‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. 2002ലെ ഗുജറാത്ത് കലാപവും അതിനുശേഷം ഇന്ത്യയില്‍ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ നടന്ന വിഭാഗീയ പ്രവർത്തനങ്ങളുമാണ് ഈ ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി ഡോക്യുമെന്ററികളിലൂടെ ഹിന്ദുത്വ അജണ്ടകളെ ചോദ്യം ചെയ്യുന്ന ചലച്ചിത്രകാരൻ ആനന്ദ് പട്‌വര്‍ധൻ ബി.ബി.സി ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ കേരളീയത്തോട് പ്രതികരിക്കുന്നു. പരിഭാഷ: അരുൺ ടി. വിജയൻ

ജനങ്ങള്‍ എന്ത് കാണണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാനാകില്ല. അതിനാല്‍ തന്നെ ഇത് ബാലിശമായ ഒരു നിരോധനമാണ്. 2002ലെ സംഭവം കഴിഞ്ഞിട്ട് ഇത്രയും കാലമായി. എന്നിട്ടും ഇതുപോലെ ഒരു ഡോക്യുമെന്ററി ഇവിടെ നിര്‍മ്മിക്കപ്പെടണം എങ്കില്‍ ആ വിഷയം അത്രമാത്രം ശ്രദ്ധിക്കപ്പെടേണ്ടതുകൊണ്ടാണ്. ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറങ്ങുന്നത് 21 വര്‍ഷത്തിന് ശേഷമാണ്. അതിന്റെ ഫാക്ട് ചെക്കിംഗ് നടത്തുമ്പോള്‍ ആ ഇന്റര്‍വ്യൂവിലെ വസ്തുത മനസ്സിലാകും. ആ ഡോക്യുമെന്ററി ഒരിക്കലും ഒരു വശം മാത്രം നോക്കി ചെയ്തതല്ല. പക്ഷെ നമ്മുടെ സര്‍ക്കാരിന് മോദി കുറ്റക്കാരനായിരിക്കുന്നത് ഇഷ്ടമല്ല. അതിനാലാണ് ഈ ഡോക്യുമെന്ററി നിരോധിച്ചത്.
ഗുജറാത്ത് വംശഹത്യ നടന്നിട്ട് 20 വര്‍ഷമാകുന്നു. ഗുജറാത്തിലും, കേന്ദ്രത്തിലും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട് കുറ്റവാളികൾക്ക് പാരിതോഷികം നൽകപ്പെട്ടു. കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കുകയും പകരം മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലാക്കുകയും ചെയ്തു. കുറച്ച് വൈകിയാണെങ്കിലും ഈ സമയത്ത് ഗുജറാത്ത് കലാപത്തിലെ മോദിയുടെ ഇടപെടലുകളും കണ്ണടയ്ക്കലുകളും തുറന്നുകാട്ടുന്ന ബി.ബി.സി ഡോക്യുമെന്ററിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
അതോടൊപ്പം രാകേഷ് ശര്‍മ്മയുടെ ഫൈനല്‍ സൊല്യൂഷനും എന്റെ സിനിമയുമൊക്കെ ബിബിസി പ്രദര്‍ശിപ്പിക്കാത്തതില്‍ പരാതിപ്പെടാനും നിസ്സാരനാകാനും ഞാൻ വിസമ്മതിക്കുന്നു. അതല്ല, ഗുജറാത്തിലെ സത്യങ്ങള്‍ തുറന്നു കാണിക്കുന്ന ഒരു സിനിമ ലോകം മുഴുവന്‍ കാണുന്നുവെന്നതിലാണ് കാര്യം. ഈ സിനിമ നിരോധിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. കാണാനുള്ള വഴികള്‍ ആളുകൾ കണ്ടെത്തുമെന്നും.



ഒരു സിനിമയ്ക്കും ഒറ്റയ്ക്ക് ചരിത്രത്തിന്റെ ഗതിമാറ്റാനാവില്ല, പ്രതേകിച്ചും കനത്ത സെൻസർഷിപ്പ് ഉണ്ടായിരിക്കെ, എന്നിരുന്നാലും ബി.ബി.സി സിനിമ ഇന്ത്യയിൽ വളരുന്ന ഫാസിസ്റ്റ് ചിന്താഗതിയെയും, ചോദ്യം ചെയ്യപ്പെടുകയില്ല എന്ന അധികാരചിന്തയെയും ചെറുക്കാനുള്ള ആയുധങ്ങളിലൊന്നാണെന്ന് എനിക്ക് തോന്നുന്നു. ഇത്തരം സിനിമകള്‍ ഇന്ത്യയിൽ ഇപ്പോഴും നിര്‍മ്മിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവ എവിടെ പ്രദര്‍ശിപ്പിക്കുമെന്നതിലാണ് ബുദ്ധിമുട്ടുള്ളത്. ബി.ബി.സിക്ക് സ്വാധീനമുള്ളതിനാല്‍ ഈ സിനിമയ്ക്ക് പ്രചാരം ലഭിക്കുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
