Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
പ്രൊഫസർ ജി.എൻ സായിബാബയെയും പലസ്തീനിലെ വംശഹത്യയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെയും അനുസ്മരിച്ചുകൊണ്ടാണ് രാജസ്ഥാനിലെ ഉദയ്പൂർ ഫിലിം ഫെസ്റ്റിവൽ ഈ വർഷം ആരംഭിച്ചത്. നവംബർ 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ച ഫെസ്റ്റിവലിന്റെ വേദിയിലേക്ക് ആദ്യ ദിവസം തന്നെ ആർഎസ്എസ് പ്രവർത്തകർ അതിക്രമിച്ചെത്തുകയും അനുസ്മരണം പിൻവലിച്ചുകൊണ്ട് മാപ്പ് പറയാൻ സംഘാടകരോട് ആവശ്യപ്പെടുകയും ചെയ്തു. ഫെസ്റ്റിവൽ വേദിയായ ഗവണ്മെന്റ് മെഡിക്കൽ കൊളേജിന്റെ പ്രിൻസിപ്പലും ജില്ലാ മജിസ്‌ട്രേറ്റും ആർഎസ്എസ് ഭീഷണിക്ക് വഴങ്ങി. എന്നാൽ, സംഘാടകർ മറ്റൊരു വേദി കണ്ടെത്തി ഫിലിം ഫെസ്റ്റിവൽ നടത്തി. 2006 മുതൽ രാജസ്ഥാനിലെ വിവിധയിടങ്ങളിലായി ഇന്നുവരെ 74 ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിച്ച ‘സിനിമാ ഓഫ് റെസിസ്റ്റൻസ്’ എന്ന കൂട്ടായ്മയാണ് ഉദയ്പൂർ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ഗ്രാമങ്ങളിൽ സിനിമകൾ പ്രദർശിപ്പിച്ചും സ്‌കൂളുകളിൽ സിനിമാ വർക്ക്ഷോപ്പുകൾ നടത്തിയും ക്രിയാത്മകമായി ഇടപെടുന്ന ‘സിനിമാ ഓഫ് റെസിസ്റ്റൻസ്’ സിനിമയെ കാണുന്നത് സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയായിട്ടാണ്.
2006ൽ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഒരു കൂട്ടം യുവ മാധ്യമപ്രവർത്തകരും സിനിമാ സംവിധായകരും ചേർന്നാണ് സിനിമാ ഓഫ് റെസിസ്റ്റൻസ് രൂപീകരിച്ചത്. “സിനിമാ ഓഫ് റെസിസ്റ്റൻസ് എന്ന് ഞങ്ങളിതിനെ വിളിക്കാൻ കാരണം തുടക്കം മുതൽ കോർപ്പറേറ്റ് ഫണ്ടിങ്ങിനെ നമ്മൾ എതിർക്കുന്നതുകൊണ്ടാണ്. ഫണ്ടിങ്ങിനെ എതിർക്കുമ്പോൾത്തന്നെ, സിനിമയെ സാധാരണ ജനങ്ങളിലെത്തിക്കണമെന്നതും നമ്മുടെ ഉത്തരവാദിത്തമാകുന്നു.” സിനിമാ ഓഫ് റെസിസ്റ്റൻസിനെ കുറിച്ച് സ്ഥാപകരിലൊരാളും ഫെസ്റ്റിവലിന്റെ കൺവീനർമാരിൽ ഒരാളുമായ സഞ്ജയ് ജോഷി പറയുന്നു. “സിനിമാ യാത്രകളും ചെറിയ സ്‌ക്രീനിങ്ങുകളും നടത്താറുണ്ട്, സ്‌കൂളുകളിൽ സിനിമ സ്‌ക്രീൻ ചെയ്യുന്നുണ്ട്, സ്ത്രീകളുടെ കൂട്ടായ്മകളിലും വിദ്യാർത്ഥികൾക്കിടയിലും തൊഴിലാളികൾക്കിടയിലും സിനിമ പ്രദർശിപ്പിക്കുന്നു. ഒരിക്കലും വലിയ ഫണ്ടിങ്ങോടെയല്ല ഇതൊന്നും ചെയ്യുന്നത്. മനുഷ്യരുടെ സമരങ്ങൾക്ക് ഇടം നൽകുക എന്നതാണ് നമ്മുടെ ആശയം. അതിലൂടെ ജനകീയ സമരങ്ങളെയും സിനിമകളെയും ബന്ധപ്പെടുത്താനാണ് നമ്മൾ ശ്രമിക്കുന്നത്.” സിനിമാ ഓഫ് റെസിസ്റ്റൻസിന്റെ ആശയങ്ങളെക്കുറിച്ച് സഞ്ജയ് ജോഷി വിശദമാക്കി.
ഫെസ്റ്റിവൽ തടസ്സപ്പെടുത്തിയതിനെക്കുറിച്ച് ഫിലിം ഫെസ്റ്റിവലിന്റെ കൺവീനറായ റിങ്കു പരിഹാർ ഇങ്ങനെ പറയുന്നു, “ഞങ്ങൾ ഫിലിം ഫെസ്റ്റിവലിനായുള്ള തയ്യാറെടുപ്പ് രണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. ഒരു സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയമാണ് വേദിയായി തെരഞ്ഞെടുത്തത്. ബുക്കിങ്ങും രണ്ട് മാസം മുമ്പ് തന്നെ ചെയ്തിരുന്നു. പതിനഞ്ചാം തീയ്യതി ഫെസ്റ്റിവൽ കുഴപ്പമൊന്നുമില്ലാതെ നടന്നു. അന്ന് രാത്രി എനിക്കൊരു ഡോക്ടറുടെ ഫോൺ കോൾ വന്നു, രാവിലെ പ്രിൻസിപ്പലിന്റെ കൂടെ അവർ ഒരു മീറ്റിങ് നടത്തുന്നതായി അറിയിച്ചു. ഇതേക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല, പക്ഷേ പോസ്റ്റർ പതിച്ചതിന്റെ പേരിൽ എന്തോ പ്രശ്നമുണ്ടായിക്കാണുമോ എന്നോർത്ത് ഞാൻ വരാമെന്ന് പറഞ്ഞു. എന്നെ വിളിച്ച ഡോ. രാഹുൽ ജെയ്നും അവിടെയുണ്ടായിരുന്നു. കൈയിൽ ഫെസ്റ്റിവൽ ബ്രോഷർ ഉണ്ടായിരുന്നു. ഫിലിം ഫെസ്റ്റിവൽ നടത്തുമ്പോൾ എന്തിനാണ് പലസ്തീനിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ നിങ്ങൾ അനുസ്മരിക്കുന്നത് എന്നാണ് അയാൾ എന്നോട് ചോദിച്ചത്. ഓരോ വർഷവും ഫെസ്റ്റിവൽ സംഘടിപ്പിക്കുമ്പോൾ ഞങ്ങൾ ഓരോ പ്രത്യേക വിഷയങ്ങൾക്ക് സമർപ്പിക്കാറുണ്ടെന്നും, ഈ വർഷത്തെ സമർപ്പണം പലസ്തീനിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കും പ്രൊഫസർ ജി.എൻ സായിബാബയ്ക്കും ആണെന്നും ഞാൻ പറഞ്ഞു. അതിനുശേഷം വന്ന ചോദ്യം ഭീകരവാദിയായ, ജയിലിൽ കഴിഞ്ഞ ഒരാൾക്ക് വേണ്ടി എന്തിനാണ് ഫെസ്റ്റിവൽ സമർപ്പിക്കുന്നത് എന്നായിരുന്നു. ജി.എൻ സായിബാബക്കെതിരെ ചുമത്തിയ യുഎപിഎ കേസിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തമാക്കിയ സുപ്രീം കോടതി നടപടിയെക്കുറിച്ച് ഞാൻ അയാളോട് വിശദീകരിച്ചു. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറയാൻ കഴിയുക എന്ന് ഞാൻ ചോദിച്ചു. പ്രിൻസിപ്പൽ നിഷ്പക്ഷമായി നിന്നു. പ്രിൻസിപ്പൽ നമ്മളോട് ഒരു കത്ത് എഴുതി നൽകാൻ പറഞ്ഞു, സർക്കാരിനെതിരെയും വർഗീയതയ്ക്കു എതിരായി ഒന്നും ചെയ്യുന്നില്ല എന്ന് നിങ്ങൾ എഴുതിത്തരൂ എന്നു പറഞ്ഞു. ഞങ്ങൾ ലെറ്റർഹെഡിൽ കത്തെഴുതി നൽകാമെന്ന് പറഞ്ഞു. ഉച്ചവരെയും സിനിമ സ്‌ക്രീനിങ് നടക്കുകയായിരുന്നു, ‘ഹദ് അൻഹദ്’ എന്ന ഡോക്യുമെന്ററിയുടെ സ്‌ക്രീനിങ്ങിനിടെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വരാൻ പറഞ്ഞുകൊണ്ട് എനിക്ക് വീണ്ടും കോൾ വന്നു. അവിടെ ഇരുപതോളം പേർ ഇരിക്കുന്നുണ്ടായിരുന്നു. സർക്കാർ സംവിധാനത്തിന് കീഴിൽ നിങ്ങൾ ജിഹാദി പ്രവർത്തനങ്ങൾ ചെയ്യുകയാണെന്ന് അവർ പറഞ്ഞു. ”ഇത്രയും പറഞ്ഞതിൽനിന്ന് നമ്മൾ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. ഞങ്ങൾ ആർഎസ്എസിന്റെ ആളുകളാണ്”എന്ന് അവർ പറഞ്ഞു. “നിങ്ങളുടെ വാദത്തിൽനിന്നും അതെനിക്ക് മനസ്സിലായി” എന്ന് ഞാനും പറഞ്ഞു. കാരണം, ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നില്ല എന്നും. പിന്നീട് പ്രിൻസിപ്പൽ, സമർപ്പണം പിൻവലിക്കാനുള്ള സാധ്യത മുന്നോട്ടുവെച്ചു. ജി.എൻ സായിബാബയ്ക്കും പലസ്തീനിൽ വംശഹത്യയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കും സമർപ്പിക്കുന്നു എന്നെഴുതിയ ബാനറുകൾ എല്ലാം നീക്കം ചെയ്യണം. ലോകത്തെ എല്ലാ വംശഹത്യകളിലും കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കും സമർപ്പിക്കുന്നു എന്ന് എഴുതൂ. ഞങ്ങൾ അതിന് തയ്യാറായില്ല. പക്ഷേ, ഞങ്ങൾ എല്ലാ വംശഹത്യകളും തെറ്റാണെന്ന് തന്നെ വിശ്വസിക്കുന്നു എന്നവരെ അറിയിച്ചു. അതിന് ശേഷം ആർഎസ്എസുകാരന്റെ ആവശ്യം ഒരു വീഡിയോ കൂടി പ്രചരിപ്പിക്കണം എന്നതായിരുന്നു. അവർ നമുക്ക് തരുന്ന ടെക്സ്റ്റ് നമ്മൾ പറയുന്നതായി വീഡിയോ എടുത്ത് നമ്മുടെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകളിൽ പോസ്റ്റ് ചെയ്യണം. പ്രൊഫൈലുകളിൽ നിന്നും ജി.എൻ സായിബാബയെ കുറിച്ചും പലസ്തീനിലെ കുഞ്ഞുങ്ങളെ കുറിച്ചുമുള്ള കണ്ടന്റുകളെല്ലാം നീക്കം ചെയ്യണം. ഞങ്ങൾ അതിനും തയ്യാറായില്ല.”
ഇതൊരു വിവാദവിഷയമാകുമെന്ന് മനസ്സിലാക്കിയ പ്രിൻസിപ്പൽ, ജില്ലാ മജിസ്ട്രേറ്റ് അനുവദിച്ചാൽ മാത്രം ഫെസ്റ്റിവലുമായി മുന്നോട്ടുപോകാമെന്ന നിർദ്ദേശം നൽകി. എന്നാൽ, ജില്ലാ മജിസ്ട്രേറ്റും ഫെസ്റ്റിവൽ സംഘാടകരെ അനുകൂലിച്ചില്ല. “പ്രിൻസിപ്പലിനും ജില്ലാ മജിസ്‌ട്രേറ്റിനും രാഷ്ട്രീയനേതാക്കളുടെ കോൾ വന്ന് കഴിഞ്ഞിരുന്നു. ഉന്നത അധികാരികളിൽ നിന്നും ഫോൺകോളുകൾ വന്നുവെന്ന് അവർ പറഞ്ഞു.” റിങ്കു പരിഹാർ പറയുന്നു. “ഇത്തരത്തിലുള്ള ടെററിസ്റ്റിനെ നിങ്ങൾ എന്തിനാണ് റോൾ മോഡലായി കൊണ്ടുനടക്കുന്നത് എന്നായിരുന്നു ചോദ്യം, ‘ബോംബ് നിർമ്മിക്കാൻ ട്രെയ്‌നിങ് നൽകിയിരുന്നു’ എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ജി.എൻ സായിബാബയെ കുറിച്ച് പറഞ്ഞത്. ഇത്രയും വലിയ പദവിയിലിരിക്കുകയല്ലേ, എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത്? സുപ്രീം കോടതി വിധിയെക്കുറിച്ച് താങ്കൾ വായിക്കൂ, ജിഎൻ സായിബാബയ്‌ക്കെതിരെയുള്ള ഓരോ വകുപ്പും നീക്കം ചെയ്തിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. ഈ പ്രശ്നം ഇതിനോടകം വിവാദമായതുകൊണ്ട് ഞാനിതിൽ ഇടപെടില്ല എന്നായിരുന്നു മജിസ്ട്രേറ്റിന്റെയും നിലപാട്. പതുക്കെപ്പതുക്കെ അവരുടെ ആൾക്കൂട്ടം വലുതായിക്കൊണ്ടിരുന്നു. നമുക്ക് അവിടെനിന്നും മാറേണ്ടിവന്നു. ഫിലിം ഫെസ്റ്റിവൽ വേദിയിലേക്കും അവർ കടന്നുകയറി. അംബേദ്കറൈറ്റ് പുസ്തകങ്ങൾ വെച്ചിരുന്ന ബുക് സ്റ്റാളിലും അവർ കയറി. അവിടെ നിന്നും ഫോട്ടോകൾ എടുത്തു. അവിടെ കുറേ പോസ്റ്ററുകൾ ഉണ്ടായിരുന്നു, അതിന്റെയെല്ലാം ഫോട്ടോകൾ എടുത്തു.” റിങ്കു പറഞ്ഞു.
“ഫെസ്റ്റിവൽ നടത്താൻ വേദി നൽകിയത് ഡോ. ഖാലിദ് എന്നയാളാണ്. രാത്രി പന്ത്രണ്ട് മണിയോടെ പകരം ഇടത്തിനായുള്ള അന്വേഷണം അവസാനിച്ചു. അന്ന് രാത്രി തന്നെ നമ്മൾ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. മറ്റൊന്ന് പൊലീസിന് നൽകുന്നതിനായി തയ്യാറാക്കുന്നുണ്ട്. ഏക് ജഗാഹ് ആപ്‌നി- ട്രാൻസ്‌ജെൻഡർ വ്യക്തികളെക്കുറിച്ച് ഏക്താരാ കലക്റ്റീവ് സംവിധാനം ചെയ്ത സിനിമ, താരു ഇക്കോ വീവ്‌സ് എന്ന ഡോക്യുമെന്ററി, സിനിമാ ഇൻ സ്‌കൂൾ എന്ന സിനിമാ ഓഫ് റെസിസ്റ്റൻസിന്റെ ഇനീഷ്യേറ്റീവ് (പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളാണ് സംവിധാനം ചെയ്തത്), മാരാ പിക്ച്ചർ, അതിന് ശേഷം പലസ്തീൻ പാക്കേജിൽ രണ്ട് സിനിമകൾ, കർഷക സമരത്തെ കുറിച്ചുള്ള ഫാർമിങ് ദ റെവല്യൂഷൻ എന്നീ സിനിമകൾ സ്ക്രീൻ ചെയ്തു. ആർട്‌സ് ഫിലിം, സാമൂഹ്യപ്രശ്നങ്ങൾ സംസാരിക്കുന്ന സിനിമകൾ എന്നിവയാണ് സെലക്ട് ചെയ്തത്. ധീരേ ധീരേ ജീവൻ, ഹദ് അൻഹദ് എന്ന കബീറിനെ കുറിച്ചുള്ള ഡോക്യുമെന്ററി, രാജസ്ഥാനിൽനിന്നുള്ള യുവാക്കളുടെ സിനിമകൾ, ജെൻഡർ പ്രശ്‌നങ്ങളെക്കുറിച്ച് പെൺകുട്ടികൾ സംവിധാനം ചെയ്ത സിനിമകൾ എന്നിവയാണ് മൂന്നാം ദിവസം സ്‌ക്രീൻ ചെയ്തത്.” ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സിനിമകളിൽ കൂടുതലും യുവ സംവിധായകരുടെയും സാമൂഹ്യ പ്രശ്നങ്ങൾ ഉള്ളടക്കമായിട്ടുള്ളവയും ആയിരുന്നു. ജാതിവിരുദ്ധ മൂല്യങ്ങളുടെ പ്രചാരണത്തിനും ഫെസ്റ്റിവൽ വേദിയായിരുന്നു. ബുക്സ്റ്റാളിൽ നിന്നും അക്രമികൾ എടുത്തുനോക്കിയ പുസ്തകങ്ങൾ അംബേദ്കറെയും ദളിതരെയും ന്യൂനപക്ഷങ്ങളെക്കുറിച്ചുമുള്ളവയായിരുന്നു എന്നും റിങ്കു പറയുന്നു. കഴിഞ്ഞ ആറുവർഷമായി, സാമൂഹ്യപ്രവർത്തകയായ റിങ്കു പരിഹാർ ഉദയ്പൂർ ഫിലിം ഫെസ്റ്റിവൽ കൺവീനറായി പ്രവർത്തിക്കുന്നു.
സംഘ്പരിവാർ ഫാസിസത്തോട് പ്രതിരോധമുയർത്തിയ വ്യക്തികളെ അനുസ്മരിക്കുന്നതിന്റെ രാഷ്ട്രീയത്തെ മുമ്പും ഇവർ ആക്രമിച്ചിട്ടുണ്ട് എന്നും റിങ്കു പറയുന്നു. “2016ലെ ഫിലിം ഫെസ്റ്റിവൽ രോഹിത് വെമുലയ്ക്ക് സമർപ്പിച്ചതിൽ ഇവർ വലിയ പ്രശ്‌നമുണ്ടാക്കിയിരുന്നു. രോഹിത് വെമുലയ്ക്കും ഡെൽറ്റാ മേഘ്‌വാളിനുമാണ് ഈ ഫിലിം ഫെസ്റ്റിവൽ സമർപ്പിച്ചത്. ഇവിടെയുള്ള ഗവണ്മെന്റ് അഗ്രികൾച്ചറൽ കോളേജ് ആയിരുന്നു വേദിയായി തീരുമാനിച്ചത്. അന്നും വേദി ക്യാൻസൽ ചെയ്തുകൊണ്ട് കോളേജ് ഞങ്ങൾക്ക് കത്തയക്കുന്ന സാഹചര്യമുണ്ടായി. എബിവിപിയുടെ ആളുകൾ പറഞ്ഞത് ഞങ്ങൾ ദേശീയതയ്ക്ക് ചേരാത്ത കാര്യമാണ് ചെയ്യുന്നതെന്നാണ്. രോഹിത് വെമുലയുടെ പേരും ഫോട്ടോയും വെച്ച ബാനറും ഉണ്ടായിരുന്നു വേദിയിൽ. പെട്ടെന്ന് തന്നെ മറ്റൊരു വേദി കിട്ടിയിരുന്നു. അന്ന് ഞങ്ങൾക്ക് പൊലീസ് പ്രൊട്ടക്ഷൻ കിട്ടിയിരുന്നു, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സിനിമകൾ സൂക്ഷ്മമായി കാണുകയും ചെയ്തിരുന്നു. പ്രൊട്ടക്ഷൻ നൽകുന്നതോടൊപ്പം, നമ്മൾ എങ്ങനെയുള്ള സിനിമകളാണ് കാണിക്കുന്നതെന്ന് നിരീക്ഷിക്കുകയും ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.”
ഉദയ്പൂർ ഫെസ്റ്റിവൽ മുമ്പും ഇത്തരത്തിൽ സമർപ്പണങ്ങൾ നടത്തിയിട്ടുണ്ട്. എട്ടാമത്തെ ഫിലിം ഫെസ്റ്റിവല്‍ കെ.പി ശശി, നവ്‌റോസ് കോണ്‍ട്രാക്റ്റര്‍, ഗദ്ദര്‍, ചാരു ഭാട്ടി, ചന്ദ്രു ഭണ്ഡാരി, കിഷോര്‍ ചന്ദ് എന്നിവരെ അനുസ്മരിച്ചുകൊണ്ടാണ് നടത്തിയത്. ചാരു ഭാട്ടി ഉദയ്പൂര്‍ ഫിലിം സൊസൈറ്റിയുടെ വളണ്ടിയര്‍ ആയിരുന്നു. ചന്ദ്രു ഭണ്ഡാരി ഉദയ്പൂര്‍ ഫിലിം സൊസൈറ്റി അംഗവും. കിഷോര്‍ ചന്ദ് പ്രോഗ്രസീവ് ഗ്രൂപ്പിലെ അംഗമായിരുന്നു. ‘ജനാധിപത്യത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സംരക്ഷണത്തിനായി ജാതീയത, ഫാസിസം, എന്നിവയ്‌ക്കെതിരെ’ എന്നതായിരുന്നു ഒരു ഫിലിം ഫെസ്റ്റിവലിന്റെ തീം. ഏഴാമത്തെ ഫിലിം ഫെസ്റ്റിവല്‍ ഗിരീഷ് കര്‍ണാട്, ശ്രീരാം ലാഗു എന്നിവര്‍ക്ക് സമര്‍പ്പിച്ചു. കുന്ദന്‍ ഷാ, ഓം പുരി, മഹേഷ് നായക്, ഗൗരി ലങ്കേഷ് എന്നിവർക്കും ഫെസ്റ്റിവൽ സമർപ്പിച്ചിട്ടുണ്ട്.
ഫിലിം ഫെസ്റ്റിവൽ തടസ്സപ്പെടുത്താനുള്ള കാരണങ്ങളെക്കുറിച്ച് ഫെസ്റ്റിവൽ സംഘാടകനായ സഞ്ജയ് ജോഷിയും വിശദമാക്കി. “പലസ്തീനിലെ കുഞ്ഞുങ്ങളെയും ജി.എൻ സായിബാബയെയും അനുസ്മരിക്കുന്നു എന്നത് ഒരു കുറ്റകൃത്യമൊന്നുമല്ല. ഇന്ത്യയെ ഒരൊറ്റ നിറത്തിലുള്ള രാജ്യമായി കാണാനാണ് ഇവർ ആഗ്രഹിക്കുന്നത്. അവർക്ക് വ്യത്യസ്തമായ ശബ്ദങ്ങൾ കേൾക്കേണ്ട. ഒരു ശബ്ദം, ഒരു നിറം, ഒരു ഭക്ഷണം, ഒരു വസ്ത്രം, ഒരു രാജ്യം. എന്നാൽ ഇന്ത്യ വിവിധ സംസ്ഥാനങ്ങളുടെയും വ്യത്യസ്ത ദേശീയതകളുടെയും റിപബ്ലിക് ആണ്.” ശബ്നം ദേവ്റാണിയുടെ ഹദ്ദ് അൻഹദ് ആണ് പ്രദർശിപ്പിക്കാനാകാതെ പോയതെന്നും അത് ഉടൻ നടത്തുമെന്നും സഞ്ജയ് ജോഷി പറഞ്ഞു.
“ഉദയ്പൂർ ഫിലിം ഫെസ്റ്റിവലിലേക്ക് സിനിമകൾ തെരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടങ്ങളിലായാണ്. ഒരു സെൻട്രൽ ടീമും ലോക്കൽ ടീമും ഉണ്ട്. കോവിഡിന് ശേഷം നടത്തിയ ഫിലിം ഫെസ്റ്റിവലിൽ ആളുകൾ കുറവായിരുന്നു. രാജസ്ഥാനിൽ നിന്നുമുള്ള സംവിധായകരുടെ സിനിമകൾ കൂടുതൽ ഫെസ്റ്റിവലിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തി. 5 മുതൽ 15 മിനിറ്റ് വരെ ദെെർഘ്യമുള്ള സിനിമകളാണ് ഞങ്ങൾ ക്ഷണിച്ചത്. പ്രായം 35ൽ താഴെ ആയിരിക്കണം, സിനിമയുടെ ഉള്ളടക്കത്തിന് സമൂഹവുമായി ബന്ധമുണ്ടായിരിക്കണം ഇതെല്ലാമാണ് നിബന്ധനകൾ. 130 സിനിമകൾ ഫെസ്റ്റിവലിലേക്ക് അയച്ചിരുന്നു. അതിൽനിന്നും 40 സിനിമകൾ ഈ നിബന്ധനകൾ പാലിച്ചവയായിരുന്നു. അതിൽനിന്നും നമ്മൾ 14 സിനിമകൾ തെരഞ്ഞെടുത്തു.”
ക്രിയാത്മകമായി ഒന്നും ചെയ്യാത്തവർ ക്രിയാത്മക ഇടങ്ങളെ നശിപ്പിക്കുകയാണെന്നും സഞ്ജയ് ജോഷി പറഞ്ഞു. “പായൽ കപാഡിയയുടെ ഫിലിം ‘എ നെെറ്റ് ഓഫ് നോയിങ് നതിങ്’ ഞങ്ങൾ സ്ക്രീൻ ചെയ്തു. ഗുരു കബീറിന്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ് ഞങ്ങൾ കബീറിനെ കുറിച്ചുള്ള ‘ഹദ് – അൻഹദ് ജേണീസ് വിത് രാം ആൻഡ് കബീർ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കണമെന്ന് തീരുമാനിച്ചത്. കബീർ സമാധാനത്തിനും സൗഹാർദ്ദത്തിനും വേണ്ടിയാണ് നിലകൊണ്ടത്. സഞ്ജീവ് ഷായുടെ കൾട്ട് ഫിലിം ‘ഹൂൻ ഹൂൻഷി ഹൂൻഷിലാൽ’ ഒരു പൊളിറ്റിക്കൽ സറ്റയർ ആണ്, ഏത് ഭരണത്തിലും അതിന് പ്രാധാന്യമുണ്ട്. മുപ്പത് വർഷങ്ങൾക്ക് മുമ്പ് സംവിധാനം ചെയ്തതാണ് ഈ സിനിമ. രാജസ്ഥാനിൽ നിന്നുള്ള യുവസംവിധാകരുടെ സിനിമകളിൽ സ്കൂൾ വിദ്യാർത്ഥികളുടെ സിനിമകളും ഉണ്ടായിരുന്നു. പെൺകുട്ടികളുടെ സിനിമകളൊന്നും ആദ്യം വരാതിരുന്നപ്പോളാണ് മുമ്പ് അജ്മീറിലെ ഒരു സ്കൂളിൽ വർക്ക്ഷോപ് നടത്തിയപ്പോൾ അതിൽ ചില വിദ്യാർത്ഥികളുടെ സിനിമകൾ കണ്ട കാര്യം ഞാൻ ഓർമ്മിച്ചത്. മഹിളാ ജൻ അധികാർ സമിതി എന്ന സംഘടനയുടെ കൂടെയാണ് അവിടെ വർക്ക് ഷോപ്പ് നടത്തിയത്. ബാല വിവാഹം പോലുള്ള പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾ നിർമിച്ച ഏഴ് സിനിമകളാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തത്. അജ്മീർ, ജയ്പൂർ, ഝുൻജുനു, ബാമർ എന്നിവിടങ്ങളിൽനിന്നെല്ലാം സിനിമകൾ എത്തി. രാജസ്ഥാനിലെ സംസ്ഥാന ഫിലിം ഫെസ്റ്റിവൽ പോലെയാണ് ഇത്. തദ്ദേശീയരായ സിനിമാ സംവിധായകർക്ക് കൂടുതൽ ഇടംനൽകുന്ന ഫിലിം ഫെസ്റ്റിവലാണ് ഇത്. സാധാരണ രീതിയിൽ അമച്വർ സിനിമകൾ ഫിലിം ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കാറില്ല, ഈ പെൺകുട്ടികളുടെ സിനിമകൾ അമച്വർ ആണെങ്കിലും വളരെ പ്രധാനപ്പെട്ടവയാണ്. ക്ലാസിക് അർത്ഥത്തിലുള്ള സിനിമാ ഫെസ്റ്റിവൽ അല്ല നമ്മുടേത്. ഫെസ്റ്റിവൽ നടത്തിക്കഴിഞ്ഞാല് നമ്മൾ സിനിമകളുമായി യാത്ര ചെയ്യും. മനുഷ്യരുമായി കൂടുതൽ ബന്ധം സൂക്ഷിക്കുക എന്നതാണ് നമ്മുടെ രീതി.” ഡോക്യുമെന്ററി സംവിധായകൻ കൂടിയായ സഞ്ജയ് ജോഷി വിശദീകരിച്ചു.
“ഒരിക്കലും ഈ ഫിലിം ഫെസ്റ്റിവലിന് ടിക്കറ്റോ ഐഡന്റിറ്റി കാർഡോ ഉപയോഗിച്ചിട്ടില്ല. എല്ലാവർക്കും ഇതിൽ പങ്കെടുക്കാം. കബീറിന്റെ പ്രത്യയശാസ്ത്രം എന്നും നമ്മളോടൊപ്പമുണ്ട്. കബീർ ദാസ് വടക്കേ ഇന്ത്യയിൽ നിന്നായതുകൊണ്ടല്ല. കബീറിന്റെ ആശയങ്ങളാണ് നമ്മളെ ആകർഷിക്കുകയും ആവേശം കൊള്ളിപ്പിക്കുകയും ചെയ്യുന്നത്. കബീറിന്റെ തുല്യതയും വിമർശനബുദ്ധിയും ഞങ്ങളെ ആകർഷിക്കുന്നു. അവരും അവരുടെ കാലത്ത് നിലനിൽക്കാൻ പ്രയാസപ്പെട്ടിരിക്കണം. നിലവിലെ സാഹചര്യത്തിൽ കബീറിനെ പിന്തുടരുക എന്നത് എളുപ്പമല്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തീർത്തും ജനവിരുദ്ധമായ സമീപനമാണ് നിലവിലുള്ളത്, ദക്ഷിണേന്ത്യയിൽ ഇത്രയും നേരിട്ടുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല.” സഞ്ജയ് ജോഷി പറഞ്ഞു.
ഉദയ്പൂരിന്റേത് ഒറ്റപ്പെട്ട അനുഭവമല്ല
പലസ്തീനിലെ വംശഹത്യയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ അനുസ്മരിക്കുന്ന ഫിലിം ഫെസ്റ്റിവൽ ആക്രമിക്കപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട ഒന്നായി കാണാൻ കഴിയില്ല. 2024 നവംബറില്‍ നടന്ന ധരംശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനിരുന്ന പലസ്തീൻ വിഷയത്തിലുള്ള സിനിമകളുടെ പ്രദർശനം സംസ്ഥാന സർക്കാർ തടഞ്ഞിരുന്നു. 2019നും 2023നും ഇടയിൽ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ യുദ്ധാക്രമണങ്ങളെ കുറിച്ച് പലസ്തീനിയൻ ആക്റ്റിവിസ്റ്റ് ബേസൽ അദ്രയും ഇസ്രയേലി മാധ്യമപ്രവർത്തകൻ യുവാൽ അബ്രഹാമും ചേർന്ന് സംവിധാനം ചെയ്ത ‘നോ അദർ ലാൻഡ്’, ഇരുപത്തിരണ്ട് ഷോർട്ട് ഫിലിമുകളുടെ ‘ഫ്രം ഗ്രൗണ്ട് സീറോ’ എന്ന ആന്തോളജിയുമായിരുന്നു ധരംശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി ഉൾപ്പെടുത്തിയിരുന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു.
സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതിനെ കുറിച്ച് ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ, ഫെസ്റ്റിവൽ ഡയറക്ടർ ബീനാ പോൾ പറയുന്നതിങ്ങനെ,
“ഇന്ത്യയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ UNCENSORED ആയതുകൊണ്ട്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രിയുടെ അനുമതി നേടേണ്ടതാണ്. അനുമതി നൽകാതിരിക്കാൻ മിനിസ്ട്രിക്ക് പല കാരണങ്ങൾ പറയാം. നോ അദർ ലാൻഡ്, ഫ്രം ഗ്രൗണ്ട് സീറോ, ഒരു യുക്രൈനിയൻ സിനിമ എന്നിവയാണ് ഇത്തവണ പിടിച്ചുവെച്ച സിനിമകൾ. അവർക്ക് ഈ സിനിമകൾ കാണണമെന്നാണ് പറഞ്ഞത്. അതിന് ശേഷം യുക്രൈനിയൻ സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയെങ്കിലും മറ്റ് രണ്ട് സിനിമകൾക്കും അനുമതി നൽകിയില്ല. ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ചുള്ള പോളിസിയിലെ ഭാഗം 2(iii) ആണ് അനുമതി നിഷേധിക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചത്. “ഒരു രാജ്യത്തിന്റെ സുരക്ഷ, അഖണ്ഡത എന്നിവയെ ദോഷകരമായി ബാധിക്കുന്ന, ക്രമസമാധാനത്തെ ബാധിക്കുന്ന, മറ്റി രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കുന്ന സിനിമകൾ” എന്നിവയ്ക്ക് അനുമതി നിഷേധിക്കാം. ഇതിൽ ഞങ്ങൾ വിശദീകരണം തേടിയിരുന്നു. രാജ്യത്ത് പ്രദർശിപ്പിക്കുന്ന സിനിമകളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് സർക്കാരിന് തോന്നുന്നു എന്നാണ് കരുതുന്നത്.” (impinge on the security or integrity of the country or affect law and order or affect relations with other countries എന്നാണ് ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ചുള്ള പോളിസി പറയുന്നത് ).
ഐഎഫ്എഫ്ഐയിൽ ‘വീർ സവർക്കർ’ എന്ന സിനിമ ഉദ്ഘാടന ചിത്രമായി വരുന്നതിനെക്കുറിച്ചും ‘ദ കശ്മീർ ഫയൽസിന്’ ദേശീയ അവാർഡ് ലഭിക്കുന്നതിനെക്കുറിച്ചും അഭിപ്രായം തേടിയപ്പോൾ ഈ സിനിമകൾ കണ്ടിട്ടില്ല എന്നും വിചിത്രമായി തോന്നുന്നുണ്ടെന്നും ബീനാ പോൾ മറുപടി നൽകി. ഒരു സിനിമയുടെ മൂല്യം വിലയിരുത്തപ്പെടേണ്ടത് അതിന്റെ ഫിലിമിക് ക്വാളിറ്റി കൊണ്ടാണെന്നും അല്ലാതെ ഉള്ളടക്കത്തിന്റെ മൂല്യം കൊണ്ട് മാത്രമല്ലെന്നും എപ്പോഴും സൂചിപ്പിക്കാറുണ്ടെന്നും ബീനാ പോൾ പറഞ്ഞു.
സിനിമയിലൂടെ വർഗീയതാ പ്രചാരണം
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പുറത്തിറങ്ങിയ വർഗീയമായ ഉള്ളടക്കമുള്ള പ്രൊപ്പഗണ്ട സിനിമകൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരെ കേന്ദ്ര സർക്കാർ ഉപയോഗിക്കുകയുണ്ടായി. ഈ കാലത്ത് റിലീസ് ചെയ്ത ഉറി, ഷികാര, ദ കശ്മീർ ഫയൽസ്, ദ കേരള സ്റ്റോറി, വാക്സിൻ വാർ, ബസ്തർ ദ നക്സൽ സ്റ്റോറി, സ്വതന്ത്ര വീർ സവർക്കർ എന്നീ സിനിമകൾ ഇന്ത്യയിലെ ന്യൂനപക്ഷ ജനതയ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ഭരണകൂട അനീതികളെ മറച്ചുപിടിക്കുകയും ചെയ്യുന്ന സിനിമകളാണ്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ)യുടെ ഇത്തവണത്തെ ഉദ്ഘാടന ചിത്രമായി വി.ഡി സവർക്കറുടെ ജീവിതത്തെ കുറിച്ച് രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വതന്ത്ര വീർ സവർക്കർ’ തെരഞ്ഞെടുത്തതിനെതിരെ പ്രതിഷേധങ്ങൾ ശക്തമാണ്. നവംബർ 20ന് ഐ.എഫ്.എഫ്.ഐക്ക് തുടക്കമിട്ടുകൊണ്ട് സംസ്ഥാന ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി ഡോ. എൽ മുരുകൻ, കേന്ദ്ര മന്ത്രി അശ്വിനി വെെഷ്ണവ് എന്നിവരുടെ പ്രസ്താവനകൾ ഇന്ത്യൻ സിനിമയെ പ്രൊമോട്ട് ചെയ്യുന്നതിനായി നയപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ചാണ്. ഇന്ത്യയുടെ സാംസ്കാരിക വെെവിധ്യങ്ങളും ഭക്ഷണരീതികളും ഭാഷയും സാഹിത്യവും ഉള്ളടക്കമായി വരുന്ന സിനിമകൾ തയ്യാറാക്കുന്നതിലൂടെ ‘ക്രിയേറ്റർ ഇക്കോണമി’ രൂപപ്പെടുത്തുന്നതിനെ കുറിച്ചാണ് അശ്വിനി വെെഷ്ണവ് സംസാരിച്ചത്. അതിന് വേണ്ടി ഒരു ക്യൂറേറ്റർ ഇക്കോസിസ്റ്റം രൂപപ്പെടുത്തണമെന്നും അശ്വിനി വെെഷ്ണവ് പറഞ്ഞു. സിനിമാ സംവിധായകർക്ക് ബിസിനസ് എളുപ്പമാക്കാനുള്ള ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ച് ഡോ. എൽ മുരുകനും സംസാരിച്ചു.
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന സിനിമകളെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിനെ ഭീകരവാദ കേന്ദ്രമായും അതിനെ പ്രതിരോധിക്കുന്ന കശ്മീരി മുസ്ലീം ആയ എൻഐഎ ഓഫീസറെയും സഹപ്രവർത്തകരെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയും ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്ത ആർട്ടിക്കിൾ 370യും ഇന്ത്യൻ പനോരമ വിഭാഗത്തിലുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ പാർലമെന്റ് സെഷൻ ഉൾപ്പെടെ ചിത്രീകരിച്ച്, പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും റിയലിസ്റ്റിക്കായി ചിത്രീകരിച്ച ഈ സിനിമ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത് ഫെസ്റ്റിവലിന്റെ രാഷ്ട്രീയം തുറന്നുകാണിക്കുന്നു. സംഘ്പരിവാർ രാഷ്ട്രീയം, ബാബറി മസ്ജിദ് തകർത്ത ‘രാമജന്മഭൂമി മുന്നേറ്റം’ മുതൽ തന്നെ ഉന്നയിക്കുന്ന ആവശ്യമാണ് ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുക എന്നത്.
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രചാരണ വേദിയായി മാറുന്ന കാലത്ത് തന്നെയാണ് ഉദയ്പൂർ ഫിലിം ഫെസ്റ്റിവൽ പോലെ സ്വതന്ത്രവും പ്രതിരോധത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നതുമായ ഫിലിം ഫെസ്റ്റിവൽ ആർഎസ്എസ് പ്രവർത്തകരാൽ ആക്രമിക്കപ്പെടുന്നത്.