‘GROW VASU’ രാഷ്ട്രീയ മുഖ്യധാരയോടുള്ള എതിർപ്പുകൾ പക‍‌‌ർത്തുമ്പോൾ

വടക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും തിരച്ചിലിനിടയില്‍ സായുധപോരാളികളെ ഭയപ്പെടുത്താന്‍ സി.ആര്‍.പി.എഫ് ഉപയോഗിക്കുന്ന ബ്യൂഗിളിന്റെ ശബ്ദം തിരിച്ചറിഞ്ഞ്, വെടിവെപ്പില്‍ കൊല്ലപ്പെടാന്‍ ഇടയായിരുന്നേക്കാവുന്ന തിരച്ചിലില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് ഗ്രോ വാസു ഓര്‍ക്കുന്നത് കണ്ണുകളില്‍ നനവോടെയാണ്. പൊലീസ് കസ്റ്റഡിയില്‍, മീശരോമങ്ങള്‍ പിഴുതെടുത്ത പൊലീസ് ഭീകരതയെക്കുറിച്ചും ഗ്രോ വാസു വേദനയോടെ ഓര്‍ക്കുന്നുണ്ട്. സമരം ചെയ്ത് ജീവിച്ച ജീവിതത്തിന്റെ വലിയൊരു കാലയളവില്‍ മനസ്സിന്റെ നിലതെറ്റിയ സന്ദര്‍ഭങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളിലുണ്ടായ സംഘര്‍ഷങ്ങളെ നേരിട്ടതിനെക്കുറിച്ചുമെല്ലാം പങ്കുവെക്കുന്നുണ്ട് അര്‍ഷാഖ് സംവിധാനം ചെയ്ത ‘ഗ്രോ വാസു’ എന്ന ഡോക്യുമെന്ററിയില്‍ തൊണ്ണൂറ്റിയഞ്ചുകാരനായ എ വാസു. ‘ഗ്രോ വാസു’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം 16-ാമത് IDFSKയിൽ മലയാളം നോൺ കോംപറ്റീഷൻ വിഭാ​ഗത്തിൽ നടന്നു. എവിഎം ആര്‍ക്കൈവ്‌സും ഔട്ട് ഓഫ് ഓര്‍ഡര്‍ ഫിലിംസും ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.

ഡോക്യുമെന്ററിയുടെ പോസ്റ്റർ

സര്‍ക്കസ് മൈതാനത്ത് നടക്കുന്ന രാഷ്ട്രീയയോഗങ്ങള്‍ക്കായി കുടുംബത്തോടൊപ്പം പായ വിതരണം ചെയ്യുന്ന തൊഴില്‍ ചെയ്യുന്നതിനിടെ രൂപപ്പെട്ട ആശയലോകം തന്നെ രാഷ്ട്രീയമായി രൂപപ്പെടുത്തിയതെങ്ങനെയെന്ന് ഗ്രോ വാസു പറയുന്നുണ്ട്. ‘പച്ചയും ചുകപ്പും’ കൊടികളുടെ രാഷ്ട്രീയങ്ങള്‍ മനസ്സിലാക്കിയത് അങ്ങനെയാണ്. ആദ്യകാലം തൊട്ട് തന്നെ രാഷ്ട്രീയവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ ഗ്രോ വാസു സൂക്ഷിച്ച അച്ചടക്കത്തിന്റെ കൃത്യതയും ഡോക്യുമെന്ററിയില്‍ ഉടനീളം കാണാം. വര്‍ഗീസിന്റെ കൊലപാതകത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ രാമചന്ദ്രന്‍ നായര്‍ ഏഷ്യാനെറ്റിലെ റിപ്പോര്‍ട്ടിങ് പരമ്പരയായ ‘കണ്ണാടി’ക്ക് നല്‍കിയ അഭിമുഖത്തില്‍ വിങ്ങലോടെ നടത്തിയ കുറ്റസമ്മതവും അര്‍ഷാഖിന്റെ ഡോക്യുമെന്ററി ഓര്‍മ്മപ്പെടുത്തുന്നു.

നക്‌സലൈറ്റ് രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിലനിന്നിരുന്ന അവര്‍ണ-സവര്‍ണ വ്യത്യാസങ്ങളെക്കുറിച്ചും ഗ്രോ വാസു ജാഗ്രത പുലര്‍ത്തുന്നതായി കാണാം. ജാതിയെക്കുറിച്ച്, അതിന്റെ ആധിപത്യങ്ങളെക്കുറിച്ച് എല്ലാക്കാലവും ഗ്രോ വാസു സൂക്ഷിച്ച അവബോധവും ജാഗ്രതയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളിലും വ്യക്തമാകാറുണ്ട്. ഭരണകൂടത്തോട് നേര്‍ക്കുനേര്‍ നിന്ന് വാദങ്ങളുന്നയിക്കാനും അന്യായനടപടികളോടും ഭരണകൂട കൊലപാതകങ്ങളോടും ഉത്തരവാദിത്ത മറുപടികള്‍ തേടാനും ഗ്രോ വാസു പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം ചെറുതല്ലെന്ന് അമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി ഓര്‍മ്മിപ്പിക്കുന്നു.

ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം

ഡോക്യുമെന്ററിയെക്കുറിച്ച് സംവിധായകൻ അര്‍ഷാഖ് സംസാരിക്കുന്നു.

“ഞാനും സല്‍മാനും കോഴിക്കോടുള്ള സമയത്ത് സിനിമ ചെയ്യുക എന്ന മൂഡായിരുന്നു. ആദ്യം ഒരു ഡോക്യുമെന്ററി ചെയ്താലോ എന്ന് ആലോചിച്ചു. വേറെ സബ്ജക്റ്റിന് പിന്നാലെയാണ് ആദ്യം പോയത്. അത് നിര്‍ത്തേണ്ടിവന്നു. അങ്ങനെയിരിക്കെ സല്‍മാന്‍ വാസുവേട്ടന്റെയടുത്ത് യാദൃച്ഛികമായി പോകുകയായിരുന്നു. അന്നാണ് സല്‍മാന്‍ വാസുവേട്ടന്റെ റൂമൊക്കെ കാണുന്നത്. അവന്‍ കുറച്ചു ഫ്രെയ്മുകള്‍ ഫോട്ടോ എടുത്ത് എനിക്ക് അയച്ചുതന്നു. വാസുവേട്ടന്‍ നല്ല സബ്ജക്ടല്ലേ, നമുക്ക് ഓണ്‍ ആക്കിയാലോ എന്ന് ചിന്തിച്ചു. അങ്ങനെ ഞാനും അവനും കൂടി റിസേര്‍ച്ച് തുടങ്ങി. ഇങ്ങനെ ചെയ്യണമെന്ന് മുന്‍കൂട്ടി ആലോചിച്ചതായിരുന്നില്ല. ഞാന്‍ റിസേര്‍ച്ച് സൈഡ് നോക്കി. അവന്‍ എന്തായാലും ഫ്രെയ്മുകള്‍ ഭംഗിയായി പകർത്തുമെന്ന് വിശ്വാസമുണ്ടായിരുന്നു. ആദ്യം നമ്മള്‍ സ്റ്റെലിഷായി ഒരു പത്തുമിനിറ്റിന്റെ ഫിലിം പിടിക്കാം എന്നാലോചിച്ചാണ് വാസുവേട്ടനെ സമീപിക്കുന്നത്. അപ്പോ വാസുവേട്ടന അത് സത്യസന്ധമായിരിക്കണം എന്ന് പറഞ്ഞു. പ്രോസസിന്റെ ഭാഗമായി തന്നെ നമ്മള്‍ ഇടക്കിടെ വാസുവേട്ടനെ പോയി കാണും, ഷൂട്ട് ചെയ്യും. അതിനനുസരിച്ച് നമ്മളോട് വാസുവേട്ടന്‍ പല കഥകള്‍ പറയാന്‍ തുടങ്ങി. അതെല്ലാം വേണമായിരുന്നു, അതൊന്നും ഇല്ലാതെ വാസുവേട്ടനെ സ്റ്റൈലിഷായി, സ്ലോമോഷനില്‍ നടത്തിച്ചിട്ടു കാര്യമില്ലല്ലോ! അങ്ങനെയാണ് പിന്നെ ഈ ഡോക്യുമെന്ററി വലുതാകുന്നത്. വര്‍ക്ക് തുടങ്ങിയ സമയത്ത്, ഗ്രോ വാസു എന്ന് പറയുമ്പോള്‍ മലബാര്‍ അല്ലാത്ത ഇടങ്ങളില്‍ നിന്നുള്ളവര്‍ക്കിടയിൽ ആ പേര് കൊള്ളാമല്ലോ, എന്താണ് ഈ ഗ്രോ എന്ന ചോദ്യം ഉണ്ടാകുന്നതായി മനസ്സിലായി. നീളമുള്ളൊരു ടൈറ്റില്‍ ആണ് ആദ്യം ആലോചിച്ചത്. ആളുകള്‍ക്ക് ഗ്രോ എന്ന പേര് കൗതുകമുണ്ടാക്കുന്നുണ്ട് എന്ന് പിന്നെ ആലോചിച്ചു. വാസുവേട്ടന്റെ ഇമ്മീഡിയറ്റ് ഐഡന്റിറ്റിയിലെ ഗ്രോ എന്ന പേര് എങ്ങനെ വന്നു എന്നുള്ളത് കൂടി വിശദീകരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് മാവൂരിലെ സംഗതികള്‍ റീവിസിറ്റ് ചെയ്യുന്നതിനും ഗ്വാളിയോര്‍ റയോണ്‍സിലെ അന്നത്തെ ഗ്രോ മുന്നേറ്റത്തിന്റെ ഒരു ചരിത്രം ഇതിലേക്ക് കൊണ്ടുവരുന്നതിനും ശ്രമിച്ചത്.”

സംവിധായകൻ അര്‍ഷാഖ്

വാസുവേട്ടനിൽ നിന്നും ഇത്ര കൃത്യതയോടെ ജാതിവിരുദ്ധ രാഷ്ട്രീയവും ഭരണകൂട അധികാര പ്രയോഗങ്ങളോടുള്ള നിലപാടുകളും ഇടപെടലുകളും ഉണ്ടാകുന്നതിനാൽ അദ്ദേഹത്തെ ഒരു ഭീഷണിയെന്ന ഭരണകൂടം കാണുന്നു എന്ന് തോന്നാറുണ്ട്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

വാസുവേട്ടന്‍ പുല്‍പ്പള്ളി ആക്ഷനിലൊക്കെ പങ്കെടുത്ത, പഴയ നക്‌സല്‍ മൂവ്‌മെന്റിന്റെ ഭാഗമാകുകയും എന്നാല്‍ ഇന്നും അതിനെ തള്ളിപ്പറയാതിരിക്കുകയും എന്നാല്‍ ജാതിവിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമാകുകയും ഇപ്പോഴത്തെ മുഖ്യധാരാ ഇടതുപക്ഷത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന ഒരാള്‍ ആണ്. അങ്ങനെയൊരാളുടെ വര്‍ക്ക് സര്‍ക്കാരിന്റെ ഫിലിം ഫെസ്റ്റിവലിലേക്ക് അയക്കുമ്പോള്‍ അയക്കണോ അയച്ചിട്ട് കാര്യമുണ്ടോ എന്നായിരുന്നു ഐഡിഎസ്എഫ്എഫ്‌കെയ്ക്ക് ഈ ഡോക്യുമെന്ററി അയക്കുന്ന സമയത്ത് ആലോചിച്ചത്. വാസുവേട്ടന്‍ ബോള്‍ഡ് ആണ്. പറയുന്ന പ്രസ്താവനകള്‍ വ്യക്തമാണ്. അതിലൊരിക്കലും പശ്ചാത്തപിച്ചിട്ടില്ല, അതിനെ തള്ളിപ്പറഞ്ഞിട്ടും ഇല്ല. പൊതു അല്ലെങ്കില്‍ മുഖ്യധാരയുടെ തലോടല്‍ ഏറ്റുവാങ്ങണം എന്നുള്ളതുകൊണ്ട് ആരെയെങ്കിലും സുഖിപ്പിക്കാന്‍ വേണ്ടി സ്‌റ്റേറ്റ്‌മെന്റ് പറയാറില്ല. സത്യസന്ധമായി സത്യങ്ങള്‍ തുറന്ന് പറയുന്നയാളാണ്. വ്യക്തിബന്ധങ്ങളിലാണെങ്കില്‍ തന്നെ സത്യസന്ധമായി പറഞ്ഞാല്‍ പലര്‍ക്കും വേദനിക്കും. അതുകാരണം പല ബന്ധങ്ങളും ഇല്ലാതാകും, പല ആള്‍ക്കാര്‍ക്കും നമ്മള്‍ ശത്രുക്കളും ആകും. അപ്പോള്‍ രാഷ്ട്രീയമായൊരു സ്‌പേസില്‍ നിന്നുകൊണ്ട് ഒരു മൂവ്‌മെന്റിനെയൊക്കെ എതിര്‍ത്ത് സംസാരിക്കുക എന്ന് പറയുന്നത് കാരണം ടാര്‍ഗറ്റഡ് ആകുകയും ചെയ്യുമല്ലോ.

ഇവിടെ നടന്ന ഫെയ്‌സ് റ്റു ഫെയ്‌സ് പരിപാടിയില്‍ ഉയര്‍ന്ന ചോദ്യങ്ങളെക്കുറിച്ച് പറയാമോ?

ഇംപാക്റ്റ് ഉണ്ടാക്കി എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ആനന്ദ് പട്‌വര്‍ധന്‍ പറഞ്ഞതുപോലെ സ്‌ക്രീനിങ് നടന്ന ഉടന്‍ തന്നെ ഫേസ് റ്റു ഫേസ് നടത്തുകയാണെങ്കില്‍ ഡോക്യുമെന്ററി കണ്ട ഓഡിയന്‍സിന്റെ പ്രതികരണം അപ്പോള്‍ തന്നെ കിട്ടുമായിരുന്നു. ഈ പരിപാടിയില്‍ സിനിമ കണ്ട എല്ലാവരും ഉണ്ടാകുകയില്ല. ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു എന്നുള്ളത് ഏതോ അര്‍ത്ഥത്തില്‍ അവരെ ഇംപാക്റ്റ് ചെയ്തു എന്നുള്ളതുകൊണ്ടാണ്. വന്ന ചോദ്യങ്ങളില്‍ ഒന്ന്, മതകീയമായ ഐഡന്റിറ്റിയോടു ചേര്‍ന്നു നില്‍ക്കുന്ന സംഘടനകളുമായി ബന്ധമുള്ള ഒരാളെ എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ അവതരിപ്പിക്കാന്‍ പറ്റുന്നത്, അത് പ്രൊപ്പഗണ്ട അല്ലേ എന്നായിരുന്നു. വാസുവേട്ടന്‍ 95ാം വയസ്സില്‍ ജയിലില്‍ നിന്ന് ഇറങ്ങിവന്നപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യം ആണിത്. സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍ എന്നല്ലാതെ മുസ്ലീം തൊഴിലാളികളേ സംഘടിക്കുവിന്‍, അല്ലെങ്കില്‍ ഹിന്ദു തൊഴിലാളികളേ സംഘടിക്കുവിന്‍ എന്നല്ലല്ലോ… എനിക്കും അത്രയേ പറയാനുള്ളൂ. പിന്നീടുണ്ടായ ചോദ്യം ഇതൊരു പ്രൊപ്പഗാണ്ട ഫിലിം അല്ലേ എന്നാണ്. ഞാന്‍ പറഞ്ഞത്, ഫിലിം മേക്കറുടെ കാഴ്ചപ്പാടില്‍ എല്ലാ ഫിലിം മേക്കേഴ്‌സിനും ഒരു പ്രൊപ്പഗാണ്ട ഉണ്ട് എന്നുള്ളതാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് പ്രൊപ്പഗാണ്ട എന്ന വാക്കിന് ഒരു നെഗറ്റീവ് അര്‍ത്ഥം വന്നു എന്നതുകൊണ്ട് അതിനെ റദ്ദ് ചെയ്യേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.

പൊതു ശത്രുവിനെതിരെ യോജിക്കേണ്ടവര്‍ യോജിക്കുക എന്ന, വാസുവേട്ടൻ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അര്‍ഷാഖ് ഓര്‍മ്മപ്പെടുത്തി.

“ഡയലക്റ്റിക്കല്‍ മെറ്റീരിയലിസത്തെ കുറിച്ച് വാസുവേട്ടന്‍ പറഞ്ഞ ഡയലോഗില്‍ നിന്നാണ് സംവാദത്തിന്റെയെല്ലാം തുടക്കം. വാസുവേട്ടന്‍ പറയുന്നത്, ആരാണ് ശത്രു എന്ന് ഐഡന്റിഫൈ ചെയ്യുക എന്നതാണ് പ്രധാന പണിയെന്നാണ്. അത് ഐഡന്റിഫൈ ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ ആ ശത്രുവിന് എതിരെ ശബ്ദിക്കുന്ന എല്ലാവരെയും, ദുര്‍ബലരാണെങ്കില്‍ പോലും അവരെയെല്ലാം ചേര്‍ത്തുനിര്‍ത്തുക എന്നുള്ളതാണ്. അതാണ് വാസുവേട്ടന്റെ രാഷ്ട്രീയം. അവിടെ അവരുടെ മതമേത്, ജാതിയേത് എന്നൊക്കെ നോക്കുന്ന സ്വഭാവം വാസുവേട്ടനില്ല. വാസുവേട്ടന്‍ തന്നെ പല പ്രസംഗങ്ങളുടെയും അവസാനം ഇങ്ങനെയാണല്ലോ പറയുക – യോജിക്കേണ്ടവര്‍ യോജിക്കാത്തതാണ് അധസ്ഥിത വര്‍ഗ മുന്നേറ്റത്തിന്റെ പരാജയ കാരണം എന്നാണ് ചെയര്‍മാന്‍ മാവോ പറഞ്ഞത്.”

‘വാര്‍ധക്യം വിരമിക്കുവാനുള്ളതാണ്’ എന്ന മധ്യവര്‍ഗ ബോധത്തിന് പുറത്താണ് ഗ്രോ വാസുവിന്റെ ഇടം. ഷഹീന്‍ ബാഗില്‍ പൗരത്വഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത എഴുപത് കടന്ന സ്ത്രീകളെയും സിങ്ഗു അതിര്‍ത്തിയില്‍ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്ത, വാര്‍ധക്യത്തിലെത്തിയ കര്‍ഷകരെയും അതിശയത്തോടുകൂടി വാഴ്ത്തിയ സമൂഹമാണ് നമ്മുടേത്. അനുഭവങ്ങളാല്‍ മുതിര്‍ന്നവര്‍ കൂടിയാകുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാകുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

5 minutes read July 31, 2024 2:02 pm