മൂന്നാമതും അധികാരത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞെങ്കിലും 18-ാം ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിറഞ്ഞുനിന്ന മണിപ്പൂർ ബി.ജെ.പിക്ക് വലിയ പ്രഹരമാണ് നൽകിയത്. മണിപ്പൂർ ജനതയോട് മുഖം തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, കലാപം കത്തിപ്പടരുന്നത് നോക്കി നിന്ന മുഖ്യമന്ത്രി ബിരേൻ സിംഗിനോടും ജനവിധി പകരം ചോദിച്ചിരിക്കുന്നു. മണിപ്പൂരിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും വിജയം നേടി കോൺഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇംഫാൽ താഴ്വര ഉൾപ്പെടുന്ന ഇന്നർ മണിപ്പൂരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി അംഗോമച്ച ബിമോൾ അക്കോയിജം 1,09,801 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി തൗനോജം ബസന്ത കുമാർ സിംഗ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച സീറ്റ് ആണ് ഇത്തവണ കോൺഗസ്ര് നേടിയത്. ഇന്നർ മണിപ്പൂരിൽ നോട്ടയ്ക്ക് 3797 വോട്ടുകൾ ലഭിച്ചു. ഗോത്രമേഖലയായ ഔട്ടർ മണിപ്പൂരിലും ഇത്തവണ വിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ്. കോൺഗ്രസ് സ്ഥാനാർത്ഥി ആൽഫ്രഡ് കൺഗം എസ് ആർതർ 85,418 വോട്ടുകൾക്കാണ് ഔട്ടർ മണിപ്പൂരിൽ ജയിച്ചത്. നോട്ടയ്ക്ക് ലഭിച്ചത് 7225 വോട്ടുകൾ ആണ്. ഔട്ടർ മണിപ്പൂരിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ നാഗാ പീപ്പിൾസ് ഫ്രണ്ടുമായി സഖ്യം ചേർന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാഗാ ഗോത്രത്തിന്റെ പിന്തുണയുള്ള പ്രാദേശിക പാർട്ടിയായിരുന്നിട്ടും നാഗാ പീപ്പിൾസ് ഫ്രണ്ട് സ്ഥാനാർത്ഥിയായ കച്ചുയി തിമോത്തി സിമികിന് തോൽവിയേറ്റ് വാങ്ങേണ്ടി വന്നു. മണിപ്പൂരിൽ വേരുറപ്പിക്കാൻ വേണ്ടി 2017 മുതൽ ബി.ജെ.പി നടത്തിയ ശ്രമങ്ങൾക്കാണ് കലാപത്തെ തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റിരിക്കുന്നത്.
2009 ലെയും 2012ലെയും തെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ മത്സരിക്കാൻ പോലും തയ്യാറാകാതിരുന്ന ബി.ജെ.പി 2017ലെ നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും രാഷ്ട്രീയ തന്ത്രങ്ങൾ മാറ്റുന്നതായാണ് കാണാൻ കഴിയുന്നത്. 2017ൽ 21 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഈ വിജയത്തിന് പിന്നിൽ നിലവിലെ മണിപ്പൂർ മുഖ്യമന്ത്രിയും മെയ്തെയ് സമുദായാംഗവുമായ ബിരേൻ സിംഗിന്റെ പങ്ക് ചെറുതല്ല. 2003 ലാണ് ബിരേൻ സിംഗ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. കോൺഗ്രസ് ടിക്കറ്റിൽ തുടർച്ചയായി ജയിച്ച അദ്ദേഹം നിരവധി വകുപ്പുകളുടെ ചുമതലയുള്ള സംസ്ഥാന കാബിനറ്റ് മന്ത്രിയായിരുന്നു. 2016ൽ ബിരേൻ സിംഗ് ബി.ജെ.പിയിൽ ചേരുകയും, 2017-ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഒരു തുറുപ്പ് ചീട്ടായി ബിരേൻ സിംഗിനെ ബി.ജെ.പി ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ ബിരേൻ സിംഗ് മണിപ്പൂരിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി മാറി. 2022 ൽ നടന്ന തെരഞ്ഞെടുപ്പിൽ, 60 അംഗങ്ങളുള്ള നിയമസഭയിൽ ബി.ജെ.പിക്ക് 32 സീറ്റാണ് ലഭിച്ചത്. 6 അംഗങ്ങളുള്ള ജെ.ഡി.യുവും 2 അംഗങ്ങളുള്ള കുക്കി പീപ്പിൾസ് സഖ്യവും പിന്തുണ പ്രഖ്യാപിച്ചതോടെ അംഗങ്ങളുടെ എണ്ണം 40 ആയി ഉയർന്നു. ബിരേൻ സിംഗ് രണ്ടാം തവണയും മുഖ്യമന്ത്രിയായി.
അസംബ്ലി തെരഞ്ഞെടുപ്പിലെ വിജയം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്നർ മണിപ്പൂരിൽ ബി.ജെ.പിയുടെ ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് ആണ് വിജയിച്ചത്. ഔട്ടർ മണിപ്പൂരിൽ നാഗാ പീപ്പിൾസ് ഫ്രണ്ട് സ്ഥാനാർത്ഥി ലോർഹോ എസ് പിഫോസ് ആയിരുന്നു വിജയി. ഇംഫാൽ നഗരം ഉൾപ്പെടുന്ന ഇന്നർ മണിപ്പൂരിൽ മെയ്തെയ് വിഭാഗവും, ഔട്ടർ മണിപ്പൂരിൽ ഗോത്രവിഭാഗമായ കുക്കികളും നാഗകളുമാണ് കൂടുതലായുള്ളത്. 2019ലെ തെരഞ്ഞെടുപ്പിൽ ഔട്ടർ മണിപ്പൂരിൽ നിന്ന് 33 ശതമാനം വോട്ട് നേടിയ ബി.ജെ.പി ഈ വർഷം മത്സരിക്കുന്നില്ല എന്ന തീരുമാനത്തിലേക്ക് എത്തുകയും, തെരഞ്ഞെടുപ്പിന് മുമ്പ് നാഗ പീപ്പിൾസ് ഫ്രണ്ടുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. എന്നാൽ ബി.ജെ.പിയുമായി ചേർന്ന് സഖ്യം രൂപീകരിച്ചതും ഗോത്രവിഭാഗമായ കുക്കികൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണത്തിൽ നിലപാട് സ്വീകരിക്കാതിരുന്നതും നാഗ പീപ്പിൾസ് ഫ്രണ്ടിനെ പ്രതികൂലമായി ബാധിച്ചു.
മണിപ്പൂരിലെ ക്രമസമാധാനം വീണ്ടെടുക്കേണ്ടത് ഒരു പ്രധാന ആവശ്യമാണെന്നിരിക്കെ എല്ലാ രാഷ്ട്രീയ പാർട്ടികളും അതിന് മുൻഗണന നൽകിയിരുന്നു. എന്നാൽ സമാധാന ശ്രമങ്ങളിൽ ഏറെ മുന്നോട്ടുപോയത് കോൺഗ്രസാണ്. ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കുക്കി വോട്ടർമാരുടെ വിശ്വാസ്യത കോൺഗ്രസ് നേടിയെടുത്തു. ഈ വിശ്വാസ്യത വോട്ടായി മാറുകയും ചെയ്തു. മെയ്തെയ് വിഭാത്തിന് ഭൂരിപക്ഷമുള്ള ഇന്നർ മണിപ്പൂരിൽ പ്രവർത്തിക്കുന്ന മെയ്തെയ് സായുധ സംഘമാണ് ആരംഭായ് തെംഗോൽ. കുക്കികൾക്കെതിരെ ഉണ്ടായ പല അക്രമങ്ങൾക്കും നേതൃത്വം നൽകുന്നത് ആരംഭായ് തെംഗോൽ ആണ്. ആരംഭായ് തെംഗോൽ വഴിയാണ് ആർ.എസ്.എസ് മണിപ്പൂരിലെ മെയ്തെയ് വിഭാഗത്തിനിടയിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നത്. എന്നാൽ, വൈഷ്ണവ പാരമ്പര്യം അവകാശപ്പെടുന്ന മെയ്തെയ് വിഭാഗത്തെ ഹിന്ദുത്വവൽക്കരിക്കുന്നതിനും അതുവഴി അധികാരം നിലനിർത്തുന്നതിനുമായി ബി.ജെ.പി നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടത്.
മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലുമായി 70 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ രണ്ട് മണ്ഡലങ്ങളിലെ 17 പോളിംഗ് സ്റ്റേഷനുകളിൽ പലതരത്തിലുള്ള അക്രമ സംഭവങ്ങൾ കാരണം തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയും പിന്നീട് നടത്തുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പ് ഫലത്തെ കുക്കി വിഭാഗത്തിന്റെ അപെക്സ് ബോഡികളും ഇൻഡീജിനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറവും ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്. ഒരു വർഷത്തിലധികമായി മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തിൽ ഇതുവരെ 220ൽ അധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും 50,000ൽ അധികം ആളുകൾക്ക് പലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഇവർക്കായി പോളിംഗ് ബൂത്തുകളും സ്ഥാപിച്ചിരുന്നു. 20,26,623 ജനറൽ വോട്ടർമാരുള്ള ഔട്ടർ മണിപ്പൂരിലും ഇന്നർ മണിപ്പൂരിലുമായി 80.15 ശതമാനം പോളിംഗും 16,21,298 വോട്ടുകളുമാണ് രേഖപ്പെടുത്തിയത്. ഇതിൽ 11,022 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചു. രേഖപ്പെടുത്തിയ ആകെ വോട്ടുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഇതൊരു ചെറിയ സംഖ്യയല്ല. നോട്ടയ്ക്ക് വോട്ട് ചെയ്തും മണിപ്പൂർ ജനത കലാപത്തോട് പ്രതികരിച്ചു.
മണിപ്പൂരിന്റെ ദുരിത വർഷം
ഒരു വർഷം പിന്നിട്ട മണിപ്പൂർ കലാപത്തിന്റെ തുടക്കം 2023 മെയ് 3ന് ആയിരുന്നു. മെയ്തെയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താൻ മണിപ്പൂർ ഹൈക്കോടതി 2023 ഏപ്രിൽ 14ന് ശുപാർശ ചെയ്ത സംഭവമാണ് കലാപത്തിന് കാരണമായി മാറുന്നത്. ഇതിനെതിരെ മണിപ്പൂരിലെ മലയോര ജില്ലകളിൽ ഓൾ ട്രൈബൽ സ്റ്റുഡൻ്റ് യൂണിയൻ മണിപ്പൂർ (ATSUM) സമാധാന ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. റാലിക്ക് നേരെ അക്രമമുണ്ടാവുകയും തുടർന്ന് മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി അത് മാറുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ വിഷയത്തിൽ ഉടനടി ഇടപെടണമെന്ന് കേന്ദ്രത്തോടും മണിപ്പൂർ സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇംഫാൽ താഴ്‌വരയിൽ പുനരധിവാസം അസാധ്യമായതിനാൽ കുക്കി ആധിപത്യമുള്ള ജില്ലകൾക്ക് പ്രത്യേക ഭരണസംവിധാനം എത്രയും വേഗം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ 10 കുക്കി എം.എൽ.എമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകി. തുടർന്ന് അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശത്തിനായി മണിപ്പൂരിൽ എത്തുകയും മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ കലാപം അവസാനിപ്പിക്കാൻ ആ ശ്രമങ്ങൾക്കൊന്നും കഴിഞ്ഞില്ല. കലാപം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇംഫാലിൽ എത്തിയിരുന്നു. എന്നാൽ ആ സമയത്തൊന്നും മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. കുക്കി ഗോത്രവിഭാഗത്തിലെ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരായി നടത്തുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ലോകവ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച ശേഷമാണ് മോദി പ്രതികരിക്കാൻ തയ്യാറായത്. അപ്പോഴേക്കും സംഘർഷം 79 ദിവസം പിന്നിട്ടിരുന്നു.
മണിപ്പൂരിൽ കൊടിയ ഭരണഘടനാ ലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായി ആ വീഡിയോ സൂചിപ്പിക്കുന്നുവെന്ന് സുപ്രീം കോടതി പരാമർശം നടത്തി. എന്നാൽ, മെയ്തെയ് വിഭാഗത്തോട് കൂറ് പുലർത്തുന്ന മുഖ്യമന്ത്രി ബിരേൻ സിംഗ് സർക്കാർ അപ്പോഴൊന്നും ഫലപ്രദമായി ഇടപെടാൻ തയ്യാറായതേയില്ല. പകരം മണിപ്പൂർ കലാപത്തെ കുറിച്ചുള്ള വസ്തുതകൾ പുറത്തുപോകുന്നത് തടയാനാണ് അദ്ദേഹം ശ്രമിച്ചത്. മണിപ്പൂർ സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കിയ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ മുതിർന്ന മാധ്യമപ്രവർത്തകരായ സീമ ഗുഹ, സഞ്ജയ് കപുർ, ഭരത് ഭൂഷൺ എന്നിവർക്കെതിരെ മണിപ്പൂർ പൊലീസ് കേസെടുത്തത് ആ സമയത്താണ്. മണിപ്പൂരിൽ സർക്കാർ തുടർച്ചയായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ മണിപ്പൂരിൽ നിന്ന് തിരിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമാക്കിയത്.
സംഘർഷ ഭൂമിയായി മാറിയ മണിപ്പൂരിലെ തെരഞ്ഞെടുപ്പ് നാളുകളും സംഘർഷം നിറഞ്ഞതായിരുന്നു. മണിപ്പൂരിലെ ലോക്സഭ തെരഞ്ഞടുപ്പിന്റെ ആദ്യഘട്ടം നടന്നത് ഏപ്രിൽ 19ന് ആയിരുന്നു. 11 പോളിംഗ് സ്റ്റേഷനുകളിൽ സംഘർഷാന്തരീക്ഷം നിലനിന്നതുകൊണ്ട് പിന്നീട് റീപോളിംഗ് നടത്തേണ്ടി വന്നു. വോട്ടിംഗ് പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യം നിലനിന്നിരുന്നതിനാൽ ഏപ്രിൽ 19ന് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. വിവിധ പോളിംഗ് സ്റ്റേഷനുകളിൽ നടന്ന അക്രമ സംഭവങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾക്കടക്കം കേടുപാടുകൾ സംഭവിച്ചിരുന്നു. മണിപ്പൂരിലെ 47 പോളിംഗ് സ്റ്റേഷനുകളിൽ ബൂത്തുകൾ പിടിച്ചെടുക്കുകയും വോട്ടിംഗിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് വീണ്ടും വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധിയുടെ സന്ദർശനം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചോ ?
മണിപ്പൂരിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയും കലാപ സമയത്തെ രാഹുലിന്റെ മണിപ്പൂർ സന്ദർശനവും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സഹായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023 ജൂൺ 29, 30 ദിവസങ്ങളിലാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുന്നത്. കലാപം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇംഫാലിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം മുടക്കുന്നതിനും 2024 ജനുവരിയിൽ ഇംഫാലിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ അനുമതി നിഷേധിക്കുന്നതിനും ബിരേൻ സിംഗ് സർക്കാർ ശ്രമിച്ചിരുന്നു. ആ ശ്രമങ്ങൾക്കെല്ലാമുള്ള തിരിച്ചടിയായി മാറി കോൺഗ്രസിന്റെ വിജയം. കലാപത്തിന്റെ ഇരകളായിത്തീർന്ന മണിപ്പൂരിലെ ജനങ്ങളുമായി സംസാരിക്കാൻ വിസമ്മതിക്കുകയും മണിപ്പൂർ സന്ദർശിക്കാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടും ബി.ജെ.പി വിരുദ്ധ വോട്ടുകളായി മാറി. മെയ്തെയ് സ്വാധീനം കൂടുതലുള്ള ഇന്നർ മണിപ്പൂരിലെ സിറ്റിംഗ് സീറ്റിൽ ബി.ജെ.പി വിജയം ഉറപ്പാക്കിയതായിരുന്നു. എന്നാൽ അവിടെയും അവർക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയത്. മണിപ്പൂരിലെ കലാപത്തിന് പരിഹാരം കാണാൻ ശ്രമിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ജനം വോട്ടിലൂടെ മറുപടി നൽകുകയും സംഘർഷം പരിഹരിക്കുന്നതിനായി നിരന്തരം ശ്രമിച്ച രാഹുലിനും കോൺഗ്രസിനും പിന്തുണ നൽകുകയും ചെയ്തതായി മണിപ്പൂർ ഫലത്തെ വിലയിരുത്താം.