സിനിമ കാണാനുള്ള പ്രതിഷേധം കലാപശ്രമമാക്കുമ്പോൾ

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കലാപ ശ്രമത്തിന് കേസെടുത്തിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ മുപ്പതോളം ഡലഗേറ്റുകൾക്കെതിരെയാണ് കേസ്. ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡിസംബർ 12ന് വൈകുന്നേരം 3.30ന് ആയിരുന്നു ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ പ്രദർശനം നടന്നത്. പ്രദർശനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ തിയേറ്ററിന് മുന്നിൽ ആളുകൾ വരി നിന്ന് തുടങ്ങിയിരുന്നു. ഇതിനിടെ, വരി നിന്നവരെ അവ​ഗണിച്ച് റിസർവ് ചെയ്യാത്തവരെ കയറ്റിവിടുന്നത് കണ്ട് ഡല​ഗേറ്റുകൾ പ്രതിഷേധിക്കുകയായിരുന്നു. റിസർവേഷൻ ലഭിച്ചിട്ടും സിനിമകൾ കാണാൻ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇത്തവണ IFFK യിൽ ആവർത്തിക്കപ്പെടുകയുണ്ടായി എന്നതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. എന്നാൽ ഈ പ്രതിഷേധത്തെ വൻ പൊലീസ് സന്നാഹത്താലാണ് അക്കാദമി നേരിട്ടതെന്നും അതാണ് അറസ്റ്റിലേക്കും കേസിലേക്കും നയിച്ചതെന്നും ഡല​ഗേറ്റുകൾ പറയുന്നു. വിദ്യാർത്ഥികളായ കിഷോർ, നിഹാരിക, മുഹമ്മദ് ഹനീൻ എന്നിവർക്കും കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കും എതിരെയാണ് നിയമവിരുദ്ധമായി സംഘം ചേരൽ, കലാപശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ന്യായമായ ആവശ്യത്തിനായി പ്രതിഷേധിച്ചവരെ കലാപശ്രമ കേസിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപകമായ എതിർപ്പുകൾ ഉയരുകയാണ്. ചലച്ചിത്ര അക്കാദമി പരാതിയൊന്നും നൽകിയിട്ടില്ലെന്നും പൊലീസ് ഇടപെട്ടതിന് അവരുടേതായ കാരണമുണ്ടാകാമെന്നും ചെയർമാൻ രഞ്ജിത്ത് പറഞ്ഞതും എതിർപ്പുകളുണ്ടാക്കി. കലാപശ്രമ കേസിൽ പ്രതിചേർക്കപ്പെട്ട നിഹാരിക, മുഹമ്മദ് ഹനീൻ ചലച്ചിത്ര പ്രവർത്തകനായ പ്രതാപ് ജോസഫ് എന്നിവർ ഈ വിഷയത്തിൽ പ്രതികരിക്കുന്നു.

ടാ​ഗോർ തീയേറ്ററിന് മുന്നിലെ പ്രതിഷേധം

നിഹാരിക (വിദ്യാർത്ഥി)

ടാ​ഗോർ തീയേറ്ററിൽ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് വലിയ ക്യൂ ഉണ്ടായിരുന്നു. സിനിമ കാണുന്നതിന് വേണ്ടിയുള്ള റിസർവേഷൻ രാവിലെ എട്ട് മണിക്ക് നമ്മൾ ആപ്ലിക്കേഷൻ വഴി എടുക്കണം. അതിൽ തന്നെ ചില അപാകതകൾ ഉണ്ട്. ചിലർക്ക് 7.55ന് സ്റ്റാർട്ട് ആകും. ചിലർക്ക് എട്ട് മണിയായാലും ആപ് ഓണാകില്ല. അങ്ങനെ റിസർവ് ചെയ്ത് വന്ന ആളുകളുടെ ക്യൂ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ തുടങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂർ മുന്നേ തുടങ്ങിയിട്ടുണ്ടായിരുന്നു. അത്രയും വലിയ ക്യൂ ആയിരുന്നു. ടാ​ഗോർ തീയേറ്ററിൽ ആണെങ്കിൽ ആയിരത്തോളം സീറ്റുകൾ ഉണ്ട്. റിസർവേഷൻ ചെയ്തവർ എത്തിയിട്ടില്ല എങ്കിൽ സിനിമ തുടങ്ങുന്നതിന് 15 മിനിട്ട് മുന്നേ അൺ റിസർവ്ഡ് ആയിട്ടുള്ള ആളുകളെ കയറ്റി വിടും. ആ സാധ്യത നോക്കിയവരുടെ അൺ റിസർവ്ഡ് ക്യൂ വേറെയും ഉണ്ടായിരുന്നു. ഇതിൽ രണ്ടിലും ഉൾപ്പെടാതെ ​ഗസ്റ്റ്, മീഡിയ എന്ന പേരിലെല്ലാം നൂറോളം പേർ കയറിപ്പോയിട്ടുണ്ട്. റിസർവേഷൻ ചെയ്ത് മണിക്കൂറുകളോളം നിൽക്കുന്നവരെ മറികടന്നാണ് ഇത്രയും പേരെ കയറ്റിവിട്ടത്. മണിക്കൂറുകളോളം ക്യൂവിൽ നിന്നവരുടെ മുന്നിലൂടെ നൂറു കണക്കിന് ആളുകളെ കയറ്റിവിട്ടതാണ് പ്രതിഷേധങ്ങൾ ആരംഭിക്കാൻ കാരണം. ഈ പ്രതിഷേധങ്ങളോട് IFFK ഭാരവാഹികൾ സംവദിക്കാൻ തയ്യാറാകാതെ പൊലീസിനെ കൊണ്ടുവരുകയും അടിച്ചമർത്തുകയും ചെയ്യാനാണ് ശ്രമിച്ചത്.

നിഹാരിക

പൊലീസ് ജനാധിപത്യപരമായി നടന്ന ആ പ്രതിഷേധത്തെ കലാപശ്രമം എന്ന രീതിയിലാണ് കണക്കാക്കിയിട്ടുള്ളത്. എഫ്.ഐ.ആറിലും ന്യായവിരുദ്ധമായി സംഘം ചേർന്നവർ എന്നാണ് ഞങ്ങളെക്കുറിച്ച് പറയുന്നത്. അനീതി നടന്നപ്പോൾ ആ നിമിഷത്തിലുണ്ടായ ഒരു പ്രതികരണം എന്ന നിലയിലാണ് എല്ലാവരും പ്രതിഷേധിച്ചത്. മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ഹനീനെ ബലപ്രയോ​ഗത്താൽ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോളാണ് ഞാൻ അത് തടഞ്ഞതും എന്നെയും ജീപ്പിലേക്ക് പിടിച്ചുകയറ്റിയതും. നമുക്കാർക്കും ഡല​ഗേറ്റ് പാസില്ല എന്നാണ് പൊലീസ് പറഞ്ഞുപരത്തുന്നത്. എനിക്ക് സ്റ്റുഡന്റ്സ് പാസുണ്ട്. കലാപശ്രമം, നിമയവിരുദ്ധമായ സംഘം ചേരൽ എന്നീ കുറ്റങ്ങൾ എങ്ങനെയാണ് പൊലീസിന് എഴുതിചേർക്കാൻ കഴിയുന്നത്. ഞങ്ങൾ നിയമവിരു​ദ്ധമായി സംഘം ചേർന്ന് നിന്നതല്ല. സിനിമ കാണാൻ വേണ്ടി ക്യൂവിൽ നിന്നതാണ്. ക്യൂ എങ്ങനെയാണ് നിയമവിരുദ്ധമായി സംഘചേർന്നവരാകുന്നത്. IFFK ഒഫീഷ്യൽസ് പറയുന്നത് പ്രകാരം അവിടെ ക്യൂ എന്ന സംവിധാനത്തിൽ നിന്ന നമ്മൾ എങ്ങനെയാണ് അൺലോഫുൾ അസംബ്ലിയാകുന്നത്? അതുപോലെ ​ഗൂഡാലോചന നടത്തി എന്നെല്ലാം പറയുന്നത് എന്ത് അർത്ഥത്തിലാണ്? വേറെ എന്തെല്ലാം ന്യായം പറഞ്ഞാലും അറസ്റ്റ് ചെയ്യപ്പെട്ടവരെ മർദ്ദിക്കാൻ പൊലീസിന് എന്താണ് അധികാരമുള്ളത്. ഞങ്ങളുടെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട നവീനെ പൊലീസ് ജീപ്പിൽ വച്ച് അവർ മർദ്ദിച്ചു. പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് നവീൻ ചോരതുപ്പിയിട്ടുണ്ട്. നവീൻ പ്രൊട്ടസ്റ്റിന്റെ ഭാ​ഗം പോലും ആയിരുന്നില്ല. ഞാനും ഹനീനും ഒന്നും പ്രതിഷേധത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരല്ല. ഞങ്ങൾ അവിടെ മുദ്രാവാക്യം വിളിക്കുകയും പാട്ടുകൾ പാടുകയുമാണ് ചെയ്തിട്ടുള്ളത്. അത് എങ്ങനെയാണ് ​കലാപമാകുന്നത് എന്ന് മനസ്സിലാകുന്നില്ല. എഫ്.ഐ.ആറിൽ പറയുന്ന മറ്റൊരു സംഭവം 4.30ന് ആണ് കലാപ ശ്രമം നടന്നത് എന്നാണ്. അതും ശരിയല്ല. ഞങ്ങൾ അവിടെ 2.30 മുതൽ ഉണ്ട്. അലൻ ഷുഹൈബിന്റെ വിഷയത്തിൽ അവിടെ ഉച്ചയ്ക്ക് ഒരു പ്രതിഷേ​ധം ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് 3.30ന് ആണ് റിസർവേഷനുമായ ബന്ധപ്പെട്ട പ്രതിഷേധം ഉണ്ടായത്. ആ സമയത്ത് IFFK ഒഫീഷ്യൽസ് ചർച്ചയ്ക്ക് വിളിക്കുകയും ചില പ്രതിനിധികൾ അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ആ ചർച്ചയിലും ഒരു തീരുമാനം ആകാത്തപ്പോഴാണ് ടാ​ഗോർ തീയേറ്ററിന് മുന്നിൽ വീണ്ടും വിണ്ടും പ്രതിഷേധം ഉണ്ടായത്. അപ്പോൾ പൊലീസെത്തി എല്ലാവരോടും ടാ​ഗോർ തീയേറ്റർ ക്യാമ്പസിൽ നിന്നുതന്നെ പോകണമെന്ന് പറഞ്ഞു. IFFK ഡല​ഗേറ്റ്സിന് ഇവിടെ നിൽക്കാൻ അവകാശമില്ലേ എന്ന് ഞങ്ങൾ ചോദിച്ചു.

പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ്

പ്രതിഷേധങ്ങളെ കലാപങ്ങളായി മുദ്രകുത്തുന്നത് ആദ്യമായിട്ടല്ലല്ലോ കേരളത്തിൽ. പൊലീസ് സ്റ്റേറ്റ് ആയി മാറുന്നതിന് തെളിവാണിത്. പ്രതിഷേധങ്ങളെ കലാപങ്ങളായി ചിത്രീകരിക്കുന്നത് ജനാധിപത്യത്തിന് വിള്ളലുകളേൽക്കുകയാണ് ചെയ്യുന്നത്. ഇതിൽ അക്കാദമിയല്ല കേസ് കൊടുത്തിട്ടുള്ളതെന്നും പൊലീസാണ് സ്വമേധയാ കേസെടുത്തതെന്നുമാണ് പറയുന്നത്. എഫ്.ഐ.ആറിൽ ആണെങ്കിലും ഉദയരാജ് എന്ന ഒരു പൊലീസുകാരനാണ് പരാതിക്കാരനായി വരുന്നത്. അക്കാദമി ഒന്നും ചെയ്തില്ല എന്ന് പറയുമ്പോഴും അക്കാദമിയുടെ ഒരു ഇടമാണ് ഫെസ്റ്റിവൽ നടക്കുന്ന ടാ​ഗോർ തീയേറ്റർ. അവിടേക്ക് പുറത്ത് നിന്നും പൊലീസെത്തി ഇത്തരത്തിൽ ഒരു നടപടി എടുക്കണമെങ്കിൽ അത് അക്കാദമിയുടെ ഭാ​ഗത്ത് നിന്നും അറിയാതെ നടക്കുന്നതല്ല. മാത്രമല്ല, അക്കാദമി ഭാരവാഹികൾ അവിടെ നിൽകുമ്പോഴാണ് ഇതെല്ലാം നടക്കുന്നതും. നമുക്കെതിരെ ഒരു അറസ്റ്റും രേഖപ്പെടുത്തില്ല എന്ന് അക്കാദമി ഭാരവാഹികൾ ഉറപ്പ് നൽകിയിരുന്നതുമാണ്. ഞങ്ങളുടെ പരാതികൾ കേൾക്കുന്നതിനായി നടന്ന ചർച്ചയിൽ രണ്ട് ഉറപ്പുകളാണ് അക്കാദമി നൽകിയത്. ഒന്ന് നൽപകൽ നേരത്ത് മയക്കത്തിന് സ്പെഷ്യൽ ഷോ നടത്തുമെന്നും രണ്ട്, നമുക്കെതിരെ കേസൊന്നും എടുക്കില്ല എന്നും. പക്ഷെ ഇത് രണ്ടും ഉണ്ടായില്ല.

മുഹമ്മദ് ഹനീൻ (വിദ്യാർത്ഥി)

കഴിഞ്ഞ അ‍ഞ്ച് വർഷമായി IFFK യിൽ പങ്കെടുക്കുന്ന ആളാണ് ഞാൻ. ഇത്തവണ എനിക്ക് പാസെടുക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. സുഹൃത്തായ നിഹാരികയെ കാണാനാണ് ഞാൻ അവിടെ എത്തിയത്. തീയേറ്ററിലേക്ക് എത്തിയപ്പോഴാണ് നാല് മണിക്കൂറായി മറ്റ് പല സിനിമകളും ഒഴിവാക്കി നൽപകൽ നേരത്തിന് മയക്കം എന്ന സിനിമ കാണാൻ ക്യൂവിൽ നിൽക്കുന്ന സുഹൃത്തുക്കളെ കണ്ടത്. റിസർവേഷനുള്ളവരുടെ ക്യൂ തന്നെ വലിയതായിരുന്നു. സിനിമ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് റിസർവ് ചെയ്തവരെ കയറ്റി വിടുന്നു. വളരെ പെട്ടെന്ന് തന്നെ അത് നിർത്തുകയും ഇനി കയറാൻ കഴിയില്ലെന്ന് ഭാരവാഹികൾ അറിയിക്കുകയും ചെയ്യുന്നു. റിസർവ് ചെയ്തവർക്ക് കാണാനുള്ള സൗകര്യം ഉണ്ടാകുക എന്നത് പ്രാഥമിക മര്യാദയാണ്. റിസർവ് ചെയ്തവരെ പുറത്ത് നിർത്തുകയും വി.ഐ.പികളായ കുറയേധികം ആളുകളെ ഉള്ളിലേക്ക് കയറ്റിവിടുകയുമാണ് ഭാരവാഹികൾ ചെയ്തത്. അതോടെ റിസർവ് ചെയ്തവർ പ്രതിഷേധിക്കാൻ തുടങ്ങി. ചെറിയ തോതിലുള്ള വാക്കുതർക്കമാണുണ്ടായത്. ആ സമയത്ത് വളരെ നിഷേധാത്മകമായിട്ടാണ് ഫെസ്റ്റിവൽ വോളണ്ടിയേഴ്സ് സംസാരിച്ചത്. IFFK ഒഫീഷ്യൽസിനെ വിളിച്ച് ഇതിന് ഒരു പരിഹാരം കാണണം എന്നായിരുന്നു പ്രതിഷേധിച്ചവരുടെ ആവശ്യം. അതുപ്രകാരം അവിടെ മുദ്രാവാക്യങ്ങളും പാട്ടുകളുമായി ഇരിക്കുകയായിരുന്നു. എന്നാൽ IFFK ഒഫീഷ്യൽസിന് പകരം അവിടേക്ക് എത്തിയത് കേരള പൊലീസ് ആയിരുന്നു. പൊലീസ് വളരെ മോശമായാണ് ഇടപെട്ടത്. രണ്ട് മണിക്കൂറോളം നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് IFFK ഒഫീഷ്യൽസുമായി സംസാരിക്കാൻ അവസരമുണ്ടായത്. എന്നാൽ ആ ചർച്ച നടക്കുമ്പോൾ പോലും പൊലീസ് ലാത്തി അടക്കം പ്രയോ​ഗിക്കാനാണ് തുടങ്ങിയത്. ആ നടപടിയെ ഞങ്ങൾ ചോദ്യം ചെയ്തു. ഇവിടെ നിരോധനാജ്ഞയൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. നീയാരാടാ ഞങ്ങളെ നിയമം പഠിപ്പിക്കാൻ എന്നാണ് തിരിച്ച് ചോദിച്ചത്. അവിടെ നടന്ന പ്രതിഷേധത്തിൽ ഞാനും പങ്കുചേരുകയായിരുന്നു. അതിന് ഡല​ഗേറ്റ് പാസെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അത് പൗരബോധമുള്ള ഒരാളുടെ ഉത്തരവാദിത്തമാണ്. ഞങ്ങളോട് ഡല​ഗേറ്റ് പാസ് എവിടെ എന്ന് പൊലീസ് ചോദിച്ചു. അത് കാണിക്കേണ്ട കാര്യമില്ല എന്ന് ഞാൻ പറ‍ഞ്ഞു. കാരണം അത് പൊലീസിന് കാണിച്ച് കൊടുക്കേണ്ട കാര്യമില്ല. സിനിമ കാണാൻ അകത്ത് കയറുമ്പോൾ അവിടെ നിൽക്കുന്ന വോളണ്ടിയേഴ്സിന് മാത്രമേ കാണിക്കേണ്ടതുള്ളൂ. അത് പറഞ്ഞതോടെ പൊലീസ് കായികമായി ബലം പ്രയോ​ഗിച്ച് ആളുകളെ പുറത്തേക്ക് തള്ളിനീക്കാൻ ശ്രമിച്ചു. IFFK വേദി സിനിമ കാണാൻ മാത്രമുള്ള വേദിയായിട്ടല്ല സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അത് ആളുകൾക്ക് ഒത്തുചേരുന്നതിനും പലതരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണ് എല്ലാക്കാലത്തും. അതിനെ അട്ടിമറിക്കുന്ന രീതിയിലുള്ള ഇടപെടലാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നുമുണ്ടായത്.

മുഹമ്മദ് ഹനീൻ

കലാപ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. എന്താണ് കലാപമെന്ന് IFFK അധികൃതർക്കും പൊലീസിനും ഒന്നും ഇനിയും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. കലാപം നടത്തുന്നു എന്ന് പറയുമ്പോൾ ​ഗുജറാത്ത് കലാപമൊക്കെയാണ് ഓർമ്മവരുന്നത്. സ്വന്തം അവകാശങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്നവരെ കലാപകാരികളായി ഇടതുസർക്കാരിന്റെ പൊലീസിന് കാണാൻ കഴിയുന്നത് അഭികാമ്യമാണോ എന്ന് ചിന്തിക്കണം.

പ്രതാപ് ജോസഫ് (പ്രസിഡന്റ്, മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ)

റിസർവ് ചെയ്തവർക്ക് പോലും സിനിമ കാണാൻ കഴിയാത്ത സാഹചര്യം ഇത്തവണ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ റിസർവ് ചെയ്തവർ സിനിമ കാണാൻ വേണ്ടി നടത്തിയ ഒരു പ്രതിഷേധമാണ് അവിടെ നടന്നത്. അതിനാണ് കലാപ ശ്രമത്തിനടക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റത്തിനാണ് പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെ കേസുമായി പൊലീസ് നീങ്ങുന്നത്. നമുക്കറിയാം IFFK എന്നത് ഒരു ഫിലിം ഫെസ്റ്റിവലാണ്. അവിടെ ആരും വരുന്നത് കലാപമുണ്ടാക്കാനല്ല. പ്രതിഷേധങ്ങളുണ്ടാകും. മണിക്കൂറുകളോളം ക്യൂവിൽ നിന്നവർക്ക് സിനിമ കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പ്രതിഷേധം ഉണ്ടാകും എന്നുറപ്പാണ്. തീർച്ചയായും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‍ജിത്ത് വളരെ ധിക്കാരപരമായ സമീപനമാണ് ഡെല​ഗേറ്റുകൾക്കെതിരെ എടുത്തിരിക്കുന്നത് എന്ന് പറയേണ്ടി വരും.

പ്രതാപ് ജോസഫ്

IFFK എല്ലാക്കാലത്തും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വേദിയാണ് എന്നതുതന്നെയാണ് ഈ ഫെസ്റ്റിവലിന്റെ പ്രത്യേകതയും. ആ ഒരു പാരമ്പര്യം മനസ്സിലാക്കാതെയാണ് രഞ്ജിത്തെല്ലാം പെരുമാറുന്നത്. പൊലീസ് വന്ന് സ്വമേധയാ കേസെടുത്തു എന്നാണ് ചെയർമാന്റെ വാദം. എന്നാൽ അവരുടെ അനുതിയില്ലാതെ പൊലീസ് വന്ന് അറസ്റ്റ് നടത്തി, കേസെടുത്ത് എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. തീർച്ചയായും കേസ് പിൻവലിക്കാൻ മുൻകൈയെടുത്ത് വിദ്യാർത്ഥികളോടും ഡല​ഗേറ്റുകളോടും ചലച്ചിത്ര അക്കാദമി ചെയർമാൻ മാപ്പു പറയുകയാണ് വേണ്ടത്. അതുപോലെ എന്തുകൊണ്ടാണ് റിസർവ് ചെയ്ത് ആളുകൾക്ക് പോലും സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നത് എന്ന കാര്യം ചെയർമാൻ വിശദീകരിക്കേണ്ടതുണ്ട്. സിനിമ കാണാനുള്ള ആ​ഗ്രഹം കൊണ്ട് പല നാടുകളിൽ നിന്നും തിരുവനന്തപുരത്ത് എത്തിയവരോട് അക്കാദമി ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നും അവർ ​ഗൗരവമായി ആലോചിക്കണം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 16, 2022 8:54 am