ഒരു സത്യാനന്തര, പ്രത്യയശാസ്ത്രാനന്തര, രാഷ്ട്രീയാനന്തര കാലഘട്ടത്തിലാണ് നാം. ബി.ജെ.പി.യുടെ വിജയത്തിന്റെയും കോൺഗ്രസിന്റെ പരാജയത്തിന്റെയും പ്രധാന കാരണമായി ഞാൻ കാണുന്നത് നേതൃത്വത്തിന്റെ ശക്തിയും നേതൃത്വത്തിന്റെ അഭാവവുമാണ്. ബി.ജെ.പിയ്ക്കകത്ത് ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരിക്കുമ്പോഴും ഒരു നേതൃത്വത്തിന്റെയും നേതാവിന്റെയും കീഴിൽ ഐക്യത്തിന്റെ സന്ദേശം നൽകാൻ ബി.ജെ.പിയ്ക്ക് കഴിയുന്നുണ്ട്. രാജസ്ഥാനിലായാലും, മധ്യപ്രദേശിലായാലും ഗ്രൂപ്പ് തർക്കങ്ങൾ ബി.ജെ.പിയ്ക്കകത്തുണ്ട്, എന്നാൽ അതിനപ്പുറം അഭിപ്രായഭിന്നതകൾക്ക് അതീതമായി നിലകൊള്ളുന്ന ഒരു നേതൃത്വമുണ്ട് എന്ന തോന്നലുണ്ടാക്കാൻ ബി.ജെ.പിയ്ക്ക് കഴിയുമ്പോൾ കോൺഗ്രസിനകത്ത് മുഴച്ചുനിൽക്കുന്നത് ഭിന്നതകൾ മാത്രമാണ്. ഭിന്നതകളെ മറികടക്കുന്ന ഒരു നേതൃത്വം കോൺഗ്രസിൽ കാണപ്പെടുന്നില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ വിജയമാണ് ബി.ജെ.പിയുടെ ഈ വിജയങ്ങളുടെ മറ്റൊരു പ്രധാന കാരണം. നരേന്ദ്ര മോദി എന്ന നേതാവിനുള്ള വോട്ടായിട്ടാണ് ഞാൻ ഈ തെരഞ്ഞെടുപ്പ് വിജയങ്ങളെ കാണുന്നത്.
ഈ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ ഭരണവിരുദ്ധ വികാരങ്ങൾ നിലനിന്നിരുന്നു. കോൺഗ്രസ് ജയിച്ച തെലുങ്കാനയിലും ബി.ആർ.എസിന് എതിരായി ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു. രാജസ്ഥാനിലും അതുണ്ടായിരുന്നു, അതോടൊപ്പം തന്നെ രാജേഷ് പൈലറ്റും അശോക് ഗെലോട്ടും തമ്മിലെ തർക്കവും കാരണമായിട്ടുണ്ട്. അതേസമയം മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. എന്നാൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി കാണുന്നില്ല. അതുകൊണ്ടുതന്നെ ഭരണവിരുദ്ധവികാരവും സെലക്ടീവായാണ് പ്രവർത്തിക്കുന്നത് എന്നു വേണം മനസ്സിലാക്കാൻ. തെലങ്കാനയിൽ ബി.ജെ.പിയ്ക്ക് ശക്തനായ ഒരു നേതാവില്ല. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്താൽ വോട്ട് ചെയ്യുന്നവരും തെക്കേയിന്ത്യയിലില്ല. ഹിന്ദി ഹൃദയഭൂമിയിൽ ഒതുങ്ങി നിൽക്കുന്നതാണ് ഇപ്പോൾ ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം. എന്നാൽ കർണ്ണാടകയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ തെക്കേയിന്ത്യയിലും ബി.ജെ.പിയ്ക്ക് സ്ഥാനമുണ്ടായിരുന്നു. തെക്കേയിന്ത്യയുടെയും വടക്കേയിന്ത്യയുടെയും രാഷ്ട്രീയപരമായ ഭിന്നതയിലൂടെ തെക്കേയിന്ത്യക്കാരും വടക്കേയിന്ത്യക്കാരും എങ്ങനെയാണ് ഇന്ത്യൻ രാഷ്ട്രീയത്തെ നോക്കിക്കാണുന്നത് എന്നു മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. ധ്രുവീകരണ രാഷ്ട്രീയത്തിനപ്പുറം രണ്ട് വീക്ഷണത്തിന്റെ വ്യത്യാസം ഈ തെരഞ്ഞെടുക്കലുകളിലുണ്ട്.
വടക്കേയിന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ജനങ്ങളുടെ ജീവിതനിലവാരം വളരെ ഉയർന്ന നിലയാണ് തെക്കേയിന്ത്യയിൽ. തെക്കേയിന്ത്യയിലുള്ളവർ കാണുന്നതു പോലെയല്ല വടക്കേയിന്ത്യക്കാർ രാഷ്ട്രീയത്തെ കാണുന്നത്. അവർ രാഷ്ട്രീയത്തെ വൈകാരികമായി കാണുന്നുണ്ടാവാം, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പിറകെ പോകുന്നുണ്ടാവാം. ജീവിത നിലവാരത്തിൽ മുന്നിട്ട് നിൽക്കുന്ന ഒരു സമൂഹത്തിൽ വൈകാരിക രാഷ്ട്രീയം കുറവായിരിക്കും. എന്നാൽ വികസിതമല്ലാത്ത സമൂഹത്തിന്റെ രാഷ്ട്രീയ വീക്ഷണത്തിൽ വൈകാരികമായ പ്രതിഫലനങ്ങളുണ്ടാവാം, വ്യക്തി ആരാധനയുണ്ടാവാം. ഇങ്ങനെ രണ്ട് രീതിയിൽ രാഷ്ട്രീയത്തെ നോക്കിക്കാണുന്ന ജനങ്ങളാണ് ഇന്ത്യയിലുള്ളത്, അതിനു കാരണം അവരുടെ ജീവിതപശ്ചാത്തലമാണ്. രാഷ്ട്രീയമെന്നുള്ളത് സന്ദർഭോചിതമാണ്.
ബി.ജെ.പിയ്ക്ക് വലിയ വിജയമുണ്ടായി എങ്കിലും കോൺഗ്രസ് അവരുടെ നിലമെച്ചപ്പെടുത്തിയെന്നുള്ളതും കാണാതിരുന്നുകൂടാ. കോൺഗ്രസിന്റെ വോട്ടിങ്ങ് നിലവാരത്തിൽ വർധനവുണ്ടായിട്ടുണ്ട്. അതേസമയം വിജയം നേടാനായി അവർക്ക് കഴിയുന്നതുമില്ല. ഗ്രൂപ്പ് വഴക്ക് ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷേ രാജസ്ഥാനിൽ അവർക്ക് അധികാരം കിട്ടിയേനെ. അങ്ങനെയായിരുന്നെങ്കിൽ അവിടെയും ഭരണവിരുദ്ധ വികാരം പ്രവർത്തിക്കുന്നില്ല എന്നു പറയേണ്ടി വന്നേനെ. ഭരണവിരുദ്ധ വികാരത്തിനും അപ്പുറം മറ്റെന്തോ കൂടി ജനങ്ങൾ അന്വേഷിക്കുന്നുണ്ട്. 2021ലെ കേരളത്തിലെ ഇലക്ഷൻ നോക്കിയാലും പശ്ചിമബംഗാൾ ഇലക്ഷൻ നോക്കിയാലും ഭരണവിരുദ്ധവികാരത്തിനും അപ്പുറം ഭരണം നയിക്കാൻ തങ്ങൾക്ക് പ്രാപ്തിയുണ്ടെന്ന് പ്രതിപക്ഷം തെളിയിക്കേണ്ടിയിരിക്കുന്നു എന്ന ധാരണയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുകൊണ്ടുവന്നത്. ഭരണത്തിലിരിക്കുന്നവർക്കും ഭരണത്തിനും പ്രശ്നങ്ങൾ ഏറെയുണ്ടെങ്കിലും നിങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവരുതന്നെയാണ് ഭേദം എന്ന് ജനങ്ങൾ പറയുന്ന ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയം പോകുന്നത്. അതുകൊണ്ടുതന്നെ ഭരണത്തിലേറാൻ തങ്ങൾക്ക് യോഗ്യത ഉണ്ടെന്ന് പ്രതിപക്ഷം തെളിയിക്കേണ്ടിയിരിക്കുന്നു.
കോൺഗ്രസ് എപ്പോഴും അതിന്റെ മതനിരപേക്ഷമായ അടിത്തറയിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്. കാരണം എ ടീം ഉള്ളപ്പോൾ ബി ടീമിന് വോട്ട് ചെയ്യേണ്ട കാര്യമില്ല. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസുകാർ മനസ്സിലാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പടുക്കുമ്പോൾ പൂരപ്പറമ്പിലേക്ക് എന്നപോലെ കൊട്ടും ബഹളവുമായി വരിക എന്നുള്ളതാണ് കോൺഗ്രസിന്റെ രീതി. പരാജയപ്പെടുന്ന അന്നു മുതൽ അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പ്രവർത്തനം ആരംഭിക്കേണ്ടതുണ്ട്. ബി.ജി.പിയ്ക്ക് പിറകിൽ ആർ.എസ്.എസ് എന്ന ശക്തിയുണ്ട്. നമുക്ക് ഇഷ്ടപ്പെടുന്നതാവണം എന്നില്ലെങ്കിലും അവരുടേതായ രീതിയിൽ ജനങ്ങൾക്കിടയിൽ നിരന്തരം പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസ്. തെലങ്കാനയിൽ ഇനി അടുത്ത തെരഞ്ഞെടുപ്പ് കാലത്താവും ബി.ജെ.പി പ്രവർത്തിക്കുക എങ്കിലും ആർ.എസ്.എസിന്റെ പ്രവർത്തനം ഇല്ലാതാവുന്നില്ല. കോൺഗ്രസിനാവട്ടെ, അഞ്ചു വർഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പുകൾക്കിടയിലെ വിടവുനികത്താൻ മറ്റൊരു ശക്തിയുമില്ല. കോൺഗ്രസിന്റെ ഈ പ്രവർത്തനരീതി മാറേണ്ടതുണ്ട്. തെലങ്കാനയിൽ പോലും ശക്തരായ നേതാക്കൾ ബി.ജെ.പിയിൽ ഉണ്ടായിരുന്നുവെങ്കിൽ കോൺഗ്രസ് ജയിക്കില്ലായിരുന്നു. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ചില സംസ്ഥാനങ്ങളിൽ ഒഴികെ ബി.ജെ.പിയോട് മത്സരിച്ച് ജയിക്കാനുള്ള കരുത്ത് കോൺഗ്രസിനില്ല. പ്രതേകിച്ചും ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയെ തനിച്ച് തോൽപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.
INDIA എന്ന പ്രതിപക്ഷ മുന്നണി പോലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒരു മുന്നണിയായി മാറുന്നു. ഈ മുന്നണി രൂപീകരിച്ചിട്ട് മാസങ്ങൾ പിന്നിടുമ്പോഴും ഒരു പൊതു പരിപാടിയോ ജാഥയോ കൊണ്ടുവരാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. വിലപ്പെട്ട മാസങ്ങളാണ് അവർ നഷ്ടപ്പെടുത്തുന്നത്. ഒന്നു രണ്ട് സീറ്റുകൾക്ക് വേണ്ടി കലഹിക്കുന്നതിന് പകരം ബി.ജെ.പിയെ പരാചയപ്പെടുത്താൻ വിട്ടുവീഴ്ച്ചകൾ ചെയ്യുന്നതിനായി എല്ലാ പാർട്ടിയും തയ്യാറാവേണ്ടതുണ്ട്. എന്നാൽ കോൺഗ്രസിന്റെ ദൗർബ്ബല്യം മുതലെടുത്ത് ചെറിയ പാർട്ടികൾ പോലും മുന്നണിയിൽ ഒന്നു രണ്ട് സീറ്റുകൾക്കായി പോരടിക്കുന്നു. എന്നാൽ അവർക്ക് ഒന്നും കിട്ടുന്നതുമില്ല. ഒരിടത്ത് ഭരണം നഷ്ടപ്പെട്ടപ്പോൾ മറ്റൊരിടത്ത് ഭരണം നേടിയതിനാൽ ഈ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ INDIA മുന്നണിയ്ക്കകത്തെ കോൺഗ്രസിന്റെ സ്വാധീനത്തെ ബാധിക്കാനിടയില്ല. കോൺഗ്രസിന്റെ പരാജയമെന്നും മറ്റു പാർട്ടികളുടെ പരാജയമെന്നും ഈ തിരഞ്ഞെടുപ്പുകളെ കാണുന്നതിന് പകരം എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത് എന്ന് തിരിച്ചറിയുകയാവും INDIA മുന്നണിയെ മുന്നോട്ടുപോകാൻ സഹായിക്കുക.
ആറുമാസക്കാലം എന്നത് രാഷ്ട്രീയത്തിൽ ഒരു നീണ്ട കാലമാണ്. ഇതിനിടയിൽ എന്തും സംഭവിക്കാം. പക്ഷെ ബി.ജെ.പിയുടെ സാധ്യതകൾ കൂടുതലാണെന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്. എന്നാൽ ബി.ജെ.പി വീണ്ടും ഭരണത്തിൽ വരുമെന്നതിന് യാതൊരു ഉറപ്പും ഇല്ലതാനും. നിലവിൽ സാധ്യത കൂടുതൽ അവർക്കാണെന്ന് മാത്രം. INDIA മുന്നണിയെ സംബന്ധിച്ച് ഇതൊരു സന്ദേശമാണ്. അവരുടെ നേതൃത്വം ശക്തിപ്പെടുത്തേണ്ട അനിവാര്യത ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു തുടങ്ങേണ്ടതുണ്ട്. ഒരു മുന്നണി രൂപീകരിച്ചതുകൊണ്ട് മാത്രം വരുന്ന തെരഞ്ഞെടുപ്പിൽ INDIAയ്ക്ക് വിജയിക്കാനാവില്ല.