ഗാന്ധിയുടെ ഇന്ത്യ, ​സവർക്കറുടെ ഭാരതം

വിനായക് ദാമോദർ സവർക്കറും സഹോദരൻ ഗണേഷ് സവർക്കറും ചേർന്നുകൊണ്ട്‌ ആരംഭിച്ച രഹസ്യ സംഘടനയുടെ പേര് ‘അഭിനവ് ഭാരത്’ എന്നായിരുന്നു. ഇറ്റാലിയൻ ദേശീയവാദി മസ്സിനീയുടെ ‘യുവ ഇറ്റലി’ എന്ന പ്രസ്ഥാനത്തെ അനുകരിച്ചാണ് ഇതാരംഭിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും യൂറോപ്പിലെ പലയിടങ്ങളിലും രഹസ്യ സംഘടനകൾ വ്യാപകമായിരുന്നു. തീവ്രവാദപരമായ രാഷ്ട്രീയത്തെ മുൻനിർത്തി ഹിംസാതമകവും ഭീകരവാദപരവുമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളായിരുന്നു ഇത്. അക്കാലത്തെ രഹസ്യ തീവ്രവാദ സംഘടനകളുടെ പ്രവർത്തന ശൈലിയെ മാതൃകയാക്കിയ സവർക്കർ സഹോദരന്മാർ ആരംഭിച്ച ‘അഭിനവ് ഭാരത്’ സംഘടന ലക്ഷ്യംവെച്ചത് ബ്രിട്ടീഷ് വിരുദ്ധമായ തീവ്രവാദരാഷ്ട്രീയത്തിലൂടെ ഭാരതത്തിന്റെ മോചനം കരസ്ഥമാക്കാമെന്നാണ്.

1904 കാലഘട്ടത്തിലാണ് ഈ സംഘടന ആരംഭിച്ചത്. നാസിക് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ജാക്‌സണിന്റെ കൊലപാതകത്തിന്റെ അന്വേഷണത്തിലാണ് സവർക്കർ സഹോദരർ ആരംഭിച്ച ‘അഭിനവ ഭാരത്’ സംഘടനയുടെ പങ്ക് തെളിയിക്കപ്പെടുന്നത്. വി.ഡി സവർക്കർ ഹിന്ദുത്വ പ്രത്യയശാസ്ത്രം രൂപപ്പെടുന്നതിനു മുമ്പ് തന്നെ ‘ഭാവി ഭാരത്’ എങ്ങനെയുള്ളതായിരിക്കണം എന്ന ധാരണയിലേക്ക് പതുക്കെ നീങ്ങിത്തുടങ്ങിയിരുന്നു. രാഷ്ട്രത്തെക്കുറിച്ചുള്ള പ്രത്യയശാസ്ത്രപരമായ നിദർശനം ‘അഭിനവ് ഭാരത’ത്തിന്റെ പ്രവർത്തനങ്ങളിൽ കാണാം.

വിനായക് ദാമോദർ സവർക്കർ. ഫോട്ടോ: maeeshat.in

1909 -ൽ ലണ്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കപ്പൽ മാർഗം യാത്ര തിരിച്ച ഗാന്ധി യാത്രാ വേളയിൽ രചിച്ച ദാർശനിക സ്വഭാവമുള്ള രചനയാണ് ‘ഹിന്ദ് സ്വരാജ് അഥവാ ഇന്ത്യയുടെ സ്വയംഭരണം’ എന്ന പുസ്തകം. കൗതുകമുണർത്തുന്ന വസ്തുത അക്കാലത്തെ ദേശീയതയെ സംബന്ധിച്ച് നിലവിലുള്ള വ്യവഹാരങ്ങളിൽ നിന്ന് ഗാന്ധി ഭാവി രാഷ്ട്രത്തിന് നിദാനമായ പേര് എന്ന നിലയിൽ സ്വീകരിച്ചത് ‘ഹിന്ദ്’ എന്നാണ്. ഹിന്ദ് വാസ്തവത്തിൽ പേർഷ്യൻ നാമമാണ്. സാംസ്‌കാരിക ഭൂപ്രദേശം എന്ന നിലയിൽ ഉപഭൂഖണ്ഡത്തെ ‘ഹിന്ദ്’ എന്ന നാമകരണം ചെയ്തതും വിളിച്ചതും മധ്യകാലത്തോടെയാണ്. വിസ്തൃതമായ ഭൂഭാഗത്തെ മാത്രമല്ല കൂടുതൽ ഉൾച്ചേർന്നതും എന്നാൽ വൈവിധ്യങ്ങളെ ദ്യോതിപ്പിക്കുന്നതുമായ പദമായാകണം ഗാന്ധി ഹിന്ദ് സ്വീകരിച്ചത്.

ഇന്ത്യൻ ഹോം റൂൾ എന്ന വിശദീകരണ സ്വഭാവമുള്ള ഉപതലവാചകത്തിലൂടെ രാഷ്ട്രീയപരമായ ആശയവ്യക്തതയും ഗാന്ധി വരുത്തുകയുണ്ടായി. ഗുജറാത്തി ഭാഷയിൽ ആദ്യം രചിച്ച നൂറിൽപ്പരം പേജുമാത്രമുള്ള ഈ പുസ്തകം ഒരു വായനക്കാരനും എഡിറ്ററും തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. സമൂഹം, സ്വയംഭരണം, കൊളോണിയലിസം, പാരമ്പര്യം എന്നിവയെക്കുറിച്ചുള്ള ഗാന്ധിയുടെ ആശയങ്ങളുടെ രൂപീകരണത്തിൽ നിർണായകമാണ് ഈ രചന. ഹിന്ദ് സ്വരാജിന്റെ ഗുജറാത്തി പതിപ്പ് ബ്രിട്ടീഷുകാർ നിരോധിച്ചതിനുശേഷം ഗാന്ധി ‘ഹിന്ദ് സ്വരാജ്’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ഹിന്ദ് സ്വരാജി’ൽ പേര് വെളിപ്പെടുത്താത്ത ഒരു തീവ്രദേശീയവാദിയുമായി ഗാന്ധി നടത്തിയ സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. ഇത് സവർക്കറാണെന്നു പലരും കരുതുന്നു. സവർക്കറുടെ ശിഷ്യനായ മദൻ ലാൽ ഡിൻഗ്രയുടെ ഭീകരവാദ പ്രവർത്തനത്തെ ഗാന്ധി ഗുരുതരമായ തെറ്റായാണ് കണ്ടത്.

ഹിന്ദ് സ്വരാജ്, ഒന്നാം അധ്യായം

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കാനും വംശീയ വിവേചനത്തിനെതിരെ പോരാടാനും ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച പത്രമാണ് ‘ഇന്ത്യൻ ഒപ്പീനിയൻ.’ മദൻജിത്താണ് ഇത് തുടങ്ങിയത്. മൻസൂഖ് ലാൽ നാസറാണ് ആദ്യത്തെ പത്രാധിപർ. ഗാന്ധിയാണ് പത്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഗാന്ധിയുടെ സമ്പാദ്യം ഏറെക്കുറെ ഈ പത്രം കൃത്യമായി ഇറക്കാൻ വേണ്ടി ഉപയോഗിക്കേണ്ടി വന്നു. ഈ ഘട്ടത്തിലാണ് ഗാന്ധി റസ്കിന്റെ ‘അൺ ടു ദിസ് ലാസ്റ്റ്’ എന്ന പുസ്തകം വായിക്കുന്നത്. ഗുജറാത്തി ഭാഷയിലേക്ക് സർവോദയ എന്ന പേരിൽ ഗാന്ധി ഈ പുസ്തകം വിവർത്തനം ചെയ്യുന്നുണ്ട്. ഫീനിക്സ് ഫാം ഗാന്ധിയും കൂട്ടുകാരും തുടങ്ങുന്നത് ഇതിനുശേഷമാണ്. ആ പേരും നിർണായകമാണ്. ‘ഇന്ത്യൻ ഒപ്പീനിയന്റെ’ പ്രവർത്തനങ്ങൾ ഫീനിക്സ് ഫാമിലേക്ക് മാറ്റുന്നു. പ്രസ്സ് എൻജിന് പകരം കായിക ശക്തിയുപയോഗിച്ചാണ് ‘ഇന്ത്യൻ ഒപ്പീനിയൻ’ പ്രസിദ്ധീകരിക്കുന്നത്. ആ ഘട്ടത്തിലൊന്നും തന്നെ “ഭാരത്” എന്ന നാമം എവിടെയും ഗാന്ധി ഉപയോഗിക്കുന്നില്ല. ഏതാണ്ട് 1961 വരെയെങ്കിലും ഇന്ത്യൻ ഒപ്പീനിയൻ അച്ചടിക്കപ്പെട്ടിരുന്നു.

ഇന്ത്യൻ ഒപ്പീനിയൻ പത്രം.

സവർക്കറിന്റെ രഹസ്യ സംഘടന ‘അഭിനവ് ഭാരതി’ന്റെ അർത്ഥം ‘യുവ ഇന്ത്യ’ എന്നാണ്. പക്ഷെ 1916 ൽ ലാല ലജ്പത്‌ റായ് തുടങ്ങിയ ‘യങ് ഇന്ത്യ’ പത്രം ഗാന്ധി ഏറ്റെടുക്കുകയായിരുന്നു. യങ് ഇന്ത്യ ദ്വൈവാര പ്രസിദ്ധീകരണമായാണ് ഗാന്ധി ആരംഭിച്ചത് എന്നാൽ നവജീവൻ എന്ന ഗുജറാത്തി പ്രസിദ്ധീകരണത്തിന്റെ ചുമതലകൂടി ഏറ്റെടുത്ത ഗാന്ധി ‘യങ് ഇന്ത്യ’യെ വാരികയാക്കി മാറ്റുകയാണുണ്ടയത്. ബ്രിട്ടീഷ് സർക്കാരിൽ അവിശ്വാസം സൃഷ്ടിക്കുന്ന മൂന്ന് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് ഗാന്ധിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടു. കോടതിയിൽ ഹാജരായ ഗാന്ധി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുകയാണുണ്ടായത്. പരമാവധി ശിക്ഷ നൽകാനും കോടതിയോട് ആവശ്യപ്പെട്ടു. കോടതിയിൽ കേസ് സ്വയം വാദിച്ച ഗാന്ധി “നിലവിലുള്ള ഭരണസംവിധാനത്തോടുള്ള അതൃപ്തി പ്രസംഗിക്കുന്നത് എനിക്ക് ഏറെക്കുറെ അഭിനിവേശമായി മാറിയിരിക്കുന്നു എന്ന വസ്തുത ഈ കോടതിയിൽ നിന്ന് മറച്ചുവെക്കാൻ എനിക്ക് ആഗ്രഹമില്ല” എന്നാണ് കോടതി സമക്ഷം ബോധിപ്പിച്ചത്. ഇന്ത്യൻ പീനൽ കോഡിലെ രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പായ 124 എ പൗരന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ രൂപകൽപ്പന ചെയ്ത ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജകുമാരനാണെന്നാണ് ഗാന്ധി പ്രഖ്യാപിച്ചത്.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഗാന്ധിയെയും സഹപ്രവർത്തകനായ ഷക്കേർ ലാൽ ബാങ്കറേയും വിചാരണ ചെയ്യ്തിരുന്ന ജഡ്ജി ഗാന്ധിയോട് ഏറെ ബഹുമാനമുള്ള വ്യക്തിയായിരുന്നു. ജഡ്ജി പതറുന്നത് കണ്ട ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ മുമ്പിൽ ഒരേയൊരു വഴി തനിക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകുക എന്നതായിരുന്നു. അല്ലാത്ത പക്ഷം അയാൾക്ക് സ്ഥാനത്തിൽ നിന്ന് രാജിവെക്കേണ്ടതായി വരുമെന്നും ഗാന്ധി സൂചിപ്പിച്ചു. ഗാന്ധിയുടെ ഈ രാജ്യദ്രോഹവിചാരണ സോക്രട്ടീസിന്റെ വിചാരണയുമായി താരതമ്യം ചെയ്യാറുണ്ട്. കുറ്റാരോപണം ശരിവെയ്ക്കുക മാത്രമല്ല ഗാന്ധി ചെയ്തത് അങ്ങനെയുള്ള അപരാധങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്തുകയുമായിരുന്നു. ജഡ്ജി ഗാന്ധിയെ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷ വിധിച്ച ജഡ്ജി ഗാന്ധിയോടുള്ള ആരാധന നിമിത്തം താൻ നൽകിയ ശിക്ഷാവിധി സർക്കാർ കുറയ്ക്കുകയാണെങ്കിൽ തന്നെ പോലെ സന്തുഷ്ടനായ മറ്റൊരു വ്യക്തിയുണ്ടാകില്ലെന്നും കോടതിയിൽ പറയുകയുണ്ടായി.

​ഗാന്ധി ജയിലിൽ. കടപ്പാട്:wikimedia

ഗാന്ധിയുടെ ധീരമായ ഈ സമീപനം സവർക്കർ ബ്രിട്ടീഷ് അധികാരികളോട് കാണിച്ച വിധേയത്വ സമീപനവുമായി താരതമ്യപ്പെടുത്താറുണ്ട്. 1910 ൽ ലണ്ടനിൽവെച്ചാണ് വി.ഡി സവർക്കർ നാടകീയമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടർന്നാണ് ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയക്കുന്നത്. സവർക്കർ നാലോ അഞ്ചോ തവണയാണ് ബ്രിട്ടീഷ് അധികാരികളുടെ മുമ്പാകെ ദയാഹർജി സമർപ്പിച്ചത്. ബ്രിട്ടീഷ് സർക്കാരിന്റെ ദയാവായ്പ്പിനായി കേണപേക്ഷിക്കുന്ന സവർക്കറുടെ കത്തുകളിലെ വരികൾ ചരിത്രരേഖയാണ്.

സവർക്കർ ആൻഡമാൻ ജയിലിൽ നിന്ന് മോചിക്കപ്പെട്ടതിനു ശേഷം എഴുതിയ ഹിന്ദു രാഷ്ട്രവാദത്തിന്റെ പ്രമാണഗ്രന്ഥമാണ് ‘ഹിന്ദുത്വം-ആരാണ് ഹിന്ദുക്കൾ’ .1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ഇന്ത്യ ചരിത്രത്തിലെ ആറ് പ്രധാനപ്പെട്ട യുഗങ്ങൾ എന്നീ പുസ്തകങ്ങളും സവർക്കർ രചിക്കുകയുണ്ടായിട്ടുണ്ട്. ഈ പുസ്തകങ്ങൾ ഹിന്ദു ചരിത്രത്തെ രൂപപ്പെടുത്താനുള്ള പരിശ്രമമാണ്. ഗാന്ധിയുടെ രാഷ്ട്രീയ ചിന്തകളിലും പ്രവർത്തനങ്ങളിലും അഹിംസയ്ക്ക് ഊന്നൽ നൽകിയതിൽ നിന്ന് തീർത്തും വിഭിന്നമായി അക്രമം ഹിന്ദു സാംസ്കാരികതയുടെ അവിഭാജ്യ ഘടകമാണെന്ന് സവർക്കർ വ്യക്തമാക്കിയത്. ഹിന്ദു എന്നതിനെ സാംസ്‌കാരിക ദേശീയതയുടെ ഭാഗമാക്കി മാറ്റുന്നതിൽ സവർക്കറുടെ പ്രത്യയശാസ്ത്രപരമായ ഇടപെടലുകൾ നിർണ്ണായകമായി. രാഷ്ട്രത്തിന്റെ നാമത്തിലോ ഘടനയിലോ ഭാരതീയത എന്ന സാംസ്കാരിക ദേശീയതയെ ഉൾച്ചേർക്കാനും അതിനും പ്രാമുഖ്യം നൽകാനും ഗാന്ധി ഒരു ഘട്ടത്തിലും താല്പര്യം കാണിച്ചിട്ടില്ല. ‘ഹിന്ദ്’ ‘ഹിന്ദുസ്ഥാനി’ എന്നീ ആശയങ്ങളിലാണ് ഗാന്ധി ഊന്നിയത്. ഹിന്ദ് ഈ നിലയിൽ വിസ്തൃത സ്വഭാവമുള്ളതും സർവധർമ സമഭാവനയെ ഉൾക്കൊള്ളുന്നതുമായിരുന്നു.

പ്രാർത്ഥനകളും വിശ്വാസവും രാഷ്ട്രീയ പ്രയോഗങ്ങളിലേക്ക് ഗാന്ധി സന്നിവേശിപ്പിക്കുകയും അത്തരത്തിലുള്ള പ്രതീകങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്തിരുന്നുവെങ്കിലും ഗാന്ധി താൻ നയിച്ച പ്രധാന പ്രക്ഷോഭങ്ങളുടെ നാമകരണത്തിൽ എല്ലാ വിഭാഗം ഇന്ത്യൻ ജനതയെയും പൊതുരംഗത്ത് അണിനിരത്താനുള്ള സമരപരിപാടികളാണ് ആഹ്വാനം ചെയ്തിരുന്നത്. തിലകനൊക്കെ ഗണപതി ഉത്സവം രാഷ്ട്രീയ പ്രയോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ പ്രസ്ഥാനത്തിലേക്ക് ഗാന്ധി കടന്നുവന്നതോടെ അതുവരെ ദേശീയ പ്രസ്ഥാന നായകരുടെ ആലോചനയിൽപോലുമില്ലാത്ത ‘ഖിലാഫത്’ പോലുള്ള രാജ്യവ്യാപകമായ ബഹുജന പ്രസ്ഥാനമാണ് ഗാന്ധി വിഭാവനം ചെയ്തത്. നിസ്സഹകരണ പ്രസ്ഥാനവും നിയമ ലംഘന പ്രസ്ഥാനവും ആധുനികമായ ബഹുജന പ്രസ്ഥാനത്തിന്റെ സവിശേഷ സ്വഭാവത്തിലുള്ളതായിരുന്നു.

ഇതിനുശേഷം കോൺഗ്രസ്സ് ആഹ്വാനം ചെയ്യുന്ന ബ്രിട്ടീഷ് വിരുദ്ധ ബഹുജന മുന്നേറ്റമാണ് ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനം. ഇതിന്റെ നാമകരണത്തിലൊന്നും തന്നെ ഭാരതീയതയോ ഹൈന്ദവതയോ ഗാന്ധി ഉൾച്ചേർത്തിരുന്നില്ല. ഇന്ത്യ എന്ന ദേശീയതയ്‌ക്ക് തന്നെയാണ് ഊന്നൽ നൽകപ്പെട്ടത്. ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തെ ‘ഭാരത് ചോടോ ആന്ദോളൻ’ എന്നും ഹിന്ദിയിൽ നാമകരണം ചെയ്തിരുന്നു. ‘ഓഗസ്റ് ക്രാന്തി’യെന്നാണ് ഇതിനെ കൂടുതൽ ജനകീയമാക്കാനും സമരോൽസുകമാക്കാനും ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് നാമകരണം ചെയ്തത്. എങ്കിലും രാജ്യവ്യാപക പ്രസ്ഥാനം എന്ന നിലയിൽ ‘ക്വിറ്റ് ഇന്ത്യ’ എന്നതിനാണ് പ്രാധാന്യം നൽകപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ച ഗാന്ധിയുടെ പ്രധാന മുദ്രാവാക്യമായ ‘ഡു ഓർ ഡൈ’- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക – എന്നത് ഈ സമരമുഖത്തിൽ നിന്നാവിർഭവിച്ചതാണ്. ഹിന്ദുവും മുസ്ലീമും സിഖും ഈസ്സായിയും വിശ്വാസപരമായ വേർതിരിവുകൾ മറന്ന് സ്വാതന്ത്ര്യത്തിനായുള്ള പൊതുസമരത്തിൽ പങ്കെടുത്തുക്കൊണ്ട് ഇന്ത്യക്കാരായി മാത്രം സ്വയം ചിന്തിക്കാനാണ് ഗാന്ധി ആഹ്വാനം ചെയ്തത്.

ദേശീയ പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിലും -ഗാന്ധിക്ക് മുമ്പും- ഭാരതീയതയ്ക്ക് ഒട്ടും തന്നെ സവിശേഷ പ്രാധാന്യമുണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യ എന്നോ ഹിന്ദുസ്ഥാൻ എന്നോ പൊതുവിൽ വ്യവഹരിക്കപ്പെട്ടിരുന്നപ്പോൾ ഹിന്ദി സംഭാഷണങ്ങളിൽ ഭാരതം എന്നത് ഉപയോഗിച്ചിട്ടുണ്ടാകാം, എന്നാൽ ‘ഭാരത്’ എന്നതിന് സവിശേഷമായ ഊന്നൽ നൽകപ്പെട്ടിരുന്നില്ല എന്നതാണ്. ദ്വിരാഷ്ട്രവാദത്തിന്റെ ഭാഗമായി അല്ലാമാ ഇക്ബാൽ സങ്കല്പനം ചെയ്ത ‘പാകിസ്ഥാൻ’ രാഷ്ട്രത്തെക്കുറിച്ചുള്ള വാദഗതികൾ ഉയർന്നപ്പോൾ ഇന്ത്യയെ ‘ഹിന്ദുസ്ഥാൻ’ എന്ന നിലയിലാണ് ജിന്ന തുടങ്ങിയ നേതാക്കൾ വിഭാവനം ചെയ്തിരുന്നത്. ഹിന്ദു ദേശീയവാദികൾ ആ ഘട്ടത്തിലും ഭാരതത്തെ ദേശനാമമായി വ്യവഹരിച്ചിരുന്നില്ല എന്നു വേണം അനുമാനിക്കാൻ.

ഭഗത് സിം​ഗ്

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള തീവ്രവാദപരമായ രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്ന ഭഗത് സിംഗിന്റെയും ചദ്രശേഖർ ആസാദിന്റെയും പ്രസ്ഥാനത്തിനു പേര് ‘ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ പാർട്ടി’യെന്നാണ്. എന്നാൽ, മാർക്സിസ്റ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഭഗത് സിം​ഗ് ‘നൗജവാൻ ഭാരത് സഭ’ എന്ന സംഘടനയും ആരംഭിച്ചിരുന്നു. പിന്നീട് ഈ സംഘടന സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫിൽ ലയിക്കുകയായിരുന്നു. സുബാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യപോരാട്ടത്തിനായി സംഘടിപ്പിച്ച സൈനിക സംഘടനയുടെ പേര് ‘ഇന്ത്യൻ നാഷണൽ ആർമി’ (ഐ.എൻ.എ) എന്നും ഇതിന്റെ ഹിന്ദി നാമധേയം ‘ആസാദ് ഹിന്ദ് ഫൗജ്’ എന്നുമാണ്. സ്വതന്ത്ര ഇന്ത്യക്ക് സുബാഷ് ചന്ദ്രബോസ് നല്കാനുദ്ദേശിച്ചരുന്ന പേര് ‘ആസാദ് ഹിന്ദ്’ എന്നുമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും ഉജ്വലമായ പോരാട്ടവേളകളിൽ എല്ലാം തന്നെ ഇന്ത്യ എന്നും ഹിന്ദ് എന്നുമാണ് ദേശീയതയെ പ്രതിനിധീകരിച്ച് ഉപയോഗിച്ചിരുന്നത്. ആശയസ്ഫുടതയുള്ള ഹിന്ദ് അഥവാ ഇന്ത്യ എന്ന പേരുകളുടെ നിഴൽപ്പറ്റി നിൽക്കുകയായിരുന്നു ഭാരത്.

ടാഗോറിലാണ് ഭാരതം എന്ന പേര് പ്രധാനമാകുന്നത്. ബംഗാളിലെ പത്തൊൻപതാം നൂറ്റാണ്ടിലെ തീവ്രവാദ സ്വഭാവമുള്ള ബ്രിട്ടീഷ് വിരുദ്ധ സ്വദേശി പ്രസ്ഥാനങ്ങൾ ഭാരതം എന്നതിന് പ്രാമുഖ്യം നൽകിയിരുന്നു. ഇതിന്റെ സൂചനയാണ് ദേശീയ ഗാനത്തിലെ “ഭാരത ഭാഗ്യ വിധാതാ” എന്ന വരികൾ. ജോർജ്‌ അഞ്ചാമൻ രാജാവിനെ പ്രശംസിച്ച് ടാഗോർ എഴുതിയതാണ് ജന ഗണ മന എന്നൊരു വാദമുണ്ട്. പക്ഷെ ഇത് പൂർണമായും ശരിയല്ല. ടാഗോറിനോട് ജോർജ് അഞ്ചാമനുള്ള മംഗള ഗീതമായി ഇതെഴുതാൻ ഒരു സുഹൃത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ടാഗോർ ഈ ഗാനം ആദ്യം രചിച്ചത് 1911 ഡിസംബർ 11-നാണ്. ഇതിന്റെ മാതൃഗാനം ‘ഭാരോതോ ഭാഗ്യോ ബിധാത’ എന്നത് അഞ്ച് ശ്ലോകങ്ങളുള്ള ഒരു ബ്രഹ്‌മോ ശ്ലോകമാണ്. ‘ഭാരത് ഭാഗ്യ ബിധാത’ എന്ന ഗാനം ആദ്യമായി ആലപിച്ചത് 1911 ഡിസംബർ 27-ന് കൽക്കട്ടയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സെഷന്റെ രണ്ടാം ദിനത്തിലാണ്. ഗാനം ആലപിച്ചത് ടാഗോറിന്റെ അനന്തിരവളായ സരള ദേവി ചൗധുറാണിയാണ്. മഹാത്മാവ് സരള ദേവിയോട് പുലർത്തിയ അനുരാഗസ്വഭാവമുള്ള ആത്മബന്ധത്തെക്കുറിച്ച് രാമചന്ദ്ര ഗുഹ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. 1912-ൽ തത്വബോധിനി പത്രികയിലാണ് ‘ഭാരത് ഭാഗ്യ ബിധാത’ എന്ന പേരിൽ ഈ ഗാനം പ്രസിദ്ധീകരിച്ചത്. ബ്രഹ്മസമാജത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമാണിത്. ടാഗോറായിരുന്നു ഇതിന്റെ എഡിറ്റർ.

അംബേദ്കറിന്റെ മൂകനായക് പത്രം.

അംബേദ്‌കർ ആരംഭിച്ച ഒരു പ്രസിദ്ധീകരണത്തിന്റെ പേര് ‘ബഹിഷ്കൃത് ഭാരത്’ എന്നാണ്. 1927 ഏപ്രിൽ 3-ന് അംബേദ്കർ മറാത്തി ദ്വൈവാരം ആരംഭിച്ചത്. 1927 അംബേദ്കറുടെ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവായി. ഈ വർഷമാണ് ഭീമ-കൊറേഗാവ് യുദ്ധസ്മാരകത്തിൽ പേഷ്വായുടെ സൈന്യത്തെ തോൽപ്പിക്കാൻ സഹായിച്ച ധീരരായ മഹാർ സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. 1927 ലാണ് അദ്ദേഹം മഹദ് സത്യാഗ്രഹം ആരംഭിച്ചത്. ആ വർഷം ഡിസംബർ 27-ന് അദ്ദേഹം മനുസ്മൃതി കത്തിക്കുകയും ചെയ്തു. ഇതേ വർഷം തന്നെ ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടു. ആശയപ്രചരണത്തിനും വസ്തുതകളും യുക്തിയും ഉപയോഗിച്ച് തന്റെ വിമർശകരുടെ വാദങ്ങളെ ഖണ്ഡിക്കാനും ഒരു പത്രത്തിന്റെ ആവശ്യകതയുണ്ടെന്ന് അംബേദ്‌കർ തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ‘ബഹിഷ്കൃത് ഭാരത്’ എന്ന പേരിൽ ഒരു മറാത്തി ദ്വൈവാരപ്രസിദ്ധീകരണം പുറത്തിറക്കുന്നത്. ഭാരത് എന്ന നാമത്തോടൊപ്പം ബഹിഷ്‌കൃത് എന്നു കൂട്ടിച്ചേർക്കുമ്പോൾ സഹസ്രാബ്ദങ്ങളുടെ ബഹിഷ്ക്കരണമാണ് വെളിപ്പെടുത്തുന്നത്. ഒപ്പം തന്നെ ബുദ്ധധാമയുടെ വിപ്ലവകരമായ മുന്നേറ്റത്തിനുശേഷം ബ്രാഹ്‌മണ പ്രതിവിപ്ലവം അരങ്ങേറിയതും ഇതിലൂടെ സൂചിപ്പാക്കപ്പെടാനും സാധിക്കുന്നു. എന്നാൽ അംബേദ്‌കർ ആദ്യം തുടങ്ങിയ പത്രത്തിന്റെ പേര് ‘മൂകനായക്’ എന്നാണ്. ‘മൂക് നായക്’ എന്നാൽ ശബ്ദമില്ലാത്തവരുടെ നേതാവ് എന്നാണ് അർത്ഥമാക്കുന്നത്. ബി.ആർ അംബേദ്‌കർ ആരംഭിച്ച സംഘടനകളുടെ പേരും അംബേദ്‌കർ രാഷ്ട്രീയത്തിന്റെ അന്തഃസാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു. ആദ്യം, ഡിപ്രെസ്സ്ഡ് ക്ലാസ് ഫെഡറേഷൻ, പിന്നെ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി. 56ൽ-ഭരണഘടന നിലവിൽ വന്നതിനുശേഷം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ.

ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് ബംഗാളിൽ നിന്നു സ്വീകരിച്ച സങ്കൽപനമാണ് ‘ഭാരത മാതാവ്’ എന്നത്. ബങ്കിം ചന്ദ്രന്റെ ‘വന്ദേ മാതരം’ എന്ന ഗീതം ഭാരത മാതാവിന് പ്രണാമമർപ്പിച്ചുകൊണ്ടുള്ളതാണ്. ജവാഹർലാൽ ലാൽ നെഹ്‌റു ‘ഇന്ത്യയെ കണ്ടെത്തലിൽ’ ‘ഭാരത മാതാവ്’ എന്ന ആശയത്തെക്കുറിച്ച് പ്രത്യേകമായി പ്രതിപാദിക്കുന്നുണ്ട്. ‘ഭാരത മാതാവി’നെക്കുറിച്ചുള്ള പ്രതിപാദ്യ ഭാഗം ആരംഭിക്കുന്നത് തന്നെ ഇന്ത്യ, ഹിന്ദുസ്ഥാൻ, ഭാരതം എന്ന പേരുകളെ പരാമർശിച്ചുക്കൊണ്ടാണ്. ഭാരത് എന്ന നാമം ഒരു വംശത്തിന്റെ മിത്തിക്കലായ സ്ഥാപകനിൽ (mythical founder of a race) നിന്ന് തുടങ്ങുന്നുവെന്നാണ് നെഹ്‌റു ചരിത്രബോധത്തോടെ നീരിക്ഷിക്കുന്നത്. ഏറെ വൈവിധ്യമുള്ള ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായാണ് നമ്മൾ പോരാടുന്നതെന്ന് പറഞ്ഞതിന് ശേഷം, ഇന്ത്യയിലെ ഏകത എന്നാൽ വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നം പൊതുവായതാണ് എന്ന് നെഹ്‌റു സൂചിപ്പിക്കുന്നു.

സുഭാഷ് ചന്ദ്രബോസും ഐ.എൻ.എയുടെ ചിഹ്നവും

താൻ പങ്കെടുക്കുന്ന ചില പരിപാടികളിലേക്ക് കടന്നുവരുമ്പോൾ “ഭാരത് മാതാ കീ ജയ്” എന്നുച്ചത്തിൽ വിളിക്കാറുണ്ടെന്നും താൻ തമാശ മട്ടിൽ അവരോട് “ആരാണ് ഭാരത് മാതാവ്” എന്ന് ആരായാറുമുണ്ടായിരുന്നു എന്നാണ് നെഹ്‌റു പറയുന്നത്. ഉത്തരം നൽകാതെ അവർ മിഴിച്ചിരിക്കുമ്പോൾ വീണ്ടും വീണ്ടും ഈ ചോദ്യം ആവർത്തിക്കാറുണ്ടെന്നും നെഹ്‌റു പറയുന്നു. ഒരിക്കൽ മാത്രം ഒരു ജാട്ട് കർഷകൻ ഇതിനുള്ള ഉത്തരമായി ഇന്ത്യയുടെ മണ്ണാണ് ‘മാതാവ്’ എന്ന് പറയുകയുണ്ടായി. ഏത് ഭൂമി എന്നും നെഹ്‌റു ആരായുന്നുണ്ട്. മലകളും കുന്നുകളും നദികളും കാടും മറ്റുള്ള ഭൂഭാഗങ്ങളും ജനത്തിന് ഭക്ഷണം നൽകുന്ന കൃഷി ഭൂമികളും ഇതിൽപ്പെടുമെന്നും നെഹ്‌റു വിശദീകരിക്കുന്നു. ഇങ്ങനെ വിശദീകരിച്ചതിനു ശേഷം ഭാരത മാതാവ് എന്നാൽ രാജ്യത്തെ ജനകോടികളാണെന്നു സമർത്ഥിക്കുന്നു. ഈ ജനകോടികളുടെ വിജയമാണ് “ഭാരത മാതാ കീ ജയ്” എന്നു വിളിക്കുന്നതിലൂടെ കാംക്ഷിക്കുന്നത് എന്നും നെഹ്‌റു വിശദമാക്കുന്നു. അങ്ങനെ തന്റെ പരിപാടികളിൽ പങ്കെടുക്കുന്ന ഓരോരുത്തരം തന്നെയാണ് ‘ഭാരത മാതാ’ എന്ന് നെഹ്‌റു വ്യക്തമാക്കുന്നു. ഹൈന്ദവ ആരാധനക്രമത്തിന്റെ സ്വഭാവമുള്ള ‘ഭാരത മാതാവ്’ എന്ന സങ്കൽപനത്തെ നിഷേധിക്കാതെ തന്നെ ആധുനികവും മതേതരവുമായ രാഷ്ട്രീയപ്രയോഗത്തിലേക്ക് ഈ സങ്കൽപനത്തെ ഉൾച്ചേർക്കുന്ന മതാതീത രാഷ്ട്രീയ വിവേകമാണ് ജവാഹർലാൽ നെഹ്‌റു പ്രകടിപ്പിക്കുന്നത്. ബഹുജനങ്ങളുടെ അനുഭവങ്ങളെ ദേശീയ രാഷ്ട്രീയത്തിലേക്ക് മുഖ്യധാരവൽക്കരിക്കാതെ സ്വാതന്ത്ര്യപ്രാപ്തി സാധ്യമാവുകയില്ല എന്നതിന്റെ തിരിച്ചറിവാണ് നെഹ്‌റുവിനെ ഭാരതമാതാവിന്റെ മതേതരമായ വ്യഖ്യാനത്തിലേക്ക് നയിക്കുന്നത്.

​ഗാന്ധിയും നെഹ്റുവും. കടപ്പാട്:news18

‘ജയ് ഹിന്ദ്’ എന്നാണ് ഇന്ത്യ പ്രതിജ്ഞയായി സ്വീകരിച്ചത്. വന്ദേ മാതരം ഗാന്ധിക്ക് ഏറെ പ്രിയങ്കരമായിരുന്നു. എന്നാൽ ഒരുകാരണവശാലും ജയ് ഹിന്ദ് എന്നത് നിർബന്ധിച്ചു പറയിപ്പിക്കരുതെന്ന് ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതേപോലെ തന്ന വന്ദേ മാതരം നിർബന്ധപൂർവം ആലപിപ്പിക്കരുതെന്നും. ഗാന്ധി എന്തിനേക്കാളും എപ്പോഴും ഉപയോഗിച്ചിരുന്ന പ്രയോഗം ‘സ്വരാജ്’ എന്നതായിരുന്നു. ദേശീയതയ്ക്കുമതീതമായ വിശ്വമാനവികമായ മാനമുള്ളതാണ് ഈ സങ്കല്പനം. ‘ജയ് ഹിന്ദി’ൽ നിന്ന് ‘ജയ് ഭാരത്തി’ലേക്കുള്ള നിർബന്ധിത പരിവർത്തനം ഉണ്ടാവുകയാണെങ്കിൽ ദേശീയത അതിന്റെ മതേതര മൂല്യബോധത്തിൽ നിന്നും വ്യതിചലിക്കുന്നുവെന്നുമാത്രമല്ല രാഷ്ട്രസങ്കൽപം കൂടുതൽ സങ്കോചിക്കപ്പെടുകയും ചെയ്യുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 9, 2023 1:41 pm