പതിനഞ്ച് വർഷത്തോളമാകുന്നു വന്യതയുടെ വിളികൾക്ക് കാതോർക്കാൻ തുടങ്ങിയിട്ട്. അതിൽ പത്ത് വർഷം ക്യാമറയും കൂടെയുണ്ടായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിരവധി കാനന ഭൂമികകളിലെത്തിച്ചേരാനും ജീവനും ജീവിതങ്ങളും കാണാനും ക്യാമറയിൽ പകർത്താനും കഴിഞ്ഞു. ഈ യാത്രയിൽ ഏറെ അതിശയിപ്പിച്ച ഇടങ്ങളാണ് ഇന്ത്യയിലെ മരുപ്രദേശങ്ങൾ. മരുഭൂമിയെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന ചിന്ത ചക്രവാളത്തോളം പരന്നു കിടക്കുന്ന ജീവനറ്റ വിശാലതയാണ്. ജീവിതത്തുടർച്ചക്ക് എപ്പോഴും പുതുസാധ്യതകൾ തേടേണ്ട വരണ്ടുണങ്ങിയ ഒരു ദുർഘടപ്രദേശം. അതുകൊണ്ട്, നിശ്ശബ്ദതയും നിശ്ചലതയും മാത്രമാണ് ആ പ്രദേശങ്ങളിൽ അധിവസിക്കുന്നത് എന്ന് ചിന്തിച്ചാൽ തെറ്റിപ്പോകും, അദ്ഭുതകരമായ അതിജീവന ശേഷികൾ കൈവരിച്ച അസംഖ്യം സസ്യ – ജീവിജാലങ്ങൾ നമ്മുടെ മരുഭൂമികളിലുണ്ട്.
ഇന്ത്യയിൽ രണ്ടുതരം മരുപ്രദേശങ്ങളാണ് ഉള്ളത്. ഗുജറാത്തിലെ റാൻ ഓഫ് കച്ച് എന്ന ഉപ്പു മരുഭൂമിയും രാജസ്ഥാനിലെ ഥാർ മണൽ മരുഭൂമിയും. പകൽ സമയത്ത് പൊള്ളുന്ന ചൂടാണെങ്കിൽ രാത്രിയിൽ മഞ്ഞും തണുപ്പും പെയ്തിറങ്ങുന്നു. പരിമിതമായ ഭക്ഷ്യലഭ്യതയും വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയും കാരണം ഇവിടെയുള്ള പക്ഷികളും മൃഗങ്ങളും വളരെ പ്രാധാന്യമേറിയവയാണ്. അവയിൽ തദ്ദേശീയരുണ്ട്, ദേശാടകരുണ്ട്, ലോകത്ത് ഇവിടെ മാത്രം കാണാൻ കഴിയുന്നവരുമുണ്ട്.
മരുപ്രദേശങ്ങളിലെ കാഴ്ചകൾ നിങ്ങളെ തുടർച്ചയായി ഭ്രമിപ്പിക്കും. അവിടെ ഒരു മരുപ്പൂച്ച (ഏഷ്യാറ്റിക് വൈൽഡ് ക്യാറ്റ്/ ഇന്ത്യൻ ഡെസേർട് ക്യാറ്റ് ) ഉണ്ടോ ഇല്ലയോ എന്ന വിഭ്രമത്തിനൊടുവിൽ പെട്ടെന്ന് അതേയിടത്തു നിന്നും ഒരു മരുപ്പൂച്ച എഴുന്നേറ്റ് നടന്നു തുടങ്ങും. അതേവരെ അലസമായിരുന്ന മനസ്സ് പെട്ടെന്ന് കുതിച്ചു ചാടി തയ്യാറാവും. അപ്പോഴാണ് തൊട്ടടുത്ത് ഒരു ബുബുൽ ചില്ലയിൽ നിന്ന് അത് വരെ നിങ്ങൾ കാണാതിരുന്ന, പെട്ടെന്ന് പറന്നു പൊങ്ങിയ പക്ഷി ഒരു ലെസ്സർ കെസ്ട്രൽ ആയിരുന്നോ എന്ന നിരാശ നിങ്ങളെ ആകെ മൂടിക്കളയുക. സന്ധ്യയുടെ ചുകപ്പിലേക്ക് സൂര്യൻ പെട്ടെന്ന് വീണുപോകുന്നതിന് തൊട്ടുമുമ്പ് ഒരു കാട്ടു കഴുതയോ ഫ്ളമിംഗോയോ ഇമ്പീരിയൽ ഈഗിളോ സൂര്യന് മുന്നിൽ ഒരു ഫ്രെമിൽ കിട്ടുകയെന്നതും ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായിരിക്കും. മഞ്ഞുകാലമാകുന്നതോടെ ദേശാടനക്കിളികളുടെ പറുദീസയായി ഇപ്രദേശം മാറും. ഇരപിടിയന്മാരിൽ വമ്പന്മാരായ പരുന്തുകളും, പുള്ളുകളും, മേടുതപ്പികളും മരുപ്രദേശം കയ്യടക്കും.
രാവിലെ സൂര്യൻ എരിഞ്ഞുതുടങ്ങും മുൻപ് ഒരു ഡെസേർട് ഫോക്സ് നിങ്ങളെ അഭിവാദ്യം ചെയ്തു ധൃതിയിൽ ഓടിപ്പോയേക്കാം. കായൽപുള്ളിന്റെ (പെരഗ്രീൻ ഫാൽകൺ) അപാര വേഗതയിലുള്ള പക്ഷിവേട്ടകൾ കണ്ട് നിങ്ങൾ അത്‍ഭുതത്താൽ കണ്ണുകൾ മിഴിക്കും. മടിയുടെ പുതപ്പും ചുറ്റി വെയിലുകായുന്ന ഒരു രാജ പരുന്ത് ( ഈസ്റ്റേൺ ഇംപീരിയൽ ഈഗിൾ) നിങ്ങളെ ശപിച്ചുകൊണ്ട് കനത്ത ചിറകുകളും വീശി പറന്നുയരും. വൈകുന്നേരമാകുന്നതോടെ മേടുതപ്പികളും മറ്റു ചെറിയ പുള്ളുകളും തറയിലിരുന്നു വിശ്രമിക്കുന്നുണ്ടാവും. ജൂലിഫ്ലോറ കാടുകളിൽ നിന്നും ഉറക്കച്ചടവോടെ ഒരു വരയൻ കഴുതപ്പുലി എത്തി നോക്കും. വീണ്ടും ഒരു മരുപ്പൂച്ചയോ കാരകാൽ പൂച്ചയോ എങ്ങുനിന്നെന്നറിയാതെ പൊട്ടിവീണേക്കാം.
രാത്രിയായാൽ പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും ഷഡ്പദങ്ങളുടെയും വരവായി. എട്ടുകാലികൾ വരെ വിഷമുള്ളവയാണ്. മണൽക്കുന്നുകൾക്കു മീതെ ഒളിച്ചിരുന്ന് ആക്രമിച്ചാണ് മിക്ക തേളുകളും പാമ്പുകളും ഇവിടെ ഇര തേടുന്നത്. സോ സ്കേൽഡ് വൈപ്പർ, ഗ്ലോസിബെല്ലീഡ് റേസർ, റെഡ് സാൻഡ് ബോവ എന്നിങ്ങനെയുള്ള പാമ്പുകളെ സാധാരണയായി കാണാൻ കഴിയും. സിൻഡ് സാൻഡ് ഗെക്കോ, ടോഡ് ഹെഡഡ് അഗാമ, സാൻഡ് ഫിഷ് മുതലായ ഉരഗ സ്പീഷീസുകളും ഇവിടെയുണ്ട്. പൂച്ച മൂങ്ങ (ഷോർട് ഇയേർഡ് ഔൾ), പാലിഡ് സ്കോപ്സ് ഔൾ എന്നിങ്ങനെ ചില മൂങ്ങകളുടെ ചിത്രം കൂടി ചേർന്നാലേ മരുഭൂമിയിലെ രാത്രിച്ചിത്രത്തിന് മിഴിവേറൂ. അങ്ങനെ പല തവണകളിലായി, പകലും രാത്രിയിലും പകർത്തിയ മരുഭൂമികകളിലെ കാണാക്കാഴ്ചകൾ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു.




























(ഫീച്ചേർഡ് ഇമേജ്: Peregrine falcon)
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

