ലോകമെമ്പാടുമുള്ള പ്രാദേശികവൽക്കരണ പ്രസ്ഥാനത്തിന്റെ (Localisation Movement) അമരക്കാരാണ് ഹെലേന നോബർഗ് ഹോഡ്ജ് നയിക്കുന്ന ലോക്കൽ ഫ്യൂച്ചേഴ്സ് (Local Futures) എന്ന സംഘടന. പാരിസ്ഥിതികവും സാമൂഹികവും ആത്മീയവുമായ ക്ഷേമം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന വഴിയെന്ന നിലയിൽ പ്രാദേശികവൽക്കരണത്തിന്റെ പ്രചാരണത്തിനായി ലോക്കൽ ഫ്യൂച്ചേഴ്സ് പ്രവർത്തിക്കുന്നു. ലോക്കൽ ഫ്യൂച്ചേഴ്സിൽ പ്രോജക്ട് കോർഡിനേറ്ററും ഗവേഷകനുമായ അലക്സ് ജെൻസൻ അമേരിക്കയിലും ഇന്ത്യയിലുമായി പ്രവർത്തിക്കുകയും ലോക്കൽ ഫ്യൂച്ചേഴ്‌സ് ലഡാക്ക് പ്രോജക്ടിന് നേതൃത്വം നൽകുകയും ചെയ്യുന്നു. നിരവധി രാജ്യങ്ങളിലെ സാംസ്കാരിക സംഘടനകളിലും, കാർഷിക-ജൈവവൈവിധ്യം, പാരിസ്ഥിതിക ആരോഗ്യം, മാലിന്യ സംസ്ക്കരണം തുടങ്ങിയ മേഖലകളിലും അലക്സ് പ്രവർത്തിച്ചുവരുന്നു. ലോകമെമ്പാടുമുള്ള ബദൽ, സാമൂഹിക/പാരിസ്ഥിതിക നീതി പ്രസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ‘വികൽപ് സംഗം’ (Vikalp Sangam), ഗ്ലോബൽ ടാപെസ്ട്രി ഓഫ് ആൾട്ടർനേറ്റീവ്സ് (Global Tapestry of Alternatives) എന്നിവയുടെ കോർ ഗ്രൂപ്പ് അംഗം കൂടിയാണ് അലക്സ്.
ടിബറ്റൻ പീഠഭൂമിയിലുള്ള പുരാതന സംസ്കൃതിയായ ലഡാക്ക് നേരിടുന്ന സാമൂഹികവും പാരിസ്ഥികവുമായ പ്രതിസന്ധികളെക്കുറിച്ചും പ്രാദേശികവൽക്കരണത്തിന്റെ സാധ്യതകളെക്കുറിച്ചും അലക്സ് ജെൻസൻ സംസാരിക്കുന്നു.
ഇപ്പോൾ ലഡാക്കിൽ ലോക്കൽ ഫ്യൂച്ചേഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചു പറയാമോ?
ഏകദേശം 40 വർഷമായി ലോക്കൽ ഫ്യുച്ചേഴ്സ് ലഡാക്കിൽ പ്രവർത്തനം ആരംഭിച്ചിട്ട്. ഹെലേന നോബർഗ് ഹോഡ്ജ് ലഡാക്കിൽ എത്തുന്നത് മുതലാണ് ലോക്കൽ ഫ്യുച്ചേഴ്സിന്റെ പ്രവർത്തനം അവിടെ ആരംഭിക്കുന്നത്. ഹെലേന ലഡാക്കിലെത്തുമ്പോൾ അതൊരു സ്വയംപര്യാപ്ത ഗ്രാമമായിരുന്നു. എന്നാൽ അധികം താമസിയാതെ തന്നെ ആധുനിക വ്യാവസായിക സമ്പദ് വ്യവസ്ഥയുമായി ആ പ്രദേശം ബന്ധം ആരംഭിച്ചു . അതോടെ പെട്ടെന്ന് തന്നെ കാര്യങ്ങൾ മാറി. അത് ആ പ്രദേശത്തിന്റെ സംസ്ക്കാരത്തെയും ജൈവവ്യവസ്ഥയെയും മാറ്റിമറിച്ചുവെന്ന് പറയാം. ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. ലോക്കൽ ഫ്യുച്ചേഴ്സ് ആദ്യം ചെയ്തത് ആഗോള വ്യാവസായിക സംവിധാനത്തെക്കുറിച്ച് അതിന്റെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് അതെങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു. ആഗോളവൽക്കരണം ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും അതിനു പകരം പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ജനങ്ങളോട് സംസാരിച്ചു. സംവാദങ്ങൾ, ചർച്ചകൾ, ഡോക്യുമെന്ററി സിനിമകളുടെ പ്രദർശനം തുടങ്ങിയവ ഇതിനായി സംഘടിപ്പിച്ചു. അങ്ങനെ കുറെ വർഷങ്ങൾ അവിടെ പ്രവർത്തിച്ചു. വിനോദ സഞ്ചാരികൾ, വിദ്യാർത്ഥികൾ, കർഷകർ, രാഷ്‌ടീയക്കാർ, ഉദ്യോഗസ്ഥർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമായി സംവാദം തുടർന്നുകൊണ്ടിരുന്നു. കോളേജ് വിദ്യാർത്ഥികൾക്കായി ഹ്രസ്വ കാല കോഴ്സുകളും, ശില്പശാലകളും സംഘടിപ്പിച്ചു. ഇത്തരത്തിൽ അവിടെയുള്ളവർക്ക് ഈ വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണം നടത്താൻ വഴിയൊരുക്കി.
അവർക്കു മണ്ണുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരവും അതുവഴിയുണ്ടാകുന്ന അനുഭവവും പ്രധാനമാണെന്ന് ഞങ്ങൾക്ക് തോന്നി. അങ്ങനെ സന്നദ്ധരായ ആളുകൾക്ക് കൃഷിയിടങ്ങളിലേക്ക് വരാനും കൃഷിക്കാരുമായി ചേർന്ന് പ്രവർത്തിക്കാനും അവസരമൊരുക്കി. അതുവഴി കാർഷികവൃത്തിയെപ്പറ്റിയും, കാർഷിക ഉൽപ്പന്നങ്ങൾ എങ്ങനെ സംസ്ക്കരിക്കുന്നുവെന്നും എന്തുകൊണ്ട് കാർഷികവൃത്തി കുറഞ്ഞു വരുന്നുവെന്നും അവർക്കു മനസിലാക്കാൻ കഴിഞ്ഞു. കൂടാതെ പോഷകമില്ലാത്ത ഭക്ഷണം (Junk Food) എങ്ങനെ വ്യാപകമാകുന്നുവെന്നും അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ലഡാക്കിലെ ആളുകളുടെ ഉപഭോഗ രീതിയും ഭക്ഷണ ശീലങ്ങളും ഒരുപാട് മാറി കഴിഞ്ഞിരുന്നു. അതിനെതിരെ എന്ത് ചെയ്യാൻ കഴിയും എന്ന് ഞങ്ങൾ കൂട്ടായി ആലോചിക്കാൻ തുടങ്ങി. ഞങ്ങൾ ലഡാക്കിലെ മറ്റു സന്നദ്ധ സംഘടനകളുമായും സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങി. പൂനെയിലെ കല്പവൃക്ഷ എന്ന സംഘടനയുമായി ചേർന്ന് പ്രാദേശിക ഭക്ഷ്യ ഉൽപ്പാദനം തിരിച്ചുകൊണ്ടുവരുന്നതിൽ ഒന്നിച്ചു പ്രവർത്തിച്ചു. അതിനായി പാരമ്പരാഗത കൃഷി രീതികളെയും അറിവുകളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി തിരിച്ചു കൊണ്ട് വന്നു. പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ചു.
എന്നു മുതലാണ് ലഡാക്കിൽ ഈ മാറ്റം സംഭവിച്ചതെന്ന് പറയാമോ?
യഥാർത്ഥ മാറ്റം ആധുനികതയുടെ കടന്നുവരവോടെ എന്ന് പറയേണ്ടി വരും.1960 കളിലാണ് ലഡാക്കിനു ദേശീയ ശ്രദ്ധ ലഭിക്കുന്നത്. സുരക്ഷാ പ്രാധാന്യമുള്ള അതിർത്തി പ്രദേശം എന്ന നിലയിൽ സൈന്യം എത്തുന്നതോടുകൂടിയാണ് വൻ തോതിൽ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നത്. ഇത് ആഗോള സാമ്പത്തിക ശക്തികൾക്കും അവരുടെ ഉല്പന്നങ്ങൾക്കും കടന്നു വരാനുള്ള അവസരം ഒരുക്കി. 1970 കളുടെ മധ്യത്തിലാണ് ലഡാക്ക് വിനോദ സഞ്ചാരികൾക്കും വിപണികൾക്കുമായി കൂടുതൽ തുറന്നു കൊടുക്കുന്നത്. വിമാനത്താവളം ഒക്കെ വരുന്നത് അതിന്റെ ഭാഗമായാണ്. പിന്നീടങ്ങോട്ട് മാറ്റങ്ങൾ ത്വരിതഗതിയിലായിരുന്നു. നിരവധി റോഡുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ടു. ആളുകൾക്ക് ത്വരിതഗതിയിൽ ലഡാക്കിലേക്കു എത്താൻ സൗകര്യമൊരുക്കുക എന്നതായിരുന്നു പ്രധാന ലക്‌ഷ്യം. ഇതിന്റെ ഫലമായി 1974ൽ 530 ടൂറിസ്റ്റുകൾ വന്നിടത്ത് ഈ വർഷം 5 ലക്ഷം പേരാണ് എത്തിയത്.
അപ്പോൾ എന്താണ് ലഡാക്ക് പോലുള്ള ഒരു ചെറിയ പ്രദേശത്ത് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 2010 നു ശേഷം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. കൃഷിഭൂമികൾ ഹോട്ടലുകളായി രൂപാന്തരപ്പെടുന്നത് എവിടെയും കാണാൻ കഴിയുമായിരുന്നു. അതിന്റെ ഫലമായി പ്രാദേശിക ഭക്ഷ്യ സുരക്ഷ അവതാളത്തിലായി, പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ എങ്ങും കുന്നുകൂടി, കൂടാതെ ഗ്രാമങ്ങൾ എന്ന ഭൂപ്രദേശം തന്നെ ഇല്ലാതായി എന്ന് പറയാം. എല്ലാവരും നഗരവൽക്കരണത്തിൽ പെട്ടെന്ന് തന്നെ ആകൃഷ്ടരായി. വിദ്യാഭ്യാസത്തെയും തൊഴിലിനേയും ഇത് മാറ്റി മറിച്ചു. യുവാക്കൾ കാർഷികേതര ഉപജീവന മാർഗ്ഗങ്ങളിലേക്കു തിരിഞ്ഞു.
ഇത് എങ്ങനെയാണ് അവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചതെന്ന് പറയാമോ?
ഞങ്ങൾ ഈ അടുത്ത കാലത്തു ജങ്ക് ഫുഡിനെതിരായി ഒരു ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. കൃത്രിമ പാനീയങ്ങളിലേക്കും സംസ്‌കരിച്ച പാക്കറ്റ് ഭക്ഷണത്തിലേക്കും (Processed Junk Food) ശീലം മാറിയപ്പോൾ ഹൃദയാഘാതം, പ്രമേഹം, അമിതവണ്ണം, അമിത രക്ത സമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വർധിക്കാൻ തുടങ്ങി. ഞങ്ങളുടെ കൂടെ ഈ ക്യാമ്പയ്‌നിൽ ഒരു ഡോക്ടർ കൂടിയുണ്ട്. ഭക്ഷണവും രോഗവും തമ്മിലുള്ള ബന്ധം ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുന്നത് ഡോക്ടറാണ്. ഇത് പ്രാദേശിക ഭക്ഷണ ശീലത്തെയും ഭക്ഷണ ഉൽപ്പാദനത്തെയും പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു എത്തിച്ചിരിക്കുകയാണ്. തങ്ങളുടെ ഭക്ഷണമാണ് ഇപ്പോഴത്തെ ആരോഗ്യ പ്രശനങ്ങൾക്കു കാരണമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.
ലഡാക്കിലെ പ്രാദേശിക സംസ്ക്കാരത്തെ പുനരുജ്ജീവിപ്പിക്കുക എന്നാൽ അനിവാര്യമായ പുരോഗതിയെ തടയുക എന്നുകൂടി അല്ലെ?
ധൂർത്തിനെ അപലപിക്കുകയും പാഴാക്കുന്നതിനെ കുറ്റകരമായ അനാസ്ഥയെന്നൊക്കെ കരുതി ഭൂമിയിലെ ഓരോ വിഭവത്തെയും സൂക്ഷിച്ചു ഉപയോഗിക്കുന്ന ഒരു ജീവിത രീതി ലഡാക്കിൽ ഉണ്ടായിരുന്നു. ഒരു പക്ഷെ ബുദ്ധമത വിശ്വാസത്തിന്റെ ഭാഗമായി അവരുടെ ജീവിതത്തിലേക്ക് കൂട്ടി ചേർത്ത മൂല്യങ്ങൾ ആകാം. അത് വെറും അന്ധമായ മത വിശ്വാസം അല്ല. പരിമിതമായ വിഭവങ്ങളോടുള്ള ബഹുമാനവും ജീവിതത്തെ കുറിച്ചുള്ള ജ്ഞാനവും കൂടിയാണ്. ലഡാക്കിൽ വെള്ളം സുലഭമല്ല. ആ യാഥാർഥ്യം ഉൾക്കൊണ്ടു മഞ്ഞുരുകി വരുന്ന കുഞ്ഞരുവികളിൽ നിന്ന് ശ്രദ്ധയോടെ വെള്ളം ഉപയോഗിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. കൂടാതെ അവർ അത് തന്റെ സഹജീവികൾക്ക് കൂടി ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കുകയും ചെയ്‌തിരുന്നു. കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും ജീവിതമാണ് ഇന്ന് കടുത്ത മത്സരങ്ങൾക്ക് വഴിമാറിയിരിക്കുന്നത്.
ദിവസം മുഴുവൻ പണി എടുക്കുക മാത്രമായിരുന്നില്ല, അയൽക്കാരോട് കുശലം പറയാനും മഴയും വെയിലും മഞ്ഞും ആസ്വദിക്കാനുമുള്ള ഒഴിവു സമയം അവർ കണ്ടെത്തിയിരുന്നു. ഇന്ന് അവർ തിരക്കേറിയ വിശ്രമമില്ലാത്ത, പ്രക്ഷുബ്ധമായ ജീവിതത്തിന് അടിപ്പെട്ടിരിക്കുന്നു. ആനന്ദത്തേക്കാൾ വിഷാദമാണ് അവരുടെ സ്ഥായീഭാവം എന്ന് ഹെലേന ഒരിക്കൽ പറയുകയുണ്ടായി.
ഇപ്പോഴും പഴയ സംസ്ക്കാരത്തിന്റെ ചില തെളിവുകൾ അവശേഷിക്കുന്നുണ്ടാകുമല്ലോ. അങ്ങനെ ലഡാക്കിൽ താങ്കൾ കണ്ട എന്തെകിലും സവിശേഷമായ കാര്യം ഉണ്ടോ?
വെറും ഭൗതിക ജീവിത വ്യവഹാരത്തിൽ ജീവിക്കുകയായിരുന്നില്ല ലഡാക്കിലെ ജനങ്ങൾ. ഇപ്പോഴും അതിന്റെ തെളിവുകൾ നിലനിൽക്കുന്നുണ്ട്. ഒന്നിനോടും അമിതമായ മമത അവർക്കുണ്ടായിരുന്നില്ല. മഴ കോരി ചൊരിയുമ്പോൾ അതിനെ പഴിക്കാതെ, അത് ആസ്വദിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. മനുഷ്യരോടും മറ്റുള്ളതിനോടും അമിതമായ മമത അവർക്കു ഉണ്ടായിരുന്നില്ല. മരണത്തെ ജീവിതത്തിന്റെ ഒരു തുടർച്ചയായിട്ടാണ് അവർ കാണുന്നത്. അത് കൊണ്ട് തന്നെ ജീവിതത്തിലെ ഉയർച്ചയും താഴ്ച്ചയും, സുഖവും ദുഖവുമൊക്കെ സ്വാഭാവികമായി സ്വീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. പ്രത്യേക രീതിയിലുള്ള ചില കടുംപിടുത്തങ്ങൾ അവർ ജീവിതത്തിൽ പുലർത്തിയിരുന്നില്ല എന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ ജീവിതത്തിൽ ആഹ്ലാദമനുഭവിക്കാൻ അവർക്കു കഴിഞ്ഞിരുന്നു.
വികസനമുണ്ടാക്കുന്ന വിനാശങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കാൻ പരമ്പാരാഗത ജീവിതത്തിലെ ചില ഘടകങ്ങളെ തിരിച്ചു കൊണ്ടുവന്നു നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുവ തലമുറയോട് സംസാരിക്കുമ്പോൾ അവരുടെ പ്രതികരണം എന്താണ്?
യുവതലമുറയിൽ നിന്നും വളരെ പോസിറ്റീവായ പ്രതികരണങ്ങളാണുണ്ടാകുന്നത്. ഇത്തരം കാര്യങ്ങളറിയാൻ അവർ വലിയ ഉത്സാഹം കാണിക്കുന്നുണ്ട്. യുവ തലമുറയിലെ പലരും കോർപ്പറേറ്റ് വികസനത്തിന്റെ യുക്തിയെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. അതുണ്ടാക്കുന്ന പ്രതിസന്ധികൾ കണ്മുൻപിൽ കാണുന്നവരും അനുഭവിക്കുന്നവരുമാണ്. അത് അവരെ ഏറെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. അവരിൽ ചിലർ പ്രാദേശിക ഭക്ഷ്യ വിഭവങ്ങൾ വിൽക്കുന്ന ഭക്ഷണശാലകൾ ഒക്കെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മാലിന്യ സംസ്ക്കരണത്തെക്കുറിച്ചും അവർ ബോധവാന്മാരാണ്. എല്ലാവരും അങ്ങനെ ആണെന്നോ ഇപ്പോഴുള്ള പോസറ്റീവ് പ്രതികരണങ്ങൾ മതിയെന്നോ അല്ല.
ഹെലേനയുടെ പുസ്തകത്തിൽ സ്ത്രീകൾ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ വ്യക്തി സ്വാതന്ത്ര്യവും തങ്ങളുടേതായ ജീവിത വീക്ഷണങ്ങളും കാത്തു സൂക്ഷിച്ചിരുന്നു എന്ന് വായിച്ചിരുന്നു. ഇപ്പോൾ സ്ത്രീകളുടെ അവസ്ഥ എന്താണ്?
ഗ്രാമങ്ങളെ ഈ മാറ്റം നന്നായി ബാധിച്ചതിനാലും ആളുകൾ നഗരങ്ങളിലേക്ക് മാറാൻ തുടങ്ങിയതിന്റെ ഫലമായും ഗ്രാമത്തിൽ ജീവിക്കുന്ന സ്ത്രീകളുടെ ജോലി ഭാരം നന്നായി വർധിച്ചിരിക്കുകയാണ്. അവർക്കു തുണയായി ആളുകൾ ഇല്ല. പരസ്പ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന രീതി ക്രമാനുഗതമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പുതിയ തലമുറയിലെ സ്ത്രീകൾ പുതിയ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിമാറിയതിന്റെ ഫലമായി സാമ്പത്തികമായി മുന്നേറിയിട്ടുണ്ട്. ഇത് ഗ്രാമത്തിലെ കാർഷിക സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പൊതുവെ ആളുകളുടെ മാനസികാരോഗ്യം കുറഞ്ഞതായിട്ടാണ് കാണുന്നത്.
സ്ത്രീകൾ നഗരങ്ങളിൽ ഉപജീവനം തേടുന്നതിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതി ഉയരുമ്പോൾ അവർക്കു അതുവരെ ലഭിക്കാതിരുന്ന വ്യക്തി സ്വാതന്ത്ര്യം, തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ, ഗ്രാമത്തിന്റെ സാംസ്ക്കാരിക പരിസരത്തിൽ ഉണ്ടായിരുന്ന പരിമിതികൾ ഒക്കെ മറികടക്കാൻ കഴിയുന്നതായി തോന്നിയിട്ടുണ്ടോ?
ഈ സാധ്യതകൾ ലഡാക്കിൽ മാത്രം സംഭവിക്കുന്നത് അല്ലല്ലോ. ഇന്ത്യയിലെയും ലോകത്തിന്റെയും മറ്റു ഭാഗങ്ങളിൽ ഈ മാറ്റം സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്. പക്ഷെ നമ്മൾ ആലോചിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഈ സിസ്റ്റം നിലനിൽക്കുന്നതാണോ എന്നതാണ്. തകർന്നുകൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥ നമ്മളോട് പറയുന്നത് അത് സാധ്യമല്ല എന്നാണ്. ആഗോള തലത്തിൽ തന്നെ മാലിന്യം നിയന്ത്രണാതീതമായി വർധിച്ചിരിക്കുന്നു. അതിനർത്ഥം പരമ്പരാഗത രീതികൾ അതുപോലെ നമ്മൾ കാത്തു സൂക്ഷിക്കണം എന്നോ പിന്തുടരണം എന്നോ അല്ല. അതിനകത്തുള്ള അസമത്വങ്ങളെയും ലിംഗ വിവേചനത്തെയും അനീതികളെയും നമ്മൾ ചോദ്യ ചെയ്യുകയും മാറ്റിത്തീർക്കുകയും ചെയ്യണം എന്നതിൽ സംശയമൊന്നുമില്ല. പ്രാദേശിക കാർഷിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമ്പോൾ ഈ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അത് ആധുനികകാലത്തെ മൂല്യങ്ങളെ ചേർത്ത് വച്ച് വേണം ശക്തിപ്പെടുത്താൻ. അതേസമയം അതിനകത്തെ പാരിസ്ഥിതിക അറിവുകളെയും പരമ്പരാഗത ജ്ഞാനത്തെയും ജീവിത മൂല്യങ്ങളെയും കാത്തു സൂക്ഷിക്കുകയും വേണം. അതാണ് ഭൂമിയെ നിലനിർത്താൻ സഹായിച്ചത് എന്നത് പ്രധാനമാണ്.
അമേരിക്കയിൽ നിന്നും ഇവിടെ എത്തിയ താങ്കൾ എങ്ങനെയാണ് പാശ്ചാത്യ സംസ്ക്കാരം ലഡാക്ക് പോലുള്ള സ്ഥലങ്ങളിലേക്ക് അധിനിവേശം നടത്തിയതിനെ കാണുന്നത് എന്ന് പറയാമോ? ഒരു പക്ഷെ ഇതിനെ സ്വീകരിച്ച ജനങ്ങൾക്ക് അത് വിമർശനാത്മകമായി നോക്കിക്കാണാൻ പറ്റണമെന്നില്ലല്ലോ?
അതെ, പാശ്ചാത്യ സംസ്ക്കാരത്തിന്റെ അല്ലെങ്കിൽ വ്യാവസായിക സംസ്ക്കാരത്തിന്റെ വിജയം എന്ന് പറയുന്നത് അത് അനിവാര്യമായ മാറ്റമാണെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്നുള്ളതാണ്. അതിനകപ്പെട്ടാൽ പിന്നെ അതിനെ വിമർശനാത്മകമായി നോക്കാൻ നിങ്ങൾക്ക് കഴിയണമെന്നില്ല. പാശ്ചാത്യ സംസ്ക്കാരം കരുതുന്നത് ലോകത്തിന്റെ പുരോഗതിക്കു ഒരു വഴി മാത്രമേയുള്ളൂ എന്നാണ്. അല്ലെങ്കിൽ എല്ലാവരും തങ്ങളെ പോലെയാണെന്നും തങ്ങളെപ്പോലെയാകാൻ ആഗ്രഹിക്കുന്നുവെന്നും അത് കരുതുന്നു. ലോകത്തിലെ വൈവിദ്ധ്യമാർന്ന സംസ്ക്കാരത്തെ അത് വിലമതിക്കുന്നില്ല. അതുകൊണ്ടാണ് അത് ഹിംസാത്മകമാകുന്നത്. കൂടാതെ ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ എല്ലാ പരിമിതികളെയും യാഥാർഥ്യങ്ങളെയും മാറ്റിമറിക്കും എന്ന മിഥ്യാബോധം സൃഷ്ടിക്കുകയും എല്ലാ പ്രശ്ങ്ങളും അത് പരിഹരിക്കുമെന്ന ബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ആഗോള സമ്പദ് വ്യവസ്ഥയുടെ തെറ്റായ പ്രചാരണം ആണെന്ന് തിരിച്ചറിയാതെ മനുഷ്യരാശിയുടെ നേട്ടമായി കരുതി നമ്മളതിൽ ഊറ്റം കൊള്ളുകയാണ് ചെയ്യുന്നത്.
കാശ്മീരിന്റെ സ്വതന്ത്ര സ്റ്റേറ്റ് എന്ന പദവി നഷ്ടമായിരിക്കുകയും ഒരു കേന്ദ്ര ഭരണം പ്രദേശമായിരിക്കുകയും ചെയ്തിരിക്കുകയാണല്ലോ. ഇത് നിങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ?
അതുണ്ടാക്കുന്ന മാറ്റങ്ങൾ ഇപ്പോൾ പറയാൻ പറ്റുകയില്ല. വരും നാളുകളിൽ ഈ മാറ്റം എങ്ങനെയാണ് ബാധിക്കുന്നതെന്നറിയാൻ പോകുന്നതേയുളളൂ. എന്നാൽ ഈ മാറ്റത്തെ കുറിച്ച് ലഡാക്കിലെ ജനങ്ങൾ ആശങ്കാകുലരാണ്. നേരത്തെ ഉണ്ടായിരുന്ന സ്വാതന്ത്ര്യം, സ്വതന്ത്ര ഭരണ സംവിധാനങ്ങൾ എന്നിവ എങ്ങനെയാണ് പുതിയ ഭരണ സംവിധാനത്തിൽ പ്രവർത്തിക്കുക എന്ന് അവർ കാത്തിരിക്കുകയാണ്. എന്തായാലും വലിയ വികസന പദ്ധതികൾ ഇനിയും ഇവിടേക്ക് വന്നാൽ അത് അവരെ വലിയ രീതിയിൽ ബാധിക്കുമെന്നതിൽ സംശയമില്ല. ഇപ്പോൾ സർക്കാരിന്റെ പ്രതിനിധികൾ വ്യക്തിഗതമായി ഞങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരാണ്. പരമ്പരാഗത കൈവേലകൾ, ജൈവകൃഷി എന്നിവ അവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രാദേശിക സർക്കാരിന് ജൈവ കൃഷി നയം തന്നെയുണ്ട്. അവർ മുഴുവൻ ലഡാക്കും ജൈവ കൃഷി മേഖലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. മറ്റുള്ള സ്ഥലങ്ങളെക്കാൾ അത് നടപ്പാക്കാൻ ലഡാക്കയിൽ എളുപ്പമാണ് .
ലഡാക്കിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും കാലാവസ്ഥയയുടെ പ്രത്യേകത കൊണ്ടും മറ്റുസ്ഥലങ്ങിലേതുപോലെ രാസ വളങ്ങളെയും കീടനാശിനിയേയും ഇവിടുത്തെ കർഷകർ ആശ്രയിച്ചിട്ടില്ല. അതുകൊണ്ടു ജൈവ കൃഷി വ്യാപിപ്പിക്കാൻ വലിയ ബുദ്ധിമുട്ടു ഇവിടെയില്ല. ഇപ്പോൾ ജൈവ കമ്പോസ്റ്റും മറ്റു ജൈവ വളങ്ങളും കൂടുതലായി ഉപയോഗിക്കുകയാണ് ഇവിടുത്തെ കർഷകർ. പഴയ രീതികൾക്കൊപ്പം ജൈവ കൃഷിയിലുണ്ടായ പുതിയ മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് അവർ കൃഷി ചെയ്യുന്നത്.
ലഡാക്ക് അതിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്ന് പറയാൻ കഴിയുമോ?
എനിക്ക് ഒരു ശുഭാപ്തി വിശ്വാസിയാകാനാണിഷ്ടം. എങ്കിലും ഇപ്പോൾ നടക്കുന്ന ക്രിയാത്മക പ്രതികരണങ്ങൾ വളരെ ചെറിയ അളവിലാണെന്നാണ് എനിക്ക് തോന്നുന്നത്. അത്രയ്ക്ക് വ്യാപകമായ അളവിലാണ് അതിനു വിപരീതമായ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നത്. അഞ്ചുലക്ഷം വിനോദ സഞ്ചാരികൾ ഒരു ചെറിയ പ്രദേശത്തു വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. അതുണ്ടാക്കുന്ന ഗതാഗതകുരുക്കും , മാലിന്യങ്ങളും ലഡാക്കിന് താങ്ങാവുന്നതിനുമപ്പുറമാണ്. ലഡാക്ക് ശ്രമിക്കുന്നത് സഞ്ചാരികളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാണ്, അല്ലാതെ സഞ്ചാരികൾ ലഡാക്കിനു വേണ്ടി തങ്ങളുടെ ആഗ്രഹങ്ങൾ രൂപപ്പെടുത്തുകയല്ല. നേരത്തെയുണ്ടായിരുന്ന വെള്ളം ഉപയോഗിക്കാതെയുള്ള കക്കൂസുകൾ (dry toilet system) അവർ ഉപേക്ഷിച്ചത് അതിന്റെ ഭാഗമാണ്. ഒരു കാലത്ത് അത് അവരുടെ വയലിലെ കൃഷിക്കുള്ള വളമായിരുന്നു. ഇന്നവർ വെള്ളം ഉപയോഗിക്കുന്ന കക്കൂസുകളാണുപയോഗിക്കുന്നത്. വെള്ളത്തിന് വളരെ ദൗർലഭ്യമുള്ള ഒരു സ്ഥലത്താണ് ഈ മാറ്റമെന്നോർക്കണം. ഇപ്പോളുപയോഗിക്കുന്ന കക്കൂസുകൾ ശുദ്ധ ജല സ്രോതസ്സുകൾ മലിനമാക്കുന്നു എന്നതാണ് വേറൊരു വൈരുദ്ധ്യം. നിർഭാഗ്യവശാൽ ഇതിനെ നാം വികസനമെന്നാണു വിളിക്കുന്നത്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വന്യജീവികൾ വിനോദ സഞ്ചാരത്തിന്റെ പേരിൽ അനുഭവിക്കുന്ന സമ്മർദ്ദവും ദുരിതങ്ങളും. ഇത്തരം വികസനം ജൈവ വൈവിധ്യത്തെ ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടൂറിസ്റ്റുകൾ കൊടുക്കുന്ന ഭക്ഷണത്തിന്റെ ഫലമായി തെരുവ് നായകളുടെ എണ്ണം വർധിക്കുകയും അവ മറ്റു ജീവികളെ ആക്രമിക്കുകയും പക്ഷികളുടെ മുട്ടകൾ തിന്നു തീർക്കുകയും ചെയ്യുന്നു. ഇങ്ങനെ പല രീതിയിൽ ജൈവ വ്യവസ്ഥയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
പരമ്പരാഗത സമ്പദ് വ്യവസ്ഥ ഇന്നത്തെപോലെ പണത്തെ ആശ്രയിച്ചായിരുന്നില്ലല്ലോ. ആധുനിക സമ്പദ് വ്യവസ്ഥയുടെ ഭാഗമായി പണം നേടിയ അപ്രമാദിത്വം എങ്ങനെയാണ് ലഡാക്കിന്റെ സാംസ്ക്കാരിക സാമ്പത്തിക സ്ഥിതിയെ സ്വാധീനിച്ചത് എന്ന് പറയാമോ?
പരസ്പ്പര ആശ്രിതത്വത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഒരു സമ്പദ് ക്രമം ആയിരുന്നു മുൻപിവിടെ ഉണ്ടായിരുന്നതും ജനങ്ങൾ ആശ്രയിച്ചിരുന്നതും അവരെ സ്വാധീനിച്ചിരുന്നതുമായ സംവിധാനം. അത് കൂടുതലും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിൽ ഊന്നിയുള്ളതായിരുന്നു. ലഡാക്കിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയൊക്കെ അടുത്ത കാലം വരെ പ്രാദേശികമായാണ് ഉണ്ടാക്കിയിരുന്നത്. ഇന്നുള്ളതുപോലെ ആർഭാടത്തിലും, ധൂർത്തിലും അധിഷ്ഠിതമല്ലായിരുന്നു. പണം വരുമ്പോഴുള്ള ഒരു പ്രധാന മാറ്റം അതിനോടുള്ള ആർത്തിക്ക് അറുതിയില്ല എന്നതാണ്. അങ്ങനെ നിങ്ങൾ യഥാർത്ഥ ലോകത്തു ചെയ്യേണ്ട അടിസ്ഥാന പ്രവൃത്തികൾ ഉപേക്ഷിക്കുകയും പണം നേടാനുള്ള എളുപ്പ വഴിയിലേക്ക് തിരിയുകയും ചെയ്യുന്നു. അപ്പോഴാണ് കൃഷി പണി ഉപേക്ഷിച്ച് മറ്റു വാണിജ്യ മേഖലകളിലേക്ക് തിരിയാൻ ഒരാൾക്ക് പ്രേരണയുണ്ടാക്കുന്നത്. ഇത്തരം പ്രേരണകൾ ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് അതിജീവിക്കാവുന്നതല്ല. ഒരു സമൂഹം കൂടെയുണ്ടെങ്കിലേ പണം നൽകുന്ന പ്രലോഭനങ്ങളെ മാറ്റിവച്ചു ജീവിതത്തിലെ സുസ്ഥിരവും ഭക്ഷ്യ ഉൽപ്പാദനം പോലുള്ള വളരെ പ്രാഥമികവുമായ പ്രവൃത്തിയിലേക്കു ഒരു വ്യക്തിക്ക് തിരിയാൻ കഴിയുകയുള്ളു.
എന്നാൽ കോവിഡ് കാലത്ത് നേരത്തെ ഉണ്ടായിരുന്ന പരസ്പര ആശ്രിതത്വം, സഹകരണം, പരിചരണം ഒക്കെ തിരിച്ചുവന്നതായി കണ്ടിരുന്നു. ഇത് ലോകമെമ്പാടും പല രീതിയിൽ നമ്മൾ കണ്ടു. നഗരങ്ങളിൽ നിന്നും ആളുകൾ ഗ്രാമങ്ങളിലേക്ക് തിരിച്ചു വന്നതും നമ്മൾ കണ്ടു. ഉൽപ്പന്ന വിതരണ ശൃഖല നിലച്ചതോടെ പണം ഒരു അനാവശ്യ വസ്തുവായി മാറി. പണം കൊണ്ട് ജീവിതം സാധ്യമാവാത്ത അവസ്ഥ വന്നു. ആളുകൾ പരസ്പ്പരം പങ്കുവയ്ക്കാൻ തുടങ്ങി. തൊട്ടടുത്തുള്ള ഭൂമിയിൽ കൃഷി ചെയ്ത് ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. ഗ്രാമങ്ങളുടെ പ്രസക്തി അപ്പോൾ ലോകം തിരിച്ചറിഞ്ഞു. ഗ്രാമങ്ങളിൽ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നത് കൊണ്ടാണ് നഗരത്തിൽ ജീവിതം സാധ്യമാവുന്നതെന്നു മനുഷ്യർ മനസിലാക്കി.
കോവിഡ് കാലത്തു ഉണ്ടായിവന്ന പരസ്പ്പര ആശ്രിതത്വവും സഹകരണ മനോഭാവവും ഇപ്പോഴും നിലനിൽക്കുന്നുണ്ടോ?
കോവിഡ് കാലത്തു മനുഷ്യർക്ക് ഒരുപ്പാട് ദുരിതങ്ങൾ ഉണ്ടായപ്പോൾ പാരിസ്ഥിതികമായി അത് ശുഭകരമായ കാലം ആയിരുന്നു. മറ്റു ജീവികൾക്കു കൂടുതൽ ആരോഗ്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിഞ്ഞു, ഭൂമിയിൽ മാലിന്യങ്ങൾ കുറഞ്ഞു. എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ സ്ഥിതി പഴയതിലേക്കു മാറി. മലിനീകരണം മുൻപത്തെക്കാൾ കൂടി. അതുപോലെ മുഖ്യധാര സാമ്പത്തിക സംവിധാനം വിപണിയെ വീണ്ടും കൊണ്ടുവന്നപ്പോൾ എല്ലാം പൂർവ്വാധികം ശക്തമാവുകയാണുണ്ടായത്. അത്രയും കാലം പുറത്തിറങ്ങാൻ പറ്റാത്തതിന്റെ പ്രതികാരം മുഴുവൻ ആളുകളും തീർക്കാൻ തുടങ്ങി.
ലഡാക്കിന് അതിന്റെ ആരോഗ്യകരമായ ജീവിതം തിരിച്ചു കിട്ടാൻ എന്താണ് അടിയന്തിരമായി ചെയ്യേണ്ടതെന്നാണ് തോന്നുന്നത്?
ലഡാക്കിനു മാത്രമായി എന്തെങ്കിലും പ്രത്യേക കാര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ആവശ്യമുള്ള മാറ്റങ്ങൾ തന്നെയാണ് ലഡാക്കിലും ആവശ്യമുള്ളത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരുക എന്നതാണ് പ്രധാനം. അതിൽ തന്നെ പ്രാദേശിക ഭക്ഷ്യ ഉൽപ്പാദനം അടിയന്തിരമായി പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു. അതിനു മണ്ണ് സംരക്ഷിക്കേണ്ടിയിരിക്കുന്നു. അനാവശ്യമായ ആർഭാടത്തിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങളോടുള്ള ആസക്തി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ ഒരു നിർമ്മാണം മണ്ണിൽ നടത്തി കഴിഞ്ഞാൽ ആ മണ്ണ് എന്നന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു.
ജൈവകൃഷിയിലേക്കുള്ള മാറ്റത്തിന്റെ പാതയിലെ ഏറ്റവും വലിയ തടസ്സം മനസിലെ മുൻവിധികളാണ്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള ആധുനിക കൃഷി രീതിമാത്രമേ ഇനി സാധ്യമാകുകയുള്ളൂ എന്നും ജൈവ കൃഷി വെറും അന്ധവിശ്വാസം ആണെന്നുമുള്ള ചിന്തയാണ് ഇന്ത്യയിൽ വലിയ തടസമായി നിൽക്കുന്നത്. ജൈവ കൃഷിയുടെ കാലം കഴിഞ്ഞുവെന്നും അത് അപ്രായോഗികമാണെന്നും ആളുകൾ വിശ്വസിക്കുന്നു. ഈ കാര്യത്തിൽ ഒരു പുനർ വിചിന്തനം അടിയന്തിരമായി നടക്കേണ്ടിയിരിക്കുന്നു. അതിനു ഇപ്പോഴുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന സ്കൂൾ വിദ്യാഭ്യാസം സമൂഹത്തിനാവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളുമെന്നു പ്രതീക്ഷിക്കാൻ നിർവ്വാഹമില്ല. ജങ്ക് ഫുഡിനെതിരെ ഉള്ള ബോധവൽക്കരണം ഞങ്ങൾ കമ്മ്യൂണിറ്റിയിൽ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ചെയ്യുന്നത്.
ഇക്കോളജി, ആരോഗ്യം, മാനസിക സംതൃപ്തി എന്നിങ്ങനെ പല ഘടകങ്ങളും പ്രാദേശിക ഭക്ഷ്യ ഉൽപ്പാദനത്തിലൂടെയും ഉപഭോഗത്തിലൂടെയും ഗുണകരമായി സ്വാധീനിക്കുന്നതായി ഞങ്ങൾക്കനുഭവമുണ്ട്. അത് കാണിക്കുന്നത് പ്രാദേശികവൽക്കരണം (Localisation) പല പ്രതിസന്ധികൾക്കുമുള്ള മറുമരുന്നാണ് എന്നാണ്.
ലോക്കൽ ഫ്യൂച്ചേഴ്‌സിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ലോകത്തിന്റെ മറ്റു പല ഭാഗത്തും നടക്കുന്ന പ്രധാന ജനകീയ പ്രസ്ഥാനങ്ങളുമായി താങ്കൾ ബന്ധപ്പെടുന്നുണ്ടാവുമല്ലോ. വലിയ പ്രതിസന്ധികൾക്കിടയിലും ലോകത്തു നടക്കുന്ന ക്രിയാത്മകമായ അത്തരം പ്രവർത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
ലോക വ്യാപകമായി പല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിന്റെയൊക്കെ അന്തസത്ത എങ്ങനെ വൻകിട കോർപ്പറേറ്റുകളുടെ അധീശത്വത്തിൽ നിന്നും പ്രകൃതിയെയും മനുഷ്യ സമൂഹത്തെയും സാമ്പത്തിക വ്യവസ്ഥയെയും മോചിപ്പിക്കാം എന്നതാണ്. അതാണ് ലോകത്തു നിലനിൽക്കുന്ന വലിയ പ്രതീക്ഷ. അന്താരാഷ്ട്ര ആഗോളവൽക്കരണ ദിനത്തിൽ അത്തരം ഗ്രുപ്പുകൾ ഒത്തു ചേർന്ന് പല നൂതന പദ്ധതികളും പങ്കുവയ്ക്കാറുണ്ട്. പല ബദൽ പ്രസ്ഥാനങ്ങളും ലോകത്തിന്റെ പലഭാഗത്തും ശക്തിയാർജ്ജിച്ചു വരുന്നുണ്ട്. ഇന്ത്യയിൽ അതിനുള്ള നല്ല ഉദാഹരണമാണ് വികല്പ് സംഗം (Vikalp Sangam). അതിന്റെ വെബ്സൈറ്റിൽ ആയിരക്കണക്കിന് ബദൽ പ്രവർത്തനങ്ങൾ കാണാൻ കഴിയും. ഇന്ത്യയുടെ പലഭാഗത്തായി ജൈവ കൃഷി ചെയ്യുന്ന പല ഗ്രൂപ്പുകളാണ് ഈയിടെ ASHA Kisan Swaraj സംഘടിപ്പിച്ച പരിപാടിയിൽ മൈസൂരിലെത്തിയത്. അവരിൽ നൂറു കണക്കിന് കർഷകർ പരമ്പരാഗത വിത്തുകൾ സംരക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരാണ്. അത് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. കമ്മ്യൂണിറ്റിയുടെ കയ്യിൽ ഇപ്പോഴും വിലമതിക്കാനാകാത്ത സമ്പത്തുണ്ടെന്നാണ് അത് കാണിക്കുന്നത്. അവരുടെ കൈയിൽ തന്നെയാണ് മാറ്റത്തിനുള്ള ബീജവുമുള്ളത്. അത് പ്രചരിപ്പിക്കലും സംരക്ഷിക്കലുമാണ് ഇന്ന് നമ്മുടെ മുന്നിലുള്ള പ്രധാന ഉത്തരവാദിത്തം. ഇങ്ങനെ ശുഭാപ്തി വിശ്വാസം പുലർത്തുമ്പോഴും നമുക്ക് മുന്നിലുള്ള എതിരാളികൾ അതി ശക്തരാണെന്നും അവരുടെ നശീകരണ പ്രാപ്തി നമുക്ക് ഊഹിക്കാൻ കഴിയുന്നതിനുമപ്പുറമാണെന്നും മറന്നുകൂടാ. നമ്മുടെ ഒരേയൊരു വാസസ്ഥലമായ ഭൂമിയെ അവർക്കു എളുപ്പത്തിൽ തകർക്കാൻ കഴിയും എന്നും നമ്മൾ ഓർത്തിരിക്കണം. അതാണ് യാഥാർഥ്യം.
എന്താണ് ലഡാക്ക് ജീവിതം അലക്സിന് നൽകിയ പാഠങ്ങൾ?
വികസനം അനിവാര്യമാണെന്നും അത് മനുഷ്യ പരിണാമത്തിലെ അനിവാര്യമായ ഒരു ഘട്ടം ആണെന്നും മുതലാളിത്തം നമ്മളെ വിശ്വസിപ്പിച്ചിരിക്കുന്നു. അങ്ങനെ ഭാവിയിലേക്കുള്ള അനേകം വഴികളെ അത് ഇല്ലായ്‌മ ചെയ്തിരിക്കുന്നു. വൈവിധ്യങ്ങളെ, പ്രാദേശിക സമ്പദ് വ്യവസ്ഥയെ, വികേന്ദ്രീകരണത്തെ ഒന്നും വ്യാവസായിക സംസ്ക്കാരം പ്രോത്സാഹിപ്പിക്കുന്നില്ല. അത് കേന്ദ്രീകരണമാണ് ആഗ്രഹിക്കുന്നത്. പരമാവധി ഉപഭോഗ ശീലം ജനങ്ങളിൽ ഉണ്ടാകുക എന്നതാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. ലഡാക്കിലെ ജനങ്ങൾ കരുതുന്നത് അവർ അപരിഷ്കൃതർ ആയിരുന്നുവെന്നും ഇപ്പോൾ അവരുടെ ജീവിതം പുരോഗമിച്ചിരിക്കുന്നു എന്നുമാണ്. തങ്ങളിൽ അപകർഷതാ ബോധം സൃഷ്ടിച്ച പാശ്ചാത്യ സംസ്ക്കാരം ലോകത്തെ മുഴുവൻ വാർപ്പ് മാതൃകയിലേക്ക് വിപണന കേന്ദ്രങ്ങളെ മാറ്റുകയാണെന്ന് അവർ തിരിച്ചറിയുന്നില്ല. ഇത് ലഡാക്കിന്റെ മാത്രം അവസ്ഥയല്ല. പ്രാദേശികമായി നമ്മൾ സമ്പന്നമാകാതെ അമിതമായി ബാഹ്യ ലോകത്തെ ആശ്രയിക്കുന്നത് നമ്മളെ ദരിദ്രരാക്കുമെന്നാണ് ലഡാക്ക് നൽകുന്ന വലിയ പാഠം. അത് സഹകരണ മനോഭാവം ഇല്ലാതാക്കി വിനാശകരമായ കടുത്ത മത്സരത്തിലേക്കാണ് നമ്മളെ കൊണ്ടെത്തിക്കുന്നത്.