ചരിത്രം തിരുത്താൻ ഭരണകൂടത്തിന് കഴിയും, പക്ഷേ ആ തിരുത്ത് എന്താണെന്നും എന്തിനാണെന്നും ഓർമ്മപ്പെടുത്തുന്ന ഒരു ജനത രാജ്യത്തുണ്ടെങ്കിൽ സത്യത്തെ നിഷ്കാസനം ചെയ്യൽ എളുപ്പമല്ല. സംഘ്പരിവാർ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം ഇന്ത്യയുടെ എല്ലാ മതേതര ചിഹ്നങ്ങളെയും സംസ്കാരങ്ങളെയും പോരാട്ടങ്ങളെയും ‘തങ്ങളുടേതല്ലാത്ത’ മതങ്ങളെയും അക്രമിച്ചു തുടങ്ങിയപ്പോൾ മുതൽ ‘ഓർമ്മകൾ ഉണ്ടായിരിക്കണം’ എന്നത് ഇന്ത്യയിൽ തീവ്രമായ ഒരു രാഷ്ട്രീയപ്രസ്താവനയും പ്രവർത്തനവുമാണ്. ഗാന്ധിജിയെ ഒരു ഹിന്ദുത്വവാദി വെടിവെച്ച് കൊന്നതാണെന്നും ബാബരി മസ്ജിദ് കർസേവകർ തകർത്തതാണെന്നും അതൊരു വംശഹത്യയ്ക്കുള്ള അടിത്തറ പാകലായിരുന്നുവെന്നതുമൊക്കെ അത്തരം ഓർമ്മപ്പെടുത്തലുകളാണ്.
മുപ്പത് കൊല്ലമെന്നത് ചെറിയ കാലയളവല്ല. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് പൊളിച്ചത് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴുള്ള തീരുമാനവുമല്ല. സ്വാതന്ത്ര്യത്തിനും മുന്നേയുള്ള ഹിന്ദുത്വവാദികളുടെ ആസൂത്രമാണ് അന്ന് ലക്ഷ്യം കണ്ടത്. പിന്നീടുണ്ടായതെല്ലാം അതിൻ്റെ തുടർച്ചകളാണ്. 2019 ൽ ക്ഷേത്രം പണിയാനുള്ള അന്തിമവിധി കൂടി വന്നതോടെ ഹിന്ദുത്വം അവരുടെ പദ്ധതിയിൽ പൂർണമായി വിജയിച്ചു. അതോടെ രാജ്യം ആരുടേതാണെന്ന അതുവരെയുള്ള ചോദ്യത്തിന് ഞങ്ങളുടേതാണെന്ന തീർപ്പിലേക്ക് ഒരു കൂട്ടർക്ക് എത്തിച്ചേരാൻ ഉന്നതകോടതിയുടെ വിധി കൂടി പിൻബലമായി. ഒരു രാജ്യത്തിൽ രണ്ടുതരം പൗരന്മാരെങ്ങനെ ഉണ്ടാകുന്നുവെന്നതിൻ്റെ ഭാരതീയ മാതൃക.
ആ മാതൃകയുടെ ബ്ലൂ പ്രിൻ്റ് ഉണ്ടാക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും പ്രധാന പങ്കുവഹിച്ച ഒരാളാണ് ഇന്ന് ഈ രാജ്യത്തിൻ്റെ പ്രധാനമന്ത്രി എന്നതാണ് നിർഭാഗ്യകരം. ബാബരി മസ്ജിദ് തകർത്ത കേസിൽ അദ്വാനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ചിത്രങ്ങളിൽ ചിരിച്ചും ആത്മവിശ്വാസത്തോടെയും നിൽക്കുന്ന നരേന്ദ്ര ദാമോദർദാസ് മോദിയെ കാണാം. ഇരുപത് വർഷങ്ങൾക്കിപ്പുറം ഈ രാജ്യം നമ്മൾ ഭരിക്കുമെന്നും മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നും രാമക്ഷേത്രം നിർമ്മിക്കുമെന്നുമുള്ള ഉറപ്പ് പ്രകടമായി ആ മുഖത്ത് വായിക്കാം. ബാബരിയുടെ തകർച്ചയിലേക്ക് നയിച്ച രഥയാത്രയുടെ ബുദ്ധിയിലും അദ്വാനിയുടെ പ്രിയശിഷ്യൻ്റെ സാന്നിധ്യമുണ്ട്.
തീവ്രഹിന്ദുത്വം വിളമ്പിയും വർഗീയധ്രുവീകരണം നടത്തിയും മോദി ആദ്യം അധികാരത്തിലേറിയത് സ്വന്തം നാടായ ഗുജറാത്തിലാണ്. ഗുജറാത്ത് വംശഹത്യയിലൂടെ വെട്ടിയ ധ്രുവീകരണവഴിയിലൂടെയാണ് രാജ്യത്തിൻ്റെ തലപ്പത്തേക്ക് അയാളെത്തുന്നത്. വംശഹത്യാനന്തര ഗുജറാത്തിൻ്റെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. അവരുടെ ഭീതികളൊഴിഞ്ഞിട്ടില്ല. നരോദപാട്യയിൽ നിന്ന് കുടിയിറക്കപ്പെട്ടവർ ഇന്നും നരകജീവിതം നയിക്കുന്നത് അഹമ്മദാബാദിൽ പോയാൽ കാണാം. വികസനമെത്താത്ത മുസ്ലിം ഗല്ലികൾ ഡിസ്റ്റേർബ്ഡ് ഏരിയ ആക്ടിൻ്റെ പേരിൽ നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ, വംശഹത്യയിൽ ഇല്ലാതായ തൊഴിലും സമ്പാദ്യവും, എല്ലാത്തിലുമുപരി ഭയം പുതച്ചു ജീവിക്കേണ്ടുന്ന ദൈനംദിനജീവിതം. ഇതിൻ്റെയെല്ലാം മുകളിൽ ചവിട്ടിയാണ് മോദി പ്രധാനമന്ത്രി പദത്തിൽ നിൽക്കുന്നത്. ഗുജറാത്ത് വംശഹത്യയുടെ മുഖമായ കുത്തുബ്ദീൻ അൻസാരി 2014-ൽ പറഞ്ഞതോർക്കുന്നു.
“ഇന്ത്യൻ ജനതയിൽ ഇപ്പോഴും എനിക്ക് പ്രതീക്ഷയുണ്ട്. മോദി ഇന്ത്യൻ പ്രധാനമന്ത്രിയായാൽ ഇവിടെ മതേതരത്വം തകർപ്പെടുമെന്ന് അറിയുന്നതിനാൽ അവരത് ചെയ്യില്ല”. പക്ഷേ അദ്ദേഹത്തിൻ്റെയെന്നല്ല, ഇന്ത്യയുടെ നാനാത്വം സൂക്ഷിക്കുന്ന എല്ലാ ജനാധിപത്യവിശ്വാസികളുടെയും പ്രതീക്ഷയിലാണ് അന്ന് വിള്ളൽ വീണത്. അതുതന്നെ വീണ്ടുമാവർത്തിച്ചു. ഫാഷിസമെന്നത് നമ്മുടെ തെരുവുകളും കണ്ടു. ഭക്ഷണത്തിലും വസ്ത്രത്തിലും സഞ്ചാരത്തിലും വിശ്വാസത്തിലും പൗരത്വത്തിലും വരെ മതം കലർന്നിരിക്കുന്നു. ഇവിടം മലിനമാക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് ഓർമ്മപ്പെടുത്തലിൻ്റെ രഷ്ട്രീയം പ്രസക്തമായി കൊണ്ടേയിരിക്കുന്നു. ചരിത്രത്തെപറ്റി, അതിൻ്റെ ആധികാരികതയെപറ്റി, തിരുത്തുന്നത് സത്യങ്ങളാണെന്നതിനെ പറ്റി ഉറക്കെ പറയേണ്ടിയിരിക്കുന്നു. ഈ രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ഷൂ നക്കി നേടിയതല്ല, ഹിന്ദുവും മുസൽമാനെന്നുമുള്ള വ്യത്യാസമില്ലാതെ പോരാടിയ ഒരു കൂട്ടം ആളുകൾ നേടി തന്നതാണെന്ന് ഓർമപ്പെടുത്തിയേണ്ടിരിക്കുന്നു.