ചിന്തയുടെ കെട്ടുപോവാത്ത വിളക്കുമരം

Écrits – 2 (ബുക്ക് റിവ്യൂ കോളം)

മലയാളിയുടെ ധൈഷണിക മണ്ഡലത്തിൽ പരിമിതമായ സന്ദർഭങ്ങളിൽ മാത്രം ഉയർന്നുകേട്ടിട്ടുള്ള പേരുകളിലൊന്നാണ് ഡോ. അയിനപ്പള്ളി അയ്യപ്പൻ. നമ്മുടെ വൈജ്ഞാനിക മേഖലയിൽ നിരന്തരം ഉദ്ധരണികളിലോ ചരിത്രഗ്രന്ഥങ്ങളിലോ ആവർത്തിക്കുന്ന പേരല്ല ഇത്. (പി.കെ ബാലകൃഷ്ണൻ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥമെഴുത്തിനായി ഡോ. എ അയ്യപ്പന്റെ The Personality of Kerala യെ ആശ്രയിക്കുന്നുണ്ട്. കെ ദാമോദരൻ ‘ഭാരതീയചിന്ത’യുടെ റഫറൻസിൽ Aiyappan and Balaratnam, Society in India, Madras,1956 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം). ‘ഭാരതപ്പഴമ’ ഇരുപതുവർഷത്തിനിടെ ചുരുക്കം കോപ്പികൾ മാത്രം വിറ്റഴിഞ്ഞ പുസ്തകമാണെന്ന് എം.എൻ വിജയൻ ഓർമ്മിക്കുന്നുണ്ട്. മദ്രാസ് ഗവൺമെന്റ് മ്യൂസിയത്തിന്റെ സൂപ്രണ്ടായിരുന്ന, ആ പോസ്റ്റിൽ ഇരുന്ന ആദ്യ ഇന്ത്യാനായ, കേരള സർവ്വകലാശാലയുടെ വൈസ് ചാൻസലാറായിരുന്ന, അരിക്കമേട് ആർക്കിയോളജിക്കൽ സൈറ്റിന്റെ ഉത്ഖനനത്തിൽ അമരക്കാരനായി പ്രവർത്തിച്ച ഒരാൾ എന്തുകൊണ്ടാവും നമ്മുടെ ചിന്താചരിത്രത്തിൽ സവിശേഷശ്രദ്ധ ലഭിക്കാതെ മറഞ്ഞിരിക്കുന്നത്? ചരിത്രമടക്കമുള്ള വിജ്ഞാനമേഖലകളെ ആപാദചൂഢം ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പുൽകുന്ന വർത്തമാനകാല ഇന്ത്യൻ അവസ്ഥയിൽ എന്താണ് ഈ നരവംശശാസ്ത്രജ്ഞന്റെ ജ്ഞാനമണ്ഡലത്തിലേക്ക് പുനരായനം നടത്തുന്നതിന്റെ പ്രസക്തി ? ജ്ഞാനത്തിന്റെ കേന്ദ്രയുക്തിയിൽ നിന്ന് ശാസ്ത്രീയമായ അന്വേഷണങ്ങൾക്കുള്ള പ്രധാന്യം കുറയുകയും യുക്തിവിചാരം അപ്രധാനമാവുകയും ചെയ്യുന്ന സവിശേഷഘട്ടം ജ്ഞാനരൂപങ്ങളെല്ലാം അഭിമുഖീകരിക്കുന്നുണ്ട്. യുക്തിക്കും ശാസ്ത്രത്തിനും ചരിത്രപരമായ ചിന്തയ്ക്കും വളവും വെള്ളവും ലഭിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ ഗവേഷണമേഖലയെ തള്ളിവിടാനുള്ള നീക്കത്തിന്റെ പ്രാരംഭനടപടികൾ പുതിയ ഉന്നതവിദ്യാഭ്യാസ നയത്തോടെ ഏറെക്കുറെ പൂർത്തിയായി. ഗവേഷണമേഖലയെ സംബന്ധിച്ച ആശങ്കകൾ അർത്ഥപൂർണ്ണമാണെന്ന് ഭരണകൂടത്തിന്റെ സമീപകാല നടപടികൾ ശരിവെക്കുന്നുമുണ്ട്. ഈ അവസരത്തിൽ ഡോ. എ അയ്യപ്പന്റെ പഠനങ്ങളുടെ പുനർവായനയ്ക്ക് സാംഗത്യമേറുകയാണ്. ഒരു കൃതിയുടെ പുനർവായന ആപത്തിന്റെ നിമിഷത്തിൽ എത്തിപ്പിടിക്കാവുന്ന ഓർമ്മയായി നമ്മുടെ മുന്നിൽ നിൽക്കുന്നു.

‘ആയുധപ്പഴമയും നരോത്പത്തിയും’ ബുക്ക് കവർ

1

‘ആയുധപ്പഴമയും നരോത്പത്തിയും’ ഡോ. എ അയ്യപ്പൻ പല സന്ദർഭങ്ങളിലായി എഴുതിയ മുപ്പത്തിമൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ്. ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ സ്വഭാവികമായും പല സംശയങ്ങളിലൂടെ നമ്മുടെയുള്ളിലുദിക്കും. കാരണം ഗവേഷണത്തിന്റെ സ്വഭാവം മാറുകയും നരവംശശാസ്ത്രം നാൾക്കുനാൾ വികാസം പ്രാപിക്കുകയും സിദ്ധാന്തങ്ങളിൽ നവചിന്ത കടന്നുവരികയും ചെയ്ത അവസരത്തിൽ എ അയ്യപ്പന്റെ ആലോചനകളോടെല്ലാം യോജിക്കാൻ സാധിക്കണമെന്നില്ല; എന്നാൽ ചരിത്രത്തിന്റെ വെളിച്ചം എത്താത്ത ഭൂഖണ്ഡമായി മാറ്റിനിർത്തേണ്ട ആലോചനകളല്ല അത്. നമ്മുടെ ഭാഷയെ വൈജ്ഞാനികമായി വികസിപ്പിക്കുന്ന ദീർഘപ്രയത്നങ്ങളുടെ രേഖകളാണവ. 2018 മാതൃഭൂമി ‘ആയുധപ്പഴമയും നരോത്പത്തിയും’ എന്ന ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിറക്കുന്നത്. മാതൃഭൂമി തന്നെ പുറത്തിറക്കിയ ഭാരതപ്പഴമ, മദ്രാസ് മ്യൂസിയം പ്രസിദ്ധീകരിച്ച Ezhavas and Cultural Change, 1965 ൽ പ്രസിദ്ധീകരിച്ച Social Revolution in a Kerala Village എന്ന ഗ്രന്ഥം തന്റെ ജന്മഗ്രാമത്തെ ആസ്പദമാക്കിയാണ് എ അയ്യപ്പൻ എഴുതിയത്. Nayadis of Kerala, The Personality of Kerala, Physical Anthropology of the Nayadis of Malabar തുടങ്ങിയവ ഡോ. എ അയ്യപ്പന്റെ രചനകളാണ്.

അയിനപ്പിള്ളി അയ്യപ്പൻ എന്ന എ അയ്യപ്പൻ തൃശ്ശൂർ ജില്ലയിലെ മരുത്തയൂരിലാണ് ജനിച്ചത്. പവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായി ബി എ വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കി. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ ഗിൽബർട്ട് സ്ലാട്ടറുടെ കീഴിൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡിപ്ലോമയും ഈ കാലയളവിൽ നേടിയിരുന്നു. ബി.എസ് ഗുഹയുടെ കീഴിൽ ഇന്ത്യൻ മ്യൂസിയത്തിൽ നിന്ന് ഫിസിക്കൽ ആന്ത്രോപോളജിയിലും മലിനോവ്‌സ്‌കിയോടൊപ്പം ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സിലും ഡോ. എ അയ്യപ്പൻ ഗവേഷണങ്ങളിലേർപ്പെട്ടു. ബ്രിട്ടീഷ് നരവംശശാസത്രജ്ഞരായ മലിനോവ്സ്കിയുടെയും റെയ്മണ്ട് ഫിർത്തിന്റെയും ഒപ്പമുള്ള പഠനം അയ്യപ്പന് പുതിയ തെളിച്ചങ്ങൾ നൽകി. ഗവേഷണത്തിന് ശേഷം ഇന്ത്യയിലെത്തിയ അയ്യപ്പൻ കോർൺൽ യൂനിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ, ഉത്കൽ സർ‌വ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം മേധാവി, ട്രൈബൽ റിസർച്ച് ബ്യൂറോ ഓഫ് ഒറീസ്സയുടെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ വെൽഫയർ ഓഫ് ഒറീസ്സയുടെ ഡയറക്ടർ എന്നീ പദവികൾ വഹിക്കുകയുണ്ടായി. ബ്രിട്ടനിലെ റോയൽ ആന്ത്രോപോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഫെലോ ആയിരുന്ന അദ്ദേഹം 1969 ൽ കേരളാ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ സ്ഥാപകരിലൊരാൾ കൂടിയാണദ്ദേഹം. കണ്ണൂർ സർവ്വകലാശാല നരവംശശാസ്ത്രവിഭാഗം (Department of Anthropology) ഡോ. എ അയ്യപ്പന്റെ പേരിൽ ഒരു ചെയർ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യൻ നരവംശശാസ്ത്രപഠനങ്ങളുടെ അമരക്കാരനുള്ള ആദരവ് എന്ന നിലയിലാണ് ആ ചെയർ പ്രവർത്തിക്കുന്നത്.

ഡോ. എ അയ്യപ്പൻ

2
നൃതത്വവിജ്ഞാനം എന്നാണ് ഡോ അയ്യപ്പൻ ആന്ത്രോപ്പോളജിയെ പരിഭാഷപ്പെടുത്തുന്നത്. ‘ചരിത്രവും നൃതത്വവിജ്ഞാനവും’ എന്ന ലേഖനത്തിൽ രണ്ട് വിജ്ഞാനരൂപങ്ങളെ വിളക്കി ചേർക്കുന്ന ശ്രമകരമായ ദൗത്യത്തെക്കുറിച്ചെഴുതുന്നുണ്ട്. ലിഖിതരേഖകൾ കൊണ്ടുമാത്രം കേരളീയരുടെ സാമുദായികചരിത്രം സാധ്യമാവില്ല എന്ന് അയ്യപ്പൻ അഭിപ്രായപ്പെടുന്നു. നരവംശശാസ്ത്രവും ആർക്കിയോളജിയും ചരിത്രരചനയ്ക്കായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രധാന്യത്തിലാണ് അദ്ദേഹം ഊന്നുന്നത്. കേരളചരിത്രനിർമ്മാണം ശാസ്ത്രീയമാവേണ്ടതിന്റെ ആവശ്യവും ഡോ. അയ്യപ്പൻ എഴുതുന്നുണ്ട്. എന്നാൽ ഇത്തരം ഗവേഷണങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു സ്ഥാപനം നിലവില്ലില്ലാത്തതിന്റെ പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടികാട്ടുന്നു. ലേഖനം എഴുതിയ 1964 ൽ സർക്കാർ സ്ഥാപനമെന്ന നിലയിൽ കേരളത്തിൽ ഒരു നരവംശശാസ്ത്രവിഭാഗം ഉണ്ടായിരുന്നില്ല. പിന്നീടാണ് കണ്ണൂർ സർവ്വകലാശാലയിൽ അത് ആരംഭിക്കുന്നത്.

ശാസ്ത്രീയമായ ഗവേഷണങ്ങൾക്കാണ് എ അയ്യപ്പൻ മുൻതൂക്കം നൽകിയത്. ശാസ്ത്രബോധം ലേഖനങ്ങളുടെയെല്ലാം അടിത്തറയായി നിലിനിൽക്കുന്നു. “എ അയ്യപ്പൻ എന്ന ചിന്തകനെ, അദ്ദേഹം ജീവിച്ച കാലഘട്ടത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചുറ്റുപാടുകളുടെ വെളിച്ചത്തിൽ വിമർശനാത്മകമായി അടയാളപ്പെടുത്താൻ ഗവേഷണ വിദ്യാർഥികളെയും പൊതുസമൂഹത്തെയും സഹായിക്കുക എന്നതാണ് ഈ പുസ്തകം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്” എന്ന് ‘ആയുധപ്പഴമയും നരോത്പത്തിയും’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ എഡിറ്റർ കൂ‌ടിയായ ഡോ. ബാബു ടി സുനിൽ പറയുന്നുണ്ട്. ഓരോ ലേഖനത്തിനു കീഴെയും പ്രസിദ്ധീകരിച്ച കാലം നൽകിയിട്ടുണ്ട്. കാലത്തെ മുൻനിർത്തി ഈ ലേഖനങ്ങളെ വായിക്കാനും വിമർശനാത്മകമായി സമീപിക്കാനും അത് ഉതകും. മൂപ്പത്തിമൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. നരവംശശാസ്ത്രസ്വഭാവം പുലർത്തുന്നവയല്ല എല്ലാ ലേഖനങ്ങളും. കലാചിന്തകളും ചരിത്രാലോചനകളും ഫോക്ലോർ പഠനങ്ങളും ഈ ലേഖനങ്ങളിൽ കാണാം. വിവിധ ജ്ഞാനവിഷയങ്ങളെ സമന്വയിപ്പിച്ചാണ് ഓരോ പഠനവും എ അയ്യപ്പൻ പൂർത്തിയാക്കുന്നത്. ബൗദ്ധദർശനങ്ങളെ പലയിടത്തും രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായി കാണാം. ബുദ്ധചിന്തകളിലേക്ക് നമ്മുടെ ചിന്താമണ്ഡലം അംബേദ്ക്കറിലൂടെയൊക്കെ നടത്തിയ പുനഃസന്ദർശന വേളയിലാണ് ഈ ലേഖനങ്ങളുടെ പിറവി എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

‘വാർധക്യത്തെപ്പറ്റി ചില ചിന്തകൾ’ ആരംഭിക്കുന്നത് തന്നെ ബുദ്ധൻ വിരക്തി മാർഗ്ഗത്തിൽ പ്രവേശിക്കാനുള്ള കാരണങ്ങളിലൊന്ന് മരണമാണെന്ന് പറഞ്ഞുകൊണ്ടാണ്. ആരും മരിക്കാത്ത വീട്ടിൽ നിന്ന് കടുക് തേടിപ്പോയി ഒടുക്കം നിരാശയിലും അവിടെ നിന്ന് ബുദ്ധതത്ത്വത്തിലേക്കുമെത്തിയ സ്ത്രീയുടെ കഥയും ആനുഷംഗികമായി പരാമർശിക്കുന്നുണ്ട്. ബുദ്ധമതവും ഹിന്ദുമതവും എന്ന മറ്റൊരു ലേഖനത്തിൽ ബുദ്ധചിന്തയുടെ വികസിപ്പിച്ച രൂപം കാണാം. മരണത്തിനുള്ള ഒരുക്കമാണ് വാർധക്യം എന്ന് വാർധക്യത്തെ ഗ്രന്ഥകാരൻ നിർവചിക്കുന്നുണ്ട്. ദേഹപ്രകൃതികളിലുള്ള മാറ്റം, അതിലേക്ക് നയിക്കുന്ന ചുറ്റുപ്പാടുകൾ എന്നിവ അക്കമിട്ട് തന്റെ വാദഗതികളെ എ അയ്യപ്പൻ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. വാർധക്യത്തെകാലത്തെപ്പറ്റിയുള്ള ശാസ്ത്രീയപഠനങ്ങൾക്ക് കാലുറയ്ക്കുന്നതിന് മുൻപാണ് അയ്യപ്പന്റെ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.

‘നൂൽ നിർമ്മാണം’ എന്ന മറ്റൊരു ലേഖനം ഗാന്ധിയൻ ചിഹ്നങ്ങളിലൊന്നായ ചർക്കയിലേക്ക് വഴിതുറക്കുന്നു. ചർക്കയെ രൂപപ്പെടുത്തിയ സാമൂഹികവും നരവംശശാസ്ത്രപരവുമായ ചിന്തകളുടെ സാമാന്യമായ വിവരണമാണ് ഈ ലേഖനം. സ്ത്രീകൾക്ക് വിവാഹസമയത്ത് ചർക്ക സമ്മാനമായി നൽകുന്ന ചടങ്ങിനെപ്പറ്റിയും ചർക്ക ഒരു വിപണനരൂപമായി നിലനിൽക്കുന്നതിനെപ്പറ്റിയും ലേഖനം ചർച്ച ചെയ്യുന്നുണ്ട്. ചർക്ക ദേശീയബോധത്തിന്റെ സ്വാഭിമാനത്തിന്റെയും സ്വാശ്രയത്തിന്റെ പ്രതീകം കൂടിയായിരുന്നു. വള്ളത്തോൾ എഴുതിയ പോലെ “നമ്മൾ നൂറ്റ നൂല് കൊണ്ടു നമ്മൾ നെയ്ത വസ്ത്രം കൊണ്ടു നിർമ്മിതമിതനീതിക്കൊരന്ത്യാവരണം” എന്ന ചിന്തയിൽ ഉത്പാദനത്തിന്റെ കർത്തൃത്വം അധ്വാനിക്കുന്നവരിലേക്ക് വരുന്നതിന്റെയും കോളോണിയലിസത്തിന്റെ അധികാരത്തോടുള്ള എതിർപ്പും പ്രകടമാണ്.
“വീട്ടിലാവശ്യമുള്ള വസ്ത്രങ്ങൾ നെയ്യുന്നതിന് നൂൽ നിഷ്പ്രയാസം തറവാട്ടിലെ അമ്മമാർ തന്നെ സ്ഥിതി, ജാതി മുതലായതെല്ലാം ഗണിക്കാതെ ഉണ്ടാക്കുന്നതു ഞാൻ കണ്ടതും ആ പഞ്ചനദ ഗ്രാമത്തിലായിരുന്നു. ആ ഗ്രാമീണരെല്ലാം അഭിമാനപൂർവം ധരിക്കുന്നത് സ്വന്തം സ്ത്രീകൾ നൂറ്റ നൂലുകൊണ്ടു നെയ്ത വസ്ത്രങ്ങളാണ്.” എന്ന് ഡോ. എ അയ്യപ്പൻ. ‘നോ’ നാടകങ്ങൾ എന്ന ലേഖനം കലാപഠനമാണ്. ആട്ടകഥകളെയും തെയ്യത്തെയും ജപ്പാനിലെ നോ നാടകവുമായി ചേർത്തുവെക്കാനുള്ള ശ്രമം ഈ ലേഖനം നടത്തുന്നുണ്ട്. എന്നാൽ രണ്ട് രൂപങ്ങളും വിഭിന്ന സന്ദർഭങ്ങളിൽ വ്യത്യസ്ത ജനമേഖലകളിൽ പിറവിയെടുത്തതാണെന്നുള്ള കാര്യത്തെ ഈ ലേഖനം ഗൗരവമായെടുക്കുന്നില്ല. അത് ഈ പഠനത്തിന്റെ പരിമിതികളിലൊന്നാണ്.

പുരാണമാണ് ശാസ്ത്രമെന്നും പുഷ്പകവിമാനവും ഗണപതിയുടെ തലയും കുടത്തിൽ പിറന്ന കൗരവരും സാങ്കേതികവിദ്യയിലും വൈദ്യശാസ്ത്രത്തിലും ഭാരതീയർക്കുണ്ടായ ആധുനികമായ അറിവിന്റെ ഉദാഹരണങ്ങളാണെന്നുമുള്ള വർത്തമാനകാലത്ത് ഭരണകൂടം പ്രത്യയശാസത്രതാത്പര്യങ്ങളോടെ പ്രചരിപ്പിച്ച കാര്യങ്ങളെ ഡോ. അയ്യപ്പൻ 1930 കളിലെഴുതിയ ലേഖനങ്ങളിൽ ഖണ്ഡിക്കുന്നതായി കാണാം. പുരാണവും ചരിത്രവും ഒന്നാണെന്ന മൂഢചിന്തയിൽ വസിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ലേഖനങ്ങൾ. നരോത്പത്തി, ബ്രഹ്മാണ്ഡവലോകനം, ദശാവതാരവും പരിണാമവാദവും തുടങ്ങിയ ലേഖനങ്ങളിൽ ‘ഭാരതീയ’ അറിവുകളെ പുനർവിചിന്തനത്തിന് വിധേയമാക്കുകയാണ്. ‘ബ്രഹ്മാണ്ഡവകലോകന’ത്തിൽ മാറുന്ന ശാസ്ത്രചിന്തയുടെ വഴികളെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച ശാസ്ത്രചിന്തകളെയും അതിനു വിപരീതമായ പൊതുധാരണകളെയും അയ്യപ്പൻ വിശദീകരിക്കുന്നു. മനുഷ്യനെ ‘പുരുഷൻ’ എന്ന സംജ്ഞയാണ് വിവരിക്കുന്നത്. ഇന്നിന്റെ ചിന്താപരിസരത്തിന് യോജിക്കാനാവാത്ത ചിലവ അയ്യപ്പനിലും കാണാം. കാലഘട്ടം ഇന്നോളം വികസിക്കാത്തതിന്റെ ന്യൂനതകൾ മാത്രമാണത്. ലേഖനത്തിൽ യാന്ത്രികയുക്തിയിൽ അഭിരമിക്കുന്ന ശാസ്ത്രചിന്തകരെ അദ്ദേഹം വിമർശിക്കുന്നുണ്ട്. നവവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ താത്പര്യം വെളിവാക്കുന്ന പ്രസ്താവം കൂടിയാണത്. “പഴയ സമ്പ്രദായത്തിലുള്ള സയൻസിന്റെ സിദ്ധാന്തങ്ങൾ ഇന്നു മാറിയത് നമ്മുടെ യുക്തിവാദികൾ അറിയുന്നില്ല. പഴയ സയൻസ് ലോകത്തെയും ജീവികളെയും വലിയ യന്ത്രങ്ങളാണെന്നു സങ്കല്പിച്ചു. നവീനമായ സയൻസ് അവർക്കു മനസ്സിലാകാത്ത ഭാഗങ്ങൾ, അനുഭവങ്ങളടിസ്ഥാനപ്പെടുത്തി, ചില സംജ്ഞകൾ കൊണ്ടു മനസ്സിലാക്കുന്നു. പ്രജ്ഞയും ബോധവും ജ്ഞാനവും യന്ത്രപ്രവൃത്തിയല്ലെന്നും അവർ ഉദ്ഘോഷിക്കുന്നു.”

ചാൾസ് ഡാർവിൻ

നരോത്പത്തിയിൽ ചാൾസ് ഡാർവിനെ ഡാർവിൻ മഹർഷി എന്നാണ് എ അയ്യപ്പൻ വിളിക്കുന്നത്. ഡാർവിന്റെ പരിണാമവാദത്തെ എതിർത്ത മതപുരോഹിതർ പിന്നീട് ഡാർവിന് സാഷ്ടാംഗനമസ്കാരം കൊടുത്തതതായി അയ്യപ്പൻ എഴുതുന്നു. പരിണാമദശകളെ ശാസത്രീയമായ വിശദീകരിക്കുകയാണ് ഈ ലേഖനം. കാപാലസ്ഥികളും ദന്തങ്ങളും പൂർവ്വികരിലേക്കുള്ള അന്വേഷണത്തെ എങ്ങനെ നയിച്ചു എന്നദ്ദേഹം വിവരിക്കുന്നു. “അല്പം ചില ചരിത്രശകലങ്ങൾ മാത്രമേ നരവർഗ ശാസ്ത്രക്കാർ നമ്മുടെ പൂർവികന്മാരെക്കുറിച്ച് ശേഖരിച്ചിട്ടുള്ളൂ. അതിൽ നിന്നുതന്നെ എത്രയോ സംസ്കാരചക്രങ്ങളും സ്ഥിതിപരിണാമങ്ങളും നാം കാണുന്നു. ആഫ്രിക്കാ വൻകരയിലെ പരിഷ്കാരം നശിച്ചു. മധ്യധരണീ സമുദ്രതീരത്തിൽ ഉദ്ഭവിച്ച സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമേ ശേഷിച്ചിട്ടുള്ളൂ. മനുഷ്യപുരോഗതി താൽക്കാലിക തടസ്സങ്ങൾ അവഗണിച്ച് ഒരു മഹാഗംഗ പോലെ ബ്രഹ്മസിന്ധുവിലേക്ക് ലോകത്തെ തരണം ചെയ്തു പ്രവഹിക്കുന്നു.” ഇന്ന് ടോണി ജോസഫിന്റെ ‘Early Indians’ ഒക്കെ വരുമ്പോഴേക്കും ആഫ്രിക്കയിൽ നിന്ന് സിന്ധുനദീതടത്തിലേക്കുള്ള പ്രവാഹത്തിന് പുതിയ അറിവുകളുടെ അടിസ്ഥാനത്തിലുള്ള, ജീനോളജി വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണങ്ങൾ സാധ്യമാവുന്നുണ്ട്. ദശാവതാരം പരിണാമവാദത്തിന് സമാനമാണ് എന്ന ഇന്നും സൈബറിടങ്ങളിൽ പ്രചരിക്കുന്ന മൂഢചിന്തയെ ഡോ. എ അയ്യപ്പൻ, വി ശങ്കരമേനോന് എഴുതിയ ലേഖനത്തിന് മറുപടി എന്ന നിലയിൽ ലേഖനമെഴുതുന്നുണ്ട്. കപടദേശാഭിമാനം കൂടി ഇല്ലാത്ത പാരമ്പര്യം ഉണ്ടെന്ന് കാട്ടാൻ ലോകത്തിലെ ജ്ഞാനം മുഴുവൻ എന്റെ പത്തായത്തിൽ നിന്ന് കളവുപോയതാണെന്ന് പറയുന്ന സംഘപരിവാർ യുക്തിക്കുള്ള മറുപടിയാണ് ഈ ലേഖനം.

കേസരി ബാലകൃഷ്ണപ്പിള്ള എഴുതുന്നുണ്ട്. “യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള വൈമനസ്യം, കഴിഞ്ഞകാലത്തെപ്പറ്റിയുള്ള അതിയായ ബഹുമാനം, വർത്തമാനകാലത്തെക്കുറിച്ചുള്ള പുച്ഛം, ആദർശഭ്രാന്ത്, അപ്രവൃത്തിയോടുള്ള അനുഭാവം എന്നീ ദൂഷ്യങ്ങൾ ആദ്ധ്യാത്മി കത്വത്തിന്റെ ആധിക്യം നിമിത്തം (കേരളീയകല ഉൾപ്പെടെയുള്ള) ഭാരതീയ കലകളേയും ബാധിച്ചിട്ടുണ്ട്.” കേരളീയ കലകളെക്കുറിച്ചെഴുതുന്ന സന്ദർഭത്തിലാണ് കേസരി ഇങ്ങനെ പറഞ്ഞതെങ്കിലും നമ്മുടെ ചരിത്രപഠനത്തിലും ശാസ്ത്രപഠനത്തിലും ഈ പ്രശ്നം ഇപ്പോഴെന്നല്ല വർഷങ്ങളായി കടന്നുകൂടിയിട്ടുള്ളതാണ്. എ അയ്യപ്പൻ എഴുതുന്നു ”പുരാണങ്ങൾ പല വിധത്തിലും വിജ്ഞാനഭണ്ഡാഗാരങ്ങൾ തന്നെയാണ്. എങ്കിലും -‘ദശാവതാരകഥയിൽ ശ്രദ്ധവെച്ചാൽ ഒരുപക്ഷെ പ്രസ്തുത (പരിണാമ) വാദാധ്വാവിലുള്ള വിടവുകളെ മൂടുവാൻ സാധ്യമാകുമെന്നും എനിക്കഭിപ്രായമുണ്ട്’ – ഈ വാചകത്തിൽ അജ്ഞാനമോ നമ്മുടെ മറഞ്ഞുപോയ മാഹാത്മ്യത്തിലുള്ള ദുരഭിമാനമോ ഏതാണ് ജാസ്തിയെന്നു നിശ്ചയിക്കാൻ പ്രയാസം. ശ്രീമാൻ മേനോൻ ഈ ഉപദേശം നല്കുന്നതിന് എത്രയോ മുൻപുതന്നെ ശാസ്ത്രതത്ത്വങ്ങൾ ആരായേണ്ട സ്ഥലങ്ങളിൽ അതിന് ത്രാണിയുള്ളവർ ആ പ്രവൃത്തി നടത്തിയിരുന്നു. ഉപനിഷത്തുകളിലെ തത്ത്വങ്ങളുടെ ശകലങ്ങൾ മാത്രമല്ലേ പുരാണങ്ങളിലുള്ളൂ? നമ്മുടെ പൂർവികർ സർവജ്ഞരായിരുന്നുവെന്നും ചില ആധുനികർ സ്ഥാനത്തും അസ്ഥാനത്തും ഘോഷിക്കുന്നത് നമ്മുടെ പുരോഗതിക്കു തടസ്ഥമായിരിക്കും. ആകാശവിമാനമായാലും വേണ്ടില്ല. ചലനചിത്രമായാലും വേണ്ടില്ല, ഏതു യൂറോപ്യൻ കണ്ടുപിടിത്തവും ചിലരുടെ അഭിപ്രായത്തിൽ നമ്മുടെ കാരണവന്മാർ പഠിച്ചുമറന്ന വിദ്യകളാണ്. അഭിമാനം അത്യാവശ്യമാണ്; എന്നാൽ അഭിമാനത്തിന്റെയും അടിസ്ഥാനം സത്യത്തിലായിരിക്കണം. മിസ്റ്റർ മേനോന്റെ വാദങ്ങൾ ശ്രദ്ധയോടും ആദരവോടും കൂടി പഠിച്ചിട്ടും അവയിൽ സത്യസ്ഥിതിയുടെ കണികപോലും കാണാത്തതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ എനിക്കു കഴിയുന്നില്ല. പുരാണങ്ങളിലും പരിണാമവാദത്തിലും നല്ലവണ്ണം പരിചയമുള്ള കേരളീയ പണ്ഡിതരിൽ ആരെങ്കിലും ഈ വിഷയത്തിൽ അഭിരുചി കാണിച്ചെങ്കിൽ നന്നായിരുന്നു.” എന്ന് വ്യക്തതയോടെ ശങ്കമേനോന്റെ വാദത്തെ ഖണ്ഡിക്കുന്നു. “അദ്ഭുതകഥകളടങ്ങിയ പുരാണങ്ങൾ സങ്കല്പസൃഷ്ടങ്ങളാണ്. മതഗ്രന്ഥങ്ങളിൽ അവയ്ക്കു സ്ഥാനം കിട്ടിയത് ചിലർ (മന്ദബുദ്ധികളായവർ) ആ കഥകളിൽ അഭിരുചിയുള്ളവരായിരുന്നു എന്ന ഒരു കാരണം കൊണ്ടാണ്” എന്ന എസ് രാധാകൃഷ്ണന്റെ അഭിപ്രായം ചേർത്തുവെച്ചാണ് അയ്യപ്പൻ ലേഖനം അവസാനിപ്പിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ആദിമനിവാസികൾ, ആദിമനിവാസികളുടെ ഉന്നമനം, മലയാളത്തിലെ ശിലായുഗ മനുഷ്യൻ, ആദിവാസിപ്രശ്നങ്ങൾ, ഈഴവർക്കു ചരിത്രമുണ്ടോ?, പാറപ്പുറത്തെ പനിനീരലർ എന്നിവ സമാനസ്വാഭാവമുള്ള ലേഖനങ്ങളാണ്. ഈഴവർക്ക് ചരിത്രമുണ്ടോ? എന്ന ലേഖനം Ezhavas and Culturel Change എന്ന ഗ്രന്ഥത്തിലെ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ്. പിന്നീട് പി.കെ ബാലകൃഷ്ണൻ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എഴുതുമ്പോൾ ഈ പഠനങ്ങളെ പിൻപറ്റുന്നുണ്ട്. എത്നോഗ്രാഫിയുടെ സാധ്യതകളുപയോഗിച്ചാണ് ദക്ഷിണേന്ത്യയിലെ ആദിമനിവാസികൾ, മലയാളത്തിലെ ശിലായുഗമനുഷ്യൻ, സൊവരർ തുടങ്ങിയ ലേഖനങ്ങൾ എഴുതിയിട്ടുള്ളത്. നിലമ്പൂർ വനമേഖലയിലെ ഏർനാടൻ വിഭാഗത്തിലെ മനുഷ്യരെ ഈ ലേഖനത്തിൽ പഠനത്തിനായി ഉപയോഗപ്പെടുത്തുന്നു. ഒറീസയിലെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ സൊവരറെക്കുറിച്ചുള്ള വംശീയപഠനമാണ് ‘സൊവരർ’ എന്ന ലേഖനം. കുറിച്യരെ പോലെ തനിക്ക് പ്രിയപ്പെട്ട ജനസമൂഹമാണ് സൊവരർ എന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. വീട്ടകവും വസ്ത്രധാരണവും ദേവതസ്ഥാനങ്ങളും ഭക്ഷണവൈവിധ്യവും പഠനവിധേയമാകുന്നു.
“ജന്മിമാരുടെയും അവരുടെ കിങ്കരന്മാരുടെയും ദോമുകളുടെയും മുഷ്കും ഉപദ്രവവും സഹിക്കാൻ നിവൃത്തിയില്ലാതായിത്തീർന്ന പല അവസരങ്ങളിലും ‘ഫിത്തൂരി’ അല്ലെങ്കിൽ ധർമയുദ്ധത്തിനു തയ്യാറാവാൻ സൊവരർ മടിച്ചിരുന്നില്ല. സാവരരുടെ യുദ്ധം ഒന്നാന്തരം ഗറില്ല സമ്പ്രദായത്തിലായിരുന്നു. ഇന്നും സ്വാതന്ത്ര്യബോധം സൊവരരെ വിട്ടുപോയിട്ടില്ല” എന്ന് ഒരു ജനതയുടെ പ്രതിരോധബോധത്തെ മുൻനിർത്തി അയ്യപ്പൻ എഴുതുന്നു. ഒരു ജനതയുടെ ഭാഷ, സെൻസസ്, ജീവിനിലവാരത്തിലുള്ള വികാസം, നിത്യജീവിതം തുടങ്ങിയവയെല്ലാം തന്റെ പഠനങ്ങളിൽ അയ്യപ്പൻ വിശകലനവിധേയമാക്കുന്നുണ്ട്.

വസ്തുകളെയും സ്ഥലങ്ങളെയും ആസ്പദമാക്കിയ പഠനങ്ങളും അയ്യപ്പന്റേതായി ഉണ്ടായിട്ടുണ്ട്. പുരാവസ്തു ഗവേഷണപഠനങ്ങളുടെ ഭാഗമായും സ്ഥലപഠനത്തിന്റെ ഭാഗമായും അവയെ പരിഗണിക്കാം. ആയുധപ്പഴമ, വയനാട്ടിൽ, ഗുരുവായൂർ ക്ഷേത്രം, ഹരപ്പ, സരസ്വതി, നാഗാർജുനകൊണ്ട, ഭുവന്വേശരിയിലെ കൃത്തിവാസക്ഷേത്രം തുടങ്ങിയവ ഈ സ്വഭാവം പുലർത്തുന്നവയാണ്. മ്യൂസിയവും പൊതുജനങ്ങളും മ്യൂസിയത്തിന്റെ പ്രധാന്യത്തെ പ്രധാനവിഷയമാക്കുന്നത്. മ്യൂസിയവിജ്ഞാനം ഇന്ന് ഒരു പഠനശാഖയായി വികസിച്ചു കഴിഞ്ഞു. “കല്ലിലെന്നപോലെ മരത്തിലും വിശിഷ്ടമായ കൊത്തുപണിക്ക് മലബാർ പ്രസിദ്ധമാണ്. അവയുടെ നല്ല മാതൃകകൾ കേരളീയരല്ലാത്തവർക്കും കേരളീയർക്കുതന്നെയും എവിടെ കാണാൻ കഴിയും? തന്നെത്താൻ തെണ്ടിയലഞ്ഞ് അന്വേഷിച്ചു പോകേണ്ടിവരും. മ്യൂസിയത്തെ ഒരു കലാകേന്ദ്രവും പ്രദർശനകേന്ദ്രവുമായി ഗണിച്ച് അതിനെ പോഷിപ്പിക്കാൻ ശ്രമിക്കേണ്ടത് പൊതുജനങ്ങളുടെ ചുമതലയാണ്. വിദേശസഞ്ചാരം ചെയ്യുന്ന ഏതൊരു യൂറോപ്യനും തന്റെ പട്ടണത്തിലെ മ്യൂസിയത്തെ സ്മരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ വന്നുപോകുന്ന ഓരോ ഇംഗ്ലീഷുകാരനും നമ്മുടെ കലാവസ്തുക്കളിൽ നിന്ന് ഒരു ഭാഗം സ്വരാജ്യത്തേക്കു കൊണ്ടുപോകുന്നു. നമ്മളെന്തു ചെയ്യുന്നു” എന്ന ചോദ്യം അയ്യപ്പൻ ഉയർത്തുന്നുണ്ട്. സകാമമൃത്യു എന്ന ലേഖനം ജൈനമതത്തിന്റെ സല്ലേഖനം എന്ന മരണവഴിയുടെ വിവരണമാണ്. മലയാളത്തിൽ ശൂന്യമനുഷ്യർ എന്ന നോവലിൽ പി സുരേന്ദ്രൻ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്.

എം.എൻ വിജയൻ

3
മലയാളിയുടെ ചിന്താചരിത്രത്തെ വൈവിധ്യമാർന്ന അനേകം വഴികളിലേക്ക് കൊണ്ടുപോയ മഹത്തായ പേരുകളിലൊന്നാണ് ഡോ. എ അയ്യപ്പൻ. വിജ്ഞാനമണ്ഡലങ്ങൾ വികസിക്കുന്ന ഘട്ടത്തിൽ ലഭ്യമായ സൗകര്യങ്ങളും രീതിശാസ്ത്രവും ഉപയോഗിച്ചാണ് അയ്യപ്പൻ ഗവേഷണപ്രവർത്തനങ്ങൾ നടത്തിയത്. ഇന്ന് വികസിച്ച പല അറിവുകളുടെയും പ്രരംഭവഴികൾ ഡോ. എ അയ്യപ്പന്റെ ലേഖനങ്ങളിൽ കാണാം. എത്നോഗ്രാഫിയും ചരിത്രവിജ്ഞാനവും കലാപഠനവും മ്യൂസിയവിജ്ഞാനവും പുരാവസ്തുഗവേഷണവും ചേർന്ന വിപുലവും സമഗ്രവുമായ പഠനത്തിനാണ് അയ്യപ്പൻ ശ്രമിച്ചത്. തന്റെ വിജ്ഞാനത്തെ, എം.എൻ വിജയൻ പറഞ്ഞപോലെ ശിശുതുല്യമായി ലാളിത്യത്തോടെ ഭാഷയിൽ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിലൂടെ ഭാഷയുടെ വൈജ്ഞാനികവഴികളെ ഡോ. എ അയ്യപ്പൻ വിസ്തൃതമാക്കി. മലയാളിയുടെ ചിന്താവഴിയിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ് ‘ആയുധപ്പഴമയും നരോത്പത്തിയും’. എം.എൻ വിജയൻ നിരീക്ഷിച്ചപോലെ
“ഒരു നൂറ്റാണ്ടിനിടയ്ക്ക് കേരളം ഉത്പാദിപ്പിച്ച ചുരുക്കം വലിയ മനുഷ്യരിൽ ഒരാൾ ഡോക്ടർ അയ്യപ്പനാണെന്ന് വളരെക്കഴിഞ്ഞാണ് ഞങ്ങൾക്കു മനസ്സിലായത്. മനുഷ്യവിജ്ഞാനത്തിന്റെ ആകത്തുകയിലേക്ക് എത്ര ചെറുതാണ് കേരളത്തിന്റെ സംഭാവന.” അറിവുൽപ്പാദനം എന്ന ശ്രമകരമായ പ്രവൃത്തിയിൽ നിരന്തരം ഏർപ്പെടുകയും മൗലികമായ ചിന്തകളെ അവതരിപ്പിക്കുകയും ചെയ്ത ചിന്തയുടെ വഴിയിലെ വിളക്കുമരങ്ങളിലൊന്നാണ് ഡോ. എ അയ്യപ്പൻ.

ആയുധപ്പഴമയും നരോത്പത്തിയും
(മലയാളം)
പ്രസാധകർ: മാതൃഭൂമി ബുക്സ്, വിഭാ​ഗം: ചരിത്രം‌, വില: 275

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read