“എട്ടു മനുഷ്യരെ വെടിവെച്ചുകൊന്നവർക്കെതിരെ കേസില്ല. ഞാൻ അതിൽ പ്രതിഷേധിച്ച ഒരാൾ. ഒരു കുറ്റവും ചെയ്തിട്ടില്ല. ഞാൻ എന്തിന് പിഴയടച്ച് ജയിലിന് പുറത്ത് ഇറങ്ങണം?”
ജയിലിൽ പോകാൻ തീരുമാനിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു പറഞ്ഞത് ഇപ്രകാരമാണ്. 93-ാം വയസിൽ ജാമ്യം വേണ്ടെന്നുവച്ച് തടവറയിലേക്ക് പോകാൻ തയ്യാറായ ഗ്രോ വാസു കേരളം മറന്നുകളയുകയും നിശബ്ദത പാലിക്കുകയും ചെയ്യുന്ന ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് വളരെ നിർണ്ണായകമായ ചോദ്യമുയർത്തിക്കൊണ്ടാണ് ജയിൽ വാസം തിരഞ്ഞെടുത്തിരിക്കുന്നത്. നിലമ്പൂരിൽ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് പ്രവർത്തകരുടെ മൃതദേഹം സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കൽ മോർച്ചറിക്ക് സമീപം സംഘം ചേർന്നതിനും മാർഗതടസ്സം സൃഷ്ടിച്ചതിനും മെഡിക്കൽ കോളജ് പൊലീസ് എടുത്ത കേസിലാണ് ഈ നടപടിയുണ്ടായിരിക്കുന്നത്.


2016 നവംബർ 24നാണ് രണ്ട് മാവോയിസ്റ്റുകൾ നിലമ്പൂരിലെ കരുളായി വനമേഖലയിൽ കൊല്ലപ്പെട്ടത്. കുപ്പു ദേവരാജ്, അജിത എന്നിവരുടെ മരണം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ചതാണെന്നാണ് പൊലീസ് അറിയിച്ചതെങ്കിലും ഏറ്റുമുട്ടലിനെ സംബന്ധിച്ച് വ്യാപകമായ സംശയം അന്നുതന്നെ ഉയർന്നിരുന്നു. റെഡ് കോറിഡോർ സംസ്ഥാനങ്ങളിൽ സംഭവിക്കുന്നതുപോലെയുള്ള മാവോവാദി വേട്ടയും ഏറ്റുമുട്ടലുകളും കേരളത്തിലേക്ക് എത്തുന്നതിന്റെ തുടക്കമായി മാറുകയായിരുന്നു ഈ സംഭവം. പിന്നീട് വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിൽ വച്ച് സി.പി ജലീൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജലീലിനെ ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയായിരുന്നു എന്ന് ആരോപണമുയർന്നു. പിന്നാലെ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ മാവോവാദികൾ സമാനമായ രീതിയിൽ കൊല്ലപ്പെടുകയുണ്ടായി. മഞ്ചിക്കണ്ടി ഊരിന് സമീപം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് നേതാവായ മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക് എന്നിവരാണ് മരിച്ചത്. മഞ്ചിക്കണ്ടി ഏറ്റുമുട്ടലും ഏകപക്ഷീയമെന്ന് ആരോപിച്ച് ഭരണകക്ഷിയായ സി.പി.ഐയും പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നിരുന്നു. തുടർന്ന് 2020ൽ വയനാട് ബാണാസുര വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ തമിഴ്നാട് തേനി സ്വദേശിയായ വേൽമുരുകൻ എന്ന വ്യക്തി കൊല്ലപ്പെടുകയുണ്ടായി. അങ്ങനെ തുടർച്ചയായ നാല് വർഷത്തിനിടയിൽ എട്ട് മാവോയിസ്റ്റുകളാണ് കേരളത്തിൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.


നിലമ്പൂരിൽ കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെയും അജിതയുടെയും ശരീരത്തിൽ നിരവധി വെടിയുണ്ടകൾ ഏറ്റിരുന്നു എന്നതും പിന്നിൽ നിന്ന് വെടിയേറ്റിരുന്നു എന്നതും സംശയമായി ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയോ അന്വേഷണമോ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ മനുഷ്യാവകാശ കമ്മിഷൻ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വൈത്തിരി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി. ജലീൽ ഉപയോഗിച്ചിരുന്ന തോക്കിൽ നിന്നും വെടിയുതിർത്തിട്ടേയില്ലെന്ന ഫോറൻസിക് റിപ്പോർട്ടിലും ആഭ്യന്തര വകുപ്പ് വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. ജലീലിന് വെടിയേറ്റതും പിന്നിൽ നിന്നായിരുന്നു. മഞ്ചിക്കണ്ടിയിൽ വെടിയേറ്റ് മരിച്ചവർ കീഴടങ്ങാൻ തീരുമാനിച്ചതിന് ശേഷം ആ വിവരം മധ്യസ്ഥർ വഴി പൊലീസിൽ അറിയിച്ചിരുന്നുവെന്ന് അട്ടപ്പാടിയിലെ ആദിവാസി സംഘടനകളുടെ പ്രതിനിധികൾ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് ഉയർന്ന ഈ സംശയങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാൻ സംസ്ഥാന പൊലീസിനോ ഈ കൊലകൾ നടക്കുന്ന കാലത്തെല്ലാം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോ കഴിഞ്ഞിട്ടില്ല.
ആദിവാസി ഊരുകളിൽ ചെന്ന് അരിയും പഞ്ചസാരയും ചോദിക്കുന്നതും പോസ്റ്ററുകൾ പതിക്കുന്നതുമായ പ്രവർത്തനങ്ങളാണ് വെടിയേറ്റ് മരിച്ചവർ ചെയ്തിരുന്നതായി പറയുന്നത്. പൊതുജീവിതത്തിന് ഭീഷണിയാകുന്നതരത്തിലുള്ള ഒരു ക്രമസമാധാന പ്രശ്നവും സൃഷ്ടിക്കാത്ത മാവോയിസ്റ്റ് പ്രവർത്തകരുടെ ചെറിയ സംഘങ്ങളെ എന്തുകൊണ്ടാണ് ജീവനോടെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും കഴിയാത്തതെന്ന ചോദ്യത്തെ ഇടതുപക്ഷ സർക്കാർ തുടർച്ചയായി അവഗണിക്കുകയായിരുന്നു. ഏതുതരം കുറ്റകൃത്യവും തോക്കിൻ മുനയിലൂടെയല്ല, നിയമവ്യവസ്ഥയിലൂടെയാണ് തീർപ്പാക്കപ്പെടേണ്ടത് എന്ന അടിസ്ഥാന ജനാധിപത്യ തത്വം പോലും ബാധകമല്ലാത്ത വിധമാണ് പൊലീസ് ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ടിരുന്നത്.


കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കുന്നതിന് പകരം പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ‘ശിക്ഷ’ നടപ്പാക്കുന്ന സമ്പ്രദായം ഇന്ത്യയിൽ വ്യവസ്ഥാപിതമായിത്തീരുന്ന കാലത്താണ് കേരളത്തിൽ എട്ട് മരണങ്ങളുണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ ഏറ്റമുട്ടൽ കൊലപാതകങ്ങളുടെ കാര്യത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് ഗ്രോ വാസു അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെരുപ്പിച്ച് കാണിക്കപ്പെട്ട ഒരു മാവോയിസ്റ്റ് ഭീതിയുടെ പശ്ചാത്തലത്തിൽ ആ ചോദ്യം ഏറ്റെടുക്കാൻ പൊതുസമൂഹം വേണ്ടത്ര സന്നദ്ധമായില്ല. ഭീരുത്വം നിറഞ്ഞ ആ മൗനത്തെയാണ് 93-ാം വയസിലെ ജയിൽ വാസത്തിലൂടെ ഗ്രോ വാസു ഭേദിച്ചിരിക്കുന്നത്. വെടിവെച്ചുകൊന്നവർക്കെതിരെ കേസില്ലാതരിക്കുകയും പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന ഭരണസംവിധാനത്തിന്റെ ഇരട്ടത്താപ്പിനെക്കൂടി തുറന്നുകാണിക്കുന്നു ഗ്രോ വാസു. താനല്ല കുറ്റം ചെയ്തത് എന്ന ഉറച്ച ബോധ്യത്തിൽ പിഴയടയ്ക്കാതിരിക്കുകയും കേസുമായി ബന്ധപ്പെട്ട രേഖകൾ ഒപ്പുവയ്ക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്ത ഗ്രോ വാസുവിന്റെ നിലപാട് കേരളത്തിന് അപരിചിതമാണ്. മോയിൻ ബാപ്പുവിനെപ്പോലുള്ള മുൻകാല സഹപ്രവർത്തകർ നേരിട്ടെത്തി പറഞ്ഞിട്ടും അദ്ദേഹം ആ നിലപാടിൽ അചഞ്ചലമായി നിലയുറപ്പിച്ചു. റിമാൻഡ് ചെയ്യപ്പെട്ട് കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റപ്പെട്ട ഗ്രോ വാസു ഉയർത്തിയ ചോദ്യങ്ങളെ മുൻനിർത്തിയെങ്കിലും ഈ ഏറ്റുമുട്ടൽ കൊലകളിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കുന്നതിനുള്ള രാഷ്ട്രീയ സമ്മർദ്ദം ഉയർന്നുവരേണ്ടതാണ്. കൂടാതെ വയോധികനായ ആ പോരാളിയുടെ പേരിൽ ചുമത്തപ്പെട്ട നിസാരമായ കുറ്റങ്ങൾ പിൻവലിച്ച് സർക്കാർ അദ്ദേഹത്തെ നിരുപാധികം വിട്ടയയ്ക്കുകയും വേണം.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

