ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് രൂക്ഷവിമർശനമുന്നയിച്ച സുപ്രീം കോടതി, കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നതിനാൽ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്നും ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും വ്യക്തമാക്കി. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായി ബിൽക്കിസ് ബാനുവും, സി.പി.എം നേതാവ് സുഭാഷിണി അലിയും, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും അടക്കം സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. “ശിക്ഷ വിധിക്കുന്നത് പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ അവിടത്തെ സർക്കാരിനായിരുന്നു അവകാശം” എന്ന് പറഞ്ഞ കോടതി 11 പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവും റദ്ദാക്കി. ഇവർ വീണ്ടും തടവ് ശിക്ഷ അനുഭവിക്കണം. ഗുജറാത്ത് സർക്കാർ പ്രതികളുമായി ഒത്തുകളിച്ചു, നിയമവ്യവസ്ഥയെ അട്ടിമറിച്ചു, ഇല്ലാത്ത അധികാരം ഉപയോഗിച്ചു എന്നീ വിമർശനവും കോടതി ഉന്നയിച്ചു.
2002 ഗുജറാത്ത് കലാപ കാലത്താണ് ഇരുപത്തൊന്നുകാരിയായ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്ന് പീഡിപ്പിക്കുകയും ബാനുവിന്റെ ഏഴ് കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്തത്. അഞ്ച് മാസം ഗർഭിണിയായ ബിൽക്കിസ് ബാനുവിനൊപ്പമുണ്ടായിരുന്ന മൂന്ന് വയസുള്ള കുട്ടിയേയും പ്രതികൾ കൊലപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ മഹാരാഷ്ട്രയിലേക്ക് മാറ്റിയ കേസ് സി.ബി.ഐ അന്വേഷിക്കുകയും 2008-ല്‍ കേസിലെ 11 പ്രതികൾക്കും പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. 2017-ല്‍ ബോംബൈ ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചു. ശിക്ഷാ ഇളവിനായി പ്രതികളില്‍ ഒരാളായ ആര്‍ ഭഗവന്‍ദാസ് ഷാ സുപ്രീം കോടതിയെ സമീപിക്കുകയും തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ 2022 മെയ് 13ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ 2022 ലെ സ്വാതന്ത്ര്യദിനത്തിൽ 15 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ചതും നല്ല നടപ്പും പരിഗണിച്ച് ഗുജറാത്ത് സർക്കാർ ജീവപര്യന്തം തടവുകാരായ 11 പ്രതികളേയും വിട്ടയക്കുകയായിരുന്നു. ജയിലിൽനിന്നിറങ്ങിയ പ്രതികളെ മാലയിട്ടും മധുരം നൽകിയുമാണ് ബി.ജെ.പി പ്രവർത്തകർ സ്വീകരിച്ചത്.
ഇതിനെതിരെ സുഭാഷിണി അലി, മഹുവ മൊയ്‌ത്ര, മുൻ ഐ.പി.എസ് ഓഫീസർ മീരൻ ചദ്ദ ബോർവങ്കർ എന്നിവരാണ് ആദ്യം സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നിയമവിരുദ്ധമായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്ന് ചൂണ്ടിക്കാട്ടി 2022 നവംബറിൽ ബിൽക്കീസ് ബാനുവും സുപ്രീം കോടതിയെ സമീപിച്ചു. എല്ലാ പ്രതികളുടേയും ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഒരാളുടെ കാര്യത്തിൽ മാത്രമാണ് നിർദ്ദേശം നൽകിയിരുന്നതെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ഭഗവന്‍ദാസ് ഷായുടെ ഹർജിയിൽ ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന മുൻ ഉത്തരവും റദ്ദാക്കി. വസ്തുതകൾ മറച്ചുവെച്ച് തെറ്റായ വിവരങ്ങൾ കോടതിയിൽ നൽകിയാണ് ശിക്ഷായിളവിന് വേണ്ടി ഭഗവന്‍ദാസ് ഷാ സമീപിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.