ഗാന്ധിക്കൊപ്പം കസ്തൂർബയിലൂടെയും കടന്നുപോയ അരുൺ ഗാന്ധി

2023 മെയ് 2ന് അന്തരിച്ച, മഹാത്മാ ​ഗാന്ധിയുടെ ചെറുമകൻ അരുൺ മണിലാൽ ​ഗാന്ധി അനുസ്മരണം

To all the women who, for generations, quietly and unstintingly submerged their own identities so that their husband’s could blossom… ( ഭർത്താക്കന്മാരുടെ സ്വപ്‌നങ്ങൾ പൂവണിയാനായി തലമുറകളോളം നിശബ്ദമായും, നിസീമമായും ആത്മാവിഷ്കാരങ്ങളെ ഒതുക്കി വച്ച സ്ത്രീകൾക്ക്). 2023 മെയ് രണ്ടിന് അന്തരിച്ച മഹാത്മഗാന്ധിയുടെ ചെറുമകൻ അരുൺഗാന്ധിയും ഭാര്യ സുനന്ദ ഗാന്ധിയും ചേർന്നെഴുതിയ ‘ഫോർഗോട്ടൺ വുമൻ: ദി അൺടോൾഡ് സ്റ്റോറി ഓഫ് കസ്തൂർബാ’ എന്ന പുസ്തകത്തിലെ സമർപ്പണ വാചകങ്ങളാണിത്. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അരുൺ ഗാന്ധി മഹാത്മാ ഗാന്ധിയുടെ മകൻ മണിലാൽ ഗാന്ധിയുടെയും സുശീലാ മഷ്‌റുവാലയുടെയും മകനായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും മഹാത്മാ ​ഗാന്ധി പ്രസിദ്ധീകരിച്ചിരുന്ന ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പത്രത്തിന്റെ ചുമതല വഹിക്കുകയായിരുന്നു മണിലാൽ ഗാന്ധി എന്നതിനാൽ അരുൺ ​ഗാന്ധിയുടെ ജനനം ​ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ആയിരുന്നു. എന്നാൽ 1946-ൽ മഹാത്മാ ഗാന്ധിക്കും കസ്തൂർബയ്ക്കും ഒപ്പം ഇന്ത്യയിലെ സേവാഗ്രാം ആശ്രമത്തിൽ ഏറെക്കാലം താമസിക്കാൻ അരുൺ ​ഗാന്ധിക്ക് അവസരമുണ്ടായി.

​അരുൺ ​ഗാന്ധി, മഹാത്മാ ​ഗാന്ധിക്കൊപ്പം

ഗാന്ധിയിജിയുടെ ജീവിതപങ്കാളി എന്നതിനപ്പുറം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ കസ്തൂർബാ ഗാന്ധിയെന്ന ശക്തയായ സ്ത്രീയെ കുറിച്ച് ലോകം അറിയപ്പെടാതെ പോയ വിവരങ്ങൾ ‘ഫോർഗോട്ടൺ വുമൻ: ദി അൺടോൾഡ് സ്റ്റോറി ഓഫ് കസ്തൂർബാ’ പുസ്തകത്തിലൂടെ അരുൺ ഗാന്ധി പുറത്തുകൊണ്ടുവന്നു. ഇന്ത്യൻ സ്വാതന്ത്ര്യലബ്ദിയുടെ കീർത്തി ഗാന്ധിയിൽ മാത്രം ഒതുങ്ങി പോകുകയും, ആ പ്രഭയിൽ കസ്തൂർബ മങ്ങിപ്പോവുകയും ചെയ്തതുകൊണ്ടാകാം അരുൺ ഗാന്ധി എന്ന ചെറുമകൻ 30 വർഷം നീണ്ട ഗവേഷണത്തിലൂടെ മുത്തശ്ശിയെക്കുറിച്ച് ഒരു പുസ്കതം രചിക്കുന്നത്. നിരവധി പ്രതികൂല സാഹചര്യങ്ങളിൽ കസ്തൂർബാ ഗാന്ധി മഹാത്മാഗാന്ധിയോടൊപ്പം നിന്നതും ഗാന്ധിജിക്ക് ആത്മവിശ്വാസം പകർന്നതും ഈ പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. കസ്തൂർബാ ഗാന്ധിയുടെ പോരാട്ട വീര്യം, സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീ പങ്കാളിത്തം തുടങ്ങി കസ്തൂർബായുടെ കാഴ്ചപ്പാടിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുസ്തകം. ഔപചാരികമായി വിദ്യാഭ്യാസമില്ലാതിരുന്നിട്ടും തന്റെ ജീവിതാനുഭവങ്ങളിലൂടെ ലോകത്തെ മനസിലാക്കുകയും, കൃത്യമായ നിലപാടുകളിലൂടെ ഗാന്ധിജിയിൽ ശക്തമായ പ്രതിഫലനം സൃഷ്ടിക്കിക്കുകയും ചെയ്തു കസ്തൂർബാ ഗാന്ധി എന്ന് ‘ഫോർഗോട്ടൺ വുമൻ: ദി അൺടോൾഡ് സ്റ്റോറി ഓഫ് കസ്തൂർബ’ എന്ന പുസ്തകം പറഞ്ഞുവയ്ക്കുന്നു.

ഗാന്ധിജി ജയിലിൽ കഴിയുമ്പോൾ 1942 ഓഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കസ്തൂർബ നടത്തിയ പ്രസംഗത്തെക്കുറിച്ച് ഈ പുസ്തകം വിവരിക്കുന്നുണ്ട്. “ഇന്ത്യയിലെ സ്ത്രീകൾ അവരുടെ കഴിവ് തെളിയിക്കേണ്ടതുണ്ട്. ജാതിമത ഭേദമന്യേ അവരെല്ലാം ഈ സമരത്തിൽ അണിചേരണം. സത്യവും അഹിംസയും നമ്മുടെ മുദ്രാവാക്യങ്ങളായിരിക്കണം.” ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനും ഏകോപിപ്പിക്കാനും നടന്ന ആ സമരത്തിന് ശക്തിപകരുന്നതിൽ കസ്തൂർബ എന്ന ഒറ്റയാൾ പോരാളിക്കും പങ്കുണ്ടായിരുന്നു. കസ്തൂർബാ ഇച്ഛാശക്തിയോടെ വെല്ലുവിളികൾ ഏറ്റെടുക്കുകയും, സ്വതന്ത്രമായി യാത്ര ചെയ്യുകയും, സമാധാനപരമായി സംഘടിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

അരുൺ ​ഗാന്ധിയിലെ ആക്ടിവിസ്റ്റ്

ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ അരുൺ തന്റെ മുത്തച്ഛനായ ഗാന്ധിജിയുടെ പാത പിന്തുടർന്നു. ദാരിദ്ര്യത്തിലെ ഹിംസ എന്താണെന്ന് തിരിച്ചറിയാനായി ദരിദ്രരായ കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കാൻ മുത്തച്ഛൻ മഹാത്മാ ഗാന്ധി പ്രേരിപ്പിച്ചിരുന്നതായി അരുൺ ​ഗാന്ധി എഴുതിയിട്ടുണ്ട്. ദാരിദ്ര്യമാണ് ഏറ്റവും വലിയ ഹിംസയെന്നും വർണം, ഭാഷ, വിദ്യാഭ്യാസം എന്നിവയുടെ പേരിലുള്ള വിവേചനവും ഒരർത്ഥത്തിൽ ഹിംസയാണെന്നും മനസ്സിലാക്കാൻ ​മുത്തച്ഛന്റെ ഈ രീതി അരുണിനെ സഹായിച്ചു. അക്രമം എന്നത് യുദ്ധത്തിലും വെട്ടിപ്പിടിക്കലിലും മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് തിരിച്ചറിയുന്നത് ​ഗാന്ധി പകർന്ന പാഠങ്ങളിലൂടെയാണെന്ന് അരുൺ ​ഗാന്ധി എഴുതുന്നു. അധികാര രാഷ്ട്രീയത്തിൽ ഇടമുണ്ടാക്കാനായി കുടുംബബന്ധങ്ങൾ വ്യാപകമായി ഉപയോ​ഗിക്കപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ രാഷ്ട്രപിതാവിന്റെ ചെറുമകനായിട്ട് പോലും സ്ഥാനമാനങ്ങളും അധികാരവും മോഹിക്കാതെ, ജീവിതത്തിന്റെ സിംഹഭാഗവും സാമൂഹ്യ പ്രവർത്തനത്തിനും എഴുത്തിനുമായി മാറ്റിവയ്ക്കുകയായിരുന്നു അരുൺ ​ഗാന്ധി. അതിലൂടെ ​മഹാത്മാ ​ഗാന്ധി പൊതുജീവിതത്തിൽ സൂക്ഷിച്ച മൂല്യങ്ങൾക്ക് തുടർച്ചയൊരുക്കാൻ അരുൺ ​ഗാന്ധിക്ക് കഴിഞ്ഞു.

അരുൺ ​ഗാന്ധി ഗാന്ധി ലെഗസി ടൂർ അം​ഗങ്ങളോടൊപ്പം

1957-ൽ സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുൺ ​ഗാന്ധിയെ ശുശ്രൂഷിക്കാൻ എത്തിയ നഴ്സ് ആയ സുനന്ദയോട് പരിചരണത്തിനിടയിൽ തോന്നിയ പ്രണയമാണ് പിന്നീട് വിവാഹത്തിലേക്ക് നയിച്ചത്. അർച്ചന ഗാന്ധി, തുഷാർ ഗാന്ധി എന്നിവരാണ് അരുണിന്റെ മക്കൾ. വിവാഹ ശേഷം സുനന്ധ ഗാന്ധി എഴുത്തിലും, ഗവേഷണത്തിലും അരുൺ ഗാന്ധിക്കൊപ്പം കൂടി. റോച്ചസ്റ്റർ സർവകലാശാലയിൽ സ്ഥിതി ചെയ്യുന്ന എം.കെ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ വയലൻസിന്റെ സഹസ്ഥാപക കൂടി ആയിരുന്നു സുനന്ദ. 2007 ഫെബ്രുവരിയിൽ സുനന്ദ​ഗാന്ധി മരണപ്പെട്ടു.

ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലുമുള്ള ഗാന്ധിയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ ആളുകൾക്ക് പരിചയപ്പെടുത്തുക എന്ന ആശയത്തെ മുൻനിർത്തി അരുൺ ഗാന്ധി തുടക്കം കുറിച്ചതാണ് ‘ഗാന്ധി ലെഗസി ടൂർ’. ഗാന്ധിജിയെ കുറിച്ചുള്ള ഓർമ്മകളും ചിന്തകളും ആശയങ്ങളും ഒരൊറ്റ സംരംഭത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇതിന്റെ ധർമ്മം. മണി ഭവൻ, കോലാപൂരിലെ അവാനി, പൂനെയിൽ സ്ഥിതി ചെയ്യുന്ന അഗഖാൻ പാലസ്, മുംബൈയിലെ മാർക്കറ്റ് പാലസ്, സേവാ​ഗ്രാം ആശ്രമം, രാജ്ഘട്ടിലെ ​ഗാന്ധി സമാധി തുടങ്ങിയവയാണ് ഇന്ത്യയിലെ ലെഗസി ടൂറിൽ ഉൾപ്പെടുന്ന പ്രധാന സ്ഥലങ്ങൾ. 1987-ൽ മിസിസിപ്പി സർവകലാശാലയിൽ പഠനം നടത്തുന്നതിനായി ഭാര്യ സുനന്ദയോടൊപ്പം അമേരിക്കയിൽ സ്ഥിര താമസമാക്കുന്നതുവരെ അരുൺ ഗാന്ധി ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്നു. തുടർന്ന് 1991-ൽ അദ്ദേഹം എം.കെ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നോൺ വയലൻസ് ടെന്നസിയിലെ മെംഫിസിൽ സ്ഥാപിച്ചു.

അരുൺ ​ഗാന്ധി, മകൻ തുഷാർ ​ഗാന്ധിക്കൊപ്പം

1982-ൽ റിച്ചാർഡ് ആറ്റൻബറോ എന്ന ബ്രിട്ടീഷ് സംവിധായകൻ തന്റെ മുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഗാന്ധി’ എന്ന സിനിമ നിർമ്മിച്ചപ്പോൾ, ഈ സിനിമയ്ക്ക് 25 മില്യൺ യു.എസ് ഡോളർ സബ്‌സിഡി നൽകിയതിന് ഇന്ത്യൻ സർക്കാരിനെ വിമർശിച്ചുകൊണ്ട് അരുൺ ​ഗാന്ധി ഒരു ലേഖനം എഴുതിയിരുന്നു. പണം ചെലവഴിക്കാൻ അതിലും പ്രധാനപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ സർക്കാരിനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആ ലേഖനം വ്യാപകമായി വായിക്കപ്പെടുകയുണ്ടായി. എങ്കിലും​ ‘ഗാന്ധി’ സിനിമയുടെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത ശേഷം, മുത്തച്ഛന്റെ തത്വശാസ്ത്രത്തെയും പാരമ്പര്യത്തെ ആ സിനിമ ഉയർത്തിപ്പിടിക്കുന്നതായി അരുൺ ​ഗാന്ധി എഴുതുകയും ചെയ്തു.

1893 ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് ഒരു തീവണ്ടി യാത്രയ്ക്കിടയിലായിരുന്നു വെളുത്ത വർ​ഗക്കാരുടെ അത്യന്തം നിഷ്ഠൂരവും ക്രൂരവുമായ വർണ്ണ വിവേചനത്തിന് മഹാത്മാ ഗാന്ധി ഇരയായത്. ദശകങ്ങൾക്ക് ശേഷം അരുൺ ​ഗാന്ധിക്കും ഇതുപോലെയൊരു വിവേചനം ദക്ഷിണാഫ്രിക്കയിൽ നിന്നും നേരിടേണ്ട സാഹചര്യമുണ്ടായി. ഒരു ഇന്ത്യൻ വംശജയെ വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തിന് പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. അന്ന് നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കൻ നിയമങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചില്ല.

അരുൺ ​ഗാന്ധി എന്ന എഴുത്തുകാരൻ

അരുൺ ഗാന്ധി എഴുതിയ പുസ്തകങ്ങളി‍ൽ മഹാത്മാ ​ഗാന്ധിയും അതുപോലെ തന്നെ കസ്തൂർബയും ഒരേ പ്രാധാന്യത്തോടെ കടന്നുവന്നു. ‘ഡോട്ടർ ഓഫ് മിഡ്നൈറ്റ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകം (1998) ഒരു രാഷ്ട്രത്തിന്റെ പിറവിക്ക് പിന്നിലെ ചരിത്ര സംഭവങ്ങൾ വിവരിക്കുന്നതിനൊപ്പം ​ഗാന്ധിയും കസ്തൂർബയും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കൂടാതെ, 1948 ൽ ഒരു ഹിന്ദു തീവ്രവാദിയാൽ കൊല്ലപ്പെട്ട ഗാന്ധിയുടെ കഥ കൂടി വിവരിക്കപ്പെടുന്നുണ്ട് ‘ഡോട്ടർ ഓഫ് മിഡ്നൈറ്റ്’ എന്ന പുസ്തകത്തിൽ. 2014 ൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഗ്രാൻഡ് ഫാദർ ഗാന്ധി വിത്ത് ഓഡിയോ റെക്കോർഡിങ്’. ഗാന്ധിജി എങ്ങനെയാണ് സമാധാനത്തിന്റെ സന്ദേശം പകർന്നുതന്നിരുന്നത് എന്നതിന്റെ വിവരണമാണ് ഈ പുസ്തകം. 2017-ൽ ആണ് ‘ദി ഗിഫ്റ്റ് ഓഫ് ആംഗർ: ആൻഡ് അദർ ലെസണസ് ഫ്രം മൈ ഗ്രാൻഡ്ഫാദർ മഹാത്മാഗാന്ധി’ അദ്ദേഹം എഴുതുന്നത്. ഈ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത് തന്റെ മുത്തച്ഛൻ പഠിപ്പിച്ച സുപ്രധാനവും അസാധാരണവുമായ പത്ത് ജീവിത പാഠങ്ങളാണ് എന്ന് അരുൺ ​ഗാന്ധി പറയുന്നു. ദി വേ ടു ഗോഡ്, വേൾഡ് വിത്തൗട്ട് വയലൻസ്, ലെഗസി ഓഫ് ലൗ, കസ്തൂർബാ എ ലൈഫ്, ഗ്രാൻഡ്ഫാദർ ഗാന്ധി , ബി ദി ചേഞ്ച് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ഥമായ കൃതികളാണ്. അരുൺ ഗാന്ധി എന്ന എഴുത്തുകാരന്റെയും സാമൂഹ്യപ്രവർത്തകന്റെയും വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത് ​മഹാത്മാ ഗാന്ധി പകർന്നുതന്ന മൂല്യങ്ങളെ പല മേഖലകളിലേക്കും കൈമാറാൻ ശ്രമിച്ച ഒരു അസാമാന്യ പ്രതിഭയെയായിരുന്നു എന്ന് ആ ജീവിതവും രചനകളും വ്യക്തമാക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read