അടിയന്തരാവസ്ഥയെ മറികടന്ന മാധ്യമ ജീവിതം

2024 ജൂൺ 4, നരേന്ദ്രമോദി ഭരണത്തിന് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകിയ ഫലം പുറത്തുവരുമ്പോൾ അതറിയാൻ ഏറെ ആ​ഗ്രഹിച്ചിരുന്ന ഒരാൾ നമുക്കൊപ്പമുണ്ടായിരുന്നില്ല. പ്രതീക്ഷ നൽകുന്ന ആ ജനവിധി പുറത്തുവരുന്നതിന് മുമ്പ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു, സ്വതന്ത്ര ഇന്ത്യ കണ്ട ശ്രദ്ധേയരായ മാധ്യമ പ്രവർത്തകരിൽ ഒരാളായ ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ എന്ന ബി.ആർ.പി ഭാസ്കർ. ഈ തെരഞ്ഞെടുപ്പ് ഫലം അദ്ദേഹം അറിയാതെ പോയി എന്നത് വിയോ​ഗത്തിന്റെ വേദനയെ ഇരട്ടിപ്പിക്കുന്നു. ഇന്ത്യയിലെ അനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് നേർ സാക്ഷിയായിരുന്ന, അത് റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ച ബി.ആർ.പിയുടെ മരണവാർത്ത ഫ്ലാഷ് ചെയ്യപ്പെടുന്നതും തെരഞ്ഞെടുപ്പ് വിധിയുടെ ബഹളങ്ങളിലേക്കാണ്. കഴിഞ്ഞ പത്ത് വർഷം കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച ആ മഹദ് വ്യക്തിക്കുള്ള ആദരവ് പോലെയായി പിന്നാലെ വന്ന തെരഞ്ഞെടുപ്പ് ഫലം.

മോദിക്ക് ലഭിച്ച തിരിച്ചടി അറിയാൻ ബി.ആർ.പി ഭാസ്കർക്ക് കഴിഞ്ഞില്ലെങ്കിലും 1977ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സമാനമായ തിരിച്ചടി ഇന്ദിരാ ​ഗാന്ധി നേരിട്ടപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ‘ന്യൂസ് റൂം’ എന്ന ആത്മകഥയിൽ അദ്ദേഹം ആ ഓർമ്മ പങ്കുവയ്ക്കുന്നുണ്ട്. എല്ലാ കാലത്തും ഏകാധിപതികളായ ഭരണാധികാരികൾ തോൽക്കുന്നത് ജനങ്ങൾ അവർക്കായി വിധിയെഴുതുന്ന ദിവസമായിരിക്കുമെന്ന് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. ഇന്ദിരാ ​ഗാന്ധിക്കെതിരെയുണ്ടായ എതിർപ്പുകളെ നേരിടുന്നതിനായി, രാജ്യത്ത് ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞ്, പൗരരുടെ മൗലികാവകാശങ്ങളെ റദ്ദ് ചെയ്തുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിവേകത്തോടെ വോട്ട് ചെയ്ത് ആ ഏകാധിപത്യ വാഴ്ചയ്ക്ക് മറുപടി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയും കോൺ​ഗ്രസും പരാജയപ്പെട്ടു.

പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാർത്ത ദ ഹിന്ദുവിൽ. കടപ്പാട്: the hindu archives

അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ സെൻസർഷിപ്പിനെ ജാ​ഗ്രതയോടെയും ധീരതയോടെയും നേരിട്ട മാധ്യമ പ്രവർത്തകനാണ് ബി.ആർ.പി. യു.എൻ.ഐ എന്ന പ്രമുഖ ദേശീയ ന്യൂസ് ഏജൻസിയുടെ ലേഖകനായി കശ്മീരിൽ പ്രവർത്തിക്കുകയായിരുന്നു അന്ന് അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്തെ മാധ്യമ പ്രവർത്തനത്തെക്കുറിച്ചും, സെൻസർഷിപ്പിനെ അതിജീവിച്ചതിനെക്കുറിച്ചും ‘ന്യൂസ് റൂം’ എന്ന ആത്മകഥയിലെ ‘അടിയന്തരാവസ്ഥക്കാലം’ എന്ന അധ്യായത്തിൽ ബി.ആർ.പി വിശദമാക്കുന്നുണ്ട്. പത്ര മാരണത്തിന് അന്ത്യം കുറിച്ച ദിവസത്തെ ആവേശം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു.

“അടിയന്തരാവസ്ഥയുടെ അന്ത്യം കുറിച്ച ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ ജമ്മുവിലായിരുന്നു. പത്രപ്രവർത്തക സുഹൃത്തും ഇൻഫർമേഷൻ ഡയറക്ടറുമായിരുന്ന മുഹമ്മദ് സയ്ദ് മലികിന്റെ ആപ്പീസിലെ പി.ടി.ഐ ടെലിപ്രിന്ററിന് മുൻപിൽ പത്രപ്രവർത്തകർ തെരഞ്ഞെടുപ്പ് വാർത്തകൾ വായിച്ചുകൊണ്ട് നിൽക്കുകയാണ്. കോൺഗ്രസ് തോറ്റുകൊണ്ടിരിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും തോൽവി പ്രഖ്യാപിച്ചിട്ട് സമയം കുറെയായി. അപ്പോൾ ഒരു ഫ്ലാഷ് സന്ദേശം വന്നു:
‘അടിയന്തരാവസ്ഥ പിൻവലിച്ചിരിക്കുന്നു.’
ഞങ്ങൾ ആരവത്തോടെ ആ വാർത്ത സ്വാഗതം ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ അടുത്ത ഫ്ലാഷ് വന്നു:
‘സെൻസർഷിപ്പ് പിൻവലിച്ചിരിക്കുന്നു’
കൂടുതൽ ആരവത്തോടെ ഞങ്ങൾ ആ വാർത്തയും സ്വാഗതം ചെയ്തു.”

ബി.ആർ.പി ഭാസ്കറിന്റെ ആത്മകഥ, ‘ന്യൂസ് റൂം’

ദി ഹിന്ദു, ദി സ്റ്റേറ്റ്സ് മാൻ, പേട്രിയറ്റ്, ഡെക്കാൺ ഹെറാൾഡ് എന്നീ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ജോലി ചെയ്ത് പരിചയമുള്ള ബി.ആർ.പി, ദേശീയ വാർത്താ ഏജൻസിയിൽ (യു.എൻ.ഐ) രാജ്യത്തെ ഏക ന്യൂസ് എഡിറ്ററായി ജോലി ചെയ്തിരുന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് സ്ഥലം മാറ്റപ്പെട്ടാണ് കാശ്മീരിൽ എത്തുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് പത്ര മാധ്യമങ്ങളുടെ മേൽ ഭരണകക്ഷി സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. അതിനെതിരെ ദേശീയ തലത്തിൽ മാധ്യമ പ്രവർത്തകർ പലരും പ്രവർത്തിക്കുകയും അക്കാരണം കൊണ്ട് തന്നെ ജയിലിയാവുകയും ചെയ്തിരുന്നു. കാശ്മീരിലും അടിയന്തരാവസ്ഥയുടെ ഭാഗമായി രൂപപ്പെടുത്തിയ ‘പത്ര മാരണം’ വാർത്താ വിതരണത്തിന് മാർഗ തടസ്സങ്ങളുണ്ടാക്കി. എന്നാൽ ഡൽഹിയിലെ മാധ്യമ പ്രവർത്തകർ നേരിട്ടത് വേറൊരു അനുഭവമായിരുന്നു. ബി.ആർ.പി അക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു.

“ഡൽഹി പത്രങ്ങളാണ് അടിയന്തരാവസ്ഥയുടെ ആഘാതം ആദ്യം അനുഭവിച്ചതും ഏറ്റവുമധികം ഏറ്റുവാങ്ങിയതും. ജൂൺ 25 ന് രാത്രി, നേതാക്കന്മാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ആ വാർത്തയുമായി പത്രങ്ങൾ രാവിലെ വീടുകളിലും തെരുവുകളിലും എത്താതിരിക്കാൻ പത്രമാപ്പീസുകളിലേക്കുള്ള വൈദ്യുതി വിതരണം സർക്കാർ തടഞ്ഞു. അന്ന് ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന പല യു.എൻ.ഐ റിപ്പോർട്ടർമാരും ആ രാത്രി സാഹസികമായി വാർത്തകൾ ശേഖരിച്ച് വിതരണം ചെയ്തത് അഭിമാനത്തോടെ വിവരിക്കാറുണ്ട്. അടിയന്തരാവസ്ഥയ്‌ക്കെതിരെ അഭിപ്രായം സ്വരൂപിക്കാൻ ശ്രമം നടത്തിയ എക്സ്പ്രസ് ന്യൂസ് സർവീസ് മേധാവി കുൽദീപ് നയാർ അറസ്റ്റ് ചെയ്യപ്പെട്ടു. സഞ്ജയ് ഗാന്ധി ഡൽഹിയിലെ പ്രമുഖ പത്രങ്ങളിലെല്ലാം തനിക്ക് സ്വീകാര്യരായ പത്രാധിപന്മാരെ കുടിയിരുത്താൻ ശ്രമം തുടങ്ങി. ബിർളാ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ‘ഹിന്ദുസ്ഥാൻ ടൈംസ്’ ആയിരുന്നു ഡൽഹിയിലെ ഏറ്റവും പ്രചാരമുള്ള പത്രം. ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ പത്രാധിപരായിരുന്ന പ്രശസ്ത എഴുത്തുകാരൻ ഖുഷ്വന്ത് സിംഗിനെ അവിടെ അവരോധിച്ചു. സഞ്ജയ് ഗാന്ധിയാണ് തന്നെ ആ പത്രത്തിന്റെ പത്രാധിപരാക്കിയതെന്നു അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്”.

കുൽദീപ് നയ്യാർ. കടപ്പാട്: thewire

മാധ്യമ സ്വാതന്ത്ര്യത്തിന് പൂർണ വിലക്കുണ്ടായിരുന്ന അക്കാലം ധീരമായ പത്രപ്രവർത്തനം കൊണ്ട് സാർത്ഥകമാക്കിയവരെ അദ്ദേഹം വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. സർക്കാരിന്റെ സമ്മർദ്ദം കൊണ്ട് പല പത്രാധിപരെയും നീക്കം ചെയ്യാൻ അക്കാലത്ത് ശ്രമങ്ങളുണ്ടായി. ഇന്ദിരാ ഗാന്ധിയുടെ മകനായിരുന്ന സഞ്ജയ് ഗാന്ധി അദ്ദേഹത്തിന്റെ അധികാരവും, അടിയന്തരാവസ്ഥയുടെ സാഹചര്യവും പ്രയോജനപ്പെടുത്തികൊണ്ട് സ്വന്തം തീരുമാനങ്ങൾ മാധ്യമ സ്വാതന്ത്രത്തിന് മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇന്ത്യൻ എക്സ്പ്രസ് ഉടമ രാംനാഥ്‌ ഗോയങ്ക, എസ് മുൾഗോങ്കറെ പത്രാധിപ സ്ഥാനത്ത് നിന്നും നീക്കി. പകരം ആ സ്ഥാനത്ത് നിയമിച്ചത് ‌ഫിനാൻഷ്യൽ എക്സ്പ്രസിന്റെ പത്രാധിപർ വി.കെ നരസിംഹനെയായിരുന്നു. സഞ്ജയ് ഗാന്ധിയുടെ പരിചിതനായിരുന്ന സുമൻ ദുബൈയെയാണ് ഈ സ്ഥാനത്ത് അവർ കണ്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് സർക്കാരിൽ നിന്നും സമ്മർദ്ദം നേരിട്ടിരുന്നുവെങ്കിലും മറ്റ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിച്ച പല വാർത്തകളും റിപ്പോർട്ട് ചെയ്തിരുന്ന ഒരു പത്രമായിരുന്നു ഇന്ത്യൻ എക്സ്പ്രസ്സ്. അതിന് കാരണമായി തീർന്നത് ദി ഹിന്ദുവിൽ തന്റെ കൂടെ ജോലി ചെയ്‌തിരുന്ന സുഹൃത്ത് കൂടിയായിരുന്ന വി.കെ.എൻ എന്നറിയപ്പെട്ടിരുന്ന നരസിംഹനാണ് എന്ന് ബി.ആർ.പി പറയുന്നുണ്ട്. ശ്രീനഗറിലായിരുന്നുവെങ്കിലും ഡൽഹിയിൽ അടിയന്തരാവസ്ഥ നേരിട്ട് ബാധിച്ച മറ്റിടങ്ങളിലുമുള്ള തന്റെ സുഹൃത്തുക്കളോട് ബി.ആർ പി അക്കാലത്ത് ഐക്യപ്പെട്ടിരുന്നു. ശ്രീനഗറിൽ നിന്ന് ഡൽഹിയിലെത്തിയ അദ്ദേഹം പിന്നീട് ജയിൽ മോചിതനായ കുൽദീപ് നയാറിനെയും, നരസിംഹനെയും സന്ദർശിച്ചിരുന്നു. “ഇതൊരു ഐക്യദാർഢ്യ പ്രവർത്തനമാണ്.” എന്നാണ് അന്ന് ബി.ആർ.പി തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്.

വി.കെ നരസിം​ഹൻ. കടപ്പാട്: saibaba-x

ഇതേസമയം അടിയന്തരാവസ്ഥയും മാധ്യമങ്ങളുടെ സെൻസർഷിപ്പും ചർച്ച ചെയ്യാനായി ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ് (ഐ.എഫ്.ഡബ്ല്യു.ജെ) യോഗം ചേർന്നതിന്റെ അനുഭവങ്ങളും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിട്ടാണ് ഇത് വിലയിരുത്തേണ്ടത്. അടിയന്തരാവസ്ഥയ്ക്ക് അനുബന്ധമായി അതിന്റെ ആഘാതം കുറയ്ക്കാനും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് സംഘടനയുടെ യോഗം കൂടുന്നത്. സർക്കാരിന്റെ ചീഫ് സെൻസറായിരുന്ന ഹാരി. ഡി പെന്നയും ഉൾപ്പെട്ട യോഗത്തിൽ പ്രത്യേക ക്ഷണിതാവായി വരാൻ അവസരം ലഭിച്ച ബി.ആർ.പി അവിടെ നടന്ന ചരിത്ര സംഭവങ്ങളെ ഓർത്തെടുക്കുന്നുണ്ട്. സംഘടനയുടെ സെക്രട്ടറി ജനറൽ ടി.ആർ രാമസ്വാമി അടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്ന വ്യക്തിയായിരുന്നു. യോഗത്തിൽ ആ നിലപാട് ഒരു സർക്കാർ അനുകൂല പ്രമേയമായി അവതരിപ്പിക്കപ്പെട്ടപ്പോൾ വൈസ് പ്രസിഡന്റ് വിക്രം റാവു, കേരളത്തിൽ നിന്നുള്ള കെ.എം റോയി അടക്കമുള്ളവർ എതിർത്തു. പിന്നീട് നടന്ന അഭിപ്രായ വോട്ടെടുപ്പിൽ പ്രതികൂലിച്ചവരിൽ പലരും വോട്ട് ചെയ്യാതിരുന്നതുകൊണ്ട് ആ പ്രമേയം യോഗത്തിൽ പാസാക്കപ്പെട്ടു.
അടിയന്തരാവസ്ഥയുടെ കെട്ടകാലത്ത് നടന്ന സംഘടനായോഗത്തിൽ അവതരിപ്പിച്ച പ്രമേയം അന്ന് പാസായിരുന്നില്ലെങ്കിൽ സർക്കാർ ഐ.എഫ്.ഡബ്ല്യു.ജെയുടെ കഥ കഴിക്കുമായിരുന്നേനെ എന്ന് ബി.ആർ.പി എഴുതുന്നു.

ഒരു സ്വതന്ത്ര രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സാധാരണ പൗരരെ സംബന്ധിച്ച് ഞെട്ടലുണ്ടാക്കുന്ന വിഷയമാണ്. എന്നാൽ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ അടിയന്തരാവസ്ഥ പ്രഖ്യാപന വാർത്ത കേൾക്കുമ്പോൾ എന്താണ് സംഭവിക്കുക. ആ കഥ രസകരമായി അദ്ദേഹം ആവിഷ്‌ക്കരിച്ചിരിക്കുന്നു.

”ശ്രീനഗറിലെ സർക്യൂട്ട് ഹൗസിലാണ് ഞാനും ഭാര്യയും അന്ന് താമസം. എനിക്ക് അറിയാവുന്ന ഭാഷകളിലുള്ള പത്രങ്ങളൊന്നും രാവിലെ ലഭ്യമല്ലാത്തതുകൊണ്ട് എന്റെ ദിവസം തുടങ്ങിയിരുന്നത് പത്ര വായനയോടെയല്ല,. ഓൾ ഇന്ത്യ റേഡിയോയുടെ എട്ട് മണിക്കുള്ള ഇംഗ്ലീഷ് ബുള്ളറ്റിൻ കേട്ടുകൊണ്ടാണ്. കിടക്കയിൽ കിടന്നുകൊണ്ടുതന്നെ അത് കേൾക്കാനായി കൈയെത്തും ദൂരത്ത് ഒരു ട്രാൻസിസ്റ്റർ വെച്ചിരുന്നു. പതിവുപോലെ എട്ട് മണിക്ക് ട്രാൻസിസ്റ്റർ ഓൺ ചെയ്തു. പതിവിന് വിരുദ്ധമായി “ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയോ” എന്ന ആമുഖ പ്രസ്താവം കൂടാതെ “രാഷ്ട്രപ്രതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു” എന്ന തലക്കെട്ടാണ് വന്നത്. അടുത്ത വാചകം തുടങ്ങിയപ്പോൾ കേൾക്കുന്ന ശബ്ദം എ.ഐ.ആറിന്റെ ഏതെങ്കിലും ന്യൂസ് റീഡറുടെതല്ല, ഇന്ദിരാ ഗാന്ധിയുടേതാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതായത് കേൾക്കുന്നത് വാർത്താ ബുള്ളറ്റിനല്ല, പ്രധാന മന്ത്രിയുടെ പ്രത്യേക പ്രക്ഷേപണമാണ്. കിടക്കയിൽ നിന്ന് ചാടിയെണീറ്റ് ഞാൻ പ്രക്ഷേപണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അത് തീർന്നയുടൻ ആപ്പീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി. രാവിലെ ഒമ്പത് മണിക്ക് ഡൽഹി- ശ്രീനഗർ ടെലിപ്രിന്റർ ലൈൻ പ്രവർത്തിച്ചുതുടങ്ങും. അപ്പോഴേക്കും അവിടെ എത്തണം.” വാർത്തയറിഞ്ഞയുടൻ അത് വിനിമയം നടത്താനുമുള്ള ഒരു മാധ്യമ പ്രവർത്തകന്റെ വ്യഗ്രത.

മാധ്യമ പ്രവർത്തകർ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കപ്പെട്ട അക്കാലത്ത് ദേശീയ വാർത്ത ഏജൻസിയായ യു.എൻ.ഐയ്ക്ക് വേണ്ടി അദ്ദേഹം തയാറാക്കിയ ഒരു വാർത്ത പോലും സെൻസർ ചെയ്യപ്പെട്ടിരുന്നില്ല! സമർഥമായ മാധ്യമപ്രവർത്തനം കൊണ്ടും, ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ടും തൻ്റെ റിപ്പോർട്ടുകൾ ‘ഒളിപ്പിച്ചു കടത്തിയത് ‘ പുതിയ കാലത്തെ മാധ്യമ പ്രവർത്തകരെ ഞെട്ടിക്കും.

അടിയന്തരാവസ്ഥാ കാലത്ത് ദൂരദർശൻ സ്റ്റുഡിയോയിൽ ഇന്ദിരാ​ഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. കടപ്പാട്:indianexpress

“മാധ്യമപ്രവർത്തകരെന്ന നിലയിൽ എന്നെ നേരിട്ട് ബാധിക്കുന്ന അടിയന്തരാവസ്ഥ പ്രശ്നം സെൻസർഷിപ്പ് ആണ്. ശ്രീനഗറിൽ നിന്ന് ഞാൻ നേരിട്ട് ആർക്കും വാർത്ത നൽകുന്നില്ല. ഡൽഹിയിലെ യു.എൻ.ഐ ഡെസ്കിനാണ് ഞാൻ വാർത്ത അയച്ചുകൊടുക്കുന്നത്. അവിടെ എഡിറ്റ് ചെയ്ത ശേഷം മാത്രമേ അത് പത്രമാപ്പീസുകളിലേക്ക് പോകുന്നുള്ളൂ. ഈ സാഹചര്യം പ്രയോജനപ്പെടുത്തി സെൻസർ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. ഒരു റിപ്പോർട്ടും ശ്രീനഗറിലെ സെൻസർക്ക് നൽകാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഞാൻ ഡൽഹി ഡസ്ക്കിനെ അറിയിച്ചു. ഏതെങ്കിലും വാർത്തയ്ക്ക് സെൻസറുടെ അംഗീകാരം ആവശ്യമാണെന്ന് ഡസ്കിന് തോന്നുന്നെങ്കിൽ അത് ഡൽഹിയിലെ സെൻസർക്ക് അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. അതിൻ പ്രകാരം അടിയന്തരാവസ്ഥക്കാലത്ത് ഒരു റിപ്പോർട്ടും സെൻസറെ കാണിച്ചില്ല.”

വാർത്തകൾ അറിയാനുള്ള വായനക്കാരുടെ അവകാശത്തെ തിരിച്ചറിയുകയും, സർക്കാരിനെതിരെ ‘രഹസ്യ’മായി കലഹിക്കുകയും ചെയ്യുന്ന മാധ്യമ വിദ്യ. മാത്രവുമല്ല, സെൻസറിൽ നിന്നും ഒപ്പ് വാങ്ങണം എന്ന കാരണത്താൽ പ്രസ് അക്രെഡിറ്റേഷൻ പുതുക്കാതെ നീണ്ട 21 മാസം ഈ രഹസ്യ ന്യൂസ് വിതരണം നടത്തിയതെന്നും ബി.ആർ.പി വ്യക്തമാക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണാൻ തയ്യാറാകാതിരുന്ന ഇന്ദിരാ ഗാന്ധി ശ്രീനഗറിൽ വെച്ചാണ് ആദ്യമായി മീഡിയയെ അഭിമുഖീകരിക്കുന്നത്. അങ്ങനെ, അടിയന്തരാവസ്ഥ പിൻവലിച്ച ശേഷമുള്ള ഇന്ദിരയുടെ ആദ്യ പ്രതികരണം റിപ്പോർട്ട് ചെയ്യാനും ബി.ആർ.പിക്ക് ഭാ​ഗ്യമുണ്ടായി. ഇന്ദിരാ ഗാന്ധിക്കുണ്ടായ വൈകിയുള്ള തിരിച്ചറിവിനെ അദ്ദേഹം ശക്തമായ വാക്കുകൾകൊണ്ട് രേഖപ്പെടുത്തി.

2018 ഫെബ്രുവരി27ന് കേരളീയം സംഘടിപ്പിച്ച വിസമ്മതങ്ങളുടെ കാതൽ എന്ന പരിപാടിയിൽ ബി.ആർ.പി ഭാസ്കർ സംസാരിക്കുന്നു.

“ഡൽഹിക്ക് മടങ്ങുന്നതിനു മുൻപത്തെ ദിവസം ഇന്ദിരാ ഗാന്ധി മാധ്യമപ്രവർത്തകരെ സർക്കാർ ഗസ്റ്റ് ഹൗസിൽ അത്താഴത്തിന് ക്ഷണിച്ചു. ആ അവസരത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അവർ തയ്യാറായി. സ്വാഭാവികമായും അടിയന്തരാവസ്ഥയെയും അതിക്രമങ്ങളെയും കുറിച്ച് ചോദ്യങ്ങളുണ്ടായി. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ അവർ പൂർണമായും ന്യായീകരിച്ചു. അതിക്രമങ്ങളുണ്ടായെന്നു സമ്മതിക്കുകയും ചെയ്തു. സെൻസർഷിപ്പ് തെറ്റായിരുന്നുവെന്ന് അവർ പറഞ്ഞു. ‘പത്രങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാഞ്ഞതിനാൽ രാജ്യത്ത് എന്താണ് നടക്കുന്നതെന്നറിയാൻ ഔദ്യോഗിക ഏജൻസികളെ മാത്രം ആശ്രയിക്കേണ്ടി വന്നു.’ പത്ര സമ്മേളനം രാത്രി ആയിരുന്നതിനാൽ റിപ്പോർട്ട് അടുത്ത ദിവസം അയച്ചാൽ മതിയെന്ന് ഞങ്ങൾ തീരുമാനിച്ചു. റിപ്പോർട്ടിൽ ഞാൻ ഇങ്ങനെ കുറിച്ചു: Proud, defiant, unrepentant. That was how Indira Gandhi as she spoke to the press for the first time since the end of the Emergency regime.”

മോദി ഭരണത്തിനേറ്റ അപ്രതീക്ഷിത തിരിച്ചടിയുടെ വാർത്ത അറിയാനും, അതിനെക്കുറിച്ച് സംസാരിക്കാനും ബി.ആർ.പിക്ക് കഴിയാതെ പോയെങ്കിലും ‘ന്യൂസ് റൂം’ എന്ന ആത്മകഥയിൽ അടിയന്തരാവസ്ഥക്കാലത്തെ അടയാളപ്പെടുത്തുന്ന അധ്യായം ഈ ജനവിധിയുടെ പകർപ്പായി മാറുന്നു. ഏകാധിപതികൾക്ക് തിരിച്ചടിയുണ്ടാകുമെന്ന് ബി.ആർ.പിക്ക് എന്നും ഉറപ്പുണ്ടായിരുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 9, 2024 10:15 am