ട്രോളിങ് നിരോധനത്തോടെ തീരുന്നതല്ല തീരത്തോടുള്ള ഉത്തരവാദിത്തം

ജൂൺ പത്തിന് കേരള തീരത്ത് മൺസൂൺകാല ട്രോളിങ് നിരോധനം ആരംഭിച്ചിരിക്കുകയാണ്. 52 ദിവസത്തേക്ക് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. ട്രോളിംഗ് നിരോധന കാലയളവ് പൂർത്തിയാകുന്നതുവരെ സംസ്ഥാനത്തെ പ്രധാന ഹാർബറുകൾ അടച്ചിടുകയും ചെയ്യും. 1988 മുതൽ എല്ലാ വർഷവും കേരളത്തിൽ ട്രോളിങ് നിരോധനം നടപ്പിലാക്കി വരുന്നുണ്ട്. കടൽവിഭവങ്ങളുടെ അമിതചൂഷണം തടയുന്നത് വഴി മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുകയും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗ്ഗം ഉറപ്പുവരുത്തുകയുമാണ് ട്രോളിങ് നിരോധനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കടൽവിഭവങ്ങളുടെ അമിത ചൂഷണത്തിന് തടയിടാൻ ട്രോളിങ് നിരോധനത്തിന് സാധിക്കുമോ? ട്രോളിങ് നിരോധനം നിലവിൽ വരാനിടയായ ചരിത്ര പശ്ചാത്തലത്തിൽ നിന്നും സമകാലീന സാഹചര്യങ്ങളിലേക്ക് എത്തുമ്പോൾ ട്രോളിങ് നിരോധനത്തെ എങ്ങനെ പ്രശ്നവത്കരിക്കാൻ സാധിക്കും? വർഷത്തിൽ ഒരിക്കൽ കടലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതുകൊണ്ട് പരിഹരിക്കാൻ കഴിയുന്നതാണോ കടൽവിഭവങ്ങളുടെ അമിത ചൂഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ? ഒരു വർഷത്തിൽ കുറച്ചു നാളുകൾ ട്രോളറുകളുടെ ഉപയോഗം കടലിൽ നിയന്ത്രിക്കുന്നതോടെ അവസാനിപ്പിക്കുവാൻ സാധിക്കുന്നതാണോ തീരജനതയോടുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം? ഈ വിഷയങ്ങളെ കുറിച്ച് ചില ചിന്തകൾ പങ്കുവയ്ക്കുകയാണ് ഈ ലേഖനം.

കോളണീയാനന്തര കേരളത്തിലെ തീരമേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത് 1952 ൽ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര, പുത്തൻതുറ എന്നീ പ്രദേശങ്ങളിൽ ഇൻഡോ നോർവീജിയൻ പ്രൊജക്റ്റ് നിലവിൽ വരുന്നതോടുകൂടിയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ദേശീയ നയമായിരുന്ന ‘കമ്മ്യൂണിറ്റി ഡവലപ്മെന്റ്’ എന്ന ആദർശത്തിന്റെ ഭാഗമായാണ് ഈ പ്രൊജക്റ്റ് നിലവിൽ വരുന്നത്. തീരദേശ ജനത സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്നവരാണെന്നും അവരെ ഈ പിന്നോക്കാവസ്ഥയിൽ നിന്നും കരകയറ്റാൻ ഭരണകൂടത്തിന്റെ ഇടപെടൽ ആവശ്യമാണെന്നും ശാസ്ത്ര സാങ്കേതികവിദ്യ അതിനായി ഉപയോഗിക്കണം എന്നുമായിരുന്നു ഭരണകൂടത്തിന്റെ ചിന്താഗതി. തീരം എന്ന ദേശ പ്രകൃതിയും അതിന്റെ പിന്നോക്കാവസ്ഥയെ സംബന്ധിച്ചുള്ള അധീശത്വ വ്യവഹാരങ്ങളും ഈ പ്രോജക്ടിനെയും അതിന്റെ പിന്നിലുള്ള ഭരണകൂട ഇടപെടലിനെയും നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. തീരദേശ മേഖലയിൽ നിലവിലുള്ള മത്സ്യത്തൊഴിലാളികളുടെ ആർജിത അറിവും കടൽ പ്രകൃതിയുമായി നിരന്തരം സംവേദനത്തിലൂടെ നേടിയെടുത്ത സാങ്കേതിക സിദ്ധികളും മുൻനിർത്തി വികസനം ആസൂത്രണം ചെയ്യന്നതിനു പകരം പുറത്തുനിന്നുള്ള അറിവുകളും സാങ്കേതികവിദ്യയും തീര ഉന്നമനത്തിന് ഉപയോഗിക്കത്തക്ക വിധത്തിലാണ് പ്രോജക്ട് വിഭാവനം ചെയ്യപ്പെട്ടത്‌.

യന്ത്രവത്കൃത ബോട്ടിലെ മത്സ്യബന്ധനം. കടപ്പാട്: deccanchronicle.com

ഇൻഡോ നോർവീജിയൻ പ്രോജക്ടിന്റെ ഭാഗമായി പദ്ധതി പ്രദേശങ്ങളിലെ നിലവിലുള്ള മത്സ്യബന്ധന യാനങ്ങളെ യന്ത്രവത്കരിക്കാനും, അത് പരാജയപ്പെട്ടപ്പോൾ നോർവേയിൽ നിർമ്മിച്ച യന്ത്രവത്‌കൃത യാനങ്ങൾ പദ്ധതി പ്രദേശത്ത് കൊണ്ടുവന്നും പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും അവയൊന്നും വലിയ രീതിയിൽ വിജയം കണ്ടില്ല. മത്സ്യബന്ധന മേഖലയിലെ ഇടനിലക്കാരെ ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച സെയിൽസ് ഓർഗനൈസഷനും ഉദ്ദേശിച്ച ഫലം കണ്ടില്ല. എന്നാൽ മീൻ പിടിക്കുന്നതിലും, സംസ്കരിക്കുന്നതിലും, വിപണനം നടത്തുന്നതിലും ആധുനികമായ പല മാറ്റങ്ങളും കൊണ്ടുവരാൻ പ്രോജക്ടിന് സാധിച്ചു. പ്രൊജക്ട് നിലവിൽ വന്ന സമയം തന്നെ കേരളത്തിൽ നിന്നും ഏതാനും സ്വകാര്യ വ്യക്തികൾ അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി ചെയ്യുകയും അതിൽ നിന്നും വാൻ ലാഭം നേടുകയും ചെയ്തിരുന്നു. സമാന സമയത്തുതന്നെ നോർവീജിയൻ പ്രോജക്ടിന്റെ ഭാഗമായി കേരളത്തിന്റെ തീരക്കടലിൽ നടത്തിയ സമുദ്ര പര്യവേഷണത്തിന്റെ ഭാഗമായി കേരളത്തിന്റെ കടലിൽ വൻ തോതിലുള്ള ചെമ്മീൻ ശേഖരം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആയതിനാൽ ചെമ്മീൻ കയറ്റുമതിയിലേക്ക് മത്സ്യബന്ധനത്തിന്റെ ദിശ മാറ്റണമെന്ന് പ്രോജക്ട് ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധിക്കാനായിരുന്നു സർക്കാർ നൽകിയ നിർദ്ദേശം. പിന്നീട് ചെമ്മീൻ കയറ്റുമതിയിൽ നിന്നും ലഭിക്കാവുന്ന വൻ വിദേശനാണ്യത്തിൽ ആകൃഷ്ടരായ സർക്കാർ ചെമ്മീന് വേണ്ടിയുള്ള മത്സ്യബന്ധനത്തിലേക്ക് പ്രോജക്ടിന്റെ ദിശ മാറ്റുകയാണുണ്ടായത്.

ചെമ്മീൻ കയറ്റുമതിക്ക് വേണ്ടിയുള്ള മത്സ്യബന്ധനം ആരംഭിച്ചതിന് ശേഷമാണ് കേരളത്തിന്റെ തീരപ്രദേശത്തെ മോറൽ എക്കണോമിയും മത്സ്യബന്ധനത്തിന്റ അടിസ്ഥാന സ്വഭാവവും മാറ്റങ്ങൾക്ക് വിധേയമായി തുടങ്ങുന്നത്. ചെമ്മീൻ വ്യാപാരത്തിൽ നിന്നും വലിയ തോതിലുള്ള ലാഭം മുന്നിൽ കണ്ട് പരമ്പരാഗതമായി മത്സ്യബന്ധനവുമായി യാതൊരു ബന്ധവുമില്ലാത്ത സമുദായങ്ങളിൽ നിന്ന് മുതൽ മുടക്കാൻ ശേഷിയുള്ളവർ ഈ മേഖലയിലേക്ക് രംഗപ്രവേശം ചെയ്തു. മത്സ്യബന്ധന സമുദായങ്ങളിൽ തന്നെ വിഭവങ്ങളുടെ മേലുള്ള ഉടമസ്ഥാവകാശത്തിന്റെ പേരിൽ വിഭജനങ്ങൾ രൂപപ്പെടുകയും ചെയ്തു. അങ്ങനെ അടിസ്ഥാനപരമായി മത്സ്യബന്ധന ജാതികളുടെ തൊഴിൽ എന്ന നിലയിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിലുള്ള മത്സ്യബന്ധം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുവാൻ തുടങ്ങി.

ശക്തികുളങ്ങര ഹാർബർ. കടപ്പാട്: robertleon.com

ചെമ്മീൻ കയറ്റുമതി ആരംഭിച്ചതോടെ കേരളത്തിന്റെ കടലിലേക്ക് ട്രോളിങ് എന്ന മീൻപിടുത്തരീതി കടന്നുവന്നു. കടലിന്റെ അടിത്തട്ട് കോരിയുള്ള ട്രോളിങ് കാരണം കടൽ ആവാസവ്യവസ്ഥ തകരുവാനും അമിത ചൂഷണം മൂലം കടലിലെ മത്സ്യസമ്പത്ത് കുറയുവാനും തുടങ്ങി. രണ്ടാംലോക മഹായുദ്ധ കാലത്ത് കടലിൽ വീണ മൈനുകളുടെ അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാൻ വേണ്ടിയാണ് ട്രോളിങ് സാങ്കേതികവിദ്യ നിലവിൽ വന്നത്. കേരളത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗപെടുത്തിയപ്പോൾ നോർവെയിലും മറ്റു പല രാജ്യങ്ങളിലും അത് നിരോധിക്കപ്പെട്ട മീൻപിടുത്ത സമ്പ്രദായമായിരുന്നു. ട്രോളിങിന് പുറമെ തുടർന്ന് വന്ന വർഷങ്ങളിൽ പഴ്സീനിങ് എന്ന മറ്റൊരു വിനാശകരമായ മീൻപിടുത്ത സമ്പ്രദായം കേരളത്തിൽ വന്നു. അമേരിക്കയിലേക്കും ജപ്പാനിലേക്കും മറ്റും ഉള്ള ചെമ്മീൻ കയറ്റുമതിക്ക് വേണ്ടി കേരളത്തിലെ ട്രോളറുകൾ തീരക്കടൽ ഉഴുതുമറിക്കുന്ന സാഹചര്യമാണ് പിന്നീട് ഉണ്ടായത്. ചെമ്മീൻ സുലഭമായി ലഭിക്കുന്ന തീരക്കടലിൽ മീൻപിടുത്തം നടത്തിയ ട്രോളിങ് ബോട്ടുകൾ പരമ്പരാഗത തൊഴിലാളികളുടെ വള്ളത്തിനും വലയ്ക്കും കേടുവരുത്തുവാനും അവർക്ക് ലഭിക്കേണ്ടിയിരുന്ന മത്സ്യസമ്പത്ത് ചൂഷണം ചെയ്യുവാനും തുടങ്ങി. തീരക്കടലിലെ ട്രോളിങ്ങിന്റെ ഭാഗമായി വള്ളക്കാരായ തൊഴിലാളികൾ മരണപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി. ആലപ്പുഴയിലെ ബാബു എന്ന വള്ള തൊഴിലാളിയുടെ മരണം കേരളത്തിൽ പരമ്പരാഗത തൊഴിലാളികളുടെ രോഷത്തെ ആളിക്കത്തിച്ച സംഭവമാണ്. ഇങ്ങനെ തീരക്കടലിലെ ട്രോളിങ് പാരമ്പരാഗതക്കാരുടെ ജീവനും തൊഴിലിനും ഭീഷണിയാവുകയും യാതൊരു നിയന്ത്രണവും ഇല്ലാത്ത ട്രോളിങ്ങിന്റെയും പഴ്സീനിങിന്റെയും ഭാഗമായി കടലിലെ മത്സ്യസമ്പത്ത് കുറയുകയും, കടലിലെ ആവാസവ്യവസ്ഥ താറുമാറാവുകയും ചെയ്ത സാഹചര്യത്തിലാണ് അതിനോടുള്ള പ്രതിഷേധം എന്ന നിലയിൽ കേരളത്തിൽ മത്സ്യത്തൊഴിലാളി പ്രസ്ഥാനം രൂപം കൊള്ളുന്നത്.

കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളി ഫെഡറേഷൻ 1980 ൽ പേര് മാറ്റി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആയി മാറുന്നതോടുകൂടിയാണ് കേരളത്തിലെ പരമ്പരാഗത വള്ളക്കാരുടെ സമരം ശക്തിപ്രാപിക്കുന്നത്. ഒരു ദശകത്തോളം നീണ്ടുനിന്ന ഫെഡറേഷന്റെ സമരത്തിന്റെ ഭാഗമായാണ് കേരളത്തിൽ മൺസൂൺ കാല ട്രോളിങ് നിരോധനം നിലവിൽ വരുന്നത്. ബോട്ട് കത്തിക്കൽ, ട്രെയിൻ തടയൽ, റോഡ് പിക്കറ്റ് ചെയ്യൽ, നിരാഹാര സമരം തുടങ്ങി വിവിധങ്ങളായ മാർഗങ്ങളിലൂടെയാണ് ഫെഡറേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്. ഫെഡറേഷൻ ഉന്നയിച്ച മത്സ്യത്തൊഴിലാളികളുടെ പൊതു ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സർക്കാർ തുടക്കത്തിൽ തന്നെ അംഗീകരിച്ചുവെങ്കിലും ട്രോളിങ് നിരോധനം എന്ന ആവശ്യം ബോട്ട് മുതലാളിമാരുടെയും കയറ്റുമതി ലോബിയുടെയും സമ്മർദ്ദത്തിന്റെ ഭാഗമായി നീണ്ടുപോവുകയാണുണ്ടായത്. ഒടുവിൽ പരമ്പരാഗത തൊഴിലാളികളുടെ നിരന്തരമായ സമരങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയതോടെയാണ് 1988 ൽ കേരളത്തിൽ ആദ്യമായി മൺസൂൺ കാല ട്രോളിങ് നിരോധനം നിലവിൽ വരുന്നത്. ഇത്തരത്തിൽ കേരളത്തിൽ ട്രോളിങ് നിരോധനം നടപ്പിലാക്കേണ്ടി വന്ന ചരിത്ര പശ്ചാത്തലം മനസിലാക്കാതെ ട്രോളിങ്ങിനെ കുറിച്ച് ഉയരുന്ന ചർച്ചകളിലൂടെ ശരിയായ നിഗമനങ്ങളിൽ എത്തിചേരാൻ നമുക്ക് കഴിയില്ല.

കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ മുതലാളിത്തവത്കരണത്തിന്റെയും യന്ത്രവത്കരണത്തിന്റെയും ഭാഗമായാണ് പാരമ്പരാഗതം, യന്ത്രവത്‌കൃതം ഇങ്ങനെ രണ്ടു സെക്ടറുകൾ മത്സ്യബന്ധന മേഖലയിൽ ഉണ്ടാകുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലുമായുള്ള ജൈവപരമായുള്ള ബന്ധം മനസിലാക്കുവാൻ കൊല്ലത്തെ വള്ള തൊഴിലാളി ആയിരുന്ന ആൻഡ്രൂസ് എഴുതിയിട്ടുള്ള പുസ്തകങ്ങൾ വായിച്ചാൽ മാത്രം മതി. പരമ്പരാഗത മത്സ്യബന്ധനവും ട്രോളിങ്ങും വികസനവുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത പ്രത്യയശാത്രങ്ങൾ ആണ് മുന്നോട്ടുവയ്ക്കുന്നത്. പ്രകൃതി വിഭവങ്ങൾ നമ്മൾ എങ്ങനെ ഉപയോഗിക്കണം എന്നും, പ്രകൃതിയുമായും അതിലുള്ള മറ്റു ജീവജാലങ്ങളുമായും ഏതു തരത്തിലുള്ള ബന്ധമാണ് നമുക്ക് ഉണ്ടാകേണ്ടത് എന്നും സംബന്ധിച്ച ഒരു ആശയപരമായ പ്രശ്നമാണത്. ശരിയാണ്, മത്സ്യബന്ധന മേഖലയിൽ വന്നിട്ടുള്ള മാറ്റങ്ങളുടെ ഭാഗമായി പരമ്പരാഗതക്കാർ ഔട്ട് ബോർഡ് വള്ളങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പരമ്പരാഗതം എന്ന് സർക്കാർ കരുതുന്ന താങ്ങു വള്ളങ്ങൾ റിങ്സീൻ പോലുള്ള വിനാശകരമായ മീൻപിടുത്ത രീതി ഉപയോഗിക്കുന്നുണ്ട്. റിങ്സീൻ വലകൾ പഴ്സീൻ വലകളുടെ ചെറിയ പതിപ്പാണ്. ഇത് ഉപയോഗിക്കുന്ന താങ്ങു വള്ളക്കാരെ പരമ്പരാഗതക്കാരായി കണക്കാക്കണോ എന്ന് സർക്കാർ പുനർവിചിന്തനം ചെയ്യേണ്ടതാണ്. താങ്ങു വള്ളക്കാരെ ട്രോളിങ് നിരോധന കാലയളവിൽ പണി ചെയ്യാൻ അനുവദിക്കണോ എന്നതും സർക്കാർ ആലോചിക്കേണ്ട വിഷയമാണ്.

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികൾ നിരവധിയാണ്. കടലിനും തീരദേശ ജനതയ്ക്കും വലിയ തരത്തിലുള്ള നിലനിൽപ്പ് ഭീഷണി സൃഷ്ടിക്കാൻ ഇടയുള്ള ബ്ലൂ ഇക്കോണമി എന്ന പുതിയ നയത്തിന്റെ ഭാഗമായുള്ള വികസനം ആണ് ഇനി തീരദേശ മേഖലയിൽ വരുവാൻ പോകുന്നത്. വിഴിഞ്ഞം പ്രോജക്ടുമായി ബന്ധപ്പെട്ട് ഇത്തരം വികസന മാതൃകകൾ സൃഷ്ടിക്കുന്ന വലിയ തരത്തിലുള്ള പ്രതിസന്ധികൾ നാം കണ്ടതാണ്. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന ആളുകൾക്ക് കടലിനും കടൽ വിഭവങ്ങൾക്കും മേലുള്ള സ്വാഭാവികമായ അവകാശങ്ങൾ വലിയ തോതിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വന വിഭവങ്ങളെ ചൂഷണം ചെയ്ത് നശിപ്പിച്ച കോർപ്പറേറ്റ് ക്യാപിറ്റൽ കടലിലേയ്ക്കും തീരത്തേയ്ക്കുമാണ് ഇപ്പോൾ കണ്ണ് വെച്ചിരിക്കുന്നത്. പ്രത്യയശാസ്ത്ര ഭേദമന്യേ ഇടതു വലതു രാഷ്ട്രീയ കക്ഷികൾ ഒരേ വികസന കാഴ്ചപ്പാടിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയുമാണ്. മത്സ്യബന്ധന മേഖലയിലെ ഭരണകൂടത്തിന്റെയും സ്വകാര്യ മൂലധനത്തിന്റെയും ഭാഗമായി വളർന്ന യന്ത്രവത്‌കൃത മേഖല പോലും ഇന്ന് ഏതാനും ചില കുത്തക മുതലാളിമാർക്ക് മാത്രം പിടിച്ചുനിൽക്കാൻ കഴിയുന്ന മേഖലയായി മാറിക്കഴിഞ്ഞു. ഇൻഡോ നോർവീജിയൻ പ്രോജക്ട് നടപ്പിലാക്കിയ ശക്തികുളങ്ങരയിലും നീണ്ടകരയിലും ഇന്ന് ബോട്ടിലെ പണിക്കാർ തമിഴ്നാട്ടിൽ നിന്നുള്ളവരും അന്തർ സംസ്ഥാന അതിഥി തൊഴിലാളികളുമാണ്. തദ്ദേശീയരായ ആളുകൾ കടൽ പണി ഉപേക്ഷിച്ച് ഗൾഫ് നാടുകളിലേക്ക് തൊഴിൽ തേടി പോകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. എന്നാൽ തിരുവനന്തപുരം പോലെയുള്ള പരമ്പരാഗത മത്സ്യബന്ധന മേഖലയിലേക്ക് കൂടുതൽ ആളുകൾ കടൽ പണിക്കായി ഇറങ്ങുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹിക ഉന്നമനം മോഹിച്ച് മറ്റു മേഖലകളിലേക്ക് പോകുന്നവരെയും മത്സ്യബന്ധനത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവരെയും ഒരുപോലെ സഹായിക്കുന്ന തരത്തിലുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി വീടുകൾ നഷ്ടപ്പെട്ടവർ സിമെന്റ് ഗോഡൗണുകളിൽ പോകേണ്ട സാഹചര്യം ഉണ്ടായി. പ്രോജക്ടിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട്, യൂറോപ്യൻ നാടുകളിലേക്ക് തൊഴിൽ തേടി പോയവർ നിരവധി പ്രതിസന്ധികൾ നേരിടുകയാണ്. മുതലാളിത്തം പിന്നോക്ക സമൂഹങ്ങളിൽ പിടിമുറുകുമ്പോൾ വിഭവങ്ങൾക്ക് മേലുള്ള ഉടമസ്ഥാവകാശം നഷ്ടപെടുന്ന മനുഷ്യരെ സംരക്ഷിച്ചു നിർത്താൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം സാധ്യമല്ല. നയപരമായി തന്നെ പാവപ്പെട്ടവർക്ക് വേണ്ടി ചിന്തിക്കുന്ന സർക്കാരുകൾ ഉണ്ടായാൽ മാത്രമേ മുതലാളിത്ത വികസന മാതൃകകൾക്ക് ഏതെങ്കിലും തരത്തിൽ തടയിടാൻ സാധിക്കുകയുള്ളൂ.

നിലവിലെ സാഹചര്യത്തിൽ ട്രോളിങ് ബോട്ടുകളുടെയും താങ്ങു വള്ളക്കാരുടെയും പ്രധാന വരുമാന മാർഗങ്ങളിൽ ഒന്ന് കടലിൽ നിന്നും പിടിച്ചുകൊണ്ട് വരുന്ന ചെറുമീനുകളുടെ വിപണനമാണ്. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് ഈക്കൂട്ടർ ഈ ഹീന കൃത്യം ചെയ്യുന്നത്. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണമാണ് ഇവിടുത്തെ സർക്കാരുകളുടെ ലക്ഷ്യമെങ്കിൽ പാരമ്പരാഗതക്കാരുടെ സമരത്തിന്റെ പേരിൽ നടപ്പാക്കേണ്ടി വന്ന ട്രോളിങ് നിരോധനം മാത്രം പോരാ, മറിച്ച് കടലിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന എല്ലാ മത്സ്യബന്ധന രീതികളും വികസന പദ്ധതികളും നിരോധിക്കപ്പെടണം. അതോടൊപ്പം മത്സ്യബന്ധന സമൂഹങ്ങളുടെ ചലനാത്മകത മനസിലാക്കുവാനും ഈ മേഖലയിൽ വർധിച്ചു വരുന്ന കുത്തകവത്കരണത്തിന് പരിഹാരം കാണാനുമുള്ള മാർഗങ്ങളാണ് സർക്കാരുകൾ ആലോചിച്ച് നടപ്പിലാക്കേണ്ടത്.

റഫറൻസ്:

Andrews, A (1990). Kadal Muthu (The Peral of The Ocean). DC Books.

_ (2017). Arabian Samudrathinte Hridayathudippukal (The Heart Beats of The Arabian Sea).
Self-Published.

Klausen, A, M (1968). Kerala Fishermen and the Indo-Norwegian pilot project, PRIO.
Monographs from the International Peace Research Institute: Oslo

KSMTF (1988). Oru Samara Kadha (The Story of a Struggle). KSMTF

Kurien, J (1985). ‘Technical Assistance Projects and Socio-Economic Change: Norwegian
intervention in Kerala’s Fisheries Development’. Economic and Political Weekly (n.s)
20 (25&26) 22-29

_ (1991). Ruining the Commons and Responses of The Commoners: Coastal Overfishing
and Fishermen’s Actions in Kerala state, Indian. United Nations Research Institute for Social
Development

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read