

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വാളയാർ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ 2025 ജനുവരി 9 ന് സമർപ്പിച്ച കുറ്റപത്രത്തിൽ കുട്ടികളുടെ മാതാപിതാക്കളേയും പ്രതിചേർത്തിരിക്കുകയാണ്. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അമ്മയ്ക്കും അച്ഛനുമെതിരെ ചുമത്തിയിരിക്കുന്നത്. പോക്സോ നിയമത്തിലെ വകുപ്പുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികള് പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള് നേരത്തെ അറിഞ്ഞിരുന്നതായാണ് സി.ബി.ഐയുടെ കണ്ടെത്തൽ. 2017 ജനുവരി 13, മാര്ച്ച് 4 തീയതികളിലായാണ് വാളയാറിലെ അട്ടപ്പളം എന്ന അതിർത്തി ഗ്രാമത്തിൽ 13, 9 വയസ്സുള്ള ദലിത് സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. കേസ് അട്ടിമറിക്കുകയാണ് സിബിഐയുടെ ലക്ഷ്യമെന്നാണ് അവരുടെ കണ്ടെത്തലുകൾ തള്ളിക്കൊണ്ട് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചത്. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായും അവർ പരാതിപ്പെടുന്നു. സിബിഐയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ഏഴ് വർഷത്തിലധികമായി നീതിക്കായി പോരാടുന്ന വാളയാർ കുട്ടികളുടെ അമ്മ കേരളീയത്തോട് സംസാരിക്കുന്നു.
സിബിഐ നടത്തുന്ന രണ്ടാമത്തെ അന്വേഷണത്തിന്റെ ഭാഗമാണ് ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം. എന്താണ് കുറ്റപത്രം സംബന്ധിച്ച് പറയാനുള്ളത്?
അവർക്ക് സത്യസന്ധമായി യഥാർത്ഥ പ്രതികളിലെത്താൻ സാധിക്കാത്തത് കൊണ്ടാണ് ഞങ്ങളെ പ്രതികളാക്കിയിരിക്കുന്നത്. സിബിഐ അന്വേഷിക്കണമെന്നാവാശ്യപ്പെട്ടത് ഞങ്ങളാണ്. അപ്പോൾ ഞങ്ങൾ തെറ്റുകാരാണ്, പിടിക്കപ്പെടുമെന്ന് തോന്നിയാൽ ഞങ്ങൾ തന്നെ സിബിഐ വേണമെന്ന് ആവശ്യപ്പെടുമോ? സത്യസന്ധമായി കേസ് അന്വേഷിച്ച് യഥാർത്ഥ പ്രതിയിലെത്തുമെന്ന പ്രതീക്ഷകൊണ്ടാണ് ആദ്യത്തെ സിബിഐ പോയപ്പോഴും വീണ്ടും സിബിഐ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നിട്ടും അവർ അവസാന ഘട്ടം പാലക്കാട് പോക്സോ കോടതിയിൽ കേസ് നടത്തുന്നതിന് പകരം നേരെ എറണാകുളത്ത് സിബിഐ കോടതിയിലേക്ക് കേസ് മാറ്റി. എറണാകുളത്തേക്ക് കേസ് മാറ്റരുത് എന്ന് ഞങ്ങൾ ഒരുപാട് തവണ പറഞ്ഞിരുന്നു. എന്നിട്ടും കുടുംബം ആവശ്യപ്പെടാതെ തന്നെ അവർ അവരുടെ തന്നിഷ്ട പ്രാകാരം കേസ് നേരെ സിബിഐ കോടതിയിലേക്ക് മാറ്റി. അതുതന്നെ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു. കേസ് അവിടെ എത്തിക്കഴിഞ്ഞപ്പോൾ യഥാർത്ഥ പ്രതിയെ തൊട്ടാൽ കൈ പൊള്ളുമെന്ന് മനസിലായപ്പോൾ, കട്ടവരെ കിട്ടാണ്ടായപ്പോൾ കിട്ടിയവരെ പ്രതിയാക്കി. അച്ഛനെയും അമ്മയേയും പ്രതിയാക്കി. മുൻപ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചുവല്ലോ? അവരുടെ കുറ്റപത്രം കോടതിയിലെത്തും വരെയും അമ്മ പ്രതിയല്ല. ഒന്നാം ഘട്ട സിബിഐ അന്വേഷണത്തിലും പ്രതിയല്ല, രണ്ടാം ഘട്ടത്തിൽ സിബിഐ വന്നപ്പോൾ സത്യസന്ധമായി നമുക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. സമര സമിതിക്ക് അറിയാവുന്ന കാര്യങ്ങൾ അവരും പറഞ്ഞു. കുഞ്ഞുങ്ങടെ കൈയ്യിലെ രേഖകൾ സംബന്ധിച്ചുള്ള തെളിവുകളെല്ലാം കൊടുത്തിട്ടും സമര സമിതിക്കറിയാവുന്ന സംശയങ്ങൾ പറഞ്ഞിരുന്നു. 2017 ൽ മൂത്ത മകൾ മരിക്കുന്ന സമയത്ത് വലിയ മധുവിനെ സംശയിക്കുന്നതായി നമ്മൾ പറഞ്ഞിട്ട് അറസ്റ്റ് ചെയ്തുകൊണ്ട് പോയിരുന്നു, പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇവിടുത്തെ ലോക്കൽ നേതാക്കന്മാരാണ് പോയി ഇറക്കി കൊണ്ടുവന്നത്. എസ് ഐ ചാക്കോയോട് വലിയ മധുവിനെ വിടാൻ വേണ്ടി ആരെങ്കിലും വിളിച്ചു പറയാതെ വിടൂല്ലല്ലോ? അങ്ങനെ പറഞ്ഞതാരാണെന്ന് സിബിഐ എസ്.ഐ ചാക്കോയെ ചോദ്യം ചെയ്താൽ പറയൂല്ലേ? ഇവർ അവിടെ നിന്ന് തുടങ്ങണമായിരുന്നു, അത് ചെയ്തില്ല.
മുമ്പ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടവർ തന്നയല്ലേ ഇപ്പോഴത്തെ സിബിഐ കുറ്റപത്രത്തിലേയും പ്രതികൾ ?
ഇവരാണ് പ്രതികളെന്ന് മുമ്പ് വന്നവരും ഇപ്പോ അന്വേഷിച്ചവരും ഒക്കെ പറയുന്നു. അതാണ് ഞാൻ ചോദിക്കുന്നത്, പ്രതികൾ അവരാണെങ്കിൽ എന്തുകൊണ്ട് അവർക്ക് തക്ക ശിക്ഷ കൊടുക്കുന്നില്ല? ഇവരെ വെറുതെ വിടും മുൻപ് തന്നെ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ സോജൻ പറഞ്ഞു അവർ ചെയ്ത തെറ്റിന്റെ ശിക്ഷ അവരനുഭവിച്ചു കഴിഞ്ഞുവെന്ന്. അത് പറഞ്ഞതിനൊപ്പം അയാൾ എന്റെ മക്കളെ കുറിച്ചും പറഞ്ഞല്ലോ അവർക്ക്… (അയ്യോ അയാളെങ്ങനയോ ഒരു ഭാഷയിൽ പറഞ്ഞത് എനിക്കത് പറയാനും കിട്ടുന്നില്ല). ആ ഒരു രീതിയിൽ കുഞ്ഞുങ്ങൾക്കിഷ്ടം ആയിരുന്നു, കൂടെ കൂടെ ചെല്ലുമായിരുന്നു എന്നത് പറയേണ്ട കാര്യമെന്താ? എന്റെ മക്കളെ കുറിച്ച് ലോകം കേൾക്കെ എന്ത് തെമ്മാടിത്തരവും വിളിച്ചുപറഞ്ഞ വ്യക്തി ഇന്ന് തെറ്റുകാരനല്ല. മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിച്ചിട്ട് യഥാർത്ഥ പ്രതിയിലേക്ക് എത്തണമെന്നാഗ്രഹിച്ച് കോടിതിയിൽ അപേക്ഷ കൊടുത്ത, സിബിഐ വേണമെന്ന് പറഞ്ഞ അച്ഛനും അമ്മയും ഇന്ന് തെറ്റുകാരായി. സമൂഹത്തിന് മുന്നിൽ നമ്മളെയും നമ്മളെ വിശ്വസിച്ച് നിൽക്കുന്ന ആളുകളേയും തെറ്റിദ്ധരിപ്പിക്കുക. നമ്മളെ ഒറ്റപ്പെടുത്തുക. അല്ലെങ്കിൽ നമ്മൾ സമരവുമായി മുന്നോട്ടുപോകുമെന്നുള്ളത് കണ്ട് നമ്മുടെ സമരത്തെ അടിച്ചമർത്താനുള്ള അവസാനത്തെ അടവാണ് ഇപ്പോൾ അച്ഛനെയും അമ്മയേയും പ്രതിയാക്കിയത്. എനിക്കതിനെ ഇങ്ങനെ കാണാനാണ് പറ്റിയത്, നമ്മളിനി സമരവുമായി മുന്നോട്ട് പോകരുത്. ഒറ്റപ്പെട്ട് നിൽക്കണം. ആരും നമുക്ക് സപ്പോർട്ട് ഇല്ലാത്ത അവസ്ഥയാകണം. അത് ഇന്നലെ എനിക്ക് മനസിലായി. ഞാൻ കഴിഞ്ഞ ദിവസം വരെ തൊഴിലുറപ്പ് പണിക്ക് പോയപ്പോൾ സന്തോഷത്തോടെ സംസാരിച്ച ആൾക്കാർക്ക് ഇന്നലെ സംസാരിക്കാൻ ഒരു പേടി പോലെ. അത് എന്തുകൊണ്ടാണ്? പൊതുജനങ്ങളുടെ മുന്നിൽ പൊതുവേ നമ്മളെ പോലെയുള്ള സാധാരണക്കാരുടെ മനസിൽ ഓടിക്കേറുന്ന ഒരു വിഷയം സിബിഐക്കാർ കാര്യമില്ലാതെ അച്ഛനെയും അമ്മയേയും പറയത്തില്ല എന്നുള്ളതാണ്. പക്ഷേ അവര് തെറ്റായ രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. മാത്രമല്ല, പാലക്കാട് പോക്സോ കോടതിയിലല്ല കേസ് നടന്നത്. അവിടെയായിരുന്നു കേസ് നടന്നതെങ്കിൽ ഈ കുറ്റപത്രം തള്ളിയിട്ടുണ്ടാകും. എനിക്ക് സമരത്തിനിറങ്ങുമ്പോൾത്തന്നെ അറിയാമായിരുന്നു അവസാനം സിബിഐക്ക് ഒരു എത്തും പിടിയും കിട്ടാതെ വരുമ്പോൾ നമ്മുടെ നേർക്ക് തിരിയുമെന്ന്. ഇവരുടെ ഈ അടവുകൊണ്ടൊന്നും തളർന്ന് പോകില്ല. ഞാൻ ഉറച്ച തീരുമാനത്തോടു കൂടി തന്നെയാണ്.
പാലക്കാട് കോടതിയിൽ നിന്ന് കേസ് മാറ്റരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നില്ലേ?
കോടതി മാറ്റണമെന്ന് ആവശ്യപ്പെടേണ്ടതാരാണ്? ഞങ്ങളല്ലേ? ഞങ്ങൾക്ക് പോകാനും വരാനും സൗകര്യം പാലക്കാടാണ്. ഇവർ എറണാകുളത്തും തിരുവനന്തപുരത്തും കേസ് വെച്ചാൽ നമുക്ക് മാസം മാസം ഹിയറിങ്ങ് വരുമ്പോൾ പോകാൻ പറ്റുമോ? അപ്പോൾ കോടതി മാറ്റിത്തരണമെന്നാവശ്യപ്പെടേണ്ടത് ഞങ്ങളാണ്. അവർ അവരുടെ സൗകര്യത്തിനാണ് എറണാകുളത്ത് സിബിഐ കേടതിയിക്ക് മാറ്റിയത്. നമ്മൾ കേസ് അങ്ങോട്ടേക്ക് കൊണ്ടുപോകരുത് എന്ന് പറഞ്ഞത് പാലക്കാട് കോടതിയിൽ തന്നെ വിധി പറയണമെന്ന് നമ്മളാഗ്രഹിച്ചതുകൊണ്ടും ഞങ്ങൾ ഇവിടെ ആയതുകൊണ്ടുമാണ്. എല്ലാം കൊണ്ടും കേസ് അട്ടിമറിച്ചുകൊണ്ട് യതാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണ് അവർ ചെയ്തത് എന്നുതന്നെയാണ് ഈ കുറ്റപത്രത്തിൽ നിന്ന് മനസിലാകുന്നത്.


കുട്ടികൾ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് നിങ്ങൾക്ക് അറിയുമായിരുന്നോ? മൂത്ത കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് രണ്ടാമത്തെ കുട്ടി മരിച്ച ശേഷമാണോ നിങ്ങളറിഞ്ഞത്?
നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കാത്തിരിക്കേണ്ട ആവശ്യം വരുമോ? ഈ പ്രേരണ എന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്? ഞങ്ങൾ നിർബന്ധിച്ച് മറ്റുള്ള ആൾക്കാരുടെ കൂടെ കുഞ്ഞുങ്ങളെ വിട്ടെന്നാണോ? ഇന്നലത്തെ പത്രത്തിൽ, ടിവിയിൽ വാർത്ത വന്നത് അതല്ലേ. ബലാൽസംഗത്തിന് പ്രേരണ, ആ രീതിയിലാണല്ലോ അവരെഴുതിയത്. എന്നെ സംബന്ധിച്ച് അവർ ഇതല്ല ഇതിനപ്പുറം പറഞ്ഞാലും സമരവുമായിട്ട് മുന്നോട്ട് പോകും. നിയമപരമായി നേരിടുക തന്നെ ചെയ്യും. യഥാർത്ഥ പ്രതിയിൽ എന്ന് എത്തുമെന്നുള്ളത് എനിക്കറിയില്ല. പക്ഷേ സത്യത്തിന് കണ്ണുണ്ട്, അത് മൂടി കെട്ടാൻ ആരെക്കൊണ്ടും കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
പക്ഷേ, അപ്പോഴും മൂത്തകുട്ടിയുടെ മരണശേഷം പ്രതികളിലൊരാളെ സംശയമുണ്ടെന്ന് നിങ്ങൾ പറഞ്ഞിരുന്നില്ലേ?
അതെ, വലിയ മധുവിനെ സംശയമുണ്ടെന്ന് പറഞ്ഞിരുന്നു. വലിയ മധു കുട്ടികളുടെ അച്ഛന് സുഖം ഇല്ലാതെയിരുന്നപ്പോൾ വീട്ടിൽ വരുകയും മൂത്ത കുട്ടിയെ ചുമരിൽ ചേർത്ത് നിർത്തി വാ മൂടിവെക്കുന്നത് അച്ഛൻ കണ്ടിട്ട് ചോദ്യം ചെയ്യുകയും ഉണ്ടായി. ഞാൻ പണിക്ക് പോയി വന്ന ശേഷം കാര്യം അറിഞ്ഞ് അവന്റെ വീട്ടിൽ പോയി അവനെ അടിച്ചു. അവൻ എന്റെ ബന്ധുവാണ്. അപ്പോൾ ചെറിയമ്മയും അമ്മായിമൊക്കെ എന്നോട് പറഞ്ഞു, അവന് അച്ഛനില്ലാത്തതാണ്, അവന് മൂത്തത് രണ്ട് പെൺകുട്ടികളുണ്ട്, കേസും കൂട്ടവും ആയാൽ അവരുടെ ജീവിതം ഇല്ലാതെയാകും, ഇനി നിന്റെ വീട്ടിൽ വരാതെ ഞങ്ങൾ ശ്രദ്ധിച്ചോളം എന്ന്. മാത്രമല്ല എന്റെ മോൾക്ക് 10 വയസ് ആയപ്പോൾ പ്രായപൂർത്തിയായി. സ്വന്തം മാമൻ തന്നെ ഇങ്ങനെ കുഞ്ഞിനോട് പെരുമാറിയെന്നറിഞ്ഞാൽ സ്കൂളിൽ കുട്ടിയെ കളിയാക്കുമോ, അങ്ങനെയൊക്കെയാ ഞാൻ ചിന്തിച്ചത്. അപ്പോഴും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നൊന്നും നമുക്കറിയില്ലല്ലോ? അവൻ തോണ്ടുകയോ പിച്ചുകയോ ചെയ്തുള്ളൂവെന്നാണ് കരുതിയത്. അല്ലാതെ പീഡിപ്പിക്കേണ്ട മാനസികാവസ്ഥയിൽ അവൻ പോയി എന്ന് നമ്മൾ ചിന്തിക്കുന്നില്ലല്ലോ? ഇക്കാര്യങ്ങൾ ഞാൻ അന്ന് മുതലേ അന്വേഷണം നടത്തിയവരോട് പറഞ്ഞിട്ടുണ്ടല്ലോ. സിബിഐയോട് പറഞ്ഞു. ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. എല്ലാവരോടും പറഞ്ഞിട്ടുണ്ട്. അന്ന് സ്റ്റേഷനിൽ പോകണമെന്നൊന്നും എനിക്കറിയില്ലായിരുന്നു. കാരണം അങ്ങനെ പോകണമെന്ന് പറഞ്ഞുതരാൻ അന്ന് ആളില്ലായിരുന്നു. കുഞ്ഞ് മരിച്ചശേഷം ഒന്നര മാസം പോസ്റ്റ് മോർട്ടം റിപ്പോർട്ട് തരാതെ ചുറ്റിക്കുമ്പോഴും ഇന്നത്തെ പോലെ അന്ന് അറിയില്ല. പൊലീസ് പറയുമ്പോൾ അതാണ് ശരിയെന്നുള്ള രീതിയിലാണ് അന്നിരുന്നത്. ഇളയ കുഞ്ഞ് മരിച്ച ശേഷമാണ് രണ്ടുപേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് നമുക്ക് കിട്ടുന്നത്. അതിന് ശേഷമാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്. മാത്രവുമല്ല പൊലീസ് സ്റ്റേഷൻ കാര്യങ്ങളൊക്കെ നമുക്ക് പേടിയാണ്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് തരാൻ എത്ര ദിവസം സ്റ്റേഷനിൽ നിന്ന് അവർ വിളിപ്പിച്ചുവെന്നോ, അവര് വിളിച്ചിട്ടാണല്ലോ നമ്മള് പോകുന്നത്. സ്റ്റേഷനിൽ ചെല്ലുമ്പോൾ രണ്ട് കസേരിയിട്ടിട്ട് ശരിക്ക് പറഞ്ഞാൽ നായ്ക്കളെ പോലെയാണ് അവിടെയിരുത്തുക. രണ്ട് മണി വരെ വെള്ളവുമില്ല, ചായയുമില്ല, കഞ്ഞിയുമില്ല. അവസാനം ഒരു പേപ്പർ കിട്ടാനുണ്ട്, കെമിക്കൽ റിപ്പോർട്ട് കിട്ടിയിട്ടില്ല പിന്നെ ഒരു ദിവസം വായോ എന്ന് പറയും. അങ്ങനെ എത്ര ദിവസം ഞങ്ങളെ ചുറ്റിച്ചു. ഒരുപക്ഷേ പൊലീസ് ആ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നേരത്തെ തന്നിരുന്നുവെങ്കിൽ വായിക്കാൻ കഴിയുന്ന ആരുടെയെങ്കിലും കയ്യിൽ കൊടുത്തിട്ട് എന്റെ മകൾ എന്ത് കാരണം കൊണ്ട് മരിച്ചു എന്ന് അറിഞ്ഞ് നമുക്ക് ചെറുതിനെയെങ്കിലും സുരക്ഷിതമായി മാറ്റാമായിരുന്നു. പക്ഷേ, അന്നനുഭവിച്ച വേദനകൾ വെച്ചിട്ട് ഇന്ന് നൂറ് ശതമാനം തറപ്പിച്ചെനിക്ക് പറയാൻ പറ്റും, നമ്മൾ പട്ടിക ജാതിക്കാർ, കയ്യിൽ പൈസയില്ല, വിദ്യാഭ്യാസമില്ല എന്നതൊക്കെ അവർക്ക് നല്ലതുപോലെ അറിയാമല്ലോ, അപ്പോൾ അവരെന്ത് പറഞ്ഞാലും നമ്മളത് കേൾക്കുമെന്ന ഉറപ്പിലാണ് നമ്മളെ കൊണ്ടുപോയി നായയെ ഇരുത്തും പോലെ രണ്ട് കസേര ഇട്ട് ഇരുത്തി ഓരോ കാരണം പറഞ്ഞ് തിരിച്ചുവിട്ടത്. മറിച്ച് ഇന്നത്തെ സാഹചര്യം ആണെങ്കിൽ ഞാനത് കിട്ടിയിട്ടേ പോകൂ എന്ന് പറഞ്ഞ് അവിടെയിരിക്കും. അന്ന് അതിനുള്ള ധൈര്യം ഇല്ല.


അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകനെ നിയമിക്കണമെന്ന നിങ്ങളുടെ ആവശ്യവും നിരസിക്കപ്പെട്ടില്ലേ?
അതെ, എന്തുകൊണ്ടാണ് അഡ്വ. രാജേഷ് മേനോനെ ഭയക്കുന്നത്? രാജേഷ് മേനോനെ മക്കളുടെ കേസ് അന്വേഷിക്കാനുള്ള വക്കീലായി വെക്കട്ടെ. അവർ കൊണ്ട് വരുന്ന വക്കീൽ എത്ര വലിയ ഉന്നതനായിക്കോട്ടെ, എത്ര കഴിവുള്ള വ്യക്തിയായിക്കോട്ടെ, പക്ഷേ എനിക്ക് വിശ്വാസം രാജേഷ് മേനോനെയാണ്. അതെന്തുകൊണ്ട് ഇവർ ചെയ്തുതരുന്നില്ല. സിബിഐ വന്നിട്ട് രണ്ട് വർഷമായല്ലോ, രാജേഷ് മോനോനെ വേണമെന്ന് പറഞ്ഞിട്ടും രണ്ട് വർഷം കഴിഞ്ഞു. പിണറായി സർക്കാരിന് അപേക്ഷ നൽകിയപ്പോൾ അവർ പറഞ്ഞത് കുടുംബമേത് വക്കീലിനെ ആവശ്യപ്പെട്ടാലും കൊടുക്കുമെന്നാണ്, എന്നിട്ടോ? ഇപ്പോൾ പയസ് മാത്യൂസ് എന്ന ഒരു വക്കീലാണ്. അയാൾ നമ്മളെ നേരിൽ കാണുകയോ ഫോണിൽ വിളിച്ച് സംസാരിക്കുകയോ ഒന്നുമില്ല. നേരിൽ കാണാൻ പറ്റില്ല എങ്കിൽ ഫോണിലെങ്കിലും വിളിച്ച് ചോദിക്കാമല്ലോ. കേസ് സത്യസന്ധമായി വിജയിക്കണമെന്നുള്ള വ്യക്തിയാണെങ്കിൽ നമ്മളെ വിളിച്ചു സംസാരിച്ചിട്ടുണ്ടാകും.
എങ്ങനെയാണ് സിബിഐ കുറ്റപത്രത്തെ കുറിച്ച് ആദ്യം അറിഞ്ഞത്?
ഞാൻ പണിക്ക് പോയിടത്ത് നിൽക്കുമ്പോൾ മാധ്യമങ്ങൾ എന്നെ വിളിച്ചുപറയുമ്പോഴാണ് ഞാനറിയുന്നത്. പത്രക്കാർ വിളിച്ചിട്ട് ഇങ്ങനെ വിധി വന്നു, ഇനിയെന്താണ് അമ്മ ചെയ്യാൻ പോകുന്നത് എന്ന് ചോദിച്ചു. ഞാൻ എന്താണ് പറയേണ്ടത്. മക്കളുടെ കൊലയാളികളെ അവർ കണ്ട് പിടിച്ചു തരും എന്ന് കരുതുമ്പോൾ ഇങ്ങനെയാണ് അറിയുന്നത്. ഇപ്പോൾ ഞെട്ടാനൊന്നും ഇല്ല, എനിക്കിത് അറിയാമായിരുന്നു, ഇങ്ങനെ തിരിയുമെന്ന്. എന്റെ മക്കൾ രണ്ടെണ്ണം പോയതിന്റെ അത്ര ഞെട്ടലൊന്നും ഇല്ലെനിക്ക്. ഒരു വിഷമം മാതമേ ഉണ്ടായിരുന്നുള്ളൂ, എന്റെ മകൻ ഈ പത്രം വായിച്ച് കഴിയുമ്പോ അവന്റെ അവസ്ഥ എന്താവുമെന്നുള്ളത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നമുക്കെതിരെ തിരിക്കാനുള്ള തന്ത്രമാണെന്ന് ഞാനെന്റെ മോനോട് പറഞ്ഞു. കേസ് അട്ടിമറി ആണെന്ന് മനസിലാക്കുന്ന കുറച്ചെങ്കിലും മനുഷ്യർ വിളിക്കുന്നുണ്ട്, മുന്നോട്ടുപോകണമെന്ന് പറയുന്നുണ്ട്. അവരോടൊന്നും നന്ദി വാക്കൊന്നും പറഞ്ഞാൽ മതിയാകില്ല. നിങ്ങളുടെ എല്ലാം ശബ്ദമാണ് എന്റെയും ധൈര്യം. അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന അറയൂ. എന്നെ തള്ളിപ്പറഞ്ഞവർക്കാണെങ്കിലും ഈ ഒരു സാഹചര്യം വരാതെയിരിക്കട്ടെ. അതാണ് ഞാനെന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നത്.
കേസ് സിബിഐ അട്ടിമറിച്ചതാണെന്ന് നിങ്ങൾ കരുതാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?
വാളയാർ കേസ് വീണ്ടും അട്ടിമറിക്കുകയായിരുന്നു. ആ ലക്ഷ്യമുള്ള വ്യക്തികളാണ് ഇപ്പോൾ കേസ് അന്വേഷിക്കാൻ നിൽക്കുന്നത്. സർക്കാരും സിബിഐയും ഭയക്കുന്നുണ്ട്, യഥാർത്ഥ പ്രതിയിലെത്തുമെന്ന്. പ്രതികൾക്ക് വേണ്ടി മുൻപ് ഹാജരായ വക്കീൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ എൻ രാജേഷ് അല്ലേ? കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട വ്യക്തി പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുമ്പോൾ ആ കേസ് എവിടെ വരെ പോകും എന്നുള്ളത് ചിന്തിക്കാവുന്നതേയുള്ളൂ. അതൊന്നും സിബിഐ പറയാത്തത് എന്താ? മൂത്ത മകൾ മരിച്ച അന്നത്തെ ദിവസം മുതൽ പോലീസുകാരാണ് നമ്മളെ ചതിക്കുന്നത്.
ബെഞ്ചിൽ ഇരുന്നു പഠിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ക്ലാസിൽ എണീറ്റ് നിൽക്കുമായിരുന്നുവെന്നും സ്കൂളിൽ കൗൺസിൽ ചെയ്തിട്ടുണ്ടെന്നും ടീച്ചർമാർ കുട്ടികളുടെ മരണ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അപ്പോഴാണ് ഞാനതറിയുന്നത്. കുഞ്ഞിനെ കൗൺസിലിങ്ങ് നടത്തിയ ടീച്ചറിനോട് കുഞ്ഞെന്താ പറഞ്ഞതെന്ന് നമുക്കറിയില്ല, അവൾക്ക് അങ്ങനെയൊരു ബുദ്ധിമുട്ടെണ്ടെന്ന് അവൾ പറഞ്ഞിട്ടുണ്ടെങ്കിൽ ക്ലാസ് ടീച്ചർറും കൗൺസിലിങ്ങ് നടത്തിയ ടീച്ചറും എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്, കുടുംബത്തിലറിയിക്കുന്നതിന് മുൻപ് CWC യിൽ വിവരം അറിയിക്കണമായിരുന്നു, അത് അവര് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് സിബിഐ അന്വേഷിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുൾപ്പടെയുള്ള ആരും ഇവരെ എന്താണ് ചോദ്യം ചെയ്യാത്തത്? കുറ്റം മുഴുവൻ നമുക്കാണ്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഞാൻ സമര പന്തലിൽ വെച്ച് മുടി മുറിച്ചത്. എന്നെ ഇവിടെ വരെ കൊണ്ടത്തിച്ചത് ഇവരൊക്കെ തന്നെയാണ്, ഞാനിങ്ങനെയൊന്നും സംസാരിക്കണമെന്നോ പിണറായിക്കെതിരെ മത്സരിക്കണമെന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മത്സരിക്കുന്ന സമയത്ത് ഒരു ദിവസമെങ്കിലും എന്റെ മുന്നിൽ കണ്ടാൽ, എന്നോടെന്തിനാണ് ഈ ചതി ചെയ്തതെന്ന് ചോദിക്കാനൊരു അവസരം, അത്രയുമേ ഞാൻ പ്രതീക്ഷിച്ചിട്ടുള്ളൂ. സർക്കാരിനെ പൂർണമായി വിശ്വസിക്കുന്ന നമ്മൾ മണ്ടന്മാരാണ്. പട്ടികജാതിക്കാരായതിനാൽ അടിച്ചമർത്താം, അവർക്ക് എന്ത് സംഭവിച്ചാലും ചോദിക്കാൻ ആരുമില്ലെന്ന് ഇവരുടെയൊക്കെ മനസിലൊരു കാഴ്ചപ്പാടുണ്ടല്ലോ. അത് ശരിയല്ലെന്ന് കാണിക്കാനാണ് ഞാൻ പിണറായിക്കെതിരെ മത്സരിച്ചത്. പിണറായിക്കെതിരെ മത്സരിക്കാൻ നിന്നതിന് ശേഷം ഭീഷണിയേ ഉള്ളൂ. പൊലീസ് ഇവിടെ പതിവായി ഡ്യൂട്ടിക്കുണ്ട്, ദാ അവിടെ കാണുന്നത് അവർക്കിരിക്കാനുള്ള ഷെഡാണ്. എനിക്കാരെയും പേടിയില്ല. നമ്മുടെ വീട്ടിൽ ആരൊക്കെ വരുന്നു, പോകുന്നു എന്നൊക്കെ അറിയാനും ഞാൻ എവിടെയൊക്ക പോകുന്നുണ്ട് എന്നറിയാനും സർക്കാർ തന്ത്ര പൂർവ്വമാണിതൊക്കെ ചെയ്യുന്നത്. എനിക്ക് മരിക്കാനൊരു പേടിയുമില്ല, അതൊക്കെ തീരുമാനിച്ചിട്ടാണ് സമരത്തിനിറങ്ങിയത്. മക്കൾക്ക് വേണ്ടി തെരുവിൽ കിടന്ന് ചാകാനും തയ്യാറായി തന്നെയാണ് സമരത്തിനിറങ്ങിയത്.


മുന്നോട്ടുള്ള തീരുമാനം എന്താണ്? സമരസമിതി എന്താണ് ആലോചിക്കുന്നത്?
സമര സമിതിയുടെയും എന്റെയും തീരുമാനം 13-ാം തിയതിയോടുകൂടി അനശ്ചിതകാലം സമരം തുടങ്ങാനാണ്. ജനുവരി 13 ന് എട്ട് വർഷം കഴിഞ്ഞ് ഒമ്പതാമത്തെ വർഷം സ്റ്റാർട്ട് ചെയ്യുകയാണ്. എന്നെ സംബന്ധിച്ച് അവസാന ശ്വാസം വരെ മക്കളെ കൊന്ന ആൾക്കാരെ ലോകത്തിനോട് വിളിച്ചു പറയാനൊരവസരം, അതൊരിക്കലും ഞാൻ നഷ്ടപ്പെടുത്തില്ല. കാരണം, ജീവൻ പോകുവാണെങ്കിലും മക്കൾക്ക് വേണ്ടി സമരത്തിനിറങ്ങിയിട്ട് അങ്ങനെ പോകുകയാണെങ്കിൽ പോയിക്കോട്ടെ എന്ന് വിചാരിക്കും. ജനിച്ചാൽ ഒരു മരണമുണ്ട്. അത് മക്കൾക്ക് വേണ്ടിയാണെങ്കിൽ ഞാൻ അന്തസായിട്ട് സ്വീകരിക്കും. സത്യസന്ധമായി ലോകത്തോട് വിളിച്ച് പറയും. എന്റെ മക്കൾ സ്വയം ചെയ്തതല്ല, അവരെ കൊന്ന് കെട്ടി തൂക്കിയതാണെന്ന് വിളിച്ചുപറയാൻ കിട്ടുന്നൊരവസരത്തിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് അവസാന ഘട്ടത്തിൽ ഇങ്ങനെയൊരു കുറ്റപത്രം വരുന്നത്. എന്തായാലും മക്കൾക്ക് നീതി കിട്ടണം. അതിന് ഏത് അറ്റം വരെയും ഞാൻ പോകും. സമരവുമായിട്ട് ആണെങ്കിലും നിയമപരമായിട്ടാണെങ്കിലും മുന്നോട്ടുപോയി മക്കളെ കൊന്ന വ്യക്തികളെ തുറന്നുകാണിക്കാൻ ഒരവസരം ഞാൻ ആഗ്രഹിക്കുന്നുണ്ട്. അവസാന ശ്വാസം വരെയും അത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.
എല്ലാ ദിവസവും എന്റെ മക്കളെ പറ്റി ആലോചിക്കും. ഞാൻ എവിടെ പോയി എന്റെ മക്കളെ കാണും, ഒരു നല്ല കറി വെച്ചു കഴിഞ്ഞാൽ ആലോചിക്കാതിരിക്കാൻ പറ്റുമോ? ജീവിതം ശരിക്കും ജീവിക്കുന്നു എന്ന് പേരേ ഉള്ളൂ, ചത്ത് ജീവിച്ചു കൊണ്ടിരിക്കകയാണ് ഞങ്ങൾ. മക്കൾക്ക് വേണ്ടി മരിക്കുക എന്നൊക്കെ പറയില്ലേ, ഞങ്ങൾ ദിവസം മരിച്ചുകൊണ്ട് ഇരിക്കുവാ. ഓണമോ, വിഷുവോ വന്നാൽ നല്ല ഭക്ഷണം വെക്കാൻ തോന്നത്തില്ല, അവരുടെ പ്രായമുള്ള മക്കളെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റത്തില്ല…