ഇന്ത്യയുടെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവ്

Écrits – 5 (ബുക്ക് റിവ്യൂ കോളം)

“ശത്രു വിജയിക്കുകയാണെങ്കിൽ, മരിച്ചവർക്കുപോലും അവനിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും അവന്റെ വിജയങ്ങൾക്ക് അറുതി വന്നിട്ടില്ലെന്നും ദൃഢമായി വിശ്വസിക്കുന്ന ഒരു ചരിത്രകാരനു മാത്രമേ ചരിത്രത്തിലെ ചാരം മൂടിക്കിടക്കുന്ന പ്രതീക്ഷയുടെ കനലുകളെ വിപ്ലവജ്വാലയായി ഊതിക്കത്തിക്കാനാവൂ.”

– വാൾട്ടർ ബെഞ്ചമിൻ
(ടി.കെ രാമചന്ദ്രന്റെ വിവർത്തനം)

ടീസ്റ്റ സെതൽവാദ് തയ്യാറാക്കി 2015 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘Beyond the doubt – A Dossier on Gandhi ‘s assassination’. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 2019 ൽ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘സംശയാതീതം – ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ.’ രാജീവ് ചേലനാട്ടാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്. 2014 ൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ രാജ്യം മുമ്പ് ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത അരക്ഷിതാവസ്ഥയിലേക്ക് പ്രവേശിക്കുകയായിരുന്നു. ബാബറി മസ്ജിദിന്റെ അടിച്ചുടയ്ക്കൽ ആ അരക്ഷിതാവസ്ഥയിലേക്കുള്ള ആദ്യ പടവാണെന്ന് വിചാരിച്ചെങ്കിൽ തെറ്റി; 1930 കൾ മുതൽ അതിനുള്ള ശ്രമങ്ങൾ ഹിന്ദുത്വ സംഘടനകൾ നടത്തുന്നുണ്ട്. പലതവണ ശ്രമിച്ചു പരാജയപ്പെട്ട കാര്യം ഹിന്ദുമഹാസഭ സാക്ഷാത്കരിച്ച ദിനമായിരുന്നു 1948 ജനുവരി 30. ഗാന്ധി വധത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ജനുവരി 20 ന് പഞ്ചാബി റെഫ്യൂജിയിൽ മദൻലാൽ പഹ്വ എറിഞ്ഞ ബോബ് ഗാന്ധിയെ ലക്ഷ്യമാക്കിയിട്ടുള്ളതായിരുന്നു. ഈ സംഭവത്തെക്കുറിച്ച് തുഷാർ എ ഗാന്ധി തന്റെ ‘Let’s Kill Gandhi’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ വിശദീകരിക്കുന്നുണ്ട്. മദൻലാലിനെ അറസ്റ്റ് ചെയ്ത പോലീസിന് ഡൽഹി മറൈൻ ഹോട്ടലിലെ റൂം നമ്പർ 40 ൽ എത്തി അനേകം തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞു. പൂനെയിലെ ഹിന്ദുരാഷ്ട്ര, അഗ്രണി എന്നീ പത്രങ്ങളുടെ നടത്തിപ്പുകാരായ നാഥുറാം വിനായക് ഗോഡ്സേയും നാരായൺ ആപ്തേയുമാണ് ഈ വധശ്രമത്തിനു പിറകിലെന്ന് പൊലീസിന് വച്ച് വിവരം കിട്ടി. ഇതേ സമയം ബോംബെ പ്രവിശ്യയുടെ ആഭ്യന്തര മന്ത്രി മൊറാർജി ദേശായിക്ക് ബോംബെ റൂയൈ കൊളേജിലെ പ്രൊഫസർ ജെ.സി ജെയിൻ മദൻ ലാലും സംഘവും ഗാന്ധിയെ വധിക്കാൻ പദ്ധതിയിടുന്ന വിവരം നൽകുന്നുണ്ട്. ഈ വിവരം മൊറാർജി ദേശായി സർദാർ വല്ലാഭായി പട്ടേലിനെ ധരിപ്പിച്ചു. പക്ഷെ താൻ ആ വിവരം ഗൗരവമായി എടുത്തില്ല എന്ന് പട്ടേൽ പിന്നീട് കുറ്റബോധത്തോടെ പറയുന്നുണ്ട്. ഈ ഗൂഢാലോചനയെ ശരിയായി രീതിയിൽ അമർച്ച ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ഗാന്ധി രക്തസാക്ഷി ആവില്ലായിരുന്നു.

ഇം​ഗ്ലീഷ് പുസ്തകത്തിന്റെ കവർ

1948 ജനുവരി 30ന് സായാഹ്ന പ്രാർത്ഥനയ്ക്കായി മനുവിനും ആഭയ്ക്കുമൊപ്പം ബിർള മന്ദിരത്തിലെ പ്രാർത്ഥന മുറിയിലേക്ക് പോകുകയായിരുന്ന, മഹാത്മ എന്ന് രാജ്യം വിളിച്ച ആ വൃദ്ധന്റെ നെഞ്ചിലേക്ക് വെടിയുണ്ട പാഞ്ഞുകയറി. ഹേറാം എന്ന് വിറയാർന്ന ചുണ്ടുകളോടെ ഉച്ചരിച്ച് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന സത്യാന്വേഷി ജീവിതത്തിൽ നിന്നും വിടവാങ്ങി. 9 എം.എം ഇറ്റാലിയൻ ബറേറ്റ പിസ്റ്റളിന് പിറകിൽ നിലയുറപ്പിച്ച നാഥുറാം വിനായക് ഗോഡ്സെ എന്ന ഹിന്ദുരാഷ്ട്രയുടെ പത്രാധിപർക്ക്, വി.ഡി സവർക്കറുടെ വിശ്വസ്തനായ അനുയായിക്ക് കൊലപാതകത്തിനുള്ള ശിക്ഷ ലഭിച്ചു. പക്ഷെ അയാൾ പിന്തുടർന്ന ഹിന്ദുമഹാസഭയുടെ ആശയങ്ങൾ പുതിയ വേഷവിധാനങ്ങളോടെ വർഷങ്ങൾക്ക് ശേഷം അധികാരത്തിലെത്തുകയും ഗാന്ധിയുടെ ആദർശങ്ങൾ ഒട്ടുമുക്കാലും ചാരമായി മാറുകയും ചെയ്തിരിക്കുന്നു. ഗോഡ്സെയുടെ സ്മാരകത്തിനും ശൗര്യദിനത്തിനുമായി ഹിന്ദുത്വസംഘടനകൾ മുറവിളി കൂട്ടുകയാണിന്ന്. ഓരോ വർഷവും ജനുവരി 30ന് ഗാന്ധിയുടെ നെഞ്ചിൽ പിന്നെയും പിന്നെയും വെടിയുണ്ടയേൽക്കുന്നു. എൻ.വി കൃഷ്ണവാര്യർ എഴുതിയ പോലെ, ‘അരി വാങ്ങാൻ ഗാന്ധി ക്യൂവിൽ തിക്കി നിൽക്കുന്നു. ഗോഡ്സേ കൂറ്റൻ കാറിൽ അരികിലുടെ നീങ്ങുന്നു’. ഈ പശ്ചാത്തലത്തിൽ ഗാന്ധി വധത്തിലേക്കും തുടർന്നു നടന്ന അന്വേഷണത്തിലേക്കുമുള്ള പുനഃസന്ദർശനമാണ് ടീസ്റ്റ സെതിൽവാദിന്റെ ‘സംശയാതീതം’ (Beyond the doubt).

ഈ പുസ്തകത്തിന്റെ രചനാലക്ഷ്യം ആമുഖത്തിൽ ഗ്രന്ഥകൃത്ത് വ്യക്തമാക്കുന്നുണ്ട്. “ഈ പുസ്തകം ഒരുക്കുന്നതിന് ഒരു പ്രധാനപ്പെട്ട കാരണമുണ്ട്. ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ കറുത്ത മേഘങ്ങൾ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയും മെയ് 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തതോടെ, ഒരു വർഷമായി ആസൂത്രണം ചെയ്തുകൊണ്ടിരുന്ന ഗാന്ധിവധത്തെക്കുറിച്ചുള്ള ഈ രേഖകൾ പ്രസിദ്ധീകരിക്കേണ്ടത് അത്യന്താപേക്ഷിതമായിത്തീർന്നു. ആർ.എസ്സ്.എസ്സിനെ നിരോധിച്ചുകൊണ്ടുള്ള ഭാരത സർക്കാറിന്റെ പത്രക്കുറിപ്പും അനുബന്ധമായുള്ള സർക്കാർരേഖകളും നശിപ്പിക്കപ്പെടാനുള്ള ഒരു സാധ്യത ഇന്നുണ്ട്. അങ്ങനെ സംഭവിക്കുന്നപക്ഷം സർക്കാരിനെ അതിനുത്തരവാദിയാക്കുവാൻ വിവരാവകാശ നിയമപ്രകാരം നടത്തിയ ശ്രമങ്ങളും പൂർണ്ണമായി വിജയിച്ചിട്ടില്ല.”

ടീസ്റ്റ അറസ്റ്റ് ചെയ്യപ്പെടുന്നു

ടീസ്റ്റ സൂചിപ്പിച്ച ആ രാഷ്ട്രീയം ഇപ്പോൾ രണ്ടാം തവണയും ഭരണത്തിൽ തുടരുകയാണ്. ഈ പുസ്തകം എഴുതിയ ടീസ്റ്റ സെതൽവാദ് അതിന്റെ ഇരയായിത്തീരുകയും ചെയ്തിരിക്കുന്നു. 2022 ജൂൺ 26ന് ടീസ്റ്റയെ മുംബൈ ജുഹുവിലെ അവരുടെ വസതിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്ത് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. ”It’s a travesty that the order of the vacation bench of SC was used to arrest Teesta Setalvad & now her 14 day custody. This is sheer vendetta. A larger SC bench must review this Order.” എന്നാണ് സീതാറാം യെച്ചൂരി ഈ അറസ്റ്റിനോട് പ്രതികരിച്ചത്. ആംനെസ്റ്റി ഇന്റർനാഷണലും യു.എൻ പ്രത്യേക റിപ്പോർട്ടറും ഉൾപ്പെടെ നിരവധി പേർ ഈ അറസ്റ്റിനെ അപലപിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ടീസ്റ്റയുടെ അന്വേഷണഫലങ്ങൾ ഭരണകൂടത്തെ അസ്വസ്ഥമാക്കിയിരുന്നു.’സംശയാതീതം’ (Beyond the doubt) എഴുതുമ്പോൾ ടീസ്റ്റ ആശങ്കപ്പെട്ടതുപോലെ തന്നെ രാജ്യം ഹിന്ദുത്വ ഫാസിസത്തിന്റെ സമ്പൂർണ്ണ അധീശത്വത്തിലായിക്കഴിഞ്ഞു. പ്രതിഷേധ സ്വരങ്ങളെയെല്ലാം അടിച്ചമർത്തി തടവിലിടുന്ന സാഹചര്യത്തിൽ ടീസ്റ്റ സെതൽവാദിന്റെ ഈ പുസ്തത്തെക്കുറിച്ചുള്ള വായനയ്ക്ക് എന്നത്തെക്കാളും പ്രസക്തിയുണ്ട്.

ടീസ്റ്റ സെതൽവാദും ജീവിതപങ്കാളിയായ ജാവേദ് ആനന്ദും ചേർന്ന് 1993 ലാണ് കമ്മ്യൂണലിസം കോമ്പാറ്റ് (Communalism Combat) എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. മതഭീകരവാദത്തിനെതിരെ പൊരുതുക എന്ന ലക്ഷ്യത്തോടെയാണ് അതുവരെയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ടീസ്റ്റയും ജാവേദും കമ്മ്യൂണലിസം കോമ്പാറ്റ് ആരംഭിക്കുന്നത്. 1992 ലെ ബാബറി മസ്ജിദ് ആക്രമണം ഇങ്ങനെയൊരു പ്രസിദ്ധീരണ സ്ഥാപനം തുടങ്ങുന്നതിന് പിന്നിലെ പ്രേരകശക്തിയായി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംബ്രംഗ് കമ്മ്യൂണിക്കേഷൻ എന്ന എൻ.ജി.ഒ ആണ് ഈ പ്രസിദ്ധീകരണത്തിന് സാമ്പത്തിക സഹായം നൽകുന്നത്. Citizens for Peace and Justice എന്ന സന്നദ്ധസംഘടനയും ഇതിന്റെ ഭാഗമാണ്. ഇന്ത്യയിൽ നടക്കുന്ന വർഗ്ഗീയ കലാപങ്ങൾക്ക് പിറകിലെ സത്യം കണ്ടെത്തുകയും അത് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. ഗുജറാത്ത് കലാപം, ഗാന്ധി വധം, ബാബറി മസ്ജിദ് ആക്രമണം തുടങ്ങിയ സംഭവങ്ങളുടെ വേരുകൾ അന്വേഷിച്ച് കമ്മ്യൂണലിസം കോമ്പാറ്റ് പ്രസിദ്ധീകരിച്ചു. കൂടാതെ രാജ്യത്ത് നടക്കുന്ന മതവർഗ്ഗീയത മൂലമുണ്ടാകുന്ന അസംഖ്യം പ്രശ്നങ്ങൾ അവർ അഭിസംബോധന ചെയ്തു. ഗാന്ധി വധവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും വിസ്മരിക്കപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളും ടീസ്റ്റ കണ്ടെത്തി പ്രസിദ്ധീകരിച്ചു. ഇക്കാര്യങ്ങളിലെല്ലാം പല തരത്തിലുള്ള നിയമപോരാട്ടങ്ങൾ തുടരുന്നതിനിടയിലാണ് അവർ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെട്ടത്.

‘സംശയാതീതം’ എന്ന ഈ പുസ്തകം ടീസ്റ്റ സെതിൽവാദിന്റെ ദീർഘമായി ആമുഖത്തോടെയാണ് തുടങ്ങുന്നത്. തുടർന്ന് ആർ.എസ്.എസിനെ 1948 ൽ നിരോധിച്ച സർക്കാർ ഉത്തരവുകളും ആഭ്യന്തരമന്ത്രാലയം നശിപ്പിച്ച 11,000 ഫയലുകളെക്കുറിച്ചുള്ള അന്വേഷണവും അതിനായി വെങ്കിടേഷ് നായകും പുരുഷോത്തം അഗർവാളും സമർപ്പിച്ച വിവരാവകാശരേഖകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഗാന്ധി സമ്പൂർണ്ണ കൃതികളുടെ സംശോധനവുമായി ബന്ധപ്പെട്ട് ത്രിദീപ് സുഹൃദ് എഴുതിയ കുറിപ്പ്, ചുനിഭായ് വൈദ്യയുടെ ഗാന്ധിഘാതകരെക്കുറിച്ചുള്ള ലഘുലേഖ, വൈ.ഡി ഫാഡ്ക്കെ മറാത്തി ഭാഷയിലെഴുതിയ നാഥുരാമായണം എന്ന പുസ്തകത്തിലെ ഒരു ഭാഗം, മഹാത്മ്യചി ആഖേർ എന്ന പേരിൽ ജഗൻ ഫഡിനിസ് മറാത്തി ഭാഷയിലെഴുതിയ പുസ്തകത്തിന്റെ സമ്പൂർണ്ണ പരിഭാഷ, ഡി.ആർ ഗോയലിന്റെ പുസ്തകത്തിൽ നിന്നൊരു ഭാഗം, ആർ.കെ ആനന്ദ്, ഭിഷം സാഹ്നി, സ്റ്റീഫൻ മർഫി, എന്നിവരുടെ കുറിപ്പുകൾ, ഗാന്ധി വധത്തെ തുടർന്നുണ്ടായ കത്തിടപ്പാടുകൾ, മുഖപ്രസംഗങ്ങൾ, ഗോപാൽ ഗോഡ്സേയുമായുള്ള അഭിമുഖം, ഓർഗനൈസറും പാഞ്ചജന്യവും പ്രസിദ്ധീകരിച്ച കുറിപ്പുകൾ എന്നിവ ചേർത്താണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഗാന്ധി വധത്തെ സംബന്ധിച്ച സുപ്രധാനരേഖയാണ് ഈ പുസ്തകം എന്നു പറയാം.

സവർക്കർക്ക് ഒപ്പം ​ഗോഡ്സെ

ഗാന്ധിവധത്തിന് ശേഷം 1949 മെയ് 8 ന് പഞ്ചാബ് ഹൈകോടതിയിൽ നൽകിയ അപ്പീലിൽ എന്തിനാണ് താൻ ഗാന്ധിയെ കൊന്നത് എന്ന് ഗോഡ്സെ വ്യക്തമാക്കുന്നുണ്ട്. ഗാന്ധി അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും വക്താവായതാണ് ആദ്യത്തെ പ്രകോപനം. ശിവജിയുടെയും റാണാപ്രതാപിന്റെയും പാരമ്പര്യത്തെ ഗാന്ധിയുടെ അഹിംസാമാർഗ്ഗം റദ്ദാക്കുന്നതിനാൽ ഗാന്ധിയോടുള്ള ആദ്യ വിയോജിപ്പ് ഉടലെടുത്തു. രണ്ടാമത്തേത് ഗാന്ധിയുടെ മുസ്ലീം സമുദായത്തോടുള്ള വാത്സല്യവും മതേതരസങ്കല്പവുമാണ്. ‘സത്യത്തിന്റെയും അഹിംസയുടെയും പേരിൽ രാജ്യത്തിന് അനേകം ദുരന്തങ്ങൾ സമ്മാനിച്ച സമാധാനപ്രേമി’ എന്നാണ് ഗോഡ്സെ ഗാന്ധിയെ വിളിക്കുന്നത്. മുസ്ലിം സമുദായത്തിന് വേണ്ടിയുള്ള സത്യാഗ്രഹം ഗാന്ധിയെ അവസാനിപ്പിക്കണം എന്ന തീരുമാനത്തിൽ ഗോഡ്സെയെ എത്തിച്ചു. ഹിന്ദുപുരാണങ്ങളും വീരകഥകളും സവർക്കറുടെ ഉപദേശങ്ങളും ഈ തീരുമാനത്തെ ഊതിക്കത്തിച്ചു. രാഷ്ട്രഭാഷയായ ഹിന്ദിക്ക് പകരം ഉറുദു കൂടി ചേർന്ന ഹിന്ദുസ്ഥാനി എന്ന ഭാഷ ഗാന്ധി മുന്നോട്ടുവച്ചതാണ് മറ്റൊരു പ്രകോപനം. ഗാന്ധിയാണ് വിഭജനത്തിന്റെ മുറിവുകൾ സൃഷ്ടിച്ചതെന്നും വിഭജനശേഷം മുസ്ലീം സമുദായത്തിനായി അദ്ദേഹം നടത്തിയ നിരാഹാര സത്യാഗ്രാഹം തന്നെ പ്രകോപിപ്പിച്ചെന്നും ഗോഡ്സെ പറയുന്നു. നെഹ്റുവിന്റേ മതേതര കാഴ്ച്ചപ്പാടിനെയും കോടതിയിൽ നൽകിയ പ്രസ്താവനയിൽ ഗോഡ്സെ എതിർക്കുന്നുണ്ട്. ഗാന്ധി വധത്തെ സംബന്ധിച്ച തീരുമാനങ്ങൾ താൻ ഒറ്റയ്ക്ക് എടുത്തതാണെന്ന് പറഞ്ഞ് അന്വേഷണത്തിന്റെ വാതിലുകൾ അടയ്ക്കാനുള്ള ശ്രമം ഗോഡ്സെ നടത്തുന്നു. അതിലൂടെ വർഷങ്ങളായി നടത്തിയ ആസൂത്രണങ്ങൾ പുറത്തുവരാതിരിക്കാനാണ് ഗോഡ്സെ ശ്രമിച്ചത്. പക്ഷെ ആ ശ്രമം വിഫലമാകുകയാണ് ചെയ്തത്.

ഗാന്ധിവധത്തെ സംബന്ധിച്ച അന്വേഷണം പല രീതിയിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ തുടർന്നു. സംഘപരിവാർ ഈ സമയം ഒരു ശക്തിയായി വളർന്നു. പ്രതിവാദങ്ങളുമായി അവരും രംഗത്തെത്തി. ഗാന്ധിവധത്തിന് അനേകം ന്യായികരണങ്ങൾ അവർ നിരത്തി. ഒരു വിഭാഗം അതിനെ രൂഢമൂലമായി വിശ്വാസത്തിലെടുത്തു. എന്നാൽ സത്യം പല രീതിയിൽ പുറത്തുവന്നു. ആ അന്വേഷണത്തിന്റെ രേഖകളാണ് ടീസ്റ്റ സെതൽവാദിന്റെ സംശയാതീതം തുറന്നുവയ്ക്കുന്നത്. തുഷാർ ഗാന്ധിയുടെ Lets kill gandhi എന്ന പുസ്തകവും ഗാന്ധി വധത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ഡൊമിനിക്ക് ലാപ്പിയറും ലാറി കോളിൻസും ചേർന്നെഴുതിയ Freedom at midnight എന്ന ഗ്രന്ഥത്തിൽ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയെ സംബന്ധിച്ച പരാമർശങ്ങൾ കാണാം.

വിഭജനത്തെ തുടർന്ന് കലാപമുണ്ടാകാനുള്ള സാഹചര്യമൊരുക്കി, മുസ്ലീം സമുദായത്തിന് അഭയം നൽകി, ഹിന്ദുരാഷ്ട്രത്തിന് വിഘാതം സൃഷ്ടിച്ചു, പാകിസ്ഥാന് അർഹതപ്പെട്ട 55 കോടി രൂപ നൽകാനായി നിരാഹാരം നടത്തി, ഹിന്ദുസമുദായത്തോട് മമതയില്ലാതെ പെരുമാറി തുടങ്ങി അനേകം കാരണങ്ങൾ ഹിന്ദുത്വസംഘടനകൾ കാലങ്ങളൊയി പ്രചരിപ്പിക്കുന്നുണ്ട്. ഈ സത്യാനന്തര കാലത്ത് നുണപ്രചാരണങ്ങളുടെ വേഗത വർദ്ധിച്ചു. പക്ഷെ സത്യം മറ്റൊന്നാണ്. ഗാന്ധി വധത്തിനായി പെട്ടെന്നൊരു ദിവസം ഒരുമ്പെട്ടിറങ്ങിയതല്ല ഗോഡ്സെയും സംഘവും. അതിനുള്ള കാരണം സംഘപരിവാർ പറയുന്നതൊന്നുമല്ല. പല തവണ ശ്രമിച്ച് പരാജയപ്പെട്ട കൃത്യത്തെ 1948 ജനുവരി 30 ന് വിജയത്തിലെത്തിച്ചു എന്നു മാത്രം. അഞ്ചോളം ശ്രമങ്ങളാണ് ഇതിന് മുമ്പ് ഇവർ നടത്തിയത്. അതിനുള്ള കാരണങ്ങളും വധശ്രമങ്ങളും ജഗൻ ഫാഡ്നിസ്, വൈ.ഡി ഫാഡ്കെ എന്നിവരുടെ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ ഉദ്ധരിച്ചും സ്വന്തം കണ്ടെത്തലുകൾ മുന്നോട്ടുവച്ചും ടീസ്റ്റ അവതരിപ്പിക്കുന്നു.

മഹാത്മ്യചി ആഖേർ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഫാഡ്നിസ് ഇങ്ങനെ പറയുന്നു. ”മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി ഒരു പുസ്തകം എഴുതണമെന്ന്, ഏറെ വർഷങ്ങളായി, 1988 മുതൽക്ക് ഞാൻ ആലോചിക്കുകയായിരുന്നു. പലരുമായി ഇതിനെക്കുറിച്ച് ഞാൻ ചർച്ച ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പലർക്കും ഗാന്ധിക്ക് നേരേ എത്ര വധശ്രമങ്ങളുണ്ടായിട്ടു ണ്ടെന്ന് നിശ്ചയമില്ലായിരുന്നു. എനിക്കു കിട്ടിയ വിവരങ്ങൾ അവരെ അത്ഭുതപ്പെടുത്തി. ഒരു പുസ്തകത്തിന്റെ ആവശ്യമുണ്ടെന്ന് അതുകൊണ്ട് എനിക്കുതോന്നി. ഗാന്ധിയെക്കുറിച്ച് ഇതിനകം തന്നെ ധാരാളം എഴുതപ്പെട്ടിട്ടുള്ളതിനാൽ, എന്റെ പുസ്തകം ആവശ്യമാണോ എന്നും ഞാൻ ആലോചിച്ചു. പക്ഷെ, കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി ഗാന്ധിയുടെ വധം പരസ്യമായി പിന്തുണയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗാന്ധിവധത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അവർ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമാവുന്ന വിധത്തിലുള്ള വ്യാജ പ്രചരണങ്ങളാണ്. പുതുതലമുറ, ഈ വ്യാജകാരണങ്ങളെല്ലാം വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് കണ്ടപ്പോഴാണ് ലഭ്യമായ തെളിവുകൾ വെച്ച് ഈയൊരു പുസ്തകം എഴുതാനുള്ള ത്വര എനിക്കുണ്ടായത്.”

എൺപതുകളിലാണ് ഗാന്ധിവധത്തെ സംബന്ധിച്ച പ്രധാന പുനരന്വേഷണ സാധ്യതകൾ രൂപപ്പെട്ടതെന്ന് കാണാം. ഹിന്ദുത്വ സംഘടനകൾ സംഘടിതരും ശക്തരുമാകുന്നതിന്റെ കാലയളവ് കൂടിയായിരുന്നു അത്. ഡി.ആർ ഗോയലിനെ ഉദ്ധരിച്ച് ടീസ്റ്റ ആമുഖത്തിൽ ഒരു സംഭവം പറയുന്നുണ്ട്. 1974 ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിൽ ഗാന്ധിവധത്തെ വിവരിക്കുന്ന വേളയിൽ രാഷ്ട്രീസ്വയംസേവക സംഘ പ്രവർത്തകനായ ഗോഡ്സെയാണ് ഗാന്ധിക്ക് നേരെ നിറയൊഴിച്ചത് എന്ന് മൊറാർജി ദേശായി പറയുന്നുണ്ട്. ഇതിനെതിരെ ആർ.എസ്.എസ് എതിർപ്പുമായി രംഗത്ത് വരികയും പാർലമെന്റിൽ വച്ച് മൊറാർജി ദേശായി തന്റെ പരാമർശം പിൻവലിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ആർ.എസ്.എസ് തങ്ങൾക്ക് അനുസൃതമായി ചരിത്രത്തെ മാറ്റുന്നതിന്റെ ശ്രമങ്ങൾ സജീവമാക്കിയ കാലാമായിരുന്നു അത്.

ഗാന്ധിവധവുമായി ആർ.എസ്.എസിനുള്ള പ്രത്യക്ഷബന്ധത്തെ സാധൂകരിക്കുന്ന തെളിവുകൾ അക്കാലത്തെ സർക്കാർ രേഖകളിൽ കാണാം. പക്ഷെ ഈ രേഖകൾ നശിപ്പിക്കാനാണ് ഭരണം കിട്ടിയ ആദ്യ നാളുകളിൽ തന്നെ ബി.ജെ.പി ശ്രമിച്ചത്. അതിന്റെ 11,000 ത്തോളം രേഖകൾ ആഭ്യന്തരവകുപ്പ് നശിപ്പിച്ചതായി ടീസ്ത പറയുന്നു. ഈ വിവരങ്ങൾ ലഭിക്കാനായി സമർപ്പിച്ച വിവരാന്വേഷണ രേഖയ്ക്കും കൃത്യമായി മറുപടി സർക്കാർ നൽകിയില്ല. ”ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും ദോഷൈകദൃക്കോടെ സ്വന്തമാക്കാനുള്ള ശ്രമങ്ങളെ തടയുന്നതിനും പൊതുമണ്ഡലത്തിന്റെ സംവാദത്തിൽ ഈ രേഖകൾ ചർച്ച ചെയ്യപ്പെടുന്നതിനുമാണ് ഈ പുസ്തകത്തിലൂടെയുള്ള ശ്രമം” എന്ന് ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു.

ഗാന്ധി വധത്തിന് ഹിന്ദുത്വശക്തികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ഘടകങ്ങൾ എന്തൊക്കെയാവാം? ഒന്നാമത്തെ കാര്യം സമത്വത്തിനായി ഗാന്ധി നടത്തിയ ശ്രമങ്ങളാണ്. മനുഷ്യാന്തസ്സിന് ഗാന്ധി ഏറ്റവും പ്രധാന്യം കൊടുത്തു. സമത്വപൂർണ്ണമായ രാഷ്ട്രസങ്കല്പത്തെ വിഭാവനം ചെയ്തു. അയിത്തനിർമ്മാർജ്ജനത്തിലൂടെ ഒരു ജനത ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ‘ഹരിജനി’ൽ’ൽ നിരന്തരം എഴുതി. ഗാന്ധി-അംബേദ്ക്കർ സംവാദം ഈ കാലയളവിലാണ് രൂപപ്പെടുന്നത്. സമത്വത്തെ സംബന്ധിച്ച ആശയങ്ങൾ ബ്രാഹ്മണ്യത്തെ പ്രമാണമായി കരുതുന്ന ആർ.എസ്.എസിനെ പ്രകോപിപ്പിച്ചു. 1966 ൽ നിയോഗിക്കപ്പെട്ട ജെ.എൽ കപ്പൂർ കമ്മീഷൻ ഗാന്ധി വധ ഗൂഢാലോചനയെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചിരുന്നു.

​ഗാന്ധിവധം വിചാരണ

ഗാന്ധിവധത്തിനായി സംഘപരിവാറിനെ പ്രേരിപ്പിച്ച മറ്റൊരു കാര്യം 1931 ലെ കറാച്ചി പ്രഖ്യാപനത്തിൽ പൂർണ്ണസ്വരാജിനും സമത്വത്തിനും കൊടുത്ത പ്രധാന്യമാണ്. അയിത്തത്തെ നിയമപരമായി നേരിടാനുള്ള ആലോചനകൾ ആ പ്രഖ്യാപനത്തിലുണ്ടായിരുന്നു. മാത്രമല്ല, ജനാധിപത്യപരമായ ജീവിതക്രമത്തെ രൂപപ്പെടുത്തുന്ന അനേകം കാര്യങ്ങൾ ആ പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു. വി.ഡി സവർക്കറടക്കമുള്ളവരുടെ ദേശസങ്കല്പം ഇതിനോട് വിയോജിക്കുന്നതായിരുന്നു.1937 ൽ സവർക്കർ ഈ ആശയങ്ങളെ ശക്തമായി എതിർത്ത് പൊതുവേദികളിൽ സംസാരിച്ചു. മതനിരപേക്ഷ ജനാധിപത്യബോധത്തോട് ഹിന്ദുത്വം എന്നത്തെയും പോലെ അന്നും എതിർപ്പ് പ്രകടിപ്പിച്ചു. തൊട്ടുകൂടായ്മയെ പ്രതിരോധിക്കാനുള്ള ബില്ലിനെ ഗാന്ധി അനുകൂലിച്ചതിന്റെ അടുത്തവർഷം ഗാന്ധിക്കെതിരായ ആദ്യ വധശ്രമമുണ്ടായി. 1934 ജൂണിൽ പൂനെയിൽ വച്ച് ഗാന്ധി സംസാരിക്കുന്ന ഹാളിന് സമീപം ബോംബാക്രമണം നടത്തി. രക്തസാക്ഷിയാകാൻ തനിക്ക് മടിയില്ല, എന്നാൽ തന്നോടൊപ്പമുള്ളവർ നിങ്ങളോട് എന്താണ് ചെയ്തത് എന്ന് ഗാന്ധി ഇതിനോട് പ്രതികരിച്ചു. 1944 ജൂലായിലാണ് അടുത്ത വധശ്രമം ഉണ്ടാക്കുന്നത്. അന്ന് പൂനെയ്ക്കടുത്തുള്ള പഞ്ചാഗ്നിയിൽ വച്ച് ഗാന്ധിക്കെതിരെ കഠാരയുമൊയി പാഞ്ഞെത്തിയ ഗോഡ്സയെ ഗാന്ധിക്ക് ഒപ്പമുള്ളവർ കീഴ്പ്പെടുത്തുകയായിരുന്നു. പക്ഷെ ഗാന്ധി ഗോഡ്സയെ വിട്ടയച്ചു. മൂന്നാമത്തെയും നാലാമത്തെയും ശ്രമം 1944 സെപ്തംബറിലും 1946 ജൂണിലുമായി നടന്നു.1948 ജനുവരി 20 നാണ് അഞ്ചാമത്തെ വധശ്രമം. ഇതിന്റെയെല്ലാം പിന്നിലെ കാരണം സമത്വപൂർണ്ണമായ ലോകത്തെ സംബന്ധിച്ച ഗാന്ധിയുടെ വീക്ഷണത്തോടുള്ള വിയോജിപ്പാണെന്ന് ടീസ്റ്റ വിശദമാക്കുന്നു. ആർ.എസ്.എസ് എക്കാലവും ഗാന്ധി വധത്തിലുള്ള തങ്ങളുടെ പങ്ക് നിഷേധിച്ചുകൊണ്ടിരുന്നു. എന്നാൽ ഗോപാൽ ഗോഡ്സെയുമായി അരവിന്ദ് രാജ​ഗോപാൽ നടത്തിയ അഭിമുഖത്തിൽ (1994 ജനുവരി 28ന് ഫ്രണ്ട്ലൈൻ പ്രസിദ്ധീകരിച്ച അഭിമുഖം പുസ്തകത്തിൽ ടീസ്റ്റ അനുബന്ധമായി ചേർത്തിട്ടുണ്ട്) ഇങ്ങനെ പറയുന്നു :

”നാഥുറാം ആർ.എസ്.എസിൽ തുടർന്നുവോ? അയാൾ അതിൽനിന്ന് വിട്ടുപോന്നില്ലേ?

നാഥുറാം ആർ.എസ്.എസിൽ ഒരു ബൗദ്ധിക് കാര്യവാഹകായി മാറി. ആർ.എസ്.എസിൽ നിന്ന് വിട്ടുപോന്നു എന്ന് നാഥുറാമിന്റെ മൊഴിയിലുണ്ട്. ഗാന്ധിയുടെ വധത്തിനുശേഷം ഗോൾവാൾക്കറും ആർ.എസ്.എസ്സും പ്രശ്നത്തിലായതുകൊണ്ടാണ് നാഥുറാം ആ വിധത്തിൽ പറഞ്ഞത്. പക്ഷെ, അയാൾ ഒരിക്കലും ആർ.എസ്.എസ് വിട്ടിരുന്നില്ല.

നാഥുറാമും ആർ.എസ്.എസ്സുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്ന് ഈയിടെ അദ്വാനി പറയുകയുണ്ടായല്ലോ?

ആ പറയുന്നത് ഭീരുത്വമാണെന്ന് ഞാനതിന് മറുപടിയും കൊടുത്തിട്ടുണ്ട്. “പോയി ഗാന്ധിയെ കൊല്ല്’ എന്ന രീതിയിൽ പ്രമേയമൊന്നും ആർ.എസ്.എസ് പാസാക്കിയിട്ടില്ല. പക്ഷെ, അയാളെ (നാഥുറാമിനെ) കയ്യൊഴിയരുത്. ഹിന്ദു മഹാസഭ തള്ളിപ്പറഞ്ഞിട്ടില്ല. ആർ.എസ്.എസ്സിൽ ബൗദ്ധിക് കാര്യവാഹകായിരിക്കുമ്പോൾത്തന്നെ, 1944-ൽ നാഥുറാം ഹിന്ദു മഹാസഭയ്ക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.”

ഹിന്ദുത്വം ഉയർത്തി കാട്ടുന്ന വി.ഡി സവർക്കറും ഗോൾവാൾക്കറും ഗോഡ്സെയുടെ ധൈഷണിക പിൻബലമായി പ്രവർത്തിച്ചു. പട്ടേൽ ഗാന്ധിയുടെ കൊലപാതകത്തിനുശേഷം ഗോൾവാൾക്കറിന് എഴുതിയ കത്ത് ഈ പുസ്‌തകത്തിൽ ടീസ്റ്റ ചേർത്തിട്ടുണ്ട്. അതിൽ ആർ.എസ്.എസ്സിനോടുള്ള അതൃപ്തി പ്രകടമാണ്. പക്ഷെ ശരിയായ രീതിയിൽ ഉറച്ചൊരു പ്രതിരോധം തീർക്കാൻ പട്ടേലിനും സാധിച്ചില്ല. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ജയിൽ മോചിതനായിട്ടുള്ള ഈ സവർക്കറുടെ ഛായാചിത്രമാണ് വാജ്പേയ് ഭരണകാലത്ത് പാർലമെന്റിൽ ചേർക്കപ്പെട്ടത്. നാളെ ഗോഡ്സെ അവിടെ ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല. ആർ.എസ്.എസ് സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന മുഹൂർത്തങ്ങളിൽ നിന്നെല്ലാം വിട്ടുനിന്നതായി ചരിത്രം വ്യക്തമാക്കുന്നുണ്ട്. ”ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആർ.എസ്.എസ്സിന്റെ പങ്കും തുല്യനിലയിൽ ലജ്ജാകരമാണ്. കാക്കിനിക്കറും കാവിപതാകയും (1993) എന്ന പുസ്തകം സൂചിപ്പിക്കുന്നതുപോലെ, 1940 കളിലെ ബ്രിട്ടീഷ് വിരുദ്ധ സമരം, 1940-41ലെ സിവിൽ നിയമലംഘനം, 1942 ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം, ആസാദ് ഹിന്ദ് ഫൗജ്, ഐ.എൻ.എയുടെ വിചാരണക്കെതിരേ 1945-46 കാലത്തെ ജനമുന്നേറ്റം, ബോംബെയിലെ നാവിക കലാപം എന്നിവയിൽനിന്നെല്ലാം ആർ.എസ്.എസ് പൂർണ്ണമായും വിട്ടുനിന്നു.” ടീസ്റ്റ എഴുതുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യയിൽ കലാപങ്ങളുടെ പരമ്പര തന്നെ ഗാന്ധി വധത്തിനുശേഷം സൃഷ്ടിക്കാൻ സംഘപരിവാറിന് കഴിഞ്ഞു. ടീസ്റ്റ വിവിധ ജൂഡീഷ്യറി റിപ്പോർട്ടുകൾ വച്ചുകൊണ്ട് അത് വിശദീകരിക്കുന്നുണ്ട്. 1969 ലെ അഹമ്മദാബാദ് കലാപം, 70 ലെ ഭിവണ്ടി, ജാൽഗാവോൺ, മഹദ് എന്നിവിടങ്ങളിലെ കലാപങ്ങൾ, 71 ലെ തലശ്ശേരി കലാപം, 79 ലെ ജാംഷെഡ്പൂർ കലാപം, 1982 ലെ കന്യാകുമാരി ലഹള തുടങ്ങി ഗുജറാത്ത് കലാപവും ദില്ലി കലാപവും അടക്കം അസംഖ്യം ചെറുതും വലുതുമായ കലാപങ്ങൾ ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്നു. ഭരണം പോലും ഈ കലാപങ്ങളുടെ തുടർച്ചയായി ലഭിച്ചതാണ്. കലാപം ഉണ്ടായതിന്റെ ഉത്തരവാദിത്വം എപ്പോഴും മറുപക്ഷത്തിന് ചാർത്തി രക്ഷപ്പെടുന്ന രീതി ഈ കലാപങ്ങളിലെല്ലാം കാണാം. പക്ഷെ ചരിത്രസത്യം നിഷേധിക്കാൻ സത്യാനന്തര നുണകൾക്ക് കഴിയില്ല.

ഗാന്ധിവധത്തിന് കാരണക്കാരായവർ ഭരിക്കുന്ന രാഷ്ട്രത്തിൽ ഗാന്ധിക്കോ ഗാന്ധിയൻ മൂല്യങ്ങൾക്കോ നീതി ലഭിക്കുക എന്ന പ്രതീക്ഷ പോലും അർത്ഥശൂന്യമാണ്. വരുന്ന നാളുകളിൽ മാറ്റിയെഴുതാൻ സാധ്യതയുള്ള ചരിത്രത്തെ ആപത്തിന്റെ നിമിഷത്തിൽ ഓർമ്മിക്കുകയാണ് കമ്മ്യൂണലിസം കോമ്പാറ്റിൽ ഗാന്ധി വധത്തെ സംബന്ധിച്ച രേഖകൾ പ്രസിദ്ധീകരിക്കുന്നതിലൂടെ ടീസ്റ്റ ചെയ്തത്. മലയാളത്തിലേക്കുള്ള ഈ പുസ്തകത്തിന്റെ തർജ്ജമയും ഒരർത്ഥത്തിൽ സുപ്രധാനമായ ആ ദൗത്യത്തിലുള്ള പങ്കുചേരലാണ്. ധൈഷണികതയെ ഫാസിസത്തിനെതിരായുള്ള മൂർച്ചയുളള ആയുധമാക്കിയ ടി.കെ രാമചന്ദ്രൻ എഴുതുന്നുണ്ട്, ”എന്നാൽ ആപത്തിന്റെ നിമിഷത്തിൽ സ്ഫടികസമാനമായ വ്യക്തതയോടെ പ്രത്യക്ഷപ്പെടുന്ന ഈ ഭൂതകാലചിത്രം ദ്വന്ദ്വാത്മക സ്വഭാവമാർന്നതാണ്. വിപ്ലവകാരികൾക്ക് രക്തസാക്ഷികളുടെ ഓർമ്മ സമരം തുടർന്നുകൊണ്ടുപോകാനുള്ള ആവേശമാണ്. അതോടൊപ്പം തന്നെ പാരമ്പര്യത്തിന്റെ ഉള്ളടക്കത്തിന്റെയും വർത്തമാനത്തിന്റെ വിപ്ലവപരതയുടെയും നേരെ ഒരുപോലെ ഭീഷ ണിയുയർത്തുന്ന ഭരണവർഗങ്ങളുടെ ആയുധമായി അധപതിക്കുക എന്ന സാധ്യതയെപ്പറ്റിയുള്ള താക്കീതും കൂടിയാണ്. ഇതുകൊണ്ടാണ് ഓരോ കാലഘട്ടത്തിലും വിപ്ലവത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള സമരങ്ങളോടൊപ്പം തന്നെ വിപ്ലവപൈതൃകം യാഥാസ്ഥിതികതയുടെ പിടിയിൽപ്പെടാതെ സംരക്ഷിക്കാനായി നിതാന്തജാഗ്രത പുലർത്തേണ്ടി വരുന്നത്.” (കാഴ്ച്ചയുടെ കോയ്മ).

ഗാന്ധിയെയും അംബേദ്ക്കറെയും സ്വന്തമാക്കി ചരിത്രത്തെ മാറ്റാൻ ശ്രമിക്കുന്നവർക്കെതിരായ ധീരമായ ശ്രമമാണ് ടീസ്റ്റയുടെ ഈ ഗ്രന്ഥം. സത്യാനന്തരകാല ഗാന്ധിയെക്കുറിച്ച് ദി ന്യൂയോർക്കറിൽ പങ്കജ് മിശ്ര ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഗാന്ധിയുടെ ആശയങ്ങൾക്കെതിരെ ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയിലും ഉയരുന്ന പലതരത്തിലുള്ള എതിർപ്പുകളെ ആ ലേഖനം സംഗ്രഹിക്കുന്നു. പങ്കജ് മിശ്ര ആ ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നു. ”Many more of Gandhi’s statues may fall in the present climate of furious revisionism. But the Mahatma will remain, in his sublime madness, a consistently illuminating guide through the labyrinth of rational self-interest, and through our own decaying landscapes of liberalism and democracy.” വിയോജിപ്പുകൾക്കും സംവാദങ്ങൾക്കുമിടയിലും ഗാന്ധിയെ ഹിന്ദുത്വശക്തികൾ വെടിവെച്ചുകൊന്ന കാരണത്തെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അത് സത്യത്തോടും അഹിംസയോടും സമത്വപൂർണ്ണമായ രാഷ്ട്രസങ്കല്പത്തോടുമുള്ള എതിർപ്പായിരുന്നു. വെറുപ്പും നുണയും പടർത്തി ജനാധിപത്യത്തിന്റെ ആധാരതത്ത്വത്തെ ഇല്ലാതെയാക്കുന്ന ഭരണകൂടത്തെ പ്രതിരോധിക്കാൻ നാം ഭൂതകാലത്തിൽ നിന്നും ചരിത്രത്തിൽ നിന്നും ഊർജ്ജം സംഭരിക്കേണ്ടതുണ്ട്. രേഖകൾ ദ്രവിച്ചുപോകാതിരിക്കാൻ ജാഗ്രതയുള്ളവരാകേണ്ടതുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read