കീഴാള ചരിത്രത്തിന്റെ അപ്രകാശിത കാഴ്ചകൾ

കേരളീയ ചരിത്രരചനാ സങ്കേതങ്ങളെ പ്രശ്നവൽക്കരിക്കുന്ന വിമർശനാത്മക ചിന്തയാണ് പൊയ്കയിലപ്പച്ചന്റെ “കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെ പറ്റി കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ” എന്നു തുടങ്ങുന്ന പാട്ട് നൽകുന്ന സന്ദേശം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭദിശയിൽ പ്രത്യക്ഷ രക്ഷാസഭയെന്ന നവോത്ഥാന പ്രസ്ഥാനം അവതരിപ്പിച്ചുകൊണ്ട് അപ്പച്ചൻ തുറന്നുവിട്ട ചരിത്രാപഗ്രഥന വിമർശനം ഇന്നും പ്രസക്തമാണ്. അതുകൊണ്ടുതന്നെയാണ് ചരിത്രത്തിന്റെ മേലാളയുക്തികളെ വിമർശനാത്മകമായി സമീപിക്കുന്ന സാജൻ മണിയെ പോലുള്ളവരുടെ കലാരചനകളിൽ അപ്പച്ചന്റെ പാട്ടുകളും ആശയങ്ങളും സന്നിവേശിക്കപ്പെടുന്നതും അത് ആകസ്മികതയല്ലാതായി തീരുന്നതും.

സാജൻ മണി

2021ലെ ബർലിൻ ആർട്ട് പ്രൈസ് ജേതാവും ബർലിൻ കേന്ദ്രമാക്കി കലാപ്രവർത്തനങ്ങൾ നടത്തിവരുന്ന മലയാളി കലാകാരനുമാണ് സാജൻ മണി. ചരിത്രശേഷിപ്പുകളുടെ ആർക്കൈവൽ ശീലങ്ങളെ വിമർശനാത്മകമായി സമീപിക്കുകയും ചരിത്ര നറേറ്റീവുകൾക്ക് പുത്തൻ ദർശനവും സർഗാത്മക ആശയ പിൻബലവും നൽകുന്ന കലാവിഷ്കാര പ്രദർശനമാണ് ജർമ്മനിയിലെ ബർലിൻ നഗരത്തിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബർ 28 മുതൽ നവംബർ 15 വരെ നടന്നത്.

ബർലിനിൽ നടന്ന പ്രദർശനത്തിൽ നിന്ന്

ബർലിൻ സെനറ്റ് ‍‍‌‍‍‍‍ഡിപ്പാർട്ട്മെന്റ് ഫോർ കൾച്ചർ ആന്റ് യൂറോപ്പിന്റെ സഹകരണത്തോടെ ഒയൂൺ ആർട്ട് ​ഗാലറിയിൽ സംഘടിപ്പിച്ച കലാപ്രദർശന പരമ്പര അധിനിവേശകാല കീഴാള ചരിത്രത്തിന്റെ അപ്രകാശിതമായ കാഴ്ചകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. സാജൻ മണി, രാജശ്രീ ഗുധി (ആംസ്റ്റർ ഡാം), ക‍ൃതിക കയിൻ (സി‍ഡ്നി), ഉപേന്ദ്രനാഥ് ടി.ആർ (കൊച്ചി) എന്നിവരുടെ ആവിഷ്കരണങ്ങളോടൊപ്പം കൊളോണിയൽ ഫോട്ടോഗ്രഫുകളിൽ അന്തർലീനമായ ജാതി, അടിമത്തം, സാംസ്കാരിക കൊള്ള, കൊളോണിയൽ നോട്ടങ്ങൾ, തദ്ദേശീയ ജീവിതങ്ങളുടെ പാർശ്വവൽക്കരണം എന്നീ വിഷയങ്ങളെക്കുറിച്ച് ​ഹുംബോൾട്ട് യൂണിവേഴ്സിറ്റിയിലെ അന്ത്രപ്പോളജി ​ഡിപ്പാർട്ട്മെന്റിൽ പാനൽ ചർച്ചയും സംഘടിപ്പിക്കപ്പെട്ടു. ചരിത്രകാരനും എഴുത്തുകാരനുമായ പ്രൊഫ. സനൽ മോഹൻ, ഗവേഷകരായ ഡോ. വിനിൽ പോൾ, ആന്റണി ജോർജ് കുത്താനാടി, ഹബീബ ഇൻസാഫ് എന്നിവരുടെ പാനൽ അവതരണത്തിന്റെ അധ്യക്ഷൻ ആന്ത്രപ്പോളജിസ്റ്റും ചരിത്രകാരനുമായ ‍ഡോ. ഗജേന്ദ്രൻ അയ്യാദുരൈ ആയിരുന്നു.

പ്രൊഫ. സനൽ മോഹനും മധു നാരായണനും ഗാലറിയിൽ. കടപ്പാട്: അദീബ്

ആസ്ട്രേലിയയിൽ വളർന്ന ദലിത് സ്ത്രീയായ കൃതിക കയിൻ ചാണകവും സിന്ദൂരവും തലമുടിയും കൂട്ടികലർത്തി രൂപപ്പെടുത്തിയ ആവിഷ്ക്കാരം ജാതി- ശരീര കാഴ്ചകളെ അപനിർമ്മിക്കുമ്പോൾ രാജശ്രീ ഗുധി ഫോട്ടോഗ്രഫി, കളിമണ്ണ് തുടങ്ങിയ മീഡിയത്തിലൂടെ ദലിത് അധികാരത്തേയും പ്രതിരോധത്തെയും പ്രശ്നവൽക്കരിക്കുന്നുണ്ട്. ഉപേന്ദ്ര നാഥിന്റെ രചന മറ്റൊരു തരത്തിലായിരുന്നു. മൾട്ടി ലയറിലുള്ള പേപ്പർ സ്റ്റാംപോഗ്രഫിക്ക് (stampography) മെത്തഡിൽ കീഴാള ശരീരഭാഷക്ക് മേലുള്ള കൊളോണിയൽ നോട്ടങ്ങളായിരുന്നു ആവിഷ്ക്കരിച്ചത്. ഇവരെല്ലാം തന്നെ തങ്ങളുടെ പൂർവ്വീകർ അനുഭവിച്ച ‘ജാതിദൈന്യത’യുടെ ചരിത്രം സ്മരിക്കുന്നതോടൊപ്പം അതിലന്തർലീനമായ ജീവിത ദർശനങ്ങളുടെ പൊരുളും ചികയുന്നു എന്നതാണ് പ്രദർശന പരമ്പര നൽകുന്ന ആദ്യാനുഭവം.

ബർലിനിൽ നടന്ന പ്രദർശനത്തിൽ നിന്ന്

ഇന്റർഡിസിപ്ലിനറി ആർട്ടിസ്റ്റെന്നും ഇന്റർ ഡിസിപ്ലിനറി പെർഫോമൻസ് എന്നും വിശേഷിപ്പിക്കാവുന്ന സാജൻ മണിയുടെ രചനകളിൽ തന്റെ സാമൂഹിക രാഷ്ട്രീയ മെറ്റഫറായി ദലിത് ശരീരത്തെ മുന്നിൽ നിർത്തുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ബർലിനിലെ തന്റെ പഠനകാലത്ത് കാണാനിടയായ ഒരു എക്സിബഷൻ ബ്രോഷറിലെ അച്ചടിച്ച പുറംചട്ടയുടെ ചിത്രങ്ങളാണ് യൂറോപ്പിലെ തന്റെ കലാവിഷ്ക്കാരങ്ങൾക്ക് അപ്പച്ചൻ പാട്ടിലെ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന രൂപശാസ്ത്രം ഉണ്ടാവണമെന്ന് നിലപാട് സാജൻ തിരിച്ചറിയുന്നത്. 1800 കളിലെ ജർമ്മൻ എതനോളജിസ്റ്റുകൾ പകർത്തിയ എതനോഗ്രഫിക് ഫോട്ടോഗ്രാഫുകളിൽ തെക്കേ ഇന്ത്യയിലെ ചിത്രങ്ങളുടെ കൂട്ടത്തിൽ കണ്ട തിരുവതാംകൂറിലെ തദ്ദേശീയ മനുഷ്യരുടെ ചിത്രങ്ങളിലെവിടെയോ തന്റെ പൂർവ്വികരുടെ കൃഷ്ണമണികൾ ഉറങ്ങികിടപ്പുണ്ടെന്ന് സാജൻ പറയുന്നു. ഒരുതരത്തിൽ സാജൻ പറയുന്നത് ശരിയുമാണ്. ആയിരക്കണക്കിന് തെക്കേ ഇന്ത്യയിലെ മനുഷ്യരുടെ നിശ്ചല ചിത്രങ്ങളും ശരീര അളവുകളും അവർ നിർമ്മിച്ചുപയോഗിച്ചിരുന്നു. വിവിധ ഉപകരണങ്ങളും(Objects)മൊക്കെ പുറം വെളിച്ചം കാണാതെ തൊടാനോ വിശകലനം ചെയ്യാനോ അനുവാദമില്ലാതെ പല യൂറോപ്യൻ ആർക്കൈവുകളിലും ഇന്നും തടവിൽ കഴിയുന്നുണ്ട്.

ബർലിനിൽ നടന്ന പ്രദർശനത്തിൽ നിന്ന്

ബർലിനിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മ്യൂസിയമായ ഹംബോൾട്ട് ഫോറത്തിന്റെ ക്യൂറേറ്ററിലൊരാളും ആന്ത്രപ്പോളജിസ്റ്റുമായ ബിർഗിറ്റ് (Birgit Kantzenbach) ഈ ലേഖകനോട് പറഞ്ഞത് ആയിരത്തിലധികം ഫോട്ടോകളും ശബ്ദശേഖരങ്ങളും മലബാറിന്റ മാത്രമായി ഇവരുടെ ശേഖരത്തിലുണ്ടെന്നാണ്. എന്നാൽ ഇവയൊന്നും വേണ്ടത്ര ഗവേഷണത്തിന് വേണ്ടി തുറന്ന് കൊടുക്കുന്നില്ല എന്നത് വസ്തുതയുമാണ്.

അപ്പച്ചന്റെ പാട്ടുകൾകളെ അടിസ്ഥാനമാക്കി സാജൻ മണി നടത്തിയ ഇൻസ്റ്റലേഷൻ

യൂറോപ്പിന് വെളിയിലുള്ള തദ്ദേശീയരുടെ വംശശുദ്ധി തിട്ടപ്പെടുത്തുന്നതിനുള്ള വംശീയ താരതമ്യങ്ങൾക്ക് പ്രത്യേകിച്ച് ശരീരാവയവങ്ങളുടെ ആകൃതിയും വലുപ്പവും തിട്ടപ്പെടുത്തി വർഗീകരിക്കുന്നതിനുള്ള ശ്രമങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ കൊളോണിയൽ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് നരവംശ ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ അന്നത്തെ കേരളത്തിലെ നാട്ടുരാജ്യങ്ങളിലുള്ള മനുഷ്യരുടെ ശരീരാളവുകളെ മുൻനിർത്തിയുള്ള കൊളോണിയൽ കാഴ്ചകളെ കീഴ്മേൽ മറിക്കുന്നതാണ് സാജന്റെ രചനകൾ. അന്യവത്കരിക്കപ്പെട്ട അക്ഷരങ്ങളുടേയും അളവുകളുടേയും ഇടയിൽ കാഴ്ചവസ്തുവാക്കപ്പെടുന്ന ജീവൽ ശരീരങ്ങൾ അപ്പച്ചന്റെ പാട്ടുകളുടെ അക്ഷരമാലകളിലൂടെയാണ് സാജൻ ചിത്രീകരിച്ചിരിക്കുന്നത്.

പ്രദർശന പോസ്റ്റർ

തന്റെ ക്രിട്ടിക്കൽ ആർട്ടിസ്റ്റ് ആർക്കൈവ് പ്രോജക്ടിന്റെ ഭാഗമായി ‘Wakeup call for my ancestors’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം കോളനി അനന്തര യൂറോപ്യൻ ലോകത്തോട് കേരളം പോലയുള്ള ചെറു സ്ഥലികൾ നടത്തുന്ന സർഗാത്മക പ്രതിഭാഷണങ്ങൾ എന്ന നിലയിൽ കാണാവുന്നതാണ്/പ്രസക്തമാണ്.

(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ​ഗവേഷക വിദ്യാർത്ഥിയും ബർലിനിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്ററ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് സയൻസിലെ വിസിറ്റിം​ഗ് ഫെലോയുമാണ് ലേഖകൻ‌)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 4, 2022 3:04 pm