ആരാണ് ശത്രു? ആരാണ് മിത്രം?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

യുദ്ധസമാനമായുള്ള സംഘർഷങ്ങൾ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും കിഴക്കൻ യൂറോപ്പിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പെരുകുന്നു. ഭൂമി ആണവ ശൈത്യത്തിലേക്ക് നിലം പതിക്കുമോ? ഈ ഉത്കണ്ഠയാണ് ഈ കുറിപ്പിന് നിദാനം. ആയിരത്തി നാന്നൂറിൽ തുടങ്ങുന്ന ആറുപതിറ്റാണ്ടുകളിലൂടെ പാശ്ചാത്യ നാഗരികത (Western Civilization = Modern Civilization), ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിലായി നടത്തിയ സാമ്രാജ്യത്വ അധിനിവേശം ഭൂമിയുടെ കാലാവസ്ഥയിൽ ഉണ്ടാക്കിയ അതിഭീകരമായ മാറ്റങ്ങൾ എത്ര ലോകമഹായുദ്ധങ്ങളെക്കാളും ക്രൂരമാണ്. അതുവഴി എത്രയോ കോടി കറുത്തവരും തവിട്ടരും മഞ്ഞനിറമുള്ളവരും കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് ഏതെങ്കിലും ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ടോയെന്നറിയില്ല. പാശ്ചാത്യ നാഗരികതയുടെ അധിനിവേശം അതുവരെ പ്രകൃതിയിലുണ്ടായ ജീവനാശത്തേക്കാളും ഭയാനകമാണ്. എത്രയോ കോടി ജീവികളും സസ്യജനുസ്സുകളും മണ്ണിനടിയിലായി. എന്തായാലും മനുഷ്യേതര ജീവികളുടെ വംശനാശങ്ങൾ കൃത്യമായാരും രേഖപ്പെടുത്തിയിട്ടില്ല.

കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ആസന്നമായ മരണം അനുദിനം ഓർമ്മപ്പെടുത്തുന്നു. അത് ഭൂരിഭാഗം മനുഷ്യരും പലപ്പോഴും നേരിട്ടറിയുന്നില്ല. അത്യുഷ്ണവും വരൾച്ചയും അതിവർഷവും പ്രളയങ്ങളും സുനാമികളും ദരിദ്രരെയും അനാഥരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ് കൂടുതൽ ബാധിക്കുന്നത്. ഭക്ഷണം, കുടിവെള്ളം, കിടപ്പാടം എന്നിവ ഈ അത്യാധുനിക കാലത്തും സാമ്രാജ്യത്വ അധിനിവേശങ്ങൾ നേരിട്ട രാജ്യങ്ങളുടെ നിത്യശാപങ്ങളായി മാറുന്നു.

പാകിസ്താൻ ഷെല്ലിങ്ങിൽ പരിക്കേറ്റവർ ഉറിയിലെ ആശുപത്രിയിൽ. കടപ്പാട്: reuters.com

ഇതിന്റെ മറുവശമാണ് സംഘർഷങ്ങളും യുദ്ധങ്ങളും. വംശം, മതം, ഭാഷ, വർണ്ണം എന്നിവയെ മുൻനിർത്തി മനുഷ്യരെ വിഭജിക്കുന്ന ദേശീയ രാഷ്ട്രങ്ങളാണ് ഇവയ്ക്ക് പിന്നിലുള്ളത്. ഭേദങ്ങളില്ലാത്ത മനുഷ്യ സമൂഹങ്ങളുടെ ജനാധിപത്യ പ്രക്രിയകളിലൂടെ മാത്രമേ വൈവിധ്യങ്ങളെ, പരസ്പരാശ്രിതമായ സാമൂഹ്യബോധങ്ങളെ നിലനിർത്താനാവൂ. ഭൂമിയുടെ അതിജീവനത്തിനുള്ള ഒരേയൊരു വഴി അതുമാത്രമാണ്. യുദ്ധങ്ങൾ, സംഘർഷങ്ങൾ മാധ്യമങ്ങളുടെ ആർത്തിപിടിച്ച ഭക്ഷണങ്ങളാണെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഈ ഭൂമിയുടെ മരണം ഒരു ന്യൂനപക്ഷത്തിന്റെ ആശങ്ക മാത്രമായി തുടരുന്നു.

മേൽപറഞ്ഞ രണ്ടവസ്ഥകളും പരസ്പര ബന്ധിതമാണ്. ഗാന്ധിയുടെ ‘ഹിന്ദ് സ്വരാജ്’ (1909) ശ്രദ്ധിച്ചുവായിച്ചാൽ ഇതറിയാനാവും. ആധുനിക നാഗരികതയുടെ ഉപോല്പന്നമായ പാർലമെന്ററി ജനാധിപത്യം, ഗാന്ധിയുടെ പാശ്ചാത്യവത്കൃതനായ അരുമശിഷ്യൻ ജവഹർലാൽ നെഹ്റുവിൽ പോലും ഏകാധിപത്യത്തിന്റെ ഇരുണ്ട നിഴലുകളായി മാറുന്നത് നമുക്ക് കാണാനാവും. 1970 മുതൽ ഇന്ദിരാഗാന്ധിയിൽ തുടങ്ങുന്ന അതിന്റെ നഗ്നതകൾ 2025ൽ മോദിയിലെത്തുമ്പോൾ (പാർലിമെന്ററി ജനാധിപത്യം) പല്ലിളിച്ച് അട്ടഹസിക്കുന്ന അസ്ഥികൂടമായി മാറുന്നു. ജനാധിപത്യത്തിന്റെ പല്ലിളികളിലൂടെ ആർത്തട്ടഹസിക്കുന്ന അസ്ഥികൂടങ്ങളുടെ ചുവടുതെറ്റിയ ഡാൻസുകളാണ് തൊണ്ണൂറ് ശതമാനം ലോകരാജ്യങ്ങളിലും. ഗാന്ധിയുടെ ഹിന്ദ് സ്വരാജ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭൂമിയുടെ അതിജീവനത്തിന്റെ ജൈവരേഖയായി നാം വായിക്കേണ്ടത് അതുകൊണ്ടാണ്. ‘ഗാന്ധിയുടെ ഹിന്ദ് സ്വരാജ്: അതിജീവനത്തിന് ഒരു കൈചൂണ്ടി’ (കെ. അരവിന്ദാക്ഷൻ: 2009, 2021) ഈ ജൈവരേഖ അപഗ്രഥിക്കാൻ ശ്രമിക്കുന്നുണ്ട്. 1946 ജൂലൈ ഒന്നിന് അണുബോംബിനെ കുറിച്ച് ഗാന്ധി നടത്തിയ പ്രഭാഷണം ഈ പശ്ചാത്തലത്തിൽ വായിക്കുമ്പോൾ, ഭൂമിയുടെ അതിജീവനത്തിന് മനുഷ്യൻ സ്വീകരിക്കേണ്ട നിലപാട് എന്താണെന്ന് വ്യക്തമാകുന്നു.

ഗാന്ധിയുടെ ഹിന്ദ് സ്വരാജ്: അതിജീവനത്തിന് ഒരു കൈചൂണ്ടി, കവർ

ഹിരോഷിമയിൽ (നാഗസാക്കിയിലും) അമേരിക്ക ആറ്റം ബോംബ് വർഷിച്ചതിന്റെ അനന്തരഫലങ്ങൾ ഇന്നും ജപ്പാനിലെ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 1948 ൽ ഭോപ്പാലിൽ ആധുനികതയുടെ മറ്റൊരു അണുബോംബായ യൂണിയൻ കാർബൈഡ് പൊട്ടിത്തെറിച്ചതിന്റെ മാരകഫലങ്ങൾ ഇന്നും അവിടുത്തെ കുഞ്ഞുങ്ങളെ ബാധിക്കുന്നുണ്ട്. ആധുനിക നാഗരികതയുടെ ‘വ്യവസായ ബോംബിനും’ ‘അണുബോംബിനും’ മനുഷ്യവംശത്തെയും ജീവവംശത്തെയും ഇഞ്ചിഞ്ചായി കൊല്ലാനുള്ള ശക്തിയുണ്ടെന്ന് ഞാനെഴുതുമ്പോൾ എന്റെ സുഹൃത്തുക്കൾ എന്റെ നേരെ ‘ഭ്രാന്തന്റെ ജല്പനങ്ങൾ’ എന്നാർത്തുവിളിക്കുന്നത് ഞാൻ കാണുന്നുണ്ട്. പക്ഷേ, സത്യം അതുതന്നെയാണെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

ഹിരോഷിമയിൽ ആറ്റം ബോംബിട്ടതറിഞ്ഞ ഗാന്ധി പൂനെയിലെ ദിൻഷാ മേത്തയുടെ ‘മണി ഭവനിൽ’ ഇരുന്ന് ഇപ്രകാരം പറയുന്നു: “ആറ്റം ബോംബിന് നശിപ്പിക്കാൻ കഴിയാത്ത ഒന്നേയൊള്ളൂ അഹിംസ (non- violence). ആറ്റം ബോംബ് ഹിരോഷിമയെ ഇല്ലാതാക്കിയെന്ന് ആദ്യമായി അറിഞ്ഞപ്പോൾ ഞാനെന്റെ മാംസപേശി പോലും ചലിപ്പിച്ചില്ല. മറിച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞു, ഇപ്പോൾ ലോകം അഹിംസ സ്വീകരിക്കാത്ത പക്ഷം അത് തീർച്ചയായും മനുഷ്യവംശത്തിന്റെ ആത്മഹത്യയായിരിക്കും…”

“മറ്റൊന്നിനും കഴിയാത്ത വണ്ണം ആറ്റം ബോംബ് അഹിംസ കൊണ്ടുവരുമെന്ന് (ചില) അമേരിക്കൻ സുഹൃത്തുക്കൾ നിർദ്ദേശിക്കുകയുണ്ടായി. അതിന്റെ നശീകരണ ശക്തി ലോകത്തെ മടുപ്പിക്കുമ്പോൾ തത്കാലത്തേക്ക് അത് ഹിംസയിൽ നിന്ന് മാറി നിന്നേക്കാം. ഛർദ്ദിക്കുവോളം മധുരപലഹാരങ്ങൾ തിന്ന് വയറ് നിറയ്ക്കുന്ന മനുഷ്യരെ പോലെയാണത്; ഛർദ്ദിക്കാനുള്ള തോന്നൽ നിന്ന് കഴിഞ്ഞാൽ വീണ്ടും ഇരട്ടി ആർത്തിയോടെ അയാൾ മധുരപലഹാരത്തിലേക്ക് നീങ്ങും. അതുപോലെ തന്നെ തത്കാലത്തേക്ക് ഹിംസയിൽ മടുപ്പ് തോന്നാത്ത ലോകം ഇരട്ടി ആവേശത്തോടെ ഹിംസയിലേക്ക് നീങ്ങും.

ഹിരോഷിമയിൽ ആറ്റം ബോംബ് വർഷിച്ച ശേഷം. കടപ്പാട്:  Bernard Hoffman, LIFE Picture Collection

… കാലങ്ങളായി മനുഷ്യവംശം പുലർത്തിപോന്നിരുന്ന ഉദാത്തവികാരങ്ങൾ ആറ്റം ബോംബ് മൃതപ്പെടുത്തിയിട്ടുണ്ട്. യുദ്ധനിയമങ്ങൾ (യുദ്ധങ്ങളെ) ഒരുപരിധിവരെ സഹനീയമാക്കിയിരുന്നു. ഇന്ന് അതിന്റെ നഗ്നസത്യം നമുക്കറിയാം. കയ്യൂക്കിന്റെ നിയമമല്ലാതെ യുദ്ധത്തിനറിയില്ല. ആറ്റം ബോംബ് സഖ്യകക്ഷികൾക്ക് നിഷ്ഫലമായ ഒരു വിജയമുണ്ടാക്കി; അത് തത്കാലത്തേക്ക് ജപ്പാന്റെ ആത്മാവിനെ നശിപ്പിച്ചിരിക്കാം. നശിപ്പിച്ച രാജ്യത്തിന്റെ ആത്മാവിന് എന്ത് സംഭവിച്ചുവെന്ന് കാണാനിരിക്കുന്നതേയുള്ളൂ… ജപ്പാന്റെ അത്യാർത്തി മൂലമുണ്ടായ ദുർചെയ്തികളെ ഞാൻ പ്രതിരോധിക്കുന്നതായി ആർക്കും തോന്നേണ്ടതില്ല. രണ്ടിന്റെയും തോതിലേ വ്യത്യാസമുള്ളൂ. ജപ്പാന്റെ അത്യാർത്തി ഏറ്റവും മോശപ്പെട്ടെതെന്ന് ഞാൻ കരുതുന്നു. (ജപ്പാന്റെ) കൂടുതൽ മോശപ്പെട്ട ചെയ്തികൾ അതിനേക്കാൾ താഴ്ന്ന മോശമായ അവസ്ഥയിലുള്ളവർക്ക് ജപ്പാന്റെ ഒരു ദേശത്തുള്ള സ്ത്രീകളെയും കുഞ്ഞുങ്ങളെയും മനുഷ്യരെയും നശിപ്പിക്കുവാൻ ഒരവകാശവും കൊടുക്കുന്നില്ല. ബോംബിന്റെ ഭയാനകമായ ദുരന്തത്തിൽ നിന്ന് നാം മനസിലാക്കേണ്ട ധാർമ്മിക പാഠം പ്രതി ബോംബുകൾ (counter bombs) കൊണ്ട് അതിനെ നശിപ്പിക്കാനാവില്ല എന്നതാണ്. ഹിംസയെ പ്രതിഹിംസ കൊണ്ട് നശിപ്പിക്കാനാവാത്തതുപോലെ മനുഷ്യരാശി അഹിംസയിലൂടെ ഹിംസയിൽ നിന്ന് പുറത്ത് കടക്കണം. സ്നേഹം കൊണ്ടേ വെറുപ്പിനെ മറിക്കടക്കാനാവൂ. വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിട്ടാൽ വെറുപ്പിന്റെ ആഴവും പരപ്പും കൂടുകയേയുള്ളൂ… സത്യം ആവർത്തിക്കപ്പെടണം; സത്യം അവിശ്വസിക്കുന്ന മനുഷ്യർ ഉള്ളിടത്തോളം കാലം.” (പുറം: 458, 459, 460: വി.വി രമണ മൂർത്തി: Gandhi: Essential Writings: 1970).

ജീവിവംശം കടന്നുപൊയ്കൊണ്ടിരിക്കുന്നത് വേദനാജനകമായ കാലഘട്ടത്തിലൂടെയാണ്. യുദ്ധങ്ങളും സംഘർഷങ്ങളും അക്രമങ്ങളും മനുഷ്യന്റെ ഉത്ഭവം മുതൽ ഉണ്ടായിട്ടുണ്ടാകും. എന്നാൽ നശീകരണ ശക്തിയുള്ള ആയുധങ്ങളുടെ കാര്യത്തിൽ മനുഷ്യരാശി അതിന്റെ ഭീകര ഔന്നത്യത്തിലാണ്. അണുബോംബുകൾക്കൊപ്പം കെമിക്കൽ – ബയോളജിക്കൽ യുദ്ധതന്ത്രങ്ങളും, വാർത്താ മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും രാഷ്ട്രത്തലവന്മാർക്ക് കൂട്ടായുണ്ട്. ഓരോ മനുഷ്യനെയും വെറുപ്പിന്റെ കേന്ദ്രമാക്കാനാണ്, ജനാധിപത്യവും ഏകാധിപത്യവും മതാധിപത്യവും സമഗ്രാധിപത്യവും മത്സരിച്ച് ശ്രമിക്കുന്നത്. അപരനാണ് ശത്രു എന്ന് പ്രചാരണം മുഴങ്ങുമ്പോൾ, അപര ശത്രുവിനെ വകവരുത്താൻ നാമോരോരുത്തരും ലഹരിപിടിക്കുമ്പോൾ നാം അറിയുന്നില്ല നമ്മുടെ ഉള്ളിൽ തന്നെയാണ് അപരൻ എന്ന്. നമ്മുടെ ഉള്ളിലെ ശത്രുവിനെ മുഖാമുഖം കാണാൻ, ഹൃദയത്തിനുള്ളിലെ ഇരുട്ടിലേക്ക് നാം ടോർച്ചടിച്ച് നോക്കണം. ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന അയാളുടെ രൂപം നോക്കൂ, നിങ്ങൾ കണ്ണാടിയിൽ കാണുന്ന നിങ്ങളുടെ രൂപം തന്നെയാണത്.

Also Read

4 minutes read May 12, 2025 8:57 am