Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
‘പ്രിന്റഡ് ബുക്ക് പോസ്റ്റ്’ എന്ന സംവിധാനം നിർത്തലാക്കിയ തപാൽ വകുപ്പിന്റെ നടപടി പുസ്തക പ്രസാധകരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പുസ്തകങ്ങളും മാസികകളും കുറഞ്ഞ ചെലവിൽ ആവശ്യക്കാർക്ക് അയയ്ക്കാൻ സാധിക്കുന്ന പ്രിന്റഡ് ബുക്ക് പോസ്റ്റ് സേവനം അവസാനിപ്പിച്ച് രജിസ്റ്റേർഡ് പോസ്റ്റ് മാത്രമാക്കി മാറ്റിയിരിക്കുകയാണ്. ഇതോടെ തപാൽനിരക്ക് ഇരട്ടിയിലധികമായി മാറി. 2024 ഡിസംബർ 18 മുതൽ ഈ മാറ്റം രാജ്യമെങ്ങും നിലവിൽ വന്നിരിക്കുകയാണ്. രജിസ്റ്റേർഡ് പ്രിന്റഡ് ബുക്ക്, രജിസ്റ്റേർഡ് പാറ്റേൺ ആന്റ് സാമ്പിൾ പായ്‌ക്കറ്റ് സേവനങ്ങളും ഇതിനൊപ്പം അവസാനിപ്പിച്ചു. കാലാനുസൃതമായി ഈ നിരക്കിൽ വ്യത്യാസം വരുത്താറുണ്ടെങ്കിലും സേവനം തന്നെ നിർത്തലാക്കിയത് പുസ്തക പ്രസാധകർക്കും വിതരണക്കാർക്കും ഒപ്പം വായനക്കാരെയും തിരിച്ചടിയായി മാറുന്നു. 2023ലെ പുതിയ പോസ്റ്റ് ഓഫീസ് ആക്ടിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.
100 ഗ്രാം തൂക്കമുള്ള ബുക്ക് അയക്കാൻ നേരത്തെ ജിഎസ്ടി ഉൾപ്പടെ 21 രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ബുക്ക് പോസ്റ്റ് സേവനത്തിലേക്ക് മാറുമ്പോൾ 28 രൂപയും, 500 ഗ്രാം ബുക്ക് അയക്കാൻ 26 രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 57 രൂപയുമാണ് ഇപ്പോൾ. തപാൽ വകുപ്പിനെ ജനങ്ങളിൽ നിന്ന് അകറ്റി, സ്വകാര്യ കൊറിയർ/പാഴ്സൽ കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം തീരുമാനങ്ങൾ സർക്കാർ എടുക്കുന്നതെന്നും ഇതിലൂടെ തപാൽ സിസ്റ്റത്തെ തന്നെ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തപാൽ ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ ആരോപിക്കുന്നു. തപാൽ മേഖലയിൽ പോസ്റ്റൽ വകുപ്പിനുണ്ടായിരുന്ന കുത്തകയും എടുത്തുകളഞ്ഞതോടെ സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയിലെവിടെയും സമാന്തര തപാൽ സേവനങ്ങൾ നടത്താൻ കഴിയുമെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
വായനയേയും വിപണനത്തേയും ബാധിക്കുന്നു
“പുസ്തക വിൽപ്പനയാണ് തെഴിൽ. കഴിഞ്ഞ 27 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ്. സ്വകാര്യ പാഴ്സൽ കമ്പനികളെ ആശ്രയിക്കാതെ ഇന്ത്യയുടെ അകത്തും പുറത്തും തപാലിനെ ആശ്രയിച്ചാണ് മുഖ്യമായും പുസ്തക വില്പനയും പുസ്തകം അയച്ചുകൊടുക്കലും നടത്തുന്നത്. തപാൽ വകുപ്പ് ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി, അയച്ചുകൊണ്ടിരിക്കുന്ന പ്രിന്റഡ് ബുക്ക്, രജിസ്റ്റേർഡ് പ്രിന്റഡ് ബുക്ക് സേവനങ്ങൾ നിർത്തുകയും ചില സേവനങ്ങളുടെ പേര് മാറ്റി വില (അയക്കുന്ന തപാൽ കൂലി) വർധിപ്പിക്കുകയും ചെയ്തു. ഇത് പുസ്തക വിപണനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.” ബുക്ക് സെല്ലേർസ് അസോസിയേഷൻ സെക്രട്ടറി നൗഷാദ് കൊല്ലം കേരളീയത്തോട് പറഞ്ഞു.
“പണ്ടൊക്കെ ആളുകൾ പുസ്തകം ലൈബ്രറിയിൽ പോയിട്ടാണ് വായിച്ചുകൊണ്ടിരുന്നത്. എന്നാൽ കോവിഡിനുശേഷം പണം കൊടുത്ത് പുസ്തകം വാങ്ങി സമയക്രമം അനുസരിച്ച് വായിക്കുന്ന ശീലം നന്നായി വർധിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിരിക്കുന്നത്. ഇത് വിപണനത്തെപ്പോലെ വായനയേയും പ്രതിക്കൂലമായി ബാധിച്ചിട്ടുണ്ട്. രജിസ്റ്റേഡ് പ്രിന്റഡ് ബുക്ക് മിനിമം 19 രൂപയായിരുന്നു ഉണ്ടായിരുന്നത്. ആ സ്ഥാനത്ത് ഇപ്പോൾ 40 രൂപയോളം വരുന്നുണ്ട്. ഏതാണ്ട് ഇരട്ടി ചാർജ്. 150 രൂപയുടെ പുസ്തകം ഒരു വായനക്കാരൻ വാങ്ങണമെങ്കിൽ 150 രൂപ മുഖവിലയോടൊപ്പം പാർസൽ ചാർജ് ഇനത്തിൽ 65 രൂപകൂടി കൂടുതൽ നൽകേണ്ട അവസ്ഥയാണിപ്പോൾ. സാധാരണ വായനക്കാരനെ സംബന്ധിച്ച് ഇത് വലിയ പ്രശ്നമാണ്.” നൗഷാദ് അനുഭവത്തിൽ നിന്നും വിശദീകരിച്ചു.
“മുമ്പ് ഒരു ചെറിയ പുസ്തകം അയക്കാൻ മിനിമം 21 രൂപ വരെ പ്രതീക്ഷിക്കാം. വിൽപ്പനക്കാർ പലരും ആ പണം വായനക്കാരിൽ നിന്ന് വാങ്ങാറില്ലായിരുന്നു. വിൽപന ഡിസ്‌കൗണ്ടിൽ ഉൾപ്പെടുത്തി മുഖവില മാത്രം വാങ്ങിയായിരുന്നു പുസ്തകം കൊടുത്തുകൊണ്ടിരുന്നത്. ചില ആളുകൾ പുസ്തകവിലയോടൊപ്പം തപാൽ ചാർജും വാങ്ങുമായിരുന്നു. എന്നാൽ ആസ്ഥാനത്ത് 65 രൂപയെന്ന് പറയുമ്പോൾ ഇടപാടുകാരനും വായക്കാരനും തമ്മിൽ നിലവിലെ ഇടപാട് രീതി തുടരുവാൻ കഴിയാതെ വരും. വില്പനക്കാർക്ക് പുസ്തകം 35 ശതമാനം മിനിമം ഡിസ്‌കൗണ്ടിലാണ് ലഭിച്ചുകൊണ്ടിരുന്നത്. 100 രൂപയുടെ പുസ്തകം വായനക്കാർക്ക് എത്തിച്ചുകൊടുക്കുമ്പോൾ വിൽപ്പനക്കാർക്ക് 35 രൂപയാണ് കിട്ടികൊണ്ടിരുന്നത്. അതിൽ നിന്ന് 25 ശതമാനം വരെ ഡിസ്‌കൗണ്ട് കൊടുത്തിരുന്ന സാഹചര്യവും തപാൽ വകുപ്പ് ഈ വർദ്ധനവ് ഏർപ്പെടുത്തുന്നതോടെ ഇല്ലാതാകും മുമ്പ് ഉണ്ടായിരുന്നു.”
“മുഖവിലയ്ക്ക് തന്നെ വിൽക്കുകയും തപാൽ കൂലി വാങ്ങാതെയിരിക്കുകയും ചെയ്തവർക്കും ഇനി അങ്ങനെ ചെയ്യാൻ പറ്റില്ല. 200 രൂപയുടെ പുസ്തകം വിൽക്കുമ്പോൾ വില്പനക്കാരന് 70 രൂപയാണ് കിട്ടുന്നത്. അപ്പോൾ തപാൽ കൂലി വാങ്ങാതിരുന്നാൽ 65 രൂപ പോസ്റ്റ് ഓഫീസിന് കോടുക്കണം. അഞ്ച് രൂപ അത് പൊതിയാനുള്ള പേപ്പർ വാങ്ങാനും കൊടുക്കണം. അങ്ങനെ വരുമ്പോൾ വില്പനക്കാരന് ഒരു രൂപ പോലും കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. ഇത് മിനിമം കണക്കാണ്. വിലകൂടുമ്പോൾ മാറ്റം വരും, മിനിമം വിലയുടെ വിൽപ്പന വരുമ്പോൾ ആ ഇടപാട് കൃത്യമായി മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കില്ല.” നൗഷാദ് കൊല്ലം കൂട്ടിച്ചേർത്തു.
സ്വകാര്യവത്കരണത്തിനുള്ള നീക്കം
റെയിൽവേ പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന സ്വകാര്യവത്ക്കരണം പോലെ തപാൽ വകുപ്പും സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കാനുള്ള ആദ്യചുവട് ആയാണ് ഇതിനെ കാണേണ്ടതെന്ന് ലിറ്റാർട്ട് ബുക്സ് പ്രസാധകൻ ബിലാൽ ശിബിലി കേരളീയത്തോട് പറഞ്ഞു.
“തപാൽ വകുപ്പ് വലിയ ദ്രോഹമാണ് ചെയ്തിരിക്കുന്നത്. പ്രിന്റഡ് ബുക്ക് സംവിധാനം നിർത്തലാക്കിയതിലൂടെ 42 രൂപയോളം ചിലവ് വരുന്ന രജിസ്റ്റർഡ് പാർസൽ സംവിധാനമാണ് ഇപ്പോൾ പുസ്തകവില്പനക്കാരും പ്രസാധകരും പുസ്തകങ്ങൾ അയക്കാൻ ഉപയോഗപ്പെടുത്തുന്നത്. പൊതിയാനുള്ള കവറും മറ്റും കൂട്ടുമ്പോൾ 50 രൂപയോളം വായനക്കാരോട് വാങ്ങിക്കേണ്ടി വരുന്നു. ഇങ്ങനെ ആകുമ്പോൾ ബുക്ക് ഷോപ്പിൽ പോയി വാങ്ങിക്കുന്നതാവും നല്ലത് എന്നാണ് വായനക്കാർ ചിന്തിക്കുക. മറ്റൊരു കാര്യം, കൂടുതൽ പണം കൊടുക്കുന്ന സ്പീഡ് പോസ്റ്റ് ആർട്ടിക്കിളുകളും ഇപ്പോൾ രജിസ്റ്റേർഡിന്റെ അതേ കെട്ടിൽ തന്നെയാണ് ഡെസ്പാച്ച് ചെയ്യുന്നത്. എന്നുവെച്ചാൽ, കൂടുതൽ പണം കൊടുത്ത് സ്പീഡ് പോസ്റ്റ് ചെയ്യുന്നതും രജിസ്റ്റേർഡ് ആയി അയക്കുന്നതും ഒരേ സമയമാണ് ഡെലിവർ ആവുന്നത്. ഇത് എല്ലാവരും അറിഞ്ഞിട്ടില്ല.” ബിലാൽ ശിബിലി പറയുന്നു.
മൗലികാവകാശത്തിനായുള്ള പ്രതിഷേധം
ഇന്ത്യയിലുള്ള ഒരുലക്ഷത്തി അറുപത്തി ഏഴായിരം പോസ്റ്റ് ഓഫീസുകളിൽ നാല് ലക്ഷത്തി എഴുപത്തി അയ്യായിരം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ തന്നെ 83 ശതമാനം ഗ്രാമീണ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ പോസ്റ്റ് ഓഫിസുകളിലേക്ക് വരുന്ന പോസ്റ്റുകളുടെ 17ശതമാനത്തോളവും പുസ്തകങ്ങളോ മാസികകളോ മറ്റ് പ്രസിദ്ധീകരണങ്ങളോ ആണ്. അതായത് പോസ്റ്റൽ വകുപ്പിന്റെ മൊത്തം വരുമാനത്തിന്റെ 13.4 ശതമാനം പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അയയ്ക്കുന്നത് വഴിയുള്ള വരുമാനമാണ്.
“തപാൽ വകുപ്പിൽ നടക്കേണ്ട ഗുണപരമായ പരിഷ്‌കാരങ്ങൾ ഒന്നുംതന്നെ കഴിഞ്ഞ പത്ത് വർഷത്തിന്റെ ഇടയിൽ നടന്നിട്ടില്ല എന്നും പരാതിയുണ്ട്. കംപ്യൂട്ടറൈസേഷൻ പോലും 30 ശതമാനം മാത്രമേ ആയിട്ടുള്ളു. കൂടുതലും മനുഷ്യ പ്രയത്നത്തെ ആശ്രയിച്ച് കഴിയുന്ന ഒരു ഡിപ്പാർട്ടമെന്റാണ് ഇപ്പോഴും തപാൽ വകുപ്പ്. ഇന്ന് ഇന്ത്യയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ടം വരുത്തുന്നതും തപാൽ വകുപ്പാണ്. ഏകദേശം 22,300 കോടിരൂപയാണ് ഈ വർഷത്തെ നഷ്ടമായി കണക്കാക്കുന്നത്. റെയിൽവേക്കോ ബിഎസ്എൻഎല്ലിനോ പോലും ഇത്രവലിയ നഷ്ട്ടമില്ല. ഈ നഷ്ടം കുറയ്ക്കുന്നതിന് വേണ്ടി ആ വകുപ്പ് കണ്ടെത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ തീരുമാനമാണ് പുസ്തകങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും മേൽ ഇപ്പോൾ കൊണ്ടുവന്നത്.
ഇന്ത്യ പോസ്റ്റ് അതിന്റെ ലക്ഷ്യത്തിൽ നിന്നും മാറി നിൽക്കുകയാണ്.1955 ൽ റാഫി അഹമ്മദ് കിദ്വായി എന്ന മന്ത്രി പാർലമെന്റിൽ നടത്തിയ ആമുഖപ്രസംഗത്തിൽ പറഞ്ഞത് ഇന്ത്യ പോസ്റ്റ് അഥവാ പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് എന്ന് പറയുന്നത് വെറും സേവനദാതാക്കൾ മാത്രമാണെന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇതിന് സേവനമുദ്ര ചാർത്തിയിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ കാലത്താണ് പോസ്റ്റൽ ടെലിഗ്രാഫ് ഒരു പ്രത്യേക വകുപ്പാവുന്നത്. അന്ന് റാഫി അഹമ്മദ് കിദ്വായി ഈ പുതിയ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുകയും 1955 ൽ പുസ്തകങ്ങളും മാസികകളും അയക്കുന്നതിനു വേണ്ടി അതിന്റെ ഫീസ് 50 പൈസയിൽ നിന്ന് 75 പൈസയായി വർധിപ്പിക്കുകയും, അത് കൂടുതൽ സ്വീകരിക്കാൻ ഏഴായിരത്തോളം പുതിയ പോസ്റ്റ് ഓഫീസുകൾ ആരംഭിക്കുകയും ചെയ്തു. ഇതാണ് ആദ്യത്തെ മാറ്റം.
പിന്നീടുള്ള 15 വർഷം യാതൊരുവിധ നിരക്ക് വ്യത്യാസവുമില്ലാതെ കടന്നുപോയി. പിന്നീടാണ് 4 രൂപയ്ക്ക് ഒരു പുസ്തകം അയക്കാമെന്നൊരു സംവിധാനം വന്നത്. വായനക്കാർക്ക് അത് എത്രമാത്രം സഹായകരമാവുമെന്ന് അന്നത്തെ സർക്കാരുകൾക്ക് അറിയാമായിരുന്നു. അവർ വായനയെ പ്രോത്സാഹിപ്പിച്ചിരുന്നു. അത്തരത്തിലുള്ള വായന സംസ്കാരത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണ് പുതിയ നിരക്ക് സമ്പ്രദായം. ഇത് വായിക്കുന്ന ഒരു ജനതയെ തലവിലിടുന്നതിന് തുല്യമാണ്. സംസ്കാരത്തിന്റെ കാഴ്ചകളും ദേശങ്ങളും കാണാനുള്ള, പുതിയ ദർശനങ്ങളും ആശയങ്ങളും വായിച്ചറിയാനുള്ള മനുഷ്യന്റെ മൗലികമായ അവകാശത്തിൽ വിലങ്ങിടുന്ന നടപടിയാണിത്. നിലവിൽ ഇത്രയും പണം കൊടുത്ത് ഒരു പുസ്തകം വാങ്ങാൻ സാധ്യമല്ലാത്തൊരു അവസ്ഥയാണുള്ളത്. ലോകത്ത് പുസ്തകങ്ങൾ അച്ചടിക്കാനുള്ള ചിലവ് ദിനംപ്രതി കൂടിവരികയാണ്. പേപ്പറിന്റെ വില 60 ശതമാനമാണ് വർധിച്ചത്. പേപ്പർ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾക്ക് എല്ലാം ഈ പ്രതിസന്ധി നേരിടുന്നുണ്ട്. പേപ്പർ, അച്ചടിമഷി തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും വില കൂടിയപ്പോൾ പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ അച്ചടിയെയും പ്രതികൂലമായി അത് ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി നിലനിൽക്കുമ്പോൾ പുസ്തകങ്ങൾ അയക്കുന്നതിന്റെ നിരക്ക് വർധിപ്പിക്കുക എന്നത് വായന സംസ്കാരത്തെ തടസ്സപ്പെടുത്തുന്ന, എഴുത്തിനെയും അക്ഷരങ്ങളെയും ഭയപ്പെടുന്ന ഒരു ഭരണകൂടം ചെയ്യുന്ന ഒരു നടപടിയാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്.”
തൃശ്ശൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പുസ്തക പ്രസാധകർ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി സുരേന്ദ്രൻ പറഞ്ഞു.
ഭരണകൂടത്തിന്റെ സാംസ്കാരിക ഫാസിസം
“നെഹ്റുവിന്റെ കാലം മുതൽ സാംസ്കാരിക രംഗത്ത്, എഴുത്തുകാരെയും വായനക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പോസ്റ്റൽ ഉരുപ്പടികൾക്ക് സർവീസ് ഓറിയന്റഡ് ആയിട്ടുള്ള നടപടി സർക്കാർ സ്വീകരിച്ചത്. അതിന് ശേഷം വന്ന സർക്കാരുകൾ എല്ലാം തപാൽ ഉത്പന്നങ്ങളിൽ ബുക്ക് പോസ്റ്റ് സൗകര്യം നിലനിർത്തികൊണ്ടുപോവുന്ന രീതിയാണ് തുടർന്നുകൊണ്ടിരുന്നത്. എന്നാൽ നിലവിലെ സർക്കാർ വന്നതിന് ശേഷം, കൊമേഴ്സ്യൽ ആക്കുക എന്നതിന്റെ ഭാഗമായി പോസ്റ്റൽ ഡിപ്പാർട്മെന്റിലെ ജീവനക്കാരെയും തപാൽ വകുപ്പിനെയും ഇല്ലാതാക്കാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തപാൽ വകുപ്പ് പ്രിന്റഡ് ബുക്ക് പോസ്റ്റ് എന്ന സൗകര്യത്തെ എടുത്തു കളഞ്ഞത് ഇതിന്റെ ഭാഗമാണ്. പുസ്തകം എഴുതുന്ന ഒരാൾ അദ്ദേഹത്തിന്റെ പുസ്തകം, പുസ്തക ചർച്ചയ്‌ക്കോ പുസ്തകാഭിപ്രായത്തിനോ വേണ്ടി പത്രങ്ങളിലേക്ക് അയക്കുകയാണെങ്കിൽ വലിയ വില നൽകേണ്ടി വരികയാണ്. ഒരു അർട്ടിക്കിൾ 10 രൂപ വന്നിരുന്നത് ഇപ്പോൾ 60 രൂപ മുതൽ അതിന്റെ തൂക്കത്തിനനുസരിച്ച തുക കൊടുക്കേണ്ട സാഹചര്യമാണ്. ഇത് തികച്ചും എഴുത്തിനെയും വായനയേയും സാംസ്കാരിക പ്രവർത്തനത്തെയും ഇല്ലാതാക്കുന്ന ഒരു ഫാസിസ്റ്റ് രീതിയാണ്.”
“ഈ സർക്കാർ നിലവിൽ വന്നതിന് ശേഷം എഴുത്തിനെയും വായനയേയും തകർക്കുക എന്ന രീതിയാണ് സ്വീകരിക്കുന്നത്. ഇത് എഴുത്തിനെ ഉപരോധിക്കലും സാംസ്കാരിക ഫാസിസവുമാണ്. അടിയന്തരാവസ്ഥയുടെ കാലത്താണ് എഴുത്തിനെയും വായനയേയും കയറിട്ട് വലിക്കുന്ന രീതിയുണ്ടായിരുന്നത്. അത് വേറൊരു രീതിയിൽ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. കേരളമാണ് ഇതിൽ ആദ്യമായി പ്രതികരിക്കേണ്ടത്. ഇവിടുത്തെ ലൈബ്രറി പ്രസ്ഥാനങ്ങൾ സാംസ്കാരിക സ്ഥാപനങ്ങൾ സാംസ്കാരിക സംഘടനകൾ ഇവയെല്ലാം ഒത്തുചേർന്നുകൊണ്ടുള്ള വലിയൊരു മുന്നേറ്റമുണ്ടായി ഇതിനെ ചെറുത്ത് തോൽപിക്കണം. അല്ലാത്ത പക്ഷം സാംസ്കാരിക ഫാസിസം അതിശക്തമായ രീതിയിൽ മുന്നോട്ട് വരും.” പ്രസാധകൻ അനിൽ സമ്രാട്ട് കേരളീയത്തോട് പറഞ്ഞു.
അന്യായമായ രജിസ്റ്റേർഡ് പാർസൽ ചാർജ് വർധിപ്പിച്ചും പ്രിന്റഡ് ബുക്ക് പോസ്റ്റ് നിർത്തലാക്കിയും കേന്ദ്ര സർക്കാർ നടത്തുന്ന നീക്കം അക്ഷരങ്ങളുടെ മേലുള്ള കടന്നുകയറ്റവും തപാൽ വകുപ്പ് സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമവുമാണെന്ന് വ്യക്തം. ഈ രാഷ്ട്രീയ നീക്കത്തെ എതിർക്കുകയും വായനയെയും പൊതുമേഖലയെയും സംരക്ഷിച്ച് നിർത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്.