എന്റെ ആഷർ

ഡിസംബർ 26ന് അന്തരിച്ച ബഹുഭാഷാ പണ്ഡിതനായ, ബഷീർ വിവർത്തകനായ ഡോ. റൊണാൾഡ് എഡ്വേർഡ് ആഷർ എന്ന ആർ.ഇ ആഷറിന്റെ മരണം മാധ്യമങ്ങളിലൂടെ അറിഞ്ഞത് ഇന്നലെ മാത്രം. ഒരുപാട് വർഷങ്ങളുടെ ഓർമ്മകൾ കത്തുകളിലൂടെ പങ്കുവെച്ച സ്നേഹ സൗഹൃദങ്ങൾ എന്നെ സങ്കടപ്പെടുത്തി. ആരായിരുന്നു എനിക്ക് ആഷർ?

വൈക്കം മുഹമ്മദ് ബഷീറിന്റെ കത്തുകളിലൂടെയും വായനയിലൂടെയുമാണ് ഞാൻ ആഷറിലേക്ക് എത്തിച്ചേരുന്നത്. ചങ്ങനാശ്ശേരി ഉള്ളൂർ സ്മാരക മുനിസിപ്പൽ ലൈബ്രറിയിൽ നിന്നും ‘മലയാള ഭാഷാ സാഹിത്യ പഠനങ്ങൾ’ എന്ന പുസ്തകം എന്റെ കയ്യിൽ എത്തിയത് തികച്ചും യാദൃശ്ചികം. ആദ്യ പേജിലെ ആഷറിന്റെ ചിത്രം അത്ഭുതത്തോടെയാണ് അന്ന് കണ്ടത്. ബഷീർ കൃതികളുടെ വിവർത്തനത്തെക്കുറിച്ച് അറിയുന്നത് അപ്പോഴാണ്. പിന്നീട് ആഷർ തന്നെ എഴുതിയ ‘ബഷീർ മലയാളത്തിന്റെ സർഗ്ഗ വിസ്മയം’ എന്ന പുസ്തകവും എന്നെ തേടിയെത്തി. ബഷീർ സാഹിത്യം വിവർത്തനം ചെയ്തപ്പോൾ താൻ നേരിട്ട പ്രതിസന്ധികൾ, ആസ്വാദ്യതകൾ, അനുഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളാണ് ആഷർ എഴുതിയിരിക്കുന്നത്.

1993കാലഘട്ടത്തിലാണ് ഞാൻ ആദ്യമായി ആഷറിനൊരു കത്തയക്കുന്നത്. പിന്നീട് കത്തുകളിലൂടെ ഞങ്ങളുടെ സൗഹൃദം നീണ്ടു. വായനകൾ, വിവർത്തനങ്ങൾ, ഗവേഷണങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ആഷർ എഴുതുമായിരുന്നു. പുതിയ വായനകളിലേക്ക് സഞ്ചരിക്കാൻ, പഠനത്തിൽ മുന്നേറാൻ, ഗവേഷണ വഴികളിലേക്ക് സഞ്ചരിക്കാൻ ഒക്കെ പ്രചോദനമായിരുന്നു ആഷറിന്റെ കത്തുകൾ. തലയോലപ്പറമ്പിലേക്കാണ് ഞാൻ വിവാഹിതയായി എത്തുന്നത് എന്നറിഞ്ഞപ്പോൾ ആഷർ എഴുതിയത് തലയോലപ്പറമ്പ് എന്റെ കൂടി ദേശമാണ്, ഞാൻ അവിടുത്തെ വഴികളിലൂടെ ബഷീർ കുടുംബാംഗങ്ങളെയും കഥാപാത്രങ്ങളെയും അന്വേഷിച്ച് നടന്നിട്ടുണ്ട് എന്നായിരുന്നു. അതെ, ബഷീർ സാഹിത്യം വിവർത്തനം ചെയ്യുന്നതിന് മുമ്പായി ബേപ്പൂരെത്തി ബഷീറിനെയും തലയോലപ്പറമ്പിലെത്തി മറ്റു കുടുംബാംഗങ്ങളെയും ബഷീർ ജീവിച്ച സ്ഥലത്തെയും അദ്ദേഹം പരിചയപ്പെട്ടിരുന്നു. ബഷീർ കൃതികൾ ഇനിയും തനിക്ക് വിവർത്തനം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

ബഷീറിനൊപ്പം ഭക്ഷണം കഴിക്കുന്ന ആഷർ

തലയോലപ്പറമ്പിലെ ഗവൺമെന്റ് സ്കൂളിൽ തന്നെ പിന്നീട് ഞാനൊരു മലയാളം അധ്യാപികയായി മാറിയപ്പോൾ അധ്യാപിക എന്ന നിലയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ബഷീറിന്റെ ഏതൊക്കെ കഥകളാണ് വിവർത്തനയോഗ്യമാകുന്നത് എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും അദ്ദേഹം ആരാഞ്ഞിരുന്നു. എന്റെ അനുഭവ പരിസരത്തിൽ നിന്നും ബഷീറിന്റെ നിരവധി കഥകൾ അദ്ദേഹവുമായി പങ്കുവെച്ചു.

ബഷീർ കഥകൾ മാത്രമല്ല മലയാളത്തിലെ പുതിയ എഴുത്തുകാരുടെ നല്ല കഥകളും വിവർത്തനത്തിന് വേണ്ടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അതനുസരിച്ച് അന്ന് മലയാളത്തിൽ ഇറങ്ങിയ പുതിയ പുസ്തകങ്ങൾ യു.കെയിലുള്ള സുഹൃത്ത് ഡോ. അജിത് വഴി അദ്ദേഹത്തിനെത്തിച്ചു നൽകിയിരുന്നു. എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായി ജോലി ചെയ്യുന്ന സമയത്ത് ഔദ്യോഗികമായ തിരക്കുകൾക്കിടയിൽ വിവർത്തനം നീണ്ടുപോകുന്നതിനെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുമായിരുന്നു. ലോകഭാഷകളെക്കുറിച്ചുള്ള അറ്റ്‌ലസ്‌ നിർമ്മാണത്തിന്റെ ഉത്തരവാദിത്വവും അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തിലും തമിഴിലും ഉള്ള കൃതികളെ അദ്ദേഹം ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. മലയാളം നന്നായി വായിക്കാനും മനസ്സിലാക്കാനും കഴിയുമായിരുന്നെങ്കിലും സംസാരിക്കുന്നതിന് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. മലയാളത്തിൽ അയക്കുന്ന കത്തുകൾ അദ്ദേഹം ഏറെ ആസ്വദിച്ച് വായിച്ചിരുന്നു. 1993 മുതൽ ലെറ്റർ ഹെഡിൽ ടൈപ്പ് ചെയ്തയച്ച നിരവധി കത്തുകൾ എന്നെ തേടി എത്തിയിരുന്നു. 2009 മുതൽ കത്തുകൾ ഇ-മെയിലിൽ മാത്രമായി. സിവിൽ സർവെന്റും എഴുത്തുകാരനും ആയിരുന്ന, നമ്മൾ വാഴും കാലം, വാഴ്വ് എന്ന പെരുവഴി തുടങ്ങിയ പുസ്തകങ്ങൾ രചിച്ച എൻ ഗോപാലകൃഷ്ണൻ സാറിന്റെ മരണവാർത്ത അറിയിച്ചപ്പോൾ അദ്ദേഹത്തിന് വളരെയധികം സങ്കടമായിരുന്നു. കേരളത്തിൽ അവസാനമായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ആഷറിന്റെ താമസം. അന്ന് ആഷറുമായി ഫോണിൽ ഏറെനേരം സംസാരിച്ചിരുന്നു. പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാൽ പരസ്പരം കാണാൻ സാധിച്ചില്ല എന്ന് അദ്ദേഹം ക്ഷമാപണത്തോടെ പറഞ്ഞത് ഇന്നും ഓർക്കുന്നു. അടുത്ത യാത്രയിൽ തീർച്ചയായും കാണും എന്ന് വാക്ക് തന്നിരുന്നു. ബഷീർ അനുസ്മരണം നടക്കുന്ന സമയം അദ്ദേഹത്തിന്റെ ആശംസകൾ മെയിലുകളായി വരികയും അവ അനുസ്മരണ സമ്മേളനത്തിൽ വായിച്ചു കേൾപ്പിക്കണം എന്ന് പറയുകയും ചെയ്യുമായിരുന്നു. ഏറെ സന്തോഷത്തോടെയായിരുന്നു അനുസ്മരണങ്ങളിൽ അദ്ദേഹത്തിന്റെ ആശംസകൾ വായിച്ചിരുന്നത്.

തലയോലപ്പറമ്പിൽ നടക്കുന്ന ഓരോ ബഷീർ അനുസ്മരണത്തിലും ബഷീറിന്റെ ചിത്രങ്ങൾക്കൊപ്പം ബഷീറുമൊത്തുള്ള ആഷറിന്റെ നിരവധി ചിത്രങ്ങളും സ്മാരകസമിതിയുടെ സാരഥിയായ പി.ജി ഷാജിമോൻ തന്റെ ശേഖരത്തിൽ നിന്നും പ്രദർശിപ്പിച്ചിരുന്നു. ബഷീറിന്റെ നാട്ടിൽ നിന്നും എത്തുന്ന വിശേഷങ്ങൾ കേൾക്കാൻ അദ്ദേഹത്തിന് പ്രത്യേകം കൗതുകമായിരുന്നു. ഒരു വർഷക്കാലം ബഷീർ ചെയർ അധ്യക്ഷനായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ആഷർ പ്രവർത്തിച്ചിരുന്നു. മലയാളഭാഷയിലെ വിവർത്തനങ്ങളിൽ ഒരുപാട് ബാക്കി വെച്ചാണ് ആഷര്‍ മടങ്ങുന്നത്. ഡോ. പോൾ മണലിൽ സാറിന്റെയും എൻ ഗോപാലകൃഷ്ണൻ സാറിന്റെയും കാരശ്ശേരി മാഷിന്റെയും കൂടെയുള്ള സൗഹൃദത്തെ കുറിച്ച് അദ്ദേഹം എഴുതുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനൊപ്പം ഫാബിയും അനീസും ഷാഹിനയും ഒക്കെ എഴുത്തിൽ സ്നേഹത്തോടെ കയറി വന്നിരുന്നു.

ഷംലയും ആഷറും തമ്മില്‍ നടന്ന ഇ-മെയില്‍ സംഭാഷണം

മലയാളം ക്ലാസുകളിൽ ബഷീറിൽ നിന്നും ആഷറിലേക്കുള്ള സഞ്ചാരം എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് . ബഷീർ കൃതികളുടെ സെമിനാറിൽ ആഷറിന്റെ വിവർത്തനങ്ങളെ കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ചത് അന്ന് ഒമ്പതാം ക്ലാസുകാരിയായിരുന്ന ആമിന മെഹജബിൻ ആയിരുന്നു. എന്റെ ബഷീർ വായനകളും ബഷീർ വാക്കുകളും എഴുത്തും എന്നും അവസാനിച്ചിരുന്നത് പ്രിയപ്പെട്ട ആഷറിലായിരുന്നു. നാലുവർഷമായി മെയിലുകൾക്ക് മറുപടിയില്ലായിരുന്നുവെങ്കിലും വാർദ്ധക്യസഹജമായ അവസ്ഥകൾ ഉണ്ടാകും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എങ്കിലും എന്നും ബഷീറിനൊപ്പം പേരുകൊണ്ട് പോലും സാമ്യമുള്ള ആഷറും ഉണ്ടായിരുന്നു. നേരിട്ട് കാണാനായില്ല എന്നൊരു സങ്കടം ബാക്കി വച്ചുകൊണ്ട് ആഷർ മടങ്ങുമ്പോൾ ആ മരണം പോലും വൈകിയാണല്ലോ അറിഞ്ഞത് എന്ന സങ്കടം കൂടി ബാക്കിയാകുന്നു.

(1991 മുതൽ ബഷീർ മരിക്കുന്നത് വരെ കത്തുകളിലൂടെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായ ഡോ. ഷംല യു, തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയും ബഷീർ സാംസ്കാരിക സമിതി ഡയറക്ടർ ബോർഡ് അംഗവും ബാല്യകാലസഖി അവാർഡ് കമ്മിറ്റി അംഗവുമാണ്).

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 12, 2023 12:13 pm