തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പോരായ്മകൾ വലിയ രീതിയിൽ വിമർശനങ്ങൾക്ക് വിധേയമാകുകയും സുപ്രീം കോടതിയിൽ നിരവധി പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്ത ഒരു തെരഞ്ഞെടുപ്പ് കൂടിയാണ് കഴിഞ്ഞത്. വംശീയ വിദ്വേഷ പ്രസംഗങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായപ്പോൾ പെരുമാറ്റ ചട്ട ലംഘന നടപടികൾ കെെക്കൊള്ളാത്ത തെരഞ്ഞെടുപ്പ് കമ്മീഷനും വിമർശനങ്ങൾ നേരിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുളള ബിജെപിയുടെ താരപ്രചാരകരും നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ വർഗീയ പ്രസംഗങ്ങളുടെ സ്വഭാവവും വസ്തുതകളും പരിശോധിക്കുകയാണ് ഈ റിപ്പോർട്ടിൽ. മുസ്ലീം മതത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രധാനമായും വംശീയ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും ഉണ്ടായിരിക്കുന്നത്. മത സ്വത്വം, സംവരണം, ലൗ ജിഹാദ്, ആർട്ടിക്കിൾ 370, മത പ്രീണനം, വോട്ട് ബാങ്ക്, പോപ്പുലേഷൻ ജിഹാദ്, വോട്ട് ജിഹാദ് എന്നിവയായിരുന്നു വിദ്വേഷ പ്രസംഗങ്ങളിലെ പ്രധാന വിഷയങ്ങൾ. കേരളത്തിൽ ബിജെപി നടത്തിയ വംശീയവിദ്വേഷ പ്രസംഗങ്ങൾ പ്രധാനമായും ലൗ ജിഹാദ്, ദ കേരള സ്റ്റോറി, തൃശൂർ പൂരം, ശ്രീരാമൻ, മതപ്രീണനം എന്നീ വിഷയങ്ങളായിരുന്നു. (കേരളീയം അത് മുമ്പ് റിപ്പോർട്ട് ചെയ്തത് വായിക്കാം). ദേശീയതലത്തിൽ നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ ഇൻഡ്യ മുന്നണി മുന്നോട്ടുവച്ച ജാതി സെൻസസിനും സംവരണത്തിനും സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിനും എതിരായ പരാമർശങ്ങൾ പൊതുവായി കടന്നുവരുന്നതായി കാണാം.
2024 മാർച്ച് 16 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെയുള്ള ഏഴ് ഘട്ടങ്ങളിൽ പ്രമുഖ ബിജെപി നേതാക്കൾ നടത്തിയ വർഗീയ പ്രസംഗങ്ങളിൽ ചിലത്. ഗുരുതരമായ ഈ പരാമർശങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കപ്പെട്ടിട്ടില്ല.
മാർച്ച് 17, തഥാഗത റോയ്, ബിജെപി അംഗം, മുൻ മേഘാലയ ഗവർണർ (എക്സിൽ പോസ്റ്റ് ചെയ്തത്)
“ഒരു പുരുഷൻ സുന്നത്ത് ചെയ്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിൽ മടിക്കാൻ എന്താണുള്ളത്! പൗരത്വം നൽകുന്നതിൽ നിന്ന് മുസ്ലീങ്ങളെ സിഎഎ പൂർണ്ണമായും ഒഴിവാക്കുന്നു. സംശയമുണ്ടെങ്കിൽ ഈ പരിശോധന നടത്താവുന്നതാണ്. വർഷങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ എഞ്ചിനീയറിംഗ് കോളേജ് പ്രവേശന കാലത്ത് എല്ലാ പുരുഷന്മാരെയും ഒരു വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. അതിൽ ഒരു പുരുഷ ഡോക്ടറുടെ മുമ്പാകെ വസ്ത്രമഴിച്ചുള്ള പരിശോധനയും ഉൾപ്പെടുന്നു! ഒരാൾക്ക് സുന്നത്ത് നടത്തിയിട്ടുണ്ടോ എന്നല്ല, മറിച്ച് വൃഷണ വീക്കമുണ്ടോയെന്ന് എന്ന് കണ്ടെത്താനാണ്. ആരും അതിനെ എതിർത്തിരുന്നില്ല! പിന്നെന്തിനാ ഇപ്പോൾ എതിർക്കുന്നത്?”
മാർച്ച് 19, നരേന്ദ്ര മോദി, ഉത്തർപ്രദേശ്, അമ്രോഹ തെരഞ്ഞെടുപ്പ് പ്രചരണം
(അമ്രോഹയിലെ എം.പിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ഡാനിഷ് അലിക്കെതിരെയാണ് മോദി ആരോപണം ഉന്നയിച്ചത്.)
“ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ കഴിയാത്ത ഒരാൾ ഇന്ത്യൻ പാർലമെന്റിന് യോജിച്ചവനാണോ? മാതൃരാജ്യത്തോട് നന്ദി പറയാൻ ആഗ്രഹിക്കാത്ത അത്തരമൊരു വ്യക്തിയെ പാർലമെന്റിൽ പ്രവേശിക്കാൻ അനുവദിക്കണോ?”
മാർച്ച് 19, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ
(നിർമല സീതാരാമൻ തമിഴ്‌നാട്ടിലെ ഭരണപാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെയാണ് പ്രസ്താവന നടത്തിയത്.)
“ക്ഷേത്രങ്ങൾ നശിപ്പിക്കുന്ന, നമ്മുടെ മതത്തെ നശിപ്പിക്കുന്ന ഒരു പാർട്ടിക്ക് നിങ്ങൾ എന്തിനാണ് വോട്ട് ചെയ്യുന്നത്?
ചാണക്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമൻ ഇത്തരം പരാമർശം നടത്തിയത്.
“വിവിധ മതവിശ്വാസങ്ങളിലുള്ളവർ തമിഴ്‌നാട്ടിൽ സമാധാനത്തോടെ ജീവിക്കുന്നുണ്ട്. സർക്കാർ മാത്രമല്ല തമിഴ്‌നാട്ടിലെ ജനങ്ങളും മതേതരത്വം ഉയർത്തിപ്പിടിച്ചാണ് ജീവിക്കുന്നത്. കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളിൽ മതവികാരങ്ങളെ സ്വാധീനിക്കാൻ വേണ്ടിയുള്ളതാണ്.” ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച പരാതിയിൽ പറയുന്നു.
മാർച്ച് 20, ശോഭ കരന്തലജെ, എം.പി, കർണാടക
“തമിഴ്‌നാട് നിന്നുള്ള ആളുകൾ ഇവിടെ വന്ന് പരിശീലനം നേടി ഇവിടെ ബോംബ് വെച്ച് പോകുകയാണ്. അവരാണ് കഫേയിൽ ബോംബ് വെച്ചത്.”
മാർച്ച് ഒന്നിന് ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനം നടത്തിയത് തമിഴ്‌നാട് സ്വദേശികളാണ് എന്ന ശോഭ കരന്തലജെയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തമിഴർക്കെതിരെ വിദ്വേഷം ഉളവാക്കുന്ന ഈ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ശക്തമായ ലംഘനമാണെന്നും ഡിഎംകെ പരാതിയിൽ പറയുന്നു. ഡിഎംകെയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക ചീഫ് ഇലക്ടറൽ ഓഫീസർക്ക് നടപടിയെടുക്കാൻ നിർദ്ദേശം നൽകി.
ഏപ്രിൽ, അരുൺ ഗോവിൽ, മീററ്റ്, ഉത്തർപ്രദേശ്
ബിജെപിയുടെ മീററ്റ് സ്ഥാനാർത്ഥി അരുൺ ഗോവിൽ രാമന്റെ ചിത്രവുമായാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് ദ വയർ ലേഖകൻ ഒമർ റാഷിദ് റിപ്പോർട്ട് ചെയ്യുന്നു. മീററ്റ് ജില്ലാ മജിസ്‌ട്രേറ്റും തെരഞ്ഞെടുപ്പ് ഓഫീസറും ഗോവിലിന് നോട്ടീസ് നൽകിയിട്ടുണ്ട്. 1987-1988 കാലഘട്ടത്തിൽ സംപ്രേഷണം ചെയ്ത രാമായൺ സീരിയലിൽ രാമന്റെ വേഷം ചെയ്ത അഭിനേതാവാണ് ഗോവിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ജനങ്ങൾക്ക് ശ്രീരാമനിലുള്ള വിശ്വാസത്തിന്റെ തെളിവായിരിക്കും തന്റെ വിജയം എന്നും ഗോവിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മടങ്ങിയെത്തിയ രാമൻ തന്നെയാണ് ഞാൻ എന്നും ഗോവിൽ ഒരു പൊതുവേദിയിൽ പറഞ്ഞു. മീററ്റിൽ ബിജെപി തന്നെയാണ് ജയിച്ചത്.
ഏപ്രിൽ 14, ഹിമന്ത ബിശ്വ ശർമ്മ (മുഖ്യമന്ത്രി), അസം
“ഞാനെപ്പോഴും മതവിഭാഗീയത ഉണ്ടാക്കാറുണ്ട്, അതിൽ പുതുതായി എന്താണുള്ളത്? അതിൽ തെറ്റൊന്നുമില്ല. കാരണം എനിക്ക് മത വിഭാഗീയത എന്നാൽ – ഹിന്ദുക്കൾ അപഹസിക്കപ്പെടുകയില്ല എന്നാണ്. അതിനെയാണ് വിഭാഗീയത എന്ന് വിളിക്കുന്നതെങ്കിൽ ഞാനത് ചെയ്യും. ഹിന്ദുക്കളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നു എന്നത് മതധ്രുവീകരണം ആണോ?”
ഏപ്രിൽ 20, അമിത് ഷാ, കോട്ട, രാജസ്ഥാൻ
“2014ലും 2019ലും ജനങ്ങൾ ബിജെപിക്ക് വലിയ ഭൂരിപക്ഷം നൽകി അധികാരത്തിലെത്തിയതോടെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനും രാം മന്ദിർ നിർമിക്കാനും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനും ലോക്‌സഭയിലും സംസ്ഥാന നിയമസഭയിലും 33 ശതമാനം സംവരണം നടപ്പിലാക്കാനും ഉപയോഗിച്ചു. 2019ൽ കോൺഗ്രസിന് വോട്ട് ചെയ്തിരുന്നെങ്കിൽ കോട്ട പിഎഫ്‌ഐയുടെ വീടായി മാറുമായിരുന്നു. നിങ്ങൾ പക്ഷേ മോദിക്ക് വോട്ട് ചെയ്തു മോദി പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കി, അവരെയെല്ലാം ജയിലിലടച്ചു. അവർ പോപ്പുലർ ഫ്രണ്ട് നിരോധനം നീക്കുമെന്നാണ് പറയുന്നത്. കോൺഗ്രസ് ഒരു വികസന വിരുദ്ധ പാർട്ടിയാണ്.”
ഏപ്രിൽ 21, യോഗി ആദിത്യനാഥ്, രാജ്നന്ദ്ഗാവ്, ഛത്തീസ്‌ഗഢ്
“ചിലപ്പോഴൊക്കെ പശുക്കളെയും കടത്തുകാർക്കും കശാപ്പുകാർക്കും കൈമാറിയതിനെക്കുറിച്ചും ഞാൻ ചിന്തിക്കാറുണ്ട്. ലൗ ജിഹാദ് പരസ്യമായി നടക്കുന്നുണ്ടായിരുന്നു.”
ഏപ്രിൽ 22, യോഗി ആദിത്യനാഥ്
“ഇവർ ഭീകരവാദികളുടെ ശവക്കല്ലറക്ക് മുൻപിലിരുന്ന് ഫാതിഹ വായിക്കും. നിങ്ങളിനിയും അവർക്ക് അഞ്ച് വർഷം കൂടി കൊടുത്താൽ അവർ അത് തുടർന്നുകൊണ്ടേയിരിക്കും. സമാജ് വാദി പാർട്ടി, കോൺഗ്രസ്, ബിഎസ്പി എന്നിവരുടെ നയങ്ങൾ പൗരന്മാരുടെ സുരക്ഷയെ അപകടത്തിലാക്കി. 500 വർഷത്തെ പോരാട്ടത്തിനൊടുവിൽ ശ്രീ രാമൻ അയോധ്യയിൽ തിരിച്ചെത്തി. അത് സാധ്യമായത് ബിജെപി ഭരിക്കുന്ന കാലത്താണ്.”
(ഖുർആനിലെ ആദ്യ സൂറ ആയ ഫാതിഹ മുസ്ലിം വിശ്വാസപ്രകാരം മിക്ക ആരാധനാ കർമങ്ങളുമായും ബന്ധപ്പെട്ട് പാരായണം ചെയ്യപ്പെടുന്ന സൂറകളിലൊന്നാണ്.)
ഏപ്രിൽ 22, യോഗി ആദിത്യനാഥ്, ഫത്തേപൂർ സിക്രി, ഉത്തർപ്രദേശ്
ആഗ്രയിലെ ഫത്തേപൂർ സിക്രിയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ബാബറി-അയോധ്യ വിഷയം ഉയർത്തുകയും നിയമപ്രശ്നങ്ങൾ നിലനിൽക്കുന്ന മറ്റ് മസ്ജിദുകൾ തകർക്കണമെന്ന് വാദിക്കുകയും ചെയ്തു.
“അയോധ്യയും കാശിയും അതിന്റെ ലക്ഷ്യം കൈവരിച്ചു, ഇനി ബ്രജ് ഭൂമിയുടെ ഊഴമാണ്.”
ഏപ്രിൽ 23, യോഗി ആദിത്യനാഥ് (മുഖ്യമന്ത്രി) അമ്രോഹ, ഉത്തർപ്രദേശ്
“കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ വഞ്ചിക്കുകയും അവരുടെ വ്യാജ പ്രകടന പത്രികയുമായി വീണ്ടും നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. കോൺഗ്രസിന്റെ പ്രകടനപത്രിക പരിശോധിക്കുമ്പോൾ അവർ സർക്കാർ രൂപീകരിച്ചാൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നാണ് അവർ പറയുന്നത്.”
“നിങ്ങൾ പറയൂ, ബാബാ സാഹിബ് ഭീംറാവു അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനയാണോ അതോ ശരീഅത്താണോ ഈ രാജ്യത്തെ നയിക്കുന്നത്?”
“ഞങ്ങൾ വീണ്ടും വ്യക്തിനിയമം പുനഃസ്ഥാപിക്കുമെന്ന് അവർ പറയുന്നു. ഇവർ ശരീഅത്ത് നിയമം നടപ്പാക്കും.”
“ഈ നാണംകെട്ടവരുടെ അവസ്ഥ നോക്കൂ. ഒരു വശത്ത് അവര് നിങ്ങളുടെ വസ്തുവകകള് തട്ടിയെടുക്കുകയും മറുവശത്ത് മാഫിയയെയും കുറ്റവാളികളെയും അവരുടെ ആഭരണമാക്കി അവർക്കായി ഫാതിഹ ചൊല്ലുന്നു.”
ഏപ്രിൽ 23, നരേന്ദ്ര മോദി, സർഗുജ, ഛത്തീസ്‌ഗഢ്
“നിങ്ങളുടെ സമ്പത്ത് മാത്രമല്ല നിങ്ങളുടെ സ്വർണവും കൊള്ളയടിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. അവർ അത് ആർക്ക് നൽകുമെന്ന് നിങ്ങൾക്കറിയാമല്ലോ.”
“കോൺഗ്രസിന്റെ ‘മുസ്ലിം ലീഗ്’ ചിന്ത തുറന്നുകാണിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലിം ലീഗിന്റെ ആശയം ഏറ്റെടുത്തു.”
ഏപ്രിൽ 25, നരേന്ദ്ര മോദി, ആഗ്ര, ഉത്തർപ്രദേശ്
“കോണ്ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികക്ക് മുസ്ലീം ലീഗിന്റെ മുദ്രവെച്ച അംഗീകാരം ലഭിച്ചുവെന്ന് എനിക്ക് 100 ശതമാനം ഉറപ്പ് നൽകാൻ കഴിയും.”
ഏപ്രിൽ 25, നരേന്ദ്ര മോദി, ആഗ്ര, ഉത്തർപ്രദേശ്
“കർണാടകത്തിലെ കോൺഗ്രസ് ഗവണ്മെന്റ് കർണാടകത്തിലെ മുസ്ലീംങ്ങളെയെല്ലാം ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തി. ഒ.ബി.സി വിഭാഗക്കാരുടെ അവകാശങ്ങൾ കവർന്നെടുത്താണ് ഈ സംവരണം ഏർപ്പെടുത്തിയത്. കോൺഗ്രസ് ഉത്തർപ്രദേശിലും ഇതേ കാര്യം ചെയ്യാൻ ശ്രമിക്കുകയാണ്. അവസരം കിട്ടുമ്പോഴെല്ലാം എസ് സി, എസ് ടി, ഒബിസി വിഭാഗക്കാരുടെ അവകാശങ്ങൾ പിൻവാതിലിലൂടെ കവർന്നെടുത്ത് കൊടുക്കുകയാണ്. ഇതിൽ സമാജ്‌വാദി പാർട്ടിയുടെ മുഴുവൻ പിന്തുണയും ഉണ്ട്. ഉത്തർപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി 2012ലും കോൺഗ്രസ് ഇതുതന്നെ ചെയ്യാൻ ശ്രമിച്ചു. ഒ.ബി.സി സംവരണം ന്യൂനപക്ഷവിഭാഗത്തിന് നൽകാൻ അവർ ശ്രമിച്ചു. ഉത്തർപ്രദേശിലെ ജനങ്ങൾ, പ്രത്യേകിച്ച് ഒ.ബി.സി സമുദായത്തിലുള്ളവർ സമാജ്‌വാദി- കോൺഗ്രസിന്റെ ഈ അപകടം മനസ്സിലാക്കണം. വോട്ട് ബാങ്കിന് വേണ്ടി സമാജ്‌വാദി പാർട്ടി യാദവരെയും മറ്റു പിന്നാക്ക സമുദായങ്ങളെയും വഞ്ചിക്കുകയാണ്. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പ്രീണന രാഷ്ട്രീയത്തിൽ മുങ്ങിയിരിക്കുന്നു. അവർ സമാനചിന്താഗതിക്കാരുമാണ്.”
ഏപ്രിൽ 25, അമിത് ഷാ, തെലങ്കാന
“സെപ്തംബർ 17 ഹൈദരാബാദ് വിമോചന ദിനമായി ആഘോഷിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാൽ ബിആർഎസും കോൺഗ്രസും നടപ്പിലാക്കിയ മുസ്ലീം സംവരണം അവസാനിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഈ സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലുള്ളവർക്ക് നൽകും. തെലങ്കാനയ്ക്ക് വികസിക്കാൻ കഴിയുക ബിജെപി സർക്കാരിന് കീഴിൽ മാത്രമാണ്. താമര ചിഹ്നം അമർത്തൂ, മോദിജിയെ തെരഞ്ഞെടുക്കൂ, വികസനം വരുന്നത് കാണൂ.”
ഏപ്രിൽ 26, അമിത് ഷാ, ഗുണ, മധ്യപ്രദേശ്
“മുസ്ലിം വ്യക്തിനിയമം തിരികെ കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നു. ശരീഅത്ത് നിയമപ്രകാരം ഈ രാജ്യം ഭരിക്കാൻ കഴിയുമെന്ന് നിങ്ങൾ തോന്നുന്നുണ്ടോ? മുത്തലാഖ് തിരികെ കൊണ്ടുവരാൻ അവരെ ഞങ്ങൾ അനുവദിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കുന്നിടത്തോളം കാലം വ്യക്തിനിയമം കൊണ്ടുവരാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. ഈ രാജ്യം ഏകീകൃത സിവിൽ കോഡ് അനുസരിച്ച് മാത്രമേ ഭരിക്കൂ. നമ്മുടെ രാജ്യത്തെ വിഭവങ്ങൾ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾ അവകാശപ്പെട്ടതാണെന്ന് ഞങ്ങൾ പറയുന്നു. എല്ലാ വിഭവങ്ങളിലും ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് അവർ പറയുന്നു.“
ഏപ്രിൽ 26, നരേന്ദ്ര മോദി, മാൾഡാ, വെസ്റ്റ് ബംഗാൾ
“ആദിവാസി സ്ത്രീകളുടെ താലിയും സ്വർണ്ണവും കവർന്നെടുക്കുന്ന വളരെ അപകടകരമായ ഒരു നിയമം കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നു. അവർ ഓരോ പൗരന്റെയും സ്വത്ത് കവർന്നെടുക്കുകയും അതിന്റെ വലിയൊരു ഭാഗം അവരുടെ വോട്ട് ബാങ്കിന് നൽകുകയും ചെയ്യും.“
“ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാൻ തൃണമൂൽ കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നു. നിങ്ങളുടെ ഭൂമി നുഴഞ്ഞുകയറ്റക്കാർ പിടിച്ചെടുക്കാൻ അവർ അനുവദിച്ചു. നിങ്ങളുടെ സമ്പത്ത് അത്തരം നുഴഞ്ഞുകയറ്റക്കാർക്ക് നൽകണമെന്നാണ് കോൺഗ്രസ് ഇപ്പോൾ ആഗ്രഹിക്കുന്നത്.“
ഏപ്രിൽ 27, നരേന്ദ്ര മോദി, ബെലഗവി, കർണാടക
“പശുക്കളെ കൊല്ലുകയും ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്ത ഔറംഗസേബിന്റെ പാർട്ടിക്കൊപ്പമാണ് അവർ (കോൺഗ്രസ്) നിൽക്കുന്നത്. കോൺഗ്രസ് നിങ്ങളുടെ സമ്പത്ത് എടുത്ത് അവരുടെ ‘വോട്ട് ബാങ്കിന്’ വിതരണം ചെയ്യും.”
“ഇന്ത്യയിലെ രാജാക്കന്മാർ അതിക്രമങ്ങൾ നടത്തിയെന്ന് പറഞ്ഞ കോൺഗ്രസിന്റെ ഷെഹ്സാദ (രാഹുൽ ഗാന്ധി) പക്ഷേ, നവാബുമാർ, നിസാമുകൾ, സുൽത്താൻമാർ, ബാദ്ഷാമാർ എന്നിവർക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. നമ്മുടെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്ത ഔറംഗസേബ് നടത്തിയ അതിക്രമങ്ങൾ കോൺഗ്രസ് ഓർക്കുന്നില്ല. ഔറംഗസേബിനെ പുകഴ്ത്തുന്ന പാർട്ടികളുമായി കോണ്ഗ്രസ് രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നു. നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങൾ നശിപ്പിച്ചവരെയും കൊള്ളയടിച്ചവരെയും ജനങ്ങളെ കൊന്നവരെയും പശുക്കളെ കൊന്നവരെയും പറ്റി അവർ സംസാരിക്കുന്നില്ല. കോൺഗ്രസ് പാർട്ടിയുടെ വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ കോൺഗ്രസിന്റെ ഷെഹ്സാദയാണ് ഈ പരാമർശം നടത്തിയത്.”
ഏപ്രിൽ 30, നരേന്ദ്ര മോദി, തെലങ്കാന
“ഡോ.ബി.ആർ.അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ നിർമ്മാതാക്കൾ മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർക്കുകയും പട്ടികജാതി/ പട്ടികവർഗ/ ഒ.ബി.സി വിഭാഗങ്ങൾക്ക് മാത്രമായി സംവരണം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ കോൺഗ്രസ് പാർട്ടിയും പാർട്ടിയുടെ രാജകുമാരനും (രാഹുൽ ഗാന്ധി) തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി പിൻവാതിലിലൂടെ മുസ്ലീംങ്ങൾക്ക് സംവരണം കൊണ്ടുവന്ന് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ തോണ്ടുകയാണ്.”
“ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം പട്ടികജാതി/ പട്ടികവർഗ/ഒ.ബി.സി വിഭാഗങ്ങൾക്ക് മാത്രമായി ഭരണഘടന ഏർപ്പെടുത്തിയ സംവരണം മുസ്ലീങ്ങൾക്ക് വിതരണം ചെയ്യാൻ സമ്മതിക്കില്ല”.
“രാമക്ഷേത്രം പണിതത് മോദിയല്ല, നിങ്ങളുടെ വോട്ടാണ്. നിങ്ങളുടെ വോട്ട് എല്ലാത്തിനും മുകളിലാണ്. പക്ഷേ. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ വോട്ട് ബാങ്ക് ആണ് അവർക്ക് എല്ലാത്തിനും മുകളിൽ.”
ഏപ്രിൽ 30, അമിത് ഷാ, അസം
“ബിജെപി വിശ്വസിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണ് എന്നാണ്. കർണാടകയോ ആന്ധ്രപ്രദേശോ പോലുള്ള സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരുമ്പോൾ നമ്മൾ എസ് സി, എസ് ടി, ഒ.ബി.സി വിഭാഗങ്ങളിൽനിന്നുള്ളവർക്ക് നീതി ഉറപ്പാക്കും. മത അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിച്ചുകൊണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സികൾക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നു. എപ്പോഴും അതിനെ സംരക്ഷിക്കും. പ്രധാനമന്ത്രി മോദിയുടെ പ്രസംഗങ്ങളിലും ഈ കാര്യങ്ങൾ ആവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടി മാത്രമാണ് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണത്തിൽ വലിയ വിടവ് വീഴ്ത്തിയത്. ഏകീകൃത ആന്ധ്രയിൽ അവർ മുസ്ലീംങ്ങൾക്ക് സംവരണം നൽകിയതോടുകൂടി ഒ.ബി.സി സംവരണം കുറഞ്ഞു. കർണാടകത്തിൽ ഒറ്റ രാത്രി കൊണ്ട് ഒരു സർവ്വേയും നടത്താതെ എല്ലാ മുസ്ലീംങ്ങൾക്കുമായി 4% സംവരണം നൽകി. ഇതും പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ കുറവുണ്ടാക്കി. നമ്മളൊരിക്കലും വോട്ടർമാരെ ന്യൂനപക്ഷം/ ഭൂരിപക്ഷം എന്ന കാഴ്ചപ്പാടിൽ നോക്കുന്നില്ല.“
2019 ജനുവരി 8 ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ സവർണ വിഭാഗത്തിലുള്ള ദരിദ്രർക്ക് വേണ്ടിയുള്ള സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു സംസാരിക്കുന്നുണ്ട്. 8 ലക്ഷത്തിൽ കുറവ് വാർഷിക വരുമാനമുള്ളവർക്ക് സാമ്പത്തിക അടിസ്ഥാനത്തിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തണം എന്നാണ് അമിത് ഷാ പറഞ്ഞത്. ഇത് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലുള്ളവരുടെ 50 ശതമാനത്തെ ബാധിക്കുകയില്ല എന്നും അമിത് ഷാ അഭിമുഖത്തിൽ പറയുന്നു.
മെയ് 1, അമിത് ഷാ, ഹുബ്ലി, ധർവാഡ്, കർണാടക
“കശ്മീർ നമ്മുടേതാണോ അല്ലയോ?” ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ അമിത് ഷാ ആൾക്കൂട്ടത്തോട് ചോദിച്ചു. നമ്മുടേതാണ്, ജനക്കൂട്ടം മറുപടി പറഞ്ഞു. “ധർവാഡിലെ യുവാക്കൾ കശ്മീരിന് വേണ്ടി ജീവൻ നൽകാൻ തയ്യാറാണ്.” അമിത് ഷാ തുടർന്നു. “ഐപിസി 370 പിൻവലിക്കേണ്ടതായിരുന്നോ അല്ലയോ?” ആഭ്യന്തരമന്ത്രി ചോദിച്ചു. ”ആർട്ടിക്കിൾ 370 റദ്ദ് ചെയ്താൽ കശ്മീരിൽ ചോരപ്പുഴയൊഴുകും എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്, എന്നാൽ മോദിജി കശ്മീരിനെ സുരക്ഷിതമാക്കി. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെല്ലാം രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം നൽകി. പക്ഷേ അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടും എന്ന ഭയത്തിൽ അവർ വന്നില്ല. എഴുപത് വർഷം ഇവർ ജാതി രാഷ്ട്രീയം നടത്തി. മോദി ഇവരുടെ രാഷ്ട്രീയത്തിന് അവസാനമുണ്ടാക്കി.” അമിത് ഷാ പറഞ്ഞു.
(ആർട്ടിക്കിൾ 370 റദ്ദാക്കി എന്നത് വലിയൊരു രാഷ്ട്രീയ വിജയമായിട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്. പ്രചാരണ കാലയളവിൽ വിവിധ ദേശീയ-പ്രാദേശിക മാധ്യമങ്ങൾക്കു പരസ്യം നൽകിയും ഗൂഗിളിൽ പരസ്യം നൽകിയും ബിജെപി ആർട്ടിക്കിൾ 370 ന്റെ റദ്ദാക്കലിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ അവതരിപ്പിച്ചു. ജമ്മു കശ്മീരിൽ ഭീകരവാദത്തിന് അറുതിവരുത്താൻ കഴിഞ്ഞുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ കശ്മീരിൽ നിന്നും മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ പുറത്തുവന്നത് സായുധ സേനയുടെയും പൊലീസിന്റെയും കസ്റ്റഡിയിൽ നിരവധി കശ്മീരി പൗരർ കൊല്ലപ്പെട്ട വാർത്തകളാണ്.)
മെയ് 1, യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര
“ഔറംഗസേബിന്റെ കാലത്ത് ചെയ്തതുപോലെ ഇന്ന് നമ്മുടെയും നമ്മുടെ പാരമ്പര്യ സ്വത്തിന്റെയും മേൽ നികുതി ചുമത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. നിങ്ങൾ അത് അംഗീകരിക്കുമോ? ഔറംഗസേബിന്റെ ഈ പിന്ഗാമികൾ നിലവിൽ റിക്ഷാ വലിക്കുന്നവരുടെ ജോലിയാണ് ചെയ്യുന്നത്. കോൺഗ്രസ് പാരമ്പര്യ നിയമങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.”
“കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ അനുവദിക്കുമെന്ന് ഇവർ പരാമർശിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായം അനുവദിക്കാത്തതിനാൽ ന്യൂനപക്ഷങ്ങൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കാത്തത് എന്താണ്? ഈ കോൺഗ്രസുകാർ നമ്മുടെ മഹാരാഷ്ട്രയിലും നമ്മുടെ ഇന്ത്യയിലും ഗോവധം അനുവദിക്കാൻ ആഗ്രഹിക്കുന്നു.“
“മുസ്ലീങ്ങൾക്ക് സംവരണം നൽകുന്നതിലൂടെ രാജ്യത്തെ ഇസ്ലാമികവത്കരിക്കാനാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നത്.“
മെയ് 2, നരേന്ദ്ര മോദി, ആനന്ദ്, ഗുജറാത്ത്
“(പ്രതിപക്ഷ സഖ്യം) മുസ്ലീങ്ങളോട് ‘വോട്ട് ജിഹാദ്’ ചെയ്യാൻ ആവശ്യപ്പെടുന്നു. ‘ലൗ ജിഹാദ്’, ‘ലാൻഡ് ജിഹാദ്’ എന്നിവയെക്കുറിച്ചാണ് നമ്മൾ ഇതുവരെ കേട്ടത് എന്നാൽ ഇത് പുതിയതാണ്. ജിഹാദിൻ്റെ അർത്ഥമെന്താണെന്നും അത് ആർക്കെതിരെയാണ് നടത്തുന്നതെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
മെയ് 4 , ടി രാജാ സിങ്ങ്, തെലങ്കാന എം.എൽ.എ. മഹാരാഷ്ട്ര
“ലാന്റ് ജിഹാദിനെയും ലൗ ജിഹാദിനെയും പറ്റി കേട്ടിട്ടുണ്ട്. നിങ്ങൾ ഒരുപാട് ജിഹാദ് ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു. ഇനി അത് സാധ്യമല്ല, കാരണം നിങ്ങളിനി ജിഹാദ് ചെയ്താൽ മോദി നിങ്ങളെ അടിച്ചു വീഴ്ത്തും.”
(ബിജെപിയുടെ വിദ്വേഷ പ്രാസംഗികനായ ടി രാജാ സിങ്ങിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തരുതെന്ന കോടതി കോടതി ഉത്തരവും പോലീസ് നിരീക്ഷണവും ഉണ്ടായിട്ടും അത് ലംഘിക്കപ്പെട്ടു. 2024 ഫെബ്രുവരി 25 ന് മീരാ റോഡിൽ നടന്ന റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2022 ൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ രാജ സിങ്ങിനെ മതവികാരം വ്രണപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇതേ തുടർന്ന് ബിജെപി നിന്ന് രാജാ സിങ്ങിനെ സസ്പെൻഡ് ചെയ്തുവെങ്കിലും 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സസ്പെൻഷൻ പിൻവലിക്കുകയും വീണ്ടും ഗോഷാമഹൽ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി അസംബ്ലിയിലേക്ക് മത്സരിപ്പിക്കുകയും ചെയ്തു.
മെയ് 4, നരേന്ദ്ര മോദി, ബീഹാർ
ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തിന് ഉത്തരവാദികളായവരെ ബീഹാറിലെ ഷെഹ്‌സാദയുടെ (രാജകുമാരൻ-തേജസ്വി യാദവിനെ പരാമർശിച്ചത്) പിതാവ് രക്ഷിച്ചത് ഈ പ്രീണന രാഷ്ട്രീയം കൊണ്ടാണ്. എല്ലാത്തിനുമുപരി, അത് സോണിയ മാഡത്തിൻ്റെ ഭരണകാലമായിരുന്നു.
“മുസ്ലീം സമുദായത്തിനുള്ള സംവരണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ് ഇന്ത്യ ബ്ലോക്ക്. അവർ ബാബാസാഹെബ് അംബേദ്കറിൻ്റെയും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെയും വീക്ഷണങ്ങൾക്ക് എതിരാണ്. അവർ രണ്ടുപേരും മതപരമായ സംവരണത്തെ അനുകൂലിച്ചിരുന്നില്ല.
മെയ് 4, നരേന്ദ്ര മോദി, ഝാർഖണ്ഡ്
“നുഴഞ്ഞുകയറ്റക്കാരെ ഇവിടെ സ്ഥിരതാമസമാക്കാൻ പ്രോത്സാഹിപ്പിക്കുന്നു, ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ അവരെ അനുവദിക്കുകയാണ്.“ (പ്രതിപക്ഷ പാർട്ടികളെക്കുറിച്ച്).
“അവർ പ്രത്യേകിച്ച് സ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്. ലാൻഡ് ജിഹാദും ലൗ ജിഹാദും ചെയ്തിരുന്ന ഈ ആളുകൾ ഇപ്പോൾ ‘വോട്ട് ജിഹാദ്’ ചെയ്യാൻ ആഗ്രഹിക്കുന്നു.
“ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ അവർ ആഗ്രഹിക്കുന്നു.”
മെയ് 7, നരേന്ദ്ര മോദി, മധ്യപ്രദേശ്
“മോദിക്ക് 400 സീറ്റുകൾ ആവശ്യമാണ്, എങ്കിലേ കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവന്ന് കോൺഗ്രസിന് പ്രശ്‌നമുണ്ടാക്കാതിരിക്കൂ. മോദിക്ക് 400 സീറ്റുകൾ ആവശ്യമാണ്, എന്നാൽ അയോധ്യയിലെ രാമക്ഷേത്രത്തിന് ബാബറി പൂട്ട് ഇടാൻ കോൺഗ്രസിന് കഴിയില്ല. ‘വോട്ട് ജിഹാദ്’ നിങ്ങൾക്ക് സ്വീകാര്യമാണോ? ജനാധിപത്യത്തിൽ ഇത് അനുവദിക്കാമോ? ഇന്ത്യൻ ഭരണഘടന ഇത്തരത്തിലുള്ള ജിഹാദ് അനുവദിക്കുന്നുണ്ടോ?“
മെയ് 13, നരേന്ദ്ര മോദി, സരൺ, ബിഹാർ
“ദലിത്, പിന്നോക്ക വർഗങ്ങളുടെ സംവരണം കൊള്ളയടിക്കാൻ മോദി സമ്മതിക്കുകയില്ല. ആർ.ജെ.ഡിയും കോൺഗ്രസ് പാർട്ടിയും പ്രീണനത്തിന്റെ അടിമകളാണ്. കോൺഗ്രസ് പാർട്ടി പറയുന്നത് അവർ നിങ്ങളുടെ സ്വത്തുക്കൾ എക്‌സ് റേ ചെയ്യുമെന്നാണ്. അതു തട്ടിയെടുത്ത് അവർ അവരുടെ വോട്ട് ബാങ്ക് വളർത്താൻ വേണ്ടി വിതരണം ചെയ്യും. കോൺഗ്രസ് നേതാക്കൾ പറയുന്നത് സ്വത്തിന് മേൽ ആദ്യ അവകാശം മുസ്ലീംങ്ങൾക്കാണ് എന്നാണ്.“
മെയ് 13, യോഗി ആദിത്യനാഥ്, ബാറാബങ്കി, ഉത്തർപ്രദേശ്
“സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രാം മന്ദിറിനെ എതിർത്തു. അവർ നമ്മുടെ മതവിശ്വാസത്തിൽ തൊട്ടുകളിച്ചു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രാമ ഭക്തർക്ക് നേരെ ബുള്ളറ്റ് തൊടുത്തിട്ടുണ്ട്.“
(രാമഭക്തർക്കെതിരെ ഇനി വെടിയുണ്ടകൾ പായില്ല, അവരെ ലഡ്ഡു കൊടുത്ത് സ്വീകരിക്കും എന്ന് രാമക്ഷേത്ര ഉദ്ഘാടന സമയത്ത് യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി തന്നെ ഈ പ്രസ്താവനയെയും വായിക്കാവുന്നതാണ്.)
വസ്തുത: 2017 മുതൽ 2022 വരെയുള്ള കാലയളവിൽ യോഗി ആദിത്യനാഥ് ക്രമസമാധാന ചുമതല വഹിക്കുന്ന പൊലീസ് വകുപ്പ് 162 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. 2012 മുതൽ 2017 വരെയുള്ള സമാജ് വാദി പാർട്ടി സർക്കാർ ഭരണകാലത്ത് ഇത് 41 ആയിരുന്നു. സമാജ് വാദി പാർട്ടി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ നൽകിയ ഔദ്യോഗിക കണക്ക് ഇങ്ങനെയാണ്. എന്നാൽ യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിൽ പറയുന്നതുപോലെ കോൺഗ്രസോ സമാജ് വാദി പാർട്ടിയോ ഭരിച്ച കാലയളവിൽ രാമഭക്തർക്ക് നേരെ വെടിവെപ്പ് ഉണ്ടായിട്ടില്ല. 1990ൽ കർസേവകരെ വെടിവെക്കണമെന്ന് മുലയംസിങ് പൊലീസിന് ഉത്തരവ് നൽകിയതിനെയാണ് വിവിധ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബിജെപി നേതാക്കൾ ഉപയോഗിക്കുന്നത്. ഈ പ്രസ്താവന നടത്തിയതിൽ പശ്ചാത്തപിക്കുന്നുവെന്നും മുലയം സിങ് യാദവ് 2017ൽ പ്രസ്താവന നടത്തിയിരുന്നു, അതേസമയം ക്രമസമാധാനം നിലനിർത്താൻ ആ സാഹചര്യത്തിൽ അതുമാത്രമായിരുന്നു രക്ഷയെന്നും മുസ്ലീം ജനതയുടെ വിശ്വാസം ഉയർത്തിപ്പിടിക്കുവാൻ അത് അത്യാവശ്യമായിരുന്നു എന്നും മുലയം സിങ് യാദവ് പ്രതികരിച്ചു.
മെയ് 15, നരേന്ദ്ര മോദി, നാസിക്, കല്യാൺ, മഹാരാഷ്ട്ര
“ഇന്ത്യയുടെ മുഴുവൻ ബജറ്റിൻ്റെ 15 ശതമാനം മുസ്ലീങ്ങൾക്കായി മാത്രം ചെലവഴിക്കാൻ മുൻ കോൺഗ്രസ് ഭരണം ആഗ്രഹിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ എൻ്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് അവർക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ ഇപ്പോൾ അവർ തങ്ങളുടെ പഴയ അജണ്ടകൾ വീണ്ടും അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിനെ തെരഞ്ഞെടുക്കപ്പെട്ടാൽ മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ബജറ്റുകള് തയ്യാറാക്കും. ബജറ്റിനെ ‘ഹിന്ദു ബജറ്റ്’, ‘മുസ്ലീം ബജറ്റ്’ എന്നിങ്ങനെ വിഭജിക്കാൻ ഞാൻ അനുവദിക്കില്ല, മതത്തിന്റെ അടിസ്ഥാനമാക്കിയുള്ള സംവരണവും അനുവദിക്കുകയില്ല. ഈ രീതിയിൽ ബജറ്റ് വിഭജിക്കാനുള്ള ചിന്ത എത്ര അപകടകരമാണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനപക്ഷ സമുദായം മാത്രമേയുള്ളൂ, അവരുടെ പ്രിയപ്പെട്ട വോട്ട് ബാങ്ക്.“
മെയ് 15, ഗിരിരാജ് സിങ് (കേന്ദ്ര മന്ത്രി), ബിഹാർ
“പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇൻഡ്യയും ചേർന്ന് ബംഗാളിനെ മുസ്ലീം സംസ്ഥാനമാക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും പിന്നാക്കവിഭാഗ സമുദായങ്ങളുടെ അഭ്യുദയകാംക്ഷികളാണെന്ന് തോന്നിപ്പിക്കും. കർണാടകത്തിൽ മുസ്ലീംങ്ങളെ ഒ.ബി.സി വിഭാഗമാക്കിക്കൊണ്ട് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് കോൺഗ്രസ് പ്രവർത്തിച്ചു. ഇതെല്ലാം ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ്. കേന്ദ്രം ഭരിക്കാൻ വീണ്ടും അധികാരം നേടിയാൽ നമ്മൾ എൻ.ആർ.സിയും സി.എ.എയും യൂണിഫോം സിവിൽ കോഡും നടപ്പിലാക്കും. ജനസംഖ്യ നിയന്ത്രിക്കാനുള്ള വഴികളും സ്വീകരിക്കും.”
മെയ് 16, പീയുഷ് ഗോയൽ, കേന്ദ്രമന്ത്രി
“മുസ്ലീംങ്ങൾ അപകടത്തിലാണ് എന്നത് ചില രാഷ്ട്രീയ പാർട്ടികളുടെ പ്രീണന രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ്, പ്രത്യേകിച്ച് കോൺഗ്രസിന്റെ. സാധാരണക്കാർ ഇതിൽ വിശ്വസിക്കില്ല, അവർ കരുതുന്നത് മോദി എല്ലാവർക്കും വേണ്ടി നല്ലത് ചെയ്യുന്നു എന്നാണ്. മോദി ആർക്കെതിരെയും വിവേചനം കാണിക്കുന്നില്ല. നാല് കോടി ജനങ്ങൾക്ക് സൗജന്യമായി വീട് നിർമ്മിച്ചുനൽകുമ്പോഴും ആളുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുമ്പോഴും മോദിയുടെ ഗ്യാരണ്ടി ഉറപ്പുനൽകുമ്പോഴും നരേന്ദ്രമോദി ആരുടെയും തൊലിയുടെ നിറമോ ജാതിയോ ഭാഷയോ മതമോ അന്വേഷിക്കുന്നില്ല. എല്ലാ വീടുകളുലേക്കും വൈദ്യുതി എത്തും, എൽപിജി കണക്ഷൻ കിട്ടും, റോഡുകൾ കിട്ടും. പ്രധാനമന്ത്രി ഒരിക്കലും വിവേചനം നടത്തിയിട്ടില്ല.”
(ഈ പ്രസ്താവനയുടെ സ്വഭാവം തന്നെ വിവേചനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിലെ ജനങ്ങളെ അവരുടെ നിറത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ മതത്തിന്റെയോ പേരിൽ വേർതിരിച്ചുനിർത്താൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടും മോദി അതൊന്നും ചെയ്യുന്നില്ല എന്ന തെറ്റായ സന്ദേശമാണ് ഇത് നൽകുന്നത്. ഏതെങ്കിലും ഒരു ഭരണാധികാരിയുടെ പേരിൽ ക്ഷേമപദ്ധതികൾ പരസ്യം ചെയ്യുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവാണ്. എന്നാൽ നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ ദാരിദ്ര്യ നിർമ്മാർജ്ജനം, തൊഴിൽ പദ്ധതികൾ എന്നിവയെല്ലാം പരസ്യം ചെയ്യപ്പെട്ടത് മോദിയുടെ ഉറപ്പ് എന്ന രീതിയിലാണ്. പ്രധാനമന്ത്രി പദവി എന്നതിനപ്പുറം നരേന്ദ്ര മോദി എന്ന വ്യക്തി ചെയ്യുന്നു എന്ന നിലയിലാണ് കാര്യങ്ങൾ അവതരിപ്പിക്കപ്പെടുന്നത്).
മെയ് 17, അമിത് ഷാ, ഡൽഹി
“എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും നേതാക്കൾ വോട്ട് ചെയ്തിട്ടുണ്ട്. അവർ ആർക്ക് വോട്ട് ചെയ്യുന്നു എന്നുള്ളതല്ല, അതവരുടെ അവകാശമാണ്. കുറഞ്ഞപക്ഷം അവർ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുകയുണ്ടായി. മുൻപ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള മുദ്രാവാക്യങ്ങൾ അവർ ഉയർത്താറുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ആദ്യമായി 40 ശതമാനത്തിൽ അധികം കശ്മീരി പണ്ഡിറ്റുകൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഇതുവരെയും ഇത് 3 ശതമാനത്തിൽ കൂടിയിരുന്നില്ല.” എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
(കശ്മീരിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് നടന്നു എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തെറ്റാണ്. ശ്രീനഗറിൽ മെയ് 13ന് വോട്ടർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഇന്ത്യൻ ഇലക്ഷൻ മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കശ്മീരിൽ ഇസ്രയേലിന്റേത് പോലുള്ള പരിഹാരം വേണമെന്ന് ആർഎസ്എസ് മുഖപത്രത്തിന്റെ എഡിറ്ററായ ആനന്ദ് രംഗനാഥൻ പറഞ്ഞതും എഎൻഐയുടെ പോഡ്കാസ്റ്റിലാണ്, എഎൻഐ എഡിറ്റർ സ്മിത പ്രകാശ് നടത്തിയ പോഡ്കാസ്റ്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് പ്രസിദ്ധീകരിച്ചത്. ഏഴ് ലക്ഷം കശ്മീരി ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ ടൂറിസത്തിന്റേതായി കശ്മീരിലേക്ക് എത്തുന്ന വരുമാനം പോകുന്നത് ഭീകരവാദികളിലേക്കാണ് എന്നാണ് ആനന്ദ് രംഗനാഥൻ പറയുന്നത്. ഇന്ത്യയിലെ വിവിധ മാധ്യമങ്ങളിലേക്ക് വാർത്തകളെത്തിക്കുന്ന പ്രധാന വാർത്താ ഏജൻസിയായ എഎൻഐ ഇങ്ങനെയൊരു സംഭാഷണത്തിന് ഇടമൊരുക്കിയത് ഏജൻസിയുടെ നിലപാട് കൂടിയാണ് വെളിപ്പെടുത്തുന്നത്).
മെയ് 30, യോഗി ആദിത്യനാഥ്, ഹാമിർപൂർ, ഹിമാചൽപ്രദേശ്
“ഔറംഗസേബിന്റെ പാത പിന്തുടരുന്നവരെ എന്റെ ബുൾഡോസർ കൊണ്ട് കുഴിച്ചുമൂടും. കോൺഗ്രസ് മാനിഫെസ്റ്റോ മുസ്ലീം ലീഗിന്റെ ഡോക്യുമെന്റ് ആണ്. അവർക്ക് ഈ രാജ്യത്ത് ശരിഅ നടപ്പിലാക്കണം, താലിബാൻ സംവിധാനം കൊണ്ടുവരണം. അങ്ങനെ സംഭവിച്ചാൽ പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയില്ല, സ്ത്രീകൾ ബുർഖ ധരിച്ച് വീടിനുള്ളിൽ കഴിയേണ്ടിവരും. കോൺഗ്രസ് പറയുന്നത് അവർ അധികാരത്തിൽ വന്നാൽ പിന്നോക്ക ജാതിക്കാരുടെ അവകാശങ്ങൾ മുസ്ലീംങ്ങൾക്ക് നൽകും എന്നാണ്. മുസ്ലീംങ്ങൾക്ക് ഓബിസി സംവരണം നൽകാൻ യുപിഎ ഗവണ്മെന്റ് ജസ്റ്റിസ് രംഗനാഥ് മിശ്രയെയും സച്ചാർ കമ്മിറ്റിയെയും നിയോഗിച്ചു. നമ്മൾ അന്ന് ഇതിനെ എതിർത്തിരുന്നു. രാഹുൽ ഗാന്ധി ദാരിദ്ര്യം ഇല്ലാതാക്കുന്നതിനെ കുറിച്ച് പറയുന്നു. 1970ൽ ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം ഇല്ലാതാക്കൂ) എന്ന മുദ്രാവാക്യം കൊണ്ടുവന്നു. 54 വർഷങ്ങൾക്ക് ശേഷം രാഹുലും സമാനമായ മുദ്രാവാക്യം പറയുന്നു.“
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നോർത്ത് വെസ്റ്റ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇങ്ങനെ പറയുകയുണ്ടായി.
“പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും കോൺഗ്രസുമാണ് ഡോ. ബി.ആർ അംബേദ്കറുടെ എതിർപ്പ് പരിഗണിക്കാതെ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പിലാക്കിയത്. സൈന്യം പാകിസ്താനെതിരെ യുദ്ധം ചെയ്യുന്നതിനിടെ വെടിനിർത്തൽ പ്രഖ്യാപിച്ചു എന്ന ചരിത്രപരമായ വിഡ്ഢിത്തവും ചെയ്തു. മൂന്ന് ദിവസത്തേക്ക് അന്ന് യുദ്ധം നിർത്തിയില്ലായിരുന്നുവെങ്കിൽ മുഴുവൻ കശ്മീരും നമ്മുടേതാകുമായിരുന്നു, നമുക്ക് പാക് അധീന കശ്മീർ മാത്രം തിരിച്ചുപിടിച്ചാൽ മതിയായിരുന്നു. കോൺഗ്രസ് അവതരിപ്പിച്ച ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നിവയുണ്ടാക്കിയ നഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി നികത്തുന്നുണ്ട്. ഇനി നമുക്ക് പാക് അധീന കശ്മീർ തിരിച്ചുപിടിച്ചാൽ മതി.”
മധ്യപ്രദേശ് ഖാർഗോണിലെ പ്രചാരണത്തിനിടെ തനിക്കെതിരെ വരുന്ന വോട്ടുകളെ ‘വോട്ട് ജിഹാദ്’ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. “വോട്ട് ജിഹാദ് വേണോ രാമരാജ്യം വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. പാകിസ്താനിലെ ഭീകരവാദികൾ ഇന്ത്യക്കെതിരെ ജിഹാദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇവിടെയാണെങ്കിൽ കോൺഗ്രസിലുള്ളവർ മോദിക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചിരിക്കുകയാണ്, അതിനർത്ഥം ഒരു പ്രത്യേക മതത്തിലെ ജനങ്ങളോട് മോദിക്കെതിരെ വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു എന്നാണ്. നിങ്ങൾ വോട്ട് ജിഹാദിനെ അനുകൂലിക്കുന്നുണ്ടോ? ഒരു ജനാധിപത്യത്തിൽ അത് ചെയ്യാൻ കഴിയുമോ? നമ്മുടെ ഭരണഘടന ഇങ്ങനെയൊരു കാര്യം അനുവദിക്കുന്നുണ്ടോ?”
തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്ന വിദ്വേഷം
ജൂൺ 5, ഹിമന്ത ബിശ്വ ശർമ്മ, മുഖ്യമന്ത്രി, അസം
“പ്രത്യേകിച്ച് ഈ തെരഞ്ഞെടുപ്പിൽ മേഘാലയ, നാഗാലാന്റ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ഒരു പ്രത്യേക മതവിഭാഗം നമ്മുടെ സർക്കാരിനെതിരെ വോട്ട് ചെയ്തു. അല്ലെങ്കിൽ എൻഡിഎയ്ക്ക് എതിരെ. ഈ സംസ്ഥാനങ്ങളിൽ വലിയ വിഭാഗം ജനങ്ങൾ ഈ മതവിശ്വാസികളാണ്, അതാണ് വ്യത്യാസം. ഇതൊരു രാഷ്ട്രീയ പരാജയമല്ല, കാരണം ആർക്കും ഒരു മതത്തെ എതിർക്കാൻ കഴിയില്ല. ഈ മതവിഭാഗങ്ങളിലെ രാഷ്ട്രീയ നേതാക്കൾ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവർ സാധാരണയായി രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളുകളാണ്. ഇപ്പോൾ മേഘാലയ, നാഗാലാന്റ്, മണിപ്പൂർ എന്നിവിടങ്ങളിൽ മാത്രമല്ല അസമിലും ഇവർ രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ട്.”
കങ്കണ റാണാവത്
ബോളിവുഡ് നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന് ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് മർദനമേറ്റ സംഭവത്തിൽ വിദ്വേഷപരമായ മറുപടി നൽകാനാണ് കങ്കണയും ശ്രമിച്ചത്.
“ഇന്ന് ചണ്ഡിഗഢ് എയർപോർട്ടിൽ സെക്യൂരിറ്റി ചെക്കിനിടെ സംഭവിച്ചത്, അവിടെയുള്ള സെക്യൂരിറ്റി ചെക്കിലെ സിആർപിഎഫ് ഉദ്യോഗസ്ഥയെ കടന്നുപോകാൻ ഞാൻ കാത്തുനിൽക്കുമ്പോഴാണ് അവർ എന്നെ അടിച്ചത്. അവർ പറഞ്ഞത് ഇത് കർഷക സമരത്തിന് വേണ്ടിയാണ്, അവർ അതിനെ പിന്തുണയ്ക്കുന്നു എന്നാണ്. ഞാൻ സേഫ് ആണ്. പക്ഷേ, എന്റെ ആശങ്ക പഞ്ചാബിൽ വളർന്നുവരുന്ന ഭീകരവാദം ആണ്. നമ്മളെങ്ങനെ ഇതിനെ കെെകാര്യം ചെയ്യും?” കങ്കണ പ്രതികരിച്ചു.
ഖാലിസ്താനി എന്നു വിളിച്ച് ജൂൺ 11ന് ഹരിയാനയിൽ മോട്ടോർ സെെക്കിളിലെത്തിയ രണ്ടുപേർ ഒരു സിഖ് യുവാവിനെ ഇഷ്ടിക കൊണ്ട് ആക്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആക്രമണം കങ്കണ റണാവത് പഞ്ചാബികൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിന്റെ ഫലമാണെന്നാണ് പഞ്ചാബ് കോൺഗ്രസ് ചീഫ് അമരീന്ദർ സിങ് രാജ പറയുന്നത്.
ഹേറ്റ് സ്പീച്ച് മോണിറ്റർ
‘ഇൻഡിപെൻഡന്റ് പാനൽ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇലക്ഷൻസ്’ എന്ന കൂട്ടായ്മ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് വിലയിരുത്തൽ റിപ്പോർട്ട് വിദ്വേഷ പ്രസംഗങ്ങളെ തെരഞ്ഞെടുപ്പിന് വെല്ലുവിളിയായി വിലയിരുത്തുന്നുണ്ട്. ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിനുള്ള പ്രത്യേക നിയമങ്ങളുടെ അഭാവം കടുത്ത നടപടികളെടുക്കാൻ തടസ്സമാകുന്നതായും ഈ കൂട്ടായ്മ നിരീക്ഷിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ രേഖപ്പെടുത്തുന്ന, ലഭ്യമായ അപൂർവ്വം റിപ്പോർട്ടുകളിൽ ഒന്നാണിത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് മുതലാണ് ഈ ഗ്രൂപ്പ് തെരഞ്ഞെടുപ്പ് സുതാര്യതയെ കുറിച്ച് വിലയിരുത്തുന്നത്. പ്രൊഫ. നീര ചന്ദോക്, ഡോ. തോമസ് ഡഫേൺ, സഖാവത് ഹൊസൈൻ, ഡോ. ഹരിഷ് കാർണിക്, ഡോ. സെബാസ്റ്റിയൻ മോറിസ്, പ്രൊഫ. രാഹുൽ മുഖർജി എന്നിവരാണ് ഈ കൂട്ടായ്മയിൽ ഉള്ളത്.
സൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാംപെയിന്റെ ഹേറ്റ് സ്പീച്ച് മോണിറ്റർ റിപ്പോർട്ട് മാർച്ച് 15നും ഏപ്രിൽ 15നും ഇടയിൽ ജനപ്രാതിനിധ്യ നിയമം ലംഘിക്കുന്ന 12 പൊതു പ്രസംഗങ്ങൾ രേഖപ്പെടുത്തിയതായി പറയുന്നു. പ്രവീൺ തൊഗാഡിയ, ധനഞ്ജയ് ദേശായ്, നീരജ് ദെനോരിയ, യതി നർസിങ് ആനന്ദ് സരസ്വതി, ധിനേന്ദ്ര കൃഷ്ണ ശാസ്ത്രി എന്നീ ഹിന്ദുത്വ പ്രചാരകരുടെ പ്രസംഗങ്ങളാണ് ഇവ. ഇവർ ആർഎസ്എസ്, വിഎച്ച്പി, ബജ്രംഗ് ദൾ, എഎച്ച്പി (അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്) എന്നീ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളാണ്.
ഇവരുടെ പ്രസംഗങ്ങളിൽ കണ്ടെത്തിയ പൊതു സ്വഭാവങ്ങൾ: ബാബ്‌രി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിച്ചതിനെ ഉയർത്തിക്കാട്ടി ഹിന്ദു മതസ്വത്വത്തെ അഭിസംബോധന ചെയ്യുക. മുസ്ലീം, ക്രിസ്ത്യൻ, ഇതര മത ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർ ക്ഷേത്രങ്ങൾ ആക്രമിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും ചെയ്യുന്നതായി പറയുക. മുസ്ലീംങ്ങൾക്കെതിരെ ലവ് ജിഹാദ്, ക്രിസ്ത്യാനികൾക്കെതിരെ നിയമവിരുദ്ധമായ മതംമാറ്റം ആരോപിക്കുക. ഹിന്ദുക്കൾ അല്ലാത്തവരെ സാമൂഹ്യമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുക എന്നിവയാണ്.
ദൃശ്യമാധ്യമങ്ങളുടെ പക്ഷപാതം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകമായി എന്ന് ഇലക്ഷൻ മോണിറ്റർ നിരീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്ക് മുമ്പെന്നുമില്ലാത്ത തരം കവറേജ് ഉണ്ടായി എന്നും കൂടുതലും തത്സമയ സംപ്രേഷണം ആയിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ പ്രതിപക്ഷ നേതാക്കളുടെ വാർത്താസമ്മേളനങ്ങൾ പല ചാനലുകളും തത്സമയം സംപ്രേഷണം ചെയ്തിട്ടില്ല.
അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ നടന്ന ഹെയ്റ്റ് ക്രൈമുകളുടെ വിവരങ്ങൾ റിപോർട്ട് ചെയ്യുന്നുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങളിൽ 17 ശതമാനം വിദ്വേഷ പ്രസംഗങ്ങളാണ്.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള നിയമങ്ങൾ
വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് 2017ൽ ദേശീയ നിയമ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് വിദ്വേഷ പ്രസ്താവനകളുടെ പ്രത്യേകതകളായി പറയുന്നത് തീവ്രത, ആരെയാണോ ലക്ഷ്യമിടുന്നത് അവർക്കെതിരെയുള്ള ആക്രമണത്തിനുള്ള ആഹ്വാനം, ഇതിനിരയാകുന്നവർക്ക് എന്ത് സംഭവിക്കുന്നു, പ്രസ്താവന നടത്തുന്ന സാഹചര്യം എന്താണ് എന്നിവയാണ്.
IPC 153എ- രണ്ട് വ്യത്യസ്ത മതങ്ങൾ, ജന്മസ്ഥലം, വംശം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ശത്രുത സൃഷ്ടിക്കുന്നതിനെതിരെ പൊതു സമാധാനം നിലനിർത്തുന്നതിന്.
IPC 153എ (1) (a) ഒരു വ്യക്തി വാക്കാലോ എഴുത്താലോ അടയാളങ്ങളാലോ മറ്റ് ആവിഷ്കാരങ്ങളാലോ ക്രമസമാധാനം തകർക്കുകയോ ശത്രുതയുണ്ടാക്കുന്ന വികാരങ്ങൾ ഉണ്ടാക്കുകയോ വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷയുള്ള കുറ്റകൃത്യമാണ്.
IPC 298- ഒരു വ്യക്തി മനപൂർവ്വം സ്വന്തം വാക്കുകളിലൂടെ മറ്റൊരു വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുകയാണെങ്കിൽ, അത് ആ മതവിഭാഗത്തിലുള്ള ഒരാൾ കാണുകയാണെങ്കിൽ ഈ വകുപ്പിന് കീഴിൽ കുറ്റകൃത്യമാണ്.
IPC 505- പൊതുശല്യം സൃഷ്ടിക്കുന്നതിനെതിരെയാണ് ഈ വകുപ്പ്. ഇതിലെ സെക്ഷൻ 505 (1) (c) വിവിധ മത, വർഗ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയതയ്ക്ക് ശ്രമിക്കുകയും മറ്റൊരു മത വിഭാഗത്തിനെതിരെ കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെയാണ്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123- അന്യായമായ ഇടപെടലുകൾ, മതം, ജാതി, വംശം എന്നിവയുടെ പേരിലുള്ള വോട്ടഭ്യർത്ഥന കുറ്റകൃത്യമായി നിർവ്വചിക്കുന്നു. സെക്ഷൻ 123 (2) അന്യായമായി സ്വാധീനം ചെലുത്തുന്നതിനെ കുറ്റവൽക്കരിക്കുന്നു.
ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 8, സെക്ഷൻ 8 എ, എന്നിവ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും ഇത്തരം പ്രസ്താവനകൾ നടത്തിയാൽ അയോഗ്യമാക്കുന്നതിന് നിയമാനുമതി നൽകുന്നു.
2014ൽ പ്രവാസി ഭലായി സംഗതൻ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി രാഷ്ട്രീയ നേതാക്കളെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് തടയാൻ ആവശ്യപ്പെടുന്നതായിരുന്നു. ഇതിനായി മാർഗനിർദ്ദേശങ്ങളുണ്ടാക്കാൻ കോടതി തയ്യാറായില്ല. പകരം ലോ കമ്മീഷൻ ഓഫ് ഇന്ത്യക്ക് അതിനായി നിർദേശം നൽകി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് ചെയ്യാൻ കഴിയുമെന്ന് നിർദ്ദേശിക്കാൻ ലോ കമ്മീഷന് നിർദ്ദേശം നൽകി. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന് വിദ്വേഷ പ്രസംഗങ്ങളെ നേരിടാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയില്ല എന്ന് ലെെവ് ലോ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് 2023ൽ ഷഹീൻ അബ്ദുല്ലയുടെ പരാതിയിൽ വിദ്വേഷ പ്രസംഗങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീം കോടതി വിധിയുണ്ടായി.
തെരഞ്ഞെടുപ്പ് ഫലത്തെ വിദ്വേഷ പ്രസംഗങ്ങൾ സ്വാധീനിച്ചോ?
തെരഞ്ഞെടപ്പ് പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലേയും പ്രസംഗത്തിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്ന് ബിജെപി നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്ന് മനസിലാക്കാം. ഒരേ വർഗീയ പരാമർശങ്ങൾ മോദിയും അമിത് ഷായും യോഗിയും അടുത്തടുത്ത ദിവസങ്ങളിൽ തന്നെ ആവർത്തിക്കുന്നുണ്ട്. അതുപോലെ തന്നെ ദക്ഷിണേന്ത്യയിലെ പ്രചാരണ സമയത്ത് വർഗീയ പരാമർശങ്ങൾ ഒഴിവാക്കി വികസനത്തെ പറ്റി സംസാരിച്ച ബിജെപി നേതൃത്വം എന്നാൽ ഉത്തരേന്ത്യയിലേക്കെത്തുമ്പോൾ വർഗീയ പ്രസംഗങ്ങൾ മാത്രമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ മാറ്റി.
എന്നാൽ, നരേന്ദ്ര മോദി മുസ്ലീംങ്ങൾക്കെതിരെ വർഗീയ പ്രസംഗങ്ങൾ നടത്തിയ ഇരുപതോളം മണ്ഡലങ്ങളിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടതായി ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 21 നാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി മുസ്ലീം മത വിശ്വാസികളെ മുഴുവൻ അധിക്ഷേപിക്കുന്ന തരത്തിൽ നുഴഞ്ഞുകയറ്റക്കാരെന്നും, കൂടുതൽ കുട്ടികളുള്ളവരെന്നുമുള്ള പ്രചാരണം നടത്തിയത്. മൂന്നാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം കടന്ന അവസ്ഥയിൽ പ്രധാന മന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങളുയർന്നിരുന്നു. എന്നാൽ ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിക്ക് ബൻസ്വാരയിൽ സീറ്റ് നഷ്ടമായി. ബിജെപിയുടെ മഹേന്ദ്രജീത്‌സിംഗ് മാളവ്യയെ 2,47,054 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഭാരതീയ ആദിവാസി പാർട്ടിയുടെ രാജ്കുമാർ റോട്ട് പരാജയപ്പെടുത്തിയത്. ഉത്തർ പ്രദേശിലെ സംഫാലിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് മുഴുവനും റോഹിഗ്യൻ അഭയാർത്ഥികൾക്ക് നൽകുമെന്നും ഗോവധം തുടരുമെന്നും പ്രസംഗിച്ചിരുന്നു. എന്നാൽ മുസ്ലീം സമുദായത്തെ അധിക്ഷേപിച്ച സംഫാലിലും സമാജ് വാദി പാർട്ടിയുടെ സിയ ഉർ റഹ്മാൻ 1,21,494 വോട്ടുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. നരേന്ദ്ര മോദി വിദ്വേഷ പ്രചരണം നടത്തിയ ജൗൻപൂറിൽ സമാജ് വാദി പാർട്ടി 99335 വോട്ടിന്റെ ലീഡ് നേടി ജയിച്ചപ്പോൾ, ബാരാബങ്കിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി 2,15,704 വോട്ടിനാണ് ബിജെപിയെ പരാജയപ്പെടുത്തിയത്.
തീവ്ര മുസ്ലീം വിരുദ്ധതയും വർഗീയതയും പറഞ്ഞ് വൻ വിജയം ലക്ഷ്യം വെച്ച നരേന്ദ്ര മോദിക്കും ബിജെപി നേതാക്കൾക്കുമുള്ള ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം നൽകിയ മറുപടി കൂടിയായി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം.