അകലെയും അരികിലുമുണ്ട് വന്യതയുടെ അതിശയലോകം

എത്ര കണ്ടാലും മതിവരാത്ത നിരവധി കൗതുകങ്ങൾ പ്രകൃതി നമുക്കായി കരുതിവച്ചിട്ടുണ്ട്. പുതിയ കാഴ്ചകൾ തേടിയുള്ള ഓരോ യാത്രയും നൽകിയ സമ്മാനങ്ങൾ വളരെ അമൂല്യങ്ങളാണ്. കടുവയെ തേടിയുള്ള ആദ്യ യാത്രയിൽ കബനിയിൽ വച്ച് നാലു കടുവകളെ ഒന്നിച്ചു കാണാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയില്ല. അന്ന് ഒരു നല്ല ചിത്രമെടുക്കാനാകാത്ത സങ്കടം ഇനിയും ബാക്കി.

നെല്ലിയാമ്പതിയിൽ മൂന്നുവട്ടം പോയിട്ടുണ്ടെങ്കിലും കഴിഞ്ഞ യാത്രയിൽ വലിയ ഒരാഗ്രഹം സഫലമായി. നമ്മുടെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലിനെ കണ്ണ് നിറയെ, മനസ്സ് നിറയെ കണ്ടാസ്വദിച്ചു. കൂട്ടിൽ അടയിരിക്കുന്ന ഇണക്കിളിക്ക് കൊക്കിൽ കരുതിയ ചെറുപഴങ്ങളുമായി വന്ന് തീറ്റ നൽകുന്ന ആൺ വേഴാമ്പൽ. ചിത്രങ്ങൾ എടുത്ത ശേഷവും ഏറെ നേരം ആ ദൃശ്യം അങ്ങനെ നോക്കി നിന്നു. ആൺ വേഴാമ്പൽ തന്റെ ഇണക്കിളിക്കായി ചെറുപഴങ്ങൾ ശേഖരിക്കുന്ന കാഴ്ചയും കാണേണ്ടത് തന്നെയാണ്.

രണ്ടുമൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടിയാൽ എങ്ങോട്ടെങ്കിലും യാത്രപോകും. എത്ര പോയാലും മടുപ്പ് തോന്നാത്ത യാത്രയാണ്‌ മസിനഗുഡി-മോയാർ ട്രിപ്പ്. കുടുംബത്തോടൊപ്പം14 തവണയിലധികം പോയിട്ടുണ്ട്. മൃഗങ്ങളെയൊന്നും കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പോലും കാട്ടിലൂടെ മണിക്കൂറുകൾ നീളുന്ന ആ യാത്ര അവിസ്മരണീയം തന്നെ.

ലോക്‌ഡൗൺ കാലം ഒട്ടും വിരസതയില്ലാതെ കൊണ്ടുപോകാൻ കഴിഞ്ഞത് വീട്ടുമുറ്റത്തെ വന്യത തിരഞ്ഞതുകൊണ്ടാണ്. ചെറിയ ജീവികളുടെ വലിയൊരു ലോകം നമുക്ക് ചുറ്റുമുണ്ടെന്ന് അത്‍ഭുതത്തോടെയാണ് അന്ന് തിരിച്ചറിഞ്ഞത്. പക്ഷികളുൾപ്പെടെ ജീവജാലങ്ങളെയെല്ലാം eBird, iNaturalist തുടങ്ങിയ ‍‍ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ രേഖപ്പെടുത്താൻ ശ്രദ്ധിക്കാറുമുണ്ട്. വന്യമൃഗങ്ങളെപ്പോലെ ഒരുപാട് പക്ഷികളും ആശ്ചര്യപ്പെടുത്താറുണ്ട്. മാക്കാച്ചിക്കാട, രാച്ചുക്ക്, വേഴാമ്പൽ, കാലൻകോഴി, അങ്ങനെയങ്ങനെ… യാത്രകളിൽ നിന്നും വീട്ടുമുറ്റത്ത് നിന്നും കുഞ്ഞു ക്യാമറയിൽ ഒപ്പിയെടുത്ത ചില കാഴ്ചകൾ ഇവിടെ പങ്കുവയ്ക്കുന്നു.

Also Read

October 5, 2022 3:44 pm