ഫോട്ടോഗ്രഫിയിലേക്ക് ചിന്തകൾ കുടിയേറിയ കാലം മുതൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ മസായ് മാറായിൽ നിന്നുള്ള ഫോട്ടോകൾ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു. മസായ് മാറാ ഒരു സ്വപ്നമായി പണ്ടേ ഉള്ളിൽ കടന്നുകൂടി.
അദമ്യമായ ആഗ്രഹത്തിന് കൂട്ടുനിൽക്കാൻ ഈ ലോകം തന്നെ ഗൂഢാലോചന നടത്തുമെന്ന് പൗലോ കൊയ്‌ലൊ പറഞ്ഞതുപോലെ ഒടുവിൽ അത് തീരുമാനമായി. തീയതികൾ നിശ്ചയിച്ച് നെയ്‌റോബിക്ക് എയർ ടിക്കറ്റ് എടുത്തു. താമസിക്കാനുള്ള ക്യാമ്പ് ഒരു സുഹൃത്ത് വഴി ബുക്ക് ചെയ്തു.
അഞ്ചു ദിവസം പത്തു സഫാരി, അവസാന ദിവസം മാറാ വില്ലേജ് വിസിറ്റ് എന്നായിരുന്നു പ്ലാൻ. മാറാ ഗ്രാമനിവാസിയായ ഡ്രൈവർ ജോർജ്ജും ഒരു ലാൻഡ് ക്രൂയിസർ വാഹനവും സഫാരിക്ക് കൂട്ടായുണ്ടായി. ആറുമണിക്ക് സഫാരി തുടങ്ങി പതിനൊന്നു മണിക്ക് ക്യാമ്പിൽ തിരിച്ചെത്തും. ഉച്ചഭക്ഷണവും ചെറിയൊരു ഇടവേളയും കഴിഞ്ഞ് നാലുമണിക്ക് വീണ്ടും തുടങ്ങുന്ന സഫാരി ഏഴുമണിയോടെ അവസാനിക്കും. രാത്രി ഉറങ്ങാൻ കാടിന്റെ സംഗീതം പതിവായി കൂട്ടുവന്നു (ഹിപ്പോ, സിംഹം, ഹൈന തുടങ്ങിയവയുടെ ശബ്ദങ്ങൾ). കുറ്റിക്കാടുകൾക്കിടയിൽ കെട്ടിയ ടെന്റിൽ വെറുമൊരു സിപ്പ് ലോക്ക് സേഫ്റ്റിയിലെ അന്തിയുറക്കം ചെറിയ തോതിൽ ഭീതിയുണർത്തി.
പ്രകൃതിയിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന, എല്ലാവർഷവും നടക്കുന്ന ലക്ഷക്കണക്കിന് മൃഗങ്ങളുടെ ദേശാന്തരഗമനം (ഗ്രെയ്റ്റ് മൈഗ്രേഷൻ – കെനിയയിൽ നിന്നും ടാൻസാനിയയിലേക്കും തിരിച്ചും) കാണാനായാണ് സെപ്റ്റംബർ മാസം തിരഞ്ഞെടുത്തത്. ആയിരക്കണക്കിന് വൈൽഡ് ബീസ്റ്റും സീബ്രകളും ആന്റലോപ്സും കൂടെ ആനക്കൂട്ടങ്ങളും സിംഹങ്ങളും ചീറ്റപുലികളും പുള്ളിപുലികളും ഹൈനകളും ബഫലോകളും ജിറാഫും ഹിപ്പോകളും റൈനോയും സെർവൽ ക്യാറ്റും കുരങ്ങുകളും കാട്ടുപന്നികളും മുതലകളും മുയലുകളും കീരികളും മൂങ്ങകളും ഒപ്പം ഒരുപാട് പക്ഷികളും മുഖം തന്നു. ബോണസ്സായി ഒരു സുന്ദരൻ പോൾക്ക ഡോട്ടഡ് സീബ്രയും. ഞങ്ങൾ അവിടെ എത്തിയ ദിവസങ്ങളിൽ ആദ്യമായി മസായ് മാറയിൽ റിപ്പോർട്ട് ചെയ്ത ഏറെ വ്യത്യസ്തതയുള്ള, കാപ്പിപൊടി നിറമുള്ള ദേഹവും അതിൽ വരകൾക്കു പകരം വെളുത്ത കുത്തുകളും ഉള്ള സീബ്ര കുട്ടി. മൂന്നാം ദിവസം അതിനെ കാണാനും ചിത്രങ്ങൾ പകർത്താനും അവസരമുണ്ടായി. അതായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്.