![Support Keraleeya](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/support-left.png)
![Support Keraleeya](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/support-left.png)
Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
![right-bg](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/right-bg.png)
![right-bg](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/right-bg.png)
ഭരണഘടനയുടെ അനുച്ഛേദം 370 പ്രകാരമുള്ള ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത മോദി സർക്കാരിന്റെ നടപടിയെയും പാർലമെന്റ് പാസ്സാക്കിയ നിയമത്തെയും ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി, ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മൗലികപ്രമാണങ്ങളെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇതൊരു രാഷ്ട്രീയ വിജയമാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ, പ്രത്യേകിച്ച് ഇപ്പോൾ നിലവിലിരിക്കുന്ന വിഭിന്നമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇക്കാര്യം ഉത്കണ്ഠയ്ക്കുള്ള ഒരു വിഷയമായിത്തീർന്നിട്ടുണ്ട്. രാഷ്ട്രപതി ഭരണകാലത്ത്, സംസ്ഥാന അസംബ്ലിയ്ക്ക് വേണ്ടി പിൻവലിക്കാനോ റദ്ദ് ചെയ്യാനോ ആവാത്തവിധം നിയമനിർമ്മാണം നടത്താനുള്ള അധികാരം പാർലമെന്റിനുണ്ട് എന്ന കോടതിയുടെ ദൃഢപ്രസ്താവം, ഭരണഘടനാപരമായ അടിസ്ഥാനതത്വങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഫെഡറൽ സംവിധാനത്തിന്റെ ഭാവിയെ സംബന്ധിച്ച് ശക്തമായ വെല്ലുവിളികൾ ഉയർത്തുന്നു.
എങ്കിലും, അനുച്ഛേദം 3ന് കീഴിലുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഒരു സംസ്ഥാനത്തെ ഒന്നോ അതിലധികമോ കേന്ദ്രഭരണപ്രദേശങ്ങളാക്കി, സംസ്ഥാനപദവി ഇല്ലാതാക്കാൻ പാർലമെന്റിന് സാധിക്കുമോ എന്ന കാര്യം തീരുമാനിക്കാതെ വിട്ടിരിക്കുകയാണ് സുപ്രീംകോടതി. ഗൗരവമേറിയ ഒരു പ്രശ്നമാണിത്. ഉചിതമായ മറ്റൊരു കേസിൽ സ്വയംഭരണാധികാരം, ചരിത്രപരമായ സാഹചര്യം, ഫെഡറലിസം, പ്രാതിനിധ്യജനാധിപത്യം എന്നിവയ്ക്ക് മേൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതത്തെ കണക്കിലെടുത്തുകൊണ്ട് അനുച്ഛേദം 3ന് കീഴിലുള്ള അധികാരങ്ങളുടെ വ്യാപ്തിയെ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ഊന്നിപ്പറഞ്ഞിട്ടുണ്ട്. കോടതി സമുചിതമായൊരു കേസിന് വേണ്ടി ഇനിയും കാത്തിരിക്കുകയാണോ? ജമ്മു-കാശ്മീർ എന്ന പ്രശ്നം പരിഗണനയർഹിക്കുന്നതല്ലേ? എങ്കിലും, അനുച്ഛേദം 3ലെ ആദ്യത്തെ വ്യവസ്ഥ പ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായങ്ങൾ ‘ശുപാർശാപരമാണെന്നും’ (recommendatory) പാർലമെന്റ് അത് നടപ്പാക്കുന്നതിന് ബാധ്യസ്ഥമല്ലെന്നും വിധി വ്യക്തമാക്കിയിട്ടുണ്ട്.
![](https://www.keraleeyammasika.com/wp-content/uploads/2023/12/kashmir2.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/12/kashmir2.jpg)
രാഷ്ട്രപതി ഭരണകാലത്ത് കേന്ദ്ര സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും വെല്ലുവിളിക്കപ്പെടാവുന്നവയല്ലെന്നും, അങ്ങനെ സംഭവിക്കുകയാണെങ്കിൽ, സംസ്ഥാനഭരണം സ്തംഭനാവസ്ഥയിലേക്ക് നയിക്കുമെന്നും അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ തലവനായ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ പ്രസ്താവിച്ചിരിക്കുന്നു. ഇതിനിടെ കോടതി, ജമ്മു-കാശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന സോളിസിറ്റർ ജനറലിന്റെ ഉറപ്പിനെ അവലംബിച്ചുകൊണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ലഡാക്കിന്റെ പുനഃസംഘടനയെ ശരിവയ്ക്കുകയും ചെയ്തു.
ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്ക് ആഘാതമേല്പിച്ചുകൊണ്ട്, സംസ്ഥാന നിയമസഭ പ്രവർത്തനരഹിതമായിരിക്കുമ്പോൾ സംസ്ഥാന പദവിയെ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള കോടതിയുടെ തീരുമാനം ചില ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നു. പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന പദവിയെത്തന്നെ ഇല്ലാതാക്കാൻ സാധ്യതയില്ലേ എന്ന ചോദ്യവും കോടതിയുടെ ഈ തീരുമാനം ഉയർത്തുന്നു. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുമപ്പുറത്തേക്ക് വോട്ടെടുപ്പ് മാറ്റിവെയ്ക്കാൻ അനുവദിച്ചുകൊണ്ട് 2024 സെപ്റ്റംബർ 30 ന് മുമ്പ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള നിർദ്ദേശം പ്രധാനമാണ്.
ഭരണഘടനയുടെ എല്ലാ വകുപ്പുകളും ജമ്മു-കാശ്മീരിൽ പ്രാബല്യത്തിൽ വരുത്തുന്ന അനുച്ഛേദം 370(1)(D) പ്രകാരമുള്ള അധികാരം നടപ്പാക്കാൻ പ്രസിഡന്റിന് സംസ്ഥാന സർക്കാരിന്റെ സമ്മതം ആവശ്യമില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് ബി.ആർ ഗവെ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ വിധി സ്ഥിരീകരിച്ചു. CO (ഭരണഘടനാ ഉത്തരവ്) 272 പുറപ്പെടുവിക്കാൻ പ്രസിഡന്റിനുള്ള അധികാരം അനുച്ഛേദം 370(1)(D) പ്രകാരം ദുരുപയോഗമല്ലെന്നും, ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വകുപ്പുകളും ജമ്മു-കശ്മീർ സംസ്ഥാനത്തിൽ ബാധകമാകും വിധം അതിനെ നിയമാനുസൃതമായി പരിഗണിക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിലായി അനുച്ഛേദം 370 (1) (d) പ്രകാരം നാല്പത് തവണ പ്രസിഡന്റ് ഭരണഘടനാ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ യൂണിയനുമായുള്ള ഭരണഘടനാപരമായ ഏകീകരണത്തെ സൂചിപ്പിച്ചുകൊണ്ട് എഴുപത് കൊല്ലത്തിനിടയിൽ ഭരണഘടനയുടെ വിവിധ വ്യവസ്ഥകൾ മാറ്റങ്ങളോടെ പ്രയോഗിച്ചിട്ടുണ്ട്. വിധിന്യായം ഇന്ത്യയുടെയും ജമ്മു-കാശ്മീരിന്റെയും ഭരണഘടന വ്യവസ്ഥകൾ വിശകലനം ചെയ്യുകയും രണ്ടാമത്തേത് ആദ്യത്തേതിന് കീഴ്പ്പെടുന്നതാണെന്ന നിർണ്ണയത്തിലെത്തുകയും ചെയ്തു. അനുച്ഛേദം 370-ന്റെ റദ്ദാക്കലിന് ശേഷം, സംസ്ഥാനത്തിന്റെ ഭരണഘടന പ്രവർത്തന സാധ്യമല്ലാത്തതായിത്തീരുന്നു. ഇന്ത്യൻഭരണഘടന പൂർണ്ണമായും ജമ്മു-കാശ്മീരിൽ പ്രാവർത്തികമാക്കുന്നതോടുകൂടി, സംസ്ഥാന ഭരണഘടനയ്ക്ക് അതിന്റെ ഉദ്ദേശ്യവും പ്രവർത്തനക്ഷമതയും നഷ്ടപ്പെടുന്നു.
![](https://www.keraleeyammasika.com/wp-content/uploads/2023/12/amithsha.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/12/amithsha.jpg)
ഇന്ത്യൻ യൂണിയനിലേക്കുള്ള കൂടിച്ചേരലിനും (Instrument of Accession), 1949 നവംബർ 25ന് ഇന്ത്യൻ ഭരണഘടന സ്വീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിനും ശേഷം ജമ്മു-കാശ്മീരിന് പരമാധികാരമെല്ലാം തന്നെ നഷ്ടപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. അനുച്ഛേദം 370 പരമാധികാരമല്ല, ‘തുല്യമല്ലാത്ത ഫെഡറലിസ’മാണ് പ്രതിഫലിപ്പിച്ചത്, വിധിന്യായം
ചൂണ്ടിക്കാട്ടി. ജമ്മു-കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുവരെ ഹർജിക്കാർ ജമ്മു-കാശ്മീർ ഭരണഘടനയുടെ സെക്ഷൻ 92ന് കീഴിലുള്ള പ്രഖ്യാപനങ്ങളോ, 356-ാം അനുച്ഛേദമോ ചോദ്യം ചെയ്തിരുന്നില്ലന്നു ജഡ്ജിമാർ പറഞ്ഞു. റദ്ദാക്കൽ നടപടിയ്ക്ക് ശേഷമാണ് പ്രധാന കേസ് ഫയൽ ചെയ്തതെന്ന കാരണത്താൽ മേൽ സൂചിപ്പിച്ച പ്രഖ്യാപനങ്ങളോടുള്ള (സെക്ഷൻ 92, അനുച്ഛേദം 356) എതിർവാദം പരിഗണിക്കപ്പെട്ടില്ല. അനുച്ഛേദം 370 (1) (d)യുടെ കീഴിൽ CO 272 പുറപ്പെടുവിക്കാൻ പ്രസിഡന്റിനുള്ള അധികാരം പദവിയുടെ ദുരുപയോഗമല്ലെന്ന് അവർ സമ്മതിക്കുന്നുണ്ട്. സമ്മതിയില്ലാതെ തന്നെ ഒരേ സ്വരത്തിൽ അനുച്ഛേദം 370 റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രസിഡന്റിന് ഏകപക്ഷീയമായി ചെയ്യാം. ആയതിനാൽ, പ്രസിഡന്റ് അനുച്ഛേദം 370 (1) (d)യ്ക്ക് കീഴിലുള്ള അധികാരം പ്രയോഗിച്ചുകൊണ്ട് CO 272 മുഖേന ഭരണഘടന പൂർണ്ണമായും ജമ്മു-കാശ്മീരിൽ നടപ്പിലാക്കിയ സംഭവം നിയമസാധുതയുള്ളതാണ്, വിധിന്യായം പറയുന്നു.
കോടതിയുടെ കാഴ്ചപ്പാടിൽ CO 273 വഴി അനുച്ഛേദം 370 (3) ഭരണഘടനാപരമായ സംയോജനപ്രക്രിയയുടെ പരിപൂർണ്ണതയെ ദ്യോതിപ്പിക്കുന്ന തരത്തിലുള്ള പ്രസിഡന്റിന്റെ പ്രഖ്യാപനം നിയമാനുസൃതമാണ്. CO 273 വഴി ഇന്ത്യൻ ഭരണഘടനയുടെ നടപ്പാക്കലിനെത്തുടർന്ന് ജമ്മു-കാശ്മീരിന്റെ ഭരണഘടന അനാവശ്യമാണെന്ന് പ്രഖ്യാപിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ ഭരണഘടന പരമോന്നതമാകുകയും ചെയ്യുന്നു. അപ്രകാരം, അനുച്ഛേദം 3ന്റെ ആദ്യവ്യവസ്ഥയ്ക്ക് വിധേയമായി ജമ്മു-കാശ്മീരിനെ രണ്ട് യൂണിയൻ പ്രദേശങ്ങളാക്കി (ലഡാക്ക്, ജമ്മു-കാശ്മീർ) കൊണ്ടുള്ള പുനർരൂപീകരണത്തിലേക്ക് പാർലമെന്റ് നടത്തിയ അധികാരപ്രയോഗം അധികാര ദുർവിനിയോഗമല്ലെന്നും നിയമാനുസൃതമാണെന്നും പ്രഖ്യാപിക്കപ്പെട്ടു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി (ലഡാക്ക് ഒഴികെ) പുനഃസ്ഥാപിക്കുമെന്ന് സോളിസിറ്റർ ജനറൽ ഉറപ്പ് നൽകിയതായി കോടതി ചൂണ്ടിക്കാട്ടി. 2024 സെപ്‌റ്റംബർ 30-നകം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു, സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. ജമ്മു-കാശ്മീരിന്റെ സംസ്ഥാനപദവി (ലഡാക്ക് ഒഴികെ) പുനഃസ്ഥാപിക്കണമെന്ന് കോടതി പറയുമ്പോൾ അതിനു കാലപരിധി നിച്ഛയിക്കുന്നുമില്ല. അനുച്ഛേദം 370 റദ്ദാക്കുന്നതിന്റെ സാഹചര്യം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വിവാദപരമായ ഒരു നീക്കമായിരുന്നു 2019-ൽ ജമ്മുവിന്റെയും കാശ്മീരിന്റെയും പുനഃസംഘാടനം. 2019-ലെ ജമ്മു-കാശ്മീർ പുനഃസംഘടനാ ആക്ട് വഴി ജമ്മു-കാശ്മീരിന്റെ ‘പ്രത്യേകപദവി’ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഭരണഘടനാപരവും, രാഷ്ട്രീയവും നൈതികവുമായ വിവാദങ്ങൾക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ രണ്ട് യൂണിയൻ ഭരണ പ്രദേശങ്ങളായി വിഭജിച്ചു – ലഡാക്കും, ജമ്മു-കാശ്മീരും. ഹർജിക്കാരുൾപ്പെടെയുള്ള വിമർശകർ, ഈ നടപടി ഇന്ത്യയുടെ പാർലമെന്ററി നടപടിക്രമങ്ങളുടെയും ഫെഡറൽ തത്വങ്ങളെയും സംസ്ഥാനങ്ങളുമായുള്ള ഇടപെടലുകളിൽ തുടർന്നുപോന്നിരുന്ന ഭരണഘടനാപരമായ ജനാധിപത്യരീതികളെയും വെല്ലുവിളിക്കുകയാണെന്ന് വാദിച്ചു.
![](https://www.keraleeyammasika.com/wp-content/uploads/2023/12/kashmir1.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/12/kashmir1.jpg)
സംസ്ഥാന അതിർത്തികൾക്ക് മാറ്റം വരുത്താൻ ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 3 പാർലമെന്റിന് നൽകിയ അധികാരത്തിന്റെ വ്യാഖ്യാനത്തിലാണ് ഈ പ്രശ്നം നിലനിൽക്കുന്നത്. ജമ്മു-കാശ്മീരിന്റെ നിയമസഭയെ മറികടന്നുകൊണ്ടും, ഫെഡറലിസത്തിന്റെ തത്വങ്ങളെ പരിമിതപ്പെടുത്തിക്കൊണ്ടും കേന്ദ്ര സർക്കാർ ഈ അനുച്ഛേദത്തിൽ കൃത്രിമം കാണിച്ചുവെന്ന് ഹർജിക്കാർ വാദിച്ചു. 1956-ലെ സംസ്ഥാന പുനഃസംഘടന ആക്ട് നിലവിൽ വന്നതിന് ശേഷം ഒരു സംസ്ഥാനത്തെയും ഒരു യൂണിയൻ ഭരണ പ്രദേശമാക്കി മാറ്റിയിട്ടില്ല, അതിനാൽത്തന്നെ
ഇന്ത്യയുടെ ചരിത്രപരമായ സമീപനത്തിൽ നിന്നുള്ള ഒരു വ്യതിയാനമായി ഈ നടപടിയെ കാണുന്നു. ജമ്മു-കാശ്മീരിന് സ്വയംഭരണാവകാശം നൽകിയ അനുച്ഛേദം 370 ഈ വിവാദത്തിലെ പ്രധാന ഘടകമായിരുന്നു. ആരംഭത്തിൽ ഒരു താല്ക്കാലിക ഏർപ്പാടായി ആവിഷ്കരിക്കപ്പെട്ട അനുച്ഛേദം 370, ജമ്മു-കാശ്മീർ അധികാരികളുമായി കൂടിയാലോചന നടത്തി ഇന്ത്യൻ ഭരണഘടനയിലെ ഏതൊക്കെ വ്യവസ്ഥകൾ സംസ്ഥാനത്ത് പ്രയോഗത്തിൽ വരുത്തണമെന്നുള്ള തീരുമാനമെടുക്കാൻ പ്രസിഡന്റിനെ അനുവദിച്ചു.
കാലം കടന്നുപോകവെ, ഭേദഗതികൾ ജമ്മു-കാശ്മീരിന്റെ സ്വയംഭരണാവകാശത്തെ പരിമിതപ്പെടുത്തി. ജമ്മു-കാശ്മീർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ (ഫലത്തിൽ നിയമസഭയുടെ) അനുമതി കൂടാതെ അനുച്ഛേദം 370 റദ്ദാക്കാനുള്ള
സർക്കാരിന്റെ തീരുമാനം ഭരണഘടനാപരമായ ആശങ്കകൾ വർദ്ധിപ്പിച്ച് ജമ്മു-കാശ്മീർ നിയമസഭയെ കണക്കിലെടുക്കാതെ പുനഃസംഘടന നടപ്പാക്കിയതിൽ കാണിച്ച വ്യഗ്രത, ഭരണഘടനാതത്വങ്ങളോടുള്ള യൂണിയൻ സർക്കാരിന്റെ കൂറ് ചോദ്യം ചെയ്യപ്പെടുന്നതിനിടയാക്കി. രാഷ്ട്രീയ സാഹചര്യങ്ങളും, ജമ്മു കാശ്മീരിന് മേൽ പ്രസിഡന്റ് ഭരണം അടിച്ചേല്പിച്ചതും സംസ്ഥാന നിയമനിർമ്മാണസഭയുടെ പിരിച്ചുവിടലും പ്രശ്നത്തെ സങ്കീർണ്ണമാക്കി. ആഗസ്റ്റ് 5, 2019ന് പുറപ്പെടുവിച്ച പ്രസിഡൻഷ്യൽ നോട്ടിഫിക്കേഷനിൽ, ഭരണഘടനയുടെ 367-ാം അനുച്ഛേദത്തിൽ വരുത്തിയ ഒരു ഭേദഗതിയും ഉൾക്കൊള്ളുന്നു. സംസ്ഥാനത്തെ സംബന്ധിക്കുന്ന മുഖ്യസംജ്ഞകളുടെ വ്യാഖ്യാനത്തെ അത് മാറ്റുന്നുണ്ട്. വ്യഖ്യാനത്തിലെ ഈ മാറ്റം, ജമ്മു-കാശ്മീരിലെ പ്രസിഡന്റ് ഭരണകാലത്ത് അസംബ്ലി പിരിച്ചുവിട്ടതാണെങ്കിൽപ്പോലും, സംസ്ഥാന നിയമനിർമ്മാണ അസംബ്ലിയ്ക്ക് പകരം പാർലമെന്റ് ആയിരിക്കും ശുപാർശകൾ നൽകുക എന്ന് വാദിക്കാൻ കേന്ദ്ര സർക്കാരിനെ പ്രാപ്തമാക്കുന്നു. ഇതു ചെയ്തത് മാത്രം ശരിയായിരുന്നില്ലന്നു സുപ്രീംകോടതി പറയുന്നുണ്ട്. സംസ്ഥാന അസംബ്ലിയുടെ സമ്മതമില്ലാതെ നിലവിലുള്ള നിയമ മാനദണ്ഡങ്ങളെയും, കീഴ്വഴക്കങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അനുച്ഛേദം 370നെ ഭേദഗതി ചെയ്യാനുള്ള പരോക്ഷമായ ഒരു മാർഗ്ഗമായാണ് ഇതിനെ കാണുന്നത്. ജമ്മു-കാശ്മീർ സർക്കാറിന്റെ ‘സമ്മതം’ (Concurrence) നേടിയിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്, എന്നാൽ പ്രസിഡന്റ് ഭരണത്തിൻ കീഴിൽ, ഇത് ഗവർണ്ണറുടെ സമ്മതമാണെന്നാണ് വിമർശകരുടെ വാദം, എന്നാൽ ഗവർണർ കേന്ദ്ര സർക്കാരിന്റെ ഏജന്റാണല്ലോ.
![](https://www.keraleeyammasika.com/wp-content/uploads/2023/12/kashmir_women_g.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/12/kashmir_women_g.jpg)
വിവാദപരമായ ഈ നീക്കത്തിൽ ജമ്മു-കശ്മീരിന്റെ പുനഃസംഘടന ബിൽ ദ്രുതഗതിയിൽ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കപ്പെടുകയും 2019 ആഗസ്റ്റ് 9ന് പ്രസിഡന്റിന്റെ അനുമതി തേടുകയും ചെയ്തു. ജമ്മു-കശ്മീർ പുനഃസംഘടനാ ആക്ട് 2019 സംസ്ഥാനത്തെ ജമ്മു-കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് യൂണിയൻ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിച്ചുകൊണ്ട് 2019 ഒക്ടോബർ 31ന് നിലവിൽ വന്നു. ഈ അക്ട് എക്സിക്യൂട്ടൂീവ് ഓർഡറുകൾ പുറപ്പെടുവിക്കാനും യൂണിയൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് നാനൂറിൽ അധികം സംസ്ഥാന യൂണിയൻ നിയമങ്ങൾ ഭേദഗതി ചെയ്യാനോ അല്ലെങ്കിൽ റദ്ദാക്കാനോയുള്ള വിപുലമായ അധികാരങ്ങളാണ് കേന്ദ്ര സർക്കാരിന് നൽകുന്നത്.
ജമ്മു-കശ്മീർ പുനഃസംഘടനാ ആക്ട് 2019 ന്റെ നിമയപരമായ സാധുത അനേകം ഹർജികളിലൂടെ സുപ്രീകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. അനേകം വ്യക്തികൾ, അഭിഭാഷകർ, മുൻന്യായാധിപന്മാർ, പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രസിഡന്റിന്റെ ഈ ഉത്തരവുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. 2019 ആഗസ്റ്റ് 28ന് സുപ്രീംകോടതി ഈ ഹർജികളെ കൂടുതലായി പരിശോധിക്കുന്നതായി ഒരു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നൽകി. ജമ്മു-കശ്മീരിൽ നിന്നും അതിന്റെ സംസ്ഥാന പദവി എടുത്ത് മാറ്റുന്നതിനായി എടുത്ത തീരുമാനം ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കാണേണ്ടത്. കശ്മീരിൽ ഭീകരപ്രവർത്തനത്തെ നിയന്ത്രിക്കുക എന്നതിന് ഊന്നൽ നൽകിക്കൊണ്ട്, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെയാണ് ഈ നീക്കത്തിന്റെ പ്രാഥമിക ന്യായീകരണമായി ബി.ജെ.പി എടുത്ത് പറഞ്ഞത്. എങ്കിലും, 2015 മുതൽ 18 വരെ ശ്രീനഗറിലെ രാഷ്ട്രീയ ശക്തികളുമായി അധികാരം പങ്കിടേണ്ടി വന്നതിൽ ബി.ജെ.പിക്കുണ്ടായ മോഹഭംഗങ്ങളും ഇത്തരമൊരു തീരുമാനത്തിലെത്തുന്നതിനെ സ്വാധീനിച്ചിട്ടുണ്ട്.
2018ൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായുള്ള മുന്നണി ഭരണത്തിൽ നിന്നുമുള്ള ബി.ജെ.പിയുടെ പെട്ടെന്നുള്ള പിന്മാറ്റം, ഇതേ തുടർന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവയ്ക്കേണ്ടി വന്നതും ഒരു വഴിത്തിരിവ് ആയിരുന്നു. തീവ്രമായിക്കൊണ്ടിരുന്ന അക്രമം മൂലം സഖ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേർന്നെന്ന് ബി.ജെ.പി അവകാശപ്പെട്ടു. എങ്കിലും, ബി.ജെ.പിയുടെ പിന്മാറ്റം തന്ത്രപരമായ ലക്ഷ്യം വച്ചുള്ളതായിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് എതാനും മാസങ്ങൾക്ക് മുമ്പ് ജമ്മുവിൽ ബി.ജെ.പിക്കുണ്ടായ ജനപ്രീതിയുടെ നേട്ടവും താഴ്വരയിൽ പി.ഡി.പിക്ക് നഷ്ടപ്പെട്ടുകൊണ്ടിരുന്ന ജനപിന്തുണയും കണക്കിലെടുത്ത് വളരെ കൃത്യമായ സമയത്ത് തന്ത്രപരമായി എടുത്ത തീരുമാനമായിരുന്നു അത്. പി.ഡി.പി-ബി.ജെ.പി സഖ്യത്തിന്റെ കാലത്ത് 2014ലെ വെള്ളപ്പൊക്കം, നോട്ട് നിരോധനം, ജി.എസ്.ടി നടപ്പിലാക്കൽ ഉൾപ്പെടെ ജമ്മു-കശ്മീരിൽ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകൾ വളരെ ഗുരുതരമായിരുന്നു. ഈ അവസ്ഥ അക്രമം, തൊഴിലില്ലായ്മ, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്ക്ക് ആക്കം കൂട്ടി. വഷളായിക്കൊണ്ടിരുന്ന നിയമ ക്രമസമാധാന അവസ്ഥയോടുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ബി.ജെ.പിയുടെ പിൻമാറ്റം അവതരിപ്പിക്കപ്പെട്ടതെങ്കിലും, വർദ്ധിച്ചുവന്ന ഈ പ്രതിസന്ധിയിൽ ബി.ജെ.പിക്കുള്ള പങ്കിൽ നിന്നും ശ്രദ്ധ മാറ്റിവിടുന്നതിനു വേണ്ടിയായിരുന്നു കാര്യങ്ങൾ നീക്കിയത്. കത്വ സംഭവം ബി.ജെ.പി-പി.ഡി.പി സഖ്യത്തെ കൂടുതൽ പ്രശ്നത്തിലാക്കി. ബി.ജെ.പി ഈ സ്ഥിതിവിശേഷത്തെ കൈകാര്യം ചെയ്ത രീതി പി.ഡി.പിയുടെ ഭാഗത്ത് നിന്നുള്ള വിമർശനത്തിലേക്ക് നയിച്ചു. പ്രത്യേകിച്ച് ജമ്മു മേഖലയിൽ ഈ സംഭവം ബി.ജെ.പി യുടെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും ചെയ്തു, താഴ്വരയിൽ സായുധവത്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടായിരുന്നു. പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗം മൂലം സിവിലിയന്മാർക്ക് പരിക്കുകൾ സംഭവിക്കുകയും ചിലർക്കൊക്കെ കാഴ്ചതന്നെ നഷ്ടമാകുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു.
![](https://www.keraleeyammasika.com/wp-content/uploads/2023/12/kashmir3.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/12/kashmir3.jpg)
2016ൽ സമരപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന ബുർഹാൻ വാനിയുടെ കൊല വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ഇതിനെതിരെ ഇന്ത്യൻ സേന ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഈ സമയത്ത്, പ്രതിഷേധങ്ങളിൽ ജനസംഖ്യാപരമായി കൂടുതൽ പേരുടെ – മധ്യവർഗ കശ്മീരികളിലെ യുവത ഉൾപ്പെടെ – സാന്നിധ്യത്തെക്കുറിച്ച് യു.എന്നിന്റെ മനുഷ്യാവകാശ റിപ്പോർട്ട് പ്രാധാന്യത്തോടെ പറയുകയുണ്ടായി. ജമ്മു-കശ്മീരിലെ മനുഷ്യാവകാശ കമ്മീഷനും പല മനുഷ്യാവകാശ ലംഘനങ്ങളും എടുത്ത് കാണിക്കുകയുണ്ടായി. ആശയവിനിമയത്തിൽ നിരന്തരമായുണ്ടായ തടസ്സങ്ങൾ, തീവ്രവാദ പ്രവർത്തനം നടത്തുന്നവർ സ്കൂളുകളുടെ മേൽ നടത്തിയ ആക്രമണങ്ങൾ, മേഖലയിലെ ആയുധധാരികളായ ഗ്രൂപ്പുകളെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നുണ്ട് എന്ന ആരോപണങ്ങൾ റിപ്പോർട്ടുകൾ
ചൂണ്ടിക്കാണിക്കുന്നുണ്ട്. ജമ്മു-കശ്മീരിൽ തീവ്രവാദ ഗ്രൂപ്പുകളുടെ – ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ഹർക്കത്തുൾ മുജാഹിദ്ദീൻ – ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യമുണ്ടെന്ന് യു.എൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ഗ്രൂപ്പുകൾ പാകിസ്ഥാൻ അധിനിവേശ പ്രദേശത്താണ് സ്ഥാനമുറപ്പിച്ചിട്ടുള്ളതെന്നും ഇവരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് നിന്നും പാകിസ്ഥാൻ പട്ടാളത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും യു.എൻ റിപ്പോർട്ട് പറയുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കാനുള്ള വിവാദപരമായ തീരുമാനങ്ങൾ, ദേശീയ സുരക്ഷയെ ആധാരമാക്കി നീതീകരിച്ചുകൊണ്ട് സർക്കാർ എടുക്കുന്നത്. എന്നാൽ ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന ഉത്കണ്ഠകൾ മാത്രമല്ല ഈ തീരുമാനത്തിന് കാരണമായിട്ടുള്ളത്. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകളും അധികാരപങ്കാളിത്ത സംവിധാനങ്ങളിൽ ബി.ജെ.പിക്കുണ്ടായ മോഹഭംഗവും ഈ തീരുമാനത്തെ ശക്തിയുക്തം മുന്നോട്ടുനീക്കിയിട്ടുണ്ട്. ജമ്മു കശ്മീരിനെ ഗവർണർ ഭരണത്തിന് കീഴിലാക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനം ഈ പ്രദേശത്തിന്റെ രാഷ്ട്രീയത്തിൽ ഗവൺമെന്റിന്റെ വർദ്ധിച്ച നിയന്ത്രണത്തിന്റെ ഭാഗമായാണ് കാണുന്നത്. ദശകങ്ങളായി ജമ്മു-കശ്മീരിൽ വഷളായിക്കൊണ്ടിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വേണം അനുച്ഛേദം 370 റദ്ദാക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളെ കാണേണ്ടത്. ജമ്മുകശ്മീരിനെ രണ്ട് യൂണിയൻ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിന്റെ ഭരണഘടനാപരതയിൽ തീർപ്പ് കൽപ്പിക്കുന്നതിൽ നിന്നും വിട്ടുനിന്നത് ഉന്നത നീതിപീഠത്തിന്റെ ഒഴിഞ്ഞുമാറലിന്റെ പ്രത്യക്ഷമായ ഉദാഹരണമായി എന്ന തരത്തിൽ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. ഒരു സംസ്ഥാനത്തെ തരം താഴ്ത്തുന്ന ആദ്യത്തെ സംഭവത്തെ അടയാളപ്പെടുത്തിക്കൊണ്ട്, അനുച്ഛേദം 3ന്റെ പ്രയോഗത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ പ്രശ്നത്തെ കോടതി അഭിസംബോധന ചെയ്യാതിരുന്നത് ചോദ്യങ്ങളുയർത്തുന്നു.
![](https://www.keraleeyammasika.com/wp-content/uploads/2023/12/ladak.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/12/ladak.jpg)
കശ്മീർ താഴ്വാരത്തിന് 1947 മുതൽ സംഘർഷത്താലും, നുഴഞ്ഞകയറ്റത്തിന്റെ ഇരകളാലും അടയാളപ്പെടുത്തപ്പെട്ട ചരിത്രപരവും സാമൂഹികവുമായ ഒരു പശ്ചാത്തലമുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വിധിന്യായത്തിന്റെ ഉപസംഹാരത്തിൽ പറഞ്ഞത് ഓർമ്മിക്കാം.”പ്രശ്നഭരിതമായ കാലഘട്ടത്തിൽ സേനയുടെ പ്രവേശനം മേഖലയിലെ സാമൂഹിക കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്, മുറിവുകൾ അവശ്യം സുഖപ്പെടുത്തേണ്ടതുണ്ട്. സഹവർത്തിത്വം, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവടുടെ വീണ്ടെടുപ്പ് ഈ മേഖലയുടെ ഭാവിക്ക് അനിവാര്യമാണ്.” ഭരണകൂടവും ഭരണകൂടെതര കക്ഷികളും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സഞ്ചിതമായ ഒരു ധാരണയുടെ ആവശ്യകതയ്ക്ക് കൗളിന്റെ വിധിന്യായം പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. വ്യഥകളെ അംഗീകരിക്കാനും അനുരഞ്ജനത്തെ സുഗമമാക്കാനും പൊതുവായി സ്വീകാര്യതയുള്ള ഒരു ആഖ്യാനം അല്ലെങ്കിൽ ‘സത്യം’ നിർണ്ണായകമാണ്. 1980കൾ മുതൽ ജമ്മു-കശ്മീരിൽ നടന്നുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനും നിഷ്പക്ഷമായ സത്യാന്വേഷക, അനുരഞ്ജന കമ്മീഷൻ സ്ഥാപിക്കണമെന്നാണ് ശുപാർശ. കമ്മീഷൻ അന്വേഷണത്തോടൊപ്പം അനുരഞ്ജന മാർഗങ്ങൾ നിർദ്ദേശിക്കുകയും വേണം. കമ്മീഷനെ നിയമിക്കുന്നതിൽ ഒട്ടും കാലവിളബം വരുത്തരുതെന്നും സമയബന്ധിതമായിരിക്കണം അതിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ലക്ഷ്യം യുവജനതയ്ക്കിടയിലുള്ള അവിശ്വാസത്തെ അഭിസംബോധന ചെയ്യലായിരിക്കണം. വ്യത്യസ്ത കാഴ്ച്ചപ്പാടുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് സംവാദരൂപത്തിലാകണം ഈ ശ്രമം. സർക്കാർ ആണ് അതിന് രൂപം കൊടുക്കുന്നതെങ്കിലും അതൊരു ക്രിമിനൽ കോടതിയായി മാറാതിരിക്കാനുള്ള കരുതൽ സ്വീകരിക്കേണ്ടതാണെന്നും, മനുഷ്യത്വപരവും വ്യക്ത്യാധിഷ്ഠമായ ഒരു പ്രക്രിയായിരിക്കണമെന്നും ഉറപ്പുവരുത്തണം. മനുഷ്യാവകാശ ലംഘനങ്ങളെ അഭിസംബോധന ചെയ്യുന്നതിനും അനുരഞ്ജനം വളർത്തുന്നതിനുമുള്ള മാതൃകയായി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ദക്ഷിണാഫ്രിക്കയിലെ ട്രൂത് ആൻഡ് റികോൺസിലിയേഷൻ കമ്മീഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി കാണാം.
കൗതുകകരമായ ഒരു കാര്യം, ജനാധിപത്യവും ഫെഡറലിസവും ഭരണഘടനയുടെ അവിഭാജ്യഘടകങ്ങളാണെന്ന് കോടതി വിധിന്യായത്തിന്റെ ഒരു ഖണ്ഡികയിൽ പ്രമാണീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഭരണഘടന ഏകാത്മകവും ഫെഡറലുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന, ‘ക്വാസി ഫെഡറൽ’ സംവിധാനമാണെന്നതിനെ അംഗീകരിച്ചുകൊണ്ട് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും ഭരണഘടനാപരമായ പ്രക്രിയയിൽ സംസ്ഥാനങ്ങൾക്കുള്ള അത്യന്താപേക്ഷിതമായ പങ്കിനെ വിധി ഊന്നിപ്പറയുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ അധികാരത്തിന്റെ ഭരണഘടനാപരമായ സമതുലിത നിലനിർത്തുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള പ്രാധാന്യം കോടതി അംഗീകരിക്കുന്നുമുണ്ട്. വിധിന്യായത്തിൽ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഏറെയുണ്ടെങ്കിലും, ഫെഡറലിസം ഊന്നിപ്പറയുന്ന അതിന്റെ സത്തയ്ക്ക് നേർവിരുദ്ധമാണ് അവരുടെ അന്തിമവിധി. അയോധ്യാവിധിയിലും വിചിത്രമായ ഇത്തരം വൈരുധ്യങ്ങൾ ഉള്ളതായി പല നിയമജ്ഞന്മാരും ചൂണ്ടിക്കാണിച്ചിരുന്നു.
ഇനിയിപ്പോൾ മറ്റൊന്നുകൂടി കോടതി പരിഗണിക്കേണ്ടി വരും. അനുച്ഛേദം 371 പ്രകാരം പലകാര്യങ്ങളിലും പ്രത്യേക പദവിയുള്ള വടക്കു കിഴക്കൻ പ്രദേശത്തെ സംസ്ഥാനങ്ങൾ എപ്പോഴാണ് സുപ്രീം കോടതി വിധി പ്രകാരം അവരുടെ സ്വത്വം വെടിയേണ്ടി വരുന്നത്? മണിപ്പൂരും നാഗാലാൻഡുമെല്ലാം സംഘർഷങ്ങളുടെ നടുവിലാണ് ഇപ്പോൾ. വൻകിട കമ്പനികൾ കണ്ണുവെച്ചിരിക്കുന്ന പല ഭൂപ്രദേശങ്ങളും ഇത്തരം സംരക്ഷണ മേഖലകളിലാണെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്.
കടപ്പാട്: eurasiareview.com. പരിഭാഷ: സിസിലി
(മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടറാണ് കെ.എം സീതി. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സോഷ്യൽ സയൻസസ് ഡീൻ, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് പ്രൊഫസർ എന്നീ നിലകളിലും പ്രവർത്തിച്ചു.)