Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ആദിവാസികളുടെ ഉള്ളറിയാനും അവരുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ വിലയിരുത്താനും മലയാളികളെ പഠിപ്പിച്ച നേതാവാണ് സി.കെ ജാനു. അഭയാർത്ഥികളായ ആദിവാസികളുമായിട്ടാണ് 2001ൽ സെക്രട്ടറിയേറ്റിന് മുന്നിൽ അവരെത്തിയത്. കുടിൽകെട്ടി സമരത്തിലൂടെ മലയാളികൾക്ക് അതുവരെ അപരിചിതമായ ഇടങ്ങളിലേക്കുള്ള വാതിലാണ് അവർ തുറന്നത്. ദുർഘടമായ ജീവിത വഴികൾ തനിയെ താണ്ടിയെത്തിയ ജാനു ഭരണകൂടം വിതറിയ മുള്ളുകൾ ഒന്നായി പിഴുതെടുത്ത് മുന്നേറ്റം നടത്തി. ഒടുവിൽ രാഷ്ട്രീയ പരീക്ഷണം എന്ന നിലയിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായി. ആദിവാസി പ്രശ്നങ്ങൾക്ക് അവിടെയും പരിഹാരമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ എൻ.ഡി.എയുടെ പടിയിറങ്ങി. നിലവിൽ യു.ഡി.എഫിലെ അസോസിയേറ്റ് അംഗമാണ് ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ഈ സർക്കാരിൽ സി.കെ ജനുവിനെ ഏറെ പ്രതീക്ഷയുണ്ട്. അപ്പോഴും പല ആശങ്കകളും ബാക്കിനിൽക്കുന്നുമുണ്ട്. കുടിൽകെട്ടി സമരം മുതൽ വർത്തമാന കാലം വരെയുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഈ അഭിമുഖത്തിൽ.
കേരളത്തിലെ ആദിവാസി സമരത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത് സെക്രട്ടറിയേറ്റിന് മുന്നിലെ 2001ലെ കുടിൽകെട്ടൽ ആണ്. അതാണ് ഗോത്ര മഹാസഭയുടെ രൂപീകരണത്തിലേക്ക് നയിച്ചത് – ഏതാണ്ട് കാൽ നൂറ്റാണ്ട് ആകുമ്പോൾ ആ സമരത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
വൻ വിജയമായ സമരമാണത്. അതിന്റെ തുടർച്ചയാണ് ഇന്ന് നടക്കുന്ന കാര്യങ്ങൾ. യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമാക്കിയത് പോലും ആ സമരത്തിന്റെ തുടർച്ചയാണ്. ആദിവാസികൾ കാട്ടിനകത്ത്, ചപ്പിനകത്ത് ജീവക്കുന്നവരെന്നായിരുന്നു പൊതുസമൂഹത്തിന്റെ വിചാരം. ആ സങ്കല്പത്തിലും മനോഭാവത്തിലും വലിയ മാറ്റമുണ്ടാക്കാൻ സമരം വഴി കഴിഞ്ഞു. ആദിവാസികൾക്കിടയിലും മാറ്റം സൃഷ്ടിച്ചു.
ആദിവാസികൾ ശരിക്കും ഒരു സ്ഥലത്ത് കുടിൽകെട്ടി മാസങ്ങളോളം സമരം ചെയ്യുന്ന രീതി അതുവരെ ഉണ്ടായിരുന്നില്ല. ഇത് ആദിവാസികൾക്ക് പുതിയ അനുഭവമായിരുന്നു. സമൂഹത്തിനുള്ളിൽ വലിയ മാറ്റമാണ് സംഭവിച്ചത്. ആദിവാസകൾക്ക് ഇടയിലുണ്ടാക്കിയ ചലനവും വളരെ വലുതാണ്. ആദിവാസികൾ സാധാരണ പൊതു സമൂഹത്തിന് മുന്നിൽ വരുക അച്ചടക്കത്തോടെ സമരം നടത്തുക, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുക എന്നതെല്ലാം അന്ന് പുതിയ കാര്യമായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടത്തിയെങ്കിലും മനുഷ്യർക്ക് നടക്കാൻ കഴിയാത്ത അവസ്ഥയുണ്ടായില്ല. ജനാധിപത്യപരമായിട്ടാണ് സമരം ചെയ്തത്. ജനങ്ങളെ വഴി മാറ്റിവിട്ടില്ല. സാമൂഹ്യ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അതിനൊപ്പം നിന്നുള്ള സമരമാണ് നടത്തിയത്. സാമൂഹികമായും രാഷ്ട്രീയമായും വലിയ തിരിച്ചറിവ് അതിലൂടെ ആദിവാസികൾക്കുണ്ടായി.
കുടിൽകെട്ടി സമരത്തിനുശേഷം പല മാറ്റങ്ങളുമുണ്ടായി. ആദിവാസി മേഖലയിൽ പ്രമോട്ടർമാർ എന്ന ഒരു വിഭാഗത്തെ നിയോഗിച്ചത് സമരത്തിന് ശേഷമാണ്. അതൊരു പ്രത്യേക തസ്തികയായി. ഊരുസഭകൾ രൂപീകരിക്കുന്നതിന് സമരത്തിലാണ് തീരുമാനം എടുത്തത്. ആദിവാസികൾക്ക് പ്രത്യേകമായി സഭകൾ അങ്ങനെ നിലവിൽ വന്നു. വ്യാപകമായ പട്ടിണി മരണം നടന്നതിനാൽ സർക്കാർ സൗജന്യ റേഷൻ കൊടുത്തുതുടങ്ങി. ആദ്യം ആറ് മാസമാണ് നൽകിയത്. ആ സൗജന്യ റേഷൻ ഇന്നും തുടരുകയാണ്. സമരത്തിനുശേഷമാണ് പലയിടത്തും ആദിവാസികൾക്ക് ഭൂമി വിതരണം നടത്തിയത്.
കുടിൽകെട്ടി സമരം ആദിവാസികൾക്ക് വലിയ മാനസിക ധൈര്യമാണുണ്ടാക്കിയത്. മറ്റുള്ളവരെ പോലെ ആദിവാസികൾക്കും സമരം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസവും മാനസിക ധൈര്യവും ഉണ്ടായി. ആദിവാസികൾക്ക് മാത്രമല്ല ദലിതർക്കും അത് ആത്മവിശ്വാസം നൽകി. അതിന്റെ തുടർച്ചയാണ് ഇന്നും നടക്കുന്ന ചില മുന്നേറ്റങ്ങൾ. കുടിൽകെട്ടി സമരം നടക്കുമ്പോഴാണ് ആദിവാസി ഗോത്ര മഹാസഭയ്ക്ക് രൂപം നൽകിയത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആണ് ആദ്യമായി ഗോത്രസഭ കൂടിയത്. അതുവരെ രാഷ്ട്രീയ പാർട്ടികൾ ആയിരുന്നു ആദിവാസികളുടെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. ഇതോടെ ആദിവാസികളുടെ സാമുദായിക സംഘടനയുണ്ടാക്കാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് രംഗത്തിറങ്ങി. അതുവരെ തൊഴിലാളികൾ എന്ന നിലിയിലാണ് ആദിവാസികളെ പരിഗണിച്ചത്. കുടിൽകെട്ടൽ സമരത്തിന് ശേഷമാണ് സി.പി.എം ആദിവാസി ക്ഷേമസമിതിക്ക് (എ.കെ.എസ്) രൂപം നൽകിയത്. ഇതേ കാലത്ത് ആദിവാസി കോൺഗ്രസ് ഉണ്ടാക്കി. ബി.ജെ.പിയും ആദിവാസി സംഘടനയുണ്ടാക്കി.
സമരത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി മാനിഫെസ്റ്റോ തന്നെ ഉപേക്ഷിച്ചുവെന്ന് പറയാം. ജാതിയും മതവും ഇല്ല എന്നാണ് കമ്മ്യൂണിസ്റ്റുകാർ അതുവരെ പറഞ്ഞിരുന്നത്. സമൂഹത്തിൽ രണ്ട് വർഗ്ഗങ്ങൾ മാത്രമേയുള്ളൂ, ഒന്ന് തൊഴിലാളിയും മറ്റൊന്ന് മുതലാളിയും. ഈ സിദ്ധാന്തം ആകെ മാറി. ആദിവാസികളുടെ ഇടയിൽ സാമുദായിക സംഘടന രൂപീകരിച്ച് രാഷ്ട്രീയക്കാർ ഇടപെട്ടു തുടങ്ങി. സംഘടനയെന്ന നിലയിൽ പിടിച്ചു നിർത്തിയില്ലെങ്കിൽ അപകടമാണെന്ന് രാഷ്ട്രീയക്കാർ തിരിച്ചിഞ്ഞു. രാഷ്ട്രീയ രംഗത്തും ഒട്ടനവധി ഇടപെടുകൾ ഇതിന്റെ ഭാഗമായുണ്ടായി. ഈ സമരത്തിനുശേഷം സംസ്ഥാന സർക്കാരും വലിയ മാറ്റത്തിന് വിധേയമായി. പൊതുസമൂഹം ഒന്നും ചെയ്തില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾ ആദിവാസികൾക്ക് വേണ്ടി വർത്തമാനം പറഞ്ഞു തുടങ്ങി. പൊതുസമൂഹം ആദിവാസികളെ തിരിച്ചറിയാൻ സമരം സഹായകമായി. സർക്കാർ ആദിവാസികളുമായി കരാർ ഉണ്ടാക്കാൻ തയ്യാറായി. വ്യവസ്ഥ അനുസരിച്ച് ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യും എന്ന് സർക്കാർ ഉറപ്പ് നൽകി. ആ ചർച്ച തുടരുകയും ചെയ്തു.


അന്യാധീനപ്പെട്ട ആദിവാസി ഭൂമിയുടെ പ്രശ്‌നം ആ സമരത്തോടെ ഒരർത്ഥത്തിൽ അവസാനിക്കുകയായിരുന്നോ? അട്ടപ്പാടിയിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്നതിന് സമരം തിരിച്ചടിയായോ?
അട്ടപ്പാടി പഴയ കാലത്ത് ആദിവാസികളുടെ സ്വന്തം രാജ്യമായിരുന്നു. മറ്റുള്ളവർ അവിടെ ഉണ്ടായിരുന്നില്ല. അവിടെ 99% ജനങ്ങളും ആദിവാസികളായിരുന്നു. അട്ടപ്പാടിയിലേക്ക് പിന്നീട് വൻതോതിൽ കുടിയേറ്റം ഉണ്ടായി. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടു. 1975ലെ നിയമപ്രകാരം അവർക്ക് ഭൂമി തിരിച്ചുകൊടുക്കേണ്ടതാണ്. എന്നാൽ 1999ൽ ആ നിയമം അട്ടിമറിക്കപ്പെട്ടു. അവർക്ക് ഭൂമി കിട്ടിയില്ല എന്നത് വസ്തുതയാണ്. കേരളത്തിൽ അടിമതുല്യം ജീവിച്ച ആദിവാസികളെ കുടിയിരുത്തുവാനായി നടപ്പാക്കിയ പ്രോജക്ട് ഭൂമികൾ കുടിൽകെട്ടി സമരത്തെ തുടർന്ന് ആദിവാസികൾക്ക് വയനാട്ടിലും കോഴിക്കോട്ടും വിട്ടുകൊടുത്തു. അങ്ങനെയാണ് വയനാട് സുഗന്ധഗിരി, പൂക്കോട്, കോഴിക്കോട് വട്ടച്ചിറ പദ്ധതികളുടെ ഭൂമി ആദിവാസികൾക്ക് അഞ്ചേക്കർ വീതം ലഭിച്ചത്. എന്നാൽ അട്ടപ്പാടി ഫാമിംഗ് സൊസൈറ്റിയുടെയും വട്ടലക്കി ഫാമിംഗ് സൊസൈറ്റിയുടെയും കീഴിലുള്ള ഭൂമി വിട്ടുകൊടുക്കാൻ പട്ടികവർഗ്ഗ വകുപ്പ് തയ്യാറായില്ല.
ഫാം രൂപീകരിച്ചപ്പോൾ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകിയ ഭൂമിയാണിത്. അട്ടപ്പാടി ഫാമിംഗ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ പട്ടയം ആദിവാസികളിൽ നിന്ന് തിരിച്ചു വാങ്ങുകയും അത് സഹകരണ ബാങ്കിൽ വെച്ച് രണ്ട് കോടി രൂപ വായ്പയെടുക്കുകയും ചെയ്തു. ഒടുവിൽ സർക്കാർ ഇടപെട്ട് ട്രൈബൽ ഫണ്ടിൽ നിന്ന് തുക അടച്ചാണ് പട്ടയങ്ങൾ തിരിച്ചെടുത്തത്. അതിനുശേഷം ഭൂമി വെച്ച് വായ്പ എടുക്കരുതെന്ന് ഉത്തരവും ഇറക്കി. വർഷംതോറും പട്ടികവർഗ്ഗ വകുപ്പ് ഒരു കോടിയിലധികം രൂപ ഫാമിന്റെ വികസന പ്രവർത്തനങ്ങൾക്കായി നൽകുന്നുണ്ട്. എന്നാൽ, ഫാമിൽ കാര്യമായ കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നില്ല. എന്നിട്ടും ഫാം കോടിക്കണക്കിന് രൂപ നഷ്ടത്തിലാണ്. ഇതിന്റെ നടത്തിപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് കാരണം. ഫാം ഭൂമി ആദിവാസികൾക്ക് വിട്ടുകൊടുക്കുവാൻ പട്ടികവർഗ്ഗ വകുപ്പ് ഇപ്പോഴും തടസ്സം നിൽക്കുന്നു. ഭൂമി വിട്ടു കിട്ടുന്നതിന് അടുത്ത കാലത്ത് ആദിവാസികൾ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശം നൽകിയിട്ടും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അട്ടപ്പാടിയിൽ ആദിവാസികളുടെ നഖം അടക്കം തൂക്കി വിറ്റ് കാശു വാങ്ങുകയാണ്. ആദിവാസികളെയും നാണ്യവിളകളായിട്ടാണ് സർക്കാർ കാണുന്നത്. അവരുടെ വികസനത്തിനുള്ള ഫണ്ടിൽ വലിയൊരു ഭാഗം കൊള്ളയടിക്കുന്ന സ്ഥലമാണ് അട്ടപ്പാടി. ഇതിന് അറുതി വരുത്താൻ സർക്കാർ ഇടപെടൽ ആവശ്യമാണ്.
അട്ടപ്പാടിയെ ഇന്ന് നിയന്ത്രിക്കുന്നത് ഭൂമാഫിയ സംഘം ആണ്. മദ്യമാഫിയയും റിസോർട്ട് മാഫിയയും അവിടെ ശക്തമായി പിടിമുറിക്കിയിട്ടുണ്ട്. മാഫിയ ഇടപെടൽ ആദിവാസി ജീവിതത്തെ നശിപ്പിക്കുന്നു. മാഫിയ ഇടപെടൽ ഒഴിവാക്കുന്നതിന് സർക്കാർ ഇടപെടൽ നടത്തുന്നില്ല. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും വനം വകുപ്പും മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നു. പൊലീസ് – ഭൂമാഫിയ ബന്ധത്തെക്കുറിച്ച് സർക്കാരിന് തന്നെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് അഗളി പോലീസ് സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഭൂമാഫിയ ബന്ധം ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പോലും സമ്മതിച്ചു. അട്ടപ്പാടിയിലെ ആദിവാസികൾ ഭൂമാഫിയയുടെ പിടിയിലാണ്. അവർക്കെതിരെ ശബ്ദിക്കാൻ ആദിവാസികൾക്ക് കഴിയുന്നില്ല. പരസ്യമായി ആദിവാസികളെ കൊന്നാലും കേസ് എടുക്കുന്നില്ല. എതിർത്ത ആദിവാസികളിൽ പലരെയും മാഫിയ കൊലപ്പെടുത്തിയിട്ടുണ്ട്. എത്ര പേരെ അങ്ങനെ കൊന്നു എന്ന് അറിയില്ല. അതിന്റെ കണക്കില്ല.
അട്ടപ്പാടി കേരളത്തിൽ ഉൾപ്പെടാത്ത സ്ഥലമാണ് എന്നാണ് പലരുടെയും വിചാരം. അട്ടപ്പാടിയിലെ ട്രൈബൽ പ്രോജക്ടുകൾ എല്ലാം പരാജയപ്പെട്ടു. കേരളത്തിന്റെ ഭാഗമല്ല അട്ടപ്പാടിയെന്നാണ് പലരും പറയുന്നത്. പദ്ധതികളുടെ പരാജയത്തിൽ നിന്നാണ് ശിശുമരണങ്ങൾ വ്യാപകമായത്. ജനിക്കുന്ന കുഞ്ഞുങ്ങൾ മരിക്കുന്ന സ്ഥലമായി അട്ടപ്പാടി. ആദിവാസികൾക്കെതിരായി അക്രമം നടത്തുന്ന ഭൂമാഫിയ്ക്ക് എതിരെ സർക്കാർ നിയമപരമായി നടപടിയെടുക്കുന്നില്ല. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം അട്ടപ്പാടിയിൽ കേസെടുക്കുന്നില്ല. ഇപ്പോൾ അട്ടപ്പാടി നേരിടുന്നത് വ്യാജരേഖ ഉണ്ടാക്കി ഭൂമി കൈയേറ്റമാണ്. ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ ഭൂമി പോലും വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തിരിക്കുന്നു. സർക്കാരിന് ഇതിനെ തടയാൻ കഴിയുന്നില്ല. ഭൂമി കയ്യേറുന്നതിനെതിരായി രംഗത്ത് വരാൻ ആദിവാസികൾക്ക് ഭയമാണ്. ആദിവാസികൾക്ക് സർക്കാരിന്റെ പരിരക്ഷ ലഭിക്കുന്നില്ല. ഭൂമാഫിയ വൻ കോക്കസായി പ്രവർത്തിക്കുന്നു. അതിനെ പൊളിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ ആദിവാസികൾക്ക് ഒപ്പം നീതിക്കുവേണ്ടി നിൽക്കണം എന്നാണ് എന്റെ അഭിപ്രായം.


കുടിൽകെട്ടി സമരത്തിൽ നിന്ന് മുത്തങ്ങയിലേക്ക് വരുമ്പോൾ ഗാന്ധിയൻ സമരരൂപത്തിൽ നിന്ന് ചെറുത്തുനിൽപ്പിന്റെ ഒരു സ്വഭാവത്തിലേക്ക് സമരം മാറിയോ. ആദിവാസി ഗോത്രമഹാസഭയുടെ മുന്നോട്ടുവുള്ള കുതിപ്പിന് മുത്തങ്ങ ഒരു തിരിച്ചടിയായോ? മുത്തങ്ങയെ എങ്ങനെയാണ് ഇന്ന് വിലയിരുത്തുക?
മുത്തങ്ങയിൽ ശക്തമായി പൊലീസ് അടിച്ചമത്തൽ ഉണ്ടായെങ്കിലും സമരം ആദിവാസികൾക്ക് തിരിച്ചടിയായില്ല. ആദിവാസികളുടെ മുന്നോട്ടുള്ള കുതിപ്പിന് കഴിഞ്ഞിട്ടുണ്ട്. ആദിവാസികൾ മുത്തങ്ങയിൽ ഒറ്റപ്പെട്ടുപോയി എന്നത് സത്യമാണ്. പൊതുസമൂഹം ആദിവാസികളെ ഒറ്റപ്പെടുത്തി എന്ന് അവർ തിരിച്ചറിഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ടിനുവേണ്ടി ആദിവാസികളെ കൂടെ നിർത്തിയിരുന്നു. ഇവിടെ വന്നപ്പോൾ, മുത്തങ്ങ സമരം നടന്നപ്പോൾ രാഷ്ട്രീയ പാർട്ടികളും മറ്റ് സമൂഹങ്ങളും ആദിവാസികൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരന്നു. അതുകൊണ്ടാണ് പൊലീസ് അതിക്രമം നടന്നത്. എന്നാൽ, ആദിവാസികൾക്ക് പൊലീസ് അതിക്രമത്തെ അതിജീവിക്കാൻ കഴിഞ്ഞു. സമരം നടന്നപ്പോൾ പൊതുസമൂഹം ആദിവാസികളെ മൂലയ്ക്ക് ഒതുക്കി. മുത്തങ്ങ സമരമാണ് ഭൂപ്രശ്‌നത്തെയും ആദിവാസി ഗോത്രമഹാസഭയെയും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ എത്തിച്ചത്. ഇപ്പോൾ യു.ഡി.എഫുമായി രാഷ്ട്രീയ ചർച്ച നടത്താൻ കഴിഞ്ഞത് മുത്തങ്ങ സമരത്തിന്റെ ഫലമാണ്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ (ആർ.ജെ.പിയെ) യു.ഡി.എഫിൽ അസോസിയേറ്റ് അംഗമാക്കിയതും മുത്തങ്ങയാണ്. മുത്തങ്ങ കഴിഞ്ഞിട്ട് ബത്തേരിയിൽ വലിയ റാലി നടത്തിയിരുന്നു. എല്ലാവർക്കും എപ്പോഴും സമരരംഗത്ത് നിൽക്കാനാവില്ല. തലമുറ മാറിക്കഴിഞ്ഞു. ന്യൂക്ലിയർ കുടുംബത്തിലേക്ക് ആദിവാസികൾ മാറിയിട്ടുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതിന് പണം വേണം. അതിനാൽ കൂലിപ്പണി നിർത്തി സമരത്തിന് ഇറങ്ങാൻ പ്രയാസമുണ്ട്.
മുത്തങ്ങയ്ക്ക് ശേഷം രൂപം കൊണ്ട വിശാലമായ ഒരു മുന്നണിയായിരുന്നു കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി പട്ടികവർഗ സംയുക്ത സമരസമിതി. രണ്ടാം ഭൂപരിഷ്‌കരണം അടക്കം കാതലായ മുദ്രാവാക്യം സമിതി മുന്നോട്ടുവച്ചു. അതിന്റെ തകർച്ചയ്ക്ക് കാരണം എന്താണ് ?
പട്ടികജാതി പട്ടികവർഗ സംയുക്ത സമിതി രൂപം കൊണ്ടപ്പോൾ ആദിവാസികൾ വളരെ ചെറിയ ശതമാനം ആയിരുന്നു. ദലിതരായിരുന്നു അതിന്റെ അടിവേര്. ദലിത് മേഖലയിൽ നിന്നുള്ള നിരവധി സംഘടനകൾ അതിന്റെ ഭാഗമായി. രണ്ടാം ഭൂപരിഷ്‌കരണത്തിലൂടെ ദലിതർക്ക് ഭൂമി കിട്ടും എന്ന ഒരു അവസ്ഥയുണ്ടായി. ദലിത് സമുദായ സംഘടനകൾ കൂട്ടത്തോടെ സംയുക്ത സമിതിയുടെയും പരിപാടികൾക്കെത്തി. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടികൾ പങ്കെടുത്തത്. പക്ഷേ, സമിതിയുടെ നേതൃത്വത്തിന് രണ്ടാം ഭൂപരിഷ്‌കരണം എന്ന ആശയത്തിന്റെ ഗൗരവം തിരിച്ചറിയാൻ കഴിഞ്ഞില്ല. രണ്ടാം ഭൂപരിഷ്‌കരണം എന്നത് വെറും മുദ്രാവാക്യം ആയിരുന്നില്ല. സമൂഹത്തെ എല്ലാം അർത്ഥത്തിലും മുന്നോട്ടുനയിക്കാനുള്ള പുതുവഴിയായിരുന്നു. അതിന് കഴിഞ്ഞില്ല.
ഭൂമി എന്നത് മനുഷ്യന്റെ മൗലിക അവകാശമാണ്. അത് എല്ലാവർക്കും വേണം. ഏതെങ്കിലും വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല ഭൂമി. ഇവിടെ ജന്മിത്തം നിയമപരമായി അവസാനിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിൽ ചെയ്തത് തന്നെ ദലിത് സംഘനകളും ചെയ്യുന്നത്. രണ്ടാം ഭൂപരിഷ്‌കരണം എന്ന ആശയം പറഞ്ഞ് ആളെ കൂട്ടി ദലിത് നേതൃത്വങ്ങൾ അവരുടെ കാര്യം നേടുകയാണ് ഉണ്ടായത്. ജനങ്ങളിൽ നിന്ന് ജാഥയ്ക്ക് കാശ് പിരിച്ചു. യഥാർത്ഥത്തിൽ ഈ ജനതയ്ക്ക് സമിതി കൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല. ഭൂമി കിട്ടുമെന്ന വിചാരത്തിലാണ് ജനങ്ങൾ ജാഥയിൽ വന്നത്. കുറേനാൾ നടന്നത് മാത്രം മിച്ചം. കൂടെ നടക്കുന്ന ജനതയ്ക്ക് പ്രയോജനം ഇല്ല. പ്രക്ഷോഭത്തിന് വന്ന ജനങ്ങൾക്ക് ഭൂമി കിട്ടും എന്നൊക്കെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, നേതാക്കൾക്ക് ഇതിലൊന്നും താൽപര്യം ഉണ്ടായിരുന്നില്ല. ദലിത് സംഘടനകൾ എത്ര എണ്ണം ഉണ്ടെന്ന് ആർക്കും അറിയില്ല. സമുദായ സംഘടനകൾ നിരന്തരം നേതാക്കന്മാരുടെ കീഴിൽ പിളർന്നുകൊണ്ടിരിക്കുന്നു. അതിനാൽ സംയുക്ത സമരസമിതി ലക്ഷ്യം നേടാതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.


മുത്തങ്ങക്ക് ശേഷം നടന്ന വലിയ സമരങ്ങളിൽ ഒന്ന് നിൽപ്പ് സമരം ആയിരുന്നു. അതിലെ ഉറപ്പുകൾ എന്തെല്ലമായിരുന്നു. നിൽപ്പ് സമരത്തിൽ ഉണ്ടാക്കിയ കാരാർ പാലിക്കപ്പെട്ടോ. 1996ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പെസാ നിയമം കേരളത്തിലെ ആദിവാസികൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല. 2001ൽ സർക്കാർ പെസ നിയമം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും ഒന്നും നടന്നില്ല. ഇതിനുവേണ്ടി ഇപ്പോഴും വാദിക്കാത്തത് എന്തുകൊണ്ടാണ് ?
നിൽപ്പുസമരത്തിൽ ആദിവാസികൾക്ക് നൽകിയ ഉറപ്പ് സർക്കാർ പാലിച്ചിട്ടില്ല. അതിൽ പ്രധാനം പെസാ (PESA) നിയമം കേരളത്തിൽ നടപ്പാക്കണം എന്നതായിരുന്നു. 2001 ൽ എ.കെ ആന്റണി സർക്കാരും പെസാ നിയമം നടപ്പാക്കുമെന്ന് ഗോത്ര മഹാസഭയ്ക്ക് ഉറപ്പു നൽകിയിരുന്നു. 1996 ൽ ആണ് ഇന്ത്യൻ പാർലമെന്റിൽ പെസ നിയമം പാസാക്കിയത്. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിലെ ആദിവാസികൾക്ക് പെസാ നിയമത്തിന്റെ പരിരക്ഷ ലഭിച്ചിട്ടില്ല. നിൽപ്പ് സമരത്തിന് ശേഷം ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കുന്നതിന് പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നു. കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് കേരളത്തിലെ ആദിവാസി ഊരുകളുടെ ലിസ്റ്റ് അയച്ചുകൊടുത്തു. ഇക്കാര്യത്തിൽ ചില സംശയങ്ങളും വിശദീകരണങ്ങളും കേന്ദ്ര ട്രൈബൽ മന്ത്രാലയം കേരളത്തോട് ചോദിച്ചു. അതിനുശേഷം പിണറായി സർക്കാർ ആണ് അധികാരത്തിൽ വന്നത്. ഇടതു സർക്കാർ ഇക്കാര്യത്തിൽ മുഖം തിരിച്ചുനിന്നു. അതിനാൽ നിയമം നടപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയില്ല.
രാഷ്ട്രീയ പാർട്ടികൾ പെസാ നിയമം നടപ്പാക്കുന്നതിൽ ഭയപ്പെടുന്നുണ്ട്. കാരണം നിയമം നടപ്പാക്കിയാൽ ആദിവാസി ഗ്രാമപഞ്ചായത്തുകൾ രൂപം കൊളളും. ഊരുസഭകൾക്ക് കൂടുതൽ അധികാരം കിട്ടും. ആദിവാസി മേഖലകളിലെ വികസനവും ഫണ്ട് ചെലവഴിക്കുന്നതും തീരുമാനിക്കുന്നത് ആദിവാസികൾ ആയിരിക്കും. രാഷ്ട്രീയ പാർട്ടികൾക്ക് ഇതിൽ വലിയ പങ്കാളിത്തം ലഭിക്കില്ല. നിയമപരമായി അവർക്ക് ഊരുസഭകളിൽ ഇടപെടാൻ നടത്താൻ കഴിയില്ല. ഇപ്പോൾ ആദിവാസി ഫണ്ടും ആദിവാസി മേഖലകളിലെ വികസനവും തീരുമാനിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്.
രാഷ്ട്രീയ പാർട്ടികൾ ആദിവാസികളെ വീതം വെച്ച് എടുക്കുകയാണ്. പൊതുസമൂഹത്തിന് വേണ്ടിയാണ് ആദിവാസി ഫണ്ട് പലപ്പോഴും ചെലവഴിക്കുന്നത്. വകമാറ്റിയും ചെലവഴിക്കുന്നുണ്ട്. ഇതൊന്നും ചോദ്യം ചെയ്യാൻ ആദിവാസികൾക്ക് കഴിയുന്നില്ല. പ്രാദേശികമായി രാഷ്ട്രീയ നേതാക്കളാണ് ആദിവാസികളെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ വീട്ടിലെ കൂലിപ്പണിക്കാരാണ് ആദിവാസികൾ. അതിനാൽ ആദിവാസികൾക്ക് നിവർന്നുനിന്ന് അഭിപ്രായം പറയാൻ കഴിയില്ല. പെസാ നിയമം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പുറകോട്ട് പോകുന്നതിന്റെ കാരണം ഇതാണ്. രാഷ്ട്രീയ തമ്പുരാക്കന്മാർ പെസാ നിയമം നടപ്പാക്കുന്നതിന് എതിരാണ്. കേരളത്തിൽ ജന്മിത്തം നിയമപരമായി ഇല്ലാതാക്കി ഭൂപരിഷ്‌കരണം നടപ്പിലാക്കി. എന്നാൽ, ആദിവാസി മേഖലകളിൽ ജന്മിത്വം പുതിയ രൂപത്തിൽ ഇപ്പോഴും കൊടികുത്തി വാഴുന്നുണ്ട്.
ആദിവാസികളോട് അടിമകളെ പോലെ പെരുമാറുന്ന മനോഭാവം മാറിയിട്ടില്ല. അട്ടപ്പാടിയിൽ അടക്കം ആദിവാസികൾ അടിമകളെപ്പോലെയാണ് ജീവിക്കുന്നത്. ഭൂരഹിതരായ ദലിതരെയും ഇതുപോലെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ദലിതരും ആദിവാസികളും സംഘടന ഉണ്ടാക്കിയാൽ അതിനെ രാഷ്ട്രീയ സംഘടനകൾ സ്വന്തം സംഘടന രൂപീകരിച്ച് നേരിടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസും ബി.ജെ.പിയും മത്സരിച്ചാണ് സാമുദായിക സംഘടനയുണ്ടാകുന്നത്. അവർ പാർട്ടികളുടെ പോഷക സംഘടന എന്ന നിലയിൽ ആദിവാസി സംഘടനകളെ പ്രവർത്തിപ്പിക്കുന്നു. പൊതുസമൂഹത്തിലുള്ള ആളുകളാണ് ആദിവാസി സമരങ്ങളെ തകർക്കുന്നത്. രാഷ്ട്രീയക്കാരാണ് ആദിവാസികളുടെ കൂട്ടായ്മയെ ഭയപ്പെടുന്നത്. അതിനാൽ ആദിവാസികൾ സംഘടിക്കുന്നതിനെ അവർ തടയുന്നു. പെസാ നിയമത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മറികടക്കാനാവില്ല.


മുഖ്യമന്ത്രി എ.കെ ആന്റണിയുടെ കാലത്തുണ്ടാക്കിയ കരാർ പ്രകാരം കേന്ദ്രസർക്കാരിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും 19,000 ഏക്കർ നിക്ഷിപ്തവനഭൂമി ആദിവാസികൾക്ക് നൽകാൻ അനുമതി ലഭിച്ചു. അതിൽ 10,000 ഏക്കറോളം ഭൂമി ഇനിയും വിതരണം ചെയ്യാനുണ്ട്. എന്തുകൊണ്ടാണ് ആ ഭൂമിക്ക് വേണ്ടി ഇപ്പോഴും ആവശ്യപ്പെടാത്തത്?
ആ ഭൂമിയ്ക്ക് വേണ്ടി ആളുകൾ മരിയനാട് സമരം നടത്തുന്നുണ്ട്. കുടിൽകെട്ടി സമരകാലത്താണ് നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്ന് ഗോത്ര മഹാസഭ ആവശ്യപ്പെട്ടത്. എ.കെ ആന്റണി സർക്കാർ അക്കാര്യം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് അനുമതി ലഭിച്ചത്. 19,000 ഏക്കർ ഭൂമി കേരളത്തിൽ ആദിവാസികൾക്ക് വിതരണം ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകി. അതിൽ ചില വ്യവസ്ഥകളും മുന്നോട്ടുവെച്ചിരുന്നു. വ്യവസ്ഥകൾ എല്ലാം പാലിച്ചാണ് ഭൂമി അനുവദിച്ചത്. എന്നാൽ തുടർനടപടി സ്വീകരിക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു. ഒൻപതിനായിരം ഏക്കറോളം പ്രോജക്ട് ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്തിട്ട് അത് ഇതിൽ ഉൾപ്പെടുത്തി. 10000 ഏക്കറോളം ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യാനുണ്ട്. വനം വകുപ്പ് ഭൂവിതരണത്തിന് പ്രത്യേക ഓഫീസ് ആരംഭിച്ചുവെങ്കിലും ആദിവാസികൾക്ക് ഭൂമി ലഭിച്ചില്ല. ഇപ്പോൾ ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്നതുപോലും വനംവകുപ്പ് ഓർക്കുന്നില്ല. മറ്റ് സമൂഹങ്ങൾക്ക് വനഭൂമി അനുവദിക്കുന്നതിന് മുമ്പേ ഭൂവിതരണം ആരംഭിക്കുന്നു. ഇക്കാര്യം വി.ഡി സതീശൻ സർക്കാരിനോട് ആവശ്യപ്പെടും.
2011ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണിയുടെ ഭാഗമായി സി.കെ ജാനു സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചു. കോൺഗ്രസ് പാലം വലിച്ചതാണോ സ്ഥാനാർത്ഥിത്വം നിഷേധിക്കാൻ കാരണം? ഇന്ന് അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്. എൻ.ഡി.എയിൽ നിന്ന് പുറത്തുവന്ന ശേഷം യു.ഡി.എഫുമായി നടത്തിയ ചർച്ചയിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതെ പോയതിനെ കാരണം എന്താണ്? അതിനെ എങ്ങനെ വിലയിരുത്തുന്നു?
2011ലെ സ്ഥാനാർത്ഥിത്വം പട്ടികജാതി പട്ടികവർഗ സംയുക്ത സമിതി കേരളത്തിൽ വലിയ ചലനമുണ്ടാക്കിയ കാലത്ത് നടന്ന ആലോചനയാണ്. 2011ൽ രമേശ് ചെന്നിത്തലയാണ് സ്ഥാനാർത്ഥിയാകണം എന്ന് ആവശ്യപ്പെട്ടത്. തുടർന്ന് അതിനുള്ള ചർച്ചകൾ നടന്നെങ്കിലും അവസാനം അത് അട്ടിമറിക്കപ്പെട്ടു. കോൺഗ്രസിനുള്ളിലെ ഒരു ഗ്രൂപ്പാണ് ആദിവാസിയായ സി.കെ. ജാനു സ്ഥാനാർത്ഥിയാകേണ്ട എന്ന് സമ്മർദ്ദം ചെലുത്തിയത്. യു.ഡി.എഫും എൽ.ഡി.എഫും ഇക്കാര്യത്തിൽ ഒരേ സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. അതേസമയം ബി.ജെ.പി മുന്നണിയുടെ ഭാഗമായി എന്നെ സ്ഥാനാർത്ഥിയാക്കാൻ തയ്യാറായി. എന്നാൽ ബി.ജെ.പിയുടെ ഒരു അടവ് നയമായിരുന്നു അത്. കേരളത്തിൽ ബി.ജെ.പി അധികാരത്തിന്റെ ഭാഗമല്ല. അധികാരത്തിന്റെ ഭാഗമാകാൻ ആദിവാസികൾ അടക്കമുള്ള ജനവിഭാഗങ്ങളുടെ പിന്തുണ വേണം. അതിന്റെ ഭാഗമായിട്ടാണ് അത് പരിഗണിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം അവരും ആദിവാസി പ്രശ്‌നങ്ങൾ പരിശോധിക്കുവാൻ തയ്യാറല്ല. എൻ.ഡി.എയിൽ പരിഗണന ലഭിച്ചില്ല. എൻ.ഡി.എയുടെ സ്ഥാനാർത്ഥിയാകുമ്പോൾ ആവശ്യപ്പെട്ടത് സംസ്ഥാനത്ത് പെസാ നിയമം നടപ്പാക്കണമെന്നാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ആദിവാസികൾക്ക് ഒരു രാജ്യസഭാ സീറ്റ് നൽകണം. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിൽ ആദിവാസികളെ പരിഗണിക്കണം. ആ കാര്യമൊക്കെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി നേതാക്കൾ സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നേതാക്കൾക്കെല്ലാം തിരക്കാണ്. ഇവർക്ക് ആദിവാസികളുടെ വോട്ട് മാത്രം മതി. കേരളത്തിലെ ആദിവാസികളെ രാഷ്ട്രീയമായി പരിഗണിക്കാൻ അവർ തയ്യാറല്ല. അത് തിരിച്ചറിഞ്ഞാണ് ബി.ജെ.പിയിൽ നിന്ന്, എൻ.ഡി.എ മുന്നണിയിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചത്.
യു.ഡി.എഫുമായി സംസാരിച്ചപ്പോൾ അവർ ജെ.ആർ.പിയെ അസോസിയേറ്റ് അംഗമെന്ന നിലയിൽ സ്വീകരിക്കാൻ തയ്യാറായി. തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് രണ്ട് സീറ്റ് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. സീറ്റിന്റെ കാര്യം പിന്നീട് ചർച്ച ചെയ്യാമെന്ന് അവർ ഉറപ്പുനൽകിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോൾ സീറ്റ് തരാൻ കഴിയില്ല എന്ന നിലയിലായി. എം.എൽ.എയെക്കാൾ ഉയർന്ന ഒരു പോസ്റ്റ് ജെ.ആർ.പിയ്ക്ക് നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അത് എന്താണ്, എങ്ങനെയാണ് എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല.


പട്ടികവർഗ വകുപ്പ് അഴിമതിയുടെ കേന്ദ്രമാണ്. പദ്ധതികൾ എല്ലാം പരാജയപ്പെടുത്തുന്നതിന് പിന്നിൽ ഒരു കൂട്ടം ഉദ്യോഗസ്ഥരാണുള്ളത്. ഈ ഭരണകാലത്ത് അതിൽനിന്ന് പട്ടികവർഗ വകുപ്പിനെ മോചിപ്പിക്കാൻ കഴിയുമോ?
പട്ടികവർഗ വകുപ്പിലെ അഴിമതി തുടച്ചുനീക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് എന്റെ അഭിപ്രായം. പട്ടികവർഗ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ വലിയ തട്ടിപ്പും ക്രമക്കേടും നടത്തുന്നുണ്ട്. ഫണ്ടുകൾ തട്ടിയെടുക്കുന്നത് അവരാണ്. ഉദാഹരണമായി പറഞ്ഞാൽ അവിവാഹിതരായ അമ്മമാരുടെ ലഭിക്കേണ്ട പണം പോലും മണിയോഡറായി അയച്ചിരുന്ന കാലത്ത് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ തട്ടിയെടുത്തിരുന്നു. അട്ടപ്പാടിയിൽ അപ്പാരൽ പാർക്ക് അല്ലെങ്കിൽ തയ്യൽ കേന്ദ്രം ആദിവാസികൾക്ക് വേണ്ടി തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. പട്ടികവർഗ്ഗവകുപ്പ് രണ്ടുകോടി രൂപ അനുവദിച്ചു. 100 ആദിവാസി സ്ത്രീകൾക്ക് തൊഴിൽ ലഭിക്കേണ്ട സംരംഭമാണ് വിഭാവനം ചെയ്തത്. വിദ്യാർത്ഥികളുടെ യൂണിഫോം തയ്ക്കുന്ന കോൺട്രാക്ട് ഈ തൊഴിൽ കേന്ദ്രത്തിന് നൽകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. അട്ടപ്പാടിയിലെ ഐ.ടി.ഡി.പിയ്ക്ക് ആയിരുന്നു പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്വം. 95 ലക്ഷം മുടക്കി 100 തയ്യൽ മെഷീനും കട്ടിംഗ് മെഷീനും അടക്കമുള്ള എല്ലാ സാമഗ്രികളും വാങ്ങി. എന്നാൽ, സ്ഥാപനം നടത്തുന്നതിനുള്ള കെട്ടിടം നിർമ്മിച്ചില്ല. ഒരു ഷെഡ്ഡിൽ അതെല്ലാം കൂട്ടിയിട്ടു. ഇപ്പോൾ അതെല്ലാം കേടായ സ്ഥിതിയിലാണെന്ന് ആദിവാസികൾ പറയുന്നു. ആദിവാസി സ്ത്രീകൾക്ക് തൊഴിലും ലഭിച്ചില്ല. സംരംഭം തുടങ്ങിയതുമില്ല. ഇക്കാര്യത്തിൽ ഐ.ടി.ഡി.പി ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തിൽ സംഭവിച്ച ഗുരുത വീഴ്ച സർക്കാർ പരിശോധിക്കണം.
വനാവകാശം നടപ്പിലാക്കാൻ വലിയ തടസം വനം വകുപ്പാണോ. വനം വകുപ്പ് ഉദ്യോഗസ്ഥരെ വനാവകാശ നിമം പഠിപ്പിക്കണെന്ന് സി.എ.ജി ചൂണ്ടാക്കണിച്ചരുന്നല്ലോ. അത് സത്യമാണോ?
വനഭൂമി ആദിവാസികൾക്ക് കൊടുക്കാൻ വനം വകുപ്പ് നിരവധി തടസ്സങ്ങൾ ഉന്നയിക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് ഇപ്പോഴും വനാവകാശ നിയമത്തിന്റെ ജനാധിപത്യ സാധ്യത അറിയില്ല. ഊരുസഭകളടെ അവകാശം അംഗീകരിക്കാൻ വനം വകുപ്പ് തയാറാകുന്നില്ല. ആദിവാസികൾക്ക് വനഭൂമി കൊടുക്കുന്നത് എങ്ങനെ തടയാൻ കഴിയുമെന്നാണ് അവർ അന്വേഷിക്കുന്നത്. എന്നാൽ മുസ്ലീം, ക്രിസ്ത്യൻ, ഹിന്ദു വിഭാഗത്തിലുള്ളവർക്ക് വനഭൂമിക്ക് എൻ.ഒ.എസി (അനുമതി സർട്ടിഫ്ക്കറ്റ്) നൽകാൻ വനം വകുപ്പിന് യാതൊരു തടസ്സവുമില്ല. അട്ടപ്പാടിയിൽ വനം വകുപ്പിന്റെ ജണ്ടയ്ക്കുള്ളിൽ പോലും കൈയേറ്റം നടന്നുവെന്ന് റവന്യൂ സെക്രട്ടറി രാജമാണിക്യം നേരിട്ട് കണ്ടതാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്നുണ്ട്. വനാവകാശമനുസരിച്ച് ആദിവാസികൾക്ക് നൽകിയ ഭൂമി പോലും വനം വകുപ്പിന്റെ ഒത്താശയോടെ മറ്റുള്ളവർ കയ്യേറിയതായി പരാതിയുണ്ട്. ഇവിടെ വനം വകുപ്പ് ജാതി വിവേചനം ആണ് കാണിക്കുന്നത്. വനം വകുപ്പ് നടപ്പാക്കുന്ന ആദിവാസി പദ്ധതികൾ എല്ലാം അഴിമതിയിലാണ്. ഇടമലക്കുടിയിൽ നടന്ന അഴിമതികൾക്ക് കണക്കില്ല. ഉദ്യോഗസ്ഥർ കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ട്. ആദിവാസികൾ വനം നശിപ്പിക്കുന്നവരല്ല. മരങ്ങൾ മുറിച്ച് വനം ഇല്ലാതാക്കുന്നവരല്ല. എന്നാൽ ആദിവാസികൾ വനം നശിപ്പിക്കുന്നു എന്നാണ് വനം വകുപ്പിന്റെ ആരോപണം. ആദിവാസികൾക്കെതിരെ നിരന്തരം കേസെടുക്കുന്നത് വനം വകുപ്പാണ്.
ജാതി കേരളത്തിൽ ഇല്ലെന്ന് പറയുന്നത് ശുദ്ധ നുണയാണ്. എല്ലായിടത്തും ജാതി പ്രവർത്തിക്കുന്നുണ്ട്. ജാതി കേരളത്തിന്റെ എല്ലാ മേഖലയിലും കൊടികുത്തി വാഴുന്നുണ്ട്. തിരുനെല്ലിയിലെ ആദിവാസികൾ ഏറെയും ഭൂരഹിതരാണ്. 1947ന് മുൻപ് ബ്രിട്ടീഷ് സായിപ്പന്മാർക്കും കമ്പനികൾക്കും പാട്ടത്തിന് നൽകിയ തോട്ടം തിരുനെല്ലിയിലുണ്ട്. പലരും വ്യാജരേഖ ഉണ്ടാക്കിയാണ് അത് കൈവശം വച്ചിരിക്കുന്നത്. വിദേശികൾക്ക് പാട്ടം നൽകിയ ഭൂമിക്ക് ഉടമസ്ഥത ഇല്ല എന്ന് രാജമാണിക്യം റിപ്പോർട്ട് നൽകി. യു.ഡി.എഫിന്റെ പ്രകടനപത്രിയിൽ 1947 ന് മുൻപ് വിദേശ കമ്പനികളും പൗരന്മാരും കൈവശം വച്ചിരുന്ന ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. ഇത് നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. നിയമനിർമ്മാണം നടത്തിയാൽ ദലിതർക്കും ആദിവാസികൾക്കും വിതരണം ചെയ്യാൻ കേരളത്തിൽ ധാരാളം ഭൂമിയുണ്ടാവും. ലക്ഷത്തിലധികം ഏക്കർ ഭൂമി വിദേശ കമ്പനികൾ കൈവശം വച്ചിരുന്നുവെന്നാണ് സർക്കാരിന് റിപ്പോർട്ട് ലഭിച്ചത്. ഇക്കാര്യത്തിൽ യു.ഡി.എഫ് സർക്കാർ നിയമനിർമ്മാണം നടത്തുമെന്നാണ് പ്രതീക്ഷ.
അട്ടപ്പാടിയിലെ ആദിവാസികൾ ഇന്ന് അനുഭവിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി കയ്യേറ്റമാണ്. പിറന്ന മണ്ണിന് രേഖയില്ല. 1962-64 കാലത്തെ സർവേ റിപ്പോർട്ട് റവന്യൂ ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ല. ആദിവാസികളുടെ പരാതി നേരിൽ കേട്ട് റവന്യൂ സെക്രട്ടറി എം.ജി രാജമാണിക്യം അട്ടപ്പാടി സന്ദർശിച്ച് റിപ്പോർട്ട് നൽകി. ആദിവാസി ഭൂമി വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആദിവാസി ഭൂമി അളന്ന് അവർക്ക് രേഖ നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വ്യജരേഖകൾ കണ്ടെത്തുന്നതിന് പ്രത്യേക റവന്യൂ സംഘത്തെ അട്ടപ്പാടിയിലേക്ക് നിയോഗിക്കണമെന്നാണ് ശിപാർശ നൽകിയത്. ഇക്കാര്യത്തിൽ ആർ.ജെ.പി ഇടപെടൽ നടത്തുമോ ?
തീർച്ചയായും. അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന ഭൂമാഫിയ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാക്കണം. ആദിവാസികൾക്ക് നീതി ലഭിക്കണം. അതിന് സർക്കാരിനോട് സംസാരിക്കും. സർക്കാർ ഇടപെടുമെന്ന് പ്രതീക്ഷയുണ്ട്. അഴിമതിയും തട്ടിപ്പും പട്ടികവർഗ വകുപ്പിൽ നടക്കുന്നുണ്ട്.
Featured Image Courtesy: homesickness.in


