Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


അട്ടപ്പാടിയിൽ കുടുംബശ്രീ വഴി ഒഴുക്കിയത് എത്ര കോടി? – 2
ആദിവാസികളുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ വേണ്ടിയിട്ടാണ് കുടുംബശ്രീ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ കോടികൾ ചെലവഴിച്ചതിന്റെ കണക്കല്ലാതെ കുടുംബശ്രീ നടത്തിയ പദ്ധതികളുടെ ഫലം എന്തായിരുന്നു എന്ന വിലയിരുത്തൽ സർക്കാർ ഇതുവരെ നടത്തിയിട്ടില്ല. പുതൂർ ഗ്രാമപഞ്ചയത്തിലെ കുടുംബശ്രീ പ്രവർത്തനത്തെക്കുറിച്ച് കിർത്താട്സ് നടത്തിയ പഠനം കോടികൾ ഒഴുകുന്നതിന്റെ പ്രയോജനം ആദിവാസികൾക്ക് ലഭിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു. ആദിവാസി മേഖലകളിൽ നടക്കുന്ന പദ്ധതികളെ സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റ് എന്തുകൊണ്ട് ആവശ്യമാണ്? ആർ സുനിൽ എഴുതുന്ന പരമ്പര, ഭാഗം – 2.
ആഴ്ചയിൽ ത്രിഫ്റ്റ് വയ്ക്കുക എന്നതിലുപരിയായി കുടുംബശ്രീ പദ്ധതിയുടെ പ്രാധാന്യത്തെയും ലക്ഷ്യത്തെയും കുറിച്ച് ഗോത്ര സ്ത്രീകൾക്ക് അറിവില്ല. ത്രിഫ്റ്റ് തുക കൃത്യമായി അടയ്ക്കാനും, വായ്പ തിരിച്ചടവ് നടത്തുവാനും സാധിക്കാത്തതിനാൽ അയൽക്കൂട്ട യോഗങ്ങളിൽ ഗോത്ര വനിതകൾ പങ്കാളികളാകുന്നില്ല. ഭൂരിഭാഗം പേരും ത്രിഫ്റ്റ് തുകയായി തീരുമാനിച്ചിട്ടുള്ളത് 10 മുതൽ 30 രൂപ വരെയാണ്. ദൈനംദിന ആവശ്യങ്ങൾക്ക് പോലും കടം വാങ്ങേണ്ടി വരുന്ന ആദിവാസി വനിതകൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള തുച്ഛമായ ത്രിഫ്റ്റ് തുക പോലും കണ്ടെത്തുവാൻ സാധിക്കുന്നില്ല. സജീവമായ അയൽക്കൂട്ടങ്ങളിൽ പോലും കേവലമായ ത്രിഫ്റ്റ് സ്വരൂപണ പ്രക്രിയ മാത്രമാണ് നടക്കുന്നത്. കുടുംബശ്രീ ബൈലോ നിർദ്ദേശിക്കും പ്രകാരമുള്ള പ്രവർത്തന വിപുലീകരണം പട്ടികവർഗ്ഗ മേഖലയിൽ സാധ്യമാകുന്നില്ല. വിദ്യാഭ്യാസമില്ലാത്തതിനാൽ കുടുംബശ്രീ രേഖകൾ കൃത്യമായി എഴുതി സൂക്ഷിക്കുവാൻ സാധിക്കുന്നില്ല. സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങൾ തയ്യാറാവാത്തതിനാൽ ഒരു വ്യക്തി ദീർഘകാലം ഈ ചുമതലകൾ വഹിക്കേണ്ടിവരികയും തുടർന്ന് ഈ പദവി പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ആദിവാസി സ്ത്രീകൾക്ക് സാമ്പത്തിക ഉന്നമനം നേടുന്നതിന് സാധിച്ചിട്ടില്ല. പഠനത്തിൽ പങ്കെടുത്ത 94.66 ശതമാനം പേർക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. വിവിധ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാകുന്നതിന് വേണ്ടിയാണ് ഭൂരിഭാഗവും ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചിട്ടുള്ളത്. ബാങ്ക് ഇടപാടുകൾ സുതാര്യമാക്കുന്നതിന് ഭൂരിഭാഗം ബാങ്കുകളും മൊബൈൽ ഫോൺ വഴിയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. എന്നാൽ, പട്ടികവർഗ്ഗ വനിതകൾക്ക് തൊഴിലുറപ്പ് വേതനം പോലെയുള്ള വിശദാംശങ്ങൾ അറിയുന്നതിന് ബാങ്കുകളെ നേരിട്ട് നിരന്തരം സമീപിക്കേണ്ടിവരുന്നത് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. 59.66 ശതമാനം ആദിവാസി വനിതകൾക്കും ത്രിഫ്റ്റ് തുക അടയ്ക്കുവാൻ സാധിക്കുന്നില്ല. സമ്പാദ്യശീലം ഇല്ലാതിരുന്ന ആദിവാസി സ്ത്രീകൾക്ക് സമ്പാദ്യം എന്നൊരു കാഴ്ചപ്പാട് വളർത്തിയെടുക്കുന്നതിന് കുടുംബശ്രീ പ്രസ്ഥാനത്തിന് സാധിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ ലിങ്കേജ് വായ്പകൾ ലഭ്യമായിട്ടുള്ളത് 15.66 ശതമാനം പേർക്ക് മാത്രമാണ്.
ഭൂരിഭാഗം വരുന്ന ആദിവാസി സ്ത്രീകളും (56.66) കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നല്ലാതെയുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നും കടം വാങ്ങിയിട്ടുണ്ട്. കടബാധ്യതയുള്ളവരിൽ 44.70 ശതമാനം പേരും കടം വാങ്ങിയിട്ടുള്ളത് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനായിട്ടാണ്. പഠനത്തിൽ പങ്കെടുത്ത 74 ശതമാനം പേർക്കും തൊഴിലുറപ്പ് ജോലിയിൽ പങ്കാളിത്തമുണ്ട്. തൊഴിലുറപ്പ് ജോലി ചെയ്യുന്ന 50 ശതമാനം പേർക്ക് തൊഴിലുറപ്പ് വേതനം കൃത്യമായി ലഭിക്കുന്നു. ഭൂരിഭാഗം അയൽക്കൂട്ടങ്ങളിലും സംരംഭങ്ങൾ സംഘടിപ്പിച്ചിട്ടില്ല. സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള പ്രാരംഭ മൂലധനം അയൽക്കൂട്ടത്തിൽ നിന്നും കണ്ടെത്തുവാൻ സാധിക്കാത്തതാണ് പട്ടികവർഗ്ഗ മേഖലയിൽ സംരംഭങ്ങൾ കുറവായതിന്റെ പ്രധാന കാരണം. ചുരുക്കം ചില അയൽക്കൂട്ടങ്ങൾ സംരംഭങ്ങൾ ആരംഭിച്ചുവെങ്കിലും അവ പാതിവഴിയിൽ നിർത്തി.


ഗോത്ര വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലയ്ക്ക് അനുയോജ്യമാം വിധത്തിലുള്ള സംരംഭങ്ങൾ കണ്ടെത്തുന്നില്ല. സംരംഭങ്ങൾക്ക് കൃത്യമായ മേൽനോട്ടവുമില്ല. സംരംഭങ്ങൾ പ്രാരംഭഘട്ടത്തിൽ അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും തുടർന്ന് ഒരു വ്യക്തിയിലേയ്ക്ക് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. വിപണി സാധ്യതകളില്ലാത്തതും കൂട്ടായ സംരംഭങ്ങളുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് സഹായകമാം വിധം സാമ്പത്തിക സഹായമോ പ്രോത്സാഹനമോ കുടുംബശ്രീ മിഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതും പരാജയകാരണമായി. ഈ മേഖലകളിൽ സംഘകൃഷിയും പരാജയമാണ്. പലർക്കും കൃഷി നടത്താൻ ഭൂമിയില്ല. ജലക്ഷാമം രൂക്ഷമാണ്. പുത്തൻ കാർഷിക രീതികളെക്കുറിച്ചുള്ള അറിവില്ലായ്മയും കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുവാൻ അറിവില്ലാത്തതും കൃഷിക്ക് തടസ്സമായി. കൃഷി ചെയ്തുണ്ടാക്കുന്ന വിളകൾക്ക് മതിയായ വില ലഭിക്കുന്നില്ല. മറ്റ് ജോലികളിൽ വ്യാപൃതരായതിനാൽ സംഘകൃഷിക്ക് വേണ്ടി സമയം മാറ്റിവെക്കാൻ സാധിക്കുന്നില്ല. രൂക്ഷമായ വന്യമൃഗശല്യവും വിത്ത്, വളം എന്നിവയുടെ വിലയും തടസ്സമായി.
കുടുംബശ്രീ പ്രവർത്തന ഫലമായി ഊരുകൂട്ടം, ഗ്രാമസഭ തുടങ്ങിയ പങ്കാളിത്ത ആസൂത്രണ പ്രക്രിയകളിൽ ഗോത്ര വനിതകളുടെ സാന്നിധ്യം വർദ്ധിച്ചു. പൊതുസഭകളിൽ പ്രാതിനിധ്യം വർദ്ധിച്ചെങ്കിലും അഭിപ്രായ രൂപീകരണത്തിൽ വനിതകളുടെ നിശ്ശബ്ദ സാന്നിധ്യം മാത്രമാണ്. ഗോത്ര വനിതകളുടെ രാഷ്ട്രീയ ബോധനിലവാരമുയർത്തുന്നതിന് കുടുംബശ്രീക്ക് സാധിച്ചിട്ടില്ല. ഗോത്ര വനിതകളിൽ കുടുംബശ്രീ പ്രവർത്തനത്തിലൂടെ സംഘാടനാശേഷി വർദ്ധിച്ചിട്ടുള്ളവർ കേവലം 31.33 ശതമാനം മാത്രമാണ്. കുടുംബശ്രീ അംഗമായിരുന്നിട്ടും അയൽക്കൂട്ട യോഗങ്ങൾ വിളിച്ച് ചേർക്കുന്നതിനോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനോ ഉള്ള പ്രാപ്തി ഗോത്രവനിതകൾക്ക് കൈവന്നിട്ടില്ല. പദ്ധതിയുടെ സ്വാധീനം ഗോത്രകുടുംബങ്ങളിലുണ്ടായിട്ടില്ല. പുതൂർ പഞ്ചായത്തിലെ കുറുമ്പ വനിതകളിൽ യാതൊരു സ്വാധീനവും കുടുംബശ്രീ ചെലുത്തിയിട്ടില്ല.


അയൽക്കൂട്ട പ്രവർത്തനം
പട്ടികവർഗ്ഗ മേഖലയിൽ അയൽക്കൂട്ട പ്രവർത്തനങ്ങൾ പാതിവഴിയിൽ നിശ്ചലമാകുന്ന സ്ഥിതിയാണുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരമില്ല. സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ഉപാധിയെന്ന നിലയിലാണ് കുടുംബശ്രീയെ ഭൂരിഭാഗവും സമീപിക്കുന്നത്. കേവലമായ ത്രിഫ്റ്റ് സ്വരൂപണമല്ലാതെയുള്ള കുടുംബശ്രീ പ്രവർത്തനം വിപുലീകരിക്കുന്നതിന് ആവശ്യമായ തരത്തിലുള്ള ചുമതലാമേൽനോട്ടം കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ നിർവ്വഹിക്കണം. പട്ടികവർഗ്ഗ വനിതകളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിന് നൈപുണ്യശേഷി വികസന പരിശീലനവും തൊഴിൽ പരിശീലനങ്ങളും നൽകന്നില്ല. കുടുംബശ്രീ പ്രവർത്തനത്തിന് ഏറെ വെല്ലുവിളിയാകുന്നത് വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്. അതിനാൽ നിരക്ഷരരായ ഗോത്ര വനിതകൾക്ക് അക്ഷരാഭ്യാസം നൽകുന്നതിന് സാക്ഷരത ക്ലാസ്സുകൾ കുടുംബശ്രീ മുഖേന ഫലപ്രദമായി സംഘടിപ്പിക്കന്നില്ല.
ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിലും ബാങ്ക് ഇടപാടുകൾ നടത്തുന്നതിനുള്ള പ്രാപ്തി ഇനിയും ഗോത്ര വനിതകൾ കൈവരിച്ചിട്ടില്ല. ബാങ്കുകളിൽ ത്രിഫ്റ്റ് നിക്ഷേപം നടത്തുന്നതിനും, എ.ടി.എം പോലുള്ളവ ഉപയോഗിക്കുന്നതിനാവശ്യമായ പരിശീലനവും ഗോത്ര വനിതകൾക്ക് നൽകുന്നില്ല. സ്ഥിരവരുമാനവും തൊഴിലില്ലായ്മയുമാണ് ത്രിഫ്റ്റ് കണ്ടെത്താൻ സാധിക്കാത്തതിന് കാരണം. ഇതിനുള്ള പരിഹാരമായി തൊഴിലുറപ്പ് വേതനവും തൊഴിൽ ദിനങ്ങളും വർദ്ധിപ്പിക്കണം. നിരവധിയായ ധനസഹായങ്ങളും വായ്പകളും കുടുംബശ്രീ നൽകി വരുന്നുണ്ടെങ്കിലും പട്ടികവർഗ്ഗ വനിതകൾക്ക് സാമ്പത്തിക മുന്നേറ്റം കൈവരിക്കുവാൻ സാധിച്ചിട്ടില്ല. പല സ്രോതസ്സുകളിൽ നിന്നും കടം വാങ്ങുന്ന സ്ഥിതിയാണുള്ളത്. പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങൾക്ക് പലിശ രഹിത വായ്പകൾ നൽകുന്നില്ല. ലിങ്കേജ് വായ്പകൾ എടുത്തവരുടെ ശതമാനം വളരെ താഴെയാണ്. പട്ടികവർഗ്ഗ വനിതകൾക്കും വായ്പകൾ ലഭ്യമാകും വിധം ലിങ്കേജ് വായ്പ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം. ഓരോ മേഖലയ്ക്കും അനുയോജ്യമായ സംരംഭങ്ങൾ ആരംഭിക്കണം. അയൽക്കൂട്ടത്തിലെ ആകെ അംഗങ്ങളിൽ ഭൂരിഭാഗത്തിന്റെ അഭിരുചി, താൽപര്യം എന്നിവ പരിഗണിച്ച് സംരംഭങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.


സംഘകൃഷി നടത്തിയെന്നാണ് കുടുംബശ്രീ അവകാശപ്പെടുന്നത്. കണക്കുകൾ പ്രകാരം കുടുംബശ്രീ ധനസഹായം നൽകുന്ന 1275 പട്ടികവർഗ്ഗ വിഭാഗ സംഘകൃഷി ഗ്രൂപ്പുകൾ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ അഗളിയിൽ – 445, പുതൂരിൽ – 286, പുതൂരിൽ കുറുമ്പ –132, ഷോളയൂരിൽ – 412 എന്നിങ്ങനെയാണ് സംഘം കൃഷി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. അഗളിയിൽ 74,25,000 രൂപയും പുതൂരിൽ 69,95,000, പുതൂർ കുറുമ്പ –14,80,000, ഷോളയൂരിൽ 76,94,000 രൂപയാണ് ഒരു വർഷം ഇവർക്ക് നൽകിയ തുക.
ഓരോ പ്രദേശത്തിനനുയോജ്യമായ വിളകൾ കണ്ടെത്തിയല്ല സംഘകൃഷി ആരംഭിച്ചത്. പട്ടികവർഗ്ഗ മേഖലയിൽ സംഘകൃഷി ആരംഭിക്കുന്നതിന് പ്രാരംഭഘട്ടത്തിൽ, കുറഞ്ഞ പലിശ നിരക്കിൽ സംഘകൃഷി വായ്പകൾ നൽകണം. കാർഷിക വിളകൾക്ക് പട്ടികവർഗ്ഗ മേഖലയിൽ പ്രത്യേക വിള ഇൻഷുറൻസ് പാക്കേജ് നടപ്പിലാക്കണം. പുത്തൻ കാർഷിക രീതികളിൽ ആദിവാസികൾക്ക് പരിശീലനം നൽകണം. കൃഷി യന്ത്രങ്ങൾ സൗജന്യമായി നൽകണം. അവ പ്രവർത്തിപ്പിക്കുവാൻ പരിശീലനം നൽകണം. കാർഷിക വിളകൾ ഇടനിലക്കാരില്ലാതെ കൃഷി വകുപ്പ് മുഖേന നേരിട്ട് വിപണിയിലെത്തിക്കുവാനുള്ള സൗകര്യമൊരുക്കണം. ഇതൊന്നും കുടുംബശ്രീ ചെയ്തിട്ടില്ല. കാർഷിക വിളകൾക്ക് കമ്പോള വില ഉറപ്പുവരുത്തണം. വന്യമൃഗശല്യം മൂലം വ്യാപകമായ കൃഷിനാശം സംഭവിക്കുന്നു. അതിനാൽ കൃഷി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ആദിവാസികൾ കൂടുതലായും കൃഷി ഉപജീവനമാക്കിയവരാണ്. പുനരധിവാസ പദ്ധതികളിലൂടെ കൃഷിയോഗ്യമായതും ജലലഭ്യതയുള്ളതുമായ ഭൂമി നൽകണം. ഇതൊന്നും ചെയ്യാതെ കൃഷി നടത്തി പരാജയപ്പെട്ട കഥയാണ് ആദിവാസികൾക്ക് പറയാനുള്ളത്.
വിവിധ പദ്ധതികളിലൂടെ ഗൃഹനിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്നുവെങ്കിലും, കരാറുകാർ ഇടനിലക്കാരായി ഗൃഹനിർമ്മാണം നടത്തുന്നതിനാൽ വീടുകളെല്ലാം വളരെ പെട്ടെന്ന് ചോർന്നൊലിക്കുകയും തകർന്നുപോകുകയും ചെയ്യുന്ന സ്ഥിതിയാണ്. ഭവന പദ്ധതികളുടെ മേൽനോട്ട ചുമതല കുടുംബശ്രീ പ്രവർത്തകരെ ഏൽപ്പിക്കുകയാണെങ്കിൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ സാധിക്കും. മേഖലകളിലെ ഭൂരിഭാഗം സങ്കേതങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കുടിവെള്ള പദ്ധതിയിലൂടെ പണം ഈടാക്കാതെ ജലമെത്തിക്കണം. പട്ടികവർഗ്ഗക്കാരുടെ പരമ്പരാഗത തൊഴിലുകൾ പ്രോത്സാഹിപ്പിച്ച് ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുവാനുള്ള സാഹചര്യമൊരുക്കണം. ഓരോ സങ്കേതങ്ങളിലും പാതിവഴിയിൽ വിദ്യാഭ്യാസം നിർത്തിയതും വിദ്യാലയങ്ങളിൽ പോവാത്തതുമായ കുട്ടികളുണ്ട്. സർക്കാർ ഉദ്യോഗങ്ങളിൽ എസ്.ടി പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് കുടുംബശ്രീ വഴി പി.എസ്.സി ക്ലാസ്സുകൾ നൽകണം.
ഭാഗ്യലക്ഷ്മി അയൽക്കൂട്ടം
2009ലാണ് ഈ സങ്കേതത്തിൽ ഭാഗ്യലക്ഷ്മി അയൽക്കൂട്ടം രൂപീകരിച്ചത്. തുടക്കം മുതൽ 10 അംഗങ്ങൾ ആണ് അയൽക്കൂട്ടത്തിൽ ഉണ്ടായിരുന്നത്. പ്രസിഡന്റും, സെക്രട്ടറിയും ഉൾപ്പെടെ അംഗങ്ങളിൽ ഭൂരിഭാഗവും നിരക്ഷരരാണ്. പ്രാരംഭഘട്ടത്തിൽ 10 രൂപയായിരുന്നു ആഴ്ച വരിസംഖ്യ (ത്രിഫ്റ്റ്), 2017 ൽ 20 രൂപയാക്കി വർദ്ധിപ്പിച്ചു. തൊഴിലില്ലായ്മ രൂക്ഷമായതിനാൽ ആഴ്ച വരിസംഖ്യ കണ്ടെത്തുക എന്നത് അയൽക്കൂട്ട അംഗങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായി. കുടുംബശ്രീ ബൈലോ നിർദ്ദേശിക്കും പ്രകാരം സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഒരുമിച്ചുള്ള അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നത്. രൂപീകരിച്ചിട്ട് 10 വർഷം ആയെങ്കിലും സംഘം ചേർന്ന് വായ്പ എടുക്കുകയോ, സംരംഭങ്ങൾ തുടങ്ങുകയോ ചെയ്തിട്ടില്ല.
ത്രിഫ്റ്റ് കണ്ടെത്തുന്നതിന് പോലും സാധിക്കാത്ത സാഹചര്യത്തിൽ വായ്പ തിരിച്ചടവ് എന്ന ബാധ്യത കൂടി ഏറ്റെടുക്കാൻ സാധിക്കാത്തതിനാലാണ് സംരംഭങ്ങൾ തുടങ്ങാത്തതെന്ന് അംഗങ്ങൾ പറയുന്നു. കുടുംബശ്രീ അംഗങ്ങൾ എല്ലാവരും തൊഴിലുറപ്പ് മുഖ്യതൊഴിലായും മൃഗപരിപാലനം ഉപതൊഴിലായും സ്വീകരിച്ചു. തൊഴിലുറപ്പിലൂടെ നേരിയ തോതിൽ സാമ്പത്തിക മുന്നേറ്റം ഉറപ്പാക്കുവാൻ സാധിച്ചെങ്കിലും ഗോത്രജനതയുടെ ഏക ജീവനോപാധി എന്ന നിലയിൽ തൊഴിൽ ദിനങ്ങൾ 200 ദിവസം ആയി തീരുമാനിക്കുവാനും വേതനം സമയബന്ധിതമായി നൽകുന്നതിനും മിനിമം വേതനം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് തൊഴിലുറപ്പ് ജോലികൾക്ക് ഗണ്യമായ കുറവുണ്ട്. ആ കാലയളവിൽ പ്രധാന വരുമാന മാർഗ്ഗം മൃഗപരിപാലനം മാത്രമാണ്. ഭൂരിഭാഗം വീടുകളിലും ആട്, പശു, കോഴി തുടങ്ങിയ മൃഗങ്ങളെ പരിപാലിക്കുന്നു. നല്ല തൊഴുത്തുകളോ വിസർജ്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനങ്ങളോ എവിടെയും ഇല്ല. അതിനാൽ മൃഗസംരക്ഷണ വകുപ്പ്, ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മിഷൻ എന്നീ ഭരണവിഭാഗങ്ങൾ മൃഗപരിപാലനത്തിന് ഫണ്ട് വകയിരുത്തുന്നതിനോടൊപ്പം തന്നെ തൊഴുത്ത് നിർമ്മിക്കുന്നതിനും വിസർജ്ജ്യങ്ങൾ നിക്ഷേപിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും കൂടി പദ്ധതികൾ രൂപീകരിക്കണം.
അട്ടപ്പാടി മേഖലയിലുള്ളവർ മുൻകാലങ്ങളിൽ പൂർണ്ണമായും കൃഷിയെ ആശ്രയിച്ച് ജീവിച്ചവരാണ്. എന്നാൽ അട്ടപ്പാടിയിൽ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരുടെ ശതമാനത്തിൽ ഗണ്യമായി കുറവ് വന്നു. കുടുംബശ്രീ വഴി കൃഷി പ്രോത്സാസാഹിപ്പിക്കുന്നതിനും കാർഷിക ഉൽപാദനത്തിൽ സ്ത്രീകളെ മുൻപന്തിയിൽ എത്തിക്കുന്നതിലും ഹരിതഗൃഹഭവനം, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും പുതൂർ സങ്കേതത്തിലെ കുടുംബശ്രീ പ്രവർത്തകർ ഇത്തരം കാർഷിക പദ്ധതികളിൽ അംഗങ്ങളല്ല. കൃഷി ചെയ്യുന്നതിന് താൽപര്യമുണ്ടെങ്കിലും ജലക്ഷാമവും സ്ഥലമില്ലാത്ത സ്ഥിതിയും പ്രതികൂലമായി നിൽക്കുന്ന സാഹചര്യമുണ്ട്.
സങ്കേതത്തിൽ സാക്ഷരതാ ക്ലാസ് രണ്ട് മാസം മാത്രമാണ് നടന്നത്. ക്ലാസ് നൽകുന്ന അധ്യാപകർക്ക് ശമ്പളം നൽകാൻ അധികാരികൾ തയ്യാറാവാത്ത സാഹചര്യത്തിൽ സാക്ഷരതാക്ലാസ് പാതിവഴിയിൽ നിർത്തി. ഗോത്രവിഭാഗത്തിലുള്ളവർക്ക് (158) വിവിധതരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും താഴെ തട്ടിലുള്ളവർക്ക് ഇവയൊന്നും ലഭ്യമാകുന്നില്ല. കൃഷി ചെയ്യുന്നതിന് സ്ഥലം പാട്ടത്തിനെടുത്ത് നൽകുവാനും തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും, മൃഗശല്യം കുറയ്ക്കാൻ കമ്പിവേലി പോലുള്ളവ നിർമ്മിച്ചുനൽകുന്നതിനും കുടുംബശ്രീ തയ്യാറാവണമെന്നും എസ്.ടി വിഭാഗത്തിലുള്ളവരുടെ ഏക ആശ്രയം എന്ന നിലയിൽ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം കൂട്ടുന്നതിനും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിനും തയ്യാറാവണമെന്നും രേശി അഭിപ്രായപ്പെട്ടു. ഗോത്രജനതയ്ക്ക് എന്തൊക്കെ പദ്ധതികൾ ഉണ്ടെന്നോ എത്ര ഫണ്ട് മാറ്റിവെയ്ക്കുന്നുണ്ടെന്നോ അറിയില്ല.
പുതൂരിലെ മൂലക്കൊമ്പ് കോളനിയിൽ ജലക്ഷാമം അതിരൂക്ഷമാണ്. ജലനിധി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ആഴ്ചയിൽ ഒരു ദിവസം പോലും വെള്ളം ലഭിക്കുന്നില്ല. കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം നടന്ന് പോകേണ്ട സ്ഥിതിയാണുള്ളത്. മൂലക്കൊമ്പ് സങ്കേതത്തിൽ അംഗനവാടി പ്രവർത്തിക്കുന്നില്ല. ഇരുള സമുദായത്തിലെ അംഗങ്ങൾക്ക് ആരോഗ്യം കുറവാണ്. തനതായ കൃഷി ചെയ്യാൻ ആർക്കും താൽപര്യമില്ല. പഞ്ചായത്തിൽ ഏഴ് സംരംഭങ്ങൾ തുടങ്ങി. ഇതിൽ രണ്ട് സംരംഭങ്ങൾ എസ്.ടി ആണ്. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും, ചലിപ്പിക്കുന്നതിനും ആവശ്യമായ ധനസഹായവും പദ്ധതികളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. അതിനാൽ പല സംരംഭങ്ങളും പാതി വഴിയിൽ നിർത്തലാക്കി. പഞ്ചായത്തിൽ അർഹത ഇല്ലാത്തവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ലൈഫ് മിഷൻ, ആശ്രയ തുടങ്ങിയ പദ്ധതികളിൽ അനർഹരായിട്ടുള്ളവർ ഇടംപിടിച്ചു. പിന്നീട് പുനഃപരിശോധന നടത്തുകയും പുതിയ പട്ടിക ഉണ്ടാക്കുകയും ചെയ്തു. എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് കിണർ കുഴിക്കാൻ ധനസഹായം നൽകണം. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പുതൂർ നിവാസികൾക്ക് കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. അട്ടപ്പാടി മേഖലയിൽ എൻ.ആർ.എൽ.എം പദ്ധതിയിൽ ഗുണഭോകതാക്കളെ തിരഞ്ഞെടുക്കുന്നതിൽ വിവേചനം കാണിക്കുന്നു. സമൂഹിക അടുക്കള പദ്ധതിയിൽ അർഹരായ എല്ലാവരിലേക്കും പദ്ധതിയുടെ ഫലം എത്തിക്കുന്നതിൽ പരാജയപ്പെടുന്നു. ഗോത്രവിഭാഗത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ കൈയേറ്റം കൂടുതാലാണെന്നും ആദിവാസികൾ പറഞ്ഞു.
മറ്റ് പദ്ധതികൾ
അട്ടപ്പാടി ആദിവാസി മേഖലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ എൻ.ആർ.എൽ.എം-ന്റെ ഭഗമായ എൻ.ആർ.എൽ.പിയിൽ ഉൾപ്പെടുത്തി 2014– 15 മുതൽ അട്ടപ്പാടി കോംപ്രിഹെൻസീവ് ഇന്റഗ്രേറ്റഡ് ട്രൈബൽ ആൻഡ് പി.വി.ടി.ജി വികസന പദ്ധതി (സാമൂഹ്യ വികസനം, വൈദഗ്ധ്യ പരിശീലനം) ക്കായി 10.27 കോടി അനുവദിച്ചു. മഹിളാ കിസാൻ ശാക്തീകരൺ പരിയോജന (എം.കെ.എസ്.പി) പദ്ധതിക്കായി കണക്കുകൾ പ്രകാരം 2016-2023 കാലത്ത് ചെലവഴിച്ച്ത് 12,01,50,600 (12.01 കോടി) രൂപയാണ്. സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കമ്മ്യൂണിറ്റി കിച്ചൻ പരിപാടിക്കായി പട്ടികവർഗ്ഗ വകുപ്പ് രണ്ട് കോടി അനുവദിച്ചിരുന്നു. പട്ടികവർഗ്ഗ സുസ്ഥിര വികസന പരിപാടിക്ക് പട്ടികവർഗ്ഗ വകുപ്പ് 2011–12ൽ ഒരു കോടി. 2012–13ൽ 1.20 കോടി, 2013–14ൽ 1.30 കോടി രൂപ എന്നിങ്ങനെ അനുവദിച്ചു. ഇതിന് പുറമെ, പണിയ ശതദിന പദ്ധതിക്കും അട്ടപ്പാടി കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിക്കുമായി നാലുകോടിയും അനുവദിച്ചു. പണിയ ശതദിന പരിപാടക്കായി പട്ടികവർഗ വകുപ്പിൽ നിന്ന് നാലുകോടി കുടുംബശ്രീക്ക് അനുവദിച്ചിരുന്നു. ഇതിൽ 2.14 കോടി മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ. ബാക്കി തുക 1.85 കോടി അട്ടപ്പാടി അന്നപ്രദായിനി പദ്ധതിക്കായി ചെവഴിച്ചുവെന്നാണ് കണക്ക്.


നിലവിലെ കണക്ക് പ്രകാരം അട്ടപ്പാടിയിൽ പട്ടികവർഗ വിഭാഗത്തിലെ 8415 കുടുംബശ്രീ പ്രവർത്തകരുണ്ട്. വ്യക്തിഗത സൂക്ഷ്മ സംരംഭങ്ങൾ 131 എണ്ണം ആരംഭിച്ചു. 25 ഊര് അദാലത്തുകൾ സംഘടിപ്പിച്ചുവെന്നാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 2016 ജനുവരിയിൽ 14,15 തീയതികളിൽ അട്ടപ്പാടി അഗളി ക്യാമ്പ് സെന്ററിൽ കുംബശ്രീ സംസ്ഥാനതല എസ്.ടി പ്രൊജക്ടിന്റെ അവലോകന യോഗം ചേർന്ന് വിലയിരുത്തൽ നടത്തി. അതിന്റെ റിപ്പോർട്ട് പരിശോധിച്ചാൽ ഗൗരവമായ വിലയിരുത്തൽ നടന്നിട്ടില്ല. എല്ലാ ജില്ലകളിലും റിപ്പോർട്ടിങ് കൃത്യമായി നടത്തണമെന്നാണ് നിർദേശം നൽകിയത്. പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും ഡോ. സലീമാണ് വിലയിരുത്തൽ നടത്തിയത്. നിലവിൽ ജില്ലാമിഷനുകൾ പദ്ധതിക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും പ്രവർത്തന നേട്ടങ്ങൾ കുറയാനുള്ള കാരണം ശ്രദ്ധക്കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കുടുംബശ്രീയുടെ വികസന പദ്ധതി രേഖയിൽ അട്ടപ്പാടിയുടെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ജനസംഖ്യുടെ 40 ശതമാനം വരുന്ന 10,000 കുടുംബങ്ങൾക്കാണ് പദ്ധതികൾ നടപ്പാക്കുന്നത്. 1950 കൾ മുതൽ പലതരം പദ്ധതികൾ കടന്നുചെന്നു. മല്ലീശ്വര ബോമിയംപാടി പദ്ധതികളും അഹാർഡ്സിൻ്റെ പദ്ധതികളും നടപ്പാക്കി. എന്നാൽ, ഈ പദ്ധതികൾക്കൊന്നും ആദിവാസി സമൂഹത്തെ മുന്നോട്ടുനയിക്കാൻ കഴിഞ്ഞില്ല. നദീതീരങ്ങളിലുള്ള നല്ല വളക്കുറുള്ള ഭൂമി മുഴുവൻ തമിഴകത്തും കേരളത്തിലുമുള്ള കൈയേറ്റക്കാർ കവർന്നെടുത്തു. ആദിവാസികളെ കുന്നുകളിലേക്ക് ആട്ടിയോടിച്ചു. അവിടമാകട്ടെ കൃഷി ചെയ്യാൻ നല്ല ഭൂമിയായിരുന്നില്ല. നേരത്തേ നടത്തിയിരുന്ന പഞ്ചകൃഷി സമ്പ്രദായം തകർത്തു. വികസന പദ്ധതികളിൽ നിന്നും കൃഷി വകുപ്പിൽ നിന്നും അവർക്ക് പിന്തുണ ലഭിച്ചില്ല. ഇറിഗേഷൻ പദ്ധതികൾ നടപ്പാക്കിയതുമില്ല. പദ്ധതികൾ ആവിഷ്കരിച്ചത് പാരമ്പര്യ കൃഷിയെക്കുറിച്ച് അറിവില്ലാത്ത കൃഷി ഓഫീസർമാരാണ്. പാരമ്പര്യമായി മരുന്ന്ചെടികളും ഭക്ഷ്യവിളകളും കൃഷിചെയ്തിരുന്ന ആദിവാസികൾ ക്രമേണ കൃഷിയിൽ നിന്ന് അകന്നു. കേരള മാതൃക വികസനം അട്ടപ്പാടിയിലും കൊടികുത്തിവാണു. 2013ൽ കുട്ടിമരണം പുറംലോകത്തേക്ക് അട്ടപ്പാടിയുടെ അവസ്ഥ അറിയിച്ചതോടെയാണ് പലരുടെയും കണ്ണുതുറന്നത്. ആദിവാസികളുടെ സാമൂഹിക ശാക്തീകരണത്തെ തടയുകയാണ് വികസനമെന്ന് പലരും തരിച്ചറിഞ്ഞു. വിദ്യാഭ്യാസമില്ലായ്മ, മദ്യപാനം, കുടുംബത്തിലെ കലഹങ്ങൾ, പട്ടിണി, ഉൽപ്പാദനമേഖലയുടെ തകർച്ച, മണ്ണും സംസ്കാരവും നഷ്ടപ്പെട്ടവർ സർക്കാരിന് മുന്നിൽ കൈനീട്ടി നിൽക്കുന്ന അവസ്ഥയാണ്.
ആദിവാസികളുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കുവാൻ വേണ്ടിയിട്ടാണ് കുടുംബശ്രീ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നത്. കോടികൾ ചെലവഴിച്ചതിന്റെ കണക്കല്ലാതെ കുടുംബശ്രീ നടത്തിയ പദ്ധതികളുടെ ഫലം എന്തായിരുന്നു എന്ന് വിലയിരുത്തൽ നടത്തിയിട്ടില്ല. ആദിവാസികളുടെ ജീവിതത്തിൽ കുടുംബശ്രീ പ്രവർത്തനം വഴി എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയതെന്ന് സർക്കാരിനോ തദ്ദേശ വകുപ്പിനോ പട്ടികവർഗ വകുപ്പിനോ അറിയില്ല. ഏത് പദ്ധതിയും നടപ്പാക്കിയതിന്റെ ഫലമെന്താണെന്ന് ശാസ്ത്രീയമായി വിലയിരുത്തേണ്ടത് മുന്നോട്ടുള്ള പോക്കിന് ആവശ്യമാണ്. പ്രത്യേകിച്ചും ആദിവാസി മേഖലകളിൽ നടക്കുന്ന പദ്ധതികളെ സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് വേണ്ടതുണ്ട്. കേരളത്തിൽ അത് നടക്കുന്നില്ല. അട്ടപ്പാടിയിലേക്ക് കോടികൾ കുടുംബശ്രീയിലൂടെ ഒഴുകുന്നതിന്റെ പ്രയോജനം ആദിവാസികൾക്ക് ലഭിക്കുന്നുണ്ടോയെന്ന് സർക്കാർ വിലയിരുത്തണം.
സംസ്ഥാനത്ത് മൂന്ന് വർഷം മൂന്നര ലക്ഷം സംരംഭങ്ങളും ഏഴര ലക്ഷം പേർക്ക് തൊഴിലും ലഭിച്ചുവെന്നാണ് മന്ത്രി പി രാജീവ് പറയുന്നത്. ലക്ഷം ആളുകൾക്ക് വിവിധ സംരംഭങ്ങൾ വഴി തൊഴിൽ ലഭ്യമാക്കുന്നതിനും സാധിച്ചു. മൂന്ന് വർഷംകൊണ്ട് ഇത്രയും സംരംഭങ്ങൾ ആരംഭിച്ചത് നാടിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്നതാണ്. ഇതിൽ 31 ശതമാനം വനിതാ സംരംഭങ്ങളാണെന്നും മന്ത്രി പറയുന്നു. അട്ടപ്പാടിയിൽ ആദിവാസികൾക്ക് എവിടെ എന്ത് സംരംഭമാണ് തുടങ്ങിയത്? അതിന്റെ സ്ഥതി എന്താണ്? കേരളം അന്വേഷിക്കണം.
(അവസാനിച്ചു)

