അകലത്തെ ഇല്ലാതാക്കുന്ന അഭിനേതാക്കൾ

പ്രമുഖ അഭിനേതാവും നാടകപ്രവർത്തകനുമായ നസീറുദ്ദീൻ ഷാ 2022 ഫെബ്രുവരി ഒന്നിന് തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നടക്കുന്ന രാജ്യാന്തര തീയറ്റർ സ്കൂൾ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിലെയും മാധ്യമങ്ങളോട് നടത്തിയ സംഭാഷണത്തിലെയും പ്രസക്ത ഭാ​ഗങ്ങൾ.

ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ 1970 ൽ ഞാൻ നാടക പരിശീലനം തുടങ്ങിയപ്പോൾ നാടകക്കൂട്ടായ്മകൾക്കിടയിൽ ഒരു ഭയം നിലനിന്നിരുന്നു, നാടകം മരിച്ചുകൊണ്ടിരിക്കുകയാണോ തീയറ്റർ മരിച്ചുകൊണ്ടിരിക്കുകയാണോ എന്ന് ആരായുന്ന നിരവധി ചർച്ചകൾ ഉയർന്നു വന്നു. ഇക്കാര്യത്തിൽ വളരെ ആകുലനായിരുന്നു ഞാനും, എന്റെ ഭാവി എന്താകും എന്ന് ഓർത്തുകൊണ്ട്.

അന്ന് ഇന്ത്യൻ നാടകരചനയുടെ നവോത്ഥാനം നടക്കുകയായിരുന്നു, തെരുവു നാടകം അതിന്റെ ആദ്യ ചുവടുകൾ വയ്ക്കുകയായിരുന്നു. എങ്കിലും ഡ്രാമാ സ്കൂളിൽ അടക്കം ഈ ഭയം നിലനിന്നിരുന്നു. എന്തെന്നാൽ തൊട്ടടുത്തുള്ള നാടകശാലയിൽ മാരകങ്ങളായ പഞ്ചാബി നാടകങ്ങൾ കാണാൻ നിറഞ്ഞ സദസ്സുണ്ടായിരുന്നു. പലപ്പോഴും റോഡുകൾ ബ്ലോക്കായി പോയിരുന്നു. എന്നാൽ ഡ്രാമാ സ്കൂളിൽ ഞങ്ങൾ ചെയ്യുന്ന നാടകങ്ങൾ കാണാൻ ആരും തന്നെ വന്നിരുന്നില്ല.

എന്നാൽ ഇന്ന് അൻപത്തി മൂന്ന് വ‍ർഷങ്ങൾ കടന്നുപോയി. പഞ്ചാബി തീയറ്റർ മാഞ്ഞുപോയി. മറാത്തി തിയറ്റർ ഇപ്പോഴും ഉണർന്നിരിക്കുന്നു, അന്നത്തെ പോലെ. കാമ്പുള്ള നാടകങ്ങൾ, അവതരണത്തെ പുതുക്കിക്കൊണ്ടിരുന്ന നാടകങ്ങൾ അവ ഇപ്പോഴും നിലനിൽക്കുന്നു. അതിനാൽ നാടകത്തിന് ഇന്നും ജീവനുണ്ട് എന്നു പറയാൻ എനിക്കു സന്തോഷമുണ്ട്.

നസീറുദ്ദീൻ ഷാ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ

ഒരു നാടകക്കാരൻ എന്നു ഞാൻ സ്വയം അവകാശപ്പെടുന്നില്ല. ഞാൻ രണ്ടിലും പരിശീലനം നേടിയിട്ടുണ്ട്. സിനിമയിലും നാടകത്തിലും ഞാൻ കടന്നുവന്നത് ഒരേ കാലത്തായിരുന്നു. സിനിമയിൽ അഭിനയിക്കുന്നത് എന്തിനെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ തിരിച്ചു ചോദിക്കും, പിന്നെ ഞാൻ എവിടെ തുടങ്ങും? എനിക്ക് എന്റെ അപ്പം കണ്ടത്തേണ്ടതില്ലേ? ആത്മസംതൃപ്തിയോടല്ലാതെയും ഞാൻ സിനിമകളിൽ അഭിനയിച്ചു, സിനിമയെ ചൂഷണം ചെയ്തു. എന്നാൽ എനിക്ക് ഇഷ്ടമുള്ള സിനിമ അതിന്റെ കാലത്തെ സത്യം പറയുന്ന സിനിമയാണ്. സിനിമ എന്നാൽ മറ്റെല്ലാ അവതരണങ്ങളെയും സ്വാംശീകരിച്ച കലാരൂപമാണ്. നാടകവും, സംഗീതവും, ചിത്രരചനയും എല്ലാം സിനിമ സ്വാംശീകരിച്ചിട്ടുണ്ട്. സിനിമയ്ക്ക് ജീവിതത്തിന്റെ യാഥാർത്ഥ്യത്തെ അവതപ്പിക്കാനാവും. അതിനാലാണ് ഞാൻ അത്തരം സിനിമകളിൽ അഭിനയിക്കുന്നത് പ്രാധാന്യത്തോടെ കാണുന്നത്.

എന്നാൽ നാടകം എന്റെ ആദ്യ പ്രേമത്തിനും അപ്പുറത്തുള്ളതാണ്. ഞാൻ ചെയ്യേണ്ടതുണ്ട് എന്ന് തോന്നുന്നതാണ് എനിക്ക് നാടകം. നാടകത്തിലൂടെയാണ് ഞാൻ എന്റെ ആത്മസാക്ഷാത്കാരം നടത്തുന്നത്. പതിനാലാം വയസ്സിൽ ഞാൻ ആദ്യമായി തട്ടിൽ കേറി. വേദിയിൽ എത്തുന്ന നിമിഷം ഞാൻ വീട്ടിലെത്തിയതായി എനിക്കു തോന്നും. ജീവിതത്തെക്കുറിച്ചും, മനുഷ്യരെക്കുറിച്ചും, ബന്ധങ്ങളെക്കുറിച്ചും എനിക്ക് അറിയാനായതിനെല്ലാം ഞാൻ നാടകത്തോട് അത്യന്തം നന്ദിയുള്ളവനാണ്.

നാടകം ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കിൽ, മികച്ച സ്ക്രിപ്റ്റിനായി, കൂടെ അഭിനയിക്കാൻ മികച്ച അഭിനേതാക്കൾക്കായി, മികച്ച സംവിധായകനായി കാത്തിരിക്കേണ്ടതില്ല. അത് ഒരിക്കലും സംഭവിക്കുകയില്ല. നാടകം ചെയ്യുന്നതിൽ നിന്നും നിങ്ങളെ തടയാനാവില്ലെങ്കിൽ ഒരു കവിത മനഃപ്പാഠമാക്കുക, അല്ലെങ്കിൽ ഒരു കഥ മനഃപ്പാഠമാക്കുക, നിങ്ങളുടെ സുഹൃത്തുക്കളെ കേൾപ്പിക്കുക. അതാണ് നാടകം. ഈ മനോഹരമായ ക്യാമ്പസിൽ അതിനായി നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ഇടങ്ങൾ നിരവധിയുണ്ട്.

നസീറുദ്ദീൻ ഷാ

ആവിഷ്കാരം തടയപ്പെടുമ്പോൾ അത് സാധ്യാമാക്കുന്നതിനായി വഴി കണ്ടെത്തുക തന്നെ വേണം. ചോദ്യം ചോദിക്കുന്നതിലൂടെ, കഥ പറയുന്നതിലൂടെ, കവിത വായിക്കുന്നതിലൂടെ എല്ലാം നാം അതിനുള്ള വഴികൾ കണ്ടെത്തണം. ഉത്തരം പറയുകയല്ല കലയുടെ ധർമ്മം, ചോദ്യങ്ങൾ ചോദിക്കുകയാണ്. ചോദ്യങ്ങൾ ചോദിക്കുവാൻ അനുയോജ്യമായ വേദിയാണ് നാടകം. നാടകങ്ങൾ അത് ചെയ്യുന്നുണ്ട് എന്നാണ് എന്റെ ധാരണ. നാടകം എല്ലായ്പ്പോഴും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനപ്രിയ നാടകമായിരുന്നാൽ പോലും അത് അതിന്റെ ധ‍ർമ്മം നിർവഹിക്കുന്നു.

എനിക്കു തോന്നുന്നു നാടകം നേരിട്ടുള്ള മനുഷ്യബന്ധം സാധ്യമാക്കുന്ന കലയാണ്, കലാകാരനും കാണിയും തമ്മിലുണ്ടാകുന്ന നേരിട്ടുള്ള ആത്മബന്ധത്തിലൂടെ സംവേദനത്വം സാധ്യമാക്കുന്നത്. ക്യാമറയിലൂടെ കാണുന്ന ബന്ധമല്ല, അതൊരു മനുഷ്യബന്ധമാണ്. ക്ലാസ്സിക്കൽ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും അത് സാധ്യമാണ്. ഒരു മൈം ആർട്ടിസ്റ്റിനും ഒരു കഥപറച്ചിലുകാരനും അതു സാധ്യമാണ്. എന്നാൽ ഒരു അഭിനേതാവിന്റെ ധർമ്മം എന്തെന്നാൽ കലയും കാണിയും തമ്മിലെ അകലത്തെ ഇല്ലാതാക്കലാണ്. മനുഷ്യർ തമ്മിലുള്ള ഈ അകലത്തെ ഇല്ലാതാക്കാനാവാത്തൊരാൾ നടനായിത്തീരുന്നില്ല. എന്റെ നാടകങ്ങളിൽ ഞാൻ വീഡിയോ വാളുകൾ ഉപയോ​ഗിക്കുന്നില്ല, അതിനാണെങ്കിൽ സിനിമയെടുത്താൽ പോരെ? വേദിയിൽ നിൽക്കുന്ന മനുഷ്യനിലാണ് നാടകത്തിന്റെ കേന്ദ്രം, അതാണ് നാടകത്തിന്റെ സവിശേഷത.

നസീറുദ്ദീൻ ഷാ

നാടകത്തിൽ നിന്നും ആളുകൾ ഇന്ന് അകന്നു എന്ന ആശങ്കയെ ഞാൻ നിഷേധിക്കുന്നു. നിങ്ങൾ അത്ഭുതപ്പെട്ടേക്കാം, എന്നാൽ നാടകത്തിലേക്ക് ആളുകൾ മടങ്ങി വരുന്നുണ്ട്. സ്ക്രീനിലേക്ക് നോക്കിയിരുന്ന് ആളുകൾക്ക് മടുത്തു തുടങ്ങിയിരിക്കുന്നു, നാടകം കാണാൻ ആളുകൾ എത്തുന്നുണ്ട്. പെർഫോമൻസുകൾ കാണാനായി ആളുകൾ എത്തുന്നുണ്ട്. ആളുകളിലേക്ക് എത്താൻ നാടകത്തിനും കഴിയുന്നുണ്ട്. നല്ല പ്രതികരണങ്ങളുണ്ടാവുന്നുണ്ട്. നാടകത്തിനായി വിശക്കുന്ന കാണികൾ ഞങ്ങൾക്കുണ്ട്. നാടകത്തിനെത്തുന്നത് നാടകം തെരഞ്ഞെടുക്കുന്ന ആസ്വാദകർ മാത്രമാണെന്നത് നാടകത്തിന്റെ പരിമിതിയല്ല, സാധ്യതയാണ്. കേൾക്കേണ്ടവരോട് കൃത്യമായി പറയേണ്ട കാര്യം പറയാം, അതാണ് നാടകം ചെയ്യുന്നത്.

കലയുടെ ലക്ഷ്യം എന്താണ് എന്ന ബോധ്യം കലാകാരന് ഉണ്ടായിരിക്കണം. നല്ല രചന അഥവാ യഥാർത്ഥ കല പ്രചരിപ്പിക്കുന്നതാവണം ഒരു നാടകത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ പ്രസ്ഥാവനകളല്ല, സൂക്ഷമമായ രാഷ്ട്രീയ ഉള്ളടക്കമാണ് നാടകത്തിന് ആവശ്യം.

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നെല്ലാം കേന്ദ്രസർക്കാർ ബി.ബി.സി ഡോക്യുമെന്ററിയെ നിരോധിച്ചതിനാൽ ആളുകൾ എല്ലാം അത് കണ്ടു, കാണാത്തവരായി ഇനി ആരെങ്കിലുമുണ്ടൊ?

ഞങ്ങളുടെ ജനറേഷനേക്കാൾ അറിവ് കൈവരിക്കാൻ കഴിഞ്ഞവരാണ് പുതിയ തലമുറ, മാത്രമല്ല അവർ ഏറെ പ്രതിബദ്ധതയുള്ളവരും ക്രിയാത്മകരുമാണ്. ആ വെളിച്ചത്തിലാണ് എന്റെ പ്രതീക്ഷ. ലോകത്തെ മാറ്റിത്തീർക്കാൻ അവർ പ്രാപ്തരാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

3 minutes read February 2, 2023 4:30 pm