ഒരു ഗവേഷകൻ എന്ന നിലയില് പഠിക്കാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് വായിച്ചറിയുകയും ഒപ്പം ജോലി ചെയ്യുന്നവരോട് കുറേയധികം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും എന്ത് പ്രതീക്ഷിക്കണം എന്നതിൽ ഒരു നിശ്ചയവും ഇല്ലാതെയാണ് 2019ൽ മിനിക്കോയി ദ്വീപിൽ കപ്പലിറങ്ങുന്നത്. അതുവരെയും മിനിക്കോയിയെപ്പറ്റി കേട്ടത് പലതും വിചിത്രവും അത്ഭുതം ഉളവാക്കുന്നതുമായ കാര്യങ്ങളായിരുന്നു.
അറബിക്കടലിൽ ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ് ദ്വീപസമൂഹത്തിൽ ഏകദേശം 11 ദ്വീപുകളാണ് വാസയോഗ്യമായുള്ളത്. അതിൽ തന്നെ അഗത്തി ദ്വീപിൽ മാത്രമാണ് ഇപ്പോൾ വിമാനത്താവളമുള്ളത്. അതുകൊണ്ടുതന്നെ ലക്ഷദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്ത് മാലി ദ്വീപിനോട് ചേർന്ന് കിടക്കുന്ന മിനിക്കോയിലേക്ക് കപ്പലിൽ അല്ലാതെ വൻകരയില് നിന്നും നേരിട്ട് എത്തിച്ചേരാൻ മറ്റു മാർഗങ്ങളൊന്നുമില്ല. ദിവസേനെ ആകെയുള്ള ഒരു അലയൻസ് എയർ വിമാനത്തിൽ കൊച്ചിയില് നിന്ന് അഗത്തിയിൽ പോയി അവിടെ നിന്നും ഹൈ-സ്പീഡ് വെസ്സലോ കപ്പലോ കയറി മിനിക്കോയിലേക്ക് പോകാമെന്ന് വിചാരിച്ചാലും കൊച്ചിയില് നിന്ന് നേരിട്ട് കപ്പൽ കയറി മിനിക്കോയിലേക്ക് പോകുന്നതിനേക്കാൾ വലിയ സമയലാഭമില്ല. (നേരിട്ട് കൊച്ചിയില് നിന്ന് മിനിക്കോയ് കപ്പൽ ലഭിക്കുകയാണെങ്കില് ഏകദേശം 16 മണിക്കൂറാണ് യാത്രാസമയം). പോരാത്തതിന് അഗത്തിയില് നിന്ന് മിനിക്കോയിലേക്ക് എല്ലാ ആഴ്ച്ചയും കപ്പൽ ഉണ്ടാകാറുമില്ല.
ഞാൻ മിനിക്കോയിലേക്ക് പോയത് എം.വി കവരത്തി എന്ന വലിയ കപ്പലിൽ ആയിരുന്നു. ലക്ഷദ്വീപിലെ മിക്ക ദ്വീപുകളുടെയും പടിഞ്ഞാറ് വശം ആഴം കുറഞ്ഞ, ആകാശനീല നിറമുള്ള ലഗൂണും കിഴക്ക് വശം ആഴമുള്ള കടലുമാണ്. ആഴം കുറവായതിനാൽ ലഗൂണുകളിൽ കപ്പലുകൾക്ക് പ്രവേശിക്കാൻ കഴിയില്ല. കിഴക്ക് വശത്ത് ആഴക്കടലിലുള്ള ജെട്ടികളിലാണ് സാധാരണ കപ്പലുകൾ ബെർത്ത് ചെയ്യുക. എന്നാൽ കടല് ക്ഷോഭിക്കുന്ന അവസരങ്ങളിലും മൺസൂണിലും വലിയ കപ്പലുകൾ ഇവിടെ ബെർത്ത് ചെയ്യാറില്ല. അങ്ങനെയുള്ള ദിവസങ്ങളിൽ മത്സ്യബന്ധന ബോട്ടുകളിലോ മറ്റേതെങ്കിലും ചെറിയ ബോട്ടുകളിലോ വേണം ലഗൂണിന് വെളിയില് കപ്പലിറങ്ങി ദ്വീപിലേക്ക് പോകാൻ. എം.വി കവരത്തി വലിയ കപ്പലായതുകൊണ്ട് തന്നെ എനിക്കും ലഗൂണിന് പുറത്ത് കപ്പലിറങ്ങി ചെറിയ ബോട്ടിൽ ദ്വീപിലേക്ക് പോകേണ്ടിവന്നു.
രൂപം, വേഷം, മതം
പോകുന്ന വഴി മിനിക്കോയിക്ക് മുമ്പുള്ള ദ്വീപിൽ കപ്പലടുത്തപ്പോൾ തന്നെ പല യാത്രക്കാരുടെയും ബാഹ്യരൂപത്തിലുള്ള വ്യത്യാസം ഞാൻ ശ്രദ്ധിച്ചു. പൊതുവെ ദക്ഷിണേന്ത്യക്കാരിൽ നിന്നും ലക്ഷദ്വീപിലെ തന്നെ മറ്റു ദ്വീപുകാരിൽ നിന്നും വിഭിന്നമായി മാലി ദ്വീപുകാരുമായോ അല്ലെങ്കിൽ ശ്രീലങ്കൻ സിംഹളരുമായോ ആണ് മിനിക്കോയിക്കാർക്ക് കൂടുതൽ രൂപ സാദൃശ്യം. ലക്ഷദ്വീപിലെ മറ്റെല്ലാ ദ്വീപുകാരും കേരളത്തിൽ ഉള്ള ഇസ്ലാം മതവിശ്വാസികൾ ധരിക്കുന്ന അതെ രീതിയിലുള്ള വസ്ത്രം ധരിക്കുമ്പോൾ മിനിക്കോയിക്കാരാകട്ടെ പൊതുവെ ലുങ്കി, പർദ്ദ, വെള്ളകുപ്പായം, തലേൽക്കെട്ട് ഇവയൊന്നും ധരിക്കാറില്ല. മിനിക്കോയിയിൽ പുരുഷന്മാർ പൊതുവെ ജീൻസ് അല്ലെങ്കിൽ പാന്റും അതിൻ്റെ ഒപ്പം ഷർട്ടോ ടീഷർട്ടോ ആണ് ധരിക്കുക. സ്ത്രീകളാകട്ടെ കാൽമുട്ടിന് കീഴെ ഇറക്കമുള്ള പല വർണ്ണങ്ങളിലുള്ള ഒരു ഉടുപ്പും എംബ്രോയിഡറി ചെയ്ത ഒരു കവണി തട്ടമായിട്ടും ധരിക്കും.
മിനിക്കോയിലെ ഇസ്ലാം മത വിശ്വാസത്തിലും പ്രകടമായ വ്യത്യാസങ്ങളുണ്ട്. പൊതുവെ സുന്നി വിഭാഗം എന്ന് പറയാമെങ്കിലും വഹാബികളെ പോലെ മിനിക്കോയിക്കാർ മഖ്ബറകളിൽ പ്രാർത്ഥിക്കുകയോ പ്രവാചകൻ്റെ ജന്മദിനം ആഘോഷിക്കുകയോ ചെയ്യാറില്ല. ഏതെങ്കിലും കാലത്ത് അറബ് വ്യാപാരികൾ മുഖേനയോ അല്ലെങ്കിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ മാലി ദ്വീപ് സുൽത്താൻ ഇസ്ലാമിലേക്ക് മതം മാറിയപ്പഴോ ആണ് പണ്ട് ബുദ്ധമത വിശ്വാസികളായിരുന്ന മിനിക്കോയ് ജനത ഇസ്ലാം മതം സ്വീകരിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ നൂറ്റാണ്ടുകൾക്ക് ശേഷം 1940കളിൽ മാലി ദ്വീപിൽ നിന്ന് വന്ന മതപ്രഘോഷകനായ മൗലവി ഹുസൈൻ ദീദിയാണ് വഹാബിസം മിനിക്കോയിക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഇപ്പോൾ ജോലിക്കും മറ്റുമായി മിനിക്കോയിയിൽ താമസിക്കുന്ന വഹാബിസം പിന്തുടരാത്ത മറ്റു ദ്വീപുകാർ തെക്കുഭാഗത്തുള്ള ബദർ പള്ളിയിലാണ് നിസ്കരിക്കാൻ പോകാറുള്ളത്.
മിനിക്കോയിയിലെ ഭാഷകൾ
മാലിക്കു എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന മിനിക്കോയിയിലെ പ്രധാന ഭാഷയായ മഹല് മാലി ദ്വീപില് സംസാരിക്കുന്ന ദിവേഹിയുടെ ഒരു ഭാഷാഭേദമാണ്. അറബിയും ഉറുദുവും പോലെ വലത് നിന്നും ഇടത്തേക്ക് എഴുതുമെങ്കിലും മഹലിന് സംസ്കൃതം, സിംഹള തുടങ്ങിയ ഭാഷകളുമായും നല്ല സാമ്യമുണ്ട്. ഇന്ത്യയിലാകമാനം ഏകദേശം 11,000 ജനങ്ങൾ മാത്രമാണ് സംസാരിക്കുന്നത് എന്നതുകൊണ്ട് തന്നെ മഹലിന് ന്യൂനപക്ഷ ഭാഷാപദവി ലഭിച്ചിട്ടുണ്ട്. സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നത് കൊണ്ടും മിനിക്കോയിക്കാർ എല്ലാ ആവശ്യങ്ങൾക്കും അടുത്ത കാലത്തായി ആശ്രയിക്കുന്നത് കൊച്ചിയെ ആയതുകൊണ്ടും ഇപ്പോഴത്തെ തലമുറയിലെ മിക്കവാറും എല്ലാവരും മലയാളം സംസാരിക്കും. എങ്കിലും മഹലിനും ഹിന്ദിക്കുമാണ് ദ്വീപിലെ ആളുകൾ മുൻഗണന നൽകുന്നത്. മിക്ക വീടുകളിലേയും ടി.വിയിൽ ദ്വീപ് ജനത വാർത്ത കാണുന്നതും പാട്ട് കേൾക്കുന്നതും മാലി ദ്വീപിൽ നിന്നുള്ള ദിവേഹി ചാനലുകളിൽ അല്ലെങ്കിൽ ഹിന്ദിയിലാവും.
പതിനാറാം നൂറ്റാണ്ടിൽ കണ്ണൂർ ആസ്ഥാനമായി ഭരിച്ചിരുന്ന അറക്കൽ രാജവംശത്തിന്റെ അധീനതയിലാകുന്നതുവരെ മിനിക്കോയ് ഭരിച്ചിരുന്നതും മാലി ദ്വീപ് രാജാക്കന്മാരായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതേസമയം ദ്വീപിലെ പുരുഷന്മാർക്ക് ഹിന്ദിയോടുള്ള അഭിനിവേശത്തിന് പിന്നിൽ മറ്റൊരു ചരിത്രവുമുണ്ട്. മത്സ്യബന്ധനം കേന്ദ്രീകരിച്ച് ഒരു സമ്പദ് വ്യവസ്ഥ അവിടെ നിലനിൽക്കുമ്പോൾ തന്നെ മിനിക്കോയിയിലെ വലിയൊരു ശതമാനം പുരുഷന്മാരും പണ്ടുകാലം മുതൽക്കേ നാവികരായിരുന്നു. കുറേക്കാലമായി മുംബൈ ആസ്ഥാനമായാണ് ഇന്ത്യയിലെ ഷിപ്പിംഗ് മേഖല പ്രവർത്തിക്കുന്നത് എന്നതുകൊണ്ട് തന്നെ ഹിന്ദി മിനിക്കോയിലേക്കും കടന്നുവന്നു. മാത്രമല്ല, ഹിന്ദിയും ദിവേഹിയും ഇന്തോ-ആര്യൻ ഭാഷകളാണെന്നുള്ള സാമ്യവുമുണ്ട്.
ചൂര പിടുത്തവും ഹിക്കിമസ്സും
ലക്ഷദ്വീപിൽ ആകെ ലാൻഡ് ചെയ്യപ്പെടുന്ന മത്സ്യത്തിൻ്റെ 90 ശതമാനത്തോളവും ചൂരയാണ്. ഈ ചൂര പിടിക്കുന്ന പോൾ ആൻഡ് ലൈൻ മത്സ്യബന്ധന രീതി മാലി ദ്വീപ് വഴി മിനിക്കോയിയിൽ പണ്ട് തന്നെ എത്തിയിരുന്നു. ആവശ്യത്തിന് തൂക്കമെത്തിയ ദേശാടന സ്വഭാവമുള്ള സ്കിപ്പ്ജാക്ക് ഇനത്തിൽ പെട്ട ചൂരയെ മാത്രം ഒന്നൊന്നായി കടലിൻ്റെ അടിത്തട്ടിനോ ആവാസവ്യവസ്ഥക്കോ ഒരു കോട്ടവും തട്ടാതെ പിടിക്കുന്ന വളരെ സുസ്ഥിരമായ ഒരു മത്സ്യബന്ധന രീതിയാണ് പോൾ ആൻഡ് ലൈൻ. പിടിച്ച മീനുകളുടെ വായിൽ നിന്നും കൈ കൊണ്ട് ഹുക്ക് ഊരാതെ തന്നെ ലൈനിൽ നിന്നും ബോട്ടിലേക്ക് ഇടുന്ന കൂട്ടത്തിൽ ഹുക്കും വിടുവിക്കാനുള്ള വൈദഗ്ധ്യം ഉള്ളവരാണ് പോൾ ആൻഡ് ലൈൻ ചൂരപിടുത്തക്കാർ. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ലക്ഷദ്വീപ് മത്സ്യബന്ധന വകുപ്പ് മുൻകൈ എടുത്ത് മിനിക്കോയിയിൽ നിന്നുള്ള ചൂരപിടുത്തക്കാരെ മറ്റു ദ്വീപുകളിൽ കൊണ്ടുപോയിട്ടാണ് അവിടങ്ങളിൽ ഈ മത്സ്യബന്ധന രീതി പരിചയപ്പെടുത്തിയത്.
മിനിക്കോയ് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്നതുകൊണ്ടും പിടിക്കുന്ന ചൂര ദ്വീപിൽ തന്നെ വിറ്റു തീർക്കാൻ വഴിയില്ലാത്തതുകൊണ്ടും പിടിക്കുന്ന ചൂര മുക്കാലും ഹിക്കിമസ് ആക്കുകയാണ് പതിവ്. ഏകദേശം നാലു മുതൽ അഞ്ചു കിലോ വരെ തൂക്കമുള്ള പച്ച ചൂരയാണ് ഒരു കിലോ ഹിക്കിമസ്സായി മാറുന്നത്. വൃത്തിയാക്കിയ ചൂര ഉപ്പുവെള്ളവും സാധാരണ വെള്ളവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്ത് പുഴുങ്ങി പുക കൊടുത്ത് വെയിലത്ത് ഉണങ്ങിയെടുക്കുന്നതാണ് ഹിക്കിമസ്. ചൂര വെച്ച് പലതരം വിഭവങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഉണ്ടാക്കുമെങ്കിലും ഹിക്കിമസ് ഉപയോഗിച്ചുള്ള ചമ്മന്തി, കഞ്ഞി, പലഹാരങ്ങൾ, കറികൾ ഒക്കെയാണ് മിനിക്കോയിയിൽ മുഖ്യം. ഒറ്റനോട്ടത്തിൽ മരക്കഷണം പോലിരിക്കുന്ന ഹിക്കിമസ് മിനിക്കോയിയിൽ ഉപയോഗിക്കുന്നത് കൂടാതെ തൂത്തുക്കുടി വഴി ശ്രീലങ്കയിലേക്കും കയറ്റി അയക്കുന്നുണ്ട്. എന്നാൽ കോവിഡും ശ്രീലങ്കയിലെ സാമ്പത്തിക അസ്ഥിരതയും കാരണം കുറച്ചു കാലമായി ഹിക്കിമസ്സിൻ്റെ വില കുത്തനെ ഇടിഞ്ഞിരിക്കുന്നത് മിനിക്കോയിക്കാരെ തെല്ലൊന്നുമല്ല ബാധിച്ചിട്ടുള്ളത്.
കരയിൽ വരുന്ന ബോട്ടിൽ നിന്നും ചൂര ബോട്ട് ഉടമസ്ഥനും ബോട്ടിൽ പോയ എല്ലാവർക്കും അതിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നയാൾക്കും മാത്രമല്ല ചിലപ്പോൾ പള്ളിക്കും ബോട്ടുടമസ്ഥൻ്റെ ഗ്രാമത്തിനും വെളുപ്പാൻ കാലത്ത് മീൻപിടിക്കാൻ പോകുന്നവരെ വിളിച്ചുണർത്തുന്ന വൈദൊണ്ണക്കക്ക് വരെയും വീതം വെക്കുന്നുണ്ട്. മത്സ്യം വീതംവെക്കുന്ന ഘട്ടം മുതൽ അത് വീട്ടിൽ കൊണ്ടുപോയി ഹിക്കിമസ് ആക്കുന്നത് വരെയുള്ള പ്രവർത്തികൾ സ്ത്രീകളാണ് മിനിക്കോയിയിൽ ചെയ്യാറ്. അതുകൊണ്ടുതന്നെ അവരുടെ ഹിക്കിമസ്സിന് മറ്റു ദ്വീപുകളിലേതിനേക്കാൾ കാലാവധിയും ഗുണവും ഉണ്ടെന്നാണ് മിനിക്കോയിക്കാർ അവകാശപ്പെടുന്നത്.
മരുമക്കത്തായം
പുരുഷന്മാർ ഭൂരിഭാഗവും മിക്ക സമയവും കപ്പലിൽ അല്ലെങ്കിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുകയായതുകൊണ്ട് മിനിക്കോയ് ദ്വീപിലെ സാമൂഹിക ഇടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വളരെ പ്രകടമാണ്. കൂടാതെ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളേയും പോലെ ഇവിടെയും മരുമക്കത്തായ സംവിധാനത്തിലാണ് പിന്തുടർച്ചാവകാശ കൈമാറ്റം നടക്കുന്നത്. ഇതുകൊണ്ടൊക്കെ ആവണം ലോകസഞ്ചാരി ആയ മാർക്കോ പോളോ പണ്ട് മിനിക്കോയിയെ ‘സ്ത്രീകളുടെ ദ്വീപ്’ എന്ന് വിശേഷിപ്പിച്ചത്.
മിനിക്കോയ് ഇരുപതാം നൂറ്റാണ്ട് വരെയും ഭരിച്ചുകൊണ്ടിരുന്ന അറക്കൽ രാജവംശത്തിലും മരുമക്കത്തായ സമ്പ്രദായമാണ് ഇന്ന് വരെയും പിന്തുടരുന്നത്. സ്ത്രീകൾ മുഖ്യ ഭരണാധികാരികൾ ആയി വരുന്ന അറക്കൽ രാജവംശം കേരളത്തിൽ ഉണ്ടായിരുന്ന ഏക ഇസ്ലാമിക രാജവംശമാണ്. ഇപ്പോഴും പ്രതീകാത്മകമായി രാജഭരണ കാലത്തെ ആചാരങ്ങൾ തുടരുന്ന അറക്കൽ രാജവംശത്തിലെ നിലവിലെ രാജ്ഞി ആദിരാജ മറിയുമ്മയാണ്. ജനാധിപത്യ സംവിധാനത്തിൽ എഴുപത് വർഷമായി ഭരണമുള്ള കേരളത്തിൽ ഇന്ന് വരെയും ഒരു വനിത മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നുള്ള വസ്തുത കൂടി ഇതിനൊപ്പം ചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്.
മിനിക്കോയിയിലെ ഗ്രാമവീടുകൾ
വൻകരയിൽ നിന്നും മാത്രമല്ല മറ്റു ദ്വീപുകളിൽ നിന്ന് പോലും വളരെയധികം ദൂരെയായതുകൊണ്ട് തന്നെ മിനിക്കോയിയിൽ ലഭ്യമായ പ്രകൃതിവിഭവങ്ങളെ വളരെയധികം ആശ്രയിച്ച് ജീവിക്കുന്ന ഒരു ജനതയാണ് അവിടെയുള്ളത്. എന്നാൽ ലഭ്യമായ പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാതിരിക്കാനും കഴിയുന്നത്രയും നല്ല ജീവിതനിലവാരം തങ്ങൾക്കുറപ്പാക്കുവാനും പാരമ്പര്യമായി തന്നെ മിനിക്കോയിക്കാർ ചില സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്നും ചെല്ലുന്ന ഏതൊരാൾക്കും അത്ഭുതം ഉളവാക്കുന്നതാണിവ. പരമ്പരാഗതമായ ഈ സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കുക എന്നതായിരുന്നു എൻ്റെ ലക്ഷദ്വീപ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ദ്വീപിലെ മൊത്തം ജനവും, അതായത് ഏകദേശം പതിനോരായിരത്തോളവും പതിനൊന്നു ഗ്രാമങ്ങളിലായിട്ടാണ് താമസിക്കുന്നത്. ഓരോ ഗ്രാമത്തിനും രണ്ടു മൂപ്പന്മാരും രണ്ടു മൂപ്പത്തിമാരും വീതം ഉണ്ട്. ബോഡുകാക്കയെന്നും ബോഡുദാത്ത എന്നുമാണ് മിനിക്കോയിയിൽ ഇവരെ വിളിക്കുക. ഇവരുടെ ജോലികൾ വീതിച്ചു നൽകിയിട്ടുണ്ട് – ഒരു മൂപ്പനും മൂപ്പത്തിയും സർക്കാരുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുമ്പോൾ മറ്റേ മൂപ്പനും മൂപ്പത്തിയും ഗ്രാമത്തിനുള്ളിലെ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഓരോ ഗ്രാമത്തിനും ഗ്രാമ വീടുകളുമുണ്ട്. അവിടെ വെച്ചാണ് സമൂഹസദ്യ, റംസാൻ നാളുകളിലെ ആഘോഷങ്ങൾ തുടങ്ങി ചിലപ്പോൾ സർക്കാരിൻ്റെ വാക്സിനേഷൻ യജ്ഞങ്ങൾ വരെ നടക്കുന്നത്. മാത്രമല്ല ഈ ഗ്രാമ വീടുകൾ കേന്ദ്രീകരിച്ച് ഓരോ ഗ്രാമങ്ങളും സാമ്പത്തിക വരുമാനം ഉണ്ടാക്കുവാനുള്ള ശ്രമങ്ങളും ഒപ്പം തന്നെ അംഗങ്ങൾക്ക് വേണ്ട സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങളും ചെയ്യുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് ട്യൂഷൻ ക്ലാസുകൾ നടത്തുന്നതും അല്ലെങ്കിൽ സ്ത്രീകൾ ചേർന്ന് സ്വയം തൊഴിൽ സംരംഭങ്ങൾ പോലെ പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നതും മറ്റും. ചുരുക്കത്തിൽ ഈ ഗ്രാമങ്ങളും ഗ്രാമവീടുകളും അതിലെ അംഗങ്ങൾക്ക് ഒരു കൈത്താങ്ങും സാമൂഹിക മൂലധനവുമാണ്.
ഗ്രാമത്തിലെ ആഘോഷങ്ങൾ, മരണം, വിവാഹം, വീട് കെട്ടൽ, കുളങ്ങൾ തേകൽ തുടങ്ങിയ എല്ലാ പണികളും എല്ലാവരും ഒരുമിച്ച് വന്നിട്ടാണ് ചെയ്യുക. പുറത്തുനിന്ന് ആളുകളെ കൂലിക്ക് പണിക്ക് നിർത്തേണ്ട ആവശ്യം അടുത്ത കാലം വരെയും മിനിക്കോയിയിൽ ഉണ്ടായിരുന്നില്ല. അതുപോലെ കുളങ്ങളുടെ വിശാലമായ ഒരു ശൃംഖല തന്നെ അവിടെ ഉണ്ടായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും കുളിക്കാനുമായിട്ടാണ് മുഖ്യമായും കുളങ്ങൾ ഗ്രാമങ്ങൾ തോറും എല്ലാവരും ചേർന്ന് വൃത്തിയാക്കി പരിപാലിച്ചിരുന്നത്. പണ്ടൊക്കെ ഓല മേഞ്ഞ വീടുകൾക്ക് തീ പിടിച്ചാൽ അതണയ്ക്കാനും ഈ കുളങ്ങൾ ആവശ്യമായിരുന്നു. പണ്ട് കാലം തൊട്ടേ ദ്വീപിൻ്റെ വടക്കേ ഭാഗമാണ് വീട് വെച്ച് താമസിക്കാനായി ആളുകൾ തിരഞ്ഞെടുത്തിരുന്നത്. ഇതിൻ്റെ കാരണവും ഈ ഭാഗത്ത് ഭൂമിക്കടിയിൽ മഴവെള്ളം കൊണ്ട് റീച്ചാർജ് ചെയ്യപ്പെടുന്ന ശുദ്ധജലത്തിൻ്റെ ലഭ്യതയാണ്. എന്നാൽ കടൽ കൊള്ളക്കാരെ നേരിടാനും ഇങ്ങനെ ഒരുമിച്ച് തിങ്ങി കൂടി പാർക്കുന്നത് ഉപകരിച്ചിരുന്നു എന്നാണ് പറയുന്നത്.
മിനിക്കോയ് ഭരിച്ചവർക്കൊക്കെ ചുങ്കവും മറ്റു പ്രകൃതി വിഭവങ്ങളും സമാഹരിക്കുന്നതിൽ മാത്രമേ താല്പര്യമുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ പ്രാദേശികമായി ജനങ്ങൾ വികസിപ്പിച്ച ഒരു ഭരണസംവിധാനം നൂറ്റാണ്ടുകൾക്ക് മുന്നേ അവിടെ ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സിവിൽ മാത്രമല്ല ക്രിമിനൽ സ്വഭാവമുള്ള പ്രശ്നങ്ങളിലും തീർപ്പ് കല്പിച്ചിരുന്നു. എന്നാൽ ആ ഭരണസംവിധാനങ്ങളും ശരിയത്തിൻ്റെ അടിസ്ഥാനത്തിൽ ഉണ്ടായിരുന്ന പല ശിക്ഷാനടപടികളും 1956ലെ ജനഹിത പരിശോധയിലൂടെ മിനിക്കോയി ഇന്ത്യാ രാജ്യത്തിൻ്റെ ഭാഗമായതിന് ശേഷം കാലക്രമേണ ഇല്ലാതെയായി. അപ്പോഴും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന് വേണ്ടി അവർ ഉണ്ടാക്കിയിരുന്ന ഫലപ്രദമായ പല നിയമങ്ങളും സംവിധാനങ്ങളും മിനിക്കോയിയിൽ നിലനിന്നു.
പണ്ടാരം ഭൂമിയും സബില്ലയും
പണ്ടാരം ഭൂമി എന്ന് അറിയപ്പെടുന്നതും എന്നാൽ പണ്ട് മുതൽക്കേ ജനങ്ങൾ പൊതുവായി നിയമങ്ങൾ ഉണ്ടാക്കി സംരക്ഷിച്ചു പോരുന്നതുമായ ഭൂമിയാണ് ദ്വീപിൻ്റെ ആകെയുള്ള വിസ്തീർണ്ണത്തിൽ 50-60 ശതമാനത്തോളവും. നാട്ടു നിയമം വെച്ചിട്ട് ഇവിടെ ആർക്കും എപ്പോഴും പോയി വിഭവങ്ങൾ സമാഹരിക്കാൻ പണ്ട് അനുവാദം ഉണ്ടായിരുന്നില്ല. നാട്ടുമൂപ്പൻ നിശ്ചയിക്കുന്ന ഒരു ദിവസം മാത്രം വീണു കിടക്കുന്ന മരക്കൊമ്പും വിറകും തേങ്ങയുമൊക്കെ എടുക്കാൻ അനുവാദമുണ്ട്. ആളുകൾക്ക് വീട് കെട്ടാനും മറ്റും പ്രായമായതും വീഴാൻ സാധ്യതയുള്ളതുമായ മരങ്ങൾ നോക്കി അടയാളപ്പെടുത്തി കൊടുക്കും. അവ മാത്രമേ മുറിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. ഈ പ്രക്രിയയെ മിനിക്കോയിയിൽ സബില്ല എന്നാണ് വിളിച്ചുകൊണ്ടിരുന്നത്.
പണ്ട് ഗ്രാമങ്ങൾ പൊതുവായി വീതം വെച്ച് ഉപയോഗിച്ച് കൊണ്ടിരുന്ന പണ്ടാരം ഭൂമി സ്വാതന്ത്ര്യാനന്തരം വ്യക്തികൾക്കായി സർക്കാർ വീതം വെച്ചു കൊടുത്തുവെങ്കിലും പലപ്പോഴും അവിടെ വീട് കെട്ടുവാനോ മറ്റെന്തെങ്കിലും നിർമ്മാണം നടത്തി ആദായം ഉണ്ടാക്കുവാനോ സർക്കാർ അനുവാദം കൊടുത്തിരുന്നില്ല. അതിനാൽ തന്നെ അവിടവിടെയായി ചില വീടുകൾ ഉള്ളതൊഴിച്ചാൽ കുറേക്കാലമായി ആളുകൾ പണ്ടാരം ഭൂമി കാര്യമായി പരിപാലിക്കാറില്ല. മിനിക്കോയിയിൽ ഉള്ള സർക്കാരിൻ്റെ ടൂറിസ്റ്റ് റിസോർട്ടും ബ്രിട്ടീഷ് ഭരണത്തിൻ്റെ ലക്ഷദ്വീപിലെ ഏക ശേഷിപ്പ് എന്ന് പറയാവുന്ന ലൈറ്റ് ഹൗസും ഈ പണ്ടാരം ഭൂമിയുടെ തെക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. അതൊഴിച്ചാൽ ആരും ശ്രദ്ധിക്കാത്ത ഒരു തെങ്ങിൻ തോപ്പ് പോലെ ആയിരിക്കുന്നു ഇന്നത്തെ പണ്ടാരം. മിനിക്കോയി അറ്റോളിൽ തന്നെ ഉള്ള വിരിങ്ങിലി എന്ന ചെറു ദ്വീപിൻ്റെ അവസ്ഥയും വ്യത്യസ്തമല്ല. പണ്ട് വിഭവങ്ങൾ സമാഹരിക്കാനും യാത്ര പോവാനും മറ്റുമായി നാട്ടുകാർ ഉപയോഗിച്ചുകൊണ്ടിരുന്ന ഈ ദ്വീപ് സർക്കാർ ഏറ്റെടുത്തതിന് ശേഷം നാട്ടുകാർക്ക് പ്രാപ്യമല്ലെന്നുവേണം പറയാൻ.
ആറുക്കാട്ടിയും ജമാഅത്തും
ദ്വീപിലെ പ്രധാനപ്പെട്ട ഉപജീവനമാർഗമായ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടും പരമ്പരാഗതമായ ചില സംവിധാനങ്ങൾ മിനിക്കോയിയിൽ നിലവിലുണ്ട്. ആറുക്കാട്ടി അഥവാ ദിശകാണിക്കുന്ന ആൾ എന്ന് അർത്ഥമുള്ള പേരിൽ വിളിക്കപ്പെടുന്ന ഒരാളെ ദ്വീപുകാർ തിരഞ്ഞെടുത്തിട്ടുണ്ടാവും. മത്സ്യങ്ങളെ പറ്റിയും സമുദ്രഘടനയെ പറ്റിയുമൊക്കെ നല്ല വിവരമുള്ള ഇയാളാണ് പണ്ട് കാലത്ത് ദ്വീപിൽ വരുന്ന ചരക്കുകപ്പലുകൾക്കു ലഗൂണിനുള്ളിൽ അടി തട്ടാതെ സഞ്ചരിക്കാൻ വഴി കാണിച്ചു കൊടുത്തുകൊണ്ടിരുന്നത്. ചൂരയ്ക്കുള്ള ഇര മത്സ്യങ്ങളെ പിടിക്കുന്നതിനു ചില മാസങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരവും പാരമ്പര്യമായി ഈ ആറുക്കാട്ടിക്ക് തന്നെയാണ്. ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക പ്രാദേശിക കലണ്ടർ ആയ നക്കായ് അടിസ്ഥാനപ്പെടുത്തിയിട്ടാണ്.
ദ്വീപിലെ മുഴുവൻ പോൾ ആൻഡ് ലൈൻ ചൂര മത്സ്യബന്ധനയാനങ്ങളുടെയും ഉടമസ്ഥന്മാരും ക്യാപ്റ്റന്മാരും ഒന്നിച്ചു ജമാഅത്ത് കൂടിയിട്ടാണ് മറ്റു നിയന്ത്രണങ്ങൾ തീരുമാനിക്കുക. പവിഴപ്പുറ്റുകൾ കൂടുതലായുള്ള ലഗൂണിൻ്റെ ചില ഭാഗങ്ങളിൽ വല വലിക്കാതിരിക്കുക, ലഗൂണിനുള്ളിൽ ലൈറ്റ് വെച്ചു മുട്ട ഇടാത്തതും വലിപ്പം എത്താത്തതുമായ ഇര മത്സ്യങ്ങളെ ആകർഷിക്കാതിരിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുക ഒപ്പം മത്സ്യബന്ധന സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ഓരോ ബോട്ടുകാരും ഇരമത്സ്യം പിടിക്കാനുള്ള പവിഴപ്പുറ്റു തറകൾ അഥവാ മേഗൗ പറഞ്ഞുറപ്പിക്കുക, മത്സ്യബന്ധനയാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന നെറുമഗു എന്ന് പേരുള്ള ലഗൂൺ എൻട്രൻസ് വർഷത്തിലൊരിക്കൽ വൃത്തിയാക്കുക, പുറംകടലിൽ ചൂര പിടിക്കാനായി ബോയകൾ സ്ഥാപിക്കുക തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങളും അവയുടെ മേൽനോട്ടവുമാണ് ജമാഅത്തിൻ്റെ പ്രധാന പ്രവർത്തനങ്ങൾ.
പുതിയ കാലത്തിനൊപ്പവും
പാരമ്പര്യവും പരമ്പരാഗതവുമായ സംവിധാനങ്ങൾ സംരക്ഷിക്കാൻ മിനിക്കോയിക്കാർ വ്യാപൃതരാകുമ്പോൾ തന്നെ പുതിയതരം സാങ്കേതികവിദ്യയോടോ സംവിധാനങ്ങളോടോ അവർ പുറം തിരിഞ്ഞുനിൽക്കുന്നുമില്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ എയ്ഡ്സ് രോഗം ദ്വീപിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം ഇന്ന് വരെയും എലീസ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പുരുഷനേയും സ്ത്രീയേയും മാത്രമേ മിനിക്കോയിയിൽ വിവാഹം കഴിപ്പിച്ചു കൊടുക്കാറുള്ളൂ. പണ്ട് കാലത്ത് വസൂരിയും കുഷ്ഠവും വരുന്നവരെ വിരിങ്ങിലിയിലും ദ്വീപിൻ്റെ വടക്കേ അറ്റത്തുമായി മാറ്റിപാർപ്പിക്കുക വരെ ചെയ്യുമായിരുന്നു. കൂടുതൽ പേരും പണ്ട് മുതൽ കപ്പൽ പണിക്കാരായിരുന്നതുകൊണ്ട് ലോകത്തിൻ്റെ ഏത് ഭാഗത്തും എന്ത് വ്യത്യസ്തമായി കണ്ടാലും അത് സ്വന്തം നാട്ടിൽ വേഗം കൊണ്ടുവരാനും സ്വന്തം വീട് പണിയുമ്പോൾ പോലും ഉപയോഗിക്കാനും ശ്രമിക്കുന്നവരാണ് മിനിക്കോയിക്കാർ. ചിലപ്പോൾ കേരളത്തിൽ ആരുടെയെങ്കിലും കയ്യിൽ കോമ്പസ്സോ ക്രോണോമീറ്ററോ എത്തുന്നതിന് മുൻപ് തന്നെ മിനിക്കോയിക്കാർ അവരുടെ നാട്ടിൽ അത് കൊണ്ടുവന്നിട്ടുണ്ടാവും എന്നാണ് പറയുന്നത്. എന്നിരുന്നാലും വേഗതയുള്ള ഇൻറ്റർനെറ്റോ സ്ഥിരതയുള്ള നെറ്റ്വർക്കോ ഇല്ലാത്തത് മിനിക്കോയിക്കാരെ പിന്നോട്ടടിക്കുന്നുണ്ട്. മാത്രമല്ല അവരുടെ പരമ്പരാഗതമായ സംവിധാനങ്ങൾക്ക് നിയമപരമായ പരിരക്ഷ ഒന്നും തന്നെ നമ്മുടെ രാജ്യത്ത് ഇല്ലാത്തതിനാൽ അവയെല്ലാം കാലക്രമേണ നശിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴും മാറിവരുന്ന രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥകൾക്കിടയിലും സാംസ്കാരിക അതിജീവനത്തിൻ്റെയും സുസ്ഥിരമായ പ്രകൃതിവിഭവ വിനിയോഗത്തിൻ്റെയും മാതൃകയായി മിനിക്കോയ് തലയുയർത്തി നിൽക്കുന്നു, ഒരു ദ്വീപ് വിസ്മയം പോലെ!
(ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖലയെയും ജനസമൂഹത്തിൻ്റെ ജീവനോപാധികളെ പറ്റിയും ഗവേഷണം നടത്തുന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിൺ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ സീനിയർ പ്രോഗ്രാം അസോസിയേറ്റ് ആണ് ലേഖകൻ. സാമൂഹിക ശാസ്ത്ര ഗവേഷകൻ എന്ന നിലയിൽ ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലേക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടത്തിയ യാത്രകളിലൂടെയും ഗവേഷണത്തിലൂടെയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങളാണ് ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.)