പ്ലാസ്റ്റിക്ക് കടലിൽ മുങ്ങിപ്പോയ ‘ശുചിത്വ സാ​ഗരം’

ഭാ​ഗം 2

“എല്ലാവരും മാലിന്യം കളയാനുളള ഒരു സ്ഥലമായിട്ടാണ് കടലിനെയും കായലിനേയും കാണുന്നത്. നമുക്ക് പുഴയിലും തോട്ടിലും കായലിലുമൊക്കെ വലിച്ചെറിയുന്ന സംസ്കാരമുണ്ട്. എവിടെ കളഞ്ഞാലും അതെല്ലാം അവസാനം ഒഴുകി കടലിലേക്കാണ് വരുന്നതെന്ന യാഥാർത്ഥ്യം നമ്മൾ മനസിലാക്കണം. പ്ലാസ്റ്റിക്കിങ്ങനെ അടിഞ്ഞുകൂടി കഴിഞ്ഞാ മത്സ്യത്തിന്റെ പ്രജനനത്തിനെ കാര്യമായിട്ട് ബാധിക്കാൻ തുടങ്ങും. നമ്മുടെ കടലീന്നാണ് ഓക്സിജന്റെ നല്ലയളവും കിട്ടുന്നത്. സമുദ്രം മലിനീകരിക്കപ്പെട്ടാൽ മനുഷ്യന്റെ മാത്രമല്ല ജീവജാലങ്ങളുടെ തന്നെ വലിയൊരു നാശത്തിലേക്കത് കലാശിക്കും.” ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായ പീറ്റർ മത്യാസിന്റെ വാക്കുകൾ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് എങ്ങനെ കടലിലേക്കെത്തുന്നുവെന്നും അത് കടൽ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്നും വ്യക്തമാക്കുന്നതായിരുന്നു.

മത്സ്യബന്ധനത്തിനായി പോകുമ്പോൾ വലയിൽ മീനിനേക്കാൾ പ്ലാസ്റ്റിക് കയറാൻ തുടങ്ങിയതോടെയുള്ള ബുദ്ധിമുട്ടുകൾ യന്ത്രവൽകൃത മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചതോടെയാണ് കൊല്ലം ജില്ലാ ബോട്ട് ഓപ്പറേറ്റർ അസോസിയേഷൻ വിഷയം ഗൗരവമായി എടുക്കുന്നത്. അന്നത്തെ ഫിഷറീസ് മന്ത്രി ആയിരുന്ന ജെ മേഴ്സിക്കുട്ടിയമ്മയെ അവർ ഇക്കാര്യം അറിയിച്ചു. ബോട്ടുകൾക്ക് ലഭിക്കുന്ന പ്ലാസ്റ്റിക് കരയിൽ കൊണ്ടുവരാമെന്നും, എന്നാൽ ഇത് കരയിൽ കൂട്ടിയിടാതെ സംസ്കരിക്കാൻ കഴിയുന്ന തരത്തിൽ സർക്കാർ നടപടിയെടുക്കണമെന്നുമുള്ള അസോസിയേഷന്റെ ആവശ്യം മന്ത്രി പരിഗണിക്കുകയായിരുന്നു. അതാണ് ‘ശുചിത്വ സാഗരം’ എന്ന പദ്ധതിയിലേക്ക് നയിച്ചതെന്ന് കൊല്ലം ജില്ലാ ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ പീറ്റർ മത്യാസ് പദ്ധതിയെക്കുറിച്ച് ഏറെ മതിപ്പോടെ സംസാരിച്ചു.

നീണ്ടകര ഹാർബറിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: ജോൺ ജബ്ബാസ്

കാര്യക്ഷമമായി തുടങ്ങി, പക്ഷെ…

സർക്കാരും ഫിഷറീസ് മന്ത്രിയും തുടക്ക കാലത്ത് നൽകിയ പിന്തുണ പീറ്റർ മത്യാസ് ഓർത്തെടുത്തു. തുടക്കകാലത്ത് ഹാർബർ വകുപ്പാണ് സംസ്ക്കരണ യൂണിറ്റിലെ സ്ത്രീ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ മുന്നോട്ടുവന്നതെന്നും എന്നാൽ പിന്നീട്  ഫണ്ടിന്റെ അപര്യാപ്തത കാരണം കുറേ ബുദ്ധിമുട്ടുകളുണ്ടായെന്നും പീറ്റർ മത്യാസ് പറയുന്നു. “തുടങ്ങി ഒന്ന്-രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും മത്സ്യത്തൊഴിലാളികൾക്ക് ഒരു പ്രോത്സാഹനം ആയിട്ട് എന്തെങ്കിലും കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ സർക്കാരോ, ബന്ധപ്പെട്ടവരോ ഇതുവരെ അങ്ങനെ ഒരു ചിന്തയിലേക്ക് വന്നിട്ടില്ല. അങ്ങനെ ഒരു തലത്തിലേക്ക് മാറുകയാണെങ്കിൽ നൂറ് ശതമാനം വിജയകരമായി നമുക്ക് ഇത് ചെയ്യാൻ കഴിയും. കൃത്യമായി ഒരാളിനെ മോണിറ്റർ ചെയ്യാൻ ചുമതലപ്പെടുത്തിയാൽ കുറച്ചുകൂടി കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയും. ഞങ്ങൾ അങ്ങനെ ‌നിർദ്ദേശം പറഞ്ഞതാണ്. പല മീറ്റിംഗിലും ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്. നിർഭാഗ്യവശാൽ റിസൾട്ട് കിട്ടിയില്ല. നോക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ അതുതന്നെ ആയിരിക്കും ഈ പ്രോജക്ട് ഇപ്പോൾ മന്ദഗതിയിൽ പോകാനുള്ള കാരണം.” നിരന്തര പരിശ്രമത്തിലൂടെ വിജയകരമായി തുടങ്ങിയ പദ്ധതി പിന്നീട് മുന്നോട്ടുപോകാത്തതിന്റെ വിഷമം പീറ്റർ മത്യാസിന്റെ വാക്കുകളിലുണ്ടായിരുന്നു. കടലിന്റെ അടിത്തട്ടിലെ പ്ലാസ്റ്റിക് ഫലപ്രദമായി നിർമ്മാർജനം ചെയ്യാൻ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകൾക്ക് മാത്രമേ സാധിക്കൂ എന്നതാണ് പീറ്റർ മത്യാസിന്റെ അഭിപ്രായം.

പീറ്റർ മത്യാസ്

“എല്ലാ ബജറ്റിലും ഇതിനായി തുക വകയിരുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടാറുണ്ടായിരുന്നു. ഏതായാലും കഴിഞ്ഞ ബജറ്റിലും ഈ ബ‍‍ജറ്റിലും ഇതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇവിടെ തുടങ്ങിയ വേഗതയിൽ സംസ്ഥാനത്തെല്ലായിടത്തും വ്യാപിപ്പിക്കാൻ പറ്റിയില്ല എന്നതൊരു പോരായ്മയാണ്. ഇപ്പോൾ ‘ശുചിത്വ സാഗരം, സുന്ദര തീരം’ എന്നാക്കി സർക്കാർ വളരെ വലിയ രീതിയിൽ‌ പദ്ധതി നടത്തുന്നുണ്ട്. പക്ഷെ കുറച്ചു കൂടെ ഗൗരവത്തോടെ എല്ലാ ഹാർബറുകളിലും നടപ്പിലാക്കണം.” പ്രതീക്ഷയോടെ പീറ്റർ മത്യാസ് പറഞ്ഞു നിർത്തി.

പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ‘ശുചിത്വ സാഗരം’ പദ്ധതി വിജയമായതിനെത്തുടര്‍ന്ന് ‘ശുചിത്വ സാഗരം, സുന്ദര തീരം’ എന്ന പേരിൽ ഒൻപത് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട  ഉദ്ഘാടനം ലോക സമുദ്രദിനമായ ജൂൺ 8ന് കൊല്ലം വാടി കടപ്പുറത്ത് നടത്തിയിരുന്നു. ചലച്ചിത്ര താരം മഞ്ജു വാര്യറായിരുന്നു പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ. പദ്ധതി സംസ്ഥാനത്തെ മറ്റ് 20 ഹാർബറുകളിലേക്കും വ്യാപിപ്പിച്ച് സമുദ്രാടിത്തട്ടിൽ അടിഞ്ഞ് കൂടിയിട്ടുള്ള പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്യുന്ന സ്ഥിരം സംവിധാനം ഒരുക്കുമെന്നും 2018 മുതൽ നീണ്ടകര ഹാർബർ കേന്ദ്രീകരിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിത്വസാഗരം പദ്ധതിയുടെ അനുഭവ പാഠങ്ങളാണ് ഇതിന് പ്രചോദനമെന്നും ഉദ്ഘാടന വേളയിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. നിലവിൽ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതികളുടെ ഭാഗമായി പല ജില്ലകളിലും കടലോര നടത്തമുൾപ്പടെ  സംഘടിപ്പിക്കുന്നുണ്ട്. കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാനുള്ള ശുചിത്വ സാഗരം പദ്ധതിക്കായി അഞ്ചര കോടിയാണ് ഇത്തവണത്തെ ബജറ്റിൽ മാറ്റി വെച്ചിരിക്കുന്നത്.

നീണ്ടകര ഹാർബറിൽ എത്തിയ മത്സ്യബന്ധന ബോട്ട്. ഫോട്ടോ: ജോൺ ജബ്ബാസ്

ആദ്യ കാലഘട്ടത്തിൽ വളരെ നല്ല രീതിയിലാണ് പദ്ധതി മുന്നോട്ടുപോയതെന്ന് 2017 ൽ പദ്ധതി തുടങ്ങിയ കാലം മുതൽ 2022 മാർച്ച് വരെ പദ്ധതിയുടെ സൂപ്പർവൈസർ ആയിരുന്ന വിജയകുമാർ പറയുന്നു. മത്സ്യബന്ധനത്തിനായി പോകുന്ന സമയത്ത് ചുമതലപ്പെടുത്തിയിരിക്കുന്ന അസിസ്റ്റന്റ് സൂപ്പർവൈസർ ബോട്ടുകളുടെ പേരും നമ്പരും രജിസ്റ്ററിൽ എഴുതിയ ശേഷം അവർക്ക് വിവിധ നിറങ്ങളിലുള്ള  ഒരു ടോക്കൺ കെട്ടിയ കിറ്റ് കൊടുക്കും. തിരിച്ച് ബോട്ട് ഹാർബറിൽ എത്തുമ്പോൾ അവർക്ക് കൊടുത്ത കിറ്റിൽ പ്ലാസ്റ്റിക് നിറച്ച് ബോട്ടിൽ നിന്ന് എടുത്ത് വാർഫിൽ ഇടും. കൊടുത്ത സൂപ്പർവൈസർ തന്നെ ടോക്കൺ അനുസരിച്ച് രജിസ്റ്റർ നോക്കിയാൽ ഏത് ബോട്ടാണെന്ന് മനസിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ഓരോ ദിവസത്തെയും ചാർ‍ട്ട് തയ്യാറാക്കി വെക്കുമായിരുന്നു എന്ന് വിജയകുമാർ പറയുന്നു.

വിജയകുമാർ

സംസ്ക്കരണ യൂണിറ്റിലെ സ്ത്രീകൾ ഇത് ശേഖരിച്ച് കൊണ്ടുവന്ന് ‍തൂക്കം നോക്കി തരം തിരിച്ച് കഴുകി ഉണക്കി പൊടിച്ചതാണ് റോഡ് പണിക്ക് ഉപയോഗിക്കുന്നതിനായി കൈമാറിയിരുന്നത്. 100 കിലോ ടാർ ഉപയോഗിച്ച് ചെയ്യുന്ന റോഡ് പണിക്ക് ഏഴ് ശതമാനം പ്ലാസ്റ്റിക്കുപയോഗിക്കും. അപ്പോൾ ടാറിന്റെ അളവ് കുറക്കാനും റോഡിന് ബലം കൂട്ടാനും സാധിക്കും. പദ്ധതി തുടങ്ങിയ സമയത്ത് നീണ്ടകര, ചാത്തന്നൂർ, വെളിയം, തെക്കുംഭാഗം തുടങ്ങിയ പഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കും ഷ്രെഡിംഗിനായി സംസ്ക്കരണ യൂണിറ്റിൽ കൊണ്ടുവന്നിരുന്നു. ഇപ്പോൾ നീണ്ടകര പഞ്ചായത്തിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്നത് മാത്രമാണ് ഇവിടെയെത്തുന്നത്. “വേർതിരിക്കുന്ന പ്ലാസ്റ്റിക്ക് ഇപ്പോൾ ക്ലീൻ കേരള കമ്പനിയാണെടുക്കുന്നത്. അവർ ഓരോന്നിനും പ്രത്യേകം വില നിശ്ചയിച്ചിട്ടാണ് എടുക്കുന്നത്. ആദ്യം ക്ലീൻ കേരളക്ക് വിറ്റപ്പോൾ 86,000 രൂപ വരെ കിട്ടിയിരുന്നു. ഷ്രെഡിംഗിനെക്കാൾ ലാഭമിതാണ്. 200 കിലോ വരെ പ്ലാസ്റ്റിക് കടലിൽ നിന്ന് തുടക്കത്തിൽ കിട്ടി. എന്നാൽ കൊറോണ സമയത്താണ് പദ്ധതി മന്ദഗതിയിലായത്. മത്സ്യത്തൊഴിലാളികൾ അന്ന് തൊട്ടേ അവർക്കെന്തെങ്കിലും കൊടുക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു.” വിജയകുമാർ പറയുന്നു.

നീണ്ടകര ഹാർബറിലെ തൊഴിലാളികൾ. ഫോട്ടോ: ജോൺ ജബ്ബാസ്

ഉത്തരവാദിത്തം മത്സ്യത്തൊഴിലാളികളുടെ മാത്രമോ?

മത്സ്യത്തൊഴിലാളികൾ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇത് ഏറ്റെടുക്കണം എന്നാണ് മുൻ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ അഭിപ്രായം. കടലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നത് മത്സ്യ സമ്പത്തിന്റെ വർധനവിന് ഗുണം ചെയ്യും. അത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. പ്രത്യേകിച്ച് ബോട്ടുടമകളാണ് വലിയതോതിൽ കടലിന്റെ അടിത്തട്ടിനെ ഇളക്കി മറിച്ച് മത്സ്യസമ്പത്തിന്റെ ചൂഷണം നടത്തുന്നത്. ബോട്ട് ഓണേഴ്സിന് അതിനുത്തരവാദിത്വം ഉണ്ട്. ആ ഉത്തരവാദിത്വത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്യേണ്ടത്. അതിന് ഒരു കൂലി വേണം എന്ന് പറയുന്നത് അവരുടെ തന്നെ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുപോക്കാണ്. അങ്ങനെയല്ല ചെയ്യേണ്ടത്.  മത്സ്യസമ്പത്തിന്റെ അനിവാര്യത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആവശ്യമാണെന്നും മേഴ്സിക്കുട്ടി ‌കേരളീയത്തോട് പറഞ്ഞു.

സംസ്കരണ യൂണിറ്റിലെ തൊഴിലാളികൾക്കൊപ്പം ജെ മേഴ്സിക്കുട്ടിയമ്മ കടപ്പാട്: newsbharati.com

“എന്തായാലും അവരെടുത്ത് കടലിൽ കളയണമല്ലോ? അതെടുത്ത് ആ കൂട്ടിലോട്ട് ഇടുന്നതിലെന്താണിത്ര അധിക അധ്വാനം വരുന്നത്?” മേഴ്സിക്കുട്ടി ചോദിക്കുന്നു. രാജ്യത്ത് എന്നല്ല ലോകത്ത് തന്നെ ആദ്യമായാണ് കടലിലെ പ്ലാസ്റ്റിക് ശേഖരിച്ച് സംസ്ക്കരിക്കാൻ യൂണിറ്റ് ആരംഭിച്ചത്. അന്ന് ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. പല സഹായങ്ങൾ വഴിയാണ് സ്ത്രീകൾക്ക് കൂലി കൊടുത്തത്. എന്നാൽ ഈ വർഷത്തെ ബജറ്റിൽ അഞ്ച് കോടി രൂപ പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണത്തിന് വകയിരുത്തുകയും എല്ലാ ഹാർബറിലേക്കും ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു എന്നത് കടലിന്റെ അടിത്തട്ടിലെ മാലിന്യ സംസ്കരണത്തിലെ ഒരു ചുവടുവയ്പ്പാണ്.” മേഴ്സിക്കുട്ടി പറയുന്നു.

തണൽ എന്ന സംഘടന നീണ്ടകരയിലെ ശുചിത്വ സാഗരം പദ്ധതി കേന്ദ്രീകരിച്ച് 2017‍ നവംബർ മുതൽ 2019 ഡിസംബർ 30 വരെ 25 മാസം നടത്തിയ പഠനത്തിൽ (STUDY ON LIVELIHOOD OF FISHERMEN & PLASTICS IN OCEAN) 53,200 കിലോഗ്രാം പ്ലാസ്റ്റിക് കടലിൽ നിന്ന് ശേഖരിച്ചതായി പറയുന്നുണ്ട്. ശരാശരി ഒരു ദിവസം 70 കിലോഗ്രാമോളം പ്ലാസ്റ്റിക് ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ ശേഖരിച്ച് കരക്കെത്തിച്ചതായാണ് തണലിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വലയിൽ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കാൻ മത്സ്യത്തൊഴിലാളികൾ ഒരു മണിക്കൂർ ചിലവഴിച്ചെന്നും 25 മാസം ശരാശരി 750 മണിക്കൂർ ചിലവഴിച്ചെന്നും പഠനം പറയുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളിയുടെ ശരാശരി വരുമാനം 100 രൂപയായി കരുതിയാൽ തന്നെ 25 മാസം അവർക്ക് 75,000 രൂപയോളം നഷ്ടം വരുമെന്നാണ് തണലിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് സാമ്പത്തിക സഹായം നൽകണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സാധൂകരിക്കുന്നതാണ് തണലിന്റെ പഠനം.
                                         
പ്ലാസ്റ്റിക്ക് കടലിലെത്തുന്നതെങ്ങനെ?

കേരത്തിന്റെ 590 കിലോമീറ്ററോളം വരുന്ന തീരത്ത് 10 കിലോ മീറ്റർ ഇടവിട്ട് 60 സ്ഥലങ്ങൾ തിരഞ്ഞെടുത്ത്, തീരത്ത് കാണുന്ന പ്ലാസ്റ്റിക്ക് ശേഖരിച്ച് കഴുകി ഉണക്കി എത്ര പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടെന്നും അതിന്റെ ഭാരം എത്രത്തോളമാണെന്നും തണൽ മറ്റൊരു പഠനം (A Study on Plastic Litter along Kerala Coast) നടത്തിയിരുന്നു. കേരള തീരത്താകമാനം 17 കോടി പ്ലാസ്റ്റിക്ക് കഷ്ണങ്ങൾ ശേഖരിച്ചതായി തണലിന്റെ സി.ഇ.ഒ എസ് രാജു  പറഞ്ഞു. 2019 ജനുവരി മുതൽ മെയ് വരെയായിരുന്നു പഠന കാലയളവ്. ശേഖരിച്ച പ്ലാസ്റ്റിക്കിന് 1057 ടൺ ഭാരമുണ്ടായിരുന്നെന്നും രാജു കേരളീയത്തോട് പറഞ്ഞു.

എസ് രാജു

“കേരളത്തിലെ 44 പുഴകളിൽ 41 ഉം ചെന്നവസാനിക്കുന്നത് കടലിലാണ്. ഈ പുഴകൾ വഴി മനുഷ്യർ വലിച്ചെറിയുന്നതിലൂടെയും, കടലിൽ നിന്ന് തിരിച്ച് കേറുന്നതിലൂടെയുമോക്കെയുള്ള പ്ലാസ്റ്റിക്കാകാം ഇതൊക്കെ. 2019 ൽ മാത്രം വലിച്ചെറിഞ്ഞതെന്ന് പറയാൻ സാധിക്കില്ല. കാരണം കടലിൽ നിന്ന് കയറുന്ന വളരെ പഴക്കമുള്ള പ്ലാസ്റ്റിക്കുകളും ഇതിൽ കാണാം.” രാജു പറയുന്നു.

ഇനി എങ്ങനെ കരയ്ക്കെത്തും?

നീണ്ടകരയില്‍ ഇതുവരെ 8671 കിറ്റുകള്‍ ബോട്ടുകൾക്ക് വിതരണം ചെയ്തുവെന്നും ഇതില്‍ 6405 ബാഗുകള്‍ നിറയെ പ്ലാസ്റ്റിക്ക് മാലിന്യം കടലില്‍നിന്നു ശേഖരിച്ചുവെന്നും 2017 നവംബര്‍ മുതല്‍ 2022 മെയ് വരെ 154.932 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് കടലില്‍ നിന്നും നീക്കിയതെന്നുമാണ് കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലിലെ കണക്കുകൾ. ഇത്രയേറെ വി‍ജയകരമായി നടപ്പിലാക്കിയ ശുചിത്വ സാഗരം പദ്ധതി അത് ആരംഭിച്ച നീണ്ടകര-ശക്തികുളങ്ങര പ്രദേശത്ത് നിലച്ച അവസ്ഥയിലാണ്. സാമ്പത്തിക സഹായം വേണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ പരിഗണിക്കാനോ കാര്യക്ഷമമായി പദ്ധതി വീണ്ടും നടപ്പിലാക്കാനോ സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നും തന്നെയില്ല. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാതെയാണ്, ‘ശുചിത്വ സാഗരം, സുന്ദര തീരം’ എന്ന പേരിൽ പദ്ധതിയെ മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.

രത്ന ഉഷ. ഫോട്ടോ: ജോൺ ജബ്ബാസ്

“മൂന്ന് വർഷം മുൻപ് 100 ഉം 200 ഉം കിലോ ഒക്കെ ഉണ്ടായിരുന്നു. ചില ബോട്ട്കാര് ഇടക്ക് കൊണ്ട് വരുന്നുണ്ട്. പക്ഷെ അവർ ഇപ്പോ പറയുന്നത് അവർക്ക് എന്തേലും കിട്ടണമെന്നാ. അവരുടെ ജോലിയെ ബാധിക്കുന്നുണ്ടല്ലോ. ബോട്ടിൽ ഇത് തരം തിരിക്കുമ്പോൽ ചിലപ്പോൾ കമ്പി ഒക്കെ തട്ടി വല മുറിയാം. അതിനുള്ളത് പോലും കിട്ടുന്നില്ലല്ലോ. എന്തേലും ഒരു ഫണ്ട് കൊടുത്താൽ അവർക്കതൊരു ആശ്വാസമാകും” നീണ്ടകരയിലെ പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റിലെ തൊഴിലാളി രത്ന ഉഷ മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനത്തിലൂടെ പദ്ധതി തുടരുമെന്ന പ്രതീക്ഷയിലാണ്.

സുനിൽ. ഫോട്ടോ: ജോൺ ജബ്ബാസ്

“എല്ലാരും ഒരുപോലൊന്നും പറക്കത്തില്ല. പറക്കുന്ന ആൾക്കാരും കാണും അല്ലാത്തവരും കാണും. സർക്കാർ ബോധവൽക്കരണ ക്ലാസൊന്നും തന്നില്ല. ഇത്രയും പ്ലാസ്റ്റിക് കൊണ്ട് കൊടുക്കുന്നതിന് പൈസ കൊടുക്കാന്ന് പറഞ്ഞാൽ മത്സ്യത്തൊഴിലാളികൾ കൂറച്ചുകൂടി താൽപ്പര്യപ്പെടും. സേവനം ചെയ്യാൻ താൽപ്പര്യം ഇല്ലാത്ത ആൾക്കാരല്ല ഞങ്ങൾ. സേവനം ചെയ്യാൻ ടൈം ഇല്ല. പ്ലാസ്റ്റിക്ക് എടുത്തോണ്ടിരുന്നപ്പോൾ ഒരുപാട് കുറവുണ്ടായിരുന്നു. ഇനിയും ഇങ്ങനെ എടുത്താൽ കുറവുണ്ടാകും. പ്ലാസ്റ്റിക്ക് കൊണ്ട് വരുന്നതിൽ ഞങ്ങക്ക് സന്തോഷമേ ഉള്ളൂ.” തൊഴിലിന്റെ പ്രയാസങ്ങൾക്കിടയിലും പ്ലാസ്റ്റിക് ശേഖരിക്കുന്നതിലുള്ള താത്പര്യം മത്സ്യത്തൊഴിലാളിയായ സുനിലിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നു.

പക്ഷെ പദ്ധതിയിലെ സജീവ പങ്കാളികൾ എന്ന നിലയിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആവശ്യങ്ങളെ സർക്കാർ എപ്പോഴാണ് പരിഗണിക്കുക?

(അവസാനിച്ചു)

ഒന്നാം ഭാ​ഗം വായിക്കാം: https://bit.ly/3XJYiDM

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 22, 2023 3:44 pm