അവകാശ നിഷേധങ്ങളുടെ ജാതിയില്ലാ ജീവിതം

കൊടുങ്ങല്ലൂർ അമ്പലത്തിന്റെ പരിസര പ്രദേശങ്ങളിൽ കൈക്കുഞ്ഞിനെയും തോളിലിട്ട് ലോട്ടറി വിൽപന നടത്തി ഉപജീവനം കണ്ടെത്തുന്ന ആളാണ് ഇരുപത്തിമൂന്നുകാരിയായ അഞ്ജലി. ചുട്ടുപൊളളുന്ന ചൂടിൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങുന്ന ഓരോ യാത്രക്കാരിലേക്കും പ്രതീക്ഷയോടെ ലോട്ടറികളുമായെത്തുന്ന ഭാഗ്യവിൽപനക്കാരി. കയ്പമംഗലം നിയോജക മണ്ഡലത്തിലെ പൊക്ലായ് കവലയ്ക്ക് അടുത്തുള്ള വെളിമ്പറമ്പിൽ ഷെഡ് കെട്ടി താമസിച്ചിരുന്ന കുടുംബങ്ങളിലെ ഒരു അംഗം. “അവൾ കൈക്കുഞ്ഞിനെയും കൊണ്ട് നടക്കുന്നത് പേര് ദോഷം കേൾക്കാതിരിക്കാനാണ്. ഓരോ ആളുകളുടെ പെരുമാറ്റം സഹിക്കില്ല. മറ്റ് ലോട്ടറി കച്ചവടക്കാർ വഴക്ക് പറഞ്ഞ് ഓടിക്കും. അമ്പലപ്പറമ്പ് ആർക്കും അവകാശപ്പെട്ടതല്ല. പക്ഷേ ഞങ്ങളെ കണ്ടാൽ ആട്ടിയോടിക്കും. ചേട്ടൻമാരുടെ ഓരോ കമന്റടി കാരണമാണ് ടിക്കറ്റ് വിൽക്കാൻ ഞാൻ വരാത്തത്.” ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ തോളിലേറ്റി അടുത്ത ആളുകളിലേക്ക് നടന്നകലുന്ന അഞ്ജലിയെ നോക്കി സഹോദരി നന്ദിനി പറഞ്ഞു.

അഞ്ജലി ലോട്ടറി വിൽപ്പനയിൽ

കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ ചെന്ത്രാപിന്നിയിൽ ലോട്ടറി കച്ചവടം നടത്തുകയായിരുന്ന പൊക്ലായിലെ ഇതേ കുടുംബങ്ങളുടെ സമുദായത്തിൽപ്പെടുന്ന മറ്റൊരു സ്ത്രീയെ ഒരു പുരുഷൻ നടുറോഡിൽ ആക്രമിച്ചത്. അക്രമത്തെ തുടർന്ന് പരിക്കുകളുണ്ടായിട്ടും പ്രാഥമിക ശുശ്രൂഷ മാത്രം നൽകി യുവതിയെ പറഞ്ഞയക്കുകയായിരുന്നു. “ആ കുട്ടിക്ക് ഇപ്പോൾ കണ്ണിന് നീർക്കെട്ട് ഉണ്ട്. ആശുപത്രിയിലെ ഡോക്ടറുടെ സമീപനം മോശമായിരുന്നു. തിങ്കളാഴ്ച എഫ്ഐആർ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.” ദലിത് ലോയേഴസ് ഫോറം ചീഫ് കൺവീനർ സി രാധാകൃഷ്ണൻ പറഞ്ഞു. മുസിരിസ് സിറ്റി പൈതൃക പദ്ധതിയുടെ ഭാഗമായ പ്രവർത്തനങ്ങൾ നടക്കുന്ന സാംസ്കാരിക നഗരമാണെന്ന് പറയുന്നിടത്താണ് ഈ സംഭവം. പട്ടാപകൽ ഒരു സ്ത്രീയെ തല്ലുന്നത് കൊടുങ്ങല്ലൂരിലെ ആളുകൾ നോക്കി നിൽക്കുകയാണ് ചെയ്തത്. അപരരായ മനുഷ്യരെ തല്ലിക്കൊല്ലുക എന്നത് കേരള പൊതുബോധത്തിന്റെ രീതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മധുവധക്കേസിലും സമാനമായ സംഭവമാണുണ്ടായതെന്നും ആ യുവതി ഒറ്റയ്ക്കായിരുന്നെങ്കിൽ റേപ്പ് പോലും നടന്നിരിക്കാമെന്നും അദ്ദേഹം ആശങ്കപ്പെട്ടു.

നന്ദിനി

ഇരുപത്തിനാല് വയസുകാരിയായ നന്ദിനിയും മുമ്പ് കൊടുങ്ങല്ലൂർ അമ്പലപ്പറമ്പിൽ പപ്പട കച്ചവടവും, ലോട്ടറി കച്ചടവും നടത്തിയിരുന്നു. മറ്റുള്ളവരിൽ നിന്നുള്ള ആക്ഷേപം സഹിക്ക വയ്യാതെ വന്നപ്പോഴാണ് ആ കച്ചവടം നന്ദിനി നിർത്തിയത്. വീടുകൾ തോറും കയറിയിറങ്ങി നടന്ന് ഇരുമ്പ് ചീനച്ചട്ടികൾ വിൽക്കുകയാണ് നന്ദിനി ഇപ്പോൾ ചെയ്യുന്നത്. “എനിക്ക് കച്ചവടത്തിന് പോകുന്നത് ഒട്ടും താല്പര്യമില്ല. ഞാൻ പത്താം ക്ലാസ് വരെ പഠിച്ചതാണ്. അത്യാവശ്യം ഇംഗ്ലീഷ് വായിക്കാനും മലയാളം എഴുതാനുമൊക്കെ എനിക്കറിയാം. എനിക്ക് എവിടെയെങ്കിലും ജോലിക്ക് പോകാനാണ് നല്ല ആഗ്രഹം.” നന്ദിനി പറഞ്ഞു.

കഴിഞ്ഞ അറുപതിലേറെ വർഷമായി പൊക്ലായ് കവലയുടെ അരികിലുള്ള പറമ്പിൽ താമസിക്കുകയായിരുന്നു നന്ദിനിയുടേതും സുജാതയുടേതും അടക്കമുള്ള അഞ്ച് കുടുംബങ്ങൾ. മറ്റ് രണ്ട് സഹോദരിമാർക്കും അമ്മയ്ക്കുമൊപ്പം പറമ്പിൽ കഴിഞ്ഞിരുന്ന ഇവർ 2023 ഡിസംബർ 24നാണ് പൊതുപ്രവർത്തകരുടെ സഹായത്തോടെ വാടക വീടുകളിലേക്ക് മാറിത്താമസിക്കുന്നത്.

പൊക്ലായ് കവലയ്ക്ക് അടുത്തുള്ള വെളിമ്പറമ്പ്. ഫോട്ടോ: ആരതി എം.ആർ

അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്

നാല് വർഷം മുമ്പ് ആമകളെ കൈവശം വച്ചു എന്ന കുറ്റത്തിന് പൊക്ലായിലെ പറമ്പിൽ താമസിച്ചിരുന്ന സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പൊക്ലായിലെ കുടുംബങ്ങളെ നാട്ടിൽ പൊതുവെ പറയുന്നത് ‘ആമേനെ തീനികൾ’ എന്നാണ്. ആമ ഇറച്ചി അവരുടെ ആഹാര ശീലത്തിന്റെ ഭാഗമായിരുന്നു. തെങ്ങുകയറ്റം ഉപജീവനമാർഗമാക്കിയിരുന്ന സുരേഷ് മാണിക്യൻ, കുമാർ എന്നിവരോടൊപ്പം ചാപ്പാറയിൽ അടയ്ക്ക പറിക്കാൻ പോയ ദിവസം പരിസരത്തുള്ള കുളത്തിൽ ആമകളെ കണ്ടു. വീട്ടിൽ കൊണ്ടുപോയാൽ കറിവെച്ച് തിന്നാമെന്ന വിചാരത്തിൽ അവർ മൂന്ന് പേരും ചേർന്ന് ആമയെ പിടിച്ചു. എന്നാൽ സ്വകാര്യവ്യക്തിയുടെ കുളത്തിൽ അന്യരെ കണ്ട വീട്ടുകാർ കള്ളന്മാരാണെന്ന് കരുതി പൊലീസിനെ വിളിച്ചു. “പോലീസ് വന്നപ്പോഴേക്കും അവിടെ ആളുകൾ കൂടി. എന്റെ കൈയിലെ ആമകളെ തിരിച്ച് വിടാൻ എനിക്ക് സമയം കിട്ടിയില്ല. അതിൽ ഞാൻ കുടുങ്ങി.” സുരേഷ് ഓർമ്മിച്ചു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിലും ഇന്റനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റിസ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആമകളായിരുന്നു ഭക്ഷണത്തിനായി പിടിച്ചതെന്ന് സുരേഷിന് അറിയില്ലായിരുന്നു. ഇതിനെതുടർന്ന് ഏറെ നാൾ ജയിലിൽ കിടന്ന സുരേഷിനെ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം എന്ന വ്യവസ്ഥയിൽ ജയിൽ മോചിതനാക്കി. എന്നാൽ ഒപ്പിടൽ മുടങ്ങിയതോടെ സുരേഷ് വീണ്ടും അറസ്റ്റിലായി. രണ്ട് മാസം ജയിലിൽ കിടന്ന സുരേഷിനെ ജാമ്യത്തിലിറക്കാൻ കരമടച്ച രസീതും രണ്ട് ജാമ്യക്കാരും വേണ്ടി വന്നു. പൊതുപ്രവർത്തകരുടെ ശ്രദ്ധ വിഷയത്തിൽ വന്നതോടെ ആൾജാമ്യത്തിൽ സുരേഷ് ജയിൽ മോചിതനായി. പക്ഷേ, ആമക്കേസ് പിൻവലിക്കാൻ 30,000 രൂപ പിഴയടയ്ക്കണമെന്നാണ് ചാലക്കുടി ഫോറസ്റ്റ് ഓഫീസിൽ നിന്ന് വന്ന കടലാസിൽ പറയുന്നത്. “ആമ ഇറച്ചി വാങ്ങാൻ പുറത്ത് നിന്ന് ആളുകൾ ഞങ്ങളെ തേടിവരുമായിരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങൾ ആമയെ പിടിച്ച് കൊടുക്കാറില്ല.” സുരേഷിന്റെ ഭാര്യ റോജ പറഞ്ഞു.

റോജയും സുരേഷും. ഫോട്ടോ: ആരതി എം.ആർ

സുരേഷ് ജയിലിലായതോടെ ഭാര്യ റോജ കൊടുങ്ങല്ലൂരിൽ ലോട്ടറി വിൽപന തുടങ്ങി. മൂത്ത മകൻ ഇളയ കുട്ടികളെ നോക്കാൻ പഠനം നിർത്തി. ഈ വാർത്ത മാധ്യമങ്ങളിൽ വന്നതോടെയാണ് പൊക്ലായ് കവലയിലെ വെളിമ്പറമ്പിൽ താമസിക്കുന്ന കുടുംബങ്ങളെ കുറിച്ച് പുറംലോകമറിയുന്നതും മനുഷ്യാവകാശ പ്രവർത്തകരും ദലിത് ലോയേഴ്സ് ഫോറവും വിഷയത്തിൽ ഇടപെടുന്നതും.

“സുരേഷ് ചേട്ടൻ അന്ന് ആമക്കേസിൽ പെട്ടത് കൊണ്ട് ഞങ്ങളെ ലോകം അറിഞ്ഞു. ഇവിടെ പ്രളയം വന്നപ്പോഴും കൊറോണ വന്നപ്പോഴും ഞങ്ങളെ ആരും തിരിഞ്ഞ് നോക്കിയില്ല. അന്നും ഞങ്ങൾ ആ പറമ്പിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.” പൊക്ലായിലേക്കുള്ള യാത്രാമധ്യേ നന്ദിനി പറഞ്ഞു.

ജാതിയില്ലാത്തവർ

“എനിക്കൊരു മാതൃരാജ്യമില്ല ഗാന്ധിജി, എനിക്കൊരു മാതൃരാജ്യമുണ്ടെന്ന് നിങ്ങൾ പറയുന്നു. പക്ഷേ, ഞാൻ ആവർത്തിക്കുന്നു എനിക്കൊരു മാതൃരാജ്യം ഇല്ല. കുടിക്കാൻ ഒരു തുള്ളി വെള്ളം ലഭിക്കാത്ത, പട്ടികളേക്കാളും പൂച്ചകളേക്കാളും മോശമായി പരിഗണിക്കപ്പെടുന്ന ഈ നാടിനെ, ഈ മതത്തെ ഞാൻ എങ്ങനെയാണ് എൻറേതായി കരുതുക?” ബോംബെയിലെ മണിഭവനിൽ വെച്ച് 1931 ഓഗസ്റ്റ് 14ന് നടന്ന ഗാന്ധി-അംബേദ്കർ കൂടിക്കാഴ്ചയിൽ അംബേദ്കർ ഗാന്ധിയോട് പറയുന്ന വാക്കുകളാണിത്. പൊക്ലായിലെ അഞ്ച് കുടുംബങ്ങളും സുരേഷ് ആമക്കേസിൽ അറസ്റ്റിലാകുന്നത് വരെ പുറംലോകം അവഗണിച്ചിരുന്ന സമൂഹമായിരുന്നു. സമൂഹം നികൃഷ്ടരായി കണ്ട് ആട്ടിയോടിച്ചിരുന്ന ഇവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുവെന്നത് സൗകര്യപൂർവം മറന്ന നാട്ടുകാരും ജനപ്രതിനിധികളുമാണ് ഇവർക്ക് ചുറ്റിലുമുണ്ടായിരുന്നത്.

“നമുക്ക് ജാതിയില്ല മാഡം, എന്ത് ജാതിയിലാ ഉൾപ്പെടുത്തുക എന്നും അറിയില്ല. അത് അറിയാമായിരുന്നെങ്കിൽ പിള്ളേർക്കെങ്കിലും എന്തെങ്കിലും ആനുകൂല്യം കിട്ടിയേനെ…” നന്ദിനിയുടെ സഹോദരി സരോജ പുതിയ വാടക വീടിന്റെ മുന്നിൽ നിന്ന് പറഞ്ഞു. അവരുടെ മുഖത്ത് തലമുറകളായി അനുഭവിച്ച് പോരുന്ന എല്ലാ അരക്ഷിതാവസ്ഥകളും നിറഞ്ഞുനിന്നു. പൊക്ലായിലെ കുടുംബങ്ങളിൽ ചിലർ കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ മലവേടരെന്നും കുറവരെന്നുമൊക്കെയാണ് ജാതിക്കോളം പൂരിപ്പിക്കുന്നത്. എന്നാൽ അവരുടെ സമുദായം കൃത്യമായി അറിയില്ല. ലിപിയില്ലാത്ത തനതായ ഭാഷ കൈവശമുള്ളവരാണ് ഇവർ. കഴിഞ്ഞ തലമുറയിലെ ആളുകൾ പച്ചമരുന്ന് പറിച്ച് വിൽക്കുന്നവരും, വൈദ്യരും കൈനോട്ടക്കാരുമായിരുന്നു. ഇന്ന് പൊക്ലായിൽ താമസിക്കുന്ന അഞ്ച് കുടുംബക്കാരും ഓർമ്മ വെച്ച നാൾ മുതൽ പൊക്ലായിൽ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ നാടോടികളായും ഇവരെ കരുതാനാവില്ല. എന്നാൽ നാടോടികൾ എന്നാണ് ഇവർ പൊതുവിൽ മുദ്രകുത്തപ്പെട്ടിരുന്നത്.

“പൊക്ലായിലെ കുടുംബങ്ങളുടെ ജാതി നിർണയിക്കാനായി കിർതാഡ്സിലെ ഉദ്യോഗസ്ഥർ ഭാഷാശാസ്ത്രപരമായ പഠനം നടത്തിയിരുന്നു. എന്നാൽ അവരത് പൂർത്തീകരിച്ചില്ല. പകരം ഇവരുമായുള്ള അഭിമുഖത്തിൽ ഇവർ മലവേടർമാരോ, കുറവരോ അല്ല എന്ന സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള നിലപാടാണ് ഉദ്യോഗസ്ഥരുടെ മറുപടിയായി കിട്ടിയത്.” ദലിത് ലോയേഴ്സ് ഫോറത്തിലെ അഡ്വ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ദലിത് ലോയേഴ്സ് ഫോറത്തിന്റെ മുൻകൈയിൽ നടന്ന ചടങ്ങ്.

ജാതി കൃത്യമായി അറിയാത്തതിനാൽ സർക്കാരിന്റെ ക്ഷേമപദ്ധതികളിലോ, വികസനപദ്ധതികളിലോ, സാമൂഹ്യ ഉന്നമനത്തിനായി സങ്കല്പനം ചെയ്തിട്ടുള്ള വിവിധ പരിപാടികളിലോ കാലങ്ങളായി ഇവർ ഉൾപ്പെടാതെ പോകുകയാണ്. ഇത് ഒരു സമുദായമെന്ന നിലയിൽ ഇവരെ പിന്നോട്ട് വലിക്കുന്ന ഘടകമായി വർത്തിക്കുന്നു. വളരെ ശക്തമായി ജാതി നിലനിൽക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് ജാതി ഇല്ലാത്തവരായി തുടരുക എന്നത് ന്യൂനപക്ഷത്തിന് ഒട്ടും യോജിക്കുന്നതല്ല. എല്ലാതരത്തിലും വിഭവാധികാരമുള്ള സമുദായങ്ങളോ/സമൂഹങ്ങളോ ജാതി ഇല്ലയെന്ന് പ്രഖ്യാപിക്കുന്നതും, ജാതിവാലുകൾ ഇല്ലാതാക്കുന്നതും പുരോഗമനപരമായി കാണുന്നത് പോലെ എളുപ്പമല്ല പാർശ്വവത്കൃത സമൂഹങ്ങളെ സംബന്ധിച്ച് ജാതിയില്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ. ജാതി അറിയാത്തതുകൊണ്ടും നിർണ്ണയിക്കപ്പെടാത്തതുകൊണ്ടും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത ഇവർ വ്യക്തിയെന്ന നിലയിൽ സ്റ്റേറ്റിന് വേണ്ടാത്തവരായി തീരുകയാണ്.

പൊക്ലായിലെ കുടുംബാംഗങ്ങളിൽ എസ്എസ്എൽസി പാസായവരും, പ്ലസ് ടു പാസായവരും ഉണ്ട്. എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്യാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർക്കാർ ഉദ്യാഗസ്ഥർ ഇവരുടെ സാമൂഹ്യ പശ്ചാത്തലം മനസിലാക്കി അവർക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. പക്ഷേ അറുപത് വർഷങ്ങൾക്ക് മുകളിലായി പൊക്ലായിൽ താമസിക്കുന്ന ഇവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യാഗസ്ഥർ ഇപ്പോഴും തയാറായിട്ടില്ല.

“ഞങ്ങൾക്ക് വോട്ടർ ഐഡി ഇല്ല. അതുകൊണ്ട് ഞങ്ങളിത് വരെ വോട്ട് ചെയ്തിട്ടില്ല. വീട്ട് നമ്പർ ഇല്ലാത്തത് കൊണ്ടാണ് വോട്ടർ ഐഡി ലഭിക്കാത്തത്. കൊറോണ സമയത്ത് ഭക്ഷണം കിട്ടാൻ വഴിയില്ലാണ്ടായപ്പോഴാണ് റേഷൻ കാർഡ് കിട്ടിയത്. ഇപ്പോഴും ആധാർ കാർഡില്ലാത്ത ആളുകൾ ഞങ്ങൾക്കിടയിലുണ്ട്.” സരോജ പറഞ്ഞു. “ഓണവും വിഷുവുമൊക്കെ ആകുമ്പോൾ എം.എൽ.എ വന്ന് ഞങ്ങൾക്ക് കിറ്റ് തരും. ഒരിക്കൽ ഞങ്ങള് പറഞ്ഞു ഞങ്ങൾക്ക് വീട് വേണമെന്ന്. നിങ്ങൾക്ക് ഞാൻ മാർബിൾ ഇട്ട വീട് തരാമെന്ന് പോയ എം.എൽ.എയെ പിന്നെ ഞങ്ങൾ കണ്ടിട്ടില്ല.”

സ്ഥാപനവത്കരിക്കപ്പെടുന്ന അരികുവത്കരണം

“ഞങ്ങളെ കുറിച്ച് പുറംലോകത്തെ അറിയിച്ചപ്പോൾ നമ്പർ വൺ കേരളത്തിലെ സിപിഎംകാർക്ക് പ്രശ്നമായി. വീട് തരാമെന്ന് പറഞ്ഞ് കുഞ്ഞുകുട്ടികളെ സിഡബ്ല്യൂസിയിലേക്ക് ബലംപ്രയോഗിച്ച് മാറ്റി. കുട്ടികൾ സുരക്ഷിതരല്ല എന്നാണ് അവർ കാരണം പറഞ്ഞത്. വീട് ശരിയാക്കിയിട്ട് കുട്ടികളെ വിട്ട് തരാമെന്ന് പറഞ്ഞു. ഞങ്ങൾ അഞ്ച് കുടുംബവും ചേർന്ന് 10,000 രൂപക്ക് വീട് വാടകയ്ക്കെടുത്ത് വാടക ചീട്ട് കാണിച്ചാണ് കുട്ടികളെ ഇറക്കി കൊണ്ടുവന്നത്.” സരോജ പറയുന്നു.

സരോജ കുടുംബത്തോടൊപ്പം. ഫോട്ടോ: ആരതി എം.ആർ

ലോക്ക് ഡൗൺ സമത്താണ് പൊക്ലായിലെ വെളിമ്പറമ്പിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യൂ.സി) അവരുടെ സ്ഥാപനങ്ങളിലേക്ക് മാറ്റിയത്. എന്നാൽ കൃത്യമായ വിവരങ്ങൾ രക്ഷിതാക്കൾക്കോ കുട്ടികൾക്കോ നൽകാതെ സി.ഡബ്യൂ.സി നടത്തിയ ഇടപെടൽ ഇരുകൂട്ടരെയും മാനസികമായി ഉലച്ചു. കുട്ടികളെവിടെയെന്ന് അറിയാതെ രക്ഷിതാക്കളും, തങ്ങൾ എവിടെയാണ് എത്തപ്പെട്ടതെന്ന് മനസിലാക്കാതെ കുട്ടികളും കുഴങ്ങി. കുട്ടികളെ എല്ലാവരെയും സി.ഡബ്ല്യൂ.സിയുടെ കേരളത്തിലെ പല സ്ഥാപനങ്ങളിലേക്കാണ് കൊണ്ടുപോയതെന്ന് പൊക്ലായിലെ കുട്ടികൾ ഓർക്കുന്നു. പക്ഷേ എവിടെയാണ് കഴിഞ്ഞിരുന്നതെന്ന് അവർക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. “ജയിലുപോലെ ഒരു മുറിയിൽ ഒറ്റയ്ക്കായിരുന്നു ഞാൻ. ഇടയ്ക്ക് ഒരു സർ വന്ന് വിളിച്ചിട്ട് പോയി ഓഫീസിലിരുന്നു ചിത്രം വരയ്ക്കാൻ പറയും.” അന്ന് ഒമ്പതാം ക്ലാസുകാരനായിരുന്ന സ്മിനേഷ് ഓർത്തു. ഒമ്പതാം ക്ലാസുകാരനായ ഒരു ആൺകുട്ടിയെ, അവന്റെ അവകാശങ്ങളെയെല്ലാം ഹനിച്ചുകൊണ്ട് മാനസിക സമ്മർദ്ദത്തിലാക്കുകയായിരുന്നു സി.ഡബ്ല്യൂ.സി ചെയ്തിരുന്നത്. കുട്ടികളുടെ അവകാശങ്ങൾക്കായും സംരക്ഷണത്തിനായും വിഭാവനം ചെയ്ത സി.ഡബ്ല്യൂ.സി പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ ഗുരുതരമാണ്. ഇന്ന് സ്മിനേഷിന് പതിനെട്ട് വയസാണ് പ്രായം. സ്മിനേഷും മറ്റ് മുതിർന്ന ആൺകുട്ടികളും പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് അടയ്ക്ക പറിക്കുന്ന തൊഴിലിൽ ഏർപ്പെടുന്നു.

വാടക വീട്ടിലേക്ക് സ്മിനേഷിനെയും മറ്റ് കുട്ടികളെയും വിളിച്ചുകൊണ്ടുവന്നുവെങ്കിലും വാടക കൊടുക്കാൻ കഴിയാതെയായതോടെ അഞ്ച് കുടുംബങ്ങൾക്കും പൊക്ലായിലെ വെളിമ്പറമ്പിലേക്ക് വീണ്ടും മാറേണ്ടി വന്നു.

“പൊതുവെ ഞങ്ങൾക്ക് വീട് തരാൻ ആളുകൾക്ക് മടിയുണ്ട്. ഞങ്ങളുടെ ഭാഷ, നിറമൊക്കെ അവർക്ക് പ്രശ്നമാണ്. ബ്രോക്കർമാർ തടയും. ഇപ്പോൾ 2500 മാസവാടകയ്ക്കാണ് കഴിയുന്നത്.” നന്ദിനി പറഞ്ഞു. ദലിത് ലോയേഴ്സ് ഫോറം തരപ്പെടുത്തിക്കൊടുത്ത ഇപ്പോഴത്തെ വാടക വീടുകൾ അടച്ചുറപ്പില്ലാത്ത സുരക്ഷിതത്വം കുറഞ്ഞവയാണ്. കുടിവെള്ള ലഭ്യത തീരെ കുറഞ്ഞ സ്ഥലമായതിനാൽ ഫിൽറ്റർ വെള്ളം വാങ്ങിയാണ് ഇവർ നിലവിൽ ഉപയോഗിക്കുന്നത്. പക്ഷേ കുറച്ച് കാലത്തേക്കെങ്കിലും അവർക്ക് ഈ വാടകവീടുകളിൽ കഴിഞ്ഞേ മതിയാവൂ.

2023 ഡിസംബർ 16ന് കയ്പമംഗലം നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ കൊടുത്ത നിവേദനത്തെ തുടർന്ന് പൊക്ലായിലെ നാല് കുടുംബത്തിനും ലൈഫ് മിഷനിൽ വീട് അനുവദിക്കപ്പെട്ടിട്ടുണ്ട്. വീട് നിർമ്മിക്കാൻ അനുയോജ്യമായ ഭൂമി ഇവർ കണ്ടെത്തിയാൽ സ്ഥാലം വാങ്ങുന്നതിനുള്ള ധനസഹായവും വീട് നിർമ്മിക്കുന്നതിനുള്ള ധനസഹായവും നിയമാനുസൃതം അനുവദിക്കാമെന്നാണ് മറുപടിയിൽ പറയുന്നത്.

“പഞ്ചായത്ത് വഴി ഭൂമി വാങ്ങാൻ രണ്ട് ലക്ഷം രൂപയും വീട് വെക്കാൻ നാല് ലക്ഷം രൂപയുമാണ് നൽകുക. വീട് വെക്കാൻ മൂന്ന് സെൻറ് ഭൂമിയെങ്കിലും വേണം. ഇപ്പോൾ അനുവദിച്ച തുകയിൽ വാസയോഗ്യമായ ഭൂമി ലഭ്യമാകണമെന്നില്ല. ഒന്നുകിൽ തുക കൂട്ടിത്തരണം. അല്ലെങ്കിൽ പഞ്ചായത്ത് ഭൂമി എടുത്ത് തരണം. ഈ ആവശ്യവും മുൻനിർത്തി പഞ്ചായത്തിലേക്ക് സമരമായിട്ട് പോകേണ്ടി വരും.” പ്രദേശവാസിയും ദലിത് ലോയേഴ്സ് ഫോറം അംഗവുമായ വിപിൻദാസ് അഭിപ്രായപ്പെട്ടു.

പട്ടികജാതി വിഭാ​ഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകാൻ കഴിയില്ല എന്ന് പറയുന്ന പഞ്ചായത്തിന്റെ കത്ത്

“ഇപ്പോഴത്തെ കൺസ്ട്രകഷ്ൻ മെറ്റീരിയലിന്റെ വിലയൊക്കെ വെച്ച് ആറ് ലക്ഷം രൂപ വെച്ച് സാധാരണ ഒരു വീട് പോലും പണിയുക എന്നത് സാധ്യമായൊരു കാര്യമല്ല. രണ്ട് ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങുക എന്നതിന്റെ അർത്ഥം അവരെ ചേരിപ്രദേശമായി നിലനിർത്തുക എന്നതാണ് (ghettoize). അവരെ ജാതിപരമായി ഐഡന്റിഫൈ ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഒരു പ്രദേശത്തേക്ക് അരികുവത്കരിക്കാനുള്ള കൃത്യമായ രാഷ്ട്രീയമാണത്.” ഗവേഷകയും എഴുത്തുകാരിയുമായ മായാ പ്രമോദ് അഭിപ്രായപ്പെട്ടു.

പ്രാഥമിക അന്വേഷണത്തിൽ താങ്കൾ കേരള സംസ്ഥാനത്തെ പട്ടികജാതിയിലോ പട്ടിക വർഗത്തിലോ ഉൾപ്പെട്ട സമുദായങ്ങളിലോ, താങ്കൾ അവകാശപ്പെടുന്ന ഹിന്ദു മലവേടൻ സമുദായത്തിലോ ഉൾപ്പെടുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആയതിനാൽ പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകാൻ സാധിക്കില്ലെന്നുമാണ് നവകേരള സദസിൽ കൊടുത്ത നിവേദനത്തിന് വന്ന മറുപടി സൂചിപ്പിക്കുന്നത്. അതിനാൽ അതിദാരിദ്യ്രരായി കണ്ടാണ് ഇപ്പോൾ ലൈഫ് മിഷൻ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുള്ളത്.

മായാ പ്രമോദ്

“രണ്ട് ലക്ഷം രൂപയ്ക്ക് ലഭ്യമാകുന്ന സ്ഥലം ചതുപ്പ് നിലമോ പാടമോ ആയിരിക്കാം. സർക്കാരിന്റെ ഭാഷയിൽ കോളനിയില്ല, ഹാബിറ്റാറ്റാണ്. ഏത് സമുദായമാണെന്ന് മനസിലാക്കുന്നത് വരെ അവർക്ക് കിട്ടേണ്ട എംപവർമെന്റ്, ഡവലപ്മെന്റ് പദ്ധതികൾ ലഭ്യമാക്കാൻ ഇത്തരം ഇടങ്ങളിലേക്ക് മാറ്റണമെന്നാകും അവർ പറയാൻ പോകുന്നത്. എല്ലാ ദലിത് കോളനികളുടെയും ഫോർമേഷൻ ഇങ്ങനെ തന്നെയാണ് നടക്കുന്നത്. കൂടാതെ, ലൈഫ് മിഷനിൽ ആറ് ലക്ഷം കിട്ടി വീട് വെക്കാൻ ശ്രമിച്ചവരിൽ പലരും കടബാധ്യതകളിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. 12-14 വർഷമാണ് ലൈഫ് മിഷന്റെ മിനിമം എഗ്രിമെൻറ്. അത്രയും കാലം വരെ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുകയില്ല. അടുത്ത തലമുറകൾക്ക് ജീവിക്കാൻ സോഷ്യൽ കാപിറ്റലാണ് വേണ്ടത്. രണ്ട് ലക്ഷം രൂപ കൊണ്ട് മൂന്ന് സെന്റ് ഭൂമി വാങ്ങാൻ കഴിഞ്ഞുവെന്ന് തന്നെ വെച്ചാലും ഇവിടുത്തെ ലോണുകളുടെ റിക്വയർമെന്റ് മിനിമം ഗ്രാമപ്രദേശമാണെങ്കിൽ മൂന്ന് സെന്റ്, ടൗൺ ആണെങ്കിൽ ആറ് സെന്റ് എന്ന തരത്തിലാണ്. ഗ്രാമപ്രദേശങ്ങളിലുള്ള ഭൂമി കോളനി ഭൂമിയോ ചതുപ്പ് നിലമോ ആകരുതെന്ന് കൃത്യമായ റൂൾസ് ഉണ്ട്. അങ്ങനെയെങ്കിൽ ഇവർക്ക് ഈ ഭൂമിയെ എങ്ങനെയാണ് ഉപയോഗിക്കാൻ പറ്റുക? ഏതൊരു കമ്യൂണിറ്റിയും അവരുടെ ഭൂമി ഉപയോഗിച്ചാണ് സോഷ്യൽ കാപിറ്റൽ ഉണ്ടാക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ അടച്ചുറപ്പുള്ള വീട് ഉണ്ടാകുക എന്നത് ബെറ്റർ ചോയ്സാണ്. പക്ഷേ അതേസമയം തന്നെ അവരെ മാത്രം ഒരു പ്രദേശത്ത് ചുരുക്കുന്നത് ഒരു ഹാബിറ്റാറ്റ് ഉണ്ടാക്കിയെടുക്കലാണ്. ഗവർൺമെന്റ് പദ്ധതികളെ എളുപ്പത്തിൽ വിതരണം ചെയ്യാനുളള ഉപാധിയായാണ് അവർ പറയുന്നത്.” മായാ പ്രമോദ് നിരീക്ഷിക്കുന്നു.

പറമ്പിലെ കൂരകളിൽ നിന്നും വാടക വീട്ടിലേക്ക് ഈ കുടുംബങ്ങൾക്ക് താമസം മാറാൻ കഴിഞ്ഞെങ്കിലും ജാതി കൃത്യമായി നിർണ്ണയിക്കപ്പെടാത്തതുകൊണ്ട് വിദ്യാഭ്യാസവും തൊഴിലും അടക്കമുള്ള ഭരണഘടനാ അവകാശങ്ങളിൽ നിന്നെല്ലാം ഇവർ പുറത്താക്കപ്പെടുകയാണ്. തലമുറകളായി തുടരുന്ന ഈ അവകാശലംഘനം അവസാനിപ്പിക്കണം എന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 12, 2024 3:01 pm