ആശാ വർക്കേഴ്സ് സമരം തുറന്നുകാണിച്ച സി.പി.എമ്മിന്റെ വർ​ഗ സ്വഭാവം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആശാ വർക്കേഴ്സിന്റെ സമരത്തിന് പിന്നിൽ സർക്കാർ വിരുദ്ധ മഴവിൽസഖ്യമാണ് എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന് പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഖ്യം രൂപീകരിച്ച് മത്സരിച്ച പാർട്ടിയാണ് സി.പി.എം. അതും ഒരു മഴവിൽ സഖ്യമാണ്. അതുകൊണ്ടാണ് ഇപ്പോഴും ദേശീയപാർട്ടിയായി തുടരാൻ കഴിയുന്നത്. എന്നിട്ടും ന്യായമായ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കേഴ്സിനെ തള്ളിപ്പറയാൻ മഴവിൽസഖ്യം എന്നത് ഒരു പരിഹാസമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. എന്താണ് ഈ ഇരട്ടത്താപ്പിനെക്കുറിച്ച് പറയാനുള്ളത്?

ആശാ വർക്കർമാരുടെ സമരത്തെ നയിക്കുന്നത് മഴവിൽസഖ്യമാണ് എന്ന് പറയുന്നത് തന്നെ അടിസ്ഥാനരഹിതമാണ്. എന്തുകൊണ്ടാണ് സി.പി.എം അതിനെ അങ്ങനെ വിശേഷിപ്പിക്കുന്നത്? അത് പൊതുജനത്തിന് വേണ്ടിയല്ല. സി.പി.എമ്മിലെ പാർട്ടി കേഡർമാർക്കും അനുഭാവികൾക്കും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഈ സമരത്തോട് അനുഭാവമുണ്ട്. കാരണം കോവിഡ് കാലഘട്ടത്തിൽ ആശ വർക്കർമാരുടെ സേവനം അനുഭവിച്ച ജനതയാണ് കേരളത്തിലുള്ളത്. അതുകൊണ്ട് സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനവും കുറച്ച് നേതാക്കൾ നടത്തുന്ന അധിക്ഷേപവും പാർട്ടിക്കാർക്കിടയിൽ ഒട്ടും തന്നെ സ്വീകാര്യമായിരുന്നില്ല. അവരുടെ കൺസംപ്ഷന് വേണ്ടിയാണ് എം.വി ഗോവിന്ദൻ ഇറങ്ങിപുറപ്പെട്ടിട്ടുള്ളത്.

എല്ലാകാലത്തും ഇതുപോലെയുള്ള സമരങ്ങളെ കളങ്കപ്പെടുത്താൻ പല ഉപായങ്ങൾ സി.പി.എം പ്രയോഗിച്ചിട്ടുള്ളതാണ്. ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ഇത്. ചെങ്ങറ ഭൂസമരം നടത്തിയതിന്റെ പിന്നിൽ മാവോയിസ്റ്റുകളാണ് എന്നാണ് അന്ന് പറഞ്ഞത്. പിന്നിലുള്ളവരെയല്ല, മുന്നിലുള്ളവരെ ആദ്യം കാണൂ എന്ന് ളാഹ ഗോപാലന് മറുപടി കൊടുക്കേണ്ടി വന്നത് അപ്പോഴാണ്. അന്ന് പിണറായി വിജയനായിരുന്നു സംസ്ഥാന സെക്രട്ടറി. അദ്ദേഹം അങ്ങനെയാണ് അതിനെ വിശേഷിപ്പിക്കാൻ ശ്രമിച്ചത്. സി.പി.എമ്മിന് പുറത്തുള്ള തൊഴിലാളികൾ അവരുടെ തൊഴിലവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുമ്പോഴെല്ലാം അതിനെതിരെ നിഷേധാത്മകമായ സമീപനം പുലർത്തുക മാത്രമല്ല, അതിനെ തേജോവധം ചെയ്യാനും, നശിപ്പിക്കാനും അവർ ശ്രമിക്കും. കേരളത്തിലെ ഉപരിവർഗ്ഗത്തിന്റെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ഒരു പാർട്ടിയായി സി.പി.എം മാറിയ സ്ഥിതിക്ക് അവർക്കത് ചെയ്യാതിരിക്കാൻ സാധിക്കില്ല.

രണ്ടാമതായി, സി.പി.എമ്മിന്റെ മഴവിൽസഖ്യവും ഇതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കാരണം ദേശീയ തലത്തിൽ മഴവിൽസഖ്യം എന്ന് വിളിക്കുന്നത് ഇന്ത്യ മുന്നണിയെയാണ്. എന്നാൽ ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമായി നിൽക്കാൻ സി.പി.എം തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. ജയിക്കാൻ വേണ്ടിയും സീറ്റിന് വേണ്ടിയും മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിനും ഡിഎംകെയ്ക്കും ഒപ്പം ബന്ധം സ്ഥാപിക്കും. രാജസ്ഥാനിലാണെങ്കിലും തമിഴ്നാട്ടിലാണെങ്കിലും ചില അടവുകളുടെ ഭാഗമായി നിൽക്കുന്നുവെന്നല്ലാതെ ഇന്ത്യ മുന്നണി എന്ന് വിളിക്കുന്ന ബിജെപി വിരുദ്ധ മുന്നണിയുടെ ഒപ്പം നിൽക്കാൻ ഇപ്പോഴും സി.പി.എം തയ്യാറല്ല. കേരളത്തിലെ പാർട്ടി ഘടകത്തിന് തന്നെ അത്തരം മുന്നണി സംവിധാനങ്ങളോട് എതിർപ്പുണ്ട്. മുന്നണിയുടെ ഭാഗമായി നിൽക്കാൻ കഴിയാത്ത സങ്കുചിതമായ ചിന്ത ഇപ്പോഴും സി.പി.എമ്മിനുണ്ട്. വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനകൾ ഒരാവശ്യത്തിനായി സമരം ചെയ്യുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇവർ എടുക്കുന്നത്. ഇത് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. നന്ദിഗ്രാം സമരത്തിലും സി.പി.എമ്മിന്റെ വ്യാഖ്യാനം ഇതായിരുന്നു. തൃണമൂൽ കോൺഗ്രസും മാവോയിസ്റ്റുകളും എസ്.യു.സി.ഐയും ബിജെപിയും അതിനകത്തുണ്ട് എന്നായിരുന്നു അവരുടെ വ്യാഖ്യാനം. അതുകൊണ്ടെന്തായി? ഇന്ന് മഷിയിട്ട് നോക്കിയാൽ പോലും സി.പി.എമ്മിനെ ബംഗാളിൽ കാണാൻ കഴിയില്ല. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെ ചരിത്രമുള്ള സംസ്ഥാനമായിരുന്നു ബംഗാൾ. അവിടെ ഇല്ലാതായത് ഇതുപോലെയുള്ള നേതാക്കന്മാരുടെ വിവരക്കേടുകൊണ്ടാണ്. സി.പി.എം പറയുന്ന രാഷ്ട്രീയം വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ മനസിലാക്കുക എന്നതാണ്. അന്ന് വസ്തുനിഷ്ഠമായി കാര്യങ്ങളെ മനസിലാക്കാത്തതിന്റെ ഫലമാണ് ഇന്നത്തെ ബംഗാൾ.

സമരം ചെയ്യുന്ന ആശാ വർക്കർമാർ. കടപ്പാട്: The Hindu

ആശാ വർക്കേഴ്സ് സമരത്തിന്റെ അടിസ്ഥാന പ്രശ്നത്തിലേക്ക് ഇവർക്ക് പോകാൻ കഴിയില്ല. അതുകൊണ്ടാണ് അടച്ചാക്ഷേപിക്കുന്നത്. അടിസ്ഥാനപരമായ ആവശ്യത്തെ അവഗണിക്കുന്ന സർക്കാരിന് അതിനെ തേജോവധം ചെയ്യാനേ കഴിയൂ. എന്നാൽ, ഈ സമരം ശരിയാണെന്നും ഇൻസെന്റീവ് വർദ്ധനയ്ക്ക് അവർ അർഹരാണെന്നുമുള്ള വിശ്വാസം ഒരു വലിയ വിഭാഗം ഇടതുപക്ഷ പ്രവർത്തകർക്കിടയിലും അനുഭാവികൾക്കിടയിലുമുണ്ട്. സ്വന്തം ഘടകകക്ഷികളിൽ തന്നെയുള്ള അഭിപ്രായ വ്യത്യാസം നമുക്കറിയാം, ആർജെഡിക്കും സി.പി.ഐക്കും അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ ഇവർക്കൊക്കെ സി.പി.എം എന്ന വല്യേട്ടനെതിരെ രംഗത്തുവരാനുള്ള മടികൊണ്ടാണ് ഒന്നും പറയാതിരിക്കുന്നത്. എൻ.സി.പി പോലുള്ള കക്ഷികളുടെ കാര്യം പിന്നെ പറയേണ്ട കാര്യമില്ല. അവർ എന്തിന് പ്രവർത്തിക്കുന്നു എന്നുള്ളത് അവർക്ക് തന്നെ ധാരണയില്ല. സ്വന്തം സഖ്യത്തിനകത്തേക്ക് കൂടി എം.വി ഗോവിന്ദൻ നോക്കുന്നത് നല്ലതായിരിക്കും.

കോഴിക്കോട് കിനാലൂർ സമരം, കെ റെയിലിനെതിരെ രൂപപ്പെട്ട ജനകീയ പ്രതിഷേധം, മുത്തങ്ങ ഭൂസമരം, ചെങ്ങറ ഭൂസമരം, പൊമ്പിളൈ ഒരുമൈ സമരം, വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരങ്ങൾ, പന്തീരാങ്കാവ് യുഎപിഎ കേസ്, വ്യാജ മോവായിസ്റ്റ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരായ ഗ്രോ വാസുവിന്റെ പ്രതിഷേധം തുടങ്ങിയ അനേകം ജനകീയ സമരങ്ങളിലെയും സി.പി.എം നിലപാട് ആശാ വർക്കേഴ്സ് സമരത്തിനോടുള്ളതുപോലെയായിരുന്നു. തൊഴിലാളിവർഗ പാർട്ടിയെന്ന് അവകാശപ്പെടുമ്പോഴും എന്തുകൊണ്ടായിരിക്കാം ഇത്തരം ഭരണവർഗ നിലപാട് സി.പി.എം പുലർത്തി പോരുന്നത്? പാർട്ടിക്കുള്ളിൽ നിന്ന് പോലും അത് വിമർശിക്കപ്പെടുന്നില്ലല്ലോ ഒരുകാലത്തും?

കേരളത്തിൽ കണ്ടുവരുന്ന ഒരു പുതിയ പ്രവണത, സ്ത്രീകളാണെങ്കിലും, മത്സ്യത്തൊഴിലാളികളാണെങ്കിലും ആദിവാസികളാണെങ്കിലും ദലിതരാണെങ്കിലും സ്വയം സംഘടനാ ശേഷി വളർത്തിയെടുക്കുകയും അവകാശ സമരവുമായി മുന്നോട്ടുവരികയും ചെയ്യുന്നു എന്നതാണ്. ഇത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ ഭീഷണി ഉയർത്തുന്ന ഒന്നാണ്. സി.പി.എമ്മിന്റെ വരേണ്യ നിലപാടിനെ തുറന്നുകാട്ടുകയും അതിന്റെ രാഷ്ട്രീയ കുടിലതകളെ പുറത്തുകാണിക്കുകയും ചെയ്യുന്ന സമരങ്ങളോട് നിഷേധാത്മക നിലപാട് സി.പി.എം സ്വീകരിക്കുമ്പോൾ അവരുടെ അടിസ്ഥാനപരമായ വർഗ്ഗ സ്വഭാവമാണ് തുറന്നുകാട്ടപ്പെടുന്നത്. സി.പി.എം കുറച്ച് കാലങ്ങളായി നടത്തിയ സമരങ്ങളെല്ലാം പരാജയ സമരങ്ങളാണ്. സോളാർ സമരം പാർട്ടിക്ക് ഭരണാധികാരം കിട്ടുന്നതിന് വേണ്ടിയായിരുന്നു. ഇത്തരം കെട്ടുകാഴ്ച സമരങ്ങൾ നടത്തുക, ഭരണാധികാരം പിടിച്ചെടുക്കുക. അതിനുവേണ്ടിയുള്ള സമരങ്ങൾ മാത്രമേ അടുത്തിടെ സി.പി.എം നടത്തി ശീലിച്ചിട്ടുള്ളൂ. അങ്ങനെ ഭരണവർഗ ശൈലിയിൽ പ്രവർത്തിച്ച്, എംബൂർഷ്വാമെന്റ് (embourgeoisement) എന്ന് പറയുന്ന ബൂർഷ്വാവത്കരിക്കപ്പെട്ട രാഷ്ട്രീയ ബോധമുള്ള സി.പി.എമ്മിന് ഇതുപോലെയുള്ള സമരങ്ങളോട് ഇത്തരം സമീപനമേ ഉണ്ടാവുകയുള്ളൂ. സി.പി.എം ആത്മ ശൈഥില്യത്തെ ഭയപ്പെടുന്നുണ്ട്. പാർട്ടിക്കുള്ളിലെ വർഗബോധമുള്ള സംഘടനാ പ്രവർത്തകർ നാളെ ഇതിനെ ചോദ്യം ചെയ്യും.

പൊമ്പിളൈ ഒരുമൈ സമരത്തിൽ നിന്ന്. കടപ്പാട്: The Hindu

സ്വർണ്ണ മുതലാളിയെയും പ്രവാസി സമ്പന്നനെയും കാണുമ്പോൾ മുഖം തുടുത്ത് സന്തോഷമായിരിക്കുകയും ആശ വർക്കേഴ്സിനെ കാണുമ്പോൾ പുച്ഛം തോന്നുന്നതും എന്തുകൊണ്ടാണ്? പ്രവാസി സമ്പന്നന്റെ പുസ്തകം പ്രകാശനം ചെയ്യുമ്പോൾ മുഖം തുടുക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന വർഗ നേതാക്കൾക്ക് ആശ വർക്കേഴ്സിനെ കാണുമ്പോൾ മുഖം കറുത്തിരുളുന്നു. ആ തുറന്നുകാട്ടലിനെ അവർ ഭയപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ സമരം നോക്കിയാൽ അതിനെ നേരിടുക എന്ന് മാത്രമല്ല, പൊലീസിനെ കൂടി ഉപയോഗിക്കുന്നുണ്ട്. അതായത് കാവുമ്പായിലും കയ്യൂരിലും നടന്ന സമരത്തെ അവിടുത്തെ ജന്മിമാർ ഗുണ്ടകളെ വെച്ചാണ് നേരിട്ടത്. അതുപോലെ തന്നെയാണ് ഇവിടെയും നേരിടുന്നത്. കമ്യൂണിസ്റ്റ് ലേബർ സ്ട്രഗിളിന്റെ ആർക്കൈവ്സ് നോക്കിയാൽ നമുക്ക് കാണാൻ പറ്റും. പി കൃഷ്ണപിള്ള, എ.വി കുഞ്ഞമ്പു അടക്കമുള്ള നേതാക്കളെ ഭീകരന്മാരായി ചിത്രീകരിച്ചുകൊണ്ട് ഗുണ്ടകളെ വിട്ട് ആക്രമിക്കുകയാണ് ചെയ്തത്. അതുതന്നെ ഇന്ന് പല സമരങ്ങളിലും പുനഃരാവിഷ്കരിക്കപ്പെടുന്നു. സമരക്കാരെ തേജോവധം ചെയ്യുക, ഗുണ്ടകളെ വിട്ട് അടിക്കാൻ കഴിയാത്തതുകൊണ്ട് പൊലീസിനെ ഉപയോഗിക്കുന്നുവെന്ന് മാത്രം. മത്സ്യത്തൊഴിലാളികൾ, ദലിതർ, ആദിവാസികൾ, സ്ത്രീകൾ ഒക്കെ നടത്തുന്ന സമരങ്ങളെയൊന്നും ഇവർക്ക് ഉൾക്കൊള്ളാനാവില്ല. വർഗപരമായി മേധാവിത്വം പുലർത്തുന്നവർ നടത്തുന്ന സമരങ്ങളാണ് ഇവരെ സംബന്ധിച്ച് ശരിയായത്. അതിന് കീഴ്പ്പെട്ട് ജനങ്ങൾ നിൽക്കണമെന്ന സങ്കല്പം ഇരുപതാം നൂറ്റാണ്ടിൽ തകർന്നുപോയതാണ്. പക്ഷേ അതിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കും വലിച്ചുനീട്ടാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഇതെല്ലാം ഒരു ശിഥിലീകരണത്തിന്റെ തുടക്കം മാത്രമാണ്. ഇന്ന് തൊഴിലാളിവർഗ്ഗ രാഷ്ട്രീയം പറയുന്ന നേതാക്കന്മാരെല്ലാം മധ്യവർഗ്ഗ നേതാക്കളാണ്. അവരുടെ വസ്ത്രധാരണം, പെരുമാറ്റ രീതി, ജീവിതരീതിയൊക്കെ നോക്കിയാൽ കാണാൻ കഴിയുന്ന ഒരു കാര്യം മധ്യവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന് ബൂർഷ്വാജീവിതം കാംക്ഷിക്കുന്ന ഒരു വിഭാഗമാണ് അവരെന്നാണ്. അതുകൊണ്ടാണ് അടിസ്ഥാനവർഗ തൊഴിലാളികൾ സംഘടിച്ച് കാണുമ്പോൾ അവരോട് എതിർപ്പ് തോന്നുന്നത്. പാരമ്പര്യം അവകാശപ്പെടുകയും എന്നാൽ അതിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന ചരിത്രമാണ് കാണാൻ കഴിയുന്നത്. റോബിൻ ജെഫ്രി ഒക്കെ രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണത്. അവകാശങ്ങളുടെ ചരിത്രമാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ റിസൾട്ട്. അവകാശാബോധമുള്ള മനുഷ്യരായതുകൊണ്ടാണ് കേരള വ്യത്യസ്തമായി നിലനിൽക്കുന്നത്. ഈ പാരമ്പര്യത്തിനെതിരെയാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം കമ്യൂണിസ്റ്റ് പാർട്ടി തിരിച്ചറിഞ്ഞിട്ടും, വർഗ്ഗപരമായ അസ്തിത്വം കൊണ്ട് അംഗീകരിക്കാത്തതാണോ അതോ ഇനിയും തിരിച്ചറിയാത്തതാണോ എന്നത് ചരിത്രം തെളിയിക്കേണ്ട കാര്യമാണ്.

ഈ സമരത്തെ മനസിലാക്കാൻ പറ്റാതെ പോകുന്നത് സി.പി.എമ്മിന്റെ വർഗപരമായ പരിമിതികൊണ്ടാണ്. ആശാ വർക്കർമാരുടെ സമരത്തെ മനസിലാക്കാൻ മന്ത്രിമാർക്ക് കഴിയാത്തത് അവർക്ക് മധ്യവർഗ മനസുള്ളത് കൊണ്ടാണ്. ഡൽഹിയിൽ പോയി സമരം ചെയ്തൂടെ എന്നൊരു മന്ത്രി ചോദിക്കുന്നത് കേട്ടു. ബിസിനസ് ക്ലാസിൽ ഫ്ലൈറ്റിൽ കയറി ഡൽഹിയിൽ പോയി സമരം ചെയ്ത മന്ത്രിമാരാണ് മാസം 6000 ശമ്പളം കിട്ടുന്ന ആശ വർക്കർമാരോട് ഡൽഹിയിൽ പോയി സമരം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. അതുതന്നെ എത്ര നിന്ദ്യമായ കാര്യമാണ്. ഏത് കമ്യൂണിസ്റ്റ് രാഷ്ട്രീയമാണ് ഇവർക്കുള്ളത്? മിനിമം പൊളിറ്റിക്കൽ കോമൺസെൻസ് ഇല്ലേ?

ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്ന് ആശാ വർക്കർമാർ പറയുമ്പോൾ കേന്ദ്രത്തിനോട് ചോദിക്കൂ എന്ന വാദമാണ് സി.പി.എമ്മും അവരുടെ സോഷ്യൽ മീഡിയ വക്താക്കളും നിരന്തരം ഉന്നയിക്കുന്നത്. എന്തായിരിക്കാം ആശാ വർക്കർമാർ ഉന്നയിക്കുന്ന ആവശ്യങ്ങളെ അതിന്റെ മെറിറ്റിൽ ചർച്ച ചെയ്യാൻ സി.പി.എം തയ്യാറാകാത്തത്? സി.ഐ.ടി.യു അല്ല സമരം ചെയ്യുന്നത് എന്നതുകൊണ്ട് തൊഴിലവകാശങ്ങൾക്കായുള്ള സമരം ക്യാൻസൽ ചെയ്യപ്പെടുമോ?

ഈ സൈബർ പോരാളികളെ കുറിച്ച് പറയേണ്ടതുണ്ട്. നമ്മൾ കരുതും അവർ ബുദ്ധപരമായി, സമചിത്തതയോട് കൂടി മെറിറ്റിൽ നിന്ന് സംസാരിക്കുന്നവരാണെന്ന്. പക്ഷേ അങ്ങനെയല്ല. സൈബർ ബോട്ട് എന്നാണ് അവരെ വിളിക്കേണ്ടത്. ഓരോ അൽഗോരിതത്തിൽ പ്രവർത്തിക്കുന്നവരാണ് അവർ. ചിന്തയുടെയോ വിവേകത്തിന്റെയോ മനുഷ്യത്വത്തിന്റെയോ രാഷ്ട്രീയം അവർക്കറിയില്ല. സുരേഷ് ഗോപി സമരപ്പന്തലിൽ വന്നു എന്ന ഒറ്റകാരണം കൊണ്ട് ആശാ വർക്കർമാർക്കെതിരെ സംഘി ചാപ്പ കുത്തുകയാണ്. എന്തുകൊണ്ട് ഈ സൈബർ ബോട്ടുകൾക്ക് അവരെ മനസിലാക്കി സമരപ്പന്തലിൽ പൊയ്ക്കൂടാ? സുരേഷ് ഗോപി അയാളുടെ രാഷ്ട്രീയ താല്പര്യത്തിന്റെ പുറത്ത് പോയതായിരിക്കാം. എന്തുകൊണ്ട് ഇവർക്ക് ഐക്യപ്പെടാൻ കഴിയുന്നില്ല? സൈബർ പോരാളികളുടെ അത്തരം പ്രതികരണത്തിന് യാതൊരു വിലയുമില്ല. നന്ദിഗ്രാം സമയത്ത് സോഷ്യൽ മീഡിയ സജീവമായിരുന്നില്ല. അന്നും ഇത്തരം പ്രതികരണങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അന്ന് ബംഗാളിനെ പലരും വിമർശിച്ച സമയത്ത് അവർക്ക് പിന്തുണ കിട്ടിയ ഏക സംസ്ഥാനം കേരളമാണ്. അതുകൊണ്ടാണ് കേന്ദ്രത്തിൽ പോയി സമരം ചെയ്യൂ എന്ന് പറയാൻ കഴിയുന്നത്. കേന്ദ്രത്തോട് പറയേണ്ടത് കേരള സർക്കാരിന്റെ ബാധ്യതയാണ്. കാരണം അവർ ഇനിയും കേരളത്തിന് വേണ്ടി തൊഴിലെടുക്കേണ്ടവരാണ്. അവർക്ക് വേണ്ടി സംസാരിക്കേണ്ടത് തീർച്ചയായും സംസ്ഥാന സർക്കാരാണ്. അല്ലാതെ അവിടെ പോയി സമരം ചെയ്യൂ എന്ന് പറയുന്നത് തന്നെ തൊഴിലാളി വിരുദ്ധതയാണ്. ആരോഗ്യമന്ത്രിക്ക് എന്ത് പ്രസക്തിയാണുള്ളത്? അവർ ആശാ വർക്കർമാർക്ക് വേണ്ടി സംസാരിക്കുകയുമില്ല അങ്ങനെ ഉദ്ദേശിക്കുന്നുമില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സിഐടിയു ആശമാർക്ക് വേണ്ടി സമരം ചെയ്ത ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ആരോഗ്യം കേരളത്തിന്റെ പ്രധാന വിഷയമായിരിക്കെ അവരെ സംരക്ഷിക്കുക എന്നുള്ളത് കേരളത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ ഡവലപ്മെന്റ് മോഡൽ വലിയ ചർച്ചയായതല്ലേ? ഇതിലൊക്കെ ഈ അടിസ്ഥാന ജനവിഭാഗത്തിന്റെ പങ്കുണ്ട്. ആർക്കൈവ്സ് നോക്കി പഠിച്ച് എഴുതുന്ന എഴുത്ത് മാത്രല്ല, അടിസ്ഥാന ജനവിഭാഗങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് വർഗപരവും രാഷ്ട്രീയപരവുമായ ശരിയായ സമീപനം. സി.പി.എം നേതാക്കൾക്ക് അടിസ്ഥാന വിഭാഗങ്ങളെ അധിക്ഷേപിക്കാനുള്ള മാതൃകയാവുന്നത് സൈബർ ബോട്ടുകളാണ്, ഇവരുടെ പ്രതികരണം എല്ലാക്കാലത്തും ഇത്തരത്തിൽ തന്നെയാണ്. ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത സമയത്ത് ഇവരുടെ സമീപനം ഇത് തന്നെയായിരുന്നു. ഇവർക്ക് അങ്ങനെ പ്രതികരിക്കാനേ അറിയൂ. അവരുടെ അൽഗോരിതം അതാണ്.

26,000 ആശ വർക്കർമാരിൽ ചുരുക്കം ചിലർ മാത്രമാണ് സമരം ചെയ്യുന്നത് എന്നാണ് സി.പി.എം വൃത്തങ്ങൾ പറയുന്നത്. ഇതിന്റെ കൂടെ തന്നെ സൂചിപ്പിക്കേണ്ട കാര്യമാണ് അംഗനവാടി ജീവനക്കാരുടെ സമരവും. കഴിഞ്ഞ അഞ്ച് ദിവസമായി അവരും സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലാണ്. സമരാവശ്യം ന്യായമാണെങ്കിലും ഏത് സംഘടനയാണ്, സഖ്യമാണ് സമരം ചെയ്യുന്നതെന്ന് നോക്കി തീരുമാനമെടുക്കുന്ന സമീപനം ഭരണകൂടത്തിൽ നിന്നുമുണ്ടാകുന്നത് ജനാധിപത്യത്തിന് ദോഷകരമല്ലേ?

കുറേകാലങ്ങളായി ജനാധിപത്യം എന്നത് സി.പി.എമ്മിന് പ്രധാനപ്പെട്ട കാര്യമല്ലാതെയായി മാറിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ സി.പി.എം ഒരു സ്ട്രഗ്ളിങ്ങ് പാർട്ടിയാണ്. അതുകണ്ടുതന്നെ അവർക്ക് പൗരസമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരിക, അതിന് വേണ്ട സൗകര്യം ഒരുക്കുക എന്നതിൽ കവിഞ്ഞ് ജനാധിപത്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട് കേരളത്തിനകത്ത് കൈമോശം വന്നിരിക്കുന്ന സാഹചര്യമുണ്ട്. ഈ അരികുവത്കരിക്കപ്പെട്ട ജനവിഭാഗത്തെ സി.പി.എം കയ്യൊഴിഞ്ഞിരിക്കുന്നു. അവരുടെ പ്രശ്നങ്ങൾ പ്രതിനിധാനം ചെയ്യാൻ പുതിയ ട്രേഡ് യൂണിയന് സാധിക്കുന്നില്ല. ട്രേഡ് യൂണിയൻ അരിസ്റ്റോക്രസി എന്ന് വിളിക്കുന്ന ട്രേഡ് യൂണിയന്റെ വരേണ്യവിഭാഗം പ്രതിനിധാനം ചെയ്യുന്നത് മുതലാളിത്ത രാഷ്ട്രീയത്തെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ വേറെ വഴിയില്ലാത്തതുകൊണ്ട് തൊഴിലാളികളുടെ കൂടെ നിൽക്കുന്നു. കേരളത്തിൽ ഭരണം നിലനിൽക്കുന്നത് കൊണ്ട് അവർക്ക് അതിന്റെ ആവശ്യമില്ല. അനൗപചാരിക തൊഴിലാളികളെ അവർക്ക് ആവശ്യമില്ലാതെയായി മാറിയിരിക്കുന്നു. അവർക്ക് ധനശേഷി ഇല്ലാത്തതുകൊണ്ട് പാർട്ടിക്ക് വലിയ ഗുണമില്ല എന്നാണ് അത് കാണിക്കുന്നത്. അത്തരം ഘട്ടത്തിൽ മറ്റൊരു സംഘടന ഉയർന്നുവന്നാൽ അവരെ അംഗീകരിക്കണം.

ചെങ്ങറ ഭൂസമരത്തിൽ നിന്ന്. കടപ്പാട്: indianexpress

സമരം നടക്കുന്നതിന് മുമ്പ് വരെ ആശാ വർക്കർമാരുടെ ജീവിതം ജനങ്ങൾക്ക് അറിയുമായിരുന്നോ? ആശാ വർക്കർമാരുടെ പ്രവർത്തനത്തിന്റെ ഗുണഫലമനുഭവിച്ച ജനതയാണ് നമ്മൾ. ആ ഗുണഫലം കാരണമാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്നത്. അവരുമായി ബന്ധപ്പെട്ട സമൂഹത്തിന് മാത്രമേ അവരുടെ പ്രശ്നങ്ങൾ അറിയുമായിരുന്നുള്ളൂ. കേരളത്തിൽ ഇത്രയും ദുരിതമായ രാഷ്ട്രീയ ജീവിതം നിലനിൽക്കുന്നുണ്ടെന്ന യാഥാർത്ഥ്യവും അവർ കൊണ്ടുവന്നു. അത്തരത്തിലൊരു പ്രികാരിയസ് പൊസിഷൻ (precarious position) കേരളത്തിലുണ്ടെന്ന് അവർ നമുക്ക് കാണിച്ചുതന്നു. ലൈഫ് മിഷൻ പദ്ധതിയിൽ പെടാതെപോയവർ, വീടില്ലാത്തവർ, പല നേരങ്ങളിലും ഭക്ഷണം ഒഴിവാക്കപ്പെടുന്നവർ എന്നിങ്ങനെ അതിസങ്കീർണമായ ജീവിതം നയിക്കുന്ന ഒരു ജനതയിവിടെയുണ്ട്. അടിസ്ഥാന വേതനം പോലും അവർക്ക് കിട്ടിയെന്ന് വരില്ല. ആ യാഥാർത്ഥ്യമാണ് ആശാ വർക്കർമാരും അംഗനവാടി തൊഴിലാളികളും പുറത്തേക്ക് കൊണ്ടുവരുന്നത്. കേരളത്തിലെ കുട്ടികളെ വിദ്യാസമ്പന്നരാക്കുന്നതിലെ ആദ്യ ചുവടാണ് അംഗനവാടികളിൽ നിർവഹിക്കപ്പെടുന്നത്. അവിടെ ജോലി ചെയ്യുന്നവരുടെ അവസ്ഥ ഇതാണെങ്കിൽ കേരളത്തിനത് അപമാനമല്ലേ?

വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയെല്ലാം ബൂർഷ്വാസികളും ഇടതുപക്ഷ വിരുദ്ധരുമാക്കുന്ന സി.പി.എം ക്യാമ്പയിൻ ആർക്കാണ് ഗുണം ചെയ്യുക? അംബേദ്കറും നാരായണഗുരും ബൂർഷ്വാ വർഗത്തിന്റെ പ്രതിനിധികളാണെന്ന് വിലയിരുത്ത ഇ.എം.എസ്സിന്റെ തുടർച്ചയായി ഈ സമീപനത്തെ വിലയിരുത്താമോ?

ശ്രീനാരായണഗുരു പെറ്റി ബൂർഷ്വ, അംബേദ്കർ ബൂർഷ്വാ വർഗത്തിന്റെ പ്രതിനിധി എന്നെല്ലാം പറയുന്നത് വർഗ്ഗപരമായ രാഷ്ട്രീയത്തിന്റെ പരാധീനതകളാണ്. അതൊക്കെ എന്നോ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വൈകിയവേളയാണെങ്കിലും അംബേദ്കറെ ഉൾക്കൊള്ളാൻ അവർ ശ്രമം നടത്തുന്നുണ്ട്. 1925 ലാണ് ആർ.എസ്.എസ് രൂപീകരിക്കുന്നത്. അതേ കാലത്താണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും രൂപംകൊള്ളുന്നത്. നൂറ് വർഷത്തിനുള്ളിൽ വലതുപക്ഷ രാഷ്ട്രീയത്തിന് അധികാരത്തിൽ വരാൻ കഴിഞ്ഞതിനും, ഇടതുപക്ഷ രാഷ്ട്രീയം ഛിന്നഭിന്നമാകുന്നതിനും കാരണം പ്രത്യയശാസ്ത്രപരമായി തൊഴിലാളികളെയും ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് അധികാരത്തിൽ വരാൻ കഴിഞ്ഞില്ല എന്നുള്ളതാണ്. കാരണം നേതൃത്വപരമായ ശൈഥില്യം. ഇതിലേക്ക് കടന്നുവന്ന പുതിയ മധ്യവർഗ്ഗ നേതൃത്വത്തിന്റെ രാഷ്ട്രീയപരമായ കാഴ്ചപ്പാടിന്റെ അഭാവം, സമ്പന്ന വർഗത്തോടുള്ള അവരുടെ ആഭിമുഖ്യം ഇതൊക്കെ തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെ ഇന്ത്യയിൽ ഈ നിലയിൽ എത്തിച്ചത്. കേരളം പ്രതീക്ഷയുടെ ഒരു തുരുത്താണ് എന്ന് പ്രകാശ് കാരാട്ട് പറയുമ്പോൾ ദൈന്യതയാണ് വെളിവാകുന്നത്. 1925 മുതൽ 100 വർഷം ഏതൊക്കെ ഘട്ടങ്ങളിലൂടെ കടന്നുവന്നു? ഇപ്പോൾ എന്തുകൊണ്ട് ചുരുങ്ങിപ്പോയി, അത് നാളെ ഒരു ജില്ലയിലേക്ക് ചുരുങ്ങി പോവുമോ എന്ന സംശയവും നമുക്കുണ്ട്. ആ അവസ്ഥ എങ്ങനെ എത്തി എന്നുള്ളത് പ്രകാശ് കാരാട്ട് മനസിലാക്കേണ്ടതുണ്ട്.

കൊല്ലത്ത് നടന്ന സി.പി.എം പാർട്ടി കോൺഗ്രസ്സിൽ നിന്ന്. കടപ്പാട്: മാതൃഭൂമി

ഇന്നത്തെ ഇടത് എന്നാൽ ക്ഷേമരാഷ്ട്രത്തിനൊപ്പം നിൽക്കുന്ന, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന, ബൂർഷ്വാ വികസന സങ്കൽപപ്പങ്ങളെ എതിരിടുന്ന, പരിസ്ഥിതിക്ക് അനുകൂലമായ, തൊഴിൽ നിയമങ്ങൾക്കൊപ്പം നിൽക്കുന്ന, അവകാശ രാഷ്ട്രീയത്തിന്റെയും തൊഴിൽ രാഷ്ട്രീയത്തിന്റെയും ഒപ്പം നിൽക്കുന്ന ഒന്നിനെയാണ് പറയുന്നത്. തികച്ചും മാർക്സിസ്റ്റ് കാഴ്ചപ്പാട് മാത്രമുള്ളതല്ല ഇടതുപക്ഷ കാഴ്ചപ്പാട്. മാർക്സും സി.പി.എമ്മും തമ്മിലുള്ള ബന്ധം തന്നെ വ്യക്തതയില്ലാത്ത കാര്യമാണ്. ഈ പറഞ്ഞ രാഷ്ട്രീയത്തിന്റെ ഏതെങ്കിലും സൂചന ഇപ്പോഴുള്ള ഗവണ്മെന്റ് നൽകുന്നുണ്ടോ? നിയമസഭയ്ക്കകത്ത് നടത്തിയ കയ്യാങ്കളിയും കോപ്രായങ്ങളും നമ്മൾ കണ്ടിട്ടുള്ളതാണ്. അത് പോലും നിഷേധിച്ച ആൾക്കാരാണ്. പോസ്റ്റ് ട്രൂത്തിന്റെ ഏത് അവസ്ഥയിലാണ് നിൽക്കുന്നത്? ഭരണഘടനയോട് പോലും സമീപകാലത്തുണ്ടായ ആഭിമുഖ്യമാണ് അവരുടേത്. അത് മാറാനും സാധ്യയതുണ്ട്. അംബേദ്കർ രാഷ്ട്രീയം പറയുന്ന പാർട്ടികൾ ഭരണഘടനയ്ക്ക് നൽകിയ പ്രാധാന്യം ചരിത്ര രേഖകളായി നമുക്ക് മുന്നിലുണ്ട്. സി.പി.എമ്മിന് ഭരണഘടനയോടുള്ള ആഭിമുഖ്യവും അടവ് നയമാണ്. കമ്യൂണിസ്റ്റ് പാർട്ടി അപ്രസക്തമാണെന്നോ നശിക്കണമെന്നോ ഉള്ള സമീപനമില്ല. കമ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ചാലകശക്തിയും അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രസ്ഥാനവുമാണ്. അതിന്റെ രാഷ്ട്രീയം ഇന്നും പ്രസക്തമാണെന്ന് വിശ്വസിക്കുന്നുണ്ട്. പക്ഷേ, അതിന് സംഭവിക്കുന്ന അപചയം, പ്രത്യശാസ്ത്രത്തിൽ നിന്നുമുള്ള അകന്നുപോക്ക് അത് ഏത് രാഷ്ട്രീയവർഗത്തിന് വേണ്ടിയാണെന്നുള്ളതാണ് ചോദ്യം. അത് കാണിച്ച് തരുന്ന ഓരോ മുഹൂർത്തമാണ് നമ്മുടെ മുന്നിൽ തെളിയുന്നത്. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ഏറ്റവും പ്രസക്തമാവുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് എന്നിൽ തർക്കവുമില്ല. പക്ഷേ, ഏത് ഇടതുപക്ഷ രാഷ്ട്രീയമാണ് ഈ സർക്കാരിനുള്ളത് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

Also Read