നാട്ടാനകൾക്കായിരുന്നു ഒരു കാലത്ത് മനുഷ്യർ പേര് നൽകിയിരുന്നതെങ്കിൽ ഇന്ന് വനാതിർത്തി ഗ്രാമങ്ങളിൽ സ്ഥിരമായി എത്താറുള്ള കാട്ടാനകൾക്കും പേരിടുന്നത് പതിവായിരിക്കുന്നു. ചിന്നക്കനാലിലെ ‘അരിക്കൊമ്പൻ’ അത്രമാത്രം വാർത്തകളിൽ നിറഞ്ഞതോടെ ആ വിളിപ്പേരിനും വലിയ പ്രചാരം കിട്ടി. സർക്കാർ-കോടതി രേഖകളിൽ വരെ ആനയുടെ പേര് ‘അരിക്കൊമ്പൻ’ എന്നതായി. സംഘർഷമേഖലകളിൽ എത്തുന്ന വന്യജീവികൾക്ക്, പ്രത്യേകിച്ച് ആനകൾക്ക് പേരിടുന്ന രീതി പതിവായിട്ട് കുറച്ച് കാലമായി. കേരളത്തിൽ മാത്രമല്ല ഈ പതിവ്. വീടും കടകളും ആക്രമിച്ച് അരി തിന്നുന്ന കാട്ടാനയ്ക്ക് ഗൂഡല്ലൂരുകാർ നൽകിയ പേര് ‘അരിസിരാജ’ എന്നായിരുന്നു. ഇതേ ആന അതിർത്തി കടന്ന് വയനാട്ടിലെത്തിയാൽ മറ്റൊരു പേരിലാണ് അറിയപ്പെട്ടിരുന്നത് – പി.എം 2. പി എം-2 എന്നാൽ ‘പന്തല്ലൂർ മഖ്ന-2’. (പന്തല്ലൂർ എന്നത് ഗൂഡല്ലൂരിനും വയനാട് അതിർത്തിക്കും ഇടയിലുള്ള പ്രദേശമാണ്, മഖ്ന എന്നാൽ മോഴ). 2023 ജനുവരിയിൽ പാലക്കാട് നിന്നും പിടികൂടിയ കാട്ടാനയുടെ പേരും സമാനമായിരുന്നു, പി.ടി -7. പി (പാലക്കാട്), കൊമ്പനെന്ന് സൂചിപ്പിക്കുന്ന ‘ടസ്കർ'(ടി). പിടികൂടിയത് ഏഴാമനായതുകൊണ്ട് ‘7’ എന്നും ചേർത്ത് പി.ടി-7 ആയി. പി.ടി-17 വരെയുണ്ടെന്ന് പറയപ്പെടുന്നു. മൂന്നാറിൽ പടയപ്പയും മാട്ടുപ്പെട്ടി ഫാമിലെ പൈപ്പ് പൊട്ടിക്കുന്നതിനിടെ പി.വി.സി പൈപ്പിന്റെ കുറച്ചുഭാഗം കൊമ്പിൽ കുടുങ്ങിയ ‘ഹോസ്’ കൊമ്പനമുണ്ട്. വനാതിർത്തി ഗ്രാമങ്ങളിലെ കാട്ടാനകളുടെ പതിവ് സാന്നിധ്യത്തിന്റെയും പലപ്പോഴും സംഘർഷാത്മകമായിത്തീരുന്ന ഒരു സഹവാസം ഈ ആനകൾക്കും അവിടെ ജീവിക്കുന്ന മനുഷ്യർക്കും ഇടയിൽ രൂപപ്പെടുന്നതിന്റെയും ലക്ഷണം കൂടിയാണ് ഈ പേര് വിളികൾ. ഇനിയുമേറെയുണ്ട് കേരളത്തിലെ മലയോരങ്ങളിൽ ഇന്ന് പല പേരുകളിൽ അറിയപ്പെടുന്ന കാട്ടാനകൾ. ആനകളുടെ സാമീപ്യത്തെ പല രീതിയിലാണ് വനാർത്തിഗ്രാമങ്ങളിൽ അധിവസിക്കുന്ന മനുഷ്യർ കാണുന്നത്. ഒരു കൂട്ടർക്ക് ആനകൾ ജീവഹാനിക്ക് വരെ കാരണമാകുന്ന ‘സംഘർഷ മൃഗ’മാകുമ്പോൾ, മറ്റൊരു കൂട്ടർക്ക് കാടരികുകളിലെ അവരുടെ ജീവിതത്തിന്റെ ഭാഗമാണ് ആനകൾ. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും ട്രാൻസ് ലൊക്കേറ്റ് ചെയ്തപ്പോൾ ഈ രണ്ട് അഭിപ്രായങ്ങളും നമ്മൾ കണ്ടു. അരിക്കൊമ്പനെ പിടിക്കണമെന്നും അവിടെ നിന്നും മാറ്റണമെന്നും ഒരു വിഭാഗം, മറുവശത്ത് അരിക്കൊമ്പനെ തിരികെകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ തന്നെ സമരം. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ രൂക്ഷമായി അനുഭവപ്പെടുന്ന കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെല്ലാം ഈ രണ്ടുതരം മനുഷ്യാവസ്ഥകൾ നമുക്ക് കാണാൻ കഴിയും. പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടുമൊത്തുള്ള മനുഷ്യ സഹജീവനത്തിന്റെ രണ്ട് വശങ്ങളാണ് ഇതിൽ തെളിഞ്ഞുകാണുന്നത്, സഹജീവനം സാധ്യമായവരും അതിൽ നിന്നും ഏറെ അകന്ന് പോയവരും. അതുകൊണ്ടുതന്നെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നടക്കുന്ന എല്ലാ അന്വേഷണങ്ങൾക്കും ഉറപ്പായും ഈ രണ്ട് വശങ്ങൾക്കിടയിലൂടെ സഞ്ചരിക്കേണ്ടതായി വരും. ഏകപക്ഷീയമായി ഇതിലെ ഒരു വശത്തേക്ക് മാത്രം തിരിയുന്ന അന്വേഷണങ്ങൾക്ക് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ കഴിയില്ല എന്നതാണ് അരിക്കൊമ്പന്റെ അനുഭവത്തിലടക്കം കാണാൻ കഴിയുന്നത്. കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന വയനാട് വന്യജീവി സങ്കേതത്തിൽ ഇത്തരത്തിലുള്ള ഒരു ആലോചന എങ്ങനെ നടത്താം എന്നാണ് ലേഖനം പരിശോധിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിന്റെ അതിരുകളിലും ഉള്ളിലുമായി കഴിയുന്ന പല സമൂഹങ്ങളിലുള്ളവർ സംഘർഷത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? കാഴ്ചപ്പാടുകൾ എങ്ങനെ വ്യത്യാസപ്പെടുന്നു? സംഘർഷ ലഘൂകരണത്തിനായുള്ള ആലോചനകളിലേക്ക് ഈ അഭിപ്രായ വൈവിധ്യങ്ങളെ എങ്ങനെ കണ്ണിചേർക്കാം?
പരാജയപ്പെടുന്ന പദ്ധതികളും വയനാട് വന്യജീവി സങ്കേതവും
വന്യജീവി സംഘർഷത്തിന്റെ വാർത്തകൾ പതിവായി മാറിയ ഇക്കഴിഞ്ഞ വേനൽക്കാലത്താണ് വയനാട് വന്യജീവി സങ്കേതത്തിലെ വനാതിർത്തി ഗ്രാമങ്ങളിലേക്ക് പോകുന്നത്. നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ ഈ വന്യജീവി സങ്കേതം തമിഴ്നാട്-കർണ്ണാടക ജില്ലകളിലെ ബന്ദിപ്പൂർ ദേശീയോദ്യാനം, മുതുമല വന്യജീവി സംരക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവയോട് ചേർന്നുകിടക്കുന്നതിനാൽ തന്നെ വന്യജീവികളുടെ സാന്നിധ്യം വളരെയേറെയുള്ള ഒരു പ്രദേശമാണ്. അതുപോലെ തുണ്ടുവത്കരിക്കപ്പെട്ട വനത്തിനുള്ളിൽ നിരവധി ഗ്രാമങ്ങളും ആദിവാസി സെറ്റിൽമെന്റുകളുമുള്ള ഒരു പ്രദേശം കൂടിയാണ് വയനാട് വന്യജീവി സങ്കേതം.
മനുഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂപ്രദേശങ്ങളുടെ വിസ്തൃതി ക്രമാതീതമായി കൂടുമ്പോൾ വന്യജീവികളുടെ അതിജീവനത്തിന് ആവശ്യമായ ആവാസവ്യവസ്ഥകൾ പരിമിതപ്പെടുന്ന പ്രശ്നം ഇവിടെയും കൂടിവരുന്നു. മനുഷ്യ-വന്യജീവി സംഘർഷം പതിവായിത്തീരാൻ അതും ഒരു കാരണമാണ്. സംരക്ഷിത വനപ്രദേശത്തിന് ചുറ്റും അതിവേഗം മാറുന്ന ജീവിതരീതികളും സംഘർഷത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നുണ്ട് എന്നതും വയനാടിനെ സംബന്ധിച്ച് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഒരു നൂറ്റാണ്ടിലേറെയായി നടന്ന/നടക്കുന്ന പലവിധ മനുഷ്യ വ്യവഹാരങ്ങൾ – വനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിധികളില്ലാത്ത വികസനപ്രവർത്തനങ്ങൾ, തോട്ടങ്ങളുടെയും കൃഷിഭൂമിയുടെയും വിപുലീകരണം, അനധികൃതമായി നടക്കുന്ന ഭൂമികയ്യേറ്റം, ഏകവിളത്തോട്ടങ്ങളുടെ വർദ്ധനവ്, അധിനിവേശ സസ്യങ്ങളുടെ പെരുകൽ, അശാസ്ത്രീയ മരംമുറിക്കൽ, കുടിയേറ്റം, ടൂറിസം – എല്ലാം പലതരത്തിൽ മനുഷ്യ-വന്യജീവി സംഘർഷത്തെ ആളിക്കത്തിച്ച കനലുകളായി ചരിത്രത്തിൽ കെടാതെ കിടക്കുന്നുണ്ട്. സംഘർഷത്തെ നേരിടേണ്ടിവരുന്ന ജനവിഭാഗങ്ങളും സംഘർഷ ലഘൂകരണത്തിനായി പ്രവർത്തിക്കുന്ന ഭരണസംവിധാനങ്ങളും ഈ ചരിത്ര സാഹചര്യങ്ങളെ എത്രമാത്രം മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്? നിലവിൽ നടക്കുന്ന സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് സർക്കാർ വകുപ്പുകളുടെ മുൻകൈയിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് അത്തരത്തിലുള്ള വിശകലനരീതിയോ ദീർഘവീക്ഷണമോ ഇല്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
വർദ്ധിക്കുന്ന സംഘർഷങ്ങൾ
കേരള സംസ്ഥാന ആസൂത്രണ ബോർഡ് കഴിഞ്ഞ അഞ്ച് വർഷമായി പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം വന്യജീവി ആക്രമണം കാരണം മരിച്ചവർ, പരിക്കേറ്റവർ, കൃഷിനാശം സംഭവിച്ചവർ, കന്നുകാലികളെ നഷ്ടമായവർ, വസ്തുവകകളുടെ നഷ്ടമുണ്ടായവർ എന്നീ വിവരങ്ങൾ പരിശോധിച്ചാൽ നിലവിലുള്ള സംഘർഷത്തിന്റെ ആഴം മനസ്സിലാകും. 2023 ൽ പ്രസിദ്ധീകരിച്ച 2021-22 ലെ വനം, വന്യജീവി വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇക്കാലയളവിൽ കേരളത്തിൽ മാത്രം 114 പേർക്കാണ് വന്യജീവി ആക്രമണം കാരണം ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 65 മരണങ്ങൾ പാമ്പു കടി കാരണം ഉണ്ടായിട്ടുള്ളതാണ്. 35 പേർ ആനയുടെ ആക്രമണത്തിലും ആറ് പേർ കാട്ടുപന്നിയുടെ ആക്രമണത്തിലും മൂന്ന് പേർ കാട്ടുപോത്തിന്റെ ആക്രമണത്തിലും ഒരാൾ കടുവയുടെ ആക്രമണത്തിലുമാണ് മരണമടഞ്ഞത്.
ഓരോ വർഷവും വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണവും കൂടിവരുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പാമ്പു കടിയേറ്റ് പരിക്കേറ്റ 547 പേർ, ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ 44 പേർ, കാട്ടുപന്നി ആക്രമണത്തിനിരയായ 127 പേർ, കാട്ടുപോത്ത് ആക്രമണത്തിനിരയായ 3 പേർ, മറ്റ് ജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റ 39 പേർ എന്നിങ്ങനെ 2021-22 ൽ മാത്രം 758 പേരാണ് വന്യജീവി ആക്രമണത്തിന്റെ മുറിവുകളുമായി ഇന്നും ജീവിക്കുന്നത്. ഇതേ കണക്കുകൾ പ്രകാരം 514 കന്നുകാലികൾക്കാണ് 2021-22ൽ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 514 കേസുകൾ വിളനാശം ഉണ്ടായതായും 6580 കേസുകൾ ആന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ എന്നിവയുടെ ആക്രമണം കാരണം വസ്തുവകകൾക്ക് നഷ്ടമുണ്ടായതായും പറയുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാലയളവിൽ വന്യജീവികളുടെ ആക്രമണം കുറയുന്നതായി കാണുന്നില്ല. (ഇത് സർക്കാരിന്റെ ഔദ്യോഗിക കണക്കുകളാണ്. കൃത്യമായി രേഖപ്പെടുത്താതെ പോകുന്നതിനാൽ ശരിക്കുള്ള നഷ്ടം (actual loss) ഇതിലും വലുതായിരിക്കും).
വന്യജീവികൾ കാരണം മനുഷ്യർക്കുണ്ടായ നഷ്ടങ്ങളെ സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് നിലവിൽ ശേഖരിക്കപ്പെടുന്നത്. വന്യജീവികളെ ഈ സംഘർഷങ്ങൾ എങ്ങനെ ബാധിക്കുന്നു എന്നും ‘സംഘർഷമേഖല’കളിലേക്ക് (മനുഷ്യരും വന്യജീവികളും മുഖാമുഖം വരുന്ന ഇടങ്ങൾ) എത്തുന്ന വന്യജീവികളുടെ പെരുമാറ്റരീതികളിൽ ഈ സംഘർഷങ്ങൾ എന്തുതരം മാറ്റമാണുണ്ടാക്കുന്നതെന്നും പഠനങ്ങളും കണക്കെടുപ്പും കുറവാണ്. മനുഷ്യർക്ക് സംഭവിക്കുന്ന നഷ്ടങ്ങളുടെ കണക്കുകളിൽ നിന്നാണ് ഈ സംഘർഷത്തിന്റെ തീവ്രത തീരുമാനിക്കപ്പെടുന്നത് എന്ന ഒരു പരിമിതി ലഘൂകരണ പ്രവർത്തനങ്ങളിലൊന്നാകെ നിഴലിക്കുന്നുണ്ട്. സർക്കാരിന്റെ നിലവിലെ സംഘർഷ ലഘൂകരണ പദ്ധതികൾ (mitigation strategies) പരാജയപ്പെടാനുള്ള ഒരു കാരണം പ്രശ്നത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള കേന്ദ്രീകൃതവും ഏകപക്ഷീയവുമായ വിലയിരുത്തലുകളാണ്. ട്രഞ്ച്, ഇലക്ട്രിക് ഫെൻസിംഗ്, സോളാർ ഫെൻസിംഗ്, കരിങ്കൽ മതിലുകൾ തുടങ്ങിയ നിരവധി മാർഗങ്ങൾ അവലംബിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പര്യാപ്തമാകുന്നില്ല എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. വയനാട് നിന്നും കേൾക്കാൻ കഴിഞ്ഞതും അത് ശരിവയ്ക്കുന്ന അനുഭവങ്ങളാണ്.
വനാതിർത്തികൾ മുഴുവൻ വേലികെട്ടിയും മതിലുകെട്ടിയും സംരക്ഷിക്കുക എന്നത് പ്രായോഗികമല്ല എന്ന് പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളുടെ ഭൂസവിശേഷതകൾ പരിശോധിച്ചാൽ വ്യക്തമാകും. വനത്തിനുള്ളിൽ തന്നെ ഗ്രാമങ്ങളുള്ള വയനാട് വന്യജീവി സങ്കേതം പോലെയൊരു പ്രദേശത്ത് വേലികെട്ടലും മതിലുകെട്ടലും തീർത്തും അപ്രായോഗികമാണ്. വൻ സാമ്പത്തിക നഷ്ടം വരുത്തി ഇത്തരം രീതികൾ അവലംബിക്കുന്നതിന് പകരം ആദിവാസികളടക്കമുള്ള തദ്ദേശീയ സമൂഹങ്ങൾ പരമ്പരാഗതമായി വികസിപ്പിച്ച സംഘർഷ ലഘൂകരണ മാർഗങ്ങളെ (traditional knowledge) എങ്ങനെ പിന്തുണയ്ക്കാം എന്നതാണ് സർക്കാർ സംവിധാനങ്ങൾ ഇനി ചിന്തിക്കേണ്ടത്. അത്തരത്തിലുള്ള നിരവധി തദ്ദേശീയ മാർഗങ്ങൾ അവലംബിക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും വയനാട് യാത്രയിൽ കാണാൻ കഴിഞ്ഞു. മനുഷ്യരും വന്യജീവികളും ഇടകലരുന്ന പ്രദേശങ്ങളിൽ പരസ്പര സഹകരണത്തിന്റെയും (collaboration) സഹജീവനത്തിന്റെയും (co-existence) സാധ്യതകൾ കണ്ടെത്തുകയല്ലാതെ സംഘർഷ ലഘൂകരണത്തിന് ഒറ്റമൂലികളില്ല എന്നാണ് തിരുനെല്ലിയിലെയും മുത്തങ്ങയിലെയും വനഗ്രാമങ്ങളിൽ താമസിക്കുന്ന ആദിവാസിളുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ആ പ്രദേശങ്ങളിലെ വനത്തിനുള്ളിലുള്ള മനുഷ്യാധിവാസത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. മനുഷ്യരും വന്യജിവികളും സഹവർത്തിത്വത്തോടെ കഴിഞ്ഞതുകൊണ്ട് കൂടിയാണ് അവിടെ ഇത്രയും കാലം മനുഷ്യർക്ക് കൃഷി ചെയ്ത് ജീവിക്കുന്നതിനും വന്യജീവികൾക്ക് അവരുടേതായ സ്വൈര്യജീവിതം തുടരുന്നതിനും കഴിഞ്ഞിരുന്നത്. മനുഷ്യാധിവാസത്തിന്റെ ആ ചരിത്രമറിയുന്നവർ വന്യജീവി സംഘർഷത്തെ കാണുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. സംഘർഷം കൂടിവരുന്നതായി എല്ലാവരും പറയുന്നുണ്ടെങ്കിലും പരിഹാരങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പലതായിരുന്നു. ആ നിർദ്ദേശങ്ങളിലെല്ലാം അവരുടേതായ പ്രായോഗികാനുഭവങ്ങൾ ഉൾച്ചേർന്ന് കിടക്കുന്നുണ്ട്. ‘സർക്കാർ പരിഹാരങ്ങൾ’ കാണാതെ പോകുന്നതും ഈ അനുഭവ വൈവിധ്യങ്ങളെയാണ്. അതിൽ ചിലത് ഇവിടെ ക്രോഡീകരിക്കാം.
സഹജീവനത്തിന്റെയും സംഘർഷങ്ങളുടെയും അനുഭവങ്ങൾ
വയനാട്ടിലെ ബദൽ വിദ്യാഭ്യാസ കേന്ദ്രമായിരുന്ന ‘കനവി’ലേക്ക് ആയിരുന്നു യാത്രയുടെ തുടക്കം. കനവിന്റെ സജീവ പ്രവർത്തകരായിരുന്ന മിനിയുടെയും സുധീഷിന്റെയും അനുഭവങ്ങളാണ് ആദ്യം കേട്ടത്. വർഷങ്ങളോളമായി വനാതിർത്തിയിൽ ജീവിക്കുന്നവരായതിനാൽ ഇവരുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. തുടർച്ചയായി വന്യജീവികൾ വന്നുപോകുന്ന അവരുടെ താമസസ്ഥലത്ത് നിന്നും ആദിവാസികളും വന്യജീവികളും തമ്മിലുള്ള സഹജീവനത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കപ്പെട്ടത് പരമ്പരാഗതമായി പകർന്നുകിട്ടിയ അറിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. ആനകളും കാട്ടുപന്നികളും സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള അവരുടെ വീടിന്റെ ഉമ്മറത്തിരുന്ന് മിനി പറയുന്നത് ഇങ്ങിനെയാണ്: “മൃഗങ്ങളുമായി നല്ല ബന്ധമുള്ളവരാണ് ആദിവാസികൾ. ആന അപ്പുറത്ത് നിന്നാൽ ഞങ്ങൾ മറുവഴിയെ തിരിഞ്ഞുപോകും. ആനയും പ്രശ്നം ഉണ്ടാക്കാറില്ല. പന്നിയെ മാത്രമേ പേടിക്കേണ്ട ആവശ്യം ഉണ്ടായിരുന്നുള്ളൂ. മനുഷ്യരെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് ഞങ്ങൾ മൃഗങ്ങളെയും സ്നേഹിക്കാറുള്ളത്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങാൻ കഴിയുന്നവരാണ് വന്യജീവികൾ. വന്യജീവികളുമായി നിശ്ചിത അകലം പാലിക്കേണ്ട ചില സാഹചര്യങ്ങളുണ്ട്. ഉദാഹരണത്തിന് അവർ ഇണ ചേരുന്ന സമയത്തോ പ്രസവിക്കുന്ന സമയത്തോ അവരുടെ അടുത്ത് പോകാൻ പാടില്ല. ഇത് കൃത്യമായി അറിയാവുന്ന ആദിവാസികൾ ആ സമയത്ത് ദൂരെ മാറിപ്പോകും. ഇങ്ങനെ ഒരുപാട് കാട്ടറിവുകൾ ഉണ്ട്. അത് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നവരാണ് ഞങ്ങൾ. ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നവരാണ് ആനയുടെ മുമ്പിൽ ചെന്ന് പെടുന്നതും മരണപ്പെടുന്നതും. ആദിവാസികൾ മൃഗങ്ങളുടെ ചര്യകളും രീതികളും പഠിക്കും. എന്നിട്ട് അതിനനുസരിച്ച് അവരെ നേരിടും. അയൽ സംസ്ഥാനത്തെ കാടുകളിൽ നിന്നും വയനാട്ടിലെത്തുന്ന, സ്ഥലം പരിചയമില്ലാത്ത ചില ആനകളാണ് പലപ്പോഴും ഇവിടെ പ്രശ്നക്കാരാവുന്നത്. അങ്ങനെ വരുന്ന ആനകൾ പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും. ദിവസവും കണ്ടുകൊണ്ടിരിക്കുന്ന മൃഗങ്ങൾക്ക് മനുഷ്യരുമായി ഒരു ബന്ധം ഉണ്ടാകും, തിരിച്ച് മനുഷ്യർക്കും. മനുഷ്യർ ഉപദ്രവകാരികൾ അല്ല എന്ന് മൃഗങ്ങളും ഈ മൃഗങ്ങൾ ഉപദ്രവകാരികൾ അല്ല എന്ന് മനുഷ്യരും തിരിച്ചറിയും. ഈ ബന്ധമാണ് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കാടുമായുള്ള നമ്മുടെ ബന്ധം കുറയുന്നതാണ് പ്രശ്നമാകുന്നത്.”
ഇതേ വനാതിർത്തിയിൽ താമസിക്കുന്ന സുധീഷിന്റെ നിരീക്ഷണങ്ങൾ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശവാസികളുടെ പരമ്പരാഗത അറിവുകളെ കൂടി പരിഗണിച്ചുകൊണ്ടുള്ള പരിഹാരശ്രമങ്ങളുടെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുന്നു. സുധീഷ് പറയുന്നു: “പണ്ടിവിടെ നെല്ല്, കപ്പ, തെങ്ങ്, അടക്ക എന്നിവയെല്ലാം കൃഷി ചെയ്തിരുന്നു. അന്ന് ആനകൾ വന്നിരുന്നില്ല. ഇപ്പോൾ പതിവായിരിക്കുന്നു. മുമ്പ് വലിയ തടിയിൽ കൊട്ടിയാൽ ആന ദൂരേക്ക് മാറി പോകുമായിരുന്നു. അതുപോലെ, പണ്ടെല്ലാം ആനയെ ഓടിക്കുവാൻ അമ്പിനകത്ത് കട്ട വെക്കുമായിരുന്നു. തടികൊണ്ടുള്ള ഒരു കട്ടയാണത്. അത് വില്ലു വെച്ച് ആനയ്ക്ക് നേരെ അടിക്കും. നല്ല ശക്തിയിൽ ആവും അത് ആനയുടെ ശരീരത്തിൽ കൊള്ളുക. വേദന കൊണ്ട് ആന തിരിച്ചുപോകുമായിരുന്നു. ഇന്നിപ്പോൾ അത് ആരും ഉപയോഗിക്കാറില്ല. ചില ഊരുകളിൽ അമ്പും വില്ലും പരമ്പരാഗതമായി ഉപയോഗിക്കുമായിരുന്നു. ഇന്നത് ആർക്കും ഉപയോഗിക്കാൻ അറിയില്ല. അനുവദനീയവും അല്ല. പിന്നെ തകര ഷീറ്റുകൊണ്ട് രണ്ട് കഷ്ണങ്ങളിലായി കെട്ടിവച്ച് വലിക്കും. ഒരെണ്ണം ഒരിടത്തിരുന്ന് വലിക്കുമ്പോൾ മറ്റേത് ശബ്ദമുണ്ടാക്കും. അഞ്ച് കിലോമീറ്റർ വ്യാപ്തിയിൽ വരെ ഈ ശബ്ദം കേൾക്കാൻ കഴിയും. അത് കേട്ടാൽ പന്നി, ആന തുടങ്ങിയ മൃഗങ്ങളെല്ലാം വഴി മാറി പോകും. ഇത് നമ്മൾ എപ്പോഴും അടിച്ചുകൊണ്ടിരിക്കണമെന്നില്ല. മൃഗങ്ങൾ സാധാരണയായി വരുന്ന സമയത്തോ മൃഗസാന്നിധ്യം അറിയുമ്പോഴോ മാത്രം ഈ ശബ്ദം ഉണ്ടാക്കിയാൽ മതി. വാ കൊണ്ട് ശബ്ദം ഉണ്ടാക്കിയും ചെണ്ട കൊട്ടിയുമെല്ലാം ആനയെ ഓടിക്കാറുണ്ട്. ആനയ്ക്ക് ശബ്ദം ഭയങ്കര പ്രശ്നമാണ്. ഏറ്റവും കൂടുതൽ കാടുമായി ചേർന്നു നിൽക്കുന്ന കാട്ടുനായ്ക്ക സമുദായങ്ങളാണ് ഇത്തരം പരമ്പരാഗത രീതികൾ കൂടുതലായി ഉപയോഗിക്കുന്നത്. പാതിരാവയലിലെ ആദിവാസി കർഷകരെല്ലാം ഈ രീതി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. മുള്ളു കുറുമ വിഭാഗത്തിൽപ്പെട്ടവരും മണ്ണ് ചുട്ട് കട്ടയാക്കി അത് കവണ ഉപയോഗിച്ച് അടിച്ച് ആനയെ ഓടിക്കുന്നത് കണ്ടിട്ടുണ്ട്. തീപ്പന്തം അല്ലെങ്കിൽ തീ കത്തിച്ചു ഓടിക്കുന്നവരുമുണ്ട്. പിന്നെ, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവർ ഒരു പ്രത്യേകതരം മരുന്നുണ്ടാക്കി ദേഹത്ത് പുരട്ടും. മൃഗങ്ങൾക്ക് ദൂരെ നിന്നു തന്നെ ആ മണം കിട്ടും. അവര് പിന്നെ ആ വഴി വരില്ല. ദൂരേക്ക് മാറിപ്പോകും. ആനയൊക്കെ അടുത്തു വരാതിരിക്കാൻ ഉള്ള പച്ചമരുന്നാണ് ഇത്. ആദിവാസികളുടെ മണവും ചൂരും മൃഗങ്ങൾക്ക് പരിചിതമാണ്. മറ്റു വിഭാഗങ്ങളുടെ മണം മൃഗങ്ങൾ വേഗം തിരിച്ചറിയും. മണങ്ങൾ വ്യത്യസ്തമാണ്. പുറത്തുനിന്നുള്ള ആളുകൾ വരുന്നു എന്ന് അറിയുമ്പോൾ തന്നെ മൃഗങ്ങൾ പ്രതികരിക്കാൻ തയ്യാറായി നിൽക്കും. ജാഗ്രത പാലിക്കും. ആദിവാസികളാണ് കടന്നുവരുന്നത് എങ്കിൽ ആനയോ ആദിവാസിയോ ഒഴിഞ്ഞു മാറി പോകും. ആനയെ ഉപദ്രവിക്കാതിരുന്നാൽ മതി. അതിന്റെ വഴികളിൽ കുറുകെ ചെല്ലാതിരുന്നാൽ മതി.”
സുധീഷും മിനിയും പറയുന്ന അനുഭവങ്ങൾക്കും അറിവുകൾക്കും സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പരിഗണന ലഭിക്കാറില്ല എന്നത് വ്യക്തമാണ്. വയനാട് വന്യജീവി സങ്കേതത്തിനുള്ളിലുള്ള നൂൽപ്പുഴ പഞ്ചായത്ത് പരിധിയിൽ വരുന്ന മുത്തങ്ങയിലേക്കായിരുന്നു അടുത്ത യാത്ര. മുത്തങ്ങയിലെ രാജനും പങ്കുവയ്ക്കാനുണ്ടായിരുന്നത് സമാനമായ അനുഭവങ്ങളാണ്. വനം വകുപ്പിന്റെ അധികാര പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാത്രം അവർ ഈ പ്രശ്നത്തിന് പരിഹാരങ്ങൾ കണ്ടെത്തുന്നു എന്നതുതന്നെയാണ് നിലവിലുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുപോകുന്നതിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം പറയുന്നു. ” ഞങ്ങളോടും വന്യജീവികളോടുമുള്ള ഫോറസ്റ്റുകാരുടെ ഇടപെടൽ വളരെ മോശമാണ്. കാടിനുള്ളിൽ ജീവിക്കുന്നവരാണ് ആദിവാസികൾ. മൃഗങ്ങളെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം. മൃഗങ്ങളെ ഉപദ്രവിച്ചുകൊണ്ട് അല്ല ഞങ്ങൾ നേരിടുന്നത്. കാടിനെ കുറിച്ച് അറിയാവുന്ന ആദിവാസികളെയാണ് വനംവകുപ്പ് വാച്ചർമാർ ആയി നിയമിക്കേണ്ടത്. എന്നാൽ അതിനുപകരം ആദിവാസികൾ അല്ലാത്ത, കാടിനെ കുറിച്ച് അറിവില്ലാത്ത മറ്റു വിഭാഗങ്ങളെയാണ് ഈ വനസംരക്ഷണ ജോലികൾ എല്ലാം ഏൽപ്പിക്കുന്നത്. അതാണ് വിരോധാഭാസവും. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് ഒരുപാട് ഫണ്ട് ഉണ്ട്. പ്രോജക്ടുകൾ ഉണ്ട്. ഇത്തരം പദ്ധതികളിലും അതുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളിലുമെല്ലാം ആദിവാസി പങ്കാളിത്തം വേണം. പക്ഷേ അതില്ല. കാടിന്റെ സ്വഭാവവും രീതികളും മൃഗങ്ങളെയും അറിയാവുന്നത് ആദിവാസികൾക്കാണ്. ഇപ്പോൾ തന്നെ ട്രെഞ്ചിംഗും ഫെൻസിംഗും ചെയ്ത സ്ഥലങ്ങൾ നോക്കൂ. അതെല്ലാം ആനകൾക്ക് സുഖമായി മറികടന്നുവരാവുന്നതേയുള്ളൂ. പലയിടത്തും ഫെൻസിംഗ് ചെയ്ത സ്ഥലങ്ങൾ കണ്ടാൽ തമാശയാണ്. അത് കണ്ടാൽ തന്നെ അറിയാം പ്രശ്നം പരിഹരിക്കാൻ വേണ്ടി ചെയ്തവയല്ല ഇത് എന്ന്. എല്ലാ സമയത്തും വയലുകളിൽ ആളുകൾ കാവൽ നിന്നില്ലെങ്കിൽ അവിടെ ആനയോ പന്നിയോ ഇറങ്ങും. കർഷകർ കാവൽ നിൽക്കും, ഒച്ചയിടും, പടക്കം പൊട്ടിക്കും. ഇത് എപ്പോഴും ചെയ്യാൻ കഴിയില്ലല്ലോ. ഫെൻസിംഗ് എന്നത് ഒരു ശാശ്വത പരിഹാരമല്ല. എന്നാലും കുറേയൊക്കെ വിജയകരമാണ്. പക്ഷേ വനംവകുപ്പ് മെയിന്റനൻസ് കൃത്യമായി നടത്താറില്ല. എന്നാൽ സ്വകാര്യ വ്യക്തികൾ ഇടുന്ന ഫെൻസിംഗ് നന്നായി നിലനിൽക്കാറുമുണ്ട്. സർക്കാരിന്റെയും വനംവകുപ്പിന്റെയും പരജായമാണിതെന്ന് ഇതിൽ നിന്നും വ്യക്തമല്ലേ.”
ആദിവാസികളും വനവും തമ്മിലും ആദിവാസികളും വന്യജീവികളും തമ്മിലുമുണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ടുപോകുന്നതിന്റെ ആശങ്കകളെ കുറിച്ചാണ് മുത്തങ്ങ കേന്ദ്രീകരിച്ച് വർഷങ്ങളോളം ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന ഫാദർ ജെയിംസ് ചക്കാലക്കലിന് പറയാനുണ്ടായിരുന്നത്: “മുള്ളക്കുറുമർ എന്ന ആദിവാസി വിഭാഗത്തിനിടയിലാണ് ഞാൻ പ്രവർത്തിക്കുന്നത്. അവർ പരമ്പരാഗതമായി നെൽകൃഷി ചെയ്യുന്നവരാണ്. നെൽകൃഷിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇവിടെ എത്തുന്നത്. അവർ അന്നും നെൽകൃഷിക്ക് കാവൽ നിൽക്കുമായിരുന്നു. ആനയുടെ സാന്നിധ്യം പെട്ടെന്ന് തന്നെ അറിയാനുള്ള കഴിവ് പരമ്പരാഗതമായി ആദിവാസികൾക്കുണ്ട്. 1986 ൽ ഞാൻ ഇവിടെ എത്തുന്ന കാലത്തുള്ളതിനേക്കാൾ ആന, മാൻ, പന്നി തുടങ്ങിയവരുടെ എണ്ണം വളരെയധികം കൂടി. കാട്ടിൽ ഇന്ന് മൃഗങ്ങൾക്ക് തീറ്റ കുറയുന്നതുകൊണ്ടാണ് തീറ്റ ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മൃഗങ്ങൾ എത്തുന്നത്. ഞാൻ ആദിവാസി കോളനിക്കുള്ളിൽ തന്നെയാണ് വർഷങ്ങളോളം താമസിച്ചിരുന്നത്. അന്നൊന്നും എന്നെ ഒരു ആന പോലും ആക്രമിച്ചിട്ടില്ല.
കാടിന്റെ ചിട്ടകൾക്കനുസരിച്ച് ജീവിക്കുക എന്നതാണ് ആദിവാസികളുടെ ജീവിതക്രമം. വന്യജീവികൾ പോകുന്ന വഴികളിൽ ആദിവാസികൾ വരാറേയില്ല. അവർ മൃഗങ്ങളുടെ വഴി തടസ്സപ്പെടുത്താറില്ല. എന്നാൽ ഇന്ന് യുവതലമുറക്ക് കാടുമായുള്ള അടുപ്പം വല്ലാണ്ട് കുറഞ്ഞിട്ടുണ്ട്. പഴയതുപോലെ കൃഷി ചെയ്യാൻ അവർ ഇറങ്ങാറില്ല. പുതിയ തലമുറ കൃഷിയിൽ നിന്നും പിന്മാറി. കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയും ഉണ്ട്. അവർ വനത്തിലേക്ക് പോകുന്നതും കുറഞ്ഞിരിക്കുന്നു. പുതിയ തലമുറ വനവുമായി ബന്ധപ്പെട്ട് ജീവിക്കാൻ മടിക്കുന്നു. അവർ മറ്റു ജോലികളിൽ വ്യാപൃതരാവുന്നു. ഇതെല്ലാം സംഘർഷം കൂടാൻ കാരണമായിത്തീർന്നിട്ടുണ്ട്”.
മന്മദമൂല ആദിവാസി കോളനിയിലെ പണിയ വിഭാഗത്തിൽപ്പെട്ട ബാബു വനാതിർത്തിയോട് ചേർന്ന് കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തിയിരുന്ന വ്യക്തിയാണ്. എലിഫന്റ് വാച്ചറായിക്കൂടി ജോലി ചെയ്യുന്നതിനാൽ ആനകളെക്കുറിച്ച് ബാബുവിന് ഏറെ അറിവുകളുണ്ടായിരുന്നു. വനശോഷണവും വന്യജീവികളുടെ സ്വഭാവങ്ങളിൽ വന്ന മാറ്റങ്ങളും നിലവിലുള്ള സംഘർഷത്തെ വർദ്ധിപ്പിക്കുന്നതായാണ് ബാബുവിന്റെ വിലയിരുത്തൽ. സഹജീവിയായിരുന്ന ആനകളോടും മറ്റു വന്യജീവികളോടും തദ്ദേശവാസികൾക്കുണ്ടായിരുന്ന അടുപ്പത്തിന് മാറ്റം വരുന്നതായും വന്യജീവി ആക്രമണത്തിന്റെ ഇടവേളകളും (frequency) തീവ്രതയും (intensity) വർദ്ധിക്കുന്നതിനനുസരിച്ച് പ്രദേശവാസികൾക്ക് വന്യജീവികളോടുള്ള ഭയവും അമർഷവും അധികരിക്കുന്നതായും ബാബു അഭിപ്രായപ്പെടുന്നു. “നാട്ടിലെ കൃഷി തിന്ന് ശീലമാകുമ്പോൾ ആനകൾ എല്ലാ സീസണിലും വരും. കാവൽ നിന്നില്ലെങ്കിൽ വിള നശിപ്പിക്കും. എല്ലാം തിന്നു തീർക്കും. കാരണം കാട്ടിൽ തിന്നാനുള്ള സാധനങ്ങൾ കുറവാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ വന്യജീവികൾ കാടിറങ്ങി വരുന്നു. വേനൽ കാലത്ത് ഇതു കൂടുതലായിരിക്കും. പിന്നീട് ഡിസംബർ മാസത്തിലെ വിളവെടുപ്പിന്റെ സമയത്തും. ഇന്ന് ആന വരുന്നത് കണ്ടാൽ ഞങ്ങളെല്ലാവരും കൂടി അവയെ ഓടിക്കും. കാരണം പണ്ടുകാലത്ത് ഉണ്ടായിരുന്ന ശല്യം പോലെയല്ല ഇപ്പോഴത്തെ ശല്യം. മൃഗങ്ങൾ ഭയങ്കര ആക്രമകാരികൾ ആയിരിക്കുന്നു. പണ്ടൊക്കെ ആനകൾ വന്നാലും ഞങ്ങൾ അവരെ ശ്രദ്ധിക്കാതെ നിൽക്കും. ഇപ്പോൾ അത് പറ്റില്ല. ഓടിക്കുക തന്നെ വേണം. അങ്ങനെ ചെയ്യുമ്പോൾ അപകടങ്ങൾ കുറയും. കാട്ടിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ജീവിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാ എന്നതാണ് ഇതിന്റെയെല്ലാം പ്രധാന കാരണം.”
മുത്തങ്ങയിൽ നിന്നും പോയത് വയനാട് വന്യജീവി സങ്കേതത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള മറ്റൊരു ജനവാസ മേഖലയായ തിരുനെല്ലിയിലേക്കായിരുന്നു. തിരുനെല്ലിയിലേക്കുള്ള യാത്ര തന്നെ വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ തീവ്രത മനസ്സിലാക്കിപ്പിക്കുന്ന ഒന്നായിരുന്നു. മുമ്പെങ്ങും ഇല്ലാത്ത വിധം വന്യജീവികൾ മനുഷ്യവാസ സ്ഥലങ്ങളിലേക്കും വനാതിർത്തികളിലും എത്തുന്നുണ്ട് എന്നത് തിരുനെല്ലിയിലേക്കുള്ള യാത്രയിൽ തന്നെ ബോധ്യപ്പെടുന്ന സഹാചര്യങ്ങളുണ്ടായി. റോഡിന്റെ ഇരുവശങ്ങളിലുമായി മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കും തിരിച്ചുമുള്ള യാത്രയിൽ ആറ് ആനകളെയാണ് വഴിയരികിൽ കണ്ടത്. വർദ്ധിച്ചു വരുന്ന ആനകളുടെ ഈ സാന്നിദ്ധ്യത്തെ കുറിച്ചാണ് തിരുനെല്ലിയിൽ ഹോട്ടൽ നടത്തുന്ന ജയപ്രകാശിനും പറയാനുണ്ടായിരുന്നത്: “എന്റെ അച്ഛന്റെയെല്ലാം ചെറുപ്പക്കാലത്ത് തിരുനെല്ലിയിലേക്ക് കുടിയേറിയവരാണ് ഞങ്ങൾ. അന്ന് ഞാൻ ജനിച്ചിട്ടു പോലുമില്ലായിരുന്നു. പിന്നീട് ഞാനും വിവാഹ ശേഷം ഇവിടെ തന്നെ സെറ്റിൽ ആയി. എന്റെയെല്ലാം കുട്ടിക്കാലത്തും ഇവിടെ ഇക്കാണുന്ന മൃഗങ്ങളെല്ലാം തന്നെയുണ്ടായിരുന്നു. പക്ഷെ ഇപ്പോളുള്ളതുപോലെ റോഡുകളിലൊന്നും കാണാറില്ല എന്നു മാത്രം. എങ്കിലും ഇപ്പോൾ മൃഗങ്ങളുടെ എണ്ണത്തിൽ അൽപ്പം വർദ്ധനവുണ്ട് എന്ന് തോന്നുന്നു. ആനകളെ എന്നും വൈകുന്നേരങ്ങളിൽ ഇവിടുത്തെ റോഡുകളിലും ജംഗ്ഷനുകളിലും കാണാം. പക്ഷെ അവർ ഞങ്ങളെ ഉപദ്രവിക്കാറില്ല. എന്നാൽ കുരങ്ങ് അങ്ങനെയല്ല. കുരങ്ങാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്നത്. എല്ലാ വീട്ടിലും പച്ചക്കറിയും പഴങ്ങളും പേരക്കയും എല്ലാം ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഇപ്പോൾ ആളുകൾ കൃഷി ചെയ്യാൻ മടിക്കുന്നു. കുരങ്ങുകൾ തിന്നുമോ എന്ന ഭയമാണ് അവർക്ക്. പപ്പായ ഉള്ള വീടുകളിൽ കുരങ്ങു ശല്യം എന്നുമുണ്ടാകും. അതിനാൽ തിരുനെല്ലിയിൽ ഒറ്റ വീടുകളിൽ പോലും ഇപ്പോൾ ആരും പപ്പായ വെക്കാറില്ല. രാത്രികാലങ്ങളിലാണ് ആനക്കൂട്ടങ്ങൾ കാടിറങ്ങുക. പല സെറ്റിൽമെന്റുകളിലും അവർ തെങ്ങെല്ലാം വേരോടു പിഴുതു കളയും. കാട്ടിൽ ഭക്ഷണം കുറവായതിനാണ് നാട്ടിലെ ഭക്ഷണം തേടിയാണ് മൃഗങ്ങൾ വരുന്നത്. കുട്ടിക്കാലത്ത് ആനയെ കാണുന്നതെല്ലാം ഞങ്ങൾക്ക് ഒരു ഹരമായിരുന്നു. അപൂർവ്വമായല്ലേ അന്ന് ആനകളെ കാണൂ. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. എല്ലാ ദിവസവും ആനയെ കാണും. ഞങ്ങളുടെ കുട്ടികൾക്കെല്ലാം ആന അവരുടെ ദൈനംദിന ജീവിതത്തിൽ വന്നു പോകുന്ന ഒരാളായി മാറിയിരിക്കുന്നു.”
എന്നാൽ മനുഷ്യരും വന്യജീവികളും തമ്മിലുണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ടതിന്റെ ആശങ്കകളാണ് തിരുനെല്ലിയിൽ താമസിക്കുന്ന കുറുമ ആദിവാസിയായ കാളൻ പറയുന്നത്. “വേനൽക്കാലമാകുമ്പോഴാണ് സാധാരണ ഇവിടെ ആന ഇറങ്ങുന്നത്. പണ്ട് ചെറുപ്പത്തിൽ ആനയോ കരടിയോ കടുവയോ ഉണ്ടെങ്കിലും അവ അപൂർവ്വമായേ ഞങ്ങളുടെ അടുത്തേക്ക് വരാറുള്ളൂ. പതിവായി കാണാറില്ലെങ്കിലും അവരെല്ലാം ഞങ്ങളുടെ കാടിന്റെയും ജീവിതത്തിന്റെയും തന്നെ ഭാഗമായിരുന്നു. ആരും ഞങ്ങളെ ആക്രമിച്ചിരുന്നില്ല. ഇന്ന് മൃഗങ്ങളെല്ലാം ഭക്ഷണം തേടി ഇങ്ങോട്ടു വരികയാണ്. ആനകളെ ഞങ്ങൾ കൂട്ടമായി ശബ്ദമുണ്ടാക്കി ഓടിക്കും. ഓടിക്കുന്നതിനിടയിൽ ചില ആനകൾ തിരിഞ്ഞ് ഞങ്ങളുടെ നേരെ ഓടും. അപ്പോ നമ്മളും ഓടണം. ചിലരെല്ലാം അടുത്തുള്ള മരങ്ങളിലേക്ക് ഓടിക്കേറും. സാധാരണ ഞങ്ങൾ അങ്ങനെയാണ് ചെയ്യാറ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ധൈര്യവും കഴിവും വേഗതയും പ്രധാനമാണ്. കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന ആനകളെ പണ്ടെല്ലാം പലതരം ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമെല്ലാം ഓടിപ്പിക്കാമായിരുന്നു. ഇപ്പോൾ എങ്ങിനെ ശ്രമിച്ചാലും അവ പോകില്ല. വാഴയോ, ചേനയോ, പച്ചക്കറികളോ ഒന്നും നടാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.”
തിരുനെല്ലിയിൽ നിന്നുള്ള യാത്ര അവസാനിച്ചത് വയനാട് വന്യജീവി ആക്രമണ പ്രതിരോധ സമിതിയുടെ സജീവ പ്രവർത്തകനായ ടി.സി ജോസ് കാട്ടിക്കുളത്തിന്റെ അനുഭവങ്ങൾ കേട്ടുകൊണ്ടായിരുന്നു. വന്യജീവികളുമായുള്ള സംഘർഷത്തിനിടയിലും കൃഷി തുടരുന്ന ജോസ് കാട്ടിക്കുളത്തെ വീട്ടിലിരുന്ന് സംസാരിച്ചു തുടങ്ങി: “വയനാട്ടിൽ ഇതിനൊരു ശാശ്വത പരിഹാരമില്ല. ഇപ്പോഴുള്ള സംഘർഷത്തിന്റെ പകുതി മാത്രമേ പരിഹരിക്കാൻ കഴിയൂ. സംഘർഷം ലഘൂകരിക്കാൻ മാത്രമെ നമുക്കു കഴിയൂ. കാരണം, വയനാട് എന്നത് പൂർണ്ണമായും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ്. ഇതിന് ചുറ്റിലും ഫെൻസിംഗ് കൊണ്ടുവരിക എന്ന് പറയുന്നത് പ്രായോഗികമല്ല. മറ്റുപല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വനത്തോട് ചേർന്ന് കൃഷിഭൂമിയുള്ള സ്ഥലം ആണ് വയനാട്. തമിഴ്നാടിനെയും കർണാടകയും അപേക്ഷിച്ച് കാലാവസ്ഥ നല്ലതായതിനാൽ വേനൽക്കാലങ്ങളിൽ വന്യമൃഗങ്ങൾ വയനാട്ടിലെ കാടുകളിലേക്ക് എത്തുന്നു. നിലവിൽ വയനാട്ടിൽ സ്വാഭാവിക വനങ്ങൾ വല്ലാതെ കുറഞ്ഞു.
1957ൽ ഗ്വാളിയോർ ഫാക്ടറിക്ക് വേണ്ടി മുള മുറിക്കാൻ ആരംഭിച്ചത് മുതലാണ് വയനാടിന്റെ വനശോഷണം ആരംഭിച്ചത്. റവന്യൂ വരുമാനത്തിന് വേണ്ടി സ്വാഭാവിക വനങ്ങൾ മുറിച്ച് തേക്ക് യൂക്കാലിപ്റ്റസ് തുടങ്ങിയ വനങ്ങൾ വെച്ചുപിടിപ്പിച്ചു. ഇത്തരത്തിൽ മരങ്ങൾ വ്യാപകമായി മുറിക്കപ്പെട്ടതോടെ വയനാടിന്റെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ചൂടിനെ തടഞ്ഞു നിർത്തിയത് മുളങ്കാടുകളും സ്വാഭാവിക വനങ്ങളും ആയിരുന്നു. ഇതു രണ്ടും ഇല്ലാതായതോടെ വയനാട്ടിലെ കാലാവസ്ഥ മാറി. വനത്തിൽ വരൾച്ച കൂടി വെള്ളം കിട്ടാതെ വന്നു. വന്യമൃഗങ്ങൾ കഴിച്ചിരുന്ന മുളയും കാട്ടു പുല്ലുകളും ഇല്ലാതായി. ഇതോടെയാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് വരാൻ തുടങ്ങിയത്. തേക്ക്, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങൾ വന്നതോടെ കാടിൻറെ അടിക്കാടുകൾ നഷ്ടമായി. ഈ അടിക്കാടുകളിൽ ആയിരുന്നു വന്യജീവികൾ അവരുടെ ഭക്ഷണം കണ്ടെത്തിയിരുന്നത്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ഈ ഭാഗത്തൊന്നും ആനയുണ്ടായിരുന്നില്ല. കാട്ടുപന്നിയെ കണ്ടിട്ടുണ്ട്. ഏറുമാടങ്ങൾ കെട്ടി കാവൽ കിടക്കുക എന്നത് ഞങ്ങൾക്ക് അന്നും ശീലമായിരുന്നു. ഇന്ന് അതില്ലാതെ പറ്റാത്ത അവസ്ഥ വന്നു. എന്റെ ഓർമ്മയിൽ 1980കൾക്ക് ശേഷമാണ് ആന ശല്യം രൂക്ഷമായത്. ആന എന്നത് മനുഷ്യന്റെ ശത്രുവല്ല. ചില ഒറ്റയാൻമാർ മാത്രമേ പ്രശ്നമുള്ളൂ. ഒരുപാട് ആനകൾ കൂട്ടമായി നടക്കാറുണ്ടായിരുന്നില്ല. ഇന്ന് ആനകളുടെ സ്വഭാവം നന്നായി മാറിയിട്ടുണ്ട്. അക്രമകാരികളായ ആനകളെ പിടിച്ചു മെരുക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ആനയ്ക്ക് സ്വയം രക്ഷപ്പെടാൻ കഴിയില്ല എന്ന് തോന്നുമ്പോൾ മാത്രമേ ആന മനുഷ്യരെ ആക്രമിക്കാറുള്ളൂ. ഗ്രാമസഭകൾക്ക് ഇത്തരം പ്രശ്നത്തെ പരിഹരിക്കാനുള്ള തീരുമാനമെടുത്ത് അത് മേൽ കമ്മിറ്റികളിലേക്ക് അയക്കാവുന്നതാണ്. നിരവധി പഞ്ചായത്തുകൾ അത്തരത്തിൽ തീരുമാനങ്ങൾ എടുക്കാറുണ്ട്. പക്ഷെ അത് പരിഗണിക്കപ്പെടാറില്ല. പ്രായോഗികമായ ഗ്രാമസഭകളുടെ നിർദ്ദേശങ്ങളെ പരിഗണിക്കാതെ അപ്രായോഗികമായ തീരുമാനങ്ങൾ നടപ്പിലാക്കുകയാണ്. കൃഷി വകുപ്പും വനം വകുപ്പും ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂ.”
മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന പാരസ്പര്യത്തിൽ വന്ന ഇടർച്ചകളാണ് വന്യജീവി മനുഷ്യ സംഘർഷങ്ങൾ കൂടാൻ കാരണമായിത്തീർന്നത് എന്നാണ് വയാനാട്ടിലെ ഈ വ്യത്യസ്ത അനുഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വനവുമായുള്ള ആശ്രിത ബന്ധം നഷ്ടമായതോടെ വന്യജീവികളുമായുള്ള സഹവാസത്തിന്റെ സാധ്യതകൾ മുറിഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്കിലും സംഘർഷങ്ങളെ നേരിടാൻ വേണ്ടി പരമ്പരാഗത അറിവുകളെയും പുതിയ സാങ്കേതികവിദ്യകളെയും കോർത്തിണക്കിക്കൊണ്ടുള്ള മാർഗങ്ങൾ വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പല സമൂഹങ്ങളും അവലംബിക്കുന്നുണ്ട്. ചിലയിടങ്ങളിൽ അത് വിജയിക്കുമ്പോൾ, മറ്റ് ചിലയിടങ്ങളിൽ വേണ്ടത്ര പിന്തുണ കിട്ടാതെ അത് ഫലപ്രദമാകാതെ പോകുന്നു. സംസാരിച്ചവരെല്ലാം ഒരുപോലെ പങ്കുവച്ച ഒരു കാര്യം സർക്കാർ (വനംവകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന) പദ്ധതികളുടെ പരാജയമാണ്. ജനങ്ങളുടെ മുൻകൈയിൽ നടക്കുന്ന സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളെ സർക്കാർ സംവിധാനങ്ങൾ കാര്യമായി ശ്രദ്ധിക്കുകയും ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
മനുഷ്യകേന്ദ്രീകൃതമായ പ്രവർത്തനങ്ങൾക്ക് മാത്രം സംഘർഷങ്ങളെ ലഘൂകരിക്കാൻ കഴിയില്ല എന്നതും പരിഗണിക്കേണ്ട കാര്യമാണ്. മനുഷ്യരും വന്യജീവികളും നേരിടുന്ന സംഘർഷങ്ങൾക്കും സമ്മർദ്ദങ്ങൾക്കും തുല്യ പ്രാധാന്യം ലഭിക്കുന്ന പദ്ധതികൾ തദ്ദേശജനതയുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതായുണ്ട്. ജനങ്ങൾക്ക് കൂടുതൽ പങ്കാളിത്തമുള്ള ഒരു ഭരണക്രമം (Collaborative Governance) മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ രൂപപ്പെട്ടുവരണം. മനുഷ്യരും വന്യജീവികളും തമ്മിൽ മുമ്പുണ്ടായിരുന്നതുപോലെയുള്ള സഹജീവിതം (co-existence) സാധ്യമാകുമോ എന്നത് നിർണ്ണായകമായ ചോദ്യമാണ്. കോ-എക്സിസ്റ്റൻസിന്റെ സാധ്യതകളെ കുറിച്ചുള്ള പഠനങ്ങൾ ആഗോളതലത്തിലുള്ള പല മാതൃകകളും മുന്നോട്ടുവയ്ക്കുന്നുണ്ട്. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ സാഹചര്യങ്ങളിൽ അത് എത്രമാത്രം സാധ്യമാണ് എന്നതും തീർച്ചയായും അന്വേഷിക്കപ്പെടേണ്ടതാണ്. നമ്മുടെ അതിർത്തി ഗ്രാമമായ വാൽപ്പാറയിൽ അത്തരത്തിലുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. കേരളത്തിലുള്ള പല സ്ഥലങ്ങളിലും കോ-എക്സിസ്റ്റൻസിന്റെയും ജനപങ്കാളിത്തത്തോടെയുള്ള സംഘർഷ ലഘൂകരണത്തിന്റെയും ശ്രമങ്ങൾ പ്രാദേശികമായി നടക്കുന്നുണ്ട്. അതെല്ലാം കൃത്യമായി ഡോക്യുമെന്റ് ചെയ്യപ്പെടുകയും സർക്കാർ സംവിധാനങ്ങൾ അത്തരം ശ്രമങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പരീക്ഷിക്കുന്നതിനും സന്നദ്ധമാകേണ്ടതുണ്ട്. അതല്ലാതെ അരിക്കൊമ്പന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ മൃഗങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് തീർച്ചപ്പെടുത്തുന്ന ചർച്ചകളും ഭരണനടപടികളും മനുഷ്യവന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പരിഹാരമാവുകയേയില്ല. സംഘർഷ സാധ്യതകൾ അവിടെ അവശേഷിപ്പിച്ചുകൊണ്ട് അതിലെ ഒരു കണ്ണിയെ മാത്രം നീക്കുന്നതിൽ എന്താണ് കാര്യം? നാളെ മറ്റൊരാനയ്ക്ക് കൂടി ഒരു പേര് നൽകാം, അതിനെ നാടുകടത്താം എന്നുമാത്രം.