ലതു വരണേ എന്നാഗ്രഹിക്കുന്നു. അതോടൊപ്പം അയാൾ സ്വജീവിത പ്രതിസന്ധികളെ ധീരമായി നേരിട്ട് വ്യക്തി ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ മാറ്റങ്ങൾക്കൊണ്ടുവരാൻ ശ്രമിക്കുന്നു… അയാൾ ഒരിക്കലും ഒരു ചരിത്ര പ്രതിസന്ധിയിലും നേരിട്ട് പങ്കെടുക്കുന്നില്ല. എന്നാൽ അയാൾ എല്ലാം കാണുന്നു, അറിയുന്നു… അങ്ങനെയുള്ള ജനസാമാന്യത്തിന്റെ പ്രതിനിധിയാണ് ഉമ്മർകോയ. ഉമ്മർകോയ കോഴിക്കോടു കടപ്പുറത്തുവെച്ചു നടക്കുന്ന ഉപ്പുസത്യഗ്രഹത്തിൽ നേരിട്ടു പങ്കെടുക്കുന്നില്ല. പക്ഷേ അയാൾ ഉപ്പുസത്യഗ്രഹം നടത്തുന്ന സ്വാതന്ത്ര്യപ്പോരാളികളെ നേരിട്ട് കാണുന്നുണ്ട്, ആ രംഗം ഇങ്ങനെയാണ് തുടങ്ങുന്നത്:
പുലർകാലത്തെ ഇളം വെയിലിൽ കടലിൽ നിന്നുള്ള ഇളം കാറ്റിൽ ത്രിവർണ്ണപതാക പുതിയൊരു ജ്വാല പോലെ പാറി. ഉപ്പു ചട്ടിക്കടിയിലെ ജ്വാലകൾ മന്ദം മന്ദം ആളി.
“ബോലോ ഭാരത് മാതാ കീ ജയ് !”
മഹാത്മാ ഗാന്ധീ കീ ജയ്! ” …….
……..
“കൊണ്ടെടാ ചട്ടി, വല്യ നേതാവ്, ചട്ടി തരാനാ പറഞ്ഞത്.” ബൂട്ട് പൂഴിയിൽ അമർത്തിച്ചവിട്ടി സൂപ്രണ്ട് ഘോരമായി അലറി.
“തരില്ല” ഒരു സിംഹ ഗർജ്ജനം. കടൽത്തീരത്താകെ ഘനഗംഭീരമായി അതു മുഴങ്ങുന്നു.
സൂപ്രണ്ട് ഞെട്ടിത്തെറിച്ചു പോയി.
നെടിയ ദേഹം, ഉയർന്ന നെറ്റി, മുറ്റിയ പുരികങ്ങൾ, കറുത്തു തുറ്റ മീശ, ചെവിയിൽ നിന്ന് കറുത്ത രോമങ്ങൾ തള്ളി നിൽക്കുന്നു. ശൗര്യം തുളുമ്പുന്ന തിളങ്ങുന്ന കണ്ണുകൾ ! ജൂബ്ബയും പൈജാമയുമിട്ട് നേതാവ് തലയുയർത്തി ഒരു സിംഹരാജനെപ്പോലെ നിൽക്കുന്നു.
അബ്ദുൾ റഹ്മാൻ സാഹിബ് !
ആളുകൾ രോമാഞ്ചത്തോടെ, ആദരത്തോടെ മൊഴിയുന്നു.
സൂപ്രണ്ടിന്റെ മുഖം ചുമന്നിരിക്കുന്നു. മുഖത്തെ പേശികളും മീശയും വിറക്കുന്നു. തന്റെ മുഖത്തു നോക്കി തരില്ലെന്ന് ഒരുത്തൻ ഗർജ്ജിക്കുക. ആ കാലം വന്നിട്ടില്ല. സൂപ്രണ്ട് ഒരിക്കൽക്കൂടി ചോദിച്ചു: “തരില്ലേ?”
“ഇല്ല”
“തരില്ലേ?”
…… ലാത്തികൾ തുരു തുരെ നേതാവിനു മേൽ വീഴുന്നു.
“ഭാരത് മാത കീ ജയ്”!

മുദ്രാവാക്യം വിളികൾക്കിടയിലൂടെ മർദ്ദനമേറ്റ് ചോരയിൽ അഭിഷിക്തരായ സത്യഗഹികളെ പോലീസ് വാഹനങ്ങളിൽ വലിച്ചിട്ട് വണ്ടികൾ ഇരമ്പിച്ച് പോകുന്നിടത്താണ് ആ ഉപ്പുസത്യഗ്രഹ രംഗം അവസാനിക്കുന്നത്. അധികാരത്തിനുമുന്നിൽ കീഴടങ്ങാത്ത സ്വാതന്ത്യവാഞ്‌ചയും വീര്യവും ധൈര്യവും അസ്തമിക്കാത്ത ആത്മവിശ്വാസവും നമുക്കീ മനുഷ്യരിൽക്കാണാം. പാഠപുസ്തകങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും അത്തരം മനുഷ്യർ തുടച്ചുനീക്കപ്പെടുകയും തമസ്ക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ സുൽത്താൻ വീട് പോലുള്ള സാഹിത്യകൃതികൾ അവയെ എന്നേക്കുമായി വെളിച്ചത്തിൽ നിർത്തുന്നു.

പോലീസ് സത്യാഗഹികളെ ലാത്തിവീശിച്ചതയ്ക്കുമ്പോൾ ഉമ്മർകോയയ്ക്ക് വേദനിക്കുന്നുണ്ട്, ബ്രിട്ടനെതിരെ രോഷാകുലനാവുന്നുണ്ട്, മുദ്രാവാക്യം വിളിക്കാൻ നാക്കു തരിക്കുന്നുണ്ട്. അവൻ പക്ഷേ അതെല്ലാം നോക്കിക്കണ്ട്, ഹൃദയത്തിലേറ്റി തിരിച്ചു വന്ന് അവന്റെ മാസ്റ്ററുമായി വാദപ്രതിവാദത്തിലേർപ്പെടുന്നു, പിന്നെ തന്റെ ദൈനം ദിന പ്രാരാബ്ധങ്ങളിലേക്കു മടങ്ങുന്നു. സാമാന്യജനത്തിന്റെ ഭാഗത്തു നിന്നൊരാളെ കഥാ കേന്ദ്രത്തിൽ നിർത്തി: അന്നത്തെ മൊത്തം രാഷ്ട്രീയ ചരിത്രവും കോഴിക്കോടിന്റെ സ്വാതന്ത്ര്യസമര ചരിത്രവും മുസ്ലീം ജീവിതവും മനോഹരമായി പറയുന്നു എന്നതാണ് സുൽത്താൻ വീട് എന്ന നോവലിനെ ഇന്നും പ്രസക്തമാക്കുന്നത്.

ഉമ്മർകോയയും അവന്റെ മാസ്റ്ററും അലക്കു കമ്പനിയിലെ വേലുച്ചേട്ടനും കടയ്ക്കപ്പുറമിരുന്ന് ബീഡി തെറുക്കുന്ന മമ്മു മാപ്പളയും ചേർന്നുള്ള സംഭാഷണങ്ങളിലെല്ലാം അന്നത്തെ രാഷ്ട്രീയ ചലനങ്ങളാണ് വിശകലനം ചെയ്യപ്പെടുന്നത്.
ഒരു സന്ദർഭം ഇങ്ങനെയാണ് :
പെട്ടെന്നു വേലു ചോയിച്ചു : “പത്രം വായിച്ചോ?”
“ഇല്ല”
“അതാ മേശപ്പുറത്ത് “
അവരെ കുലുക്കിക്കളഞ്ഞ വല്ലതും പത്രത്തിലുണ്ടോ? പതിനാലാം നമ്പർ വിളക്കിന്റെ തിരിനീട്ടി ഉമ്മർകോയ പത്രത്തിന്റെ തലക്കെട്ടിലൂടെ കണ്ണോടിച്ചു. ഭഗത് സിംഗിനേയും രാജഗുരുവിനേയും സുഖദേവിനേയും തൂക്കിക്കൊന്നു. ഉമ്മർക്കോയ ഞെട്ടിപ്പോയി. അവരെ തൂക്കി? അവരെ തൂക്കി? തരിച്ചിരുന്ന അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
……….

“എന്തു പറയുന്നു ” മാസ്റ്റർ ചോദിച്ചു.
…….” ആ സിംഹക്കുട്ടികളെക്കൊല്ലുമ്പോൾ അരുത് എന്നൊരു വാക്ക് ഗാന്ധി പറഞ്ഞോ?”
…….
“അഹിംസ കൊണ്ട് ഇന്നാട്ടിലിനി രക്ഷയില്ല. “ഉമ്മർകോയയ്ക്ക് ആവേശം കയറി. അവൻ തുടർന്നു “ഗാന്ധിജി ഇർവിൻ പ്രഭുവുമായി സന്ധിചെയ്യാൻ കണ്ട ഒരു നേരം.”
മാസ്റ്റർ പെട്ടെന്ന് ഒന്നും പറഞ്ഞില്ല. തെല്ലു കഴിഞ്ഞിട്ട് പറഞ്ഞു: ” ഗാന്ധിജിയെ മനസ്സിലാവാത്തതു കൊണ്ടു പറയാ ഇത്. അദ്ദേഹത്തിന് ചില തത്വങ്ങൾ ഉണ്ട് . അതു വെറും തത്വങ്ങളല്ല വിശ്വാസ പ്രമാണങ്ങളാണ്. “
“നാട്ടിലെ മൂന്നു ചുണക്കുട്ടികളെ തൂക്കിലേറ്റുമ്പോൾ മിണ്ടാതിരുന്നത് ആ തത്വങ്ങൾ കൊണ്ടാണ് അല്ലേ?” ഇർവിനുമായി സന്ധിചെയ്തതും ആ തത്വപ്രകാരമാണ് അല്ലേ?” വേലുവാണ് തിരിച്ചടിച്ചത്.

ഇത് മാസ്റ്റർ ഓർക്കാത്തതായിരുന്നു. മാസ്റ്റർ തലതാഴ്ത്തിയിരുന്നു.
അപ്പോൾ വേലു ഒരു പടികൂടി കയറി പറഞ്ഞു: “ഗാന്ധി ഇർവിൻ സന്ധി ഒപ്പിട്ട മഷി വറ്റും മുമ്പല്ലേ ഭഗത് സിംഗിനേയും കൂട്ടുകാരേയും തൂക്കിക്കൊന്നിരിക്കുന്നത്. എനിക്ക് എല്ലാറ്റിലും വിശ്വാസം നശിക്കുകയാണ്. ഇതൊക്കെ മാറണം മാസ്റ്ററേ, ഇങ്ക്വിലാബ് സിന്ദാബാദ് , വിപ്ലവം ജയിക്കട്ടെ എന്ന് അവർ തൂക്കുമരത്തിൽ നിന്ന് ഗർജ്ജിച്ചതാണ് ശരി.”

നന്മയുടെ പക്ഷത്തു നിൽക്കുന്ന ആളുകൾ തന്നെ നന്മയെ സംശയിച്ചേക്കാം, മനുഷ്യ സഹജമാണത്. ഒരേ തത്വത്തിൽ വിശ്വസിച്ചിരുന്ന ആളുകൾ ആശയപരമായി രണ്ടായി പിരിയുന്നതിന്റെ ഒരു ദൃശ്യം നമുക്കിവിടെ കാണാം.
ഈ സംഭാഷണം കേൾക്കുന്ന പീടികക്കാരൻ മമ്മുക്ക സ്വാതന്ത്യ ദാഹികളായ സമരക്കാരെ പരിഹസിക്കുന്നത് ഇങ്ങനെയാണ് ;
“ഇഞ്ഞിപ്പം ബട്ടമേസ സമ്മേളത്തിന് പോയിട്ട് കാന്തി ഇപ്പം സോതന്തിരിയം ബസീല് വെച്ച് കൊണ്ടവരും , കാത്തു കുത്തിരിഞ്ഞോളി ” ഇന്ത്യൻ മണ്ണിൽ നിന്നും ബ്രിട്ടീഷുകാരു പോകണ്ടാ എന്നാഗ്രഹിച്ച മുഴുവൻ പേരുടേയും വാക്കുകളാണിത്.
…….അവിടെ നിന്നിറങ്ങി ഉമ്മർകോയ വഴി നടന്നു പോകുമ്പോൾ പിന്നെയും കേൾക്കുന്നത് അത്തരം രാഷ്ട്രീയ സംഭാഷങ്ങളാണ് സ്വാതന്ത്ര്യത്തിനെതിരെ നിൽക്കുന്ന കൂട്ടരുടെ ശബ്ദ കോലാഹലങ്ങൾ ;
” തന്തിരമാണതു ഗാന്ധി പറഞ്ഞുള്ള
മന്തിരം കേട്ടു നടക്കല്ലേ
ഹന്ത സ്വദേശീയ വസ്ത്രവും അതി
തൊന്തരമാണതുടുക്കല്ലേ
തപ്പിലവേ കടപ്പിടി കോരിയു –
മുപ്പു കുറുക്കിയെടുക്കല്ലേ …..”

അച്ചടിച്ച പുസ്തകവും കൈയ്യിൽപ്പിടിച്ച് തലേക്കെട്ടുള്ള ഒരു ചങ്ങാതി പാടിക്കൊണ്ട് നിൽക്കുന്നതു കാണുമ്പോൾ “നാണക്കേട് ” എന്ന് ഉമ്മർകോയ മനസ്സിൽ ആലോചിക്കുന്നുണ്ട്. ജനം പലതാണ്. ഒരു പ്രശ്നം ഉണ്ടാവുമ്പോൾ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാവും. അന്ന് സ്വാതന്ത്ര്യ സമരത്തേയും സ്വദേശി പ്രസ്ഥാനത്തേയും എതിർത്ത ജനങ്ങളും ഉണ്ടായിരുന്നു. എന്നും ബ്രിട്ടന്റെ മേൽക്കൊയ്മയ്ക്കടിപ്പെട്ട് ജീവിക്കാനാഗ്രഹിച്ചവർ.
” ….. പട്ടരും വെട്ടിയും നായര് നമ്പൂരി –
ക്കിയൂരുഭരിക്കാൻ
കിട്ടിയാൽ കഷ്ടപ്പാടൊരു കാലം തീരുമോ…”
എന്നു കൂടി ആ കൂട്ടർ പാടുന്നുണ്ട്. (എന്നിട്ടെന്തുണ്ടായി എന്നത് പിന്നീട് എഴുതപ്പെട്ട ചരിത്രം)

അവർ പത്രം വായിക്കാത്ത, യാഥാസ്ഥിതികരായ ആളുകൾ ആയിരുന്നു. ഉമ്മർകോയയുടെ വലിയ കാർന്നോരെപ്പോലെ പുതുതൊന്നിനേയും അംഗീകരിക്കാത്തവരായിരുന്നു അവർ.വലിയ തുമ്പിച്ചിറകുള്ള വിമാനം വന്നത് ‘കിയാമം’ വരുന്നതിന്റെ ലക്ഷണമാണെന്നു കരുന്നതുന്ന ചെറിയ കാർന്നോരെപ്പോലെ, ഇലക്ടിക് വെളിച്ചം വന്നാലും സുൽത്താൻ വീട്ടിലെ പാനൂസിന്റത്ര വരൂല എന്ന് വിചാരിക്കുന്ന അവിടുത്തെ പുയ്യാപ്പളമാരെപ്പോലെ, മുടി നീട്ടി വളർത്തുന്നതും ദിവസവും കുളിക്കുന്നതും പോലും ഹറാമാണെന്നു വിശ്വസിക്കുന്ന, ബൂലായ പെൺകുട്ടികൾ പഠിക്കാൻ പോകരുതെന്ന് നിഷ്കർഷിക്കുന്ന, പുരോഗമനത്തിലേക്കുള്ള ചുവടുവെപ്പെന്ന് ലോകം കരുതുന്നതിനെയെല്ലാം ലോകാവസാനത്തിന്റെ അടയാളങ്ങൾ എന്ന് വിശ്വസിക്കുന്ന അജ്ഞരായിരുന്നു അവർ.

മൊത്തം ലോകത്തിന് അഹിതം, ആപത്ത് എന്ന് തോന്നുന്ന കാര്യങ്ങളെ സ്വന്തം സാമ്പത്തിക നേട്ടങ്ങൾക്ക് ആധാരമാക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നവരും കൂടി ചേർന്നതാണ് സമൂഹം . രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു എന്നു കേൾക്കുന്ന സുൽത്താൻ വീട്ടിലെ അതൃമാൻ ഹാജി പുതിയാപ്പിള കണക്കറ്റു സന്തോഷിക്കുന്നുണ്ട്. മരക്കച്ചവടം തകർന്ന് പൊറാട്ടു കച്ചവടവുമായി നടക്കുന്ന സമയത്താണ് യുദ്ധം വരുന്നു എന്നയാൾ കേൾക്കുന്നത്. അതോടെ അയാളുടെ ഉത്സാഹം വർദ്ധിക്കുന്നു. നഷ്ടപ്പെട്ടു പോയിരുന്ന ചുറുചുറുക്ക് അയാൾ വീണ്ടെടുക്കുന്നു. “‘ബാല്യം വെച്ച പോലെ നിവർന്നു നിന്നു ” എന്നാണ് നോവലിസ്റ്റ് ആ ഉണർവിനെ അടയാളപ്പെടുത്തുന്നത്. അയാൾ മാത്രമല്ല മരക്കച്ചവടം ചെയ്യുന്ന എല്ലാവരും യുദ്ധം കൊടുമ്പിരി കൊള്ളട്ടെ എന്നാഗ്രഹിച്ചു. കാട്ടിൽ മരം എന്നു തോന്നുന്നതെല്ലാം മില്ലുകളിലേക്ക് മുറിച്ചെത്തപ്പെട്ടു.

പി.എ മുഹമ്മദ് കോയ

” കാട്ടിൽ മുളച്ചതെല്ലാം കല്ലായിലേക്കു പറന്നു വരുന്നു കാട് പുഴയിലൂടെ നീന്തിവരുന്നു….. എങ്ങാണ്ടോ കിടക്കുന്ന യുദ്ധഭൂമികകളിൽ ബങ്കുകളും പിൽ ബോക്സുകളും പട്ടാള സങ്കേതങ്ങളുമായി മാറാനുള്ള പണിത്തരങ്ങൾ! “
പുതിയ പുതിയ മില്ലുകളും മരക്കച്ചവടം നടത്തുന്ന മുതലാളിമാരും യുദ്ധം കനക്കുന്നതിനനുസരിച്ച് ദിനംതോറും ഉണ്ടായ് വന്നു.
“ദുനിയാവില് എത്തര പെരുപ്പം ജനണ്ട്. കൊറേ മരിച്ച് തീരണ്ടേ?” അതൃമാൻ പുതിയാപ്പിളക്ക് ഒരു ലഹരിയായിരുന്നു എന്ന് നോവലിസ്റ്റ് ആ സന്ദർഭത്തെ അടയാളപ്പെടുത്തുന്നു. മാപ്പിളക്കലാപം എന്ന് ബ്രിട്ടീഷുകാർ മുദ്ര കുത്തിയ മലബാർക്കലാപത്തെക്കുറിച്ചുള്ള ചില വിശദാംശങ്ങളും നോവലിലൊരിടത്തുണ്ട്. അതിങ്ങനെ,
“ഉമ്മർകോയക്ക് വേദന തോന്നി. ഇരുപത്തൊന്നിലെ ലഹളക്കാലത്ത് ഏറനാട്ടിൽ നിന്നു മാറിത്താമസിച്ചതാണ് അയാളും കുടുംബവും. അയാളുടെ ഏട്ടനെ ലഹളക്കാരെ വെള്ളക്കാർക്ക് ഒറ്റുകൊടു ത്തതിന് ലഹളക്കാർ കൊന്നതാണ്. മറ്റൊരേട്ടനെ ലഹളക്കാരുടെ ഭാഗം ചേർന്നതിന് അന്തമാനിലേക്ക് വെള്ളക്കാർ നാടുകടത്തിയിട്ടുണ്ട്. കിലാഫത്തിനോടും ലഹളയോടും ആനുകൂല്യം കാണിച്ചതിന് ദ്രോഹങ്ങൾ സഹിക്കാനാവാതെയാണ് അയാൾ ഇങ്ങോട്ടു പോന്നത്…
“എളാമ്മാ , മാസ്റ്ററെ കാഫർ മാസ്റ്റർ എന്നു വിളിക്ക്ണ്ത് വിവരക്കേടാണ്. മാസ്റ്റർ യഥാർത്ഥ മുസ്ലീമ,”

പെങ്ങളായ തിത്തിബിയുടെ കല്യാണാലോചനാസമയത്ത് ഉമ്മർകോയും ഇളയമ്മയായ പാത്തുമ്മത്തേയിത്താത്തയും തമ്മിൽ നടക്കുന്ന ഈ സംഭാഷണത്തിൽ നിന്ന് മറ്റേതു ചരിത്ര ഗ്രന്ഥത്തിൽ നിന്നും കിട്ടുന്നതിനേക്കാൾ വ്യക്തവും കൃത്യവുമായ ചരിത്രവിവരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. മലബാർ കലാപത്തിനു ശേഷം സ്വന്തം ദേശം വിട്ടോടിപ്പോകേണ്ടി വന്ന മുസ്ലീം സഹോദരങ്ങളുടെ ദയനീയ ജീവിതം നമുക്കീ സംഭാഷണത്തിൽക്കാണാം. മലബാർ കലാപം അവശേഷിപ്പിച്ച അഭയാർത്ഥി ജീവിതത്തിലേക്കത് വെളിച്ചം വീശുന്നു. പിന്നീട് മലബാർ കലാപത്തെച്ചൊല്ലി എന്തു മാത്രം തർക്കവിതർക്കങ്ങൾ ഉണ്ടായി ! ഇപ്പോഴും ചർച്ച നടന്നുകൊണ്ടേയിരിക്കുന്നു.

അതുപോലെ നോവലിൽ ഉമ്മർകോയ കാണുന്ന പെണ്ണുങ്ങളുടെ സജീവമായ അടുക്കള ലോകമുണ്ട്. അടുക്കളയിലും ഇരുളടഞ്ഞ അറയിലുമാണ വർ സന്തോഷങ്ങളും ദുഃഖങ്ങളും കലഹങ്ങളും ആഗ്രഹങ്ങളുമെല്ലാം ഇറക്കി വെക്കുന്നതും അടക്കിപ്പിടിച്ചൊതുക്കുന്നതും. അടുക്കളയിലെ വെപ്പിലും വിയർപ്പിലും ഇഴുകിയവർ.മെൻസസായാൽ മറ്റാളുകളുടെ മുമ്പിൽ ഇറങ്ങാൻ പറ്റാത്തോർ, സുൽത്താൻ വീട്ടിൽ കൂടെ കളിച്ചു വളർന്ന കുട്ടിയുടെ കല്യാണത്തിന് ആളുകളുടെ മുൻപിൽപ്പെടാതെ അറയിൽ ഒളിച്ചിരിക്കുന്ന തിത്തിബിയുടെ ഹൃദയ ഭേദകമായ ചിത്രമുണ്ട് നോവലിലൊരിടത്ത് , സീതനമൊന്നും വേണ്ടെങ്കിലും കഴുത്തിലും കാതിലും നല്ലോണമിട്ട് നല്ല അറയും ഒരുക്കി വേണം കല്യാണം എന്ന് പറയുന്നൊരു ഉമ്മാമയുടെ വാക്കുകേട്ട് “കുറ്റൂശ” നടത്തി പറ്റുന്നോരോടെല്ലാം കടം വാങ്ങിച്ച് തിത്തിബിയുടെ കല്യാണം നടത്തുന്നുണ്ട് ഉമ്മർകോയ, സുൽത്താൻ വീടിന്റെ പാരമ്പര്യം ലംഘിച്ച് ഒരു രണ്ടാം നമ്പറ് വീട്ട്കാരനെക്കൊണ്ട്, അവൻ പക്ഷേ സർക്കാർ ഉദ്യോഗസ്ഥനാണ് ;ബഷീർ. അവനാണ് സുൽത്താൻ വീട്ടിൽ ആദ്യമായി റേഡിയോ കൊണ്ടുവരുന്നത്. റേഡിയോയ്ക്ക് ചുറ്റുമിരുന്ന് സുൽത്താൻ വീട്ടിലെ കുട്ടികളും മുതിർന്നവരും യുദ്ധ വിവരങ്ങൾ കേൾക്കുന്ന രംഗം നോവലിലുണ്ട്.

അപ്പോഴും പക്ഷേ പെണ്ണുങ്ങൾ പുറം ലോകത്തിന് പുറത്ത് അറകളിലും അടുക്കളകളിലുമാണ്. പലഹാരപ്പണിയും പ്രസവവും കഴുത്തുമാലയും വയറപ്പവും ഒക്കെത്തന്നെ അവരുടെ ലോകം. പുതു പുതിയാപ്പിളയുടെ വീട്ടിൽ കൊടുത്തയക്കാൻ ബിശായിത്താത്ത ഒരു പലഹാരമുണ്ടാക്കുന്നതിന്റെ നീണ്ട വിവരണമുണ്ട് നോവലിലൊരിടത്ത് . അതുണ്ടാക്കിക്കഴിയുമ്പോഴേക്കും വായനക്കാരനും വിയർത്തു കുളിക്കും. (ഇന്നു കാണാത്ത നമുക്കറിയാത്ത ഒരു പാടു പലഹാരങ്ങൾ, നോവലിൽ പലയിടത്തും പരാമർശിക്കപ്പെടുന്നുണ്ട് )

കോഴിക്കോട് ന​ഗരം, ഒരു പഴയ ചിത്രം. കടപ്പാട്: indianeagle.com

എന്നിട്ടും സുൽത്താൻ വീട്ടിലേക്ക് പുതുലോകത്തിന്റെ പരിഷ്ക്കാരങ്ങൾ വന്നെത്തി നോക്കുന്നുണ്ട്. ഉമ്മർകോയ തന്നെ അതിനെല്ലാം മുൻകൈയെടുക്കുന്നു. സുൽത്താൻ വീട്ടിലെ പെൺകുട്ടികൾ പള്ളിക്കൂടത്തിലേക്കു പോകാൻ തുടങ്ങുന്നു, ആൺകുട്ടികൾ മുടി നീട്ടിവളർത്തുന്നു, അവിടേക്ക് ഇലക്ട്രിസിറ്റി എത്തുന്നു, കാരണവരുടെ ഭരണത്തിൽ നിന്നും കുടുംബഭരണം മാറ്റി, ഒറ്റയൊറ്റ കുടുംബങ്ങളെന്ന ആധുനിക കുടുംബ സങ്കല്പത്തിലേക്കവർ മാറുന്നു. ഉമ്മർകോയയ്ക്ക് പണിയിക്കുന്ന ,തറവാട്ടു പേരു ഭാരമില്ലാത്ത ചെറു വീടിന്റെ പണിയിലാണ് നോവലിന്റെ അവസാന രംഗങ്ങൾ.

ആധുനികലോകത്തിന്റെ സാങ്കേതിക ശബ്ദം എന്ന നിലയിൽ പറമ്പിൽ അമറിനീങ്ങുന്ന വലിയ ജെ.സി.ബിയെ അവതരിപ്പിച്ചു കൊണ്ട് നോവൽ അവസാനിക്കുന്നു. യാഥാസ്ഥിതിക ലോകത്തിലേക്ക് ആധുനികതയുടെ വെളിച്ചം വീശൽ! കാലം പുതുമകളെ എത്രമാത്രം ആവേശത്തോടെ പുൽകുന്നു, പിന്നീടവയുടെ പിഴവുകളിൽ ഖേദിക്കുന്നു ! ജെ.സി.ബി ഇന്ന് ഭൂമിയുടെ അടി വേരിളക്കുന്ന ഭീകരരൂപമായി നമുക്കു മുന്നിലുണ്ട്.

കോൺഗ്രസ്സിന്റെ വളർച്ച, പിളർപ്പ്, മാർക്സിസ്സ്റ്റ് പാർട്ടിയുടെ ഉദയം, തൊഴിലാളി യൂണിയനുകളുടെ രൂപീകരണം, തൊഴിലാളി സമരം … 1921 ലെ മലബാർ കലാപം … എല്ലാം ഈയൊരു നോവലിൽ പല ജീവിത സൗർഭങ്ങളിൽ വന്നു പോവുന്നു. അതിന്റെ ബാക്കി പിന്നീടു വന്ന വർഷം നമ്മളോടു പറയുന്നു! എഴുത്തുകാരൻ എഴുതിയ വരികൾക്കൊപ്പം കാലം എഴുതുന്ന വരികൾക്കൂടി ചേർത്തുവായിക്കാൻ കഴിയുമ്പോഴാണ് ആ കൃതിയെ നമ്മൾ ക്ലാസ്സിക് എന്നു വിളിക്കുന്നത്. സുൽത്താൻ വീട് എന്ന നോവലിനെ അതാതു കാലം പൂരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കാലം സ്വയം അപ്ഡേറ്റു ചെയ്യുന്നൊരു കൃതി ഒരിക്കലും കാലഹരണപ്പെടില്ല.

ഉമ്മർകോയ കാണുന്ന കോഴിക്കോടിനെ, കല്ലായിയെ, കോയമാരെ, അവരുടെ ബീവിമാരെ, അന്നത്തെ ഒരു വ്യക്തിയുടെ പരിമിതമായ ചരിത്ര- സ്ഥല കാഴ്ചയായല്ലാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രമായും അന്നത്തെ സാമൂഹ്യ ജീവിതമായും വായനക്കാരന് വായിച്ചെടുക്കാൻ കഴിയുന്നു എന്നതുകൊണ്ട് തന്നെ സുൽത്താൻ വീടിന്റെ വായന ഇന്നും പ്രസക്തമാണ്. അത് സാന്ദർഭികമായ ചരിത്ര രാഷ്ട്രീയ വായനയല്ല. അങ്ങനെ ഏതെങ്കിലും ഒരു സന്ദർഭത്തെ മാത്രം കുറിക്കുന്ന കൃതിയുമല്ല.

(ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുതിയ പതിപ്പാണ് ഞാൻ വായിച്ചത്. പുസ്തകത്തിൽ എവിടെ നോക്കിയിട്ടും സുൽത്താൻ വീട് എഴുതപ്പെട്ട കാലമോ ആദ്യ പതിപ്പ് ഇറങ്ങിയ വർഷമോ അറിയാൻ കഴിഞ്ഞില്ല. ഇത്തരമൊരു കൃതി വായനക്കെടുക്കുമ്പോൾ തീർച്ചയായും വായനക്കാരൻ അറിയാൻ ആഗ്രഹിക്കുന്ന, അതിലുണ്ടായിരിക്കേണ്ട പ്രാഥമികമായ വിവരം എങ്ങനെ വിട്ടുപോയി എന്നത് അതിശയിപ്പിക്കുന്നു. അടുത്ത പതിപ്പിറക്കുമ്പോഴെങ്കിലും പ്രസാധകർ ഈ വിഷയം ശ്രദ്ധിക്കേണ്ടതാവുന്നു.)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read