Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വയനാട് കൽപ്പറ്റയിൽ നിന്നും ഏകദേശം 23 കിലോമീറ്റർ ദൂരമാണ് ചൂരൽമലയിലേക്ക്.
പച്ചപ്പും വെള്ളച്ചാലുകളും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര അവസാനിക്കുന്നത്
വരണ്ട് തരിശയായി കിടക്കുന്ന ദുരന്തഭൂമിയിലാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ അടയാളമായി മാറിയ ബെയ്ലി പാലത്തിന് കുറച്ച് മുമ്പാണ് ബസ് നിർത്തുക. അവിടെ നിന്നും മുന്നോട്ട് നടന്നാൽ വഴിയരികിൽ പൂട്ടിക്കിടക്കുന്ന നിരവധി കടകൾ കാണാം, അതിന്റെ വരാന്തയിൽ ടൂറിസ്റ്റുകൾക്കായി ഭക്ഷ്യവസ്തുക്കളും ഉപ്പിലിട്ടതും വിൽക്കുന്ന നാട്ടുകാരിൽ ചിലരെയും. അട്ടമല ഗ്ലാസ് ബ്രിഡ്ജ് കാണാൻ വരുന്നവരാണ് വിനോദ സഞ്ചാരികളിലേറെയും, ദുരന്ത സ്ഥലം സന്ദർശിക്കാനെത്തുന്നവരും അക്കൂട്ടത്തിലുണ്ട്.
2024 ജൂലൈ 30ന് ആണ് വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ പ്രദേശങ്ങളിൽ കനത്ത ഉരുൾപ്പൊട്ടൽ ഉണ്ടായത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം അഞ്ഞൂറോളം പേർക്ക് ജീവൻ നഷ്ടമാവുകയും ഏകദേശം 5000 പേർക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ദുരന്തത്തെ അതിജീവിച്ച നാട്ടുകാർ ഇന്ന് വയനാട്ടിലെ പല സ്ഥലങ്ങളിലേക്കായി ചിതറപ്പെട്ടിരിക്കുകയാണ്. പൂർണ്ണമായും ദുരന്തം ബാധിച്ചവരും വീടുകൾ നഷ്ടപ്പെട്ടവരും പലയിടങ്ങളിൽ വാടക വീടുകളിലാണ്. ബാക്കിയുള്ളവർ ദുരന്തഭൂമിയിൽ തന്നെ ജീവിതം തുടരുന്നു. ഒരു വലിയ ജീവിത സമരത്തിന്റെ വഴിയിലാണ് ഇന്ന് അവരെല്ലാം. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളണം എന്ന ആവശ്യം പരിഗണിക്കപ്പെടാൻ വേണ്ടിയുള്ള ശ്രമങ്ങൾ അവർ തുടരുകയാണ്. ഈ ആവശ്യം നേരത്തെ ഉയർന്നുവരികയും കേരള സർക്കാർ ബാങ്കുകളോട് ഇക്കാര്യം നിദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ തീരുമാനമെടുക്കേണ്ടത് വിവിധ ബാങ്കുകളാണെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. അതുപോലെ, വായ്പ എഴുതിത്തള്ളാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് നൽകുന്ന ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്ര സർക്കാർ ഈ അടുത്ത് എടുത്തുകളഞ്ഞിരുന്നു. കേരള ഹൈക്കോടതി ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ഉണ്ടായി. എന്നാൽ നാളിതുവരെ കടങ്ങൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ദുരന്തത്തെ അതിജീവിച്ച സ്ത്രീകളാണ് ഈ വായ്പയുടെ ഭാരം കാരണം ഏറെ പ്രയാസപ്പെടുന്നത്.
ഈ സാഹചര്യത്തിൽ, ദുരിതബാധിതരായ മേപ്പാടി പഞ്ചായത്ത് 10, 11, 12 വാർഡുകളിലെ സ്ത്രീകൾ ‘വിമൻ ഫോർ ലോൺ റിലീഫ്’ എന്നൊരു കൂട്ടായ്മ രൂപീകരിക്കുകയും വായ്പയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതി ബാങ്കുകളോട് ഇക്കാര്യത്തിൽ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ നിലപാട് കൂടി അറിഞ്ഞാൽ മാത്രമേ ഇതിൽ തുടർ നടപടി ഉണ്ടാകൂ. തുടർന്ന് മന്ത്രിമാർക്കും കേരള-കേന്ദ്ര സർക്കാർ പ്രതിനിധികൾക്കും 12 ബാങ്കുകൾക്കും തങ്ങളുടെ അവസ്ഥ പറഞ്ഞ് ഈ സ്ത്രീകൾ കത്തുകൾ അയയ്ക്കുകയും ചെയ്തു.


എന്താണ് വിമൻ ഫോർ ലോൺ റിലീഫ്?
“ഞാനെന്റെ വീടൊന്ന് കാണിച്ച് കൊടുത്തിട്ട് വരാം.”
“വീടിണ്ടോ അവിടെ?”
കൂട്ടച്ചിരിയാണ് പിന്നെ. ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വീടിരുന്ന ഭാഗം കാണിച്ച് തരാൻ വിളിക്കുന്ന വിനി മോളോട് സുഹൃത്തുക്കളും വിമൻ ഫോർ ലോൺ റിലീഫിന്റെ ഭാരവാഹികളുമായ സ്ത്രീകൾ പറഞ്ഞ് ചിരിക്കുന്നത് ഇങ്ങനെയാണ്.
“ഇപ്പൊ ചിരിക്കുന്നതൊന്നും നോക്കണ്ട. ലോണടയ്ക്കണം എന്ന അവസ്ഥ വന്നാൽ ഈ ചിരിയൊക്കെ മാറും”, പിന്നീടവർ വിഷമത്തോടെ കൂട്ടിച്ചേർത്തു. തകർന്ന നിലയിൽ കാണപ്പെട്ട ഉപയോഗ ശൂന്യമായ ഒരു വീട് വിനി മോൾ കാണിച്ചുതന്നു.
മൂന്ന് വാർഡുകളിലെ 64 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ട 700ഓളം സ്ത്രീകളാണ് വിമൻ ഫോർ ലോൺ റിലീഫിന്റെ പേരിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സബിത എസ്, വിനീത കെ ആർ, ബുഷ്‌റ മുജീബ്, സീനത്ത്, മഞ്ജു, ഷബ്‌ന, ഷെറീന, വിനിമോൾ എന്നിങ്ങനെ എട്ട് പേരടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഇതിൽ ഏകദേശം 280 സ്ത്രീകൾ നേരിട്ടും ബാക്കിയുള്ളവർ പരോക്ഷമായും ദുരിതബാധിതരാണ്. കൃഷി, ചെറിയ വ്യാപാരങ്ങൾ, കന്നുകാലി വളർത്തൽ, കരകൗശല വസ്തുക്കളുടെ നിർമ്മാണവും വിപണനവും, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ അതിനോടൊപ്പം കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ നടത്തുന്ന വിവിധ പദ്ധതികൾ തുടങ്ങി ചെറിയ തൊഴിലുകളിലൂടെയാണ് ഈ സ്ത്രീകൾ വരുമാനം കണ്ടെത്തി മുന്നോട്ടുപോയിരുന്നത്. വായ്പയുടെ ആകെ തുക കണക്കാക്കിയാൽ 4.10 കോടി രൂപയുടെ ലിങ്കേജ് ലോൺ ഇവർക്കുണ്ട്. അതിനോടൊപ്പം, അയൽക്കൂട്ടങ്ങളുടെ സമ്പാദ്യത്തിൽ നിന്നും 1.44 കോടി രൂപയുടെ ലോണുകളും നിലനിൽക്കുന്നുണ്ട്. ഇതിൽ 50 ശതമാനം ലിങ്കേജ് ലോൺ തിരിച്ചടച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ ബാക്കി സംഖ്യ തിരിച്ചടക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. കൂടാതെ കുടുംബശ്രീയുടെ സമ്പാദ്യത്തിൽ നിന്നുള്ള ആന്തരിക വായ്‌പയുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപ ഇപ്പോഴും തിരിച്ചടക്കുവാനുണ്ട്. ദുരന്തത്തിൽ മരണപ്പെട്ട 47 സ്ത്രീകളുടെ വായ്പ ഭാരവും അയൽക്കൂട്ടങ്ങളിലെ മറ്റ് അംഗങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്. വായ്‌പകൾ എഴുതി തള്ളണം എന്ന പ്രദേശവാസികളുടെ ആവശ്യം കേരള സർക്കാർ പിന്തുണയ്ക്കുകയും സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയിൽ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെ ബാങ്കുകൾ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല എന്ന് മാത്രമല്ല, ഒരു വർഷത്തെ പലിശ സഹിതം മൊറൊട്ടോറിയം നൽകി ആ ചർച്ച അവസാനിപ്പിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ അടിയന്തരമായ ഒരു നിയമ ഇടപെടൽ ആവശ്യമാണ് എന്നുള്ളതാണ് ഹൈക്കോടതിക്കും വിവിധ മന്ത്രിമാർക്കും സർക്കാർ പ്രതിനിധികൾക്കും ബാങ്കുകൾക്കും സ്ത്രീകൾ നൽകിയ പരാതിയിലെ പ്രധാന ആവശ്യം.
പലതവണ കുടുംബശ്രീയുടെ ഉന്നതതല പ്രതിനിധികളെ ഇവർ കണ്ടിട്ടും, ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും വായ്പകൾ എഴുതി തള്ളാനുള്ള ഇടപെടലുകൾ സർക്കാരിൽ നിന്നോ ജില്ലാ മിഷനിൽ നിന്നോ ഉണ്ടായിട്ടില്ല. കുടുംബശ്രീയുടെ ഭാഗമായിരുന്ന എഴുന്നൂറോളം സ്ത്രീകൾ പലയിടത്തായി ചിതറി കിടക്കുകയാണ്. പുതിയ സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന എല്ലാവരുടെയും അവസ്ഥ മോശമാണ്. ഒരു പുതിയ ജോലി കണ്ടെത്താനോ, വരുമാനം തേടാനോ അവർക്ക് കഴിയുന്നില്ല. ദുരന്തസ്ഥലത്ത് തുടരുന്നവരുടെയും അവസ്ഥ സമാനമാണ്. പുതിയ വായ്പകൾ ലഭിക്കാനുള്ള സാഹചര്യം അവർക്കില്ല. അതോടൊപ്പം മരിച്ചുപോയവർ എടുത്ത ലോണുകളുടെ ബാധ്യത കൂടി വരുന്നതോടെ ഈ സ്ത്രീകൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമായി മാറുന്നു. ഇതിൽ എടുത്ത ലോൺ ഉപയോഗിക്കാൻ കഴിയാതെ മരിച്ചുപോയവരും ഉണ്ട്. പഠനവും ആരോഗ്യവും ജീവിതമാർഗ്ഗങ്ങളും എല്ലാം പ്രതിസന്ധിയിലായി നിൽക്കുന്ന ഈ അവസരത്തിൽ, വായ്പകളുടെ കാര്യത്തിൽ ഒരു പരിഹാരവും നാളിതുവരെ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ‘വിമൻ ഫോർ ലോൺ റിലീഫ്’ എന്ന ഒരു കൂട്ടായ്മ രൂപം കൊള്ളുന്നത്.


ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്
വിമൻ ഫോർ ലോൺ റിലീഫ് ഹൈക്കോടതിയോട് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ ഇവയാണ്.
1. വയനാട് മേപ്പാടി പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശമായ 10, 11, 12 വാർഡുകളിലെ ദുരിതബാധിതരായ മനുഷ്യരുടെ എല്ലാ തരത്തിലുള്ള വായ്പകളും പൂർണ്ണമായും നിരുപാധികം എഴുതിത്തള്ളുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ സർക്കാരുകളോടും ബാങ്കുകളോടും നിർദ്ദേശിക്കണം.
2. വായ്‌പകൾ എഴുതി തള്ളുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമ്പോൾ സ്ത്രീകൾ, ചെറുകിട വ്യാപാരികൾ, തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ചെറുകിട കർഷകർ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളെ മുൻഗണനാപ്രകാരം പരിഗണിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും വേണം.
3. ദുരന്തബാധിത പ്രദേശങ്ങളിലുള്ള അയൽക്കൂട്ടങ്ങളിലെ ദുരന്തത്തിൽ മരണപ്പെട്ട സ്ത്രീകളുടെ വായ്പകൾ സർക്കാർ ഏറ്റെടുത്ത്, അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനിർത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
4. ദുരിതബാധിതരായവർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുവാൻ പുതിയ പലിശ രഹിത വായ്പകൾ ആറ് മാസത്തെ പ്രത്യേക തിരിച്ചടവ് ഇളവുകളോടെ അനുവദിക്കുവാൻ സർക്കാരുകളോടും സ്വകാര്യ, ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങളോടും നിർദ്ദേശിക്കണം.
5. വായ്പാ വീണ്ടെടുപ്പ് കാലയളവിൽ പിഴ പലിശയോ ലേറ്റ് ഫീസുകളോ ചുമത്താതിരിക്കുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണം.
6. വായ്പകൾ എഴുതി തള്ളുമ്പോൾ ബാങ്കുകളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ ഈടായി നൽകിയിരുന്ന പ്രോപ്പർട്ടി പത്രങ്ങൾ, സ്വർണ്ണം, ഗ്യാരണ്ടി ചെക്കുകൾ എന്നിവ തിരികെ നൽകുകയും അതിനോടൊപ്പം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ലോൺ ക്ലോഷർ സർട്ടിഫിക്കറ്റും നൽകുന്നതടക്കമുള്ള ലളിതവും സുതാര്യവുമായ നടപടികൾ പിന്തുടരാൻ സ്വകാര്യ, ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങളോടു നിർദ്ദേശിക്കണം.
7. ദുരിതബാധിതരുടെ ക്രെഡിറ്റ് സ്‌കോർ സംരക്ഷിക്കാൻ അടിയന്തിര നിർദേശങ്ങൾ നൽകുക.
8. ദുരിതബാധിതരായ മനുഷ്യരുടെ മേൽപ്പറഞ്ഞ അവസ്ഥകൾ നേരിൽ മനസ്സിലാക്കാനും ലോണുകളുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾക്കുമായി ഒരു അമികസ് ക്യൂറിയെ നിയമിക്കുക.


ഒരു വർഷം കടന്നുപോകുമ്പോൾ
പൊട്ടിപൊളിഞ്ഞ മറ്റൊരു വീട് ചൂണ്ടിക്കാട്ടിയാണ് വിമൻ ഫോർ ലോൺ റിലീഫ് എക്സിക്യൂട്ടീവ് മെമ്പറായ ഷാജിതയും സംസാരിച്ച് തുടങ്ങിയത്. “അതാ ആ വീട് കണ്ടോ, പണി കഴിഞ്ഞിട്ട് കേറി കൂടീട്ട് പോലുമില്ല. മുഴുവൻ പണി തീർന്നെങ്കിലും കേറി കൂടാൻ പറ്റിയില്ല. ആ വർഷത്തെ ഓണത്തിന് കേറി കൂടാൻ നിക്കായിരുന്നു. അങ്ങനെ കൊറേ വീടുകൾ ഉണ്ടിവിടെ.” പത്താം വാർഡിലെ കുടുംബശ്രീ അംഗമായ രേവതി തന്റെ അമ്മയുടെ സ്ഥലത്ത് പണിത വീടാണത്. കുടുംബശ്രീയിൽ നിന്നും പല ബാങ്കുകളിൽ നിന്നുമായി ലോൺ എടുത്ത് പണിത വീടാണ് താമസിക്കാൻ പോലുമാകാതെ നശിച്ചുപോയത്. അമ്മയുടെ പേരിലുള്ള സ്ഥലം ആയതുകൊണ്ട് മറ്റൊരു വീട് അവർക്ക് ലഭിക്കും. എന്നാൽ നഷ്ടപ്പെട്ട വീട് പണിയാൻ വേണ്ടി രേവതി എടുത്ത ലോണുകൾ അപ്പോഴും ബാക്കിയാണ്. വീടുപണിയാനും, വിദ്യാഭ്യാസത്തിനും, ചികിത്സക്കുമായി ലോൺ എടുത്ത നിരവധി സ്ത്രീകളാണ് മേപ്പാടി പഞ്ചായത്തിൽ 10,11,12 വാർഡുകളിലായി ഉള്ളത്. ഇവരിൽ മിക്കവരും തന്നെ കുടുംബശ്രീയെ ആണ് ഇതിനായി ആശ്രയിക്കുന്നത്. ആന്തരിക വായ്പയും ലിങ്കേജ് ലോണും കൂടാതെ വിവിധ സംരഭങ്ങൾക്കായും എടുത്ത പല ലോണുകളാണ് എഴുതിത്തള്ളപ്പെടാതെ ഈ സ്ത്രീകളുടെ ജീവിതത്തിൽ ഭാരമായി നിൽക്കുന്നത്.
പലയിടത്തായി വാടകക്ക് താമസിക്കുന്ന ദുരന്തം നേരിട്ട് ബാധിച്ച സ്ത്രീകൾ പുതിയ ജോലിയോ ജീവിതമാർഗ്ഗങ്ങളോ കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. ജീവനോപാധി സഹായമായി ലഭിക്കേണ്ട തുകയും വീട് വാടകയും ഇവരെ ഒരു സാധാരാണ ജീവിതം നയിക്കാൻ സഹായിക്കുന്നില്ല. ജീവനോപാധി പലർക്കും പല കാരണങ്ങൾകൊണ്ട് തന്നെ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. വീട് വാടക 6000 രൂപയാണ് സർക്കാരിൽ നിന്ന് ലഭിക്കുക. എന്നാൽ പലരുടെയും വാടക അതിനുമേലെയാണ്. അതവർ സ്വയം കണ്ടെത്തണം.
കുടുംബശ്രീ 12-ാം വാർഡിലെ പ്രവർത്തകയായ ജിനിഷയുടെ കുടുംബത്തിലെ നാല് പേരാണ് ദുരന്തത്തിൽ മരിച്ചത്. “കൽപ്പറ്റ പുത്തൂർവയലിൽ വാടകക്ക് താമസിക്കുകയാണ് ഞങ്ങൾ ഇപ്പോൾ. 8500 രൂപയാണ് വാടക. ഇതിൽ 6000 സർക്കാരിൽ നിന്ന് ലഭിക്കും. നിലവിൽ എനിക്ക് കുടുംബശ്രീയുടെ ലോൺ കൂടാതെ മൂന്ന് ബാങ്കുകളിലായി മറ്റ് ലോണുകളും ഉണ്ട്. കുടുംബശ്രീയുടെ ഭാഗത്ത് നിന്ന് ലോൺ എഴുതി തള്ളുമെന്ന് പറഞ്ഞിട്ട്, അവിടെ നിന്നും ഒരു സപ്പോർട്ടും ഇതുവരെ കിട്ടീട്ടില്ല. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് 9000 രൂപ ദിനബത്ത പ്രഖ്യാപിച്ചതും ജോലി ഉണ്ടെന്നുള്ള കാരണത്താൽ എനിക്ക് കിട്ടുന്നില്ല. ഭർത്താവിന് ലഭിക്കുന്നുണ്ട്. ഈ അവസ്ഥയിൽ ലോണുകൾ ഒന്ന് തള്ളിയാൽ തന്നെ വലിയ ആശ്വാസമാകും,” ജിനിഷ പറഞ്ഞു.
പത്താം വാർഡിലെ കുടുംബശ്രീ അംഗമായ റിജി തോമസ് പറയുന്നത് ഇങ്ങനെയാണ്.
“ദൈവം സഹായിച്ചു, എന്റെ കുടുംബത്തിലെ എല്ലാവരും രക്ഷപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ ഉരുൾപൊട്ടലിൽ മരിച്ചാൽ മതിയായിരുന്നു എന്നാണ് ഇപ്പോഴത്തെ അവസ്ഥ. സർക്കാരിന്റെ 6000 രൂപ വാടക മാത്രമാണ് എനിക്ക് കിട്ടുന്നത്. മുമ്പ് ഒരു സ്കൂളിൽ താൽക്കാലിക ജോലി ചെയ്തിരുന്നു എന്ന് പറഞ്ഞതുകൊണ്ട് ദിനബത്ത 9000 കിട്ടുന്നില്ല. അതൊരു ലീവ് വേക്കൻസി പോസ്റ്റ് ആയിരുന്നു. ഇപ്പോൾ ജോലി ഇല്ല. പിന്നെ ടൗൺ ഏരിയ ആകുമ്പോൾ എന്ത് പണിയാണ് കിട്ടുക എന്നതും അറീല്ലായിരുന്നു. ഓരോ അവസ്ഥ വരുമ്പോൾ കിട്ടുന്ന ജോലിക്ക് പോകും. പ്രായമായ അമ്മയും പഠിക്കുന്ന മക്കളും ഉണ്ട്. അപേക്ഷകൾ പലത് കൊടുത്തിട്ടും ഇപ്പോഴും മൈക്രോ പ്ലാനിൽ പോലും പരിഗണിക്കപ്പെട്ടിട്ടില്ല. എന്നാലും ഇപ്പോഴും കുറ്റം പറയാനായിട്ടില്ല. ജീവൻ തിരിച്ച് കിട്ടിയതാണല്ലോ. ബാക്കി ജീവിച്ച് നോക്കാം. പിന്നെ, പരിഗണിക്കുമ്പോൾ എല്ലാവരെയും പരിഗണിക്കുക. എല്ലാവരും ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. എല്ലാവർക്കും സഹായങ്ങൾ ലഭിക്കുന്നുണ്ടോ എന്നും സർക്കാർ ഉറപ്പു വരുത്തണം.” മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തിനപുരത്താണ് ഇപ്പോൾ റിജിയും കുടുംബവും താമസിക്കുന്നത്.
പത്താം വാർഡിലെ അംഗമായ മഞ്ജുഷയ്ക്ക് പറയാനുള്ളതും ഇതേ അവസ്ഥയാണ്. “ദിനബത്ത 9000 കിട്ടുന്നത് കൊണ്ടാണ് ജീവിക്കുന്നത്. വാടക 6500 ആണ് അതിൽ 6000 സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട്. വേറൊരു ജീവിതമാർഗവും ഇല്ല. ഭർത്താവിന് ദുരന്തത്തിന് ശേഷം കാലുവേദന ഉണ്ടായിരുന്നു. ഇപ്പോൾ വേദന കൂടി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. കുടുംബശ്രീയിൽ നിന്നും അല്ലാതെയും വീടിന്റെ ആവശ്യത്തിനും മോന്റെ പഠനത്തിനുമായി എടുത്ത ലോണുകളാണ് എല്ലാം. ഈ അവസ്ഥയിൽ ലോണുകൾ ഞങ്ങൾക്ക് വലിയ ബാധ്യത തന്നെയാണ്. അത് എഴുതി തള്ളാതെ ഒരു ജീവിതം മുന്നോട്ട് കാണാൻ പറ്റില്ല.” മേപ്പാടിയിലെ കുന്നമംഗലം വയൽ എന്ന സ്ഥലത്താണ് ഇവരുടെ ഇപ്പോഴത്തെ താമസം.
പതിനൊന്നാം വാർഡിലെ എ.ഡി.എസ് സെക്രട്ടറിയും പൂർണ്ണമായും ദുരന്തം ബാധിച്ച വ്യക്തിയുമായ ബുഷറ കുടുംബശ്രീ എങ്ങനെയാണ് അവർക്ക് ആശ്രയമായിരുന്നത് എന്ന് വിവരിച്ചു. “എല്ലാ ആവശ്യങ്ങൾക്കും ഈ നാട്ടിലെ സ്ത്രീകൾ കുടുംബശ്രീയെ ആശ്രയിച്ചിരുന്നു. അത്രയ്ക്കും ജീവിതത്തിന്റെ ഭാഗവും സഹായവുമായിരുന്നു കുടുംബശ്രീ. ദുരന്തം നടക്കുന്നതിന് തൊട്ട് മുമ്പായി 17 ലക്ഷം രൂപ വായ്പ എടുത്ത ആളാണ് ഞാൻ. സ്വന്തമായി സംരഭ ആവശ്യത്തിനായി എടുത്ത ലിങ്കേജ് ലോണായിരുന്നു അത്. എന്റെ കുടുംബത്തിൽ തന്നെ മൂന്ന് പേര് അന്ന് ദുരന്തത്തിൽ മരിച്ചു. അതിൽ അനിയത്തിയും അനിയത്തിയുടെ കുടുംബത്തിൽ നിന്ന് ഒമ്പത് പേരാണ് മരിച്ചത്. എന്റെ ഉമ്മ അന്ന് കിടപ്പിലായതാണ്. അനിയത്തിയുടെ വീട്ടിൽ വെച്ച് വായ്പ എടുത്ത മുഴുവൻ പണവും ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടു. ആ പണം ഉപയോഗിച്ചിരുന്നെങ്കിൽ കൂടിയും വേണ്ടീലായിരുന്നു. ഇതൊക്കെയാണ് ഞങ്ങടെ അവസ്ഥകൾ.”
“7500 രൂപയാണ് വീടിന്റെ വാടക. ഇതിൽ 6000 ഗവണ്മെന്റ് തരും. ബാക്കി കറന്റിനും വെള്ളത്തിനും വേസ്റ്റ് കൊണ്ടോവാൻ വരെ വേറെ കാശ് വേണം. നമ്മടെ നാട്ടിൽ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. തൊഴിൽ കണ്ടെത്താനും ഇവിടെ വളരെ പ്രയാസമാണ്. അവിടത്തെ സ്ത്രീകളെല്ലാം തന്നെ സ്വയം പര്യാപ്തരായി ജീവിച്ചവരായിരുന്നു. ഇപ്പോൾ പക്ഷേ എല്ലാംകൊണ്ടും മുന്നോട്ട് പോകാൻ പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളത്. ആ കൂടെ ലോണുകളും എഴുതി തള്ളിയില്ലെങ്കിൽ മുമ്പോട്ട് ഒരു വഴീം ഇല്ലാണ്ടാവും.” ഇപ്പോൾ മേപ്പാടിയിലെ മാനിവയൽ എന്ന സ്ഥലത്ത് താമസിക്കുന്ന ബുഷറ കൂട്ടിച്ചേർത്തു.


ദുരന്തമുഖത്ത് തന്നെ ഇപ്പോഴും താമസിക്കുന്ന ആളുകളും ഏറെയുണ്ട്. ദുരന്തം അതിന്റെ സർവ്വ ശക്തിയുമെടുത്ത് വന്നപ്പോൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ് ഇവർ. ആനുകൂല്യങ്ങളിൽ പലതിലും ഉൾപ്പെടാതെ പോയ ഇവർ ജീവിതമാർഗം കണ്ടെത്താൻ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്. “എസ്റ്റേറ്റ് പണിയും ടൂറിസവും ആയിരുന്നു ഇവിടെ പ്രധാന തൊഴിലുകൾ. എന്നാൽ ഉരുൾപൊട്ടിയേന് ശേഷം മഴ ഒരു പരിധിയിൽ കൂടിയാൽ ബെയ്ലി പാലം അടയ്ക്കും. പിന്നെ പണി ഉണ്ടാവില്ല. ചൂട് കൂടുതൽ ആയാലും പണി ഉണ്ടാവില്ല. പിന്നെയുള്ളത് ടൂറിസം ആണ്. അതിന്റെ കാര്യവും ഒരു സ്ഥിരതയില്ലാത്ത പോലെയാണ്. പ്രവർത്തിക്കുന്ന ഒരു കടയോ, സ്കൂളോ, ആശുപത്രിയോ ഇന്നീ നാടിനില്ല. ഒരു അസുഖം വന്നാൽ അഞ്ച് കിലോമീറ്റെർ പോണം. ഇവിടെ ഇങ്ങനെ ജീവിതം തുടരുമ്പോൾ നല്ല പേടി ഉണ്ട്. മഴ കുറച്ച് കൂടുമ്പോൾ തന്നെ പേടിയാകും.” ഷാജിത പറഞ്ഞു.
ഈ അവസ്ഥയിൽ വായ്പ തിരിച്ചടയ്ക്കുക എന്നത് വലിയ പ്രതിസന്ധിയിലേക്കാണ് ഇവരെ തള്ളിവിടുന്നത്. “ഈ നാട്ടിൽ എല്ലാമുണ്ടായിരുന്നു. ഇഷ്ടംപോലെ പോലെ ജോലിയും ജീവിതമാർഗ്ഗങ്ങളുമുണ്ടായിരുന്നു. ഈ ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ എല്ലാ ലോണും അടക്കാൻ പറ്റുന്നവരുമാണ് എല്ലാവരും. കുടുംബശ്രീയിൽ വളരെ ആക്റ്റീവ് ആയി നിന്ന വാർഡുകളാണ് മൂന്നും. എന്നിട്ടും ഈ അവസ്ഥ വന്നപ്പോൾ ഒരു സഹായം ലഭിക്കാത്തത് മാനസികമായും വിഷമം ഉണ്ടാക്കുന്നുണ്ട്.” ഷാജിത കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പുനരധിവാസ പദ്ധതികളെ വളരെ പ്രതീക്ഷയോടെയാണ് ഇവർ നോക്കിക്കാണുന്നത്. എന്നാൽ ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നും ഒരു തീരുമാനം ഉണ്ടാവാത്തത് ഇവരെ നിരാശപ്പെടുത്തുകയാണ്. ലോണുകളുടെ കാര്യത്തിൽ കേന്ദ്രം പുറംതിരിഞ്ഞ് നിൽക്കുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ലോണുകൾ എഴുതിത്തള്ളാനുള്ള അധികാരം അതാത് ബാങ്കുകൾക്കാണെന്നുള്ള കേന്ദ്ര സർക്കാരിന്റെ മറുപടിക്ക് ശേഷം ബാങ്കുകൾ തിരിച്ചടവ് ഓർമ്മിപ്പിച്ചുകൊണ്ട് വിളിക്കാൻ തുടങ്ങിയതായി ഇവർ പറയുന്നു. “ഈ നാട്ടിൽ സ്ത്രീകളാണ് കുടുംബങ്ങളിലെ പ്രധാന വരുമാനം കൊണ്ടുവരുന്നത്. കുടുംബശ്രീയാണ് പ്രധാനമായും അവരെ ഇതിന് സഹായിക്കുന്നത്. മൂന്ന് വാർഡിലായി 69 കുടുംബശ്രീ യൂണിറ്റുകളായിട്ട് പ്രവർത്തിച്ചിരുന്നു. ഇവരെല്ലാവരും തന്നെ ലിങ്കേജ് ലോൺ, ആന്തരിക വായ്പ, എന്നിങ്ങനെയുള്ള ലോണുകൾ എടുത്ത് ജീവിച്ചവരാണ്. ദുരന്തം വന്നതിന് തൊട്ടുമുമ്പ് വരെ എല്ലാ ലോണുകളും കൃത്യമായിട്ട് അടച്ചിരുന്നവരാണ് ഞങ്ങൾ. വ്യക്തിപരമായ ലോണുകൾ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കുകൾ വിളിച്ചു തൊടങ്ങീട്ടുണ്ട്. അന്നന്ന് കിട്ടുന്നതുകൊണ്ട് ജീവിച്ചുപോകുന്നവരാണ് ഇപ്പോൾ ഉള്ളത്. അതിന്റെ കൂടെ ലോണുകൾ തിരിച്ചടക്കുക എന്നത് സാധിക്കുന്ന കാര്യമല്ല.” പത്താം വാർഡ് എ.ഡി.എസ് സെക്രട്ടറിയായ സബിത പറഞ്ഞു. ഇവർ കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത് സ്വന്തമായി സംരംഭം നടത്തിയിരുന്ന ഒരാളാണ്.
“ഓരോ കുടുംബശ്രീയുടെ നിക്ഷേപം അനുസരിച്ചാണ് ലിങ്കേജ് ലോൺ അനുവദിക്കുക. അത് ഉള്ളപ്പോൾ വേറെ ലോണൊന്നും കിട്ടില്ല. അത് കൂടാതെ ആന്തരികവായ്പ എന്ന സംവിധാനത്തിൽ ചെറിയ പൈസകൾ എടുക്കുന്ന രീതിയുണ്ട്. ഒരാൾക്ക് ഒരാവശ്യം വരുമ്പോൾ ഒരു പത്താൾ കൂടിയിട്ട് ഒരു സംഖ്യ ഒരാൾക്ക് വായ്പ കൊടുക്കാം. 10 തൊട്ട് 15 മാസം കൊണ്ട് ആണ് ഇത് തിരിച്ചടക്കുക. 49 സ്ത്രീകൾ മൂന്ന് വാർഡുകളിലായി മരണപ്പെട്ടു. ലിങ്കേജ് ലോണിന്റെ കാര്യത്തിൽ രേഖകളുള്ളതുകൊണ്ട് അതിന്റെ കാര്യത്തിൽ തീരുമാനം ആയാലും ആന്തരിക വായ്‌പ എന്ത് ചെയ്യുമെന്ന് അറിയില്ല. ഈ പൈസ ആരുടെ അടുത്താണ് ഞങ്ങൾ ചോദിക്കുക?” സബിത കൂട്ടിച്ചേർത്തു.
“നമ്മടെ കുടുംബത്തിലൊക്കെ പുരുഷന്മാർക്ക് ഒരു ലോണാണെങ്കിൽ സ്ത്രീകൾക്ക് 10 ലോണാണ്. കാരണം സ്ത്രീകളാണ് കൂടുതൽ കാര്യങ്ങളും ചെയ്യുന്നത്. പ്രായമായവരുടെ ചികിത്സ, മക്കളുടെ പഠനം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് ഞങ്ങളാണ്. ദുരന്തത്തിന് മുമ്പാണെങ്കിൽ എല്ലാവർക്കും എന്നും ജോലിയാണ്. ആ ധൈര്യത്തിലാണ് ഇതെല്ലം ബാലൻസ് ചെയ്ത് പോയിരുന്നത്. ഇപ്പോൾ ജോലി പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഞങ്ങൾ കിട്ടുന്ന പൈസ കൊണ്ട് ജീവിക്കണോ അതോ ലോണടക്കണോ? ഒരു മാസം അഞ്ച് രൂപ കിട്ടിയാൽ കിട്ടി. ഇങ്ങനത്തെ സാഹചര്യത്തിൽ ഞങ്ങൾ ലോണടക്കുവോ? അതോ ഭക്ഷണം കഴിക്കുവോ, ആരോഗ്യവും വിദ്യാഭാസവും നോക്കുമോ?” എക്സിക്യൂട്ടീവ് അംഗമായ മഞ്ജുവിന്റെ ഈ വാക്കുകൾ ആ സമൂഹത്തിന്റെ മുഴുവൻ ശബ്ദമായി മാറുന്നു.
“ലോണുകളുടെ കാര്യത്തിൽ ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത് എന്ന നിലപാടിൽ കേന്ദ്ര ഗവണ്മെന്റ് എത്തിയതോടുകൂടി പല ബാങ്കുകളും ഫോൺ വിളിക്കാൻ തുടങ്ങി. എന്നാൽ ഹൈക്കോടതി തങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞ് 12 ബാങ്കുകൾക്ക് നോട്ടീസ് അയച്ചിരുന്നു. അവരുടെ തീരുമാനം അറിഞ്ഞാൽ മാത്രമേ ഞങ്ങൾ ഫയൽ ചെയ്ത പരാതിയിൽ ഒരു തീരുമാനം ഉണ്ടാകൂ. ദുരന്തം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ഇതൊരു തീരുമാനം ആകാതെ നിൽക്കുന്നത് ബുദ്ധിമുട്ടാണ്. നേരിട്ട് ബാധിച്ച് പല സ്ഥലങ്ങളിലായി കഴിയുന്നവരും അതെ സ്ഥലത്ത് തന്നെ തുടരുന്നവരും നന്നായി കഷ്ടപ്പെടുന്നുണ്ട്. എല്ലാ ഉപജീവനമാർഗ്ഗങ്ങളും പ്രതിസന്ധിയിലായ ഈ അവസ്ഥയിൽ ലോണാണ് ഏറ്റവും വലിയ വില്ലൻ ആയി നിൽക്കുന്നത്. ഇതിൽ കുടുംബശ്രീയുടെ ലോണുകൾ എഴുതി തള്ളുമെന്നുള്ള വാഗ്ദാനം ആദ്യം തൊട്ടേ ഉള്ളതാണ്. എന്നാൽ ഇതുവരെ അതിലൊരു തീരുമാനം ഉണ്ടായിട്ടില്ല. ലോണടയ്ക്കണം എന്നുള്ള ഒരു അവസ്ഥ വരുമ്പോഴേ ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാകൂ. ഏതൊക്കെ രീതിയിലാണ് ആൾക്കാർ പ്രതികരിക്കുക എന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ലോണുകൾ തള്ളുക എന്ന ആവശ്യം മാത്രമേ ഞങ്ങൾക്ക് പറയാനുള്ളു,” സബിത കൂട്ടി ചേർത്തു.
“ദുരന്തം സംഭവിച്ച് ഒരാഴ്ചക്കകം തന്നെ മൂന്നു വാർഡിന്റെയും എല്ലാ രേഖകളും ലോണിന്റെ കാര്യങ്ങളും ജില്ലാ മിഷൻ അയച്ചു കൊടുത്തതാണ്. പിന്നീട് അതിലൊരു തീരുമാനം ഉണ്ടായില്ല. സർക്കാർ ഏറ്റെടുക്കും എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ ഇതുവരെ അതിനെക്കുറിച്ച് ഒരു തീരുമാനവും പറഞ്ഞിട്ടില്ല. ഒരു വർഷമായിട്ടും ഇത് തുടരുന്നു എന്ന് പറയുന്നത് സർക്കാരിന്റെ ഇടപെടൽ വേണ്ടപോലെ ആയിട്ടില്ല എന്നല്ലേ കാണിക്കുന്നത്.” സി.ഡി.എസ് ചെയർപേഴ്സൺ ബിനി പ്രഭാകരൻ പ്രതികരിച്ചു.


ഷെറീന, വിനി മോൾ, മഞ്ജു, സബിത, സീനത്ത്, ബുഷറ.
കുടുംബശ്രീയുടെ പ്രവർത്തനം
സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യ നിർമാർജനം ചെയ്യുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള കേരള സർക്കാരിന്റെ പദ്ധതിയാണ് കുടുംബശ്രീ. 1998 ൽ ആരംഭിച്ച കുടുംബശ്രീ കേരളത്തിന്റെ എല്ലാത്തരം വളർച്ചയിലും വഹിച്ച പങ്ക് ചെറുതല്ല. അത് സ്ത്രീകൾക്ക് നൽകിയ ധൈര്യവും അന്തസ്സും ചെറുതല്ല. സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡലായി കുടുംബശ്രീ മാറി. മുണ്ടക്കൈയിൽ തന്നെ ദുരന്തബാധിതരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി മൈക്രോപ്ലാൻ തയാറാക്കിയിരിക്കുന്നത് കുടുംബശ്രീ ആണ്. അതിജീവനത്തിനായുള്ള ഇത്തരം കർമ്മ പദ്ധതികൾ ഏറ്റെടുക്കുന്ന കുടുംബശ്രീയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചിരുന്നു. എന്നാൽ അതിജീവനം വായ്പകളിൽ കുരുങ്ങി അസാധ്യമായിരിക്കുന്ന അവസ്ഥയിലാണ് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരായ സ്ത്രീകൾ.
രണ്ട് തരം വായ്പകൾ
പ്രധാനമായും രണ്ട് തരം വായ്പകളാണ് ഇവരെ വലയ്ക്കുന്നത്: ആന്തരിക വായ്‌പയും, ബാങ്ക് വഴിയുള്ള ലിങ്കേജ് വായ്‌പയും.
ആന്തരിക വായ്പ: ഒരു അയൽക്കൂട്ടാംഗം അവരുടെ അടിയന്തര പ്രാധാന്യമുള്ള ഏത് കാര്യത്തിനും വിനിയോഗിക്കുന്നതിനായി അയൽക്കൂട്ടത്തിൽ നിന്നും കടം വാങ്ങുന്ന തുകയെയാണ് ആന്തരിക വായ്പ എന്ന് പറയുന്നത്. പ്രതിവാര യോഗത്തിൽ അംഗങ്ങൾ ഉന്നയിക്കുന്ന വായ്പയുടെ ആവശ്യമനുസരിച്ച് ഭൂരിപക്ഷ തീരുമാന പ്രകാരമാണ് ആന്തരിക വായ്പ അനുവദിക്കേണ്ടത്. പലിശ അയൽക്കൂട്ടത്തിന് തീരുമാനിക്കാം. ആന്തരിക വായ്പാ പലിശ 12 ശതമാനത്തിൽ കൂടാൻ പാടുള്ളതല്ല.
ബാങ്ക് ലിങ്കേജ് വായ്പ: നല്ല രീതിയിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് അവയുടെ സമ്പാദ്യത്തിന് ആനുപതികമായി ബാങ്കിൽ നിന്നും അനുവദിക്കുന്ന വായ്പയാണ് ബാങ്ക് ലിങ്കേജ് വായ്പ. ഒരു വായ്പയുടെ തിരിച്ചടവ് പൂർത്തിയാക്കുന്നതനുസരിച്ച് അയൽക്കൂട്ടത്തിന് എത്ര തവണ വേണമെങ്കിലും ലിങ്കേജ് വായ്പ ലഭ്യമാക്കുന്നതാണ്. അയൽക്കൂട്ടമാണ് ബാങ്ക് ലിങ്കേജ് വായ്പക്ക് അപേക്ഷ നൽകേണ്ടത്. തുടർന്ന് നബാർഡിന്റെ മാനദണ്ഡങ്ങൾ പ്രകാരം ബാങ്ക് അയൽക്കൂട്ടത്തിന്റെ വിലയിരുത്തുകയും 80 ശതമാനം മാർക്ക് ലഭിക്കുന്ന അയൽക്കൂട്ടങ്ങൾ ലിങ്കേജ് വായ്പയ്ക്ക് അർഹരാകുകയും ചെയ്യുന്നു.
നാല് കോടി 10 ലക്ഷം രൂപ മൊത്തം ലിങ്കേജ് വായ്‌പ വരുന്നതിൽ 50 ശതമാനം ഇവർ അടച്ച് കഴിഞ്ഞതാണ്. ആന്തരിക വായ്‌പ 95 ലക്ഷം രൂപയുമാണ് മൂന്നു വാർഡുകളിലായി അടക്കാനുള്ളത്. ഇതിൽ പത്താം വാർഡായ അട്ടമലയിൽ 246 അംഗങ്ങൾ അടങ്ങുന്ന ആകെ 22 അയൽക്കൂട്ടങ്ങൾ ഉണ്ട്. ഇവരിൽ ആറ് പേർ ദുരന്തത്തിൽ മരണപെട്ടു. ഇവർക്ക് തിരിച്ചടക്കാനുള്ള ലിങ്കേജ് വായ്‌പ 66,15,476 രൂപയാണ്. ആന്തരിക വായ്‌പ 29,24,140 രൂപയാണ് തിരിച്ചടക്കാനുള്ളത്. പതിനൊന്നാം വാർഡായ മുണ്ടക്കൈയിൽ ആകെ 10 അയൽക്കൂട്ടങ്ങളിലായി 113 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 23 പേര് മരണപെട്ടു. ഇവരുടെ ആകെ ലിങ്കേജ് ലോൺ ബാക്കി അടക്കാനുള്ളത് 37,58,473 ആണ്. ആന്തരിക വായ്‌പയിലേക്ക് വരുമ്പോൾ അത് 20,53,390 ആണ്. പന്ത്രണ്ടാം വാർഡായ ചൂരൽമലയിൽ ആകെയുള്ള അയൽക്കൂട്ടങ്ങൾ 31 ആണ്. ഇവരിൽ 18 സ്ത്രീകൾ ദുരന്തത്തിൽ മരണപ്പെട്ടവരാണ്. ഇവരുടെ ആകെ ലിങ്കേജ് ലോൺ ബാക്കി അടക്കാനുള്ളത് 79,90,918 ആണ്. ആന്തരികവായ്‌പയിലേക്ക് വരുമ്പോൾ അത് 48,12,550 ആണ്.


സംരംഭങ്ങളും തുടരേണ്ടതുണ്ട്
മൂന്നാ വാർഡുകളിലുമായി 15 സംരഭങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ടെയ്ലറിങ് യൂണിറ്റുകളും കരകൗശല നിർമ്മാണവും പലതരം കൃഷികളുമുണ്ടായിരുന്നു. ദുരന്തത്തിന് ശേഷം ഇവയിൽ ഭൂരിഭാഗവും പൂർണ്ണമായും നിർത്തേണ്ടിവന്നു. 13 സംരഭങ്ങളെ സാരമായും ദുരന്തം ബാധിച്ചിരുന്നു. ഇവർക്ക് മറ്റു ലോണുകൾ പുനരധിവാസത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ മൈക്രോപ്ലാനിന്റെ ഭാഗമായിട്ട് നടത്തിയ സർവ്വേയിൽ സംരംഭം ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തുകയും ലോണുകൾക്ക് യോഗ്യരാക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കുടുംബശ്രീ കോർഡിനേറ്റർ ആയ ഫസീല പറയുന്നത്. എന്നാൽ പുതിയ സംരംഭങ്ങൾ തുടങ്ങി വരുമാനം കണ്ടെത്താൻ ഒരംഗത്തിന് രണ്ട് ലക്ഷം രൂപ എന്ന കണക്കിൽ ഒരു യൂണിറ്റിന് 20 ലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ മിഷൻ ഈ കാര്യം അംഗീകരിച്ചെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല എന്നാണ് എക്സിക്യൂട്ടീവ് അംഗമായ സബിത പറയുന്നത്.
“നേരിട്ട് ബാധിച്ചവരെ മാത്രമാണ് മൈക്രോപ്ലാനും മറ്റ് അനൂകല്യങ്ങളെല്ലാം പരിഗണിക്കുന്നത്. എന്നാൽ വീടിനോ ജീവനോ ഒന്നും സംഭവിച്ചില്ലെങ്കിലും ഈ ദുരന്തത്തിൽ തൊഴിലും ജീവിതമാർഗ്ഗങ്ങളും സാരമായി ബാധിക്കപ്പെട്ട അനേകം പേർ ഇവിടെയുണ്ട്. എന്റെ ഹാൻഡിക്രാഫ്റ്റ് സംരംഭത്തിൽ തൊഴിലെടുത്തിരുന്ന ആളുകളെല്ലാം ദുരന്തം ബാധിച്ച് പലായനം ചെയ്ത് പോയവരാണ്. അതോടുകൂടി സംരംഭവും മുടങ്ങി. അതുകൊണ്ട് മൈക്രോപ്ലാനിലും മറ്റ് അനുകൂല്യങ്ങളിലും എല്ലാവരെയും അവരുടെ അവസ്ഥക്ക് അനുസരിച്ചു പരിഗണിക്കേണ്ടതുണ്ട്. മൈക്രോപ്ലാൻ തയ്യാറാക്കുന്നതിന് മുന്നേ സ്റ്റേറ്റ് മിഷന്റെ ഓഫീസിൽ ലോണിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പോയപ്പോൾ മൂന്ന് വാർഡിലുമായി ഒരു വീട്ടിൽ നിന്ന് ഒരാളെയെങ്കിലും മൈക്രോപ്ലാനിൽ ഉൾപ്പെടുത്തുമെന്നും എല്ലാവരുടെയും തൊഴിൽ ഉറപ്പാക്കുമെന്നും പറഞ്ഞിരുന്നതാണ്. എന്നാൽ എന്തുകൊണ്ടാണ് പല കാരണങ്ങൾ പറഞ്ഞ് ആൾക്കാരെ ഒഴിവാക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കുടുംബശ്രീ നിലനിൽക്കണമെന്ന അതിയായ ആഗ്രഹം ഈ മൂന്ന് വാർഡിലെയും സ്ത്രീകൾക്കുണ്ട്. ഞങ്ങളെ ഒരുമിച്ച് നിർത്തുന്നത് ഇപ്പോഴും ഈ കൂട്ടായ്മയുടെ ഒരു ശക്തി അല്ലെ? അതുകൊണ്ട് എല്ലാ പ്രശ്നങ്ങളും മാറി കുടുംബശ്രീയിൽ തുടർന്നും പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.” സബിത കൂട്ടിച്ചേർത്തു.
പൂർത്തിയാകാത്ത പുനരധിവാസം
ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും ലോണുകളുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. ദുരിത ബാധിതർക്ക് കൽപറ്റയിൽ ഭവനം നിർമ്മിച്ച് നൽകുന്ന ടൗൺഷിപ്പ് പുരോഗമിക്കുന്നുണ്ടെങ്കിലും മുന്നോട്ടുള്ള ഇവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടതുണ്ട്. അത് ബാധിക്കപെട്ട എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടാകണം എന്നാണ് ഇവരുടെ ആവശ്യം. ദുരന്ത നിവാരണ നിയമം, 2005 ലെ സെക്ഷൻ 13 പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ചില അധികാരങ്ങൾ നൽകിയിരുന്നു. ഗുരുതരമായ ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ദുരിതബാധിതരായ ആളുകൾക്ക് വായ്പ തിരിച്ചടവിൽ ഇളവ് നൽകാനോ അല്ലെങ്കിൽ പുതിയ വായ്പകൾ സൗജന്യ വ്യവസ്ഥകളിൽ അനുവദിക്കാൻ ശുപാർശ ചെയ്യാനോ ദേശീയ അതോറിറ്റിക്ക് കഴിയുമായിരുന്നു. ദുരന്തത്തിൽ കനത്ത നഷ്ടം നേരിട്ടവർക്ക് സാമ്പത്തിക സഹായം നൽകാനും ജീവിതം തിരികെ കെട്ടിപ്പടുക്കാനും ഈ വകുപ്പ് സഹായിച്ചിരുന്നു. എന്നാൽ 2025 ലെ ഭേദഗതി പ്രകാരം ഈ സെക്ഷൻ എടുത്ത് കളയുകയാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ ബാങ്കുകൾക്ക് മാത്രമാണ് ലോൺ എഴുതി തള്ളുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയുകയുള്ളു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ശുഭകരമായ ഒരു തീരുമാനവും ഈ വിഷയത്തിൽ ഉയർന്നുവന്നിട്ടില്ല. കേരള ഹൈക്കോടതിയും കേരള സർക്കാരും ഈ കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായ ഭദ്രതയില്ലാത്ത പുനരധിവാസം എങ്ങനെയാണ് ഈ മനുഷ്യരെ സഹായിക്കുക? അന്നന്നത്തെ കാര്യങ്ങൾ മാത്രം നടത്തി, നഷ്ടപ്പെട്ടതെല്ലാം മറന്ന് മുന്നോട്ട് പോകുന്ന ഒരു ജനത്തിന്റെ പ്രതീക്ഷ കെടുത്തിക്കളയുന്ന ഒന്നായി മാറുകയാണ് ഈ അനിശ്ചിതത്വം.


ലോകത്താകമാനം സ്ത്രീകളെയാണ് പ്രകൃതി ദുരന്തങ്ങൾ വലിയ തോതിൽ ബാധിക്കുന്നത്. അതേസമയം അവരാണ് ഇത്തരം പ്രകൃതി ദുരന്തങ്ങൾക്ക് ഏറ്റവും നന്നായി പ്രതിരോധം തീർക്കുന്നതും. സ്ത്രീകളുടെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ പുനരധിവാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. 2018 ലെ പ്രളയത്തിലും വയനാട് ഉരുൾപൊട്ടലിലും പുനരധിവാസത്തിന്റെ പല ഫണ്ടുകളും വിതരണം ചെയ്യുന്നതും ഡാറ്റ ശേഖരണം നടത്തുന്നതും കുടുംബശ്രീയിലൂടെയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി നിലകൊള്ളുന്നതും സ്ത്രീകളെ വലിയ രീതിയിൽ ശാക്തീകരിക്കുന്നതുമായ ഒരു പദ്ധതി എന്ന നിലയിൽ കുടുംബശ്രീ കേരളസമൂഹത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രകൃതി ദുരന്തങ്ങൾ സ്ത്രീകൾക്ക് നഷ്ടപ്പെടുത്തുന്നത് അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം കൂടിയാണ്. കൂട്ടായ സ്ത്രീമുന്നേറ്റ പ്രവർത്തനങ്ങളെ പ്രകൃതി ദുരന്തങ്ങൾ ബാധിക്കുമ്പോൾ അവ സ്ത്രീസമൂഹത്തിന്റെ മൊത്തം വളർച്ചയെ പിന്നോട്ട് വലിക്കുന്നു. 2018 ലെ പ്രളയം കുടുംബശ്രീയുടെ ഭാഗമായ 3,550 വനിതാ സംരംഭകരെ ബാധിച്ചു. വനിതകൾ പല പദ്ധതികളിലൂടെ ലഭിച്ച വായ്പകൾ ഉപയോഗിച്ച് ആരംഭിച്ച കേരളത്തിലെ കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾക്ക് ആകെ 7.80 കോടി രൂപയുടെ നഷ്ടമാണ് ആ വർഷം സംഭവിച്ചത്. അവർക്ക് വായ്പ പുനഃക്രമീകരണവും മറ്റ് ഫണ്ടുകൾ അനുവദിക്കുകയും ഉണ്ടായി. എന്നാൽ പ്രകൃതി ദുരന്തങ്ങളുടെ ഭീഷണി രൂക്ഷമായി നിലനിൽക്കുന്ന കേരളം പോലെ ഒരു സംസ്ഥാനത്ത് ദുരന്തശേഷം നടത്തേണ്ട സാമ്പത്തികമായ പുനഃക്രമീകരണങ്ങൾക്ക് നിയമപരമായ ഒരു ഇടപെടലും ഒരു സ്ഥിരതയും ഈ സ്ത്രീകൾക്ക് അത്യാവശ്യമാണ്. ദുരന്തനിവാരണ നിയമവും അനുബന്ധ പ്രവർത്തനങ്ങൾ ചെയ്യേണ്ട സർക്കാർ സംവിധാനങ്ങളും ഇവ കൂടി പരിഗണിച്ചാൽ മാത്രമേ പുനരധിവാസം അതിന്റെ പൂർണ്ണതയിൽ എത്തുകയുള്ളൂ.
(കേരളീയം ഇംപാക്ട് ജേണലിസം ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ട്)

