Trigger warning: sexual abuse content
തൃശൂർ അതിരപ്പിള്ളി പോത്തുംപാറയിലെ മായയ്ക്ക് (പേര് യഥാർത്ഥമല്ല) കഴിഞ്ഞ വർഷം 16 വയസ് കഴിഞ്ഞു. എസ്.എസ്.എൽ.സിയിൽ ഉയർന്ന മാർക്ക് നേടിയ മായ തുടർപഠനം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്ന പെൺകുട്ടിയാണ്. പക്ഷേ, പ്ലസ് വൺ പഠനത്തിനായി അഡ്മിഷൻ ലഭിച്ച ഇടങ്ങളിൽ ഹോസ്റ്റൽ സൗകര്യം കിട്ടാതായതോടെ മായ ചാലക്കുടി ഐ.ടി.ഐയിൽ അഡ്മിഷന് ശ്രമിച്ചു. അവിടെയും താമസ സൗകര്യം ഇല്ലാത്തതിനാൽ അടുത്ത അധ്യയന വർഷം അഡ്മിഷനായി ശ്രമിക്കാമെന്നും ഉപരിപഠനം സാധ്യമാക്കാമെന്നും മായ കരുതി. കഴിഞ്ഞ ഒരു വർഷമായി മായ പോത്തുംപാറ കോളനിയിലുണ്ട്. വന്യമൃഗങ്ങളെയും പ്രകൃതിദുരന്തങ്ങളെയും ഭയന്ന് കോളനിയിൽ കഴിഞ്ഞിരുന്ന കാടർ വിഭാഗത്തിലെ മായയ്ക്ക് ഇപ്പോൾ മനുഷ്യരെയും പേടിയാണ്.
കഴിഞ്ഞ വനിതാ ദിനത്തിലാണ് (മാർച്ച് 8) അതിരപ്പിള്ളിയിൽ നിന്നും ഒരു പോക്സോ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്തുവെന്ന വാർത്ത അത്ര പ്രാധാന്യമില്ലാതെ ന്യൂസ് സ്ക്രോളുകളിലൂടെ കടന്നുപോയി. അടുത്ത വർഷം ഉപരിപഠനത്തിനായി ഒരുങ്ങി നിന്ന മായയായിരുന്നു ആ പെൺകുട്ടി.
മായയ്ക്കുണ്ടായ ദുരനുഭവം
“പഠിക്കാൻ പോയിരുന്നെങ്കിൽ കൊച്ചിന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു.” മായയുടെ ബന്ധുവും ഊരുമൂപ്പന്റെ ഭാര്യയുമായ മയിലമ്മാൾ സങ്കടത്തോടെ പറഞ്ഞു. അതിരപ്പിള്ളിയിൽ നിന്നും മലക്കപ്പാറ പോകുന്ന പ്രധാന വഴിയിൽ നിന്ന് തന്നെയാണ് പോത്തുംപാറ കോളനിയിലേക്കുള്ള വഴി തിരിയുന്നത്. കോൺക്രീറ്റ് ചെയ്ത വഴി മുന്നോട്ട്, അരക്കിലോമീറ്റർ പിന്നിടുമ്പോൾ നീല ടാർപോളിൻ കൊണ്ട് മേൽക്കൂരയിട്ട ചെറിയ കുടിലുകൾ കാണാം. ആനക്കയത്തിലെ കാട്ടാന ശല്യത്തിൽ നിന്നും രക്ഷപ്പെട്ടെത്തി, താത്കാലിക ഷെഡുകളുണ്ടാക്കി താമസിക്കുന്ന 26 കാടർ കുടുംബങ്ങളാണ് പോത്തുംപാറ കോളനിയിൽ നിലവിലുള്ളത്.
“ഇവിടെ വന്നിട്ട് നാല് വർഷം കഴിഞ്ഞു. മയിലാട്ടുംപാറ കുന്നിലായിരുന്നു ആദ്യം. ഉരുള് പൊട്ടി ഞങ്ങളുടെ കോളനിയുടെ തൊട്ടടുത്ത്, ഞങ്ങളുടെ മുന്നിലൂടെയാണ് പോയത്. അതുകണ്ട് പേടിച്ച് ഞങ്ങൾ ആനക്കയത്തിലേക്ക് മാറി.” അനുഭവങ്ങൾ വിവരിക്കുമ്പോൾ, ഉരുൾപൊട്ടൽ നേരിൽ കണ്ടതിന്റെ നടുക്കം മയിലമ്മാളുടെ കണ്ണുകളിലുണ്ടായിരുന്നു. ആനക്കയത്തിലെ പാറപ്പുറത്തായിരുന്നു 26 കുടുംബങ്ങൾ പിന്നീട് അഭയം കണ്ടെത്തിയത്. ചുട്ടുപഴുക്കുന്ന പാറപ്പുറത്ത് മൂന്ന് വർഷത്തോളം അവർ ജീവിച്ചു. “ആനക്കയത്തിലെത്തിയതോടെ പഴയ മൂപ്പന് വയ്യാണ്ടായി. വളരെ ബുദ്ധിമുട്ടിയാണ് മരിച്ചുപോയത്. അവിടെ രണ്ട് മൂന്ന് വർഷം ഇരുന്നപ്പോ കുറച്ച് പേർ വന്നാണ് ഞങ്ങളെ വണ്ടിയിൽ കയറ്റി ഇവിടെ കൊണ്ടുവന്നത്. ഇവിടെ വന്നിട്ട് നാല് വർഷത്തോളം കഴിഞ്ഞു.” പോത്തുംപാറയിലെത്തി നാല് വർഷം പിന്നിടുമ്പോഴും വനാവകാശ നിയമപ്രകാരം അവകാശപ്പെട്ട ഭൂമി അളന്ന് തിരിച്ച് കിട്ടിയിട്ടില്ലെന്ന് മയിലമ്മാൾ സംസാരത്തിന്റെ ഒടുക്കം പരാതിപ്പെട്ടു.
പോത്തുംപാറ കോളനിയിലൂടെ നീണ്ടുപോകുന്ന വഴി പിന്നീട് ബണ്ടാൻ കോളനിയിലേക്കും തവളക്കുഴിപ്പാറ കോളനിയിലേക്കുമാണ് കടക്കുന്നത്. തവളക്കുഴിപ്പാറ നിവാസിയും മായയുടെ ബന്ധു കൂടിയായ ഷിജുവാണ് പോക്സോ കേസിലെ മുഖ്യപ്രതി. ഫോൺ നെറ്റ് വർക്ക് പൊതുവിൽ കുറവായ സ്ഥലമായതിനാൽ നെറ്റ് വർക്ക് കിട്ടുന്ന ഇടത്തേക്ക് നടക്കുകയായിരുന്നു മായ. അപ്പോഴാണ് ഷിജുവിനെ കാണുന്നത്. “എനിക്ക് അറിയില്ലായിരുന്നു മാമൻ ഇങ്ങനെ ചെയ്യുമെന്ന്. ഞാൻ ഫോൺ വിളിക്കാനായി പോയതാണ്. മാമന്റെ ഓട്ടോറിക്ഷ കണ്ടപ്പോൾ മാമനാണല്ലോ എന്ന് കണ്ട് അടുത്ത് പോയി. തവളക്കുഴിപ്പാറയിലെ ചേച്ചിയുടെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് ഓട്ടോയിൽ കയറ്റിയത്. വണ്ടി വേറെ വഴിക്ക് തിരിഞ്ഞപ്പോൾ എനിക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞു.” മായ ഓർത്തു.
“ഞാനിവിടെ കൊച്ചിനെ അന്വേഷിക്കുകയായിരുന്നു. നാല് മണിക്കാണ് ഞങ്ങള് അറിഞ്ഞത്. കുന്നിന്റെ മുകളിൽ ഈറ്റച്ചോലയിൽ അവൻ കൊച്ചിനെ അവിടെ കളഞ്ഞിട്ട് പോയി. ആ കാണുന്ന പാറയുടെ മുകളിൽ.” മായയുടെ അമ്മാമ്മ (അച്ഛന്റെ അമ്മ) സുന്ദരി ദേഷ്യത്തോടെ ദൂരെ കാണുന്ന മലയിലേക്ക് ചൂണ്ടി.
“എന്റെ കൈയിൽ അമ്മാമ്മേടെ ചെറിയ ഫോൺ ഉണ്ടായിരുന്നു. അവർ പോയി കഴിഞ്ഞപ്പോൾ അമ്മാമ്മയ്ക്ക് ഫോൺ ചെയ്തു.” മായ കൂട്ടിച്ചേർത്തു. “ഞങ്ങൾ അന്വേഷിച്ച് പോയി. കൊച്ചിനെ മുതുകത്ത് കെട്ടിക്കൊണ്ടാണ് വന്നത്. നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അന്ന് തന്നെ മൂപ്പൻ പോലീസിൽ പരാതി കൊടുത്തു. മലക്കപ്പാറ, വെറ്റിലപ്പാറ, ചാലക്കുടി പോലീസ് സ്റ്റേഷനുകളിൽ പരാതി കൊടുത്തു. അയാളെ അറസ്റ്റ് ചെയ്തു. കൊച്ച് ഹോസ്പിറ്റലിൽ രണ്ട് ദിവസം കിടന്നു.” സുന്ദരി പറഞ്ഞു.
ഊരിലെ മറ്റ് പെൺകുട്ടികൾ
എസ്.എസ്.എൽ.സി പരീക്ഷ പാസായി തുടർപഠനത്തിന് പോകാതെ കോളനിയിൽ കഴിയുന്ന ഏക വ്യക്തിയല്ല മായ. അതിരപ്പിള്ളി പഞ്ചായത്തിൽ നിന്ന് മാത്രം 19 കുട്ടികളാണ് ചാലക്കുടി ഐ.ടി.ഐയിൽ അഡ്മിഷൻ എടുത്തത്. ആദിവാസി വിഭാഗത്തിൽ മൊത്തം 26 കുട്ടികൾ അഡ്മിഷൻ എടുത്തിരുന്നു. എന്നാൽ ആകെ അഞ്ച് വിദ്യാർത്ഥിനികൾക്ക് മാത്രമാണ് പഠനം തുടരാനായത്.
“എനിക്ക് പഠിക്കാൻ താൽപര്യമുണ്ട്. ചാലക്കുടിയിൽ ഞങ്ങൾക്ക് ഹോസ്റ്റലില്ല. ചാലക്കുടി ഈസ്റ്റിലുള്ള ഹോസ്റ്റലിലും നിർത്തില്ല. അവിടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലാണുള്ളത്. ഐ.ടി.ഐയിൽ പോകുന്ന കുട്ടികൾക്ക് ആ സൗകര്യമില്ല. ഹോസ്റ്റലില്ലായ്മ മാത്രേ ഒരു പ്രശ്നമുള്ളൂ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊക്കെ അറിയിച്ചിട്ടുണ്ട്. പക്ഷേ പരിഹാരമായില്ല.” പതിനേഴുകാരിയായ പ്രിയ ജോസ് പറഞ്ഞു.
‘വാലായ്മ (ആർത്തവം) കൂര’യുടെ മുന്നിൽ നിന്നാണ് പ്രിയയും മഹിതയും അഞ്ജലിയും സംസാരിച്ചത്. മഹിത വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. എസ്.എസ്.എൽ.സി കഴിഞ്ഞ് മഹിതയ്ക്ക് തുടർപഠനത്തിന് കിട്ടിയത് ഇടുക്കിയിലായിരുന്നു. “അവിടെ ഹോസ്റ്റൽ ഉണ്ടായിരുന്നു. പക്ഷേ, വല്ലപ്പോഴും കിട്ടുന്ന സ്റ്റൈപ്പന്റ് വെച്ച് അവിടെ പഠനം തുടരാൻ പറ്റിയില്ല”. മഹിത നിരാശയോടെ പറഞ്ഞു. കാഴ്ചയ്ക്ക് പ്രശ്നമുള്ള അഞ്ജലിയും അടുത്ത അക്കാദമിക വർഷം പഠിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നത്.
ഊര് വിട്ട് പുറത്ത് പോയുള്ള പഠനം ഇവർക്ക് നൽകുന്നത് വിദ്യാഭ്യാസം മാത്രമല്ല, സുരക്ഷിതത്വവും കൂടിയാണ്. പുലിയും, ആനയും, കരടിയുമിറങ്ങുന്ന ഊരിൽ കെട്ടുറപ്പില്ലാത്ത വാലായ്മ കൂരകളിലും വീടുകളിലും കഴിയുന്ന ഇവർക്ക് താൽക്കാലിക സുരക്ഷാ കേന്ദ്രങ്ങൾ കൂടിയാണ് ഹോസ്റ്റൽ ജീവിതം. വനവിഭവങ്ങൾ ശേഖരിച്ചും വാച്ചറായി ജോലി ചെയ്തും ജീവിതമാർഗം കണ്ടെത്തുന്ന മാതാപിതാക്കൾക്കും, രക്ഷാകർത്താക്കൾക്കും മക്കളെ സ്വന്തം ചിലവിൽ പഠിപ്പിക്കുക എന്നത് അപ്രായോഗികവുമാണ്. അതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ മെച്ചപ്പെട്ട സ്ഥലങ്ങളിൽ കുട്ടികൾക്ക് അഡ്മിഷൻ കിട്ടുമെന്ന് അവർ പ്രത്യാശിക്കുന്നു.
“ഇവിടുന്ന് കാലത്ത് 8.30 മണിക്കാണ് ചാലക്കുടിയിലേക്കുള്ള ആദ്യ ബസ്. ആ ബസ് ചാലക്കുടി എത്തുമ്പോൾ 11.30 ആകും. കുട്ടികൾ പഠിച്ചിട്ട് തിരിച്ചെത്തുമ്പോ രാത്രിയാകും.” ആനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യമുള്ള ഇടങ്ങളിൽ നിന്ന് കുട്ടികളെ പഠിപ്പിക്കാൻ അയയ്ക്കാനുള്ള പ്രയാസങ്ങളെപ്പറ്റി പ്രിയയുടെ അച്ഛൻ ജോസ് പറഞ്ഞു.
പഠനം തുടർന്നവരുടെ ക്ലേശങ്ങൾ
കേരള സർക്കാർ ഇൻഡസ്ട്രിയൽ ട്രെയ്നിംഗ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ (ഇൻഡസ്ട്രിയൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) ഒരു ടെക്നിക്കൽ സ്ഥാപനമാണ്. ഏതെങ്കിലും തൊഴിൽ പഠിച്ച്, പെട്ടെന്ന് ജോലി കിട്ടുമെന്ന രീതിയിലാണ് കുട്ടികൾ ഐ.ടി.ഐകളിൽ പൊതുവെ അഡ്മിഷൻ എടുക്കുന്നത്. അതിരപ്പിള്ളി പഞ്ചായത്തിലെ കുട്ടികൾ അഡ്മിഷൻ എടുക്കുമ്പോൾ ട്രൈബൽ ഡിപ്പാർട്മെന്റ് പറഞ്ഞത് അവർക്ക് താമസിക്കാനുള്ള ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്താമെന്നാണ്. പക്ഷേ, പിന്നീട് കുട്ടികൾക്ക് താമസത്തിനുള്ള സൗകര്യമില്ലാതായി. ഭക്ഷണത്തിനുള്ള കാശ് മാത്രമേ അവർക്ക് ലഭിക്കൂവെന്ന് കണ്ടാണ് ഭൂരിഭാഗം വിദ്യാർത്ഥികളും പഠനം നിർത്തി പോയത്. ചാലക്കുടി ഐ.ടി.ഐയിൽ പഠനം തുടർന്ന അഞ്ച് വിദ്യാർത്ഥികൾക്ക് ട്രൈബൽ ഡിപാർട്മെന്റ് താമസ സൗകര്യം ഒരുക്കിയത് തൃശൂരിലെ പുല്ലഴി എന്ന സ്ഥലത്തുള്ള കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിലാണ്. താൽക്കാലിക സൗകര്യമാണെന്നാണ് വിദ്യാർത്ഥിനികളോട് പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ ഒരു വർഷമായി വിദ്യാർത്ഥികൾ പുല്ലഴിയിലെ ഹോസ്റ്റലിൽ നിന്നാണ് ചാലക്കുടി ഐ.ടി.ഐയിൽ പഠിക്കാനെത്തുന്നത്. ദിവസേന രണ്ട് ബസ് മാറിക്കയറിയുള്ള യാത്ര ക്ലേശകരമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. രാവിലെ 7.50നാണ് ചാലക്കുടി ഐ.ടി.ഐയിൽ ആദ്യത്തെ ഷിഫ്റ്റ് ക്ലാസ് തുടങ്ങുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് തുടങ്ങുന്നത് 10 മണിക്കും. വൈകുന്നേരം 5.10 വരെ ക്ലാസ് തുടരും. രാവിലെ 7.50ന് ആരംഭിക്കുന്ന ക്ലാസിന് കയറാൻ വിദ്യാർത്ഥികൾ അഞ്ചേ മുക്കാലിന് പുല്ലഴിയിൽ നിന്നും യാത്ര തിരിക്കണം. പലപ്പോഴും രാവിലെ ഭക്ഷണം കഴിക്കാതെയാണ് അവർ ക്ലാസുകളിൽ എത്തുന്നത്.
“മിക്കവാറും ഐ.ടി.ഐയിൽ എത്തുമ്പോ വൈകാറുണ്ട്. ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോ രാത്രി എട്ട് മണിയാകും. അതുകൊണ്ട് തന്നെ പഠിക്കാൻ സമയം കിട്ടാറില്ല.” വിദ്യാർത്ഥിനിയായ ശ്രീക്കുട്ടി പറഞ്ഞു. “ഇടയ്ക്ക് തൃശൂർ ബസ് ഉണ്ടാകാറില്ല. അപ്പോ ബസ് സ്റ്റാന്റിൽ തന്നെയിരിക്കും. രാവിലെ ഇറങ്ങുമ്പോ ഭക്ഷണം തയാറായിട്ടുണ്ടാകില്ല. അതുകൊണ്ട് രാവിലെ ഭക്ഷണം കഴിക്കാൻ പറ്റാറില്ല. ഇടയ്ക്ക് സ്കൂളിലെ അധ്യാപകർ ഭക്ഷണം വാങ്ങിത്തരാറുണ്ട്.” ശ്രീക്കുട്ടി വിശദീകരിച്ചു.
“ഇപ്പോ ഞങ്ങൾക്ക് യാത്ര ചെയ്യാൻ മാത്രേ സമയമുള്ളൂ. വൈകിയെത്തിയാലും അധ്യാപകർ ഞങ്ങൾക്ക് ഇളവ് തരാറുണ്ട്. ഞങ്ങൾക്കിനി കുറച്ച് മാസങ്ങൾ കൂടെ ക്ലാസുള്ളൂ. പക്ഷേ ഇനി പഠിക്കാൻ വരുന്ന പിള്ളേർക്ക് നന്നായി പഠിക്കണമെങ്കിൽ ഹോസ്റ്റൽ വേണം.” വിദ്യാർത്ഥിനിയായ അനില പറഞ്ഞു.
മറ്റൊരു വിദ്യാർത്ഥിനിയായ സനിതയെ വിവാഹിതയായ ചേച്ചിയാണ് പഠിപ്പിക്കുന്നത്. വീട്ടിൽ നിന്ന് കിട്ടുന്ന കാശ് പലപ്പോഴും തികയാറില്ലെന്ന് സനിത പറയുന്നു. “കുറേ ദൂരം യാത്ര ചെയ്യുന്നത് കൊണ്ട് ചില നേരത്ത് ഛർദ്ദിക്കലും തലവേദനയുമൊക്കെ വരും.” പതിവായി ഒന്നര മണിക്കൂർ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി സനിത വിശദീകരിച്ചു.
“ഡിപാർട്മെന്റ് അവർക്ക് കൊടുക്കുന്ന സംവിധാനമെന്ന് പറയുന്നത് ഭക്ഷണവും താമസ സൗകര്യവും മാത്രമാണ്. ആ കുട്ടികൾ വരുന്നുണ്ടോ പോകുന്നുണ്ടോ യാത്രാ സൗകര്യമുണ്ടോ അവർ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നൊന്നും ഡിപാർട്മെന്റിന് ഒരു പരിഗണനയുമില്ല. എസ്.ടി മോണിറ്ററിങ് എന്നൊരു സംവിധാനം എസ്.ടി വിദ്യാർത്ഥികൾക്കായി ഐ.ടി.ഐയിൽ ഉണ്ടാക്കി. പി.ടി.എ, സ്റ്റാഫ് കമ്മിറ്റി, പൂർവ വിദ്യാർത്ഥി കൂട്ടായ്മ എന്നിവരൊക്കെ അതിലേക്ക് സംഭാവന ചെയ്യാറുണ്ട്. കെ.എസ്.ആർ.ടി.സി കൺസഷൻ കിട്ടാനായി ഒരു കുട്ടിക്ക് എഴുനൂറ് രൂപ ചിലവ് വരുന്നുണ്ട്. അതൊക്കെ കൈയിൽ നിന്നാണ് കൊടുക്കുന്നത്. നാൽപ്പത്തിരണ്ട് കിലോമീറ്റർ യാത്രയ്ക്കിടയിൽ ഒരു നാരങ്ങവെള്ളം കുടിക്കാൻ പോലും അവരുടെ കൈയിൽ ഒന്നും ഉണ്ടാകില്ല.” ഐ.ടി.ഐയിലെ അധ്യാപകൻ അയ്യപ്പൻ കെ.കെ പറഞ്ഞു.
ഭൗതിക സാഹചര്യങ്ങളൊരുക്കാത്ത സംവിധാനങ്ങൾ
“ചാലക്കുടി ഐ.ടി.ഐയിൽ പ്രളയം വരുന്നതിന് മുമ്പ് വരെ ഗവൺമെന്റ് ഹോസ്റ്റൽ ഉണ്ടായിരുന്നു. പ്രളയം വന്നതിന് ശേഷം കെട്ടിടം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹോസ്റ്റൽ പൂട്ടി. പക്ഷേ, ബദൽ സംവിധാനമൊന്നും ഉണ്ടാക്കിയില്ല. പ്രീമെട്രിക് ഹോസ്റ്റലും നിർത്തലാക്കി. അവിടെയുണ്ടായിരുന്ന കുട്ടികളെ നായരങ്ങാടി സ്കൂളിലേക്ക് മാറ്റി. അവിടെ സൗകര്യമില്ലാതായതോടെയാണ് ഇവരെ പുല്ലഴിയിലേക്ക് മാറ്റിയത്.” ട്രൈബൽ ഡിപാർട്മെന്റിലെ ഉദ്യോഗസ്ഥനായ മുകേഷ് വിശദീകരിച്ചു.
ട്രൈബൽ ഡിപാർട്മെന്റ് ഏർപ്പെടുത്തിയ സ്വകാര്യ ഹോസ്റ്റൽ ഇഷ്ടപ്പെടാത്തവരും ഹോസ്റ്റലിൽ നിൽക്കാൻ താൽപര്യമില്ലാത്തവരുമായ വിദ്യാർത്ഥികളാണ് ഡ്രോപ് ഔട്ട് ആയിപ്പോയതെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. മലയാളം എഴുതാനും വായിക്കാനും വിരളമായിട്ട് മാത്രം അറിയുന്ന ഈ കുട്ടികൾ ഐ.ടി.ഐയിലൊക്കെ ചേർത്താൽ അവർ എങ്ങനെ പഠിക്കുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. എഴുതാനും വായിക്കാനുമറിയാത്ത കുട്ടികളെ ഐ.ഇ.ഡി കുട്ടികളെന്ന് സർട്ടിഫിക്കറ്റ് വാങ്ങി, സ്ക്രൈബ് വെച്ച് പരീക്ഷയെഴുതി വിജയശതമാനം ഉറപ്പാക്കുകയാണ് സ്കൂളുകളിൽ ചെയ്യുന്നതെന്നുമുള്ള ഗുരുതരമായ ആരോപണവും അദ്ദേഹം ഉയർത്തുന്നുണ്ട്.
2021ലെ ദേശീയ പഠനനിലവാര സർവേ (എൻ.എ.എസ്) റിപ്പോർട്ട് ഇവിടെ ചേർത്തുവായിക്കാവുന്നതാണ്. ആദിവാസി വിദ്യാർത്ഥികളുടെ പഠനനിലവാരത്തിൽ കേരളം കേന്ദ്ര ശരാശരിയേക്കാളും താഴെയായിരുന്നു. എസ്.ടി വിദ്യാർഥികൾക്കായി പഠന സംവിധാനങ്ങൾ ഒട്ടനവധിയുണ്ടെങ്കിലും ഒന്നും ഫലം നേടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാകാൻ സ്കൂളിൽ നിന്ന് തന്നെ ആദിവാസി വിദ്യാർത്ഥികളുടെ പഠനത്തിന് ശ്രദ്ധ നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “പഠിച്ചില്ലെങ്കിലും കുഴപ്പമില്ല, ജോലി കിട്ടുമെന്നൊക്കെ കുട്ടികളോട് ഇപ്പോഴും അധ്യാപകർ പറയാറുണ്ട്. അത് കുട്ടികളുടെ പഠിക്കാനുള്ള ത്വരയെ ഇല്ലാതാക്കാറുണ്ട്.” അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക ഉന്നമനത്തിനും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റാനും പലവിധ സംവിധാനങ്ങൾ എസ്.ടി വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്താനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിക്കാതെ വരുന്നത് പല സംവിധാനങ്ങളെയും പരാജയത്തിലെത്തിക്കുന്നു.
പോത്തുംപാറ കോളനിയിൽ മാത്രമായി അഞ്ചിലധികം പെൺകുട്ടികൾ, വരുന്ന അധ്യയന വർഷത്തിൽ ഐ.ടി.ഐയിൽ അഡ്മിഷൻ സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നുണ്ട്. എന്നാൽ ഐ.ടി.ഐയിൽ അഡ്മിഷനെടുത്ത് ഡ്രോപ് ഔട്ട് ആയവരെ അടുത്ത അധ്യയന വർഷത്തിലേക്ക് പരിഗണിക്കാൻ പാടില്ലെന്ന നിയമം നിലവിലുണ്ട്. എന്നാൽ, ഈ കുട്ടികളുടെ വിവരം ചാലക്കുടി ഐ.ടി.ഐ പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അവരെ ഈ വർഷം പരിഗണിക്കുമെന്നും രക്ഷിതാക്കളും സന്നദ്ധപ്രവർത്തകരും പ്രത്യാശിക്കുന്നു.
ഫീച്ചേർഡ് ഇമേജ്: പോത്തുംപാറ കോളനിയിലെ താത്കാലിക ഷെഡുകൾ. ഫോട്ടോ – ആരതി എം.ആർ