ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന് എതിരായ പോരാട്ടങ്ങളിൽ സജീവമായിരുന്ന നാടകപ്രവർത്തകനും കവിയും അധ്യാപകനുമായ അരി സിറ്റാസ് സംസാരിക്കുന്നു. കേരള അന്താരാഷ്ട്ര നാടകോത്സവത്തിൽ സുമംഗല ദാമോദരനോടൊപ്പം ‘ഇന്ത്യ-സൗത്ത് ആഫ്രിക്ക പോയട്രി എൻസെമ്പിൾ’ അവതരിപ്പിക്കാൻ എത്തിയതാണ് അദ്ദേഹം. ആഫ്രിക്കൻ തിയറ്ററിന്റെ രാഷ്ട്രീയത്തെക്കുറിച്ചും സ്വത്വപ്രകാശനത്തെക്കുറിച്ചുമുള്ള ചിന്തകൾ അരി സിറ്റാസ് പങ്കുവയ്ക്കുന്നു.
തീയേറ്ററിനെ സംബന്ധിച്ച് അത് പ്രതിരോധത്തിന്റെ കലയായി മാറുന്നത് നാടകവും സമരവും സമന്വയിക്കുന്ന തെരുവ് പെർഫോമൻസുകളിലാണ് എന്ന ഭാവന നിലനിൽക്കുന്നുണ്ടല്ലോ. ഇന്ത്യയിൽ സഫ്ദർ ഹഷ്മി മുതൽ രാമചന്ദ്രൻ മൊകേരി ഉൾപ്പെടെയുള്ള നാടക പ്രവർത്തകർ തെരുവാണ് വേദിയാക്കിയിരുന്നത്. അതുപോലെ തന്നെ പി.എം ആന്റണിയുടെ ‘സ്പാർട്ടക്കസ്’ ഉൾപ്പെടെയുള്ള നാടകങ്ങൾ വരുന്നത് തീവ്ര ഇടത് മൂവ്മെന്റിന്റെ ഭാഗമായാണ്. അത്തരം രാഷ്ട്രീയ ആശയങ്ങളുടെ പ്രചരണാർത്ഥം കൂടിയായിരുന്നു ഈ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ആഫ്രിക്കയിലെ ബ്ലാക്ക് കോൺഷ്യസ് തിയറ്ററിന് ഈ നാടകശൈലിയുമായി ബന്ധമുണ്ടോ?
സമാനതകൾ ഒരുപാടുണ്ട്, വ്യത്യാസങ്ങളും. സംസ്ക്കാരത്തെ ആയുധമാക്കിയുള്ള മുന്നേറ്റങ്ങൾ ആഫ്രിക്കയിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് നാടകങ്ങളിൽ പ്രൊപ്പഗണ്ട ഉണ്ടായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ തെരുവിന്റെ കാര്യത്തിലാണ് വ്യത്യാസമുള്ളത്. ആഫ്രിക്കയിലെ തെരുവുകൾ പൊലീസിന്റെയും അധികാരികളുടെയും നിയന്ത്രണത്തിൽ ആയിരുന്നു. വലിയ പ്രകടനങ്ങൾ ഉണ്ടാവുമ്പോൾ മാത്രമെ അതിന്റെ ഭാഗമായി നാടകം ഉണ്ടാവാറുള്ളൂ. ഹബീബ് തൻവീറിന്റെയും സഫ്ദർ ഹഷ്മിയുടെയും നാടകങ്ങളിൽ എല്ലാം അവർ എന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയാം. തെരുവു നാടകങ്ങൾ അവതരിപ്പിക്കുക കുറേക്കൂടെ പ്രയാസകരമായിരുന്നു സൗത്ത് ആഫ്രിക്കയിൽ.
1992ൽ അപ്പാർത്തീഡിന്റെ അവസാനത്തിലാണ് ഇന്ത്യയിലെ സാംസ്കാരിക പ്രതിരോധങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ അറിയുന്നത്. ട്രെയ്ഡ് യൂണിയൻ പ്രതിനിധികൾ എന്ന നിലയ്ക്ക് ഞങ്ങൾ ഇന്ത്യയിലെ ട്രെയ്ഡ് യൂണിയൻ പ്രതിനിധികളെ കണ്ടുമുട്ടി. അങ്ങനെയാണ് ഞങ്ങൾ ഇപ്റ്റ(ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ)യിലെ ആളുകളെ അറിയുന്നത്. ഇപ്റ്റയെക്കുറിച്ച് ഞങ്ങൾ കൂടുതൽ മനസ്സിലാക്കി. 2008 ൽ ‘റാഡിക്കൽ ഇംപൾസ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് സുമംഗല ദാമോദരനെ കണ്ടുമുട്ടി. അങ്ങനെ വൈകിയാണെങ്കിലും ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾ പഠിച്ചു.
ഇന്ത്യയിലെയും ആഫ്രിക്കയിലെയും പ്രതിരോധ നാടകത്തിന്റെ സമീപനത്തിൽ സമാനതകളുണ്ട്. എന്നാൽ ഇവിടെ തെരുവു നാടകത്തിന് ഒരു പ്രതേക ശൈലിയുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡും… ഡും..ഡും…. എന്ന് കൊട്ടിക്കൊണ്ടുള്ള പ്രഖ്യാപനങ്ങൾ. അല്ല, കൃത്യമായും അതങ്ങനെയല്ല. പാട്ടും നൃത്തവും… എല്ലാം അതിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്റ്റീരിയോടൈപ്പുകൾ കുറേയേറെയുണ്ട്. അങ്ങനെ സമാനതകളും വ്യത്യാസങ്ങളും ആഫ്രിക്കൻ നാടകങ്ങളിൽ നിന്നും ഉണ്ട്.
വ്യത്യാസങ്ങൾ എന്താണെന്ന് വിശദമാക്കാമോ?
അണ്ടർഗ്രൗണ്ടിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ, നിയമവിരുദ്ധമായ കാര്യങ്ങൾ എല്ലാം ജനമുന്നേറ്റത്തിന്റെ ഭാഗമായുണ്ടാവും. 1994ന് ശേഷം അവയ്ക്കെല്ലാം തിയറ്ററിൽ ഇടമുണ്ടായി. അതിനുശേഷം അത് കൂടുതൽ ശൈലീകൃതമായി. വലിയ ഓർക്കസ്ട്രകൾ വന്നു. അതൊരു പ്രദർശനം ആയിത്തീർന്നു. അല്ലെങ്കിൽ ഒരു ഭൂതകാല അഭിനിവേശം മാത്രമായി മാറി. വളരെ കുറച്ചു നാടകങ്ങൾ മാത്രം സമകാലത്തെ പ്രതിഫലിപ്പിച്ചു. സബാൾട്ടേൺ ഇടങ്ങളിൽ അവയിന്ന് വീണ്ടും കാണാം. വളരെ വ്യത്യസ്തമായ തിയേറ്ററുകൾ സൗത്ത് ആഫ്രിക്കയിലുണ്ട്. സ്ഥാപനവത്കൃത സ്റ്റേറ്റ് തിയറ്റർ, സ്വകാര്യമേഖലയിലെ തിയറ്ററുകൾ എന്നിങ്ങനെ. സ്വകാര്യമേഖലയിലെ തിയറ്ററുകൾ കുറെക്കൂടി പരീക്ഷണാത്മകമാണ്. സ്റ്റേറ്റ് തിയറ്ററുകൾ ചട്ടപ്രകാരമുള്ളവയാണ്. അതോടൊപ്പം തന്നെ കമ്യൂണിറ്റി തിയറ്ററുകളുണ്ട്. അവ കുറേക്കൂടി അടിത്തട്ടിൽ പ്രവർത്തിക്കുന്നു.
സൗത്ത് ആഫ്രിക്കയിൽ ഞങ്ങൾക്ക് ഒരു ബോളിവുഡ് ഇല്ല. ഫിലിം ഇൻഡസ്ട്രി വളരെ ചെറുതാണ്. അതിനാൽ അഭിനേതാക്കളിൽ പലർക്കും സിനിമയിൽ തൊഴിലില്ല. അതുകൊണ്ടുതന്നെ പ്രാദേശികമായ പ്രശ്നങ്ങളിൽ ഊന്നി അവർ കമ്മ്യൂണിറ്റി തിയറ്റർ കണ്ടെത്തിക്കൊണ്ടിരിക്കും. അവർ സമൂഹത്തിൽ വേരൂന്നിയവരാണ്, പ്രശ്നങ്ങളിൽ വേരൂന്നിയവരാണ്. ഒരിടയ്ക്ക് ട്രെയ്ഡ് യൂണിയനുകൾ സാംസ്ക്കാരിക പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെയായി. എന്നാൽ ഇന്ന് അവർ തിരികെ വരികയാണ്. മുൻപ് ക്രിയാത്മകരായിരുന്ന നാടകപ്രവർത്തകരെ എല്ലാം ഒരുമിച്ചു കൂട്ടാനും 1973 ലെ സമരങ്ങളെ അനുസ്മരിക്കുന്ന ഒരു പ്രധാന നാടകം ചെയ്യാനും അവർ എന്നോട് ആവശ്യപ്പെട്ടു. ഞങ്ങൾ അത് ചെയ്യുകയും വലിയ പങ്കാളിത്തം നേടുകയും ചെയ്തു.
വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ സജീവമായിരുന്ന കാലത്തായിരുന്നല്ലോ ജെ.എൻ.യുവിൽ വിസിറ്റിംഗ് പ്രൊഫസറായി താങ്കൾ പ്രവർത്തിച്ചിരുന്നത്. ലോകത്തെ പല യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു അക്കാദമീഷൻ എന്ന നിലയ്ക്ക് വിദ്യാർത്ഥി സമരങ്ങളോടുള്ള സർക്കാരുകളുടെ സമീപനം എല്ലായിടത്തും ഒരുപോലെയാണ് എന്ന് തോന്നിയിട്ടുണ്ടോ?
സൗത്ത് ആഫ്രിക്കയിലും ധാരാളം വിദ്യാർത്ഥി പ്രക്ഷോഭങ്ങളുണ്ട്. ഇന്ത്യയിൽ ആണെങ്കിൽ യൂണിവേഴ്സിറ്റി സിസ്റ്റം തന്നെ കയ്യടക്കാനാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ശ്രമം. അതിനെതിരെയാണ് വിമർശനങ്ങളും വിയോജിപ്പുകളും ഉയരുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കാനായി എത്തുന്ന ജെ.എൻ.യു ആക്രമിക്കുവാനായി തീരുമാനിക്കപ്പെട്ടതായി എനിക്കു തോന്നുന്നു. ജെ.എൻ.യുവിന് നേരെ അക്രമങ്ങൾ തുടങ്ങുന്ന സമയത്ത് ജെ.എൻ.യുവിലെ ഭഗത്സിംഗ് ചെയറിൽ ഞാനുമുണ്ട്. ഇതെല്ലാം ഞാൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. എന്നാൽ അതിനുശേഷം അക്രമങ്ങൾ നടന്നപ്പോൾ ഞാൻ അവിടെയില്ല. അറസ്റ്റുകൾ, പ്രകടനങ്ങൾ, പൊതുപ്രഭാഷണങ്ങൾ… എന്നെ അത്ഭുതപ്പെടുത്തിയത് വിദ്യാർത്ഥികളുടെ സ്പിരിറ്റാണ്. സൗത്ത് ആഫ്രിക്കയിലെ എന്റെ വിദ്യാർത്ഥികളെ പോലെ തന്നെ.
നാഷണലിസത്തെ കുറിച്ച്, ഇന്ത്യയുടെയും സൗത്ത് ആഫ്രിക്കയുടെയും കംപാരിറ്റീവ് നാഷണലിസത്തിൽ അധ്യാപനം നടത്തുകയായിരുന്നു ഞാൻ. നാൽപ്പതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു എനിക്ക്. അവർ എല്ലാം തന്നെ നടന്നുകൊണ്ടിരുന്ന ഒരു സമരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ അവരിൽ ഒരാൾ പോലും അവരുടെ പ്രബന്ധം സമർപ്പിക്കാനുള്ള തീയതി നീട്ടിത്തരാനായി എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പ്രകടനത്തിന് അവർ പോകുകയും ക്ലാസിലേക്ക് മടങ്ങിവരുകയും ചെയ്യും. ഞങ്ങൾക്ക് രാഷ്ട്രീയ മീറ്റിങ്ങുകളുണ്ട് എന്നു പറഞ്ഞ് അവർ ഒരിക്കൽ പോലും എന്നോട് സമയം നീട്ടി ചോദച്ചില്ല. സമരവും പഠനവുമെല്ലാം അവർ സമയോചിതമായി ചെയ്തു. അതാണ് പ്രതിബദ്ധത.
നാഷണലിസവും പോസ്റ്റ് കൊളോണിയൽ നാഷണലിസവും താങ്കൾ പഠിപ്പിക്കുന്നുണ്ടല്ലോ. ഇന്ത്യയിലെ ഹിന്ദുത്വവാദികൾ പ്രതിഷേധക്കാരെയും ആക്ടിവിസ്റ്റുകളെയും മുസ്ലിങ്ങളെയും എല്ലാം ആന്റി നാഷണലിസ്റ്റുകൾ എന്നാണ് വിളിക്കുന്നത്. നാഷണലിസം എന്ന പദത്തെ പുനർവ്യാഖ്യാനിക്കേണ്ട കാലമല്ലേ ഇത്?
ഞാൻ അങ്ങനെ വിചാരിക്കുന്നു. ‘പൂർത്തിയാവാത്ത ദേശീയത’ എന്ന ചോദ്യം ഞാൻ ഉയർത്തുന്നത് അതിനാലാണ് (അൺഫിനിഷ്ഡ് നാഷണൽ ക്വസ്റ്റ്യൻ). അത് സൗത്ത് ആഫ്രിക്കയുടെ സാഹചര്യത്തിലും വളരെ വ്യക്തമാണ്. ഇന്ത്യയിൽ ദേശീയ മുന്നേറ്റം ഉണ്ടായി, ഭരണഘടന രൂപവത്കരിക്കപ്പെട്ടു. സമുദായങ്ങൾക്കിടയിൽ സമവായം (ടോളറൻസ്) നിലനിർത്താനാണ് ഭരണഘടന ശ്രമിക്കുന്നത്. എന്നാൽ അതു സംഭവിച്ചില്ല.
എന്താണ് ഇന്ത്യ, അതാരുടേതാണ്, എത്രത്തോളം ഉൾക്കൊള്ളാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്, അതൊരു ഭൂരിപക്ഷത്തിന്റേതാണോ, വ്യത്യസ്ഥതകളെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണോ… നെഹ്റുവും, ഗാന്ധിയും, അംബ്ദേക്കറും ഉൾപ്പെടെയുള്ളവർ പ്രധാനം എന്നു വിചാരിച്ചതുപോലെയുള്ള ഉൾക്കൊള്ളൽ ഭരണഘടനയ്ക്കു സാധ്യമായിട്ടില്ല. അതിനാൽ ഉൾക്കൊള്ളലുകളുടെ പ്രശ്നം ഇടയ്ക്കിടെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും.
മോദിക്കും, ബി.ജെ.പിക്കും എല്ലാം ഇന്ത്യയെക്കുറിച്ച് സങ്കൽപ്പമുണ്ട്. അത് തീർത്തും ഏകശിലാത്മകമാണ്. മറ്റെല്ലാം പുറത്തുനിന്നുള്ള കടന്നുകയറ്റങ്ങളാണ്. ഒരിക്കൽ ഇന്ത്യ വിശുദ്ധമായിരുന്നു എന്നുള്ള ഒരു ആശയത്തിൽ നിന്നുകൊണ്ടാണ് ഈ സങ്കൽപ്പം രൂപപ്പെടുത്തിയിട്ടുള്ളത്. അതേസമയം കോൺഗ്രസ് ഭരണഘടനയോട് ചേർന്നു നിൽക്കുന്നു. എന്നാൽ അതിന് ആശയങ്ങളും ഊർജ്ജവും ചോർന്നുപോയിരിക്കുന്നു.
എന്താണ് ഇന്ത്യ എന്നത് പ്രതിവാദങ്ങളുള്ള ഒരു ആശയമാണ്. ഭരണഘനയക്ക് വൈവിധ്യങ്ങളെ ചേർത്തുനിർത്താൻ സാധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അതൊരു പഴയ ചോദ്യമാണ്. സൗത്ത് ആഫ്രിക്കയെ സംബന്ധിച്ചും ആ ചോദ്യം നിലനിൽക്കുന്നു. എന്താണ് സൗത്ത് ആഫ്രിക്ക, ആരാണ് അതിന്റെ ഭാഗമായുള്ളത്, സൗത്ത് ആഫ്രിക്കയെ സംബന്ധിച്ചിത്തോളം എന്താണ് ആഫ്രിക്കൻ നാഷണലിസം? ഇത് കറുത്ത പ്രശ്നമുള്ള ഒരു വെളുത്ത രാജ്യമാണെന്ന് ഒരുപാട് വെള്ളക്കാർ ചിന്തിക്കുന്നുണ്ട്. ഇത് വെള്ള പ്രശ്നമുള്ള ഒരു കറുത്ത രാജ്യമാണെന്ന് ഒരുപാട് കറുത്ത വർഗക്കാർ വിചാരിക്കുന്നു, വെളുത്ത പ്രശ്നമുള്ള ഒരു കറുത്ത രാജ്യമാണെന്ന്.
അപരത്വത്തിൽ നിന്ന് സ്വത്വത്തിലേക്കുള്ള യാത്രയാണ് കൊളോണിയൽ വിരുദ്ധ ദേശീയത എന്ന് എഴുതിയിട്ടുണ്ടല്ലോ. ഒരാളുടെ സ്വത്വത്തിന്റെ വേരുകളിലേക്കുള്ള അന്വേഷണം എത്രമാത്രം അനിവാര്യമാണ് ?
കൊളോണിയൽ വിരുദ്ധ പരാമർശം എന്ന നിലയക്ക് അത് വളരെ പ്രസക്തമായി എനിക്കു തോന്നുന്നു. ‘ഞങ്ങൾ നിങ്ങളുടെ നേറ്റീവ്സ് അല്ല’ എന്ന് ബ്ലാക്ക് കോൺഷ്യസ് തിയറ്റർ പറയുന്നു. ഒരാൾക്കും തന്റെ സ്വത്വത്തിൽ അപകർഷത പാടില്ല. തന്റെ സ്വത്വത്തിന്റെ ഭൂതകാലത്തെക്കുറിച്ചും അപകർഷത പാടില്ല.
ഇതിനോട് അനുബന്ധിച്ച് ഒരു ചോദ്യം കൂടെ ചോദിക്കട്ടെ, ഇന്ത്യയെ സംബന്ധിച്ച് ജാതി ഇപ്പോഴും വലിയ പ്രശ്നമാണ്. ജാതിക്കും, മതത്തിനും ഉപരിയായ സ്വത്വം ഒരാൾക്ക് കണ്ടെത്തുവാൻ കഴിയാത്ത സ്ഥിതി ഇവിടെ നിലനിൽക്കുന്നില്ലേ?
എന്തുകൊണ്ടാണ് ജാതി ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത്, എന്തുകൊണ്ടാണ് അത് കഴുകി കളയാൻ ശ്രമിക്കുന്നത്, അത് മലിനപ്പെട്ടു എന്നാണ് അതിനർത്ഥം. ഇന്ത്യയിൽ ജാതി ഒരു പ്രധാന പ്രശ്നം തന്നെയാണ്. മാഞ്ഞുപോകേണ്ടതും മാഞ്ഞുപോകാത്തതുമായ ഒന്നാണത്. ഏതുതരം താത്പര്യങ്ങളാണ് അതിനെ നിലനിർത്തുന്നത്, അതിനെ നിർണ്ണയിക്കുന്ന ബ്രാഹ്മണിക്ക് ലോകവീക്ഷണം എന്താണ് എന്നതാണ് പ്രശ്നം. ജാതി ചരിത്രപരമായ പല കാരണങ്ങളാലും ഉരുവപ്പെട്ടതാണ്. അത് ആകാശത്തു നിന്നും പൊട്ടിവീണ ഒന്നല്ല. ഭൂമി രൂപപ്പെട്ട ബിഗ് ബാംഗിൽ നിന്നും ഉണ്ടായതല്ല. അത് സവിശേഷമായ അധികാരത്തിനായി നിർമ്മിച്ചതാണ് എന്നതാണ് പ്രശ്നം.
യു.ജി.സിയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെ തലവനായ സുഖ്ദേലുമായി ഞാൻ ഈ വിഷയം ഏറെ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലെ ഒരാൾ പോലും ജാതീയമായ വിവേചനം നേരിടുന്നുണ്ട്. യു.ജി.സിയുടെ അകത്ത് പോലും ദളിതത്വം അദ്ദേഹത്തിന് ഒരു പ്രശ്നമായി തീർന്നു. ജാതീയതക്ക് എതിരായ പോരാട്ടം തുടരേണ്ടതുണ്ട്, അത് അവസാനിച്ചിട്ടില്ല.
താങ്കൾ പഠിപ്പിച്ചിരുന്ന വിറ്റ് വാട്ടർസ്രാന്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്തയാളാണല്ലോ എറെ പ്രശസ്തനായ ഇന്ത്യൻ യുവ ദലിത് ചിന്തകൻ സൂരജ് യെങ്ഡെ. യൂറോസെട്രിക് അല്ലാത്ത കൊളോണിയൽ വിരുദ്ധ വിദ്യഭ്യാസത്തെ കുറിച്ച് യെങ്ഡെ പറയുകയുണ്ടായി. എന്താണ് ആഫ്രിക്കൻ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകൻ എന്ന നിലയിൽ താങ്കൾക്ക് തോന്നുന്നത്?
സർവ്വകലാശാലകളെ ഡീ-കോളനൈസ് ചെയ്യുക എന്നത് സൗത്ത് ആഫ്രിക്കയിലെ ഒരു പ്രധാന സംഘർഷമാണ്. കൊളോണിയലിസത്തെ അപനിർമ്മിക്കുന്നതോടൊപ്പം അതിന് കൃത്യമായ ബദൽ ഉണ്ടാക്കുക എന്നുള്ളത് ആയാസകരമാണ്. എങ്കിലും ഒരു പുതിയ വിദ്യഭ്യാസരീതി നിർമ്മിക്കുവാനും, പാഠ്യപദ്ധതി രൂപപ്പെടുത്താനും ആളുകൾ ശ്രമിക്കുന്നുണ്ട്. അതിനായുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്.