പഠിച്ചുവച്ചതിനെ മറക്കുക എന്നതാണ് അൺലേണിംഗ് (Unlearning) എന്ന വാക്കിന്റെ മലയാള പരിഭാഷ. വാചകങ്ങളിൽ കൂടി സമർത്ഥിക്കാവുന്ന ഒരാശയമായല്ല മറിച്ച് ഒരനുഭവമായാണ് അൺലേണിംഗ് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യം അൺലേണിംഗിനെ കുറിച്ച് എഴുതാനിരുന്നപ്പോൾ ചെയ്തത് ഈ വിഷയത്തിൽ വന്ന മറ്റ് ലേഖനങ്ങൾ പരിശോധിക്കുകയായിരുന്നു. മനഃശാസ്ത്രം, വിദ്യാഭ്യാസം എന്നീ കൂടുകളിൽ കുടുങ്ങിയ ഈ ആശയത്തെ ഇവാൻ ഇല്ലിച്ചിലേക്കും ബുദ്ധനിലേക്കും യേശു ക്രിസ്തുവിലേക്കും ഒക്കെ പടർത്തി വിടാൻ ഞാനാദ്യം ശ്രമിച്ചു. ചരിത്രത്തെ മുഴുവൻ അൺലേണിംഗിന്റെ ഭാഷയിൽ വായിക്കാനും അങ്ങനെ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയെ താത്വികമായി സ്ഥാപിച്ചെടുക്കാനും ശ്രമിച്ചുകൊണ്ട് ഞാൻ ആദ്യമെഴുതിയ കുറിപ്പ് ഇപ്പോൾ റീസൈക്കിൾ ബിന്നിലാണ്. ലേഖനമെഴുത്തിന്റെ പൂർവ്വരൂപങ്ങളെയും ഞാനൊന്ന് മറക്കാൻ ശ്രമിക്കട്ടെ.
ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽ വച്ച് എനിക്ക് ചുറ്റുമുള്ള വ്യവസ്ഥ എന്നെ മെരുക്കാൻ ശ്രമിക്കുന്നതായി എനിക്കനുഭവപ്പെട്ടു തുടങ്ങി. ഒമ്പതാം ക്ലാസ്സുവരെ പരീക്ഷ എന്നത് എനിക്ക് സ്വന്തം ആശയങ്ങൾ പല രീതിയിൽ പ്രകടിപ്പിക്കാനുള്ള ഒരു വേദി മാത്രമായിരുന്നു. ജയിച്ചവരുടെ കൂട്ടത്തിൽ പേരുവരിക, അടുത്ത ക്ലാസ്സിലേക്ക് കടന്നിരിക്കുക എന്നതിനപ്പുറം വലിയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ല. ഭാവിയിൽ നിനക്ക് ആരാകണം എന്ന ചോദ്യത്തിന് നല്ല മനുഷ്യനാകണം എന്ന പ്രഹേളിക എറിഞ്ഞത് അതെന്താണെന്ന് അറിഞ്ഞിട്ടാണോ എന്നിപ്പോൾ എനിക്കുറപ്പില്ല.
അതേസമയം പാഠപുസ്തകത്തിന് വെളിയിൽ ഞാൻ ഒത്തിരി പഠനങ്ങളിലൂടെ കടന്നുപോയിരുന്നു, പ്രകൃതിയെ കുറിച്ച് വിപ്ലവങ്ങളെക്കുറിച്ച്, സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്, ദൈവത്തെക്കുറിച്ച്, സന്യാസത്തെക്കുറിച്ച്, അങ്ങനെ കുറെയേറെ പഠനങ്ങൾ. അങ്ങനെ ലോകത്തെ വിശാലമായി കണ്ടുകൊണ്ട് സഞ്ചരിച്ചിരുന്ന എന്നെ പത്താം ക്ലാസ് പരീക്ഷ എന്ന ആദ്യ പേടിപ്പിക്കലിലൂടെ ചുറ്റുമുള്ള ആളുകൾ മെരുക്കാൻ തുടങ്ങി. പിന്നീട് ഹയർസെക്കൻഡറിയിൽ സയൻസ് പഠിക്കണം, ഇംഗ്ലീഷ് സാഹിത്യം ബിരുദമെടുക്കണം (പഠിപ്പിക്കാൻ കേറാമല്ലോ, പ്രൊഫസർമാർക്കൊക്കെ എത്രയാ ശമ്പളം), സാമൂഹിക സേവനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ബിരുദാനന്തര ബിരുദം എടുക്കണം (എൻ.ജി.ഒ ആണ് പുതിയ കാലത്തിന്റെ തൊഴിൽ) എന്നൊക്കെ ഞാൻ തീരുമാനിച്ചതിന് പിന്നിൽ സിസ്റ്റത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.
അതുപോലെ ഒരാളെ പ്രേമിച്ചു തുടങ്ങിയപ്പോൾ തന്നെ കല്യാണം, കുടുംബം എന്നൊക്കെ പറഞ്ഞ് ജോലിയും പണവും വേണമെന്ന അതേ റൂട്ടിലേക്ക് എന്നെ പേടിപ്പിച്ച് കയറ്റിയതും ഇതേ സിസ്റ്റം തന്നെ. പ്ലസ് ടു കഴിഞ്ഞപ്പോൾ യാത്ര ചെയ്യാനും വ്യത്യസ്തമായി ജീവിക്കുന്ന മനുഷ്യരുടെ ഇടങ്ങൾ സന്ദർശിക്കാനും ആഗ്രഹമുണ്ടായിരുന്നുവെങ്കിലും നേരത്തെ പറഞ്ഞ സിസ്റ്റമാറ്റിക് ജീവിതത്തിനിടെ അതിന് കഴിഞ്ഞിരുന്നില്ല. ഡിഗ്രി കഴിഞ്ഞ് സപ്ലി അടിച്ച് വീട്ടിൽ ഇരുന്ന ഒരു കൊല്ലം പോലും ഞാൻ ചെയ്തത് ശമ്പളം കിട്ടുന്ന ഒരു ജോലിക്ക് കയറുക എന്നതാണ്. അവിടെ വച്ചാണ് പണം കാട്ടി കൊതിപ്പിച്ച് സമയവും ഊർജവും ഊറ്റിയെടുക്കുന്ന ലോകതന്ത്രം രുചിച്ചത്.
പിജിക്ക് ചേർന്നത് ഇനി പി.എച്ച്.ഡി അതിനുശേഷം സർക്കാർ ജോലി, പിന്നെ കുടുംബം, കുട്ടികൾ, അവരുടെ പഠനം എന്ന സിസ്റ്റത്തിന്റെ സ്ഥിരം കുടുക്കിലേക്ക് വീഴാൻ തയ്യാറായിക്കൊണ്ടായിരുന്നു. എന്നാൽ പിജി കാലത്ത് സിസ്റ്റം എത്രത്തോളം മോശമാകാമെന്ന് എന്റെ വിദ്യാലയവും പുറത്ത് സമൂഹവും എനിക്ക് ഒരു ടെസ്റ്റ് ഡോസ് തന്നു. സുസ്ഥിരത എന്ന പേരിൽ വികസനം വിൽക്കുന്ന, അധികാര ശൃംഖലയെ അനുസരിച്ച് പാദസേവ നടത്തുന്നവർക്ക് എളുപ്പത്തിൽ വളരാവുന്ന ആ വ്യവസ്ഥയിൽ നിൽക്കാൻ എനിക്ക് പലതവണ അഭിമാനമെന്നത് പണയം വയ്‌ക്കേണ്ടി വന്നു, അനീതികൾക്ക് പുറംതിരിഞ്ഞ് എന്റെ ഭാവിയെ കരുതി പഞ്ച പുച്ഛമടക്കി നിൽക്കേണ്ടി വന്നു. ആ സിസ്റ്റത്തിൽ വ്യക്തിത്വം ഇല്ലാതെയായി ലേബലുകളിൽ കുടുങ്ങി യന്ത്രത്തെപ്പോലെ ജീവിച്ചുമരിച്ചുപോകുമോ എന്ന പേടിയാണ് എന്നെ അൺലേണിംഗിന്റെ പാതയിലേക്ക് എത്തിച്ചത്.
എന്താണ് പ്രധാനമായി അൺലേൺ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഉത്തരം കുറേ മിത്തുകളെ എന്നതാണ്. ജീവിക്കാൻ കൃത്യമായി പണത്തെയും കമ്പോളത്തെയും ആശ്രയിച്ച് മുന്നോട്ടുപോകുന്ന, ‘വികസിച്ചു’കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തിനെ എത്രത്തോളം ഞാൻ ആഗ്രഹിക്കുന്നു എന്നതായിരുന്നു എന്റെ ആദ്യ ചോദ്യം. അന്നുവരെ ഞാൻ മത്സരിക്കും. മറ്റുള്ളവരെ പോലെ ശക്തിയും കഴിവുമുള്ള പുരുഷനാണെന്ന് ഞാനുമെന്ന് ലോകത്തിനെ കൊണ്ട് സമ്മതിപ്പിക്കും എന്ന ദിശയിൽ ചലിച്ചുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. എന്നാൽ എന്റെ പേടികളെയും എന്റെ കുറവുകളെയും എന്നിലെ ട്രോമകളെയും അടുത്തു കണ്ടത് മുതലാണ്, എന്താണ് ഞാൻ ശരിക്കും ആഗ്രഹിക്കുന്നത് എന്ന് പതിയെ ഇരുന്ന് ഒന്ന് സ്വയം ചോദിച്ചു തുടങ്ങിയപ്പോഴാണ്, എന്റെ ജീവിതത്തിൽ അൺലേണിംഗ് സംഭവിച്ചു തുടങ്ങിയത്.
എനിക്ക് ജീവിക്കാൻ എത്ര പണം വേണം? എത്ര സ്ഥലം വേണം? എത്ര സൗകര്യങ്ങൾ വേണം? എന്തിലാണ് എനിക്ക് ശരിക്കും താല്പര്യം? ഞാനും കൂടി ചേർന്ന് ലോകത്തെ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലകപ്പെട്ടാൽ അത് താങ്ങാൻ ഇന്നത്തെ പ്രകൃതിക്ക് ശേഷിയുണ്ടോ എന്നൊക്കെ പതിയെ പതിയെ ചോദിച്ചു തുടങ്ങി. ഞാൻ പറഞ്ഞു നടന്നിരുന്ന രാഷ്ട്രീയങ്ങളോട് എത്രമാത്രം പുറംതിരിഞ്ഞാണ് ഞാൻ ജീവിക്കുന്നത് എന്നും എനിക്ക് എത്രമാത്രം ജീവിതത്തിൽ രാഷ്ട്രീയം പ്രാവർത്തികമാക്കാൻ കഴിയുമെന്നും ചിന്തിച്ചു തുടങ്ങിയപ്പോൾ എനിക്ക് അനുഭവപ്പെടുന്ന ഒന്നിനെയാണ് ഞാൻ അൺലേണിംഗ് എന്നു വിളിക്കുന്നത്.
എന്റെ ശരീരത്തിനും മനസിനും ആരോഗ്യം ഉണ്ടോ എന്നെങ്ങനെ അറിയാമെന്നും, രോഗത്തിന് മരുന്ന് കഴിക്കുക എന്നതിലപ്പുറം ആരോഗ്യത്തിന് ഒരു തലമുണ്ടോ എന്നും ചോദിച്ചു തുടങ്ങിയതും ഈ യാത്രയുടെ ഭാഗമായാണ്. പണം എന്നത് മോശമായ ഒന്നല്ലെന്നും അത് ആവശ്യത്തിന് കണ്ടെത്താനായി ജോലി ചെയ്യുന്നതിലും, അത്യാവശ്യത്തിനായി ഉള്ളവനോട് ചോദിക്കുന്നതിലും തെറ്റില്ല എന്നുമുള്ള പാഠം പഠിച്ചതും ഈ അൺലേണിംഗിന്റെ ഭാഗമായാണ്. കേവല വിനിമയം എന്നതിനപ്പുറം പണത്തിന് മാനങ്ങൾ നൽകേണ്ടതില്ല എന്ന് ചിന്തിക്കാൻ ധൈര്യമുള്ള മനുഷ്യരെ കണ്ടത് എന്നെ ഏറെ സ്വാധീനിച്ചു.
എന്റെ വാക്കിലും, എഴുത്തിലും, പെരുമാറ്റത്തിലും, പെട്ടെന്നുണ്ടാകുന്ന പ്രതികരണത്തിലും എന്തൊക്കെയാണ് ഞാൻ സ്വയമറിയാതെ ചെയ്തുകൊണ്ടിരുന്നത് എന്നും അടുത്തു കാണാൻ കഴിഞ്ഞത് ഇപ്പോഴാണ്. എന്നെ വീർപ്പുമുട്ടിച്ചിരുന്ന സിസ്റ്റത്തിൽ ഞാൻ എതിർത്തിരുന്ന അതേ കാര്യങ്ങളുടെ ഭാഗമാണ് ഞാനും എന്നത് ഇപ്പോഴും ദഹിച്ചിട്ടില്ലാത്ത ഒരു യാഥാർഥ്യമാണ്.
അവനവൻ (personal) എന്ന തലത്തിലും മറ്റൊരാളോട് പെരുമാറുന്ന ഞാൻ (interpersonal) എന്ന തലത്തിലും എവിടെയെത്തി നിൽക്കുകയാണ് ഞാൻ എന്നറിയേണ്ടത് സിസ്റ്റത്തെ (systemic) മാറ്റാൻ ശ്രമിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് ഞാൻ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന ബോധ്യമാണ് എനിക്ക് അൺലേർണിംഗിലൂടെ ലഭിച്ചത്.
അൺലേണിംഗ് ഞാൻ തുടരുന്ന ഒരു പ്രക്രിയയാണ്. പുരുഷനെന്ന നിലയ്ക്ക് സാമ്പത്തികവും സാമൂഹികവുമായ ഭദ്രതകൾ ഉള്ള ഒരാൾ എന്ന നിലയ്ക്ക് എന്റെ യാത്രയാണ് ശരിയെന്നോ, ഇത് എല്ലാവർക്കും ചെയ്യാൻ കഴിയുമെന്നോ, കഴിയേണ്ടതാണെന്നോ ശഠിക്കാൻ എനിക്ക് സാധിക്കില്ല. പക്ഷേ എല്ലാവർക്കും അവരവരുടേതായ രീതികളിൽ ചില ചോദ്യങ്ങൾ ചോദിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ചുറ്റും നോക്കി കഴിഞ്ഞാൽ മാനസിക ശാരീരിക ആരോഗ്യം, വികസനം, വിദ്യാഭ്യാസം, തൊഴിൽ, സമ്പത്ത്, കമ്പോളം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേഖലകളിൽ നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നതാണോ ശരിക്കും നമുക്ക് വേണ്ടത് എന്ന് ഇടയ്ക്കെങ്കിലും നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അൺലേണിംഗ് എന്ന അവസാനിക്കാത്ത പഠനത്തിൽ നിങ്ങൾക്ക് പുതിയ ചോദ്യങ്ങളും ഉത്തരങ്ങളും ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
കുറച്ചേറെ ഇടങ്ങൾ ഈ യാത്രയിൽ പങ്കുചേർന്നിരുന്നു എങ്കിലും നിലവിൽ ഞാൻ കൂടി ഭാഗമായ Unlearning Ashram എന്ന ഇടത്തെ പ്രധാനമായി ഇവിടെ ഓർക്കുന്നു. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ഇടം നിലവിൽ വ്യക്തികളെ ജീവിതത്തിൽ സ്ലോ ഡൗൺ ചെയ്യുവാനും അവരവരുടെ ചുറ്റുമുള്ള ലോകത്തെ തുറന്ന മനസോടെ നോക്കിക്കാണുവാനും അറിയുവാനും അതിനോട് പ്രതികരിക്കുവാനും വഴികൾ തുറന്നിടുന്നു. സ്വരാജ് യൂണിവേഴ്‌സിറ്റി, യുവാക്കൾക്കായി YES ഓർഗനൈസേഷൻ നടത്തുന്ന JAM ക്യാംപുകൾ , LSUC (Learner’s Society UnConference) എന്നിങ്ങനെ വിവിധ ബദൽ, അൺലേണിങ്ങ് ഇടങ്ങളുടെ ഭാഗമായും അല്ലാതെയും കഴിഞ്ഞ 10 ലേറെ വർഷങ്ങളായി യുവാക്കൾക്കൊപ്പം പ്രവർത്തിച്ചവരാണ് ഈ ഇടത്തിന്റെ പിന്നിൽ. കേരളത്തിലെ യുവാക്കൾക്ക് Unlearning പരിചയപ്പെടുത്തുന്നതിനായി ” ഗ്യാപ് ഇയർ യാത്ര ” എന്നൊരു 6 മാസക്കാല പരിപാടിയും ഞങ്ങൾ നടത്താൻ ഉദ്ദേശിച്ചിരുന്നു. കോവിഡ് കാരണം ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ മുടങ്ങിപ്പോയ കാരണം ഓൺലൈനായിട്ടാണ് നിലവിൽ വിവിധ പ്രവർത്തനങ്ങൾ പല ഇടങ്ങളിലും നടന്നുപോരുന്നത്.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

